'റ്റു സര്‍ വിഥ് ലവ്' എന്നൊരു ഇംഗ്ലീഷ് ചലച്ചിത്രമുണ്ട്. തീരെ നിയന്ത്രണസാധ്യമല്ലാത്ത - ഗുരുത്തംകെട്ട കൗമാരക്കാരുടെ ക്ലാസ്സിലേക്ക് നവാഗതനായ അദ്ധ്യാപകന്‍ നിയോഗിക്കപ്പെടുകയാണ്. കറുത്ത വര്‍ഗ്ഗക്കാരനാണ് അയാള്‍. ആദ്യമൊന്നും തന്‍റെ ക്ലാസ്സിനെ നിയന്ത്രിക്കാനോ പഠിപ്പിക്കാനോ അയാള്‍ക്ക് കഴിയുന്നില്ല. എത്രതന്നെ പ്രകോപിപ്പിച്ചിട്ടും അദ്ദേഹം പ്രകോപിതാനാകുന്നില്ല എന്നത് വിദ്യാര്‍ത്ഥികളെ അടിയറവിലേക്ക് നയിക്കുന്നു. അവരോട് അദ്ദേഹം അങ്ങേയറ്റം ക്ഷമ കാട്ടുന്നു. അവരോട് ക്ഷമാപൂര്‍വം വര്‍ത്തിക്കുന്നതിനു പുറമേ ഏറെ ബഹുമാനം അവര്‍ക്ക് അദ്ദേഹം നല്‍കുകയും ചെയ്യുന്നു. തന്‍റെ ഹൃദയംകൊണ്ടാണ് അദ്ദേഹം അവരോട് സംവദിക്കുന്നത്. അവരോടൊപ്പം അദ്ദേഹം വിചാരപ്പെടുകയും വികാരപ്പെടുകയും ചെയ്യുന്നു. അവര്‍ക്കുവേണ്ടി അദ്ദേഹം ഏതറ്റം വരെയും പോകും - സത്യത്തോടും നീതിയോടുമൊപ്പം. അങ്ങനെ ഏറ്റവും മോശപ്പെട്ടതും മൂല്യരഹിതവും ആഭാസന്മാരുടേതുമായ ഒരു ക്ലാസ്സിനെ അദ്ദേഹം ഏറ്റം ഉന്നതവും മര്യാദക്കാരുടേതും മൂല്യവത്തുമായ ഒന്നാക്കിത്തീര്‍ക്കുന്നു.
"ഞാന്‍ അവളെ മരുഭൂമിയിലേക്ക് നയിക്കും. അവിടെവച്ച് ഞാന്‍ അവളുടെ ഹൃദയത്തോട് സംസാരിക്കും" എന്നാണല്ലോ ഹോസിയ പ്രവാചകനിലൂടെ ദൈവം തന്‍റെ വേശ്യയായ ഭാര്യയെക്കുറിച്ച് ആത്മഗതം ചെയ്യുന്നത്.
ബുദ്ധിയെയും മസ്തിഷ്കത്തെയും എന്നതിനെക്കാള്‍ ഹൃദയത്തിനാണ് - ബന്ധത്തിനാണ് ഫ്രാന്‍സിസ്കന്‍ ബോധനരീതിയില്‍ പ്രാമുഖ്യം. ഫ്രാന്‍സിസ് തന്‍റെ അനുയായികളെ അവരുടെ ബോധ്യങ്ങളില്‍ ഉറപ്പിച്ചതും തിരുവചനാധിഷ്ഠിത ജീവിതത്തിലേക്ക് ആനയിച്ചതും നാവിനാലും വാക്കുകളാലുമല്ല എന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രകാരനായ സെലാനോയിലെ തോമസ് പ്രത്യേകം എടുത്തുപറയുന്നുണ്ട്. വാക്കുകള്‍ക്കുപരിയായി പ്രവൃത്തിയിലും സത്യത്തിലുമാണ് അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചതത്രെ. യുക്തിയും ശാസ്ത്രവും മനുഷ്യരെ അവരുടെ ആന്തരികസത്തയില്‍നിന്നും മാനുഷ്യകത്തില്‍നിന്നും എത്രയേറെ അകറ്റുന്നുവെന്ന് ഫ്രാന്‍സിസിനോളം ഇത്രയേറെ തിരിച്ചറിഞ്ഞ മറ്റൊരു വ്യക്തിയും ഉണ്ടാകാനിടയില്ല.
ലാളിത്യവും സത്യധര്‍മ്മാദികളും ഹൃദയത്തിന്‍റെ വിനയവും യുക്ത്യാധിഷ്ഠിത ശാസ്ത്രപഠനങ്ങള്‍ ഇല്ലാതാക്കുന്നു എന്ന തിരിച്ചറിവാകാം ഇത്തരമൊരു നിലപാടിന് അദ്ദേഹത്തെ നിര്‍ബന്ധിച്ചത്. കസാന്‍ദ് സാക്കിസിന്‍റെ നോവലില്‍ ഫ്രാന്‍സിസും ഏലിയാസും തമ്മിലുള്ള പ്രധാന അന്തരം യുക്ത്യാധിഷ്ഠിതശാത്രങ്ങളോടും ദൈവശാസ്ത്രത്തോടും ഇരുവരും പുലര്‍ത്തുന്ന ആഭിമുഖ്യങ്ങളുടെ ഏറ്റക്കുറച്ചിലാണ്. രാവും പകലും പോലുള്ള വ്യത്യാസമാണ് ഫ്രാന്‍സിസും ഏലിയാസും തമ്മില്‍ കസാന്‍ദ് സാക്കിസില്‍ നാം കാണുന്നത്.
വ്യക്തിയുടെ അകംപുറം മറിക്കലായിട്ടാണല്ലോ യഥാര്‍ത്ഥ ബോധനത്തെ ഗാന്ധിജി നിദര്‍ശിച്ചത്. വിദ്യാഭ്യാസത്തെ ആകമാനം മാനുഷ്യകത്തിന്‍റെ വളര്‍ച്ചയായും വ്യക്തിസത്തയുടെ പുഷ്പിക്കലായും നിര്‍വചിച്ച ഒരു അദ്ധ്യാപകന്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു - ഡി. പങ്കജാക്ഷക്കുറുപ്പുമാസ്റ്റര്‍. സസ്യശാസ്ത്രം പഠിക്കുന്നത് ജീവലോകത്തിന്‍റെ അടിസ്ഥാനം ഒന്നാണെന്ന് തിരിച്ചറിയാനും ജീവശാസ്ത്രം പഠിക്കുന്നത് സഹജാവബോധത്തോടെ ജീവജാലങ്ങളെ സ്നേഹിക്കുന്നതിനും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭൂമി ഒന്നാണെന്നും അതിലെ വ്യത്യസ്ത കരകളിലും ദ്വീപുകളിലും അകപ്പെട്ട് അകറ്റപ്പെട്ടുപോയ ഭൂമിയുടെ മക്കളാണ് നാമെന്നും തിരിച്ചറിയാനല്ലെങ്കില്‍ പിന്നെന്തിന് ഒരാള്‍ ഭൂമിശാസ്ത്രം പഠിക്കണം എന്നദ്ദേഹം ചോദിച്ചു.
വിവരങ്ങള്‍ക്കപ്പുറം ദര്‍ശനങ്ങള്‍ നല്‍കാന്‍, സ്വാര്‍ത്ഥത്തിനപ്പുറം ബന്ധങ്ങള്‍ നല്‍കാന്‍, ബോധത്തിനപ്പുറം ബോധ്യങ്ങള്‍ നല്‍കാന്‍, കഴിയാതെപോകുന്ന ബോധനരീതികളാണ് നമ്മുടെ സമൂഹത്തിന്‍റെയും കാലത്തിന്‍റെയും ബാധ്യതയായിപ്പോയത്. മുതലാളി - തൊഴിലാളി ദ്വന്ദ്വങ്ങളുടെ ഇത്തിരിക്കള്ളികളിലേക്ക് വിദ്യാലയങ്ങളെയും അദ്ധ്യാപകരെയും മടക്കിച്ചുരുട്ടിവച്ചപ്പോള്‍ ബോധനത്തിന്‍റെ ഹൃദയമിടിപ്പുകളുടെ താളം തെറ്റുന്നത് നാം കാണാതെപോയി. 'ഇല്ലത്തൂന്ന് പോവ്വേം ചെയ്തു അമ്മാത്തൊട്ട് എത്തീമില്ല' എന്നുപറഞ്ഞതുപോലെയായി നാം. ചെന്നായ് ഇവിടെ 'മര്‍ദ്ദിതന്‍റെ ബോധനശാസ്ത്രം' എന്നെഴുതിയ മുഴുത്ത ആട്ടിന്‍തോലുമിട്ട് സ്മാര്‍ട്ടായി നടക്കുന്നു.
ഉത്തരാധുനിക സമൂഹം ആധുനികസമൂഹത്തെപ്പോലെ മസ്തിഷ്കത്തിന് കാതോര്‍ക്കുന്നില്ല - ഹൃദയമിടിപ്പുകള്‍ക്കാണ് ചെവിയോര്‍ക്കുക. ബോധനരീതികള്‍ക്ക് ഹൃദയമിടിച്ചുതുടങ്ങുമ്പോള്‍ ചോരക്കുഞ്ഞ് മാതൃഹൃദയത്തെ അതിന്‍റെ മിടിപ്പുതാളങ്ങളിലൂടെ തിരിച്ചറിയുംപോലെ ഉത്തരാധുനിക യുവത അതിനെ തിരിച്ചറിയും. ബന്ധങ്ങളില്‍ ഊഷ്മളതയും ചോരത്തുടിപ്പും തിരിച്ചെത്തും.