news-details
മറ്റുലേഖനങ്ങൾ

ഭയരഹിതമായ മനസ്സിന്

അനന്ത സാദ്ധ്യതകളുടെ കലവറയാണ് മനുഷ്യമനസ്സ്. ആ മനസ്സിനെ ധര്‍മ്മത്തോടു ചേര്‍ത്തു നിര്‍ത്തി വികസ്വരമാക്കിയെടുക്കേണ്ട ബാദ്ധ്യത ഓരോ വ്യക്തിയുടേതാണ്. അതിനുള്ള ഉപാധികള്‍ നല്‍കുവാന്‍ മാത്രമേ സമൂഹത്തിനു സാധിക്കൂ. ഓരോ ഉപാധിയേയും വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ശ്രേഷ്ഠനായ ഒരു മനുഷ്യന്‍ അവിടെ രൂപപ്പെടും. ഈ ശ്രേഷ്ഠതയ്ക്ക് ചൈതന്യം നല്‍കുന്നത് ചിന്തകളാണ്. ചുരുക്കത്തില്‍ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന പ്രധാന ഘടകം  ചിന്ത തന്നെ. ചിന്തകള്‍ക്കു ചിറകുകള്‍ നല്‍കുകയും ചിന്തകളെ സ്വാധീനിക്കുകയും ചെയ്യുന്ന അതിപ്രധാന ഘടകമാണ് വായന. വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു എന്നു പറയുന്നത് അതുകൊണ്ടാണ്.

 

എല്ലാ ഭാഷകളിലും നിലവിളിക്കുന്ന നിസ്സഹായര്‍ എന്നൊരു പ്രയോഗം വിക്റ്റര്‍ ഹ്യൂഗോയുടേതായിട്ടുണ്ട്. ആ നിലവിളി കേള്‍ക്കണമെങ്കില്‍ അതിര്‍ത്തികളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാന്‍ നമുക്കു കഴിയണം. ആ കഴിവേകുവാന്‍ നല്ല കൃതികള്‍ക്കാവും. ഏതൊരാളിന്‍റെ മനസ്സിലും വിജ്ഞാനത്തിന്‍റെയും കാരുണ്യത്തിന്‍റെയും പൂക്കള്‍ വിടര്‍ത്തുന്നതും വായനയാണ്. മനസ്സിനെ ഇരുണ്ട ഇടനാഴികളിലേയ്ക്കു നയിക്കുന്ന വായനയുമുണ്ട്. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചു മാത്രം ചര്‍ച്ച ചെയ്യുന്ന കൃതികള്‍ വായിച്ചു വായിച്ച് അറിവിനെ ഏക മുഖമാക്കുകയെന്ന അപരാധം ചെയ്യുന്നവര്‍ ധാരാളമുണ്ട്. നമ്മുടെ മനസ്സിന്‍റെ വൈഭവങ്ങള്‍ക്ക് അങ്ങനെ വിലങ്ങുകള്‍ തീര്‍ക്കാതിരിക്കുന്നതാണുത്തമം.

 

ഇങ്ങനെ ഒരു പ്രത്യേകതരം കൃതികള്‍ മാത്രം വായിച്ച് സ്വയം തടവറ തീര്‍ത്ത ഒരു കഥാപാത്രമാണ് ഡോണ്‍ ക്വിക്സോട്ട്. ധീരസാഹസികതകളിലൂടെ ശ്രദ്ധേയനാവാന്‍ കൊതിപൂണ്ട് വിഡ്ഢിത്തങ്ങള്‍ മാത്രം ചെയ്തുകൂട്ടിയ ഒരു കഥാപാത്രം. അതിനുതകുന്ന കൃതികളല്ലാതെ അദ്ദേഹം മറ്റൊന്നും വായിക്കുമായിരുന്നില്ല. ഒരു പ്രത്യയ ശാസ്ത്രത്തെക്കുറിച്ചുമാത്രം പ്രതിപാദിക്കുന്ന കൃതികളില്‍ മുഴുകുന്നവരും ചെന്നു വീഴുന്നത് ഡോണ്‍ ക്വിക്സോട്ടിന്‍റെ മാനസികാവസ്ഥയില്‍തന്നെ!

ഒരേ വിധത്തിലുള്ള കൃതികള്‍ വായിച്ചു വായിച്ച് മറ്റെല്ലാം മറക്കുന്ന ഈ കഥാപാത്രത്തെ രക്ഷിക്കുവാന്‍ ഒരു പുരോഹിതനും സഹായിയുംകൂടി ആ ലൈബ്രറി തീവച്ചു നശിപ്പിച്ചു. യാത്രകഴിഞ്ഞെത്തിയ ക്വിക് സോട്ടിനോട് അവര്‍ ഒരു വലിയ നുണക്കഥ പറഞ്ഞു. അതും വിശ്വസിക്കുവാന്‍ പാകത്തിലേ അദ്ദേഹം വളര്‍ന്നിട്ടുള്ളൂ എന്നവര്‍ക്കറിയാമായിരുന്നു. വായനയിലൂടെ നമ്മള്‍ ചെന്നെത്തേണ്ട മേഖല ഇത്തരത്തിലുള്ളതാവരുത്.

മനുഷ്യകേന്ദ്രീകൃത ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന വായനാരീതിയാണ് നമ്മള്‍ സ്വീകരിക്കുന്നതെങ്കില്‍ മനസ്സ് ഭാരരഹിതമാവും. തത്ത്വ സംഹിതകളുടെ ഭാരത്തിനടിയിലകപ്പെട്ട് വികൃതമാകാനുള്ളതല്ല സര്‍ഗ്ഗ ചൈതന്യം തുളുമ്പി നില്‍ക്കുന്ന മനുഷ്യമനസ്സ്. ആദ്ധ്യാത്മികതയില്‍ മുഴുകി സ്വന്തം മകളെ മറന്നു പോയ ഒരു പിതാവിനേയും ഭൗതികതയുടെ ആവേശത്തില്‍ സ്വന്തം സഹോദരിയെ അവഗണിച്ച ഒരു സഹോദരനേയും ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ അവതരിപ്പിക്കുന്നുണ്ട്.

 

ഇങ്ങനെ സ്വത്വ ചൈതന്യത്തെ നിഹനിക്കുന്ന വായനാ സമ്പ്രദായങ്ങളില്‍ ചെന്നു വീഴാതെ നമ്മള്‍ സ്വതന്ത്രമായ ഒരന്വേഷണരഥ്യ വായനയിലൂടെ കണ്ടെത്തണം. ചിന്തിക്കാന്‍ കൂട്ടാക്കാത്ത ഒരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കാനുള്ള ബദ്ധപ്പാടില്‍ നമ്മളിന്ന് മറ്റെല്ലാം മറക്കുന്നു.

 

ഈ മറവിയുടെ ബാക്കിപത്രമാണ് ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു സ്ഥിതിവിവരക്കണക്കില്‍ നമുക്കു കാണാന്‍ കഴിയുക. പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാത്തവരാണ് നമ്മുടെ വിദ്യാര്‍ത്ഥികളില്‍ എണ്‍പതുശതമാനവും. അതുകൊണ്ട് പൊതുജീവിതമെങ്ങനെയിരുന്നാലും അവര്‍ക്കതൊരു വിഷയമേയല്ല.

നമ്മള്‍ ഈ മാസം ആചരിക്കുന്ന വായനാവാരം ഈ ജീര്‍ണ്ണതകളെ ഒരു പരിധിവരെയെങ്കിലും തുടച്ചു നീക്കുവാന്‍ സഹായകമാവട്ടെ. ജീവിതത്തെ വിടര്‍ന്ന നേത്രങ്ങളോടെ കാണുവാനും "ആരുടെ കാലില്‍ത്തറയ്ക്കുന്ന മുള്ളു; മെന്നാത്മാവിനെ വന്നു നോവിക്കു"മെന്നു തിരിച്ചറിയുവാനും പ്രേരണ നല്‍കുന്ന വായനയുടെ ആനന്ദം ആര്‍ക്കും അന്യമല്ല.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts