നിങ്ങളിലെ പ്രോഗ്രാമിംഗ്
"നിന്നോട് വ്യവഹരിച്ച് നിന്‍റെ ഉടുപ്പ് കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കി കൂടി കൊടുക്കുക. ഒരു മൈല്‍ ദൂരം പോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടു കൂടെ രണ്ടുമൈല്‍ ദൂരം പോകുക." (മത്താ 5: 40-41)
നിങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും അവയുടെ രീതികളെയും നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്കു നിങ്ങളുടെ ശിരസ്സിനുള്ളില്‍ ഒരു തികഞ്ഞ പ്രോഗ്രാം - ലോകമെന്തായിരിക്കണമെന്നും നിങ്ങള്‍ എന്തായിരിക്കണമെന്നും നിങ്ങള്‍ എന്ത് ഇഷ്ടപ്പെടണമെന്നും മറ്റുമുള്ള അഭിലാഷങ്ങള്‍ - കണ്ടെത്താനാകും.
നിങ്ങളെ ഈ രീതിയില്‍ പ്രോഗ്രാം ചെയ്തെടുത്തത് ആരാണ്? എന്തായാലും അത് നിങ്ങളല്ല.
നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആഗ്രഹങ്ങളും ആഭിമുഖ്യങ്ങളും മൂല്യങ്ങളും ഒന്നുംതന്നെ നിങ്ങള്‍ സ്വയം തീരുമാനിച്ചുറപ്പിച്ചവയല്ല. അവയൊക്കെ നിങ്ങള്‍ക്കുള്ളിലെ കംപ്യൂട്ടറിനുള്ള പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളായി നിക്ഷേപിച്ചത് നിങ്ങളുടെ മാതാപിതാക്കളും സമൂഹവും പാരമ്പര്യവും മതവും പഴയകാല അനുഭവങ്ങളുമൊക്കെയാണ്.
നിങ്ങള്‍ എത്ര പ്രായമുള്ള ആളായാലും ശരി, നിങ്ങള്‍ പോകുന്നിടത്തൊക്കെ നിങ്ങളുടെ ഉള്ളിലെ കംപ്യൂട്ടറും നിങ്ങള്‍ക്കൊപ്പം വരുന്നു. നിങ്ങള്‍ ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും ലോകവും മനുഷ്യരും നിങ്ങളും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അതു തന്നുകൊണ്ടേയിരിക്കുന്നു.
ഈ അഭിലാഷങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ കംപ്യൂട്ടര്‍ നിങ്ങളെ സംതൃപ്തയും ശാന്തയും ആയിരിക്കാന്‍ അനുവദിക്കും. അങ്ങനെയല്ലെങ്കില്‍, നിങ്ങളിലെ കംപ്യൂട്ടര്‍ നിങ്ങളില്‍ വിപരീത വികാരങ്ങള്‍ സൃഷ്ടിക്കുകയും നിങ്ങളുടെ സ്വാസ്ഥ്യം കെടുത്തുകയും ചെയ്യും.
1. ഒരു ഉദാഹരണം: ചുറ്റുമുള്ളവര്‍ നിങ്ങളിലെ കംപ്യൂട്ടറിന്‍റെ പ്രതീക്ഷക്കൊത്ത് ഉയരാത്തപ്പോള്‍, അതു നിരാശയോ, കോപമോ, കഠോരതയോ കൊണ്ട് നിങ്ങളെ പീഡിപ്പിക്കുന്നു.
2. മറ്റൊരു ഉദാഹരണം: കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്തപ്പോഴോ, ഭാവിയെപ്പറ്റി അത്ര തീര്‍ച്ചയില്ലാത്തപ്പോഴോ നിങ്ങള്‍ക്ക് ടെന്‍ഷനും ആകുലതയും പരിഭ്രമവും തോന്നണമെന്ന് നിങ്ങളുടെ കംപ്യൂട്ടര്‍ ശഠിക്കുന്നു.
പിന്നീട്, ഈ നെഗറ്റീവ് വികാരങ്ങളോട് സമരം ചെയ്യാന്‍ ഒരുപാട് ഊര്‍ജ്ജം നിങ്ങള്‍ ചെലവിടേണ്ടി വരുന്നു. അതിലും കൂടുതല്‍ ഊര്‍ജ്ജം നിങ്ങളിലെ കംപ്യൂട്ടറിന്‍റെ പ്രതീക്ഷകള്‍ക്കനുസൃതം ചുറ്റുപാടിനെ പുനഃക്രമീകരിക്കാന്‍ നിങ്ങള്‍ ചെലവഴിക്കുന്നു.
ചുറ്റുപാടിനെ പുനഃക്രമീകരിക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചാല്‍ വളരെ സന്ദിഗ്ദ്ധമായ ഒരു ശാന്തത നിങ്ങള്‍ കൈവരിക്കുന്നു. സന്ദിഗ്ദ്ധമാണെന്നു പറയാന്‍ കാരണം, നിങ്ങളിലെ കംപ്യൂട്ടറിന്‍റെ പ്രോഗ്രാമിംഗിന് അനുരൂപപ്പെടാത്ത ഏതു നിസ്സാരകാര്യവും- എത്താന്‍ താമസിക്കുന്ന ഒരു തീവണ്ടി, കേടായിപ്പോയ ഒരു റേഡിയോ, കിട്ടാത്ത ഒരു കത്ത് - നിങ്ങളുടെ സമാധാനത്തെ തകിടം മറിക്കും, നിങ്ങളുടെ ജീവിതം കൂടുതല്‍ താറുമാറാക്കപ്പെടും.
അങ്ങനെ നിങ്ങള്‍ വളരെ ദയനീയമായ ഒരു ജീവിതം നയിക്കുന്നു. നിങ്ങള്‍ക്ക് മറ്റുള്ള വ്യക്തികളുടെയും വസ്തുക്കളുടെയും ദയയെ ആശ്രയിച്ച് എപ്പോഴും ജീവിക്കേണ്ടി വരുന്നു. നിങ്ങളിലെ കംപ്യൂട്ടറിന്‍റെ അഭിലാഷങ്ങള്‍ക്കനുസരിച്ച് ചുറ്റുപാടുകളെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടും അതില്‍ വിജയിക്കുമ്പോള്‍ മാത്രം ലഭ്യമാകുന്ന അസ്ഥിരമായ ആശ്വാസം അനുഭവിച്ചുകൊണ്ടും നിങ്ങള്‍ ജീവിക്കുന്നു. ഇതിനൊക്കെ കാരണം നിങ്ങളിലെ കംപ്യൂട്ടറും അതിന്‍റെ പ്രോഗ്രാമിംഗുമാണ്.
ഇവയില്‍നിന്നും മോചനമാര്‍ഗ്ഗമുണ്ടോ? ഉണ്ട്.
നിങ്ങളുടെ പ്രോഗ്രാമിംഗ് നിങ്ങള്‍ക്ക് അത്ര പെട്ടെന്നോ ചിലപ്പോള്‍ ഒരിക്കലുമോ തിരുത്താനാവില്ല. അതിന്‍റെ ആവശ്യം ഒട്ടില്ല താനും.
താഴെപ്പറയുന്നത് ഒന്നു ശ്രമിച്ചുനോക്കൂ:
1. ഇഷ്ടക്കേടുള്ളതോ ഒഴിവാക്കാന്‍ സാധാരണ ശ്രമിക്കുന്നതോ ആയ ഒരു സാഹചര്യത്തിലോ വ്യക്തിയുടെ കൂടെയോ ആണു നിങ്ങളെന്ന് സങ്കല്‍പിക്കുക.
2. നിങ്ങളിലെ കംപ്യൂട്ടര്‍ വളരെ സ്വാഭാവികമായിത്തന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതും അത്തരം സാഹചര്യം ഒഴിവാക്കാനോ, അതിനെ മാറ്റിയെടുക്കാനോ നിങ്ങളെ നിര്‍ബന്ധിക്കുന്നതും നിരീക്ഷിക്കുക.
3. നിങ്ങള്‍ക്കതിനൊന്നും ആകുന്നില്ലെങ്കില്‍ കുറ്റബോധമോ അരോചകത്വമോ ആകുലതയോ നിങ്ങളില്‍, നിങ്ങളിലെ കംപ്യൂട്ടര്‍ നിറയ്ക്കുന്നതു കാണുക.
4. നിങ്ങള്‍ ആ അഹിതകരമായ സാഹചര്യത്തെയോ വ്യക്തിയെയോ തുടര്‍ന്നും വീക്ഷിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ താഴെപ്പറയുന്നവ നിങ്ങള്‍ കണ്ടെത്തും:
ക. ഒരു പ്രത്യേക വ്യക്തിയോ സാഹചര്യമോ അല്ല നിങ്ങളില്‍ നെഗറ്റീവ് ആയ വികാരങ്ങള്‍ നിറയ്ക്കുന്നത്.
ഖ. അവര്‍ അവര്‍ക്ക് ഇഷ്ടമുള്ള വഴിയേ പോകുകയാണ്. അവര്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍, അതു തെറ്റാണെങ്കിലും ശരിയാണെങ്കിലും, ജീവിക്കുകയാണ്.
ഗ. നെഗറ്റീവായ രീതിയില്‍ പ്രതികരിക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നത് ഒരു പ്രത്യേക രീതിയില്‍ പ്രോഗ്രാം ചെയ്യപ്പെട്ട നിങ്ങളിലെ കംപ്യൂട്ടറാണ്.
ഇതു കൂടുതല്‍ വ്യക്തമാകാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചാല്‍ മതി: വ്യത്യസ്തമായ രീതിയില്‍ പ്രോഗ്രാം ചെയ്യപ്പെട്ട വേറൊരു വ്യക്തിക്ക് ഇതേ സാഹചര്യത്തിലും ഇതേ വ്യക്തിയോടൊത്തും ശാന്തതയോടും ചിലപ്പോള്‍ സന്തോഷത്തോടും കൂടി ആയിരിക്കാനാവുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്കു ശാന്തതയോടെയും സന്തോഷത്തോടെയും പ്രതികരിക്കാന്‍ ആവാത്തതിന്‍റെ ഒരേയൊരു കാരണം, തന്‍റെ പ്രോഗ്രാമിംഗിനനുസരിച്ച് ചുറ്റുപാടിനെ മാറ്റിയെടുക്കാന്‍ നിങ്ങളിലെ കംപ്യൂട്ടര്‍ ദുശ്ശാഠ്യത്തോടെ നിര്‍ബന്ധിക്കുന്നതാണ്. ഇവയെല്ലാം നിരീക്ഷിച്ചു കൊണ്ടേയിരുന്നാല്‍ നിങ്ങളില്‍ നിങ്ങളറിയാതെ തന്നെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കും.
ഈ സത്യം നിങ്ങള്‍ മനസ്സിലാക്കുകയും അതുവഴി നെഗറ്റീവായ വികാരങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്നും നിങ്ങളുടെ കംപ്യൂട്ടറിനെ തടയുകയും ചെയ്താല്‍ പിന്നെ, നിങ്ങള്‍ക്ക് ഉചിതമെന്നു തോന്നുന്ന ഏതു പ്രവൃത്തിയും ചെയ്യാം. നിങ്ങള്‍ക്ക് ആ സാഹചര്യത്തെയോ വ്യക്തിയെയോ ഒഴിവാക്കാം; അവയെ മാറ്റിയെടുക്കാന്‍ ശ്രമിക്കാം; നിങ്ങളുടെയും മറ്റുള്ളവരുടെയും അവകാശങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധം പിടിക്കാം; ബലപ്രയോഗത്തിനുവരെ നിങ്ങള്‍ക്കു മുതിരാം.
പക്ഷേ, അതിനുമുമ്പ് നിങ്ങളുടെ വൈകാരിക വിക്ഷോഭങ്ങളില്‍നിന്നു മോചനം നേടിയെന്ന് നിങ്ങള്‍ ഉറപ്പുവരുത്തണം. നിങ്ങളിലെ കംപ്യൂട്ടറിനെ പ്രീണിപ്പിക്കാനോ, അതു നിങ്ങളില്‍ നിറയ്ക്കുന്ന വിപരീത വികാരങ്ങളില്‍ നിന്നു രക്ഷ നേടാനോ ഉള്ള ഭ്രാന്തമായ അഭിനിവേശത്തില്‍നിന്നു നിങ്ങള്‍ സ്വാതന്ത്ര്യം നേടിയിരിക്കണം. അപ്പോള്‍ നിങ്ങളുടെ പ്രവൃത്തികള്‍ സ്നേഹത്തില്‍ നിന്നും ശാന്തിയില്‍ നിന്നും ഉടലെടുക്കുന്നവയായിത്തീരും. അങ്ങനെ നിങ്ങള്‍ക്ക് ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്ന വേദവാക്യത്തിന്‍റെ പൊരുള്‍ ഗ്രഹിക്കാനാകും.
നിങ്ങളെ കോടതിയില്‍ കയറ്റുന്നവരോ, നിങ്ങളെ അടിമപ്പണി ചെയ്യിക്കുന്ന അധികാരികളോ അല്ല നിങ്ങളെ യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്ക് അതോടെ വ്യക്തമാകും. സത്യത്തില്‍ നിങ്ങളെ മര്‍ദ്ദിക്കുന്നത് ബാഹ്യലോകം തന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തപ്പോഴൊക്കെ നിങ്ങളുടെ മനഃശാന്തി നശിപ്പിക്കുന്ന നിങ്ങളിലെ പ്രോഗ്രാമിംഗ് ആണ്. ജര്‍മ്മനിയിലെ കോണ്‍ സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പോലും സന്തോഷത്തോടെ ജീവിക്കാനായവരുണ്ട്.
നിങ്ങളിലെ പ്രോഗ്രാമിംഗിന്‍റെ പീഡനത്തില്‍ നിന്നുമാണ് ശരിക്കും നിങ്ങള്‍ മോചനം പ്രാപിക്കേണ്ടത്. സാമൂഹ്യതിന്മകള്‍ക്കെതിരേയുള്ള നിങ്ങളിലെ ശക്തമായ വികാരാവേശത്തിന്‍റെ ഉറവിടം അതോടെ നിങ്ങളിലെ പ്രോഗ്രാമിംഗ് ആയിരിക്കില്ല പിന്നെയോ നിഷ്പക്ഷമായ വസ്തുതകളായിരിക്കും. അപ്പോള്‍ മാത്രമേ സാമൂഹ്യവിപ്ലവത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ആന്തരിക സ്വാതന്ത്ര്യം നിങ്ങള്‍ സ്വായത്തമാക്കൂ.