news-details
മറ്റുലേഖനങ്ങൾ

60 കടന്നവരെ ഇതിലേ.... ഇതിലേ....

ഡിമൂര്‍ ദമ്പതികളുടെ അമ്പതാം വിവാഹവാര്‍ഷികം വി. കുര്‍ബാനയോടുകൂടി ആരംഭിച്ചു. ദിവ്യബലിക്കു മുമ്പേ അവരും ബന്ധുക്കളും പള്ളിയിലെത്തി. പാട്ടുപുസ്തകങ്ങള്‍ വച്ചിരുന്നു. ഒരു പുസ്തകമെടുത്ത് നോക്കവേ ലൂസില്ലാ ഡിമൂര്‍ ഒരു പ്രത്യേക ഗാനത്തിന്‍റെ തലക്കെട്ട് പങ്കാളിയെ കാണിച്ചു.  I need Thee every Hour.  ഓരോ മണിക്കൂറും എനിക്കു വേണം നിന്നെ. ജെയിംസ് ഡിമൂര്‍ അതുകണ്ടാനന്ദിച്ച് അയാളുടെ പുസ്തകത്തില്‍ പരതി ഒരു വരിക്ക്. അയാള്‍ കാണിച്ച ഗാനശീര്‍ഷകം ഇതായിരുന്നു: Accept me as I am എന്നെ സ്വീകരിച്ചാലും ഞാനായിരിക്കും പോലെ. മിനിട്ടുകള്‍ക്കകം വൈദികന്‍ വേദിയിലെത്തി കുര്‍ബാന തുടങ്ങി  (Catholic Digest)

 

ഈ പങ്കാളിയുടെ വീക്ഷണമായിരിക്കണം 60 കഴിഞ്ഞ നമ്മുടേയും കാഴ്ചപ്പാട്. അങ്ങനെ ഓരോ വര്‍ഷവും ജൂബിലിയാവണം. ഇപ്പോള്‍ നമ്മള്‍ സ്വന്തം കുടുംബത്തില്‍ കഴിയുന്നു അഥവാ ഒരു സമൂഹത്തില്‍ അംഗമായിരിക്കുന്നു. എവിടെയായാലും നമ്മുടെ കൂടെയുള്ളവരോട് നമുക്കുള്ള മനോഭാവം ഇതായിരിക്കണം. കൂടെ താമസിക്കുന്നവരുടെ മനസ്സും വാക്കും പ്രവൃത്തിയും മറിച്ചാവാം. എന്നാല്‍ ഈ ഉള്‍ക്കാഴ്ചയുണ്ടെങ്കില്‍ ഉള്‍ക്കരുത്തോടെ ഏതു സാഹചര്യത്തിലും സമാധാനവും സന്തോഷവും സൗഭാഗ്യവും നിലനിര്‍ത്താം.

 

കാരണം ഈ അവസ്ഥ നമ്മുടെ അവകാശമാണ്. ജീവിതത്തിന്‍റെ രണ്ടാംപകുതി ഇതില്‍ ആഴപ്പെടാനും ഉയരാനുമാണ്. "എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു." (യോഹ 14: 27) "പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുക" (മര്‍ക്കോ. 950) " കഴിയുന്നിടത്തോളം സര്‍വ മനുഷ്യരോടും സമാധാനത്തില്‍ വര്‍ത്തിക്കുക" (റോമാ. 12: 18) "യേശു ക്രിസ്തു നല്‍കുന്ന സമാധാനം നിങ്ങളുടേ ഹൃദയത്തെ ഭരിക്കട്ടെ." (കൊളോ: 3:15)" "നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിക്കുമ്പോഴും ആ വീടിനു സമാധാനം എന്നു പറയുക" (ലൂക്ക് 10:5) നമ്മള്‍ ഇപ്പോള്‍ ഏതു വീട്ടിലുമാകട്ടെ, ഇപ്പോള്‍ പറയുന്നതും പ്രവൃത്തിക്കുന്നതും സമാധാനപ്രദമാകണം. ഇത് സാദ്ധ്യമാക്കാന്‍ മുന്‍ഗാനവരികള്‍ നമുക്കും പ്രചോദനമാകട്ടെ. നാം എവിടെ ആയിരുന്നാലും അവിടെയുള്ളവരെ പ്രായം കൂടിയ നമ്മള്‍ കൂടുതല്‍ സമാശ്രയിക്കണം. അവരെ നമ്മുടെ വളര്‍ച്ചക്കുവേണ്ടി കൂടി ദൈവപരിപാലന തന്നിരിക്കുന്നതാണ്. ദൈവ സ്നേഹത്തിലും പരസ്നേഹത്തിലും അവര്‍ നമ്മുടെ പങ്കാളികള്‍ തന്നെ. എന്നാല്‍, നമുക്ക് ഒരുഗുണവും ചെയ്യാത്ത ഒരാള്‍ അവിടെയുണ്ടെന്നിരിക്കട്ടെ. പക്ഷേ അയാള്‍ നിശ്വസിക്കുന്ന വായു നമ്മള്‍ ശ്വസിക്കുന്നുവല്ലൊ! ഒരേ ജീവ വായൂ ശ്വസിക്കുന്ന, നിശ്വസിക്കുന്ന ജീവന്‍ പങ്കാളികള്‍!! കൂടാതെ യേശുവിന്‍റെ വ്യക്തമായ സ്നേഹ കല്പനയും നമുക്കുണ്ട്. "ഞാന്‍ നിങ്ങളെ സ്നേഹിച്ചപോലെ നിങ്ങള്‍ പരസ്പരം സ്നേഹിക്കണം" (യോഹ.15:12) (മത്താ.25:40) ഇങ്ങനെ നമ്മുടെ ചുറ്റുമുള്ളവരെ നാം സ്വീകരിക്കുമ്പോള്‍ അവരെ അത്യാവശ്യപ്പെട്ടവരായി കണ്ട് നമുക്ക് ഗാനശ്രുതിഉതിര്‍ക്കാനാകും I need Thee every Hour.

 

എന്നാല്‍ അവര്‍ നമ്മുടെ ഇഷ്ടപ്രകാരം എപ്പോഴും വര്‍ത്തിക്കുന്നവരായിരിക്കില്ല. ഓരോരുത്തര്‍ക്കും അവരുടേതായ വളര്‍ച്ചയും തളര്‍ച്ചയും ഉണ്ടല്ലോ. നാം അവരെ അവരായിരിക്കും പോലെ സ്വീകരിക്കുന്നു. ഇതാണ് വ്യവസ്ഥയില്ലാത്ത സ്നേഹം; ഇതാണ് ദൈവ സ്നേഹവും പരസ്നേഹവും. പ്രായം ചെന്ന നമ്മള്‍, അവരിലെ കുറ്റം കുറവുകള്‍ കണ്ട് അതിലുടക്കി അമര്‍ഷത്തോടെ അരിശപ്പെടാനും പരാതിപ്പെടാനും വഴക്കിടാനും സാദ്ധ്യതയുണ്ട്. ഇവ അത്രയും നമ്മുടെ അഹങ്കാരവും സ്വാര്‍ത്ഥതയും തന്നിഷ്ടവും കൊണ്ട് ഉണ്ടാകുന്നതാണ്.

 

ഭിന്നസ്വഭാവക്കാരുള്ള ഭവനത്തില്‍ വളര്‍ന്ന് വിശുദ്ധയായ ത്രേസ്യായുടെ മനോഭാവം ഇത്: "സ്നേഹമിതാണ്- മറ്റുള്ളവരുടെ കുറ്റം-കുറവുകളില്‍ അതിശയിക്കാതിരിക്കയും അവരിലെ നിസ്സാരനന്മയില്‍ പോലും സന്തോഷിക്കുകയും" (St. Therese of Lisieux.) പുണ്യചരിതനായ   Reinhold Niebuhr ന്‍റെ ജീവിത ജപം ഇങ്ങനെ: "കര്‍ത്താവേ, മാറ്റാനാവാത്തവയെ അംഗീകരിക്കാനുള്ള സൗമ്യതയും മാറ്റാവുന്നവയെ മാറ്റാനുള്ള ധീരതയും ഇവ രണ്ടും തിരിച്ചറിയാനുള്ള വിവേകവും എനിക്കു തരേണമേ." ഈ പ്രാര്‍ത്ഥന നമ്മുടേതാണെങ്കില്‍ മറ്റുള്ളവരുടെ ആന്തരികരോദനം നമ്മള്‍ കേള്‍ക്കും: Accept me as I am.

യേശുഭക്തരും യേശുവചനബദ്ധരുമായ നമുക്ക് ഏത് തരക്കാരുടെ ഇടയിലും പ്രതിസ്നേഹത്തില്‍ പ്രവര്‍ത്തിക്കാനാകും. പ്രതികൂല നിമിഷങ്ങളില്‍ യേശു സാന്നിദ്ധ്യം അഥവാ യേശു വചനം ഓര്‍ത്താല്‍ മതിയല്ലോ. നമ്മുടെ വീടും മുറിയും എവിടെയുമാകട്ടെ, നമ്മുടെ വാസം ഇതാവണം: "എന്‍റെ സ്നേഹത്തില്‍ വാസമുറപ്പിക്കുക" (യോഹ.15:9).

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts