മത്തായിച്ചേട്ടന് കിഴക്കിന്‍റെ പൊക്കുടന്‍
"തണുത്ത പൂന്തല്‍ വീശി
പടര്‍ന്നു ചൂഴ്ന്നു നില്ക്കും
മരത്തിന്‍റെ തിരുമുടിക്കിതാ
തൊഴുന്നേന്‍"
എന്നു തുടങ്ങുന്ന സുഗതകുമാരിക്കവിതയോ
"ഒരു ആലും ഒരു വേപ്പും ഒരു പേരാലും പത്തു പുളിയും മൂന്നു വിളാര്‍മരവും മൂന്നു കൂവളവും മൂന്ന് നെല്ലിയും അഞ്ച് മാവും അഞ്ച് തെങ്ങും നട്ടുണ്ടാക്കിയാല്‍ അവനു നരകമില്ല" എന്നു പഠിപ്പിക്കുന്ന നീതിസാരശ്ലോകമോ മത്തായിച്ചേട്ടന്‍ വായിച്ചിട്ടില്ല. എങ്കിലും മത്തായിച്ചേട്ടന്‍ 1984 മുതല്‍ മരങ്ങള്‍ നട്ടു. തീക്കോയി -ഇരാറ്റുപേട്ട റോഡിനിരുവശത്തുമായി അനേകം വൃക്ഷത്തൈകള്‍ നട്ട് പരിപാലിച്ച മത്തായിച്ചേട്ടന് മരങ്ങള്‍ മനുഷ്യന് ഉപകാരികളെന്നറിയാം. ആഗോളതാപനത്തെക്കുറിച്ചോ, ഓസോണ്‍ പാളികളിലെ വിള്ളലുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചോ മത്തായിച്ചേട്ടന്‍ ബോധവാനല്ല. എങ്കിലും മനുഷ്യന്‍റെ നിലനില്പിന് മരങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല. അതുകൊണ്ട് തീക്കോയി സ്കൂളിന് സമീപം പടലമാക്കല്‍ ലക്ഷം വീട് കോളനിയില്‍ താമസക്കാരനായ മത്തായിച്ചേട്ടന്‍ കൂലിപ്പണിക്കുശേഷം വൃക്ഷത്തൈ നട്ടു നനച്ചു. മത്തായി നട്ട മരങ്ങള്‍ മത്തായി മരങ്ങളെന്ന് അറിയപ്പെട്ടു.
മരങ്ങള്‍ നട്ട മത്തായി മരം മത്തായിയുമായി. പക്ഷേ യാഥാസ്ഥിതികരായ ഭൂരിപക്ഷ ജനത്തിനും മത്തായി കിറുക്കനായിരുന്നു. മത്തായിച്ചേട്ടനെ അംഗീകരിക്കാന്‍ ആരും കൂട്ടാക്കിയില്ല. പൂത്തുലഞ്ഞ മത്തായി മരങ്ങള്‍ക്ക് പല കാരണങ്ങളും പറഞ്ഞ് വധശിക്ഷ വിധിച്ചവരും കുറവല്ല.
എഴുതാനറിയില്ലെങ്കിലും വായിക്കാനറിയാവുന്ന മത്തായിച്ചേട്ടന്‍ വര്‍ത്തമാന പത്രങ്ങള്‍ പതിവായി വായിക്കുന്നു. തീക്കോയി പീപ്പിള്‍സ് ലൈബ്രറി 4 രൂപ ശമ്പളത്തിന് അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്ന കാലത്ത് പുസ്തകങ്ങള്‍ വായിച്ചിരുന്നതായി അദ്ദേഹം പറയുന്നു.
കൂലിപ്പണിയെടുത്ത് ഉപജീവനം കഴിച്ചു പോന്ന മത്തായിച്ചേട്ടന്‍ രോഗബാധിതനായതിനെ തുടര്‍ന്ന് ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റാണ് ജീവിച്ചു പോന്നത്. ഇപ്പോള്‍ അതിനും പറ്റാതായിരിക്കുന്നു. നിസ്വാര്‍ത്ഥ സേവനത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും മാതൃകയായ മത്തായിച്ചേട്ടന് യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹം ഇപ്പോഴും മരങ്ങള്‍ നടന്നു. വേനലില്‍ വെള്ളം കോരി നനയ്ക്കുന്നു. മറ്റുള്ളവര്‍ക്ക് തണലേകാനായി, തനിക്ക് തണലന്യമാണെന്നറിഞ്ഞിട്ടും...!