news-details
മറ്റുലേഖനങ്ങൾ

ഇന്നു മനുഷ്യന്‍ ജീവിക്കുന്നത് റെഡിമെയ്ഡുകളുടെ ലോകത്താണ്. എന്താണു ഇന്നു റെഡിമെയ്ഡായി കിട്ടാത്തത്? റെഡിമെയ്ഡ് അലങ്കാരങ്ങള്‍, റെഡിമെയ്ഡ് പൂന്തോട്ടങ്ങള്‍, റെഡിമെയ്ഡ് കറിപ്പൊടികള്‍, റെഡിമെയ്ഡ് പൂക്കള്‍, ക്രിസ്മസ് കാലത്തെ റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍... ചുരുക്കത്തില്‍ എല്ലാത്തിനുമുണ്ട് റെഡിമെയ്ഡ് മിക്ക മനുഷ്യരും ചിന്തിക്കുന്നത് റെഡിമെയ്ഡുകള്‍ നമ്മുടെ ജീവിതത്തെ കൂടുതല്‍ സുഖകരവും ആയാസരഹിതവുമാക്കുന്നു എന്നാണ്. ഇന്നു ആഘോഷങ്ങള്‍ക്കൊന്നും മുന്‍കാലത്തെപ്പോലെ പൂക്കള്‍കൊണ്ടുള്ള അലങ്കാരപ്പണികളൊക്കെ ചെയ്തു സമയം നഷ്ടപ്പെടുത്തേണ്ട കാര്യമില്ല; ക്രിസ്മസ് കാലത്ത് നക്ഷത്രവും പുല്‍ക്കൂടും ഉണ്ടാക്കേണ്ടതില്ല; അടുക്കളയില്‍ അമ്മമാര്‍ക്ക് മസാലയും കൂട്ടും പൊടിച്ചുണ്ടാക്കേണ്ടതില്ല... എല്ലാം ചന്ത നമുക്കു പ്രദാനം ചെയ്യുന്നു. വിസ്മയവഹമല്ലേ ഈ അവസ്ഥ? തീര്‍ച്ചയായും അതെ. പക്ഷേ ചിന്തിക്കുന്ന മനുഷ്യന് അത്രമേല്‍ ശുഭകരമല്ലാത്ത ചില കാര്യങ്ങളും ഇതില്‍ കണ്ടെത്താനാകും.

റെഡിമെയ്ഡുകളുടെ സംസ്കാരത്തിലേയ്ക്ക് ചുവടു മാറ്റുന്നതോടുകൂടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള നമ്മുടെ ശേഷി കൈവിരലുകള്‍ക്കിടയിലൂടെ സാവധാനം ചോര്‍ന്നുപോകുന്നു. നാമറിയാതെതന്നെ നാം കഴിവുകെട്ടവരും ഉപയോഗ ശൂന്യരുമായിത്തീരുന്നു. കാല്‍ക്കുലേറ്ററിന്‍റെ വരവോടു കൂടി വളരെ ലളിതമായ കണക്കുകൂട്ടലുകള്‍ പോലും നടത്താന്‍ നമുക്കാവാതെ പോകുന്നു. പാചകം ചെയ്യാന്‍ നമ്മുടെ അമ്മമാരൊക്കെ മറന്നു തുടങ്ങിയോ? നക്ഷത്രവും പുല്‍ക്കൂടും നിര്‍മ്മിക്കുന്നതിലെ സന്തോഷം എന്നേ നമുക്ക് അന്യം വന്നുപോയിരിക്കുന്നു! നമ്മുടെ വീട്ടില്‍ത്തന്നെയുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പം മുറിച്ച് പെസഹാ ആചരിച്ചത് എത്ര വര്‍ഷം മുമ്പാണ്? അതും ഇപ്പോള്‍ ചന്തയില്‍ സുലഭം. അതെങ്ങനെയുണ്ടാക്കാമെന്നു അറിയാവുന്നവര്‍ പോലും ചുരുങ്ങിവരികയാണ്.

 

റെഡിമെയ്ഡുകളുടെ സംസ്കാരം പലകാര്യങ്ങളും ചെയ്യാനുള്ള കാര്യപ്രാപ്തി മാത്രമല്ല ഇല്ലാതാക്കുന്നത്, ചിന്തിക്കാനും അപഗ്രഥിക്കാനുമുള്ള കഴിവു കൂടിയാണ്. ഇപ്പോള്‍ ഏതു പ്രായക്കാര്‍ക്കും ഏതു അവസരത്തിനും യോജിച്ച പ്രസംഗങ്ങളും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുമൊക്കെ റെഡിമെയ്ഡ് ആയിട്ട് ലഭ്യമായതിനാല്‍ ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കുന്നതുതന്നെ വൈദികരും സുവിശേഷ പ്രസംഗകരും നിര്‍ത്തലാക്കിയ മട്ടാണ്. ചിന്ത വേണ്ടെന്നു വച്ചിരിക്കുന്നവര്‍ക്ക് നാളെ ചിന്തയേ ഇല്ലാതാകും. ആദ്യാമാദ്യം പ്രവൃത്തികളില്‍ നിന്നും 'രക്ഷ' പെട്ടു നടക്കുന്നവര്‍ക്ക് അവസാനം പ്രവൃത്തിക്കാനേ ആവാതെ വരുന്നു. നമ്മള്‍ സാവധാനം ചിന്താശൂന്യരായ മനുഷ്യരായി പരിണമിക്കുന്നു. നമ്മെ ചിന്താശൂന്യരും കാര്യശേഷിയില്ലാത്തവരുമാക്കിത്തീര്‍ക്കുന്നു എന്നതിലാണ് ആഗോള വിപണിയുടെ വിജയം അടങ്ങിയിരിക്കുന്നത്.

 

നമ്മുടെ കഴിവുകേടാണ് അവരുടെ കഴിവ്, നമ്മുടെ ബുദ്ധി ശൂന്യതയാണ് അവരുടെ നേട്ടം! ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവുമാത്രമല്ല, തീരുമാനമെടുക്കാനുള്ള കഴിവുകൂടി വിപണി നമ്മില്‍നിന്നും അപഹരിക്കുന്നു. ഈ സ്വതന്ത്ര ലോകത്ത് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരാണ് നമ്മള്‍. എന്തു ധരിക്കണമെന്നും എന്തു ഭക്ഷിക്കണമെന്നും എന്തു കുടിക്കണമെന്നും നമ്മുടേതായ തീരുമാനം ഇല്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു നമ്മള്‍. ശക്തനായ ആഗോളവിപണി എല്ലാം നമുക്കുവേണ്ടി തീരുമാനിക്കുന്നു. അങ്ങനെ പല മേഖലയിലും  കാര്യപ്രാപ്തിയില്ലാത്തവരായി നാം മാറിയിരിക്കുന്നു.

 

റെഡിമെയ്ഡുകളുടെ ഈ ആഗോള സംസ്കാരത്തില്‍, പെട്ടെന്നു ലഭിക്കുന്ന സുഖവും സൗകര്യവും നമ്മെ നയിക്കാതിരിക്കട്ടെ. ഇപ്പോള്‍ അനുഭവിക്കുന്ന സുഖത്തിനപ്പുറത്ത് ആത്യന്തികമായി അതു മാനവരാശിക്കു വരുത്തിവയ്ക്കുന്ന വിപത്തിനെക്കുറിച്ച് നമുക്കു ബോദ്ധ്യമുള്ളവരായിത്തീരാം. മനുഷ്യരായ നമ്മെ ക്രമാനുഗതമായി, വളരെ ബോധപൂര്‍വം ചിന്താരഹിതരും ശേഷിയില്ലാത്തവരുമാക്കിത്തീര്‍ത്ത്, ആഗോള ഭീമനു ചരടില്‍ ചലിപ്പിക്കാവുന്ന വെറും പാവകളായിത്തീര്‍ക്കുന്ന പ്രക്രിയയ്ക്കെതിരേ നാം ജാഗരൂകരാവുക.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts