നേരിട്ടറിയാവുന്ന ഒരു ചെറുപ്പക്കാരനുണ്ട്. നല്ല ഉത്തരവാദിത്വബോധമുള്ളവന്‍; കുടുംബത്തെ പൊന്നുപോലെ നോക്കും; വലിയ ഉപകാരി; പ്രാര്‍ത്ഥനയിലും ദിവ്യബലിയിലുമൊക്കെ തീക്ഷ്ണമതി. കുടുംബത്തെ വളരെ അടുത്തറിയാവുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ അമ്മ ഒരു ദിവസം പറഞ്ഞു:
"അച്ചന്‍ അവനെയൊന്നുപദേശിക്കണം. നല്ലവനാ എന്‍റെ മോന്‍; പക്ഷെ അവന്‍ കുമ്പസാരിക്കാറില്ലച്ചാ. അച്ചന്‍ പറഞ്ഞാല്‍ അവനനുസരിക്കും".
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അവനെ കണ്ടപ്പോള്‍ ബോധപൂര്‍വ്വം മുഖത്ത് ഇത്തിരി ഗൗരവം വരുത്തി ചോദിച്ചു:
"നീ വലിയ മാന്യനാണെന്നൊക്കെയാണല്ലോ വയ്പ്പ്. എടാ, നീ കുമ്പസാരിച്ചിട്ട് എത്രനാളായി?" അപ്രതീക്ഷിതമായി പിടിക്കപ്പെട്ട ചമ്മലോടെ, എന്നാല്‍ സ്വാഭാവികമായ ശാന്തതയോടെ അവന്‍ പറഞ്ഞു:
"മനസ്സാക്ഷിയെ വഞ്ചിക്കരുതല്ലോന്ന് കരുതീട്ടാ അച്ചാ. ഇനിമേല്‍ ഒരു പാപം ചെയ്യുക എന്നതിനേക്കാള്‍ ഞാന്‍ മരിക്കാനും സന്നദ്ധമാണെന്ന് മനസ്താപപ്രകരണം ചൊല്ലി കുമ്പസാരക്കൂട്ടില്‍ പാപങ്ങളേറ്റ് പറയാനൊരു മടി. കാരണം എനിക്കറിയാം ഇനിയും ഞാന്‍ എന്‍റെ ദൗര്‍ബല്യങ്ങളുടെ പഴയ പാപങ്ങളില്‍ വീണുപോകുമെന്നും, ഇതേ കുമ്പസാരം തന്നെ ആവര്‍ത്തിക്കേണ്ടി വരുമെന്നും. അതുകൊണ്ട് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആഗ്രഹങ്ങളൊക്കെയടങ്ങി, ജീവിതത്തിന്‍റെ അലച്ചിലുകളൊക്കെ തീരുന്ന കാലത്ത് ശരിക്കും മനസ്സ് തുറന്നൊന്ന് കുമ്പസാരിച്ച്, ശേഷകാലം പ്രാര്‍ത്ഥനാചൈതന്യത്തില്‍ ജീവിക്കാമെന്നാ കരുതുന്നത്".
ധാര്‍മ്മിക ജീവിതത്തിലേയ്ക്ക് തിരിയുന്ന മനുഷ്യന്‍ ആദ്യമെതന്നെ ചില ഭാരപ്പെടുത്തുന്ന പ്രതിസന്ധികള്‍ക്ക് മുന്നിലാണ് ചെന്ന് നില്‍ക്കുന്നത് "എത്ര ധ്യാനം കൂടി.... നന്നാവില്ല..... രണ്ടാഴ്ച.... കൂടിപ്പോയാല്‍ രണ്ട് മാസം.... വീണ്ടും ജീവിതം പഴയ വഴിയ്ക്ക് തന്നെ. കഴിഞ്ഞ പ്രാവശ്യം ഭാര്യയോട് അമിതമായി കോപിച്ച് അവളെ കരയിച്ചപ്പോള്‍ തീരുമാനിച്ചതാ ഇനി സൗമ്യമായ ഇടപെടലുകളേ ജീവിതത്തില്‍ ഉണ്ടാകൂ എന്ന്. പക്ഷെ വീണ്ടും ഞാനെന്തേ ഇങ്ങനെ പൊട്ടിത്തെറിക്കുന്നു?" ഇങ്ങനെ എണ്ണിയെണ്ണിപ്പറയാന്‍ നൂറ് കാര്യങ്ങള്‍. മനസ്സ് പലവിചാരപ്പെടുകയും പ്രാര്‍ത്ഥനയില്‍ ഉറക്കം തൂങ്ങുകയും ചെയ്യുന്നു എന്ന് പരിതപിക്കുന്ന നമ്മുടെ വൃദ്ധ മാതാപിതാക്കന്മാര്‍, അന്യസ്ത്രീയിലേക്കും പുരുഷനിലേയ്ക്കും കണ്ണ് നിരന്തരം ചിന്തകളെ വലിച്ചിഴയ്ക്കുന്നുവെന്നും ഹൃദയത്തില്‍ വ്യഭിചാരം ചെയ്യുന്നുവെന്നും കുറ്റബോധത്തോടെ പതിഞ്ഞ ശബ്ദത്തില്‍ ഏറ്റു പറയുന്ന ദമ്പതിമാര്‍, ശരീരത്തിന്‍റെ ലൈംഗികതൃഷ്ണകള്‍ സ്വയംഭോഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നുവെന്നും, ജീവിതത്തിന്‍റെ വിശുദ്ധിയെല്ലാം നഷ്ടപ്പെട്ടുവെന്നും പരിതപിക്കുന്ന യുവജനങ്ങള്‍.... ഇങ്ങനെ ഒരിക്കലും മോചനമില്ലാത്ത 'പാപ'ത്തിന്‍റെ വിഷമവൃത്തത്തിലകപ്പെട്ടുപോയ മനുഷ്യരുടെ കുറ്റബോധം കൊണ്ടും കണ്ണീരുകൊണ്ടും കുതിരുകയാണ് നമ്മുടെ കുമ്പസാരക്കൂടുകള്‍.
ഒരിടത്ത് മനസ്സാക്ഷിയുടെ നന്മനിറഞ്ഞ ചില വ്യക്തമായ ജീവിതവഴികള്‍, മറുവശത്ത് പെരുമാറ്റത്തേയും സ്വഭാവത്തേയും ചിന്തകളേയും വാക്കുകളേയും അഭിലഷണീയമല്ലാത്ത വഴിയെ നയിക്കുന്ന ദൗര്‍ബല്യങ്ങളും പ്രലോഭനങ്ങളും. മനുഷ്യപ്രകൃതിയുടെ അപൂര്‍ണ്ണതകളുടെ ഇത്തരം അനുഭവത്തില്‍ നിന്നാണ് മനുഷ്യന്‍റെ ധാര്‍മ്മിക ജീവിതം ആരംഭിക്കുന്നത.് "ജീവിതം ഇനിയും കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്", "എനിക്ക് കുറച്ചുകൂടി നന്നായി ജീവിക്കാനാവും" എന്നൊക്കെ ചിന്തിച്ച് തുടങ്ങുമ്പോള്‍ തന്നെ മനുഷ്യന്‍ അവനറിയാതെ ഒരു ധാര്‍മ്മികനായി മാറുകയാണ്.
ഭ്രൂണഹത്യയും ദയാവധവുമൊക്കെ സ്നേഹരഹിതമായ പ്രവൃത്തികളാണെന്നറിയാമെങ്കിലും വൈദ്യശാസ്ത്രപഠനത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെങ്കില്‍ ഇത്തരം കേസുകളൊക്കെ അറ്റന്‍റ് ചെയ്തിരിക്കണമെന്ന് വരുമ്പോള്‍ ക്രിസ്തീയ മനസ്സാക്ഷിയുള്ള ഒരു കുട്ടി അനുഭവിക്കുന്ന ധാര്‍മ്മിക പ്രതിസന്ധി എങ്ങനെ മനസ്സിലാക്കപ്പെടണം? ഞായറാഴ്ചകളും കടമുള്ള ദിവസങ്ങളും ദൈവാരാധനയ്ക്കായി മാറ്റിവയ്ക്കപ്പെട്ടതാകണമെന്ന നിഷ്കര്‍ഷയുണ്ടായിട്ടും ഷിഫ്റ്റ് അനുസരിച്ച് ജോലി ചെയ്യേണ്ടി വരുമ്പോള്‍ ഞായറാഴ്ചയാണെന്ന ഒഴിവ് പറഞ്ഞാല്‍ 'എന്നാല്‍ ഈ പണി നിര്‍ത്തിക്കോ' എന്നു പറയുന്ന മേലധികാരിയുടെ കടുംപിടുത്തത്തിന് മുന്നില്‍ ഒരു കുടുംബം പോറ്റേണ്ടവന്‍റെ ധാര്‍മ്മിക പ്രതിസന്ധിയ്ക്ക് എന്ത് ഉത്തരം? കള്ളം പറയരുതെന്ന് സദാചാരനിയമം അനുശാസിക്കുമ്പോഴും സത്യം തുറന്ന് പറഞ്ഞാല്‍ ഒരു കുടുംബം മുഴുവന്‍ തകര്‍ന്ന് പോകുമെന്ന് വരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ച് നില്‍ക്കുന്നവര്‍. മക്കള്‍ ദൈവദാനങ്ങളാണെന്നറിയാമെങ്കിലും ജനിച്ച മൂന്ന് മക്കളെ തന്നെ പോറ്റാന്‍ സാമ്പത്തികമായി വല്ലാതെ ക്ലേശിക്കുന്ന ദമ്പതിമാര്‍ കൃത്രിമജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പാടില്ലെന്ന സഭയുടെ ഉദ്ബോധനത്തിന് മുന്നില്‍ ശരീരത്തിന്‍റെ തൃഷ്ണകളുമായി ഭാരപ്പെട്ട് നില്‍ക്കുമ്പോള്‍ എന്ത് ധാര്‍മ്മിക പ്രതിവിധി? ഭ്രൂണഹത്യ കൊലപാതകത്തിന് സമാനമാണെങ്കിലും ബലാല്‍സംഗത്തിനിരയായി ഗര്‍ഭവതിയായ പെണ്‍കുട്ടിയോട് ഏത് ധാര്‍മ്മിക ഭാഷയില്‍ സംസാരിക്കും? ഇങ്ങനെ പോകുന്നു സദാചാര നിയമങ്ങള്‍ക്കപ്പുറം മനുഷ്യന്‍ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍.
മനുഷ്യന്‍റെ പ്രതിസന്ധികള്‍ക്കൊക്കെ ഉത്തരമുള്ള ഒരിടമുണ്ട്. ക്രിസ്തുവിന്‍റെ മനസ്സ്. അവന്‍റെ ആശ്വാസത്തിന്‍റെ വചനങ്ങളിങ്ങനെ: ഹൃദയം നുറുങ്ങിയവര്‍ എന്‍റെ അടുക്കല്‍ വരട്ടെ. ഞാന്‍ അവരെ ആശ്വസിപ്പിക്കാം. നീതിമാന്മാര്‍ക്ക് വേണ്ടിയുള്ള ജീവിതചര്യയല്ല ക്രിസ്തുവിന്‍റെ മതം. പാപികളെന്നൊക്കെ സമൂഹം വിളിക്കുന്നവര്‍ക്ക് നന്മയുടെ ഇത്തിരി വെട്ടങ്ങള്‍ കാട്ടിക്കൊടുക്കുന്ന ഹൃദയവായ്പാണ് അവന്‍റെ മതം. തികഞ്ഞ സദാചാര ജീവിതം നയിക്കുന്നവരൊക്കെ ക്രിസ്ത്യാനികളും ആത്മീയരുമായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഒരിക്കലും മറികടക്കാനാവാത്ത ചില ദൗര്‍ബല്യങ്ങളുടെ മുള്ളുകള്‍ ജീവിതത്തില്‍ കൊണ്ടു നടക്കുന്നവര്‍ ക്രിസ്തുവിന്‍റെ കണ്ണില്‍ പൗലോസിനെപ്പോലെ ഒത്തിരി വിശുദ്ധി ആര്‍ജ്ജിക്കുന്നുമുണ്ടാവാം.
ക്രിസ്തു ദര്‍ശനത്തിലെ പുത്തന്‍ മനുഷ്യന്‍ സദാചാര ജീവിതത്തെ ആത്മീയതകൊണ്ട് മൃദുലമാക്കിയവരാണ്. അതുകൊണ്ടാണ് സുവിശേഷത്തിന്‍റെ അടിസ്ഥാന മാര്‍ഗ്ഗരേഖ 'സ്നേഹ'മാകുന്നത്. അതുകൊണ്ടാണ് ചില സമയങ്ങളില്‍ സ്നേഹത്തിന്‍റെ പേരില്‍ യേശു നിയമത്തെ ലംഘിക്കുകയോ, മറികടക്കുകയോ, ലഘൂകരിക്കുകയോ ഒക്കെ ചെയ്യപ്പെടുന്നതായി സുവിശേഷത്തില്‍ കാണുന്നത്. സ്നേഹമാണ് അവന്‍റെ മൂല്യം, മനുഷ്യത്വമാണ് അവന്‍റെ ജീവിതക്രമം.
ക്രിസ്തുവിന്‍റെ ധാര്‍മ്മിക മനസ്സിനെ സാധാരണ മനുഷ്യന്‍റെ ധാര്‍മ്മിക പ്രതിസന്ധിയ്ക്കുള്ള ഉത്തരമാക്കി മാറ്റാനുള്ള ശ്രമമാണ് ഈ പംക്തിയില്‍. ഇവിടെ നന്മതിന്മകളെക്കുറിച്ച് തീര്‍പ്പ് കല്പിക്കുന്ന വിധിയാളന്‍റെ ഭാഷയുണ്ടാവില്ല. നിങ്ങള്‍ക്ക് അപ്രാപ്യരായി വേറിട്ട് നില്‍ക്കുന്ന വിശുദ്ധരുടേയും മഹാന്മാരുടേയും ജീവിതക്രമങ്ങളെ മുന്നോട്ട് വച്ച് നിങ്ങളുടെ ആത്മവിശ്വാസത്തെ നഷ്ടപ്പെടുത്തിക്കളയില്ല. ഒരു മനുഷ്യനും പൂര്‍ണ്ണനായിരിക്കാന്‍ സാധിക്കില്ല എന്നറിഞ്ഞു കൊണ്ടുതന്നെ നന്മയുടെ വഴിയെ നടക്കാന്‍ നിങ്ങള്‍ക്ക് പ്രേരണ ലഭിച്ചേക്കാം. നിങ്ങള്‍ തികച്ചും പാപികളല്ല, നിങ്ങളില്‍ ഒത്തിരി നന്മയും സ്നേഹത്തിന്‍റെ ആഴങ്ങളുമുണ്ടെന്ന് തിരിച്ചറിഞ്ഞേക്കാം. തിന്മചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനും നന്മചെയ്യുമ്പോള്‍ സ്വര്‍ഗ്ഗം സമ്മാനിക്കാനും ദൈവം ഒരുക്കി വച്ചിരിക്കുന്ന കെണിയല്ല ജീവിതമെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞേക്കാം. നിങ്ങളുടെ പരിമിതികളോടെ ജീവിക്കുമ്പോഴും നിങ്ങള്‍ക്ക് ഹൃദയശാന്തി അനുഭവിക്കാനായേക്കാം. ഏതൊക്കെ തിന്മകള്‍ 'ചെയ്യരുത്' എന്നല്ല, ഇനിയും എന്തൊക്കെ നന്മകള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ 'ചെയ്യാനാവും' എന്ന് കണ്ടെത്താനായേക്കാം.
ഒരു സാധാരണ ക്രിസ്ത്യാനിയുടെ ധാര്‍മ്മിക ജീവിതത്തിന്‍റെ ഉരകല്ലായി മാറുന്ന ഇടമാണ് കുമ്പസാരക്കൂട്. എന്നാല്‍ യൗവനത്തിന്‍റെ നല്ല നാളുകളൊക്കെ പിന്നിട്ടിട്ടും ഇന്നും ഓരോ കുമ്പസാരത്തിനൊരുങ്ങുമ്പോഴും ജീവിതത്തെയൊന്നാകമാനം വിലയിരുത്താന്‍ വ്യക്തിപരമായ ഒരളവുകോല്‍ ഇല്ലാതെ പോകുന്നു. അതുകൊണ്ട് ധാര്‍മ്മികബോധം പക്വതപ്പെടാത്ത കാലത്ത് ആദ്യകുര്‍ബാന സ്വീകരണത്തിന് മുന്‍പ് സിസ്റ്റര്‍ പറഞ്ഞുതന്ന പത്ത് കല്പനകളും തിരുസഭയുടെ കല്പനകളും ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്ത് നിയമലംഘനങ്ങളുടെ ഒരു കൊച്ചു പട്ടിക തയ്യാറാക്കി വൈദികനെ പറഞ്ഞ് കേള്‍പ്പിച്ച് മടങ്ങിപ്പോരേണ്ടി വരുന്നു. അതുകൊണ്ടൊക്കെ തന്നെയാവാം നമ്മുടെ കുമ്പസാരക്കൂടുകള്‍ ഏറെപ്പേരെയും ആഴമായ ജീവിതനവീകരണത്തിലേയ്ക്കോ ആത്മീയ അനുഭവത്തിലേയ്ക്കോ നയിക്കാത്തതും കുമ്പസാരം പലരിലും മടുപ്പ് ഉളവാക്കുന്നതും.
മതവും ദൈവവുമൊന്നും വേണ്ടെന്ന് പറയുന്ന നമ്മുടെ ആധുനിക സമൂഹംപോലും പത്ത് കല്പനകളിലെ ചെയ്തുകൂടായ്മയുടെ സദാചാരബോധത്തേക്കാള്‍ പതിന്മടങ്ങ് മുന്നോട്ട് പോയിരിക്കുന്നു. അങ്ങനെയെങ്കില്‍ ധാര്‍മ്മികജീവിതത്തെ ദൈവത്തിനും മനസ്സാക്ഷിയ്ക്കും മുന്നില്‍ വച്ച് വിലയിരുത്താന്‍ ഇന്ന് വ്യക്തിപരമായ ഒരു ക്രിസ്തീയ ധാര്‍മ്മികബോധം ഓരോരുത്തര്‍ക്കും ആവശ്യമുണ്ട്.
ഇത് ധ്യാനകേന്ദ്രങ്ങളുടെ വചനപീഠങ്ങളില്‍ നിന്ന് പറഞ്ഞു തരുന്ന പാപത്തിന്‍റെ എണ്ണവും തരവും തിരിച്ചുള്ള ഒരു ലിസ്റ്റ് ആയിരിക്കില്ല. അതുകൊണ്ട് ലിസ്റ്റിലെ ഓരോ പാപത്തിനും നേരെ ശരി/തെറ്റ് ഇട്ട് പുരോഹിതനെ പറഞ്ഞ് കേള്‍പ്പിച്ച് മനസ്സിലെ കുറ്റബോധത്തിന് അല്പം ശമനം നേടാനുള്ള സാധ്യതയുമില്ല.