news-details
മറ്റുലേഖനങ്ങൾ

സ്നേഹം സര്‍വ്വോത്കൃഷ്ടവും എല്ലാവരുടേയുമുള്ളിലുള്ളതുമാണ്. ഹൃദയത്തിന്‍റെ ഭാഷയില്‍ പ്രകടമാക്കേണ്ട ഒരു കലയും കൂടിയാണിത്. സന്തുഷ്ടമായ കുടുംബബന്ധങ്ങള്‍ക്ക് എങ്ങനെ സ്നേഹിക്കണമെന്നതിന്‍റെ സൂത്രവാക്യം മനസിലാക്കിയേ തീരൂ.

നമ്മില്‍ ഏറെപ്പേരും മാതാപിതാക്കളില്‍ നിന്നു പഠിച്ചതും അനായാസേന ഉപയോഗിക്കുന്നതുമായ ഭാഷ മലയാളമാണല്ലോ. സംസാരിക്കാന്‍ ഏറെ സുഖപ്രദവും മനസ്സിലാക്കാനാവുന്നതുമായ ഭാഷയും മാതൃഭാഷതന്നെ.

 

സ്നേഹത്തിന്‍റെ കാര്യത്തിലും ഇതു വ്യത്യസ്തമല്ല. പങ്കാളിക്കു മനസിലാക്കാനാവുന്ന ഭാഷയല്ല നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഫലം നിഷ്ഫലം. എത്ര ആത്മാര്‍ത്ഥതയോടെ നിങ്ങള്‍ പെരുമാറിയാലും ശരി, താന്‍ സ്നേഹിക്കപ്പെടുന്നതായി അപരന് തോന്നുകയേ ഇല്ല.

 

എന്നാല്‍ പങ്കാളിയുടെ ഈ ഭാഷ പഠിച്ചാലോ?

സ്നേഹത്തിന്‍റെ ആശയവിനിമയം വൈവാഹിക ജീവിതത്തില്‍ അത്യന്താപേക്ഷിതമാണല്ലോ. അതിനാല്‍ത്തന്നെ ദമ്പതികള്‍ ഒരു തുറന്ന സംഭാഷണം നടത്തിനോക്കൂ: പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളറിയാന്‍, എങ്ങനെ സ്നേഹിക്കപ്പെടാന്‍ അവരാഗ്രഹിക്കുന്നു എന്നും മനസ്സിലാക്കാന്‍.

ഇവിടെ സ്നേഹത്തിന്‍റെ അഞ്ചു ഭാഷകളെ പരിചയപ്പെടുത്തുന്നു.

1. അംഗീകാരത്തിന്‍റെ വാക്കുകള്‍ (കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ...മത്താ: 25: 21)

'താങ്കള്‍ എത്ര കഴിവുള്ളവനാണ്' 'നീ പാകം ചെയ്ത ഭക്ഷണം എത്ര നന്നായിരിക്കുന്നു' ഇത്തരം സ്തുതി- അംഗീകാര വചസുകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. നിന്നെ ഞാനെത്രയേറെ കരുതുന്നു, സ്നേഹിക്കുന്നു, വിലമതിക്കുന്നു എന്നൊക്കെ പ്രകടമാക്കുന്ന വാചാപ്രയോഗങ്ങളാണിവ. ഈ ഭാഷ ഇഷ്ടപ്പെടുന്നവരാകട്ടെ ഇത്തരം ആശംസകളും വാക്കുകളും എപ്പോഴും കേള്‍ക്കാനാഗ്രഹിച്ചുകൊണ്ടുമിരിക്കും. താന്‍ സ്നേഹിക്കപ്പെടുന്നുവെന്ന് ഇങ്ങനെയാണവര്‍ തിരിച്ചറിയുന്നത്.

2. സമയം കണ്ടെത്തി നീക്കി വയ്ക്കുക: (രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍... മത്താ: 18:20)

ഒരുമിച്ചായിരിക്കുക, ഒന്നുചേര്‍ന്ന് പലകാര്യങ്ങളും ചെയ്യുക എന്നതിലൂടെയാവും ചിലര്‍ പങ്കാളിയുടെ സ്നേഹം തിരിച്ചറിയുക. തന്‍റെ സന്തോഷത്തിനായി ഇതരവ്യക്തി സമയം കണ്ടെത്തുന്നു എന്ന തിരിച്ചറിവ് അവര്‍ക്ക് സ്നേഹാനുഭവത്തിന്‍റെ സംതൃപ്തി നല്‍കുന്നു. നിങ്ങളുടെ പങ്കാളി ഈ വിഭാഗത്തില്‍പ്പെടുന്നയാളെങ്കില്‍ ടി. വി. നിര്‍ത്തി എഴുന്നേറ്റുകൊള്ളൂ, വ്യക്തിപരമായ സാമീപ്യം പങ്കാളിക്കു നല്‍കൂ. നേരമ്പോക്കു പറഞ്ഞിരിക്കാനും സായാഹ്നസവാരി നടത്താനും പാര്‍ക്കില്‍ പോവാനുമൊക്കെ സമയം കണ്ടെത്തിയേ തീരു.

3. ഉപഹാരങ്ങള്‍ നല്കുക: (ദൈവത്തിന്‍റെ  ദാനമാകട്ടെ.... റോമ: 6:23)

മനുഷ്യര്‍ക്കിടയില്‍ സാര്‍വത്രികമായ ഒരു കാര്യമാണ് ഉപഹാരങ്ങള്‍ നല്‍കല്‍. സ്നേഹത്തിന്‍റെ ശക്തമായ ഒരു സന്ദേശം നല്‍കാന്‍ ഇവയ്ക്കാകും. എന്‍റെ പിറന്നാളിന് അല്ലെങ്കില്‍ വിവാഹവാര്‍ഷികത്തിന് സമ്മാനങ്ങള്‍ നല്‍കിയില്ല, എന്നെ അവഗണിച്ചിരിക്കുന്നു, എന്നോട് സ്നേഹമില്ല എന്നൊക്കെ പരാതി പറയുന്ന പങ്കാളിയാണോ നിങ്ങളുടേതെന്ന് ശ്രദ്ധിക്കുക. സ്നേഹത്തിന്‍റെ ഒരു ചെറുകുറിപ്പോ, കാര്‍ഡോ, പൂക്കളോ, ഒരു ചോക്ലേറ്റോ, ഒക്കെ മതിയാവും ഇവര്‍ സന്തുഷ്ടരാകാന്‍. തങ്ങള്‍ക്കായി എന്തെങ്കിലും കണ്ടെത്തി നല്‍കുമ്പോള്‍ തങ്ങള്‍ വിലപ്പെട്ടവരാണെന്ന,് സ്നേഹിക്കപ്പെടുന്നവരാണെന്ന് അവര്‍ മനസിലാക്കുന്നു.

4. സേവനത്തിന്‍റെ പ്രവൃത്തികള്‍: (നിങ്ങളുടെ ഗുരുവും കര്‍ത്താവുമായവന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍... മര്‍ക്കോ: 20:28)

സേവനങ്ങള്‍ എന്നു പറയുമ്പോള്‍ ഉദാഹരണമായി വീടുവൃത്തിയാക്കല്‍, അടുക്കളയില്‍ പാചകം, പാത്രം വൃത്തിയാക്കാല്‍, പങ്കാളിയുടെ ആവശ്യങ്ങള്‍ക്കായി ഒരുയാത്ര, പൂന്തോട്ടം നന്നാക്കല്‍ എന്നിങ്ങനെ പലതുമാവാം. ഇവയൊക്കെ പങ്കാളിക്കായി സന്തോഷപൂര്‍വ്വം ചെയ്തു കൊടുക്കാനായാല്‍ അത് ആ വ്യക്തിക്കും സന്തോഷം നല്‍കുന്നു. ഇത്തരം വ്യക്തികള്‍ ഈ രീതിയിലുള്ള സേവന പ്രവൃത്തികളെ തങ്ങളോടുള്ള സ്നേഹത്തിന്‍റെ ഉറപ്പ് ആയിട്ടാവും കാണുക.

5. ശാരീരിക സ്പര്‍ശനങ്ങള്‍: (യേശു രോഗികളെ സ്പര്‍ശിച്ച് സുഖപ്പെടുത്തുന്നു, മത്താ: 8:2, മത്താ: 8:15, മത്താ: 9:29, മത്താ: 20:34)

ഇടയ്ക്കൊക്കെ പങ്കാളിയുടെ ചുമലിലൊന്നു തട്ടുക, കൈകള്‍ ചേര്‍ത്തു പിടിക്കുക, കവിളത്തൊരു ചുംബനം ഇവയൊക്കെ ഈ ഭാഷയിലൂടെ സംവദിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. തനിച്ചിരിക്കുമ്പോഴും ഏകാന്തത അനുഭവിക്കുമ്പോഴുമൊക്കെ പ്രിയപ്പെട്ടൊരാള്‍ തൊട്ടരികെയുണ്ടായിരുന്നെങ്കില്‍, അവരോട് ചേര്‍ന്നിരിക്കാനായിരുന്നെങ്കില്‍ എന്നൊക്കെയാവും ഇക്കൂട്ടര്‍ ആഗ്രഹിക്കുക. എപ്പോഴും സ്നേഹിക്കുന്നവരുടെ സമീപെയായിരിക്കാന്‍, അവരോട് സ്പര്‍ശനത്തിലൂടെ സംവദിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചുകൊണ്ടേയിരിക്കും.

നിങ്ങളുടെ ഭാഷ തിരിച്ചറിയുക

നിങ്ങളുടെ വൈകാരിക ആവശ്യങ്ങളെന്തെന്നു തിരിച്ചറിഞ്ഞാല്‍ നിങ്ങളുടെ ഭാഷ കണ്ടെത്താന്‍ എളുപ്പമായിരിക്കും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുനോക്കൂ.
 (1) ഞാനെങ്ങനെയാണ് മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിക്കുന്നത്?
(2) ഞാനെന്തു കിട്ടാഞ്ഞാണ് എപ്പോഴും പരാതിപ്പെടുന്നത്?
(3) ഞാനെപ്പോഴും പ്രിയപ്പെട്ടവരോട് ആവശ്യപ്പെടുന്നത് എന്താണ്?

സ്നേഹത്തിന്‍റെ ഏതു ഭാഷയാണ് നിങ്ങളിരുവരുടേതുമെന്ന് പരസ്പരം മനസ്സിലാക്കിയെടുക്കാനായാല്‍ നിങ്ങളുടെ വിവാഹജീവിതം കൂടുതല്‍ സുന്ദരമാകും. അതിനായി അല്പസമയം ഒരുമിച്ചിരുന്ന് പങ്കാളിയോട് സംസാരിക്കുക. ഏതു ഭാഷയാണ് അവള്‍ക്ക് / അവന് കൂടുതല്‍ മനസ്സിലാവുന്നതെന്ന് ആരായുക. ഇതു കണ്ടുപിടിക്കാന്‍ സഹായകരമായ മറ്റൊരു കാര്യം കൂടി പറയാം. സാധാരണ ആളുകള്‍ ഇടപെടുന്നത് അല്ലെങ്കില്‍ സ്നേഹം പ്രകടിപ്പിക്കുന്നത് തങ്ങള്‍ക്ക് അത് ലഭിക്കാനാഗ്രഹിക്കുന്ന രീതിയിലായിരിക്കും. (പക്ഷേ അപ്പോഴും നിങ്ങളുടെ പങ്കാളി അതു തിരിച്ചറിയാതെ അയാളുടെ ഭാഷയില്‍ അത് ആവശ്യപ്പെട്ടുകൊണ്ടുമിരിക്കും.)

ഈ ഭാഷകളെ പരസ്പരം മനസ്സിലാക്കാനായാല്‍ അത്ഭുതാവഹമായിരിക്കും ഫലം. അത് നിങ്ങളുടെ ബന്ധത്തില്‍ വന്നുപോയ പാളിച്ചകളെ വേഗം സൗഖ്യപ്പെടുത്തുകയും നിങ്ങളുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയും ചെയ്യും. എല്ലാറ്റിനുമുപരി പങ്കാളിയെ തുല്യവ്യക്തിയായി കണ്ട് ആദരവോടെ പെരുമാറിയും ഒന്നിച്ചിരുന്ന് ആവശ്യങ്ങള്‍ പരസ്പരം പങ്കുവച്ചും മുന്നോട്ടു പോവുക.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts