news-details
മറ്റുലേഖനങ്ങൾ

വിവാഹം - ദൈവവുമായൊരു ഉടമ്പടി

ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.'
 
ക്രിസ്ത്യാനിയുടെ ദാമ്പത്യത്തെ ഏറ്റവും ശ്രേഷ്ഠമാക്കുന്നത് ഈ വചനമാണ്.  സഭയില്‍ വിവാഹമെന്ന കൂദാശാഉടമ്പടി മുദ്രവെയ്ക്കപ്പെടുന്നത് ഈ ദൈവശാസ്ത്ര അടിത്തറയിന്മേലാണ്.  ഓരോ വിവാഹവും സ്വര്‍ഗ്ഗത്തില്‍ നടത്തപ്പെടുന്നു എന്നതിന്‍റെ പൂര്‍ത്തീകരണമായി, ഭൂമിയില്‍ തന്‍റെ ജന്മരാത്രിയുടെ താക്കോല്‍ പഴുതിലൂടെ കടന്നുപോയ ഇണയെ ഓരോരുത്തരും സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ കണ്ടെത്തി ചേര്‍ത്തുപിടിക്കുന്നു.  അങ്ങനെ ഒന്നായത് രണ്ടായി പിളര്‍ന്ന വേദനയില്‍ നിന്ന് വീണ്ടും ഒന്നാകുന്നതോടെ ഓരോ ആത്മശരീരങ്ങളും സ്വസ്ഥവൃത്തത്തിലാകുന്നു.  അപ്പോള്‍ അവര്‍ പരസ്പരം പറയും ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് നമ്മള്‍ക്കിരുവര്‍ക്കും ഇടയിലെന്ന്.  ഇതാണ് ദാമ്പത്യത്തിന്‍റെ വിജയം.  എന്നാല്‍ അപൂര്‍വ്വമായി ഈ സ്വര്‍ഗ്ഗം ചിലര്‍ക്കെങ്കിലും പിന്നീട് നരകമാകും.  കാരണം പലതാകാം.  എന്തായാലും രണ്ടുപേര്‍ ഒരുമിച്ച് താമസിക്കാന്‍ കഴിയില്ലെന്ന് തീര്‍ച്ചപ്പെടുത്തുമ്പോള്‍ നമുക്കിനി പിരിയാം എന്ന തീരുമാനത്തിലെത്തുന്നു.  അതിനും ഒരു സാധ്യത വിവാഹ ജീവിതത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അംഗീകരിച്ചു കൊണ്ടുതന്നെയാണ് സമൂഹത്തെപോലെ തന്നെ സഭയും വിവാഹമോചനം അനുവദിക്കുന്നത്.
 
 
രണ്ടു സ്വതന്ത്രവ്യക്തികളുടെ ആത്മാഭിമാനത്തെ അംഗീകരിക്കുകയാണ് വിവാഹമോചനം അനുവദിക്കുന്നതിലൂടെ സഭയും സമൂഹവും ചെയ്യുന്നത്.  തത്വത്തില്‍ ശരിയാണ്.  എന്നാല്‍ വിവാഹമോചനത്തിനുവേണ്ടി തീരുമാനമെടുത്തതിനുശേഷം അതു നടപ്പായിക്കിട്ടുന്നതുവരെയുള്ള കാലഘട്ടം ഇരുകക്ഷികളെ സംബന്ധിച്ചും ഏറെ വേദനാജനകമാണ്.  സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്ന നീതിന്യായകോടതി, ഈ രണ്ടു കക്ഷികളും ഒരുമിച്ചു ജീവിക്കുന്നത് അവര്‍ക്കോ അവരുടെ കുഞ്ഞുങ്ങള്‍ക്കോ ഗുണകരമല്ല എന്നുകണ്ട് അവസാനം വേര്‍പിരിയാന്‍ അനുവാദം നല്‍കും.  ഇതിലും കുഞ്ഞുങ്ങളുടെ കാര്യം വളരെ കഷ്ടം തന്നെ.  ഒന്നുകില്‍ അവര്‍ പങ്കുവെയ്ക്കപ്പെടുകയോ അല്ലെങ്കില്‍ സ്ഥിരമായി അച്ഛനെയോ അമ്മയെയോ അവര്‍ക്ക് നഷ്ടമാകുകയോ ചെയ്യുന്നു.  ഈ ഒരു അവസ്ഥ സംഭവിക്കാതിരിക്കാനായിരിക്കണം സഭാ കോടതികള്‍ വിവാഹമോചന കേസുകള്‍ തീര്‍പ്പാക്കാതെ വീണ്ടും വലിച്ചുനീട്ടിക്കൊണ്ടിരിക്കുന്നത്.  ഇതില്‍ ഒരു ശരിയുണ്ടെങ്കിലും കേസിന്‍റെ ഈ കാലഘട്ടം നീളുന്നതനുസരിച്ച് ഭാര്യയും ഭര്‍ത്താവും ആയിരുന്നവര്‍ തമ്മിലുള്ള ശത്രുത കൂടിക്കൂടിവരും.  കുഞ്ഞുങ്ങള്‍ ഇതിനിടയില്‍ക്കിടന്ന് കൂടുതല്‍ നരകിക്കും.  ബന്ധുക്കള്‍ കൂടുതല്‍ അസ്വസ്ഥരാകും.  ജീവിതത്തിന്‍റെ ഏറ്റവും സര്‍ഗ്ഗാത്മകമാകേണ്ട ഒരു കാലഘട്ടം ഈ ദമ്പതികള്‍ക്ക് അങ്ങനെ ഏറ്റവും വെറുപ്പും അവിശ്വാസവും അശാന്തിയും നിറഞ്ഞതായിത്തീരും.
 

എന്തുകൊണ്ട് വിവാഹമോചനം സഭയിലും സമൂഹത്തിലും കൂടിവരുന്നു എന്നുള്ളത് സാമൂഹ്യ ശാസ്ത്രത്തിന്‍റെ വിഷയമാണ്.  കാരണങ്ങള്‍ പലതാകാം.  മക്കളെ വളര്‍ത്തുന്നതില്‍ അമ്മമാരുടെ തെറ്റ് എന്ന് എളുപ്പം മറ്റുള്ളവര്‍ക്ക് പറഞ്ഞൊഴിയാം.  അമ്മയോടൊപ്പം കുടുംബവും സമൂഹവും സഭയും എല്ലാം ഈ കാര്യത്തില്‍ തുല്യ പങ്കാളികളാണ്.  എങ്കിലും അപൂര്‍വം ചിലര്‍ക്കെങ്കിലും വിവാഹമോചനം അനിവാര്യമായിരിക്കുന്നു.  ഈ യാഥാര്‍ത്ഥ്യത്തെ നാം മറന്നുകൂടാ.  നിയമം മനുഷ്യനുവേണ്ടിയാണ്.  മനുഷ്യന്‍ നിയമത്തിനുവേണ്ടിയല്ല. എന്നു തന്നെയാണ് ക്രിസ്തു ഉറപ്പിച്ചു പറഞ്ഞത്. പലപ്പോഴും ഇന്ന് നമ്മുടെ സഭാ കോടതികളില്‍ വിവാഹമോചനത്തിനായി കയറിയിറങ്ങുന്ന സ്ത്രീകളും പുരുഷന്മാരുമായി അടുത്തിടപഴകുമ്പോള്‍ നമുക്കു തോന്നിപ്പോകും,  നമ്മുടെ വിവാഹമോചന നിയമം കുറേക്കൂടി കാലോചിതവും മനുഷ്യോചിതവും ആകേണ്ടതില്ലേയെന്ന്?

എനിക്കു പരിചയമുള്ള ഒരുകുട്ടിയുടെ പ്രശ്നം ഇതായിരുന്നു.  അവള്‍ പോസ്റ്റുഗ്രാജ്വേഷന്‍ കഴിഞ്ഞ് ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയറേയാണ് വിവാഹം കഴിച്ചത്.  അയാളുടെ ചില ദുശ്ശീലങ്ങള്‍ കാരണം തുടക്കം മുതലേ അവള്‍ക്കയാളുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല.  വിവാഹം കഴിഞ്ഞ് അധികം താമസിയാതെ അവള്‍ ജോലിസ്ഥലത്തേക്കു പോന്നു.   അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പിന്നെ പലരും ഇടപെട്ടു.  അവള്‍ അയാളെ ഇഷ്ടമില്ല എന്നു മാത്രം പറഞ്ഞൊഴിയാന്‍ നോക്കി.  പക്ഷെ അതൊരു മതിയായ കാരണമല്ലല്ലോ.  അവസാനം കേസ് സഭാകോടതിയില്‍ എത്തിച്ചു. അവിടെയും അവള്‍ അതുതന്നെ ആവര്‍ത്തിച്ചു.  പക്ഷേ ഇഷ്ടമില്ലാത്തതിന്‍റെ കാരണങ്ങള്‍ വെളിപ്പെടുത്തിയ കൂട്ടത്തില്‍, അവള്‍ കന്യകയാണ് എന്നുകൂടി തെളിയിക്കേണ്ട ഉത്തരവാദിത്വം അധികാരികള്‍ അവളില്‍ ചുമത്തി.  അതവളെ വല്ലാതെ വേദനിപ്പിച്ചു.  

 

അവള്‍ പറയുന്നു ഇത്രയും തലനാരിഴകീറി പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടി വരുന്ന സഭാകോടതിയില്‍ ഒരു കുടുംബിനിയായ സ്ത്രീയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയി.  എങ്കില്‍ അവരോടെനിക്കു പറയാമായിരുന്നു.  അവര്‍ക്കത് മനസ്സിലാകുമായിരുന്നു.  മക്കളുള്ള ഏതെങ്കിലും ദമ്പതികള്‍ ഇങ്ങനെ ഒരു കോടതിയില്‍ ഉണ്ടായിരുന്നെങ്കില്‍ സഭാമധ്യത്തില്‍ വെച്ച് എനിക്കിത്രയും അപമാനിതയാകേണ്ടിവരില്ലായിരുന്നു.  പിന്നീട് കഥ വേറെ.  അവള്‍ പിന്നെ സഭാകോടതിയില്‍ പോയില്ല.  സിവില്‍ കോടതിയില്‍ നിന്ന് വിവാഹമോചനം വാങ്ങി തനിക്കുകൂടി യോജിച്ചുപോകാവുന്ന ഒരാളെ വിവാഹം ചെയ്തു, ഇപ്പോള്‍ കുട്ടികളും കുടുംബവുമായി സസന്തോഷം ജീവിക്കുന്നു.  

 

തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ പറയുന്നു: എന്താരു ഭീകരകാലമായിരുന്നു ആ സഭാകോടതിയില്‍ കയറിയിറങ്ങിയിരുന്ന കാലം.  ആദ്യഘട്ടത്തില്‍ ഞങ്ങള്‍ പിരിഞ്ഞു പോന്നിരുന്നെങ്കില്‍ പരസ്പരം ഇത്ര ശത്രുത ഞങ്ങള്‍ക്കിടയില്‍പോലും ഉണ്ടാകുമായിരുന്നില്ല.  ഇതുപോലെ അവിടെ കേറിയിറങ്ങേണ്ടിവന്നവര്‍ക്കെല്ലാം കോടതി ഏല്പിച്ച മുറിവിന്‍റെ ഉണങ്ങാത്ത പാടുകളുള്ളതായി അറിയാം.  

ചിലര്‍ക്ക് തന്‍റെ മറുപാതിക്ക് ഭ്രാന്ത് ഉണ്ടായിരുന്നു എന്നു തെളിയിക്കാനുള്ള ബദ്ധപ്പാടാണെങ്കില്‍, മറ്റുചിലര്‍ക്ക് അവിഹിത ബന്ധം സ്ഥാപിച്ചെടുക്കാനുള്ള പങ്കപ്പാടാണ്.  കാരണം ഇത്തരം രണ്ടോ മൂന്നോ കാരണങ്ങള്‍ക്കൊണ്ടുമാത്രമേ വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെടുകയുള്ളൂ.  അതുകൊണ്ട് പിരിയാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും ആരോപണങ്ങള്‍ ഇണയില്‍ ആരോപിച്ച് തെളിയിച്ചെടുക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്.  പലപ്പോഴും യഥാര്‍ത്ഥ കാരണം മറ്റുപലതും ആയിരിക്കുകയും ചെയ്യും.

 

ശരിയാണ്, നീതിയെ അന്ധയായാണ് നാം കണ്ടു ശീലിച്ചത്.  എങ്കിലും നമ്മുടെ സഭാ മക്കളില്‍ ദാമ്പത്യം എന്ന ഉടമ്പടിപ്രകാരം ഒന്നായിച്ചേര്‍ന്നതിനുശേഷം പിന്നീട് എപ്പോഴോ അവര്‍ക്ക് ബോധ്യപ്പെടുകയാണ് തങ്ങള്‍ ഒന്നിച്ചു ജീവിക്കേണ്ടവരല്ലയെന്ന്.  ഇത് അവര്‍ക്കും ഏറ്റവും ചുരുങ്ങിയ പക്ഷം അവരുടെ അമ്മമാര്‍ക്കും ബോധ്യപ്പെട്ടാല്‍ അവരെ വേര്‍പിരിയാന്‍ അനുവദിച്ചുകൂടെ?  ഇന്ന് ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്തരുത് എന്ന നിയമത്തിന്‍റെ പേരില്‍ മാത്രം പരസ്പരം വിശ്വാസം നഷ്ടപ്പെട്ട രണ്ടുപേരെ ഒന്നിച്ചു ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ അതികഠിനമായ ഒരു പാപം നമ്മള്‍ അറിയാതെ ചെയ്യുകയാണ്.  കാരണം പരസ്പരം വിശ്വാസമില്ലാത്ത രണ്ടുപേര്‍ ഒന്നിച്ചു ജീവിക്കുന്നത് മരണതുല്യമാണ്.  അതാണ് മാരകപാപം.

 

അതവരെ സ്വയം നശിപ്പിക്കുകയും മറ്റുള്ളവരെക്കൂടി നാശത്തിനിരയാക്കുകയും ചെയ്യും.  കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ ചെകുത്താനും കടലിനും നടുവില്‍പ്പെട്ടതുപോലെ യാതൊന്നിനോടും സ്നേഹമോ വിശ്വാസമോ ഇല്ലാതെ സ്വയം ഒരു ബാധ്യതയായി കരുതപ്പെടുകയും സമൂഹത്തിന് മുഴുവന്‍ ഒരു ബാധ്യതയായി തീരുകയും ചെയ്യും.

 

കാലത്തിനു യോജിച്ചവിധം സഭയുടെ വിവാഹമോചന നിയമവും കുറച്ചുകൂടി സ്നേഹാധിഷ്ഠിതമാക്കേണ്ടതുണ്ട്.  എനിക്കു തോന്നുന്നത് വിവാഹം കഴിഞ്ഞതിനുശേഷം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതിലും നല്ലത് അതിനുമുമ്പ് കാര്യമായി തന്നെ വിവാഹാര്‍ത്ഥികളെ ഒരുക്കണം എന്നാണ്.  ഇപ്പോള്‍ നടത്തുന്ന വിവാഹത്തിന് ഒരുക്കമായ കോഴ്സ് ചുരുങ്ങിയത് ഒരു മാസമെങ്കിലും ഒരുമിച്ച് താമസിച്ച്, ചിന്തിച്ചും, പ്രാര്‍ത്ഥിച്ചും, സ്വപ്നം കണ്ടും ജീവിതം തുടങ്ങാന്‍ പ്രാപ്തമാകുംവിധം രൂപവത്ക്കരിക്കേണ്ടതുണ്ട്.

 

പിന്നെ സ്ത്രീധനം നിയമം മൂലം നിരോധിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നു നമുക്കറിയാം. സ്ത്രീധനപീഡനത്തിന്‍റെ കാരണംകൊണ്ടുതന്നെ എത്ര വിവാഹമോചനങ്ങള്‍ അല്ലെങ്കില്‍ ആത്മഹത്യകള്‍ നമ്മുടെ സഭാ സമൂഹത്തില്‍ തന്നെ നടക്കുന്നു.  പിതാവിന്‍റെ സ്വത്തില്‍ അര്‍ഹതപ്പെട്ട ഒരു ഭാഗം പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും വിവാഹസമയത്ത് നല്കുന്നു എന്ന് വിവാഹം നടത്തിക്കൊടുക്കുന്ന ഇടവക വികാരി ഉറപ്പു വരുത്തേണ്ടതുണ്ട്.  നമ്മുടെ കുടുംബങ്ങള്‍ ഭാവിയിലെ പ്രതീക്ഷകളായി മാറണമെങ്കില്‍ കുടുംബരൂപീകരണത്തിനുമുമ്പുള്ള ഈ സാമൂഹിക ഉത്തരവാദിത്വം സഭ ഏറ്റെടുത്തേ മതിയാകൂ.  സ്വാശ്രയ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം മാത്രമല്ല നമ്മുടെ സഭാനേതൃത്വത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്.

ഞായറാഴ്ച ക്രിസ്ത്യാനികളായി തങ്ങളുടെ മുന്നില്‍ വന്നിരിക്കുന്ന ഇടവകാംഗങ്ങളോട് അള്‍ത്താരയുടെ മുകളില്‍ നിന്ന് കുര്‍ബാന മധ്യത്തില്‍ വെച്ച് ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള സകലകാര്യങ്ങളും തങ്ങള്‍ക്കു അധീനമാണെന്ന മട്ടില്‍ നടത്തുന്ന څപ്രസംഗംچകൊണ്ട് നമ്മുടെ കുടുംബരൂപീകരണത്തില്‍ യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. പണ്ട് മുല്ല നസുറുദ്ദീന്‍ പറഞ്ഞതുപോലെ ദൈവമേ അകത്ത് പുരോഹിതന്‍റെ പ്രസംഗം, പുറത്ത് കനത്ത മഴ, ഞാനെന്തുചെയ്യും. ഈ അവസ്ഥയിലാണ് ഞായറാഴ്ച കുര്‍ബാനയില്‍ വിശ്വാസികള്‍ പലപ്പോഴും പുരോഹിതന്‍റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നത്.  വൈദികരും സന്ന്യസ്തരും ചീത്തയായാല്‍ അത് അവര്‍ വന്ന കുടുംബങ്ങളുടെ കുറ്റം എന്നു പറഞ്ഞിട്ടു കയ്യൊഴിയുന്നതില്‍ അര്‍ത്ഥമില്ല.  എട്ടും പത്തും വര്‍ഷം പ്രത്യേക പരിശീലനം കഴിഞ്ഞ് സന്ന്യാസത്തിലേക്കും പൗരോഹിത്യത്തിലേക്കും പ്രവേശിക്കുന്നവര്‍ക്കുപോലും തെറ്റുകള്‍ പറ്റുക സ്വാഭാവികം.  അതിനാല്‍ പരസ്പരം പഴിചാരാതെ സഭാ സമൂഹം ഒന്നിച്ച് ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ് കുടുംബങ്ങളെ രൂപപ്പെടുത്തുക എന്നത്.  പ്രത്യേകിച്ചും വിവാഹം എന്ന കൂദാശ സ്വീകരിക്കാന്‍ ഒരുങ്ങുന്നവരെ സഹായിക്കുക എന്നത്.  

ഏതെങ്കിലും പുതിയ കുടുംബങ്ങള്‍ ഉണ്ടായി അതില്‍ ധാരാളം മക്കളുണ്ടായി സഭാസമൂഹത്തിന്‍റെ ശക്തി തെളിയിക്കാം എന്നതല്ല സഭാ നേതൃത്വം ആലോചിക്കേണ്ടത്.  ഉള്ളത് ലോകത്തിന്‍റെ ഉപ്പായി മാറ്റാനുള്ള തീവ്രതയാണ്.  പലപ്പോഴും സഭ മക്കള്‍ക്ക് ഹിതകരമാകുംവിധം നിയമം ഇളച്ചു കൊടുക്കുന്നത് അവരുടെ ബാഹ്യസൗകര്യങ്ങളെ മാത്രം ബാധിക്കും വിധത്തിലാണ്.  ഇത്തരം ഇളവുകള്‍ പലപ്പോഴും ലഭിക്കുന്നത് പണമുള്ളവര്‍ക്കും അധികാരത്തോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കും മാത്രമാണ്.

 

ഉദാഹരണത്തിന് വിദേശത്ത് ജോലി എന്ന തിരക്കു പരിഗണിച്ച് ഒരാഴ്ചകൊണ്ട് വിവാഹം നടത്താം.  പണമുണ്ടെങ്കില്‍ ഇടവകപള്ളിയില്‍ വിവാഹം നടത്താതെ വലിയ കത്തീഡ്രലുകളിലേക്കോ ബസലിക്കകളിലേക്കോ സൗകര്യംപോലെ മാറ്റാം.  നാട്ടുകാര്‍ അറിയണം എന്നുതന്നെയില്ല.  ഞാന്‍ പറയും, ഒരു പുരുഷന്‍ പുരോഹിതനാകുന്നതിലും കടുത്ത ഉത്തരവാദിത്വമാണ് പിതാവാകുക എന്നത്.  ഒരു സ്ത്രീ കന്യാസ്ത്രിയാകുക എന്നതിലും എത്രവലിയ ഉത്തരവാദിത്വമാണ് അമ്മയാകാന്‍ തീരുമാനിക്കുക എന്നത്.  പക്ഷേ അത്മായര്‍ സഭയില്‍ വെറും ദാസ്യവൃത്തിക്കാരായി തുടരുന്നതുകൊണ്ട് അവരുടെ ഇടമായ കുടുംബങ്ങള്‍ക്ക് അത്ര പരിശീലനം മതി എന്നു തീരുമാനിച്ചിരിക്കുകയാണ് എന്നുതോന്നും.  അവര്‍ക്കുവേണ്ടി ഒരു ദൈവശാസ്ത്രമോ സഭാശാസ്ത്രമോ ഇല്ല.  ഉള്ളത് ആകെ വിലകുറഞ്ഞ ഉപദേശങ്ങള്‍ മാത്രം.  ഈ നില ഇനിയും മാറിയില്ലെങ്കില്‍ നമ്മുടെ സമൂഹത്തിന് നാളെക്കുവേണ്ടി ഒന്നും കരുതിവെയ്ക്കാനുണ്ടാകില്ല.  

 

സ്വന്തം ജീവിതം ആനന്ദകരമാക്കാനും ഒപ്പം അടുത്ത തലമുറയെ അതിനടുത്ത തലമുറയ്ക്കുവേണ്ടി വളര്‍ത്തിയെടുക്കാനും പ്രാപ്തിയും ഉത്തരവാദിത്വബോധവും ഉള്ളവര്‍ക്കുമാത്രമേ വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ അവകാശമുള്ളൂ.  മുന്നൊരുക്കങ്ങള്‍ അതിന് പ്രധാനമാണ്.  വെള്ളത്തില്‍ വീണാല്‍ എങ്ങനെയെങ്കിലും നീന്തല്‍ പഠിക്കും എന്ന മട്ടിലാണ്  ഇന്ന് പ്രായമാകുമ്പോള്‍, 18-21 വയസ്സാകുമ്പോള്‍, വിവാഹം നടക്കുന്നു.  എങ്ങനെയൊക്കെയോ വണ്ടിക്കാളകളെപോലെ ചുമലില്‍ വെച്ച നുകം വലിച്ചുകൊണ്ടുപോകുന്നു.  ഇതു മാറണം.  സ്ത്രീധനവും ആഡംബരവും പതിനായിരങ്ങളെ ക്ഷണിച്ചുള്ള സദ്യയുമല്ല വിവാഹം എന്ന് അത്മായരെ പഠിപ്പിക്കാനുള്ള അധികാരം നമ്മുടെ സഭ ഉപയോഗിക്കുന്നില്ല.  പകരം അതിന്‍റെ താല്പര്യം മുഴുവന്‍ പുതിയ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിലും നിലനിര്‍ത്തുന്നതിലുമാണ്.  കാരണം അവിടെയാണ് അധികാരവും പണവും ഉള്ളത്.  ഒരുപക്ഷേ അവ സംരക്ഷിച്ചു നിര്‍ത്താന്‍ ആവശ്യമായ തൊഴില്‍സേനയായി മാത്രമെ അത്മായ സമൂഹത്തെ പരിഗണിക്കുന്നുള്ളൂ എന്നതായിരിക്കാം കാരണം.

 

അല്പം പ്രശ്നം ഉണ്ട് എന്നറിയുന്ന വീടുകളില്‍ ഭവന സന്ദര്‍ശനം നടത്താനും പ്രശ്നങ്ങളെ അവസാനിപ്പിക്കാനും ശ്രമിക്കുന്ന സന്ന്യസ്തരും വൈദികരും നമുക്ക് ധാരാളമുണ്ട്.  പക്ഷെ അവയ്ക്കൊക്കെ ഒരു ഏകമുഖ സ്വഭാവമുണ്ട്.  അതെപ്പോഴും സ്ത്രീയോട് ഉപദേശിച്ചുകൊണ്ടിരിക്കും.  അല്ലെങ്കില്‍ കുടുംബത്തിന്‍റെ പാപബോധത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും.  ഇതു രണ്ടും ഒരുപക്ഷേ താല്‍ക്കാലികമായ പരിഹാരം കണ്ടെത്താന്‍ സഹായിക്കുമെങ്കിലും വ്യക്തികള്‍ തമ്മിലുള്ള ഇഴയടുപ്പം തുന്നിച്ചേര്‍ക്കാന്‍ സഹായകമോ  ഒരു പക്ഷെ കുടുംബജീവിതം പതിനഞ്ചോ പതിനാറോ വയസ്സുവരെ മാത്രം പരിശീലിച്ച ഇവര്‍ക്ക് അത്രയേ സാധ്യമാകുകയുളളൂ.

 

കരയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കടലിന്‍റെ ആഴം അറിയില്ലല്ലോ.  തീരത്തെ തിരമാലകളില്‍ കുളിച്ചുകയറാന്‍ മാത്രം സുന്ദരമാണ് കടല്‍ എന്നല്ലേ അവര്‍ കരുതുക?  ഇങ്ങനെ പറയാന്‍ കാരണം ഫാമിലി കൗണ്‍സിലിംഗ് നമ്മുടെ സിസ്റ്റേഴ്സിന്‍റെയും വൈദികരുടെയും ഇഷ്ടവിനോദമാണ്.  നമുക്കിടയില്‍ ഈ വിഷയത്തില്‍ ഏറ്റവും അധികം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളതും പഠനക്ലാസ്സുകള്‍ നടത്തുന്നതും ഇവര്‍ തന്നെയാണ്. പരിചയമില്ലാത്ത കാര്യത്തില്‍ ആത്യന്തികമായി ഉത്തരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന്‍റെ അര്‍ത്ഥമില്ലായ്മ ഏതൊരാള്‍ക്കും ബോധ്യപ്പെടും.  കാരണം പലപ്പോഴും കുടുംബപ്രശ്നങ്ങളുടെ അടിസ്ഥാനകാരണമായി ലൈംഗിക ബന്ധത്തിലെ അപാകതകളായിരിക്കും ഇവര്‍ നടത്തുന്ന കൗണ്‍സിലിങ്ങുകളില്‍ ചുണ്ടിക്കാണിക്കുക. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒറ്റമൂലി ദാമ്പത്യത്തില്‍ ലൈംഗികത മാത്രമല്ല.  ഇനി പ്രശ്നം രണ്ടുപേര്‍ക്കിടയിലുള്ള ലൈംഗികതയാണ് എങ്കില്‍ തന്നെ ഈ വിഷയത്തില്‍ ഒട്ടും പരിചയമില്ലാത്ത ആളുകളുടെ ഉപദേശം എങ്ങനെ ഉപകരിക്കും.

 

വിവാഹത്തിനുമുമ്പുളള ഒരുക്കം, വിവാഹം, കുടുംബപ്രശ്നങ്ങള്‍, വിവാഹമോചനം തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള സഭാസംവിധാനങ്ങളില്‍ ഇന്ന് അത്മായര്‍ക്ക് നാമമാത്രമായ സാന്നിധ്യം മാത്രമെയുള്ളൂ.  ഈ രംഗങ്ങളില്‍ അത്മായരുടെ ഇടപെടല്‍ കുടുംബബന്ധങ്ങളെ കൂടുതല്‍ ഇഴയടുപ്പമുള്ളതാക്കാന്‍ സഹായിക്കും.  അതിനു പാകമാകും വിധം കുടുംബസ്ഥരെ പരിശീലിപ്പിക്കുകയും, സഭയുടെ കുടുംബവുമായി ബന്ധപ്പെട്ട അധികാരതലങ്ങളില്‍ അവരെക്കൂടി ഉള്‍പ്പെടുത്തുകയും വേണം. സഭയുടെ വിവാഹമോചന കോടതികളില്‍ നിര്‍ബന്ധമായും ഒരു കുടുംബം (അപ്പനും അമ്മയും ആയിട്ടുള്ള രണ്ടുപേര്‍) ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

 

വിവാഹം എന്ന കൂദാശ ഒരു വിശ്വാസി സ്വീകരിക്കുന്നതിനു മുമ്പ് ആവശ്യമായ അത്രയും ഒരുക്കം വിവാഹാര്‍ത്ഥികള്‍ നേടി എന്ന് ഉറപ്പുവരുത്തണം.  അതിനുശേഷം വിവാഹമോചനം ആവശ്യപ്പെടുന്ന ഹതഭാഗ്യര്‍ക്ക് അവരുടെ ആത്മാവിന് ക്ഷതം സംഭവിക്കാത്തവിധം വേര്‍പിരിയാനുള്ള അവസരവും സഭ ഉണ്ടാക്കേണ്ടതുണ്ട്.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts