news-details
മറ്റുലേഖനങ്ങൾ

വൈദിക വര്‍ഷം ചില ശിഥില ചിന്തകള്‍

ബ്രിട്ടനില്‍ വളരെയേറെ പേരെ കൊന്ന "കറുത്ത മരണം" എന്ന വസന്തയ്ക്കുശേഷം കര്‍ഷക തൊഴിലാളികള്‍ക്കു വലിയ കുറവുണ്ടായി. അക്കാലത്ത് നിശ്ചയിച്ച പുതിയ വേതന നിയമമനുസരിച്ച് സാധാരണ കര്‍ഷകര്‍ ഉന്നതരായ പ്രഭുക്കളുടെയും വൈദിക മേലധ്യക്ഷന്മാരുടെയും ഭൂമി കൃഷി ചെയ്ത്, കൊയ്ത്, പ്രഭുക്കളുടെ വീട്ടില്‍ കൊണ്ടുചെന്ന്, മെതിച്ച് ധാന്യം അവര്‍ക്കു കൊടുക്കണം. വൈക്കോല്‍ കൃഷിക്കാര്‍ക്ക് എടുക്കാം. അധ്വാനിച്ച് കൃഷി ചെയ്ത കര്‍ഷകനു വൈക്കോല്‍ മാത്രം.

കൃഷിക്കാര്‍ വളരെ വലഞ്ഞ കാലം. കൃഷിക്കാര്‍ നടത്തിയ പ്രഖ്യാതമായ കര്‍ഷക ലഹളയെക്കുറിച്ച് 1381 ജൂണ്‍മാസം ജോണ്‍ ഫ്രൊയ്സ്സാര്‍ട്ട് എഴുതിയ ഒരു റിപ്പോര്‍ട്ടുണ്ട്. ഇതനുസരിച്ച് ഈ വിപ്ലവത്തിനു വിത്തു പാകിയത് അദ്ദേഹം തന്നെ വട്ടന്‍ എന്നു പറയുന്ന ജോണ്‍ ബാള്‍ എന്ന വൈദികനാണ്. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളുടെ പേരിലാണ് അദ്ദേഹത്തെ വട്ടന്‍ എന്നു വിളിച്ചതും. ഇതേ കാരണത്താല്‍ കാന്‍റര്‍ബറി മെത്രാപ്പോലീത്ത ഈ വൈദികനെ പല തവണ ജയിലിലടച്ചിട്ടുണ്ട്. ഈ വൈദികന്‍ ചന്ത സ്ഥലത്തും മറ്റും ജനങ്ങളെ വിളിച്ചുകൂട്ടി പറയുന്ന പ്രസംഗത്തിന്‍റെ ഭാഗങ്ങള്‍ പ്രസ്തുത റിപ്പോര്‍ട്ടിലുണ്ട്.

 

അദ്ദേഹം പ്രസംഗിച്ചു: "എന്‍റെ നല്ല സുഹൃത്തുക്കളേ, എല്ലാം പൊതുസ്വത്താകുന്നതുവരെ ഇംഗ്ലണ്ടിലെ കാര്യങ്ങള്‍ ശരിയാകില്ല. അങ്ങനെ വരുമ്പോള്‍ പ്രഭുക്കന്മാര്‍ നമ്മേക്കാള്‍ യജമാനന്മാര്‍ ആകുകയില്ല. എത്ര മോശമായിട്ടാണ് അവര്‍ നമ്മോടു പെരുമാറുന്നത്. നമ്മെ അവര്‍ അടിമകളാക്കുന്നതിന് എന്തു ന്യായം? നാം എല്ലാവരും ആദിമാതാപിതാക്കളായ ആദം-ഹവ്വാമാരുടെ സന്തതികളല്ലേ?... നമുക്ക് രാജാവിന്‍റെ അടുത്തുപോയി പ്രകടനം നടത്താം. അദ്ദേഹം ചെറുപ്പക്കാരനാണ്. അദ്ദേഹത്തില്‍ നിന്ന് അനുഭാവപൂര്‍ണ്ണമായ മറുപടി കിട്ടും. കിട്ടിയില്ലെങ്കില്‍ നാം തന്നെ നമ്മുടെ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണം." എല്ലാ ഞായറാഴ്ചയും ഇത്തരം  പ്രസംഗങ്ങള്‍കൊണ്ട്, അദ്ദേഹം ജനങ്ങളെ പ്രകോപിപ്പിച്ചിരുന്നു എന്നു പറയുന്നു.

 

മെത്രാപ്പോലീത്താ അദ്ദേഹത്തെ രണ്ടോ മൂന്നോ മാസം ജയിലിലിടും. ജയിലില്‍ നിന്നിറങ്ങിയാല്‍ പഴയപടി പ്രസംഗിക്കും. പ്രസംഗങ്ങള്‍ കേട്ട കര്‍ഷകര്‍ "നാടിന്‍റെ ഭരണം ശരിയല്ലെന്നും മേലാളന്മാര്‍ സ്വര്‍ണ്ണവും വെള്ളിയും കവര്‍ന്നെടുക്കുന്നു എന്നും വിശ്വസിച്ചു." ഈ ചിന്താഗതി നാട്ടില്‍ പ്രചരിച്ചു. അങ്ങനെയാണ് 60000 കൃഷീവലന്മാരുടെ  പ്രകടനം തലസ്ഥാനനഗരിയിലേക്കു നീങ്ങിയത്. റിച്ചാര്‍ഡ് രണ്ടാമന്‍ രാജാവിനെ അവര്‍ പിടിച്ചു നിറുത്തി അവകാശങ്ങള്‍ നേടിയെടുത്തു. 14-ാം നൂറ്റാണ്ടിലെ കര്‍ഷക വിപ്ലവത്തിനു വിത്തു വിതച്ച വൈദികന്‍ സമനില തെറ്റിയവനായി ചിത്രീകരിക്കപ്പെട്ടു.

 

എന്നാല്‍ ഏഴു നൂറ്റാണ്ടുകള്‍ക്കുശേഷം ഇന്നു പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹത്തെ ഭിന്നമായി വായിക്കാം. അദ്ദേഹത്തെ അന്ന് വട്ടന്‍ എന്നു വിളിച്ചു. ഈ ഭ്രാന്ത് അദ്ദേഹത്തിനു സ്വാര്‍ത്ഥപരമായി ഒന്നും നേടാനായിരുന്നില്ല - നേടിയത് പേരുദോഷവും ജയില്‍വാസവും. അദ്ദേഹം ഒരു ദുരന്തകഥാപാത്രമായി നിലകൊള്ളുന്നു. കാലത്തിന്‍റെ ഒരു അംഗീകാരവും തൊപ്പിയും തൂവലും അദ്ദേഹത്തിനു കിട്ടിയില്ല. കൃഷിക്കാര്‍ക്കേറ്റ അനീതി അദ്ദേഹത്തിന്‍റെ വികാരവും വിചാരവുമായി. ആ പരാര്‍ത്ഥത പ്രസംഗമായി, ജയില്‍വാസമായി. കാലത്തോടു കലഹിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണ്? കാലത്തോട് ഒത്തുതീര്‍പ്പായാല്‍ സുഖമായി ജീവിക്കാമായിരുന്നു. നോര്‍മല്‍ ആളുകള്‍ നാട് ഓടുമ്പോള്‍ നടുവേ ഓടുന്നവരാണ്, നാട് അവരെ സംരക്ഷിക്കും. അദ്ദേഹം നാടിന്‍റെ ഓട്ടം ഭ്രാന്താണ് എന്നു കണ്ടു കാണും. അതു ഭ്രാന്തമായ ശൈലിയാണ് എന്നു പറഞ്ഞവനെ ഭ്രാന്തനാക്കി. സമനില തെറ്റിയത് സമൂഹത്തിനോ വൈദികനോ?

 

കാലമാണ് ദൈവിക വെളിച്ചത്തെ തടയുന്നതും  വികലമാക്കുന്നതും. കാലത്തിന്‍റെ കോലം കെട്ടാത്തവനു കാലം നല്‍കുന്നത് അനാദരവും അവഹേളനവും പീഡനവുമായിരിക്കും. കാലത്തിന്‍റെ തിരസ്ക്കരണി മാറ്റി കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ച ഭരണക്കാര്‍ ചിലപ്പോള്‍ പൊതുജനസമ്മതരാകില്ല. വര്‍ത്തമാനത്തോട് അനുരൂപണപ്പെട്ട് ആള്‍ക്കൂട്ടത്തോടു രാജിയാകണം അവര്‍.  കാലത്തിന്‍റെ വിധിയോട് കലഹിക്കുന്നവനാണ് പലപ്പോഴും വൈദികന്‍. കാരണം അവര്‍ വര്‍ത്തമാനകാലത്തിന്‍റെ തിരസ്ക്കരണത്തിനപ്പുറം കാണുന്നു. ഇന്നലെ ചത്തു പോയി; നാളെ ജനിച്ചിട്ടില്ല- എന്തിന് അവയെപ്പറ്റി ആകുലപ്പെടണം എന്ന് മനോഗതം ചെയ്ത് ഇന്നില്‍ അടിച്ചു പൊളിക്കുന്നവനല്ല വൈദികന്‍. ഇന്നിന്‍റെ പട്ടും പരവതാനിയും പത്രാസും വെടിയുന്ന പരലോകപാറ്റയാണയാള്‍- ഇന്നിനെ മറന്നു നാളെകളില്‍ ജീവിക്കുന്ന ദുരന്തതാരങ്ങള്‍.

 

"ദൈവരാജ്യത്തെ പ്രതി" ഷണ്ഡനാക്കപ്പെട്ടവന്‍ മുന്‍പേ പറക്കുന്ന പക്ഷിയാണ്. ഭാവിയെക്കെട്ടിയതു കൊണ്ടാണ് അവര്‍ വര്‍ത്തമാനത്തില്‍ കെടാത്തവരായി ജീവിക്കുന്നത്. ഇരട്ടപ്പേരിന്‍റെ തായ് വഴികൾ മുറിച്ച് ആത്മാവിനെ കാത്തുസൂക്ഷിക്കുന്നവന്‍ ജഡത്തിന്‍റെ ഭോഗസംസ്കാരത്തില്‍ ആഴ്ന്നവര്‍ക്ക് ഒരു ചോദ്യചിഹ്നമാണ്. ആത്മാവിനെ മറന്ന വെറും അക്കങ്ങളായി സംസ്കാരത്തില്‍ ആഴ്ന്നുപോയി കാലത്തോട് രാജിയായവര്‍ക്ക് വൈദികനെ വേണ്ടാത്ത കാലം വന്നേക്കും. പൂജാരിമാരെ ഇന്ത്യയില്‍  എന്നും ആവശ്യമായിരിക്കും. അനുഷ്ഠാനങ്ങളുടെ കാര്‍മ്മികരെ. അതായി ചുരുങ്ങുന്ന പ്രതിസന്ധി നമുക്കു ചുറ്റുമുണ്ട്. ഈ ചുരുങ്ങല്‍ വൈദിക വൃത്തിയെ ഒരു തൊഴിലാക്കും. അതൊരു വിളിയാകുമ്പോള്‍ വിളിച്ചവന്‍റെ അഗ്നിയുടെ അലോസരമുണ്ടാകും.

 

സാമൂഹിക അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍, സംഘാതമായ കര്‍മ്മാദികള്‍ എന്നിവയുടെ മണ്ഡലമായിരുന്നു മതം. പക്ഷേ, അത് മനുഷ്യന്‍റെ അഗാധമായ വ്യക്തിത്വാവശ്യമായി പരിഗണിക്കാത്ത ഒരു കാലം പിറന്നേക്കാം. അവിടെ അനുഷ്ഠാനപരവും സംഘം ചേരലിന്‍റെയും കര്‍മ്മാദികള്‍ കളികളും  പാട്ടുകച്ചേരികളും നൃത്തപരിപാടികളുമായി പുനര്‍നിര്‍വചിതമായ ഒരു ലോകം നമുക്ക് അപ്പുറത്തുണ്ട്. ഉത്സവപെരുന്നാളുകളുടെ നിര്‍വചനം മാറുകയാണ്. ഈ അനുഷ്ഠാന കര്‍മ്മങ്ങളുടെ "കാര്‍മ്മികര്‍"ക്ക്  മതത്തിന്‍റെ ലേബലില്ല. സമൂഹത്തിന്‍റെ അനുദിനത്തിന്‍റെ നാഴിക മണിയില്‍നിന്നു പുരോഹിതന്‍ പുറത്താകും. എന്നാല്‍ യഥാര്‍ത്ഥ ഈശ്വരാഗ്നിയുള്ളവന്‍ സമൂഹത്തിന്‍റെ മുമ്പില്‍ ചോദ്യചിഹ്നമായി നിലകൊള്ളും. വൈദിക വര്‍ഷാചരണം എന്തിന്? ഏതു വര്‍ഷാചരണവും ഒരു ശ്രാദ്ധമാണ്. ശ്രദ്ധിക്കുക: എന്ത്? കടമറ്റത്തു കത്തനാരുടെ ആത്മഗതം: പോന്നതെവിടെ, പോയതെവിടെ, പിതാവൊരുക്കിയ പാതയെവിടെ?

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts