മലയാള മണ്ണിന് കഴിഞ്ഞ കുറെ മാസങ്ങളായി നഷ്ടങ്ങളുടെ കാലമാണ്. ചുറ്റും പ്രഭ പരത്തിയ കുറെ ദീപങ്ങള്‍ അണഞ്ഞു പോയി. കമല സുരയ്യ, ലോഹിതദാസ്, രാജന്‍ പി. ദേവ്, പാണക്കാട് സയ്യദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍, അവസാനം മുരളി. ഇവരുടെയെല്ലാം മരണാനന്തര ചടങ്ങുകള്‍ക്ക് വി. ഐ. പികളുടെ നിറഞ്ഞ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ടി. വി. ചാനലുകള്‍ അവ പ്രക്ഷേപണം ചെയ്യാന്‍ മത്സരിക്കുകയും ചെയ്തു. ഇവര്‍ക്കിടയില്‍ ആഘോഷിക്കപ്പെടാതെ പോയ ഒരു മരണമായിരുന്നു കൗമുദി ടീച്ചറിന്‍റേത്.
1934 ജനുവരി 13ന് മലബാറിലുള്ള വടകരയില്‍ മഹാത്മാഗാന്ധിയെത്തിയപ്പോള്‍ കൗമുദിക്ക് പതിനെട്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഹരിജനോദ്ധാരണത്തിനായി ഗാന്ധിജി കേള്‍വിക്കാരുടെ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അക്കൂട്ടത്തിലുണ്ടായിരുന്ന കൗമുദി നേരെ അദ്ദേഹത്തിന്‍റെയടുത്തു ചെന്ന് അണിഞ്ഞിരുന്ന ആഭരണങ്ങളെല്ലാം അഴിച്ചുകൊടുത്തു. "കല്യാണത്തിനു ആഭരണങ്ങള്‍ ആവശ്യമായി വരില്ലേ? " എന്ന മഹാത്മാവിന്‍റെ ചോദ്യത്തിനു അവള്‍ ഉത്തരം നല്കി: "സ്വര്‍ണ്ണം നിര്‍ബന്ധമുള്ളയാളെ എനിക്കു ഭര്‍ത്താവായി വേണ്ട." അങ്ങനെയുള്ളവരെ കണ്ടെത്താഞ്ഞതുകൊണ്ടാകണം ടീച്ചര്‍ അവസാനം വരെ ഒറ്റയ്ക്കു ജീവിച്ചു. അവള്‍ക്ക് ഗാന്ധിജി കൊടുത്ത ഓട്ടോഗ്രാഫ് ഇതായിരുന്നു: "തുമാരാ ത്യാഗ് തുമാരാ ഭൂഷന്‍" രാജവംശത്തില്‍ പിറന്ന അവള്‍ പിന്നീട് ഗാന്ധിജിയുടെയും വിനോബ ഭാവേയുടെയും ആശ്രമത്തില്‍ ജീവിക്കുകയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും ഹിന്ദി പ്രചരിപ്പിക്കുകയും ചെയ്തു.
ഇന്ന് ഭാരതത്തില്‍ 800 ടണ്‍ സ്വര്‍ണ്ണത്തിന്‍റെ കച്ചവടം നടക്കുന്നുണ്ട്. അതില്‍ മൂന്നിലൊന്നും കേരളത്തിലാണ്. ഇത്തരമൊരു നാട്ടില്‍ കൗമുദിടീച്ചര്‍ വിഡ്ഢിയായി കണക്കാക്കപ്പെട്ടേക്കാം. അവള്‍ പിഞ്ചെന്ന ഗാന്ധിജിയും അത്തരത്തിലൊരു വിഡ്ഢിയായിരുന്നല്ലോ. 1947 സെപ്റ്റംബര്‍ 26 ന് അദ്ദേഹം തന്‍റെ ഡയറിയിലെഴുതി. "ഒരു നാള്‍ ഇന്ത്യ എന്നെ കേട്ടിരുന്നു. പക്ഷേ പുതിയ രാഷ്ട്രക്രമത്തില്‍ എനിക്ക് ഒരു സ്ഥാനവുമില്ല. നമുക്ക് വേണ്ടത് യന്ത്രങ്ങളും നാവിക വ്യൂഹവും വ്യോമസേനയുമൊക്കെ. എനിക്കതില്‍ ഒരു സ്ഥാനവുമില്ല." കൗമുദിടീച്ചറിനും നമ്മുടെ നാട്ടില്‍ സ്ഥാനമില്ല.