news-details
മറ്റുലേഖനങ്ങൾ

മനസ്സിന്‍റെ നിര്‍മ്മിതിയാണ് അസംതൃപ്തി

"ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്" മര്‍ക്കോ 10:25

സംതൃപ്തി ലഭിക്കാന്‍ ഒരാള്‍ എന്താണു ചെയ്യേണ്ടത്?  സത്യത്തില്‍, ഒരാളും അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അങ്ങനെ പറയാന്‍ കാരണം സംതൃപ്തി നിങ്ങളുടെ കൈവശമുണ്ട് എന്നതാണ്. നിങ്ങളുടെ കൈയിലുള്ളതിനെ സ്വന്തമാക്കാന്‍ എന്താണു പ്രത്യേകിച്ച് ചെയ്യാനുള്ളത്?

അങ്ങനെയാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് അതു നിങ്ങള്‍ക്ക് അനുഭവവേദ്യമാകാത്തത്? അതിനുത്തരം നിങ്ങളുടെ മനസ്സ് എപ്പോഴും അസംതൃപ്തി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. ഈ അസംതൃപ്തിയെ നിങ്ങള്‍ക്കു നീക്കം ചെയ്യാനായാല്‍ നിങ്ങളിലുള്ള സംതൃപ്തിയെക്കുറിച്ച് നിങ്ങള്‍ തനിയേ ബോധവതിയാകും.

എങ്ങനെയാണ് അസംതൃപ്തി നീക്കം ചെയ്യുക? അസംതൃപ്തിയുടെ കാരണം കണ്ടെത്തി, അതിനെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. അപ്പോള്‍ അതു താനെ  പൊഴിഞ്ഞുപൊയ്ക്കൊള്ളും.

നിരീക്ഷണങ്ങളില്‍നിന്നു ഒരു കാര്യം നിങ്ങള്‍ക്കു വ്യക്തമാകും: സകല അസംതൃപ്തികള്‍ക്കും കാരണം നിങ്ങളുടെ അഭിനിവേശമാണ്.

എന്താണ് ഈ അഭിനിവേശം?

ഏതെങ്കിലും പ്രത്യേക വസ്തുവിനെയോ വ്യക്തിയെയോ കൂടാതെ നിങ്ങള്‍ക്കു സംതൃപ്തി ലഭിക്കില്ലെന്ന ദൃഢവിശ്വാസത്തോടെ അതിനോടോ അയാളോടോ നിങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന വൈകാരികമായ അവസ്ഥയാണ് അഭിനിവേശം.

ഈ വൈകാരികമായ ഒട്ടിപ്പിടിക്കലിനു പോസിറ്റീവും നെഗറ്റീവുമായ ഘടകങ്ങളുണ്ട്. നിങ്ങള്‍ തീവ്രമായി ഇഷ്ടപ്പെടുന്നത് ലഭിക്കുമ്പോഴെല്ലാമുണ്ടാകുന്ന സന്തോഷവും ഉത്സാഹവും രോമാഞ്ചവുമാണ് പോസിറ്റീവ് ഘടകം. ഇഷ്ടപ്പെട്ടത് ലഭിക്കുന്നതോടുകൂടി നിങ്ങളില്‍ ഉടലെടുക്കുന്ന ടെന്‍ഷനും ഭീതിയുമാണ് നെഗറ്റീവായ ഘടകം. കിട്ടിയ ഭക്ഷണം  വിഴുങ്ങാന്‍ ശ്രമിക്കുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ഒരു തടവുപുള്ളിയെ സങ്കല്പിച്ചു നോക്കൂ: ഒരു കൈകൊണ്ട് അയാള്‍ ഭക്ഷിക്കുമ്പോള്‍തന്നെ മറുകൈകൊണ്ട് അതു തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നവരെ ആട്ടിയോടിക്കേണ്ടിയും വരുന്നു. എന്തിനോടെങ്കിലും ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരാളുടെ ഏകദേശചിത്രമാണിത്.

ചുരുക്കത്തില്‍ നിങ്ങളുടെ അഭിനിവേശം അതിന്‍റെ സ്വഭാവത്താല്‍ത്തന്നെ നിങ്ങളില്‍ വൈകാരിക പ്രക്ഷുബ്ധത നിറയ്ക്കുകയും നിങ്ങളുടെ ആന്തരികസ്വാസ്ഥ്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള ഒരു വ്യക്തി എങ്ങനെ സ്വര്‍ഗ്ഗരാജ്യം എന്നു വിളിക്കപ്പെടുന്ന സംതൃപ്തിയുടെ സമുദ്രം സ്വന്തമാക്കും? അതിലും എളുപ്പം തീര്‍ച്ചയായും ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്!

നിങ്ങള്‍ ചോദിച്ചേക്കാം: ഒരൊറ്റയൊന്നിനോട് മാത്രം എനിക്ക് ഒട്ടിപ്പിടിച്ചിരുന്നു കൂടേ? തീര്‍ച്ചയായും അങ്ങനെയായിക്കോളൂ. പക്ഷേ, നിങ്ങളുടെ ഓരോ അഭിനിവേശത്തിനും കൊടുക്കേണ്ട വില  നിങ്ങളിലെ സംതൃപ്തിയാണ്. ചിന്തിക്കൂ: ഒറ്റ ദിവസം കൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും സ്വന്തമാക്കാനായാലും, സ്വന്തമാക്കാനാകാത്തത് നിങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും; നിങ്ങളില്‍ അസംതൃപ്തി നിറച്ചുകൊണ്ടുമിരിക്കും.

അഭിനിവേശങ്ങളുമായുള്ള യുദ്ധത്തില്‍ ജയിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ: അവയെ ഉപേക്ഷിക്കുക.

മിക്കവരും വിചാരിക്കുന്നതില്‍നിന്നും വ്യത്യസ്തമായി, ഈ ഉപേക്ഷ വളരെ എളുപ്പത്തില്‍ സാധിക്കുന്നതാണ്. അതിനു നിങ്ങള്‍ ആകെ ചെയ്യേണ്ടത് താഴെപ്പറയുന്ന വസ്തുതകള്‍ നിരീക്ഷിക്കുക, ശരിക്കും നിരീക്ഷിക്കുക എന്നതാണ്.

ഒന്ന്: ഒരു പ്രത്യേക വസ്തുവോ വ്യക്തിയോ കൂടാതെ സംതൃപ്തയാകില്ലെന്നു നിങ്ങള്‍ കരുതുന്നത് പൂര്‍ണ്ണമായും തെറ്റായ ഒരു ധാരണ മാത്രമാണ്. നിങ്ങളുടെ അഭിനിവേശങ്ങള്‍ ഓരോന്നായെടുത്ത് അവയോരോന്നും അബദ്ധധാരണയാണെന്നു ഗ്രഹിക്കുക. ഉള്ളില്‍ നിന്ന് എത്രയേറെ എതിര്‍പ്പ് അനുഭവപ്പെട്ടാലും ഈ സത്യം നിങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കാന്‍ തയ്യാറായാല്‍, അഭിനിവേശത്തിന് നിങ്ങളുടെ മേലുള്ള പിടി താനേ അയയുന്നത് അനുഭവിച്ചറിയാനാകും.

രണ്ട്: ഒട്ടിപ്പിടിച്ചിരിക്കാതെ നിങ്ങള്‍ക്ക് ഒന്നിനെ ആസ്വദിക്കാനായാല്‍, അതിനെ സംരക്ഷിക്കാനും നിങ്ങള്‍ക്കായി കരുതിവയ്ക്കാനുമുള്ള വലിയ വൈകാരിക പിരിമുറുക്കത്തില്‍നിന്നും നിങ്ങള്‍ മോചിതയായിത്തീരും. അത്തരമൊരു മാനസികാവസ്ഥയില്‍ നിങ്ങള്‍ ശാന്തരാവുകയും നിങ്ങളുടെ അഭിനിവേശങ്ങള്‍ക്ക് നിങ്ങളെ അമിതമായി സ്വാധീനിക്കാനാകാതെ വരികയും ചെയ്യുന്നു. നിങ്ങള്‍ക്ക് ആരേയും ഭയപ്പെടാതെ ജീവിക്കാനാവുന്നു, പിരിമുറുക്കം അയയുന്നു.

മൂന്ന്: ആയിരം പുഷ്പങ്ങളുടെ സുഗന്ധം നിങ്ങള്‍ക്കു പരിചിതമായാല്‍, നിങ്ങള്‍ ഒന്നിനോടു മാത്രം പറ്റിപ്പിടിച്ചിരിക്കുകയോ, ഒന്നു ലഭിക്കാതെ വരുമ്പോള്‍ അമിതമായി വേദനിക്കുകയോ ചെയ്യേണ്ടിവരില്ല. പക്ഷേ നിങ്ങളുടെ അഭിനിവേശങ്ങള്‍ ഒന്നുമാത്രമാണ് നിങ്ങളുടെ ഇഷ്ടങ്ങളെയും താല്പര്യങ്ങളേയും വികസ്വരമാക്കുന്നതിലെ പ്രതിബന്ധം.

ഈ വസ്തുതകളുടെ വെളിച്ചത്തില്‍, എല്ലാ അഭിനിവേശങ്ങളും അപ്രത്യക്ഷമായിക്കൊള്ളും. പക്ഷേ ഈ വെളിച്ചം തുടര്‍ച്ചയായി നമുക്കു ലഭിച്ചുകൊണ്ടിരിക്കണം. മിഥ്യാദര്‍ശനങ്ങളുടെ ഇരുട്ടിലേ അഭിനിവേശങ്ങള്‍ പുഷ്ടിപ്പെടുകയുള്ളൂ.

ധനികനായ യുവാവ് സ്വര്‍ഗ്ഗതുല്യമായ സംതൃപ്തിയുടെ ജീവിതം സ്വന്തമാക്കാത്തത് അയാള്‍ മനഃപൂര്‍വ്വം തെറ്റുചെയ്യാന്‍ തീരുമാനിക്കുന്നതുകൊണ്ടല്ല, അന്ധനായിത്തുടരുന്നതുകൊണ്ടാണ്.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts