സഹൃദയന്‍റെ മനസ്സിലൂടെ ചേന്നപ്പറയന്‍ കുതറിയോടുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ക്ലാസ്മുറികളില്‍ തകഴി ശിവശങ്കരപ്പിള്ളയും അധ്യാപകരും ഞങ്ങള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന സാഹിത്യപഠനങ്ങളില്‍ കല്ലേറും കുത്തുവാക്കുകളും ഭയന്ന്, ആലപ്പുഴയിലെ ചതുപ്പുനിറഞ്ഞ വെളിമ്പ്രദേശത്തുകൂടി തലകുനിച്ച് അയാള്‍ നടന്നകലുന്നതും ചിലപ്പോഴൊക്കെ ഞാന്‍ കണ്ടു. കഥാകാരന്‍റെ കൈത്തെറ്റില്‍ കഥയുള്ള കാലത്തോളം, വെറുക്കപ്പെട്ട ചിരഞ്ജീവികളിലൊന്നായി കഴിയാനാവും ചേന്നന്‍റെ വിധി.
വിശ്വവിഖ്യാതനായ കഥാകാരന്‍ തകഴി ശിവശങ്കരപിള്ളയുടെ 'വെള്ളപ്പൊക്കത്തില്‍' എന്ന ചെറുകഥയിലെ കഥാപാത്രമാണ് ചേന്നന്‍. വായനക്കാരുടെ കണ്ണു നനയിച്ച വളര്‍ത്തുനായയുടെ യജമാനന്‍.
തകഴിയുടെ കഥ ഇങ്ങനെയാണ്: ഗര്‍ഭിണിയായ ഒരു പറച്ചി, നാലു കുട്ടികള്‍, ഒരു പൂച്ച, ഒരു പട്ടി ഇത്രയും ജീവികള്‍ ചേന്നനെ ആശ്രയിച്ചു ജീവിക്കുന്നു. കുട്ടനാട്ടിലെ ദേവന്‍പോലും കഴുത്തൊപ്പം വെള്ളത്തില്‍ നില്‍ക്കുന്ന പെരുമഴയത്ത് ഭാര്യയേയും കുട്ടികളേയും ചേര്‍ത്തുപിടിച്ച് ചേന്നപ്പറയന്‍ തട്ടിന്‍റെയും പരണിന്‍റെയും മുകളില്‍ മുട്ടൊപ്പം വെള്ളത്തില്‍ നില്‍ക്കുന്നു.
മരണമാണു മുന്നില്‍. നീന്തലറിയാവുന്ന, തണുപ്പിനെ അതിജീവിക്കാന്‍ കഴിയുന്ന താന്‍ ആദ്യം മരിക്കില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. ആ വഴി കടന്നുപോയ കെട്ടുവള്ളം കൂവിവിളിച്ച് രക്ഷപെട്ടപ്പോള്‍ അതില്‍ നായയ്ക്കുമാത്രം കയറിക്കൂടാനായില്ല. കാറ്റും മഴയും നനഞ്ഞ് മനുഷ്യന്‍റെ നന്ദികേടു മറന്ന് ആ സാധുമൃഗം മരണം വരെ യജമാനന്‍റെ വീടു കാത്തു.
രസനിഷ്പത്തിയാണു സാഹിത്യകാരന്‍റെ, സാഹിത്യ കൃതിയുടെ പരമ ധര്‍മ്മമെങ്കില്‍ മനുഷ്യന്‍റെ നന്ദികേടു തുറന്നുകാട്ടാനും ആത്മാര്‍ത്ഥതയുള്ള വായനക്കാരന്‍റെ കണ്ണു നനയ്ക്കാനും തകഴിയുടെ തൂലികയ്ക്കായി. പക്ഷേ വായനയ്ക്കു മുമ്പേ കരഞ്ഞുതുടങ്ങിയ വായനക്കാര്‍ ചേന്നപ്പറയനെ കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്തപ്പോള്‍ അയാളിലെ മൃഗസ്നേഹിയെ തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം കണ്ണീരുകൊണ്ടു കാഴ്ച മറച്ചു. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു.
മലയാളത്തിന്‍റെ വലിയ കഥാകാരന്‍ പറയാതെ പോയ മൗനത്തെ വാചാലമാക്കാന്‍ ശ്രമിച്ചാല്‍, യാഥാര്‍ത്ഥ്യത്തിന്‍റെ രേഖകള്‍ പരിശോധനയ്ക്കെടുത്താല്‍ ഭാര്യയേയും മക്കളേയും സ്നേഹിച്ചതിനേക്കാള്‍ തന്‍റെ നായയെ സ്നേഹിച്ചയാളാണ് ചേന്നന്‍ എന്നു വരുന്നു. സത്യങ്ങള്‍ എണ്ണമിട്ടു നിരത്തി കഥാകൃത്തും വായനക്കാരും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന ചേന്നപ്പറയനെ മോചിപ്പിക്കാന്‍ ഒരു ശ്രമം നടത്താം.
കഥ ഇങ്ങനെ അവസാനിക്കുന്നു:
"വെള്ളമിറക്കം തുടങ്ങി. ചേന്നന്‍ നീന്തിത്തുടിച്ച് പട്ടിയെ അന്വേഷിച്ച് കൊട്ടിലിലേയ്ക്ക് വരികയാണ്. ഒരു തൈത്തെങ്ങിന്‍ ചുവട്ടില്‍ പട്ടിയുടെ ശവശരീരം അടിഞ്ഞു കിടക്കുന്നു. ഓളങ്ങള്‍ അതിനെ മെല്ലെ ചലിപ്പിക്കുന്നുണ്ട്. പെരുവിരല്‍ കൊണ്ട് ചേന്നന്‍ അതിനെ തിരിച്ചും മറിച്ചും ഇട്ടുനോക്കി. അത് അവന്‍റെ പട്ടിയാണെന്നു സംശയം തോന്നി. ഒരു ചെവി മുറിഞ്ഞിരിക്കുന്നു. തൊലി അഴുകിപ്പോയതിനാല്‍ നിറം എന്തെന്ന് അറിഞ്ഞു കൂടാ..."
കുട്ടനാടു മുഴുവന്‍ മുങ്ങിയ പ്രളയകാലം. വെള്ളം പൂര്‍ണമായിറങ്ങാന്‍ കാത്തുനില്‍ക്കാതെ ചേന്നന്‍ 'നീന്തിത്തുടിച്ച്' പട്ടിയെ അന്വേഷിച്ച് വരികയാണ്. തന്‍റെ എല്ലാമായ വീടോ പുരയിടമോ തേടിയല്ല. അതേക്കുറിച്ചു ശ്രദ്ധിക്കുന്നേയില്ല. പട്ടിയാണ് ഏകലക്ഷ്യം. ഒരു തെങ്ങിന്‍ചുവട്ടില്‍, അയാള്‍ പട്ടിയുടെ ശരീരം കണ്ടു. വെള്ളം പൂര്‍ണമായിറങ്ങുന്നതിനു പോലും കാത്തുനില്‍ക്കാതെ തന്‍റെ പട്ടിയെത്തേടി നീന്തിത്തുടിച്ചു വരുന്ന യജമാനന് സ്നേഹമില്ലെന്നോ?...
'ഒരു തെങ്ങിന്‍ ചുവട്ടില്‍ പട്ടിയുടെ ശവശരീരം അടിഞ്ഞു കിടക്കുന്നു. പെരുവിരല്‍ കൊണ്ടു ചേന്നന്‍ അതിനെ തിരിച്ചും മറിച്ചും ഇട്ടു നോക്കി." ഇതാണു സ്നേഹത്തിന്‍റെ ഏറ്റവും വലിയ അടയാളം. ചത്തു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തൊലി അഴുകി ചീഞ്ഞുനാറിയ പട്ടിയുടെ ശരീരം- ദുര്‍ഗന്ധം വമിക്കുന്ന ആ ജഡം - തന്‍റെ നായയുടെ എന്ന സംശയത്താല്‍ തിരിച്ചും മറിച്ചും പരിശോധിക്കുന്ന ഇയാളോ സ്നേഹശൂന്യനായ ചേന്നപ്പറയന്‍?
തീര്‍ന്നില്ല. നായയോടുള്ള ചേന്നന്‍റെ സ്നേഹത്തിന് തകഴിതന്നെ ഇനിയും തെളിവുകള്‍ നിരത്തുന്നു. അറിയാതെയെങ്കിലും ആ തൂലികയിലൂടെയൂര്‍ന്നു വീണത് ചേന്നന്‍റെ മനസ്സാക്ഷിയുടെ സത്യങ്ങളാണ്.
അഭയാര്‍ത്ഥി ക്യാമ്പിലാണ് ചേന്നനും കുടുംബവും. "കടപ്പുറത്ത് അതിന്‍റെ യജമാനന്‍ ഇപ്പോള്‍ അത്താഴം ഉണ്ണുകയായിരിക്കും. പതിവനുസരിച്ച് ഊണുകഴിയുമ്പോള്‍ ഇന്നും ഒരു ഉരുള ചോറ് അവന്‍ അതിന് ഉരുട്ടുമായിരിക്കും."
ചേന്നന്‍ തന്‍റെ പട്ടിക്ക് അത്താഴത്തിന്‍റെ പങ്കായി ഒരുരുള ചോറു നല്‍കിയിരുന്നു. പട്ടിണിയുടെ കോട്ടയാണ് ചേന്നന്‍റെ കുടുംബം. സമ്പന്നമായ അത്താഴം അവിടെ അന്യമാണ്. അപ്പോഴും തന്‍റെ മക്കളേയും ഭാര്യയേയും മറന്ന് തന്‍റെ നായയ്ക്ക് ചോറുരുട്ടുന്ന യജമാനന് സ്നേഹമില്ലെന്നോ...?
ഇത്രയേറെ സ്നേഹമുള്ള യജമാനന്‍ പിന്നെയെന്തേ തന്‍റെ നായയെ കൂടാതെ വള്ളത്തില്‍ കയറിപ്പോയി, എന്നാവും... അത് മനുഷ്യന്‍റെ നിസ്സഹായത.
മരണം മുന്നില്‍ക്കണ്ട ചേന്നന്‍റെ കുടുംബം. തട്ടിന്‍റെയും പരണിന്‍റെയും മുകളില്‍ മുട്ടറ്റം വരെ വെള്ളം. പുരയ്ക്കുമുകളില്‍ വെള്ളമൊഴുകാന്‍ മുപ്പതുനാഴിക വേണ്ടെന്നും തന്‍റെയും കുടുംബത്തിന്‍റെയും അവസാനമടുത്തെന്നും തീര്‍ച്ചപ്പെടുത്തിയ ഗൃഹനാഥന്‍റെ നിസ്സഹായത.
ഭാഗ്യം പോലെയെത്തിയ വള്ളക്കാര്‍. പട്ടിയേയും പൂച്ചയേയും പെണ്ണാളിനേയും കിടാങ്ങളേയും വള്ളത്തില്‍ കയറാന്‍ പാകത്തില്‍ അയാള്‍ വലിച്ചു വെളിയിലിട്ടതാണ്. കിടാങ്ങള്‍ വള്ളത്തില്‍ കയറിത്തുടങ്ങിയപ്പോഴേ ഇതേ അവസ്ഥയില്‍ നിന്നു 'മടിയത്തറ കുഞ്ഞാപ്പന്‍ ' വിളിച്ചു.
ധിറുതിപ്പെട്ടു പെണ്ണാളിനേയും കയറ്റി കുഞ്ഞാപ്പനടുത്തേയ്ക്കു വള്ളമടുപ്പിച്ച സമയത്ത് പട്ടി പടിഞ്ഞാറെ ചെരുവില്‍ അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുകയായിരുന്നു. അതിനെയാരും കണ്ടില്ല. നോക്കിയതുമില്ല. ജീവന്‍ കൈയിലെടുത്തു പിടിച്ച നിമിഷങ്ങളില്‍ ചേന്നനാവട്ടെ, അതിനെ ഓര്‍മ്മിച്ചതുമില്ല. അതു ശാപമേറ്റുവാങ്ങുവാന്‍ മാത്രം ഒരു തെറ്റോ? ആ ഓര്‍മ്മക്കേടിനു പകരം വെള്ളമിറങ്ങാനെടുത്ത രണ്ടോ മൂന്നോ നാലോ നാള്‍ ചേന്നന്‍ മറ്റൊന്നും ഓര്‍മ്മിച്ചതുമില്ല, നായയെയല്ലാതെ...
തകഴി 'വെള്ളപ്പൊക്കത്തില്‍' എന്ന കഥയിലൂടെ പറഞ്ഞുവച്ച മനുഷ്യന്‍റെ നന്ദിയില്ലായ്മയ്ക്കു ഒരു എതിര്‍വാദമല്ല ഇത്. മനുഷ്യന്‍ നന്ദികെട്ടവനാണ്, ഒരു പക്ഷേ നായയെക്കാളും. പക്ഷെ, ശാപവും കല്ലേറും പേടിച്ച് കിതച്ചും തളര്‍ന്നും പായുന്ന ചേന്നപ്പറയന് എവിടെയെങ്കിലും ഒന്നിരിക്കാന്‍ കഴിഞ്ഞെങ്കില്‍... ആട്ടും തുപ്പുമേല്‍ക്കാതെ ഒരു രാത്രി സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍..