news-details
മറ്റുലേഖനങ്ങൾ

ഓണം ഒരനീതിയുടെ ഓര്‍മ്മ

സമത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സാമൂഹ്യഭാവമാണ് മാവേലിരാജ്യ സങ്കല്പം. ഈ സാമൂഹ്യഭാവന അട്ടിമറിക്കപ്പെടുന്നുവെന്നതാണ് വാമനസങ്കല്പത്തിന്‍റെ പ്രത്യേകത. വിരുദ്ധമായ രണ്ട് സാമൂഹ്യ താല്പര്യങ്ങളുടെ പ്രതീകങ്ങളാണ് മഹാബലിയും വാമനനും. എന്നാല്‍ മലയാള ദേശത്ത് വികസിച്ചു വന്ന സാംസ്കാരിക ഭൂമികയില്‍ ഇവര്‍ ഒരേ മനസ്സില്‍തന്നെ ആരാധ്യരായിത്തീരുന്നുവെന്നത് വിചിത്രമായൊരു സാമൂഹ്യ സമസ്യയാണ്. ഭാഷയെയും ദേശത്തെയും ജാതിമത സാമുദായിക ആവിഷ്കാരങ്ങളെയുമെല്ലാം അതിലംഘിക്കുന്ന ഈ വിരുദ്ധ ഭാവങ്ങളെ ഉള്ളിലൊതുക്കിക്കൊണ്ടാണ് ഓരോ വര്‍ഷവും മഹാബലി അനുസ്മരിക്കപ്പെടുന്നത്. ഓണം ആഘോഷിക്കപ്പെടുന്നത്.

മഹാബലിയും വാമനനും വിരുദ്ധ വ്യക്തിദ്വന്ദങ്ങളാണെങ്കില്‍ അസുരന്മാരും സുരന്മാരും വിരുദ്ധ സാമൂഹ്യദ്വന്ദങ്ങളാണ്. വെറും ഭാഷാപ്രയോഗങ്ങളല്ല, വിഭജിതമായ സാമൂഹ്യ സംവിധാനത്തിന്‍റെ ചരിത്രപരതയാണിത്. 'സുരാസുരയുദ്ധം' പോലുള്ള രൂക്ഷസംഘര്‍ഷങ്ങളുടെ സൂചകങ്ങളും ഇതിനോടൊപ്പമുണ്ട്. ഈ സംഘര്‍ഷങ്ങള്‍ക്കിടയിലുള്ള സന്ധിയിലും സമന്വയത്തിലുമാണ് മഹാബലിയും വാമനനും ഒരേ പീഠത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവിടെ അസുരന്മാര്‍ സുരന്മാരും സുരന്മാര്‍ അസുരന്മാരുമായിത്തീരുന്നതുപോലുള്ള കുഴമറിച്ചിലുകളുമുണ്ട്. ഇതിലൂടെ ബലിവാഴ്ചയല്ല, വാമനവാഴ്ചയാണ് ഉറപ്പാക്കപ്പെടുന്നത് എന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.

വളരെ സങ്കീര്‍ണ്ണമായൊരു സാമൂഹ്യപ്രതിഭാസമാണിത്. മിത്തും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്നു കിടക്കുന്നു. മഹാബലി സ്വത്വപരമായി ഒരസുരജന്മമാണ്. ആസുരമാണ് അദ്ദേഹത്തിന്‍റെ ഭാവവും ശക്തിയും. അസുരനെന്നാല്‍ പുണ്യകര്‍മ്മം ചെയ്യുന്നവനാണെന്നും ആസുരമെന്നാല്‍ പ്രകാശമാണെന്നുമുള്ള വാച്യാര്‍ത്ഥം ഒരു സാമൂഹ്യ വസ്തുതായി ബലിയിലൂടെ നിലനില്ക്കുന്നു. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം തമസ്കരിക്കപ്പെടുകയും അസുരന്‍/അസുരര്‍ സര്‍വ്വ ദുര്‍ഗുണങ്ങളുടെയും പക്ഷവും മനുഷ്യവിദ്വേഷപരമായൊരു സംജ്ഞയുമെന്ന നിലയിലാണ് ചരിത്രത്തില്‍ സ്ഥാപിക്കപ്പെട്ടത്. എല്ലാ നന്മകളുടെയും നിഷേധമായി അത് മാറി. എന്നാല്‍ സുരര്‍- മിഥ്യയില്‍ വിശ്വസിക്കുന്നവര്‍, സുരയെന്ന മദ്യം പാനം ചെയ്യുന്നവര്‍ - സര്‍വ്വഗുണസമ്പന്നരും ആദരണീയരുമായി. വാമന വാഴ്ചയുടെ സവിശേഷമായ യുക്തിയാണിത്.

എന്നാല്‍ ലിഖിത ചരിത്രത്തിലുടനീളം പ്രചരിപ്പിക്കപ്പെട്ടതുപോലെ അസുരന്‍/ അസുരര്‍ നിന്ദാസൂചകമായൊരു ഭാഷാപ്രയോഗമായിരുന്നില്ല. ബലിയുടെ പിതാമഹനായിരുന്ന പ്രഹ്ളാദന്‍ അസുരേന്ദ്രനായിരുന്നു. അസുരന്മാര്‍ക്കു മാത്രമല്ല സുരന്മാര്‍ക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. ബലിയാകട്ടെ അസുരലോകത്തിനു മാത്രമല്ല സുരലോകത്തിനും അധിപനായി മാറി. സമഭാവനയും തുല്യനീതിയും സമാധാന ജീവിതവും എല്ലാവര്‍ക്കും ഉറപ്പാക്കി. അദ്ദേഹത്തിന്‍റെ മനുഷ്യ സങ്കല്പത്തില്‍ സുരാസുരഭേദം ഉണ്ടായിരുന്നില്ല. ഈ സാമൂഹ്യ സങ്കല്പമാണ് സുരന്മാര്‍ വാമനനെ മുന്നില്‍ നിര്‍ത്തി എന്നെന്നേക്കുമായി തകിടം മറിച്ചത്. ചതിയുടെയും ഹിംസയുടെയും വംശാധിപത്യത്തിന്‍റെയും സംസ്കൃതിയാണ് സുരാധിപത്യത്തിലൂടെ ആവിഷ്കൃതമായത്. വേദങ്ങളും ഇതിഹാസങ്ങളുമടക്കം ഇന്ത്യയുടെ പൗരാണിക രേഖകളെല്ലാം ഈ സുരാധിപത്യത്തിന്‍റെ സാക്ഷ്യങ്ങളാണ്. ശിരസറുക്കപ്പെട്ട ശംബുകനും പെരുവിരലറുക്കപ്പെട്ട ഏകലവ്യനും മൂക്കും മുലയുമറുക്കപ്പെട്ട ശൂര്‍പണഖയുമെല്ലാം ഈ സുരനീതിയുടെ ഹിംസാത്മകമായ സൂചകങ്ങളാണ്. മിത്തുകളിലാകെ സുരന്മാര്‍/ വാമനന്മാര്‍ ശ്രേഷ്ഠ ജന്മങ്ങളായി നിറഞ്ഞു നില്ക്കുമ്പോള്‍ അസുരന്മാര്‍  പ്രതിനായകന്മാരായി ചിത്രീകരിക്കപ്പെടുന്നു.

തകര്‍ക്കപ്പെട്ട ബലിരാജ്യത്തിന്‍റെ സ്ഥാനത്ത് ഉയര്‍ന്നുവന്ന ദേശ സങ്കല്പം വര്‍ണജാതിവ്യവസ്ഥയാണ്. മനുഷ്യസമൂഹത്തെ അത് കുറുകെയും നെടുകെയും വിഭജിച്ച് ഉച്ചനീചക്രമത്തില്‍ ശ്രേണീകൃതമായൊരു സാമൂഹ്യസംവിധാനത്തിന് രൂപം നല്‍കി. സമത്വമെന്ന മാനവികഭാവത്തിന്‍റെ സമ്പൂര്‍ണ നിരാകരണത്തിലൂന്നി ഈ സാമൂഹ്യവ്യവസ്ഥ ആയിരത്താണ്ടുകളായി ഇന്നും രാജ്യത്ത് തുടരുകയാണ്. സ്വതന്ത്രമായ വ്യക്തി സ്വത്വം അസാദ്ധ്യമാക്കിക്കൊണ്ട് അത് മനുഷ്യര്‍ക്കിടയില്‍ വിധേയത്വബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു. ഈ വിധേയത്വബന്ധങ്ങള്‍ മറച്ചുവെക്കുവാനും പാവനമായി കരുതി ജീവിക്കുവാനും തയ്യാറാകുന്ന ദലിതര്‍ ജാതിവ്യവസ്ഥയുടെ എല്ലാ കോട്ടങ്ങളും അനുഭവിക്കുന്നവരാണ്. സമ്പത്തും അധികാരവും പദവിയും വിജ്ഞാനവും നിരോധിക്കപ്പെട്ടുവെന്നതാണ് വര്‍ണജാതി വ്യവസ്ഥയിലെ നൈതികമായ ദലിതാനുഭവം.
ഓണാഘോഷ വേളയില്‍ മഹാബലിയും വാമനനും ആരാധിക്കപ്പെടുന്നതുപോലെ, ഗാന്ധിയും ഗോഡ്സെയും ആരാധിക്കപ്പെടുന്നൊരു സമ്പ്രദായത്തിന് തുടക്കം കുറിക്കുവാന്‍ ചിലര്‍ മുന്‍കൈയെടുക്കുന്നുണ്ട്. രാഷ്ട്രപിതാവായിരുന്നിട്ടും ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലൊരു സാമൂഹ്യസംഘര്‍ഷം ഉണ്ടായില്ലായെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഗാന്ധി ഒരു ബനിയയും ഗോഡ്സെ ബ്രാഹ്മണനുമായിരുന്നുവെന്നതു തന്നെയാണ് അതിന് കാരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ തികച്ചും വ്യത്യസ്തമായൊരു സാമൂഹ്യാനുഭവവമാണ് രാജ്യത്ത് ഉണ്ടായത്. മണിക്കൂറുകള്‍ക്കകം ദല്‍ഹി നഗരം കത്തിക്കാളുകയും ആയിരക്കണക്കിന് സിക്കുകാര്‍ കൊലചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ മനസിന്‍റെ വന്‍സ്വാധീനം ഇന്നും ജന്മമഹത്വവും വംശപാരമ്പര്യവും തന്നെയാണെന്നാണ് ഇത് ബോദ്ധ്യപ്പെടുത്തുന്നത്. ഗാന്ധിയില്‍നിന്ന് വ്യത്യസ്തമായി ഇന്ദിരാഗാന്ധിയുടെ വംശാവലി കാശ്മീരി ബ്രാഹ്മണരുടേതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദലിതര്‍ക്കെതിരെ തുടര്‍ന്നുകൊണ്ടിരുന്നതും ഇപ്പോള്‍ മുസ്ലീങ്ങളടക്കമുള്ള സാമൂഹ്യവിഭാഗങ്ങള്‍ നേരിടുന്നതുമായ വിപത്തുകളില്‍ ഈ വംശീയമനോഭാവത്തിന്‍റെ സ്വാധീനമുണ്ട്. ഇവിടെ ഗാന്ധിയെയും ഗോഡ്സെയുമെന്നതു പോലെ ഇന്ദിരാഗാന്ധിയെയും സിക്കു ജനതയെയും വേര്‍തിരിച്ചറിയേണ്ടതുണ്ട്.

 

ഏറ്റവുമൊടുവിലായി നാം കാണുന്നത് സവര്‍ണാധിപത്യത്തെയും അതിന്‍റെ സാമൂഹ്യ- പ്രത്യയശാസ്ത്രസ്ഥാപനങ്ങളെയും നിരാകരിക്കുകയും ജനാധിപത്യവ്യവസ്ഥയുടെ സവിശേഷവക്താവായി രംഗത്തുവരികയും ചെയ്ത ഡോ. ബി. ആര്‍. അംബേദ്കര്‍ വര്‍ണജാതി വ്യവസ്ഥയുടെ കറകളഞ്ഞ വക്താവായ ഗോള്‍വല്‍കറോടൊപ്പം ഒരേ വേദിക്ക് അലങ്കാരമായി മാറുന്ന കാഴ്ചയാണ്. സവര്‍കര്‍ക്കും ഗോള്‍വല്‍കര്‍ക്കും ഒപ്പം കേരളത്തില്‍ അയ്യങ്കാളിയും പ്രത്യക്ഷപ്പെടുന്നു. പ്രച്ഛന്നതയോടെ ചരിത്രം ആവര്‍ത്തിക്കുകയും സന്ധിയുടെയും സമന്വയത്തിന്‍റെയും പ്രായോഗിക ഇടപെടല്‍  ആധുനിക സമൂഹത്തിലും തുടരുകയും ചെയ്യുന്നുവെന്നാണ് ഇതിനര്‍ത്ഥം.

 

വ്യവസ്ഥക്കെതിരെയുള്ള ഉണര്‍വ്വുകളുമായി ബന്ധപ്പെട്ട ഇത്തരം സന്ധികള്‍ എന്നും വ്യവസ്ഥാപിതത്വത്തിന്‍റെ ശക്തികള്‍ക്ക് ഉത്തേജനമായി മാറ്റുവാന്‍ കഴിയുന്നുവെന്നത് ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്. സ്വതന്ത്ര ഇന്ത്യയിലെ ഇത്തരമൊരു സന്ധിയുടെ ഫലമായിരുന്നു റിസര്‍വേഷന്‍. ജാതിഹിന്ദുക്കളും ദലിതരും ഗാന്ധിയെയും അംബേദ്കറെയും സാക്ഷിയാക്കി ഉണ്ടാക്കിയ ഈ കരാര്‍ ദലിതരുടെ  മുന്നോട്ടു വരവിനും ഇന്ത്യയുടെ ജനാധിപത്യവത്കരണത്തിനും മൗലികമായ സംഭാവന നല്‍കുമ്പോള്‍തന്നെ അവരുടെ ഹൈന്ദവവത്കരണത്തിന്‍റെയും ജാതി അടിമത്തത്തിന്‍റെയും രൂപരേഖയായി മാറി. വാമന രാജ്യത്ത് കീഴടക്കപ്പെട്ടവരുടെ വിമോചനത്തിന്‍റെ വഴി അങ്ങേയറ്റം എളുപ്പമല്ലാത്തതും അതീവ ജാഗ്രതയോടുകൂടിയതുമായിരിക്കണമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

 

രക്ഷകരിലൂടെതന്നെ അടിമത്തത്തിലേക്ക് ആനയിക്കപ്പെടാനിടയുള്ളൊരു ദുര്യോഗം കീഴടക്കപ്പെട്ടവരെ വേട്ടയാടുന്നുണ്ട്. മര്‍ദ്ദകരില്‍ മാത്രമല്ല, രക്ഷകരായി എത്തുന്നവരിലും ഒരു കണ്ണ് വേണമെന്നാണ് ഇത് ആവശ്യപ്പെടുന്നത്. വാമനനെയും മഹാബലിയെയും ഒന്നിച്ചാരാധിക്കുന്നതില്‍ നിന്നല്ല, മഹാബലിയെ പുനര്‍നിര്‍മ്മിക്കുന്നതില്‍ നിന്നാണ് ചരിത്രം മുന്നോട്ടു പോകുന്നത്. ഗോള്‍വല്‍കറെയും അംബേദ്കറെയും ഒന്നിച്ചെതിരേല്ക്കുന്നവരും ചരിത്രത്തെ മുന്നോട്ടു നയിക്കുന്നില്ല. മഹാബലിയില്‍നിന്ന് അംബേദ്കറിലെത്തുമ്പോള്‍ ബലിരാജ്യ സങ്കല്പം കേവലമൊരു മിത്തല്ല, മഹത്തായൊരു ജനാധിപത്യസങ്കല്പമായി പ്രായോഗികത തേടുന്നു. ഈ പ്രായോഗികതയില്‍ ഇടപെടുന്നവര്‍ക്ക് വാമനനെയല്ല, മഹാബലിയെ മാത്രമെ അനുസ്മരിക്കാനാകൂ

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts