news-details
മറ്റുലേഖനങ്ങൾ

ഒരു യഥാര്‍ത്ഥ ഭിക്ഷു

ഒരു പ്രഭാതത്തില്‍ ഭിക്ഷു പുരാനിനോട് ബുദ്ധന്‍ പറഞ്ഞു : " ഞാന്‍ നിനക്കു പകര്‍ന്നുതന്നത് ജനങ്ങള്‍ക്കു നല്കാനായി പോകാന്‍ സമയമായി. എത്രയോ ദീപങ്ങള്‍ അണഞ്ഞു കിടക്കുകയാണ്. നീ പോയി അവയെല്ലാം കൊളുത്തിവയ്ക്കുക."

പുരാന്‍ നമ്രതയോടെ മൊഴിഞ്ഞു: "ബീഹാറിലെ സുഖ് ഗ്രാമത്തിലേക്ക് പോകാന്‍ അങ്ങെന്നെ അനുഗ്രഹിക്കണം''. "ബുദ്ധന്‍ പറഞ്ഞു: "നീ അവിടേക്ക് പോകാതിരിക്കുന്നതാണു നല്ലത്. കാരണം, അവിടെയുള്ളവര്‍ ക്രൂരരും ഹൃദയശൂന്യരുമാണ്. അവര്‍ നിന്നെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തേക്കാം."

പുരാന്‍ മൊഴിഞ്ഞു: "പക്ഷേ, ഗുരോ, രോഗികളുള്ള സ്ഥലത്താണല്ലോ ഒരു വൈദ്യന്‍ പോകേണ്ടത്? അവിടെ പോകാനുള്ള അനുവാദം എനിക്കു തന്നാലും."

"നീ പോകും മുമ്പ് എന്‍റെയീ മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം തരിക. ഒന്നാമതായി, അവര്‍ നിന്നെ അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. അപ്പോള്‍ നീ എന്തു വിചാരിക്കും?"

പുരാന്‍ പ്രതിവചിച്ചു: "ഞാനപ്പോള്‍ വിചാരിക്കും, എന്തുമാത്രം ദയയുള്ളവരാണ് ഇവര്‍. അവരെന്നെ കുറ്റപ്പെടുത്തുക മാത്രമേ ചെയ്തുള്ളൂ! അവരെന്നെ തല്ലിയില്ലല്ലോ! അവര്‍ക്കു വേണമെങ്കിലെന്നെ മര്‍ദ്ദിക്കാമായിരുന്നു."

ബുദ്ധന്‍ ചോദിച്ചു: "അവര്‍ നിന്നെ നന്നായി മര്‍ദ്ദിക്കുകയാണെങ്കിലോ? അവര്‍ നിന്നെ കല്ലെറിഞ്ഞിരുന്നെങ്കിലോ?"

പുരാന്‍ പറഞ്ഞു: "അപ്പോഴും ഞാന്‍ അവരെപ്പറ്റി നല്ലതോര്‍ക്കും. എന്തെന്നാല്‍ അവരെന്നെ അടിക്കുകമാത്രമല്ലെ ചെയ്തുള്ളൂ! അവരെന്നെ കൊന്നില്ലല്ലോ! അവര്‍ക്കു വേണമെങ്കിലെന്നെ കൊല്ലാമായിരുന്നു."

ബുദ്ധന്‍ ചോദിച്ചു: "അവര്‍ നിന്നെ കൊല്ലുകയാണെങ്കിലോ? മരണസമയത്ത് നിന്‍റെ വിചാരം എന്താകും?"

"ഞാനപ്പോള്‍ അവരുടെ നേരെ നല്ല വിചാരത്തിലാവും. കാരണം, ജീവിതത്തില്‍നിന്ന് അവരെന്നെ മുക്തനാക്കിയല്ലോ", പുരാന്‍ പറഞ്ഞു.

ഇതുകേട്ട് ബുദ്ധന്‍ മൊഴിഞ്ഞു: "പുരാന്‍, മുന്നോട്ടു പോകൂ! നീയൊരു പൂര്‍ണ്ണനായ ഭിക്ഷുവാകുന്നു! നിനക്കെവിടെ പോകണമെന്ന് തോന്നുന്നുവോ, അവിടെ നിനക്കു പോകാം.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts