news-details
മറ്റുലേഖനങ്ങൾ

ഉല്പത്തിയുടെ തുണിയുരിയുന്ന വിവരദോഷികള്‍

ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിക്കു  തലവേദന. എല്ലാ രോഗശാന്തികളും കിട്ടുന്ന ധ്യാനകേന്ദ്രം. തലവേദനയുടെ പ്രശ്നപരിഹാരത്തിന് അവള്‍ കൗണ്‍സിലറിന്‍റെ സഹായം തേടിയെത്തി. കൗണ്‍സിലര്‍ വൈദ്യവൈദഗ്ദ്ധ്യമുള്ള സ്ത്രീ-പക്ഷേ വൈദഗ്ദ്ധ്യം ബോധം കെടുത്തുന്നതിലാണ്. തലവേദനയുടെ പ്രശ്നം കേട്ട അവര്‍ കൃപയുള്ളവളും മനുഷ്യന്‍റെ ആന്തരിക രഹസ്യങ്ങള്‍ കര്‍ത്താവ് വെളിപ്പെടുത്തിക്കൊടുക്കുന്നവളുമാണ്. പെണ്‍കുട്ടിയുടെ തലവേദനയുടെ വേരുകള്‍ വെളിവായി. അവളുടെ പിതാവ് അവളുടെ അമ്മയെ ബലാല്‍സംഗം ചെയ്തതിലൂടെ ജനിച്ചതാണു പോലും അവള്‍. സംശയിക്കേണ്ട; കല്യാണത്തിനുള്ളിലെ ബലാല്‍സംഗമാണിത്. എങ്കിലും അതിന്‍റെ ബാക്കിയായി സന്താനത്തിന് തലവേദന. ഇനി എന്തു പ്രതിവിധി? പിതാവിനോട് ക്ഷമിച്ചു പിതാവിനുവേണ്ടി ഒരു കുര്‍ബാന ചൊല്ലിക്കുക. അതോടെ തലവേദനയും പമ്പ കടന്നു എന്നു സാക്ഷ്യപ്രഘോഷണവും. ഇതൊന്നും സാധാരണക്കാര്‍ക്ക് അറിയാനാവില്ലപോലും. വലിയ നിറവും കൃപയും ഉള്ളവര്‍ക്ക് കര്‍ത്താവ് നല്കുന്ന വരം.

എങ്കിലും ഇത്തരം വെളിപാട് വിവരണക്കാര്‍ മതത്തിന്‍റെ തന്നെ അടിവേരറുക്കുന്നില്ലേ എന്നു സംശയം. ദൈവത്തിന്‍റെ മരണം ഉറപ്പാക്കുന്ന ഭക്തരാണിവര്‍. അത്ര പ്രാകൃതവും യഥാതഥവുമാണിവരുടെ ദൈവിക വെളിപാടുകള്‍. കുട്ടികളുടെ മതബോധനത്തില്‍ പണ്ടും ഇന്നും ഒരു ചോദ്യമുണ്ട്- ആരാണ് നിന്നെ സൃഷ്ടിച്ചത്? ഉത്തരം: ദൈവം ഇല്ലായ്മയില്‍ നിന്ന് എന്നെ സൃഷ്ടിച്ചു. നമ്മുടെ കഥയിലെ വെളിപാടുകാരിക്കും അവരുടെ സംഘങ്ങള്‍ക്കും ഇതു വലിയ നുണയാണ്. സൃഷ്ടി ഉണ്ടായത് "വ്യഭിചാര" "ബലാല്‍സംഗത്തില്‍" നിന്നാണ്. ഇവര്‍ കൃത്യമായി ലൈംഗികവേഴ്ചയുടെ ലൈംഗിക സംഭവസവിശേഷതകള്‍ തുണിയഴിച്ചു കുട്ടിക്കു കാണിച്ചു കൊടുക്കുന്നു- "സത്യം സ്വതന്ത്രരാക്കും"! നമ്മുടെ ജന്മത്തിന്‍റെ പിന്നിലെ "ബലാത്ക്കാര" സത്യ വിവരണത്തേക്കാള്‍ മതവിരുദ്ധവും അധാര്‍മ്മികവും സംസ്കാരശൂന്യവുമായി എന്തു നടപടിയുണ്ട് ? ആ പുത്രിയോടു ചെയ്യുന്ന ഏറ്റവും വലിയ സംസ്കാരശൂന്യമായ നടപടിയാണ് അവളുടെ മാതാപിതാക്കളുടെ ലൈംഗികവൃത്തിയുടെ പിന്നിലേക്കുള്ള ഈ പ്രയാണം.

മതം എപ്പോഴും ഇത്തരം കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നു. ദൈവമാണ് നമ്മെ സൃഷ്ടിച്ചതെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നു. എങ്കിലും നമുക്ക് പ്രായമാകുമ്പോള്‍ അറിയാം നാമാരും ആകാശത്തുനിന്നു പൊട്ടിവീണവരല്ല എന്ന്. എന്നാല്‍, അതു കുഞ്ഞുന്നാളില്‍ നമ്മുടെ ബോധതലത്തില്‍ നിന്ന് മറച്ചുവയ്ക്കുന്നു. മതാത്മക ഭാവനകൊണ്ട് നമ്മുടെ ഉത്ഭവത്തിനു ഒരു സ്വര്‍ഗ്ഗീയ കഥയിലൂടെ പുതിയൊരു അര്‍ത്ഥ പരിപ്രേക്ഷ്യം നല്കുന്നു. ആകാശത്തിന്‍റെ നീലിമയില്‍ കുട്ടി പുതിയ അര്‍ത്ഥപ്രസക്തികള്‍ കണ്ട് ധന്യമാകുന്നു. ഈ കഥ ആരോ പറഞ്ഞുണ്ടാക്കിയതല്ലേ എന്നു ചോദിച്ചേക്കാം.

 

ബ്ലെയ്സ് പാസ്ക്കല്‍ എഴുതി: മനുഷ്യന് സ്വാതന്ത്ര്യം നല്കുന്ന സത്യത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ "അവനെ കബളിപ്പിക്കുന്നത് നല്ലതാണ്." ഏറ്റവും വിവേകികളായ നിയമജ്ഞര്‍ പറയാറുണ്ട്: "മനുഷ്യന്‍റെ നന്മക്കുവേണ്ടി അവനെ പറ്റിക്കുന്നത് നല്ലതാണ്." നമ്മുടെ പൂര്‍വ്വികര്‍ കുട്ടികളെ എത്രയോ തവണകളില്‍ നമ്മുടെ നന്മക്കുവേണ്ടി പറ്റിച്ചിരിക്കുന്നു. ജീവിതത്തിന്‍റെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളിലൊക്കെ ഇതു നടക്കുന്നുണ്ട്.

 

ക്രൈസ്തവവിവാഹകര്‍മ്മത്തില്‍ വരനും വധുവും പരസ്പരം വിവാഹിതരാകുമ്പോള്‍ വൈദികന്‍ ആശീര്‍വദിച്ചുകൊണ്ടു പറയുന്നു: ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. ഇതൊരു വസ്തുതയാണോ? സങ്കല്പമല്ലേ? അവരല്ലേ യോജിക്കുന്നത്; ദൈവം എവിടെ അവരെ യോജിപ്പിക്കുന്നു? എന്നാല്‍ എത്രയോ വിവാഹങ്ങളാണ് ഈ സങ്കല്പത്തില്‍ അര്‍ത്ഥപൂര്‍ണ്ണവും സ്ഥായിയുമായി നിലകൊള്ളുന്നത്. മറിച്ച് ദൈവം യോജിപ്പിക്കുന്നില്ല എന്ന നഗ്നസത്യം ഇന്നുണ്ടാക്കുന്ന അര്‍ത്ഥങ്ങള്‍ എത്ര വലുതാണ്? ആത്യന്തിക പ്രശ്നങ്ങളുടെ അടിയില്‍ അന്വേഷണം പാടില്ലെന്ന് കാന്‍റ്. "പരമാധികാരത്തിന്‍റെ ഉല്പത്തി അതിനു വിധേയരായവര്‍ക്ക് പ്രായോഗികമായി കണ്ടെത്താനാവില്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ വ്യക്തി തന്‍റെ ഉല്പത്തിയില്‍ ഇടപെടാന്‍ വേണ്ടി അതിനെക്കുറിച്ച് അന്വേഷിക്കരുത്." നമ്മുടെ ആദിയുടെ തുണിയഴിച്ചു ഇടപെടാന്‍ ശ്രമിക്കുന്നവര്‍ അതിനെ അശ്ലീലമാക്കുന്നു. ഇതു ചെയ്യുന്ന ആത്മീയര്‍ ആത്മീയതയുടെ അന്തകരാകുന്നു. 

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts