ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന എന്‍റെ ഒരുപകാരിയെക്കാണാന്‍ പലപ്രാവശ്യം അവിടെ പോകാറുണ്ടായിരുന്നു. ഒരു ദിവസം രോഗിയുടെ മുറിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ ഒരാള്‍ കാത്തു നില്ക്കുന്നു. വിഷാദഭാവം. പത്തമ്പതു വയസ്സില്‍ കൂടുതലില്ല. ആശുപത്രി വരാന്തയില്‍ വച്ചു പലപ്രാവശ്യം ആളെ കണ്ടിട്ടുണ്ട്. കാണുമ്പോഴൊക്കെ എന്നെ വല്ലാതെ ശ്രദ്ധിക്കുന്നതായും തോന്നിയിട്ടുണ്ട്.
"എന്‍റെ ഭാര്യ ഇവിടെ രോഗിയായിട്ടു കിടക്കുന്നു. ഷുഗറിന്‍റെ പ്രശ്നമാണ്. ഒരു കാലു മുറിച്ചു കളഞ്ഞു. അച്ചനെ ഒന്നു കാണണമെന്നു പറഞ്ഞു". ഞാന്‍ കൂടെ ചെന്നു. പ്രതീക്ഷിച്ച ഒരു സ്വീകരണമല്ല ലഭിച്ചത്. വിളിച്ചയുടനെ ചെന്നതില്‍ സന്തോഷമായിരിക്കുമെന്നാണ് കരുതിയത്. ഒരു വല്ലാത്ത കരച്ചിലും തേങ്ങലും. ഞാന്‍ രണ്ടുപേരെയും മാറി മാറി നോക്കി. അയാളും ഒന്നും പറയുന്നില്ല. ചുമ്മാതങ്ങു നിന്നുകൊടുക്കാന്‍ ഞാനും തീരുമാനിച്ചു. ഇടയ്ക്കവര്‍ തലയുയര്‍ത്തി നോക്കുമ്പോഴൊക്കെ ഞാനവിടെത്തന്നെ നില്‍ക്കുന്നതു കണ്ടു വീണ്ടും കരച്ചില്‍. എന്തെങ്കിലും പറയാന്‍ എനിക്കവരെ ഒരു പരിചയവുമില്ല താനും. രണ്ടുമൂന്നു മിനിറ്റു കഴിഞ്ഞപ്പോള്‍ പെരുമഴ കഴിഞ്ഞ ശാന്തത. മൂക്കും മോന്തേമെല്ലാം തുടച്ചിട്ട് പുതപ്പിനടിയില്‍ നിന്നും മുട്ടുമുതല്‍ മുറിച്ചുമാറ്റിയ വലത്തേക്കാലും കാണിച്ച് ഒന്നുകൂടെ വിതുമ്പി.
"അച്ചന്‍റെ ശാപമാ ഞങ്ങള്‍ക്കീ വിധിയായത്" വീണ്ടുമൊരു കരച്ചില്‍. ചിലപ്പോള്‍ ആളുമാറി എന്നെ വിളിച്ചതായിരിക്കും എന്നു മനസ്സിലോര്‍ത്തു. ഞാനാരേം ജീവിതത്തില്‍ ശപിച്ചിട്ടില്ല. ശപിക്കാന്‍ ഞാന്‍ ചെകുത്താനല്ലല്ലോ. പിശാചല്ലേ ശപിക്കുന്നത് എന്നു പറയണമെന്നോര്‍ത്തെങ്കിലും ഒന്നും മിണ്ടാതെ നിന്നുകൊടുത്തു. അവരു പിന്നെയുമിരുന്നു തേങ്ങുന്നു.
"നീ എന്നതാണേല്‍ പറയാനുള്ളതു പറ. രണ്ടാഴ്ച മുമ്പ് ഈ ജനലില്‍ കൂടെ അച്ചന്‍ വരാന്തേല്‍ നില്ക്കുന്നതു കണ്ടപ്പോള്‍ മുതല്‍ ഇവള് അച്ചനെ കാണണമെന്നു പറയുന്നതാ; അച്ചനെ വിളിക്കാന്‍. പലപ്രാവശ്യം അച്ചനെ പിന്നേം കണ്ടെങ്കിലും വിളിച്ചില്ല. അച്ചന്‍ ഞങ്ങളെ ഓര്‍ക്കാന്‍ വഴിയില്ല. ഒരുപ്രാവശ്യമെ കണ്ടിട്ടുള്ളൂ. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പാ. സ്ഥലവുമയാള്‍ പറഞ്ഞു. ഞാനോര്‍മ്മയില്‍ പരതുമ്പോള്‍ ആ സ്ത്രീയുടെ അമര്‍ഷം നിറഞ്ഞ സ്വരം: "അന്നച്ചന്‍ അരിശപ്പെട്ടു പറഞ്ഞതാ നിങ്ങളു തന്നെ ഇതിന്‍റെ അനുഭവിക്കും, ഉപ്പുതിന്നുന്നവന്‍ വെള്ളംകുടിക്കുമെന്ന്". തേങ്ങല്‍.
എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ഓര്‍മ്മയില്‍ വന്നു. ഒരുനിമിഷത്തേക്കെങ്കിലും ഇവര്‍ക്കിതു വന്നാല്‍ പോരായിരുന്നു എന്നൊരു ദുഷ്ടചിന്ത മിന്നിമറഞ്ഞെങ്കിലും തള്ളിക്കളഞ്ഞു. "അന്നങ്ങനെ ഞാന്‍ പറഞ്ഞെങ്കില്‍ അതിനു കാരണവുമുണ്ടായിരുന്നിരിക്കും".
ക്ലാസ്സില്‍ ആരേയും ശല്യം ചെയ്യുന്ന കുട്ടി. ആറാംക്ലാസ്സില്‍ പഠിക്കുന്നു. ക്ലാസ്ടീച്ചര്‍ ഒരു സിസ്റ്ററാണ്. ആ ഇടവകയില്‍ ധ്യാനത്തിനു ചെന്നപ്പോള്‍ ആ കുട്ടിയെ ഒന്നുപദേശിക്കാന്‍ പറഞ്ഞു സിസ്റ്ററെന്‍റെയടുത്തു റെക്കമെന്‍റേഷനും കൊണ്ടുവന്നു. ക്ലാസ്സില്ലാത്ത ഉച്ചസമയത്തെ ഒഴിവിന് സിസ്റ്ററവനെയും കൂട്ടി എന്‍റെയടുത്തു വന്നു. മറ്റുകുട്ടികളുടെ പെന്‍സിലിന്‍റെ മുനകുത്തിയൊടിക്കുക, നോട്ടുബുക്കിനകത്തു കുത്തിവരയ്ക്കുക, മറ്റുള്ളവരുടെ നോട്ടുബുക്കില്‍ മഷിതളിക്കുക, ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരെ ഉപദ്രവിക്കുക ഇതൊക്കെ അവന്‍റെ ഇഷ്ടവിനോദങ്ങളാണ്. ഇതെല്ലാം വിശദമായിട്ട് സിസ്റ്റര്‍ നിരത്തിയപ്പോള്‍ അവന്‍ ഒരുഭാവഭേദവുമില്ലാതെ എല്ലാം തള്ളിപ്പറഞ്ഞു. നിസ്സഹായവസ്ഥയിലായി ഞാന്‍. അവനു വലിയ താത്പര്യമൊന്നുമില്ലായിരുന്നെങ്കിലും ഒരു ചെറിയ കൊന്തയുമൊക്കെ കൊടുത്തു പറഞ്ഞുവിട്ടു. സിസ്റ്ററിനോടും സഹതാപമറിയിച്ച് വിഷയം ഒഴിവാക്കി.
വൈകുന്നേരം സിസ്റ്ററും കൂട്ടത്തില്‍ ഒരു പുരുഷനും, സ്ത്രീയും കൂടെ കാണാന്‍ വന്നു. സിസ്റ്റര്‍ വല്ലാതെ വിഷമിക്കുന്ന മട്ടിലായിരുന്നു. വന്നപാടെ ആ സ്ത്രീ എന്‍റെ മുഖത്തു നോക്കാതെ ഒരു സ്തുതി ചൊല്ലി. വന്നകാര്യം ചോദിച്ചതിന് മറുപടി ഒരു പൊട്ടിത്തെറിയായിരുന്നു.
"ഞങ്ങടെ വീട്ടിലെ കാര്യം നോക്കാന്‍ ഞങ്ങളുമതി. മക്കളെ സ്കൂളില്‍ വിടുന്നതു പഠിക്കാനാ. മാഷുമാരും ടീച്ചേഴ്സും അവരെ പഠിപ്പിച്ചാല്‍ പോരെ. അവരെന്തെങ്കിലും കുസൃതി കാണിച്ചാല്‍ നാട്ടില്‍ മുഴുവന്‍ പാട്ടാക്കി അവരെ നാണം കെടുത്തണോ? പള്ളീലച്ചനെയല്ല, പള്ളീല്‍വരുന്ന അച്ചന്മാരെം ഇതെല്ലാം അറിയിച്ച് ഞങ്ങളെ നാണം കെടുത്തണോ? സിസ്റ്ററുമാരു മഠത്തിലെ കാര്യം നോക്കിയാല്‍പോരെ. അവരുടെ പോരുതീര്‍ത്തിട്ടു പോരെ പിള്ളേരെ നന്നാക്കാന്‍".
കരയാന്‍ പൊട്ടിനിന്ന സിസ്റ്ററിന്‍റെ മുഖം കണ്ടപ്പോള്‍ ഞാന്‍ ഇടപെട്ടു. "നിര്‍ത്താം. കൂടുതല്‍ പറയണമെന്നില്ല. തകരാറു കുട്ടിക്കല്ല എന്നു മനസ്സിലായി. ഉല്പന്നം വളഞ്ഞിരിക്കുന്നതിന് അതിനെ പഴിച്ചിട്ടെന്താകാര്യം? വളഞ്ഞ അച്ചിലിട്ടു വാര്‍ത്താല്‍ വളഞ്ഞല്ലേ ഉണ്ടാകൂ". അവരു വല്ലാതെ ചമ്മുന്നതു കണ്ടപ്പം അതുമതിയെന്നു തോന്നി.
എന്തോ എന്നെ ചെയ്യാനെന്ന ഭാവത്തില്‍ അയാള്‍ എന്‍റെ നേരെ നടന്നുവന്നിട്ടും ഞാനനങ്ങാതെ നില്‍ക്കുന്നതു കണ്ട് ആ സ്ത്രീ അയാളുടെ കൈയില്‍ കടന്നു പിടിച്ചു. പുറത്തെയ്ക്കു പോകുന്നതിനിടയില്‍ അവര്‍ എന്തോ പറയുന്നുണ്ടായിരുന്നു. അന്നേരം അറിയാതെ ഉറക്കെ പറഞ്ഞുപോയി, നിങ്ങളുതന്നെ ഇതിന്‍റെ ബാക്കി അനുഭവിക്കും. 'ഉപ്പുതിന്നാല്‍ വെള്ളം കുടുക്കുമെന്ന്.'
അവരെയോര്‍ത്തു വിഷമിക്കണ്ട, അവരുടെ കാര്യം തമ്പുരാന്‍ തീര്‍പ്പാക്കിക്കൊള്ളുമെന്നു തമാശു പറഞ്ഞ് സിസ്റ്ററിനെ പറഞ്ഞുവിട്ടു.
വര്‍ഷങ്ങള്‍കുറെ കടന്നുപോയി. മുറിക്കാലില്‍ തടവിക്കൊണ്ടിരുന്ന അവരോട് ആ മകനെപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ക്കു പറയാന്‍ വിഷമമായിരുന്നു. അയാള്‍ ഒരു വികാരവുമില്ലാതെ മേശയിലിരുന്ന മരുന്നുകള്‍ അടുക്കിയും പെറുക്കിയും നിന്നു. ആ മകന്‍ ജീവപര്യന്തത്തിനു ജയിലിലാണ്. അത്രയും പറഞ്ഞപ്പോഴെയ്ക്കും അവരുടെ നിയന്ത്രണം പോയതു കൊണ്ട് കൂടുതല്‍ പറയിച്ചില്ല.
എന്തായാലും ഞാനന്നു ശപിച്ചില്ലെന്നും എല്ലാം നേരെയാവാന്‍ പ്രാര്‍ത്ഥിക്കാമെന്നുമൊക്കെപ്പറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും അപ്പോഴും ഉള്ളില്‍ തോന്നി ഒരു ദുര്‍വിചാരം, തമ്പുരാന്‍ വല്ലപ്പോഴുമെങ്കിലും ഇങ്ങനെ പാഠം പഠിപ്പിക്കുന്നതു നല്ലതാണെന്ന്.
ഈ സംഭവമോര്‍ക്കാന്‍ കാരണം ഈയിടെ ഒരു സിസ്റ്റര്‍ പറഞ്ഞ വേറൊരു സംഭവമാണ്. ടെക്സ്റ്റുബുക്കിലെ പാഠങ്ങള്‍ക്കപ്പുറത്ത് ഏതെങ്കിലും നല്ലകാര്യം പറഞ്ഞുകൊടുത്താല്‍ പോലും വര്‍ഗ്ഗീയതേം, മതപരിവര്‍ത്തനോം ആരോപിക്കപ്പെടുന്ന ഇക്കാലത്ത് സ്കൂളില്‍ പഠിപ്പിച്ചിട്ട് ഒന്നും കിട്ടാനില്ല, അത്യാവശ്യത്തിനു ശമ്പളമല്ലാതെ എന്ന് ആ സിസ്റ്ററു വിലപിച്ചതിന്‍റെ കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞ സംഭവമാണ്.
ക്ലാസ്സില്‍ എന്തോ മോശമായി സംസാരിച്ചതിന് അഞ്ചാംക്ലാസ്സിലെ കുട്ടിയുടെ നേരെ സിസ്റ്ററൊന്നു കയ്യോങ്ങി. ഹെഡ്മാസ്റ്ററിന്‍റെയടുത്ത് പരാതി പോയി. സിസ്റ്ററിനു താക്കീതും കിട്ടി. അടുത്ത ദിവസം ഒരു കുട്ടിയുടെ ബാഗിന്‍റെ പോക്കറ്റില്‍ നിന്നും 100 രൂപ മോഷണം പോയി. ക്ലാസ്സില്‍ കൊണ്ടുവന്നിരുന്നു എന്നു അവനു തീര്‍ച്ച. രണ്ടമ്പതിന്‍റെ നോട്ട് മടക്കിയാണ് വച്ചിരുന്നത്. അടുത്തിരുന്ന കുട്ടിയും അതു കണ്ടതാണ്. അന്വേഷിച്ചു കണ്ടുപിടിച്ചാല്‍ ശിക്ഷിക്കാനും പറ്റില്ല. വഴക്കുപറയാനും പറ്റില്ല. അതുകൊണ്ട് സിസ്റ്ററൊരു കാര്യം ചെയ്തു. നഷ്ടപ്പെട്ട കുട്ടിയോടു തന്നെ കൂട്ടുകാരേം കൂട്ടി തിരയാന്‍ പറഞ്ഞു. സിസ്റ്ററു പറഞ്ഞത് കളിക്കാന്‍ പോയിടത്തും മുറ്റത്തും ക്ലാസ്സ്റൂമിലും തെരയാന്‍ ആയിരുന്നെങ്കിലും അവരു അതിനപ്പുറത്തു തിരഞ്ഞു രൂപാ കണ്ടുപിടിച്ചു. ആ ക്ലാസ്സിലെ വേറൊരു കുട്ടിയുടെ ബാഗിന്‍റെ കീഴില്‍നിന്നും. അവന്‍ പലതും ഇത്തരത്തില്‍ ചെയ്തിരുന്നതുകൊണ്ടാണ് അവരങ്ങനെ നോക്കിയതും കണ്ടുപിടിച്ചതും. എടുത്തതാണെങ്കില്‍ കൊടുക്കാന്‍ സിസ്റ്ററു പറഞ്ഞു. എടുത്തതല്ലെന്നവന്‍ തീര്‍ത്തും ഉറപ്പിച്ചു പറഞ്ഞു. അത് അവന്‍റെ കൈയിലുണ്ടായിരുന്നു പോലും. മോഷ്ടിച്ചാല്‍ ദൈവം ശിക്ഷിക്കുമെന്നുപദേശിച്ചു സിസ്റ്ററു ക്ലാസില്‍ ഒരു ഗുണദോഷം പറഞ്ഞു. പിറ്റെ ദിവസം അപ്പന്‍ പരാതിയുമായിട്ടു വന്നു. മകനെ ക്ലാസ്ടീച്ചര്‍ അപമാനിച്ചെന്ന്. എന്തായാലും കൂടുതല്‍ വഷളാകാതെ ഹെഡ്മാസ്റ്റര്‍ എല്ലാം ശാന്തമാക്കി. അന്നും കിട്ടി സിസ്റ്ററിനു താക്കീത്! മേലാല്‍ ആവര്‍ത്തിക്കരുതെന്ന്!! സംഭവം കേട്ടപ്പോള്‍ 'ഉപ്പുതിന്നുന്നവന്‍' എന്നു പറഞ്ഞു ഞാന്‍ നിര്‍ത്തി. അതും വല്ല ശാപവുമായെങ്കിലോ!! നമ്മുടെ ഈ കാലം എന്തൊക്കെയോ ചുവരിലെഴുതുന്നുണ്ട്. വായിക്കാന്‍ നമുക്കറിയില്ലാത്തതാണു കഷ്ടം!!