ഇന്ന് വഴക്കും വക്കാണവും കുത്തും കൊലയും പല കുടുംബങ്ങളിലും അരങ്ങേറുന്നുണ്ട്, ഫോട്ടോ സഹിതം പത്ര റിപ്പോര്‍ട്ടുകള്‍ വരുന്നുമുണ്ട്. ഈ ദുഃഖസംഭവങ്ങളുടെ ഒരു കാരണം, മാതാപിതാക്കള്‍ യഥാസമയം യഥാവിധി വസ്തുവകകള്‍ വീതിച്ചു നല്‍കാത്തതാണ്. മക്കള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ സ്വന്തം കാലില്‍ നില്ക്കാനുള്ള പ്രോത്സാഹനവും സാഹചര്യങ്ങളും ഉണ്ടാവണം. വിവാഹിതരായിട്ടും അവര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുക്കാത്ത മാതാപിതാക്കള്‍ തികച്ചും സ്വേച്ഛാധിപതികളാണ്, നാട്ടുരാജാക്കളാണ്.
കേരളത്തിന്‍റെ ഒരു ശാപമാണ് ഈ നാട്ടുരാജസമ്പ്രദായം. ഇവിടെ മിക്കവരും സ്വന്തം പറമ്പിനുചുറ്റും ഭിത്തികെട്ടി ഉഗ്രന്‍ ഗേറ്റും ക്രൂരന്‍നായുമായി വാണരുളുന്നു! അയല്‍വാസികള്‍ പടിക്കുപുറത്ത്, അവര്‍ അന്യര്‍. പരാശ്രയമില്ലാതെ വേറിട്ട താമസം. വീട്ടാവശ്യങ്ങള്‍ക്കുവേണ്ടി വണ്ടിയുണ്ട് പോയി വരാന്‍. ഇത്തരം പ്രമാണികള്‍ സ്വതന്ത്രരാണെന്ന് നമുക്കു തോന്നാം. എന്നാല്‍ അവര്‍ ആര്‍ത്തിക്കും സ്വാര്‍ത്ഥതയ്ക്കും, അസൂയയ്ക്കും അരിശത്തിനും, നീരസത്തിനും അകല്‍ച്ചയ്ക്കും അടിമകളാണ്. ഇവ ബോംബുകളായി വിതയ്ക്കപ്പെടുന്നു. അവ പിന്നീട് പൊട്ടിത്തെറിക്കുന്നതാണ് കുടുംബ കലഹങ്ങള്‍.
60 കടന്ന വിവാഹിതരും ഏകസ്ഥരും പെട്ടെന്നു മരണം സംഭവിച്ചാല്‍ തങ്ങളുടെ വസ്തുവകകള്‍ ആര്‍ക്കു പോകണമെന്ന് വ്യക്തമായ രേഖ ഇപ്പോഴെ സൂക്ഷിക്കേണ്ടതുണ്ട്. ഞാന്‍ ഉടനെ മരിക്കില്ല, എന്‍റെ മരണശേഷം മക്കള്‍ വേണ്ടതു ചെയ്യട്ടെ എന്ന പറച്ചില്‍ തന്നിഷ്ടക്കാരന്‍റെ ഭാഷയാണ്. വിവാഹിതരായ മക്കള്‍ക്കുപോലും വേണ്ട സ്വാതന്ത്ര്യം കൊടുക്കാത്തവരുണ്ട്. മകന്‍റെ പങ്കാളി മറ്റൊരു വീട്ടില്‍നിന്നു വന്നവളാണ്, അവള്‍ക്കും മകനും അവരുടേതായ ന്യായവും യുക്തവുമായ ആവശ്യങ്ങളുണ്ട്.
ശരിയാണ്, ഇന്നത്തെ പാരമ്പര്യ നിയമം പിതാവിന് സര്‍വസ്വാതന്ത്ര്യം കൊടുത്തിരിക്കയാണ്, ഇഷ്ടം പോലെ ഇഷ്ടമുള്ളവര്‍ക്ക് അയാള്‍ക്ക് വീതിക്കാം. എന്നാല്‍ ഇത് പുരുഷമേധാവിത്തത്തിന്‍റെ അഹന്തയാണ്. സര്‍വമേധാവിത്തവും സര്‍വേശ്വരന് കൊടുക്കുന്ന കുടുംബത്തില്‍, പിതാവ് എല്ലാവരുടെയും ദാസനാണ്. അയാള്‍ പങ്കാളിയിലും മക്കളിലും ദൈവമക്കളെ കണ്ട് വീട്ടില്‍ ദൈവതിരുമനസ്സും ദൈവരാജ്യവും നിറവേറുവാന്‍ വേണ്ടി, സത്യത്തിലും നീതിയിലും സ്നേഹത്തിലും കരുണയിലും വസ്തുവകകള്‍ വീതിച്ചു നല്‍കും. പങ്കാളിയോടും മക്കളോടും ആലോചിച്ച് ഒരു നല്ല വക്കീലിന്‍റെ സഹായത്തോടെ, സര്‍വോപരി ദൈവത്തില്‍ ആശ്രയിച്ച്, ദൈവത്തിന്‍റെ കാര്യസ്ഥനായി പിതാവ് ഒരു ധനനിശ്ചയ ആധാരം ഉണ്ടാക്കണം. മാതാപിതാക്കളുടെ മരണം വരെയുള്ള ചെലവിനും ഇതില്‍ വ്യക്തമായി വ്യവസ്ഥകള്‍ രേഖപ്പെടുത്തണം.
പുരുഷമേധാവിത്വം നിലവിലുള്ള കുടുംബങ്ങളില്‍ കലഹം പലവിധമുണ്ടാകും. അതൊരു ഒഴിയാബാധയായി തുടര്‍ന്നുകൊണ്ടേയിരിക്കും; കാരണം അതത്രയും അനീതിയാണ്. ഹൃദയശാന്തതയും എളിമയുമുള്ള യേശു, ശിഷ്യരുടെ പാദം കഴുകി നമ്മള്‍ അങ്ങനെ ചെയ്യണമെന്നു കാട്ടിയ യേശു, മറ്റുള്ളവര്‍ക്കുവേണ്ടി മരിക്കുന്നതില്‍ കവിഞ്ഞ സ്നേഹമില്ലെന്നു പഠിപ്പിച്ച യേശു കുടുംബാംഗങ്ങളുടെ മാതൃകയാകണം. അപ്പോള്‍ അവിടെ ഭര്‍ത്താവുണ്ടാകില്ല (ഭരിക്കുന്നയാള്‍) ഭാര്യ ഉണ്ടാവില്ല (ഭരിക്കപ്പെടുന്നവള്‍) സ്നേഹമുള്ളവര്‍ മാത്രമുണ്ടാകും, സ്നേഹിക്കമാത്രം കുടുംബജീവിതമാകും. അവിടെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ, അധികാരത്തിമിരമില്ലാതെ എല്ലാവരും ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്നു, ഒന്നിച്ച് ആലോചിക്കുന്നു, ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു, ഒന്നിച്ച് ഉല്ലസിക്കുന്നു, അപ്പോള്‍ അവിടം കൂടും ഇമ്പമായി, കുടുംബമായി, ഭൂമിയില്‍ സ്വര്‍ഗ്ഗമായി.