news-details
മറ്റുലേഖനങ്ങൾ

മുലപ്പാല്‍ വറ്റാത്തവള്‍

പേര്- അന്‍റോണിയാമ്മ. വയസ്സ് 82. സ്ഥലം കൊല്ലം ജില്ലയിലെ ചിന്നയ്ക്കടയ്ക്കടുത്ത് അണ്ടാമുക്കം പ്രദേശം. പ്രസവിച്ചത് പന്ത്രണ്ടു പിള്ളേരെ. ഇന്ന് അവരില്‍ നാലുപെണ്ണും നാല് ആണും ജീവിച്ചിരിക്കുന്നു. ഇത്രയും കുഞ്ഞുങ്ങള്‍ ആ മാറിടത്തില്‍നിന്നും ഈമ്പിക്കുടിച്ചിട്ടും ഇനിയും അവരുടെ മാറിടം പാല്‍ ചുരത്തുന്നുണ്ടാകണം. അല്ലെങ്കില്‍പിന്നെ അവര്‍ക്കിങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാനാവുന്നത്?

അന്‍റോണിയാമ്മ അഞ്ചാംകാസ്സുവരെ പഠിച്ചു. പിന്നെ ഇളയത്തുങ്ങളെ സംരക്ഷിക്കാനായി വീട്ടിലാരുമില്ലാതെ വന്നപ്പോള്‍ പഠനമുപേക്ഷിച്ചു. പതിനഞ്ചാം വയസ്സിലായിരുന്നു തടിപ്പണിക്കാരനായിരുന്ന വസ്ത്യന്‍ മരിയയുമായുള്ള വിവാഹം. അന്‍റോണിയാമ്മ അയാളുടെ ജീവന്‍റെ ജീവനായിരുന്നതുകൊണ്ട് പണിയാനൊന്നും പുറത്തു വിടില്ലായിരുന്നു. പക്ഷേ ഒരു ശപിക്കപ്പെട്ട ദിവസം പണിക്കിടയില്‍ സംഭവിച്ച അപകടത്തോടെ അയാള്‍ക്കു പണി ചെയ്യാന്‍ മേലാതെയായി. സുന്ദരേശന്‍ മുതലാളി അയാളെ ഒന്നും കൊടുക്കാതെ ഒഴിവാക്കി. പിന്നെയൊന്നും നോക്കിയില്ല.  അന്‍റോണിയാമ്മ മീന്‍കച്ചവടത്തിനിറങ്ങി. ഈ കച്ചവടത്തില്‍ നിന്നു മിച്ചം കിട്ടിയത് ഉപയോഗിച്ചാണ് നാലു പെണ്ണുങ്ങളേയും കെട്ടിച്ചയച്ചത്.

മൂത്ത മകള്‍ സൂസന്നയുടെ ആദ്യപ്രസവത്തിന് വിക്ടോറിയ ജില്ലാ ആശുപത്രിയില്‍ നില്ക്കുമ്പോഴാണ് ആരും ശ്രദ്ധിക്കാത്ത ഒരിടത്തു ഒരു ചോരക്കുഞ്ഞിനെ അവര്‍ കണ്ടത്. ആ അമ്മയുടെ കൈകള്‍ ആ കുഞ്ഞിനെ അറിയാതെ വാരിയെടുത്തു. കുഞ്ഞിനെ 'കളയാന്‍' പെറ്റതള്ള ഒരുപാടു മരുന്നു കഴിച്ചിരുന്നിരിക്കണം. കുഞ്ഞിന്‍റെ കുടലെല്ലാം വെന്തു നശിച്ചിരുന്നു. അതുകൊണ്ട് എന്നും അതിനു തൂറ്റായിരുന്നു. രണ്ടുമാസം സൂസന്ന സ്വന്തം കുഞ്ഞിനൊപ്പം ഈ കുഞ്ഞിനു മുല കൊടുത്തു. പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോഴേയ്ക്കും കുഞ്ഞു മരിച്ചുപോയി.

അവര്‍ തന്‍റെ ഭര്‍ത്താവിനും മക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ ഒരു പ്രചോദനമാണ്. സഹായമര്‍ഹിക്കുന്ന ആരെക്കണ്ടാലും ഭര്‍ത്താവ് അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരും, ഭക്ഷണം കൊടുക്കും. മകന്‍ ധനരാജ് ഒരിക്കല്‍ ജട്ടിമാത്രം ഇട്ടുകൊണ്ട് വീട്ടില്‍ വന്നു. ബാക്കി വസ്ത്രമൊക്കെ നിരത്തിലുള്ള ആര്‍ക്കോ ഊരിക്കൊടുത്തു. ആ പ്രദേശത്ത് അനാഥരെ ആരെയെങ്കിലും നാട്ടുകാര്‍ കണ്ടാല്‍ അവര്‍ അന്‍റോണിയാമ്മയുടെ വീടു കാട്ടിക്കൊടുക്കും.
അന്‍റോണിയാമ്മയുടെ എട്ടാമത്തെ മകന്‍ മരിച്ചയന്നു വന്നുകയറിയതാണ് കുഞ്ഞുമോന്‍. അന്നവന് പത്തുവയസ്സുണ്ട്. ഇന്നും കൂടെയുണ്ട്. അമ്മ മരിക്കുന്നതുവരെ ആ വീട്ടില്‍ താനുണ്ടാകും എന്നവന്‍ പറയുന്നു. കഴിഞ്ഞ ഒന്നരക്കൊല്ലമായി 60-65 വയസ്സുള്ള ജാനകിയും അന്‍റോണിയാമ്മയ്ക്കൊപ്പമുണ്ട്.

കാര്യങ്ങള്‍ പക്ഷേ എപ്പോഴും സുഖകരമായിരുന്നില്ല. ഒരു സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നതിന്‍റെ പിറ്റേദിവസം അവര്‍ സകലതും മോഷ്ടിച്ചുകൊണ്ടുപോയി. വേറൊരാള്‍ അരപവന്‍ കൊണ്ടു പോയി. മൂന്നാമതൊരാള്‍ മാലയും ആയിരം രൂപയും കൊണ്ട് കടന്നു കളഞ്ഞു. എന്നാലും അന്‍റോണിയാമ്മ അനുഭവങ്ങളില്‍ നിന്നൊന്നും  പഠിക്കുന്നില്ല. അവരുടെയുള്ളില്‍ നിറഞ്ഞു കവിയുന്ന അമ്മിഞ്ഞപ്പാല്‍ അവരെക്കൊണ്ട് പലതും ചെയ്യിക്കുന്നു. ഒരു മകന്‍ ഒരു ലക്ഷം രൂപ കടംവരുത്തിവച്ചിട്ടുണ്ട്. അതുവീട്ടാന്‍ ഇപ്പോള്‍ അന്‍റോണിയാമ്മ ശ്രമിക്കുകയാണ്. രാത്രിയില്‍ മീന്‍ ചന്തയില്‍ മണ്ണെണ്ണ  വിളക്കുകള്‍ കൊണ്ടു കൊടുക്കും. ഒരു കുപ്പിക്ക് പത്തു രൂപയാണ് വില. അവരിന്നും പൊരുതുകയാണ്. അവര്‍ക്കൊന്നേയുള്ളൂ ഇനി ആഗ്രഹം: "ഈശോയെന്നെ പായയില്‍ കെടത്താതെ എടുക്കണം."

ഇല്ലാ അന്‍റോണിയാമ്മ, നിങ്ങള്‍ ഒരു ഭാരമല്ല, പുണ്യമാണ്. സംസാരിച്ചിറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് കാപ്പി കിട്ടി. അന്‍റോണിയാമ്മയ്ക്ക് കൊടുത്ത കാപ്പിയിലിത്തിരി അടുത്തിരുന്ന പൂച്ചയ്ക്ക് അവര്‍ ഒഴിച്ചുകൊടുക്കുന്നതു കണ്ടു.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts