കുറുനരികള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളുമുണ്ട്; എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല. (മത്താ: 8:20)
ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ജലപ്രവാഹം പോലെയാണു ജീവിതം. അതില്‍ സ്ഥിരതാമസത്തിനായി കൂടുകൂട്ടുകയെന്നത് ശുദ്ധ അസംബന്ധമാണ്. എന്നിട്ടും വ്യക്തിബന്ധങ്ങളുടെ കാര്യത്തില്‍ മിക്ക മനുഷ്യര്‍ക്കും ഈ അബദ്ധം സംഭവിക്കുന്നു. നിങ്ങള്‍ ആരുടെയെങ്കിലും സ്നേഹം തീവ്രമായി ആഗ്രഹിക്കുന്നുണ്ടോ? അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നിങ്ങളായിരിക്കണമെന്നും, നിങ്ങളുടെ സ്വാധീനം മൂലം അദ്ദേഹത്തിന്‍റെ ജീവിതഗതിക്കുതന്നെ മാറ്റം വരുത്തണമെന്നും നിങ്ങള്‍ അഭിലഷിക്കാറുണ്ടോ?
ഈ ചോദ്യങ്ങള്‍ക്കൊക്കെ 'അതെ' എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ അറിഞ്ഞുകൊള്‍ക: നിങ്ങള്‍ ആ വ്യക്തിയുടെ അടിമയാണ്. അദ്ദേഹത്തിന്‍റെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് ചുവടുവയ്ക്കുന്ന വെറുമൊരു പാവയാണ് നിങ്ങള്‍. ആരുടെയെങ്കിലും ഏറ്റവും പ്രിയപ്പെട്ടവളായി നിങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു നിങ്ങള്‍ കൊടുക്കേണ്ട വില നിങ്ങളുടെ സ്വാതന്ത്ര്യമാണ്.
ഇത്രയും ചെറിയ ഒരു കാര്യത്തിനുവേണ്ടി ഇത്രയും വലിയ ഒരു വില കൊടുക്കണമോയെന്ന് നിങ്ങള്‍തന്നെ സ്വയം ഒന്നു ചോദിച്ചുനോക്കുക.
നിങ്ങള്‍ ഒരുപാടു സ്നേഹിക്കാന്‍ ആശിക്കുന്ന വ്യക്തിയോട് നിങ്ങള്‍ ഇങ്ങനെ പറയുന്നതായി ഒന്നു ഭാവനയില്‍ കാണുക: "ഞാന്‍ ഞാനായിരിക്കാന്‍ വേണ്ടി, എന്‍റേതായ രീതിയില്‍ ചിന്തിക്കാന്‍ വേണ്ടി, എന്‍റെ അഭിരുചികള്‍ക്കനുസരിച്ച് ജീവിക്കാന്‍ വേണ്ടി, നിങ്ങളെന്നെ അനുവദിക്കുക." ഇതു പറഞ്ഞുതീരുന്നതിനുമുമ്പു തന്നെ നിങ്ങള്‍ ആവശ്യപ്പെടുന്നത് അസാധ്യമാണെന്നു നിങ്ങള്‍ക്കു ബോദ്ധ്യപ്പെടും. ഒരാള്‍ക്കു പ്രിയപ്പെട്ടവളായിരിക്കുക എന്നതിനര്‍ത്ഥം അയാള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വര്‍ത്തിക്കുക എന്നാണ്. അതുകൊണ്ടുതന്നെ നിശ്ചയമായും നിങ്ങളുടെ സ്വാതന്ത്ര്യത്തെ നിങ്ങള്‍ ബലികഴിക്കേണ്ടിവരും. ആവശ്യത്തിനു സമയമെടുത്ത് ഈ വസ്തുതയെക്കുറിച്ച് നിങ്ങള്‍ ബോധവതിയാകുക. അതോടുകൂടി ഒരാളുടെ സ്നേഹത്തെക്കാള്‍ സ്വന്തം സ്വാതന്ത്ര്യം നിങ്ങള്‍ക്കു വിലമതിക്കാനാകും. തെരഞ്ഞെടുക്കാന്‍ അവസരം തന്നാല്‍, ഇരുമ്പഴിക്കുള്ളിലെ കൂട്ടുകെട്ടാണോ വിശാലമായ ഈ ഭൂമിയിലൂടെ ഒറ്റയ്ക്കുള്ള നടത്തമാണോ നിങ്ങള്‍ തെരഞ്ഞെടുക്കുക?
ഇനി നിങ്ങള്‍ വളരെ വളരെ ഇഷ്ടപ്പെടുന്ന ആ വ്യക്തിയോട് ഇപ്രകാരം പറയുക: "നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അത് ആകാന്‍ ഇതാ ഞാന്‍ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ അഭിരുചിക്കനുസരിച്ചു ജീവിക്കാനും നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു ചെയ്യാനും നിങ്ങള്‍ക്ക് ഇനിമേല്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും."
ഇപ്രകാരം നിങ്ങള്‍ക്കു പറയാനായാല്‍ താഴെപ്പറയുന്ന രണ്ടു കാര്യങ്ങളില്‍ ഒന്ന് നിങ്ങള്‍ക്കു തീര്‍ച്ചയായും നിരീക്ഷിക്കാനാകും:
1. ഒന്നുകില്‍, നിങ്ങളുടെ ഹൃദയം നിങ്ങള്‍ പറയുന്നതിനെ ശക്തമായി എതിര്‍ക്കും. ആ വ്യക്തിയോട് നിങ്ങള്‍ എത്രമാത്രമാണ് പറ്റിപ്പിടിച്ചിരിക്കുന്നതെന്ന് അതോടെ നിങ്ങള്‍ക്കു ബോദ്ധ്യപ്പെടും.
2. അല്ലെങ്കില്‍, സത്യസന്ധമായി ഈ വാക്കുകള്‍ നിങ്ങള്‍ ഉരുവിടുന്നതോടുകൂടി ഒരാളെ കൈയടക്കി വയ്ക്കാനും, അയാളാല്‍ നിയന്ത്രിക്കപ്പെടാനും ചൂഷണം ചെയ്യപ്പെടാനും, മറ്റാരെങ്കിലും അയാളെ തട്ടിയെടുക്കുമോ എന്നു അസൂയപ്പെടാനും മറ്റുമുള്ള സകല പ്രവണതകളും താനേ കൊഴിഞ്ഞുപൊയ്ക്കൊള്ളും.
തുടര്‍ന്ന് മറ്റൊന്നുകൂടി നിങ്ങള്‍ക്കു നിരീക്ഷിക്കാനാകും:
3. ആ വ്യക്തിക്ക് നിങ്ങള്‍ കൊടുത്തിരുന്ന അതിരു കടന്ന പ്രാധാന്യം വളരെ സ്വാഭാവികമായിത്തന്നെ ഇല്ലാതാകും. അതോടുകൂടി ഒരു ഗാനമോ സൂര്യാസ്തമയമോ എപ്രകാരം നിങ്ങള്‍ക്കു വിലപ്പെട്ടതാണോ, അപ്രകാരം ആ വ്യക്തിയും നിങ്ങള്‍ക്കു വിലപ്പെട്ടതായിത്തീരും. ഒരു സൂര്യസ്തമയം പോലെ, നിങ്ങളുടെ പ്രിയപ്പെട്ടവന്‍ ഇനി നിങ്ങളുടേതു മാത്രമല്ല, എല്ലാവരുടേതുമാണ്. ഒരു വൃക്ഷംആരുടേയും സ്വന്തമല്ലാത്തതുപോലെ അയാളും ആരുടേയും സ്വന്തമല്ല.
അങ്ങനെ നിങ്ങള്‍ സ്വയം സ്വതന്ത്രയായിത്തീരും. ഇനി നിങ്ങള്‍ സ്നേഹിക്കാന്‍ പ്രാപ്തയാണ്. ഒട്ടിപ്പിടിക്കലില്‍ സംഭവിക്കുന്നത് നിങ്ങളും നിങ്ങളുടെ സ്നേഹിതനും ഒരു ചങ്ങലയാല്‍ പരസ്പരം ബന്ധിക്കപ്പെടുന്നു എന്നതാണ്. സ്വാതന്ത്ര്യമുള്ളിടത്തേ സ്നേഹത്തിനു നിലനില്ക്കാനാകൂ. സത്യസന്ധമായി പ്രണയിക്കുന്നവള്‍, താന്‍ സ്നേഹിക്കുന്നവന്‍റെ ആത്യന്തിക നന്മ ആഗ്രഹിക്കുന്നു. അതാകട്ടെ, സ്നേഹിക്കുന്നവളില്‍ നിന്നും സ്നേഹിക്കപ്പെടുന്നവനു മോചനം നല്കാതെ സാധ്യമല്ല താനും.