ലണ്ടനിലെ കുപ്രസിദ്ധ ന്യൂ ഗേറ്റ് തടവറ 12-ാം നൂറ്റാണ്ടില്‍ പണിതതാണ്. മോഷണത്തിന്‍റെ പേരില്‍ തൂക്കിക്കൊല്ലാന്‍ ഇവിടെ പാര്‍പ്പിച്ചിരുന്ന എലിസബത്ത് ഫ്രിക്കര്‍ എന്ന സ്ത്രീയെ സന്ദര്‍ശിക്കാന്‍ ക്വേക്കര്‍ ക്രൈസ്തവ വിഭാഗത്തിലെ എലിസബത്ത് ഫ്രൈ എന്ന വനിത 1817 മാര്‍ച്ച് നാലാം തീയതി പോയതിന്‍റെ വിവരണമുണ്ട്. തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് അവര്‍ അതില്‍ എഴുതി: "സര്‍വ്വശക്തന്‍റെ വിശേഷാധികാരം മനുഷ്യന്‍ സ്വന്തം കൈകളില്‍ ഏറ്റെടുക്കാമോ? മറിച്ച്, ഇങ്ങനെയുള്ളവരെ നന്നാക്കുക, ഏറ്റവും ചുരുങ്ങിയതു കൂടുതല്‍ മോശമായ തിന്മകളില്‍ നിന്നു തടയുക എന്നതല്ലേ മനുഷ്യന്‍റെ ചുമതല?... പാവം പിടിച്ച ഈ യുവതിയോടൊപ്പം വേറെ ആറ് ആണുങ്ങളേയും തൂക്കിക്കൊല്ലുന്നു. അതിലൊരു പുരുഷന്‍റെ ഭാര്യ ഈ സ്ത്രീയുടെ തടവറയ്ക്കടുത്തുണ്ട്. അവളും തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടവളാണ്. ഏഴു കുട്ടികളുണ്ട് അവര്‍ക്ക്.'
ഇതെഴുതുന്ന സ്ത്രീ ബ്രിട്ടനില്‍ ഏറെ പീഡിപ്പിക്കപ്പെട്ട ക്വേക്കര്‍ ഗ്രൂപ്പിലെ അംഗമാണ്. അംഗീകൃത ക്രൈസ്തവ പാരമ്പര്യത്തോട് വിഘടിച്ചവരും മറ്റു ക്രൈസ്തവരെ ദൈവഭയമില്ലാത്തവരായി കണ്ടവരുമായിരുന്നു ഇവര്‍. "സുഹൃത്തുക്കളുടെ സഭ" എന്നുമറിയപ്പെട്ടിരുന്ന അവര്‍ ആദിമക്രൈസ്തവചൈതന്യത്തോടു വിശ്വസ്തത പുലര്‍ത്താന്‍ ശ്രമിച്ചവരായിരുന്നു. "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്‍റെ വചനം കേള്‍ക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുന്നത്" (ഏശയ്യ 62:2, എസ്ര9:4) എന്ന ബൈബിള്‍ വാക്യം ആപ്തവാക്യമായതിന്‍റെ പേരിലാണ് ഇവരെ "വിറയ്ക്കുന്നവര്‍" എന്നര്‍ത്ഥമുള്ള Quakers എന്നു വിളിക്കാന്‍ കാരണം. മനുഷ്യാവകാശങ്ങളിലും മനുഷ്യസേവനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ഇവരുടെ പ്രേരണയാണ് പല അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും (Amnesty International, Green Peace, Oxfam) ഉല്പത്തിക്കു കാരണം.
"ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്നെ വന്നു കണ്ടു" (മത്താ. 25:36) എന്ന വാചകം വിറകൊള്ളിച്ചവരുടെ മനുഷ്യത്വത്തിനുവേണ്ടിയുള്ള നിലവിളികള്‍, തടവറകളില്‍ മനുഷ്യത്വം പ്രവേശിക്കാന്‍ കാരണമായി.
തെറ്റു ചെയ്തവരെ സമൂഹത്തില്‍ നിന്നു മാറ്റിപാര്‍പ്പിക്കുക; സമൂഹത്തിനു ഭീഷണിയാകുന്നവരെ ജീവിതത്തില്‍നിന്നു വെട്ടിമാറ്റുക എന്നിവയാണ് കാരാഗൃഹ - തൂക്കുമരങ്ങളുടെ ന്യായീകരണം എന്നാണ് നാം കേള്‍ക്കുന്നത്. സൃഷ്ടി ആത്യന്തികമായി നന്മതിന്മകളുടെ സൃഷ്ടിയാണ്. നന്മതിന്മകളെ വേര്‍തിരിക്കുന്നത് അരുതുകളുടെ നിയമങ്ങളാണല്ലോ. ഈ അരുതുകള്‍ക്കൊണ്ട് രാജാവ് ക്രമസമാധാനം ഉണ്ടാക്കുന്നു. എന്നാല്‍, ആ ക്രമത്തിലും അതു സൃഷ്ടിക്കുന്ന സമാധാനത്തിലും മനുഷ്യത്വവും നീതിയുമുണ്ടോ? പോലീസിന്‍റെ പണി ക്രമസമാധാനം സൃഷ്ടിക്കലാണ്; ക്രമത്തിന്‍റെ നിയമം ലംഘിക്കുന്നവരെ അവര്‍ കയ്യാമം വച്ച് തുറുങ്കിലടക്കുന്നു. നിയമം ലംഘിച്ചവനെ കോടതി ശിക്ഷിക്കുന്നു. ന്യായാധിപന്മാര്‍ നിയമം നോക്കി വിധിക്കുന്നു. നിയമപരമായതു നീതിയാകണം എന്നു നിര്‍ബന്ധമില്ല.
നിയമം രാജാവ് ഉണ്ടാക്കുന്നു; അയാള്‍ നീതി ഉണ്ടാക്കുന്നുണ്ടോ? രാജാവ് നിയമം ഉണ്ടാക്കുന്നത് അയാളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. ആ നിയമം കുറ്റമെന്ന് വിധിയെഴുതുന്നത് ശരിക്കും കുറ്റകരമാണോ? രാജാവാണ് കുറ്റം ചെയ്യുന്നവരയും കുറ്റം ചെയ്യാത്തവരേയും സൃഷ്ടിക്കുന്നത്.
രാജാവിന്‍റെയും പാര്‍ശ്വാനുവര്‍ത്തികളുടെയും കണക്കില്ലാത്ത സ്വകാര്യസ്വത്തു സംരക്ഷിക്കാന്‍ മോഷണം കുറ്റമായി പ്രഖ്യാപിക്കപ്പെട്ടു എന്നു വരാം. പണക്കാര്‍ക്ക് ഒരു ദോഷവും വരുത്താതിരിക്കാന്‍ മോഷ്ടാക്കളെ തൂക്കിലേറ്റി, പോക്കറ്റടിക്കാരെ തൂക്കുന്ന രാജാവിന് ഖജനാവ് മൊത്തമായി അടിച്ചുമാറ്റുന്നതില്‍ പ്രശ്നമില്ല. മോഷ്ടാവിന്‍റെ മനുഷ്യജീവന് രാജാവിന്‍റെ സ്വത്തിന്‍റെ വിലയില്ല. രാജ്യദ്രോഹമാണ് ഏറ്റവും വലിയ കുറ്റം; രാജാവിന്‍റെ ശരീരത്തില്‍ തൊടുന്നവര്‍ക്കെല്ലാം ജീവന്‍ പോകും. വ്യഭിചരിച്ച പുരുഷന്മാരെ വെറുതെ വിട്ട് നൂറ്റാണ്ടുകളിലൂടെ വ്യഭിചാരത്തിന്‍റെ പേരില്‍ സ്ത്രീകളെ കല്ലെറിഞ്ഞു കൊന്നു കൊണ്ടിരുന്നു പുരുഷമേധാവിത്വത്തിന്‍റെ നിയമങ്ങള്‍.
അയല്‍ സംസ്ഥാനത്തു പോയി കുറഞ്ഞ വിലയ്ക്കു ഉപ്പു വാങ്ങിയ കുടുംബനാഥനെ കള്ളക്കടത്തില്‍ പിടിച്ച് ആജീവനാന്തം കപ്പല്‍ തുഴയുന്ന അടിമയാക്കിയ പഴയ ഫ്രഞ്ചുനിയമത്തിന്‍റെ സ്രഷ്ടാക്കളുടെ കത്തോലിക്കാവിശ്വാസം വിറച്ചില്ല. കാരണം ഈ അടിമത്തത്തിന്‍റെ ഗുണഭോക്താക്കളായിരുന്നു അവര്‍. നിയമങ്ങള്‍ മനുഷ്യത്വത്തിന്‍റെ ഉരകല്ലില്‍ ഉരച്ചുനോക്കണം. നിയമങ്ങള്‍ എപ്പോഴും പഴയനിയമങ്ങളാകും. ദൈവത്തിന്‍റെ മുമ്പില്‍ വിറയ്ക്കുന്നവര്‍ അവ ഉടച്ചു വാര്‍ക്കും. അല്ലാത്തവന്‍ വിറപ്പിക്കുന്ന നന്മതിന്മകള്‍ സൃഷ്ടിച്ചു സ്വയം ദൈവങ്ങളായാല്‍ അവര്‍ സൂപ്പര്‍ ക്രിമിനലുകളാകും.