ഒരേ തോണിയില്‍ യാത്ര ചെയ്യവേ
മുങ്ങുമെന്നറിഞ്ഞ്
ഞങ്ങള്‍ വഴിപിരിഞ്ഞു-
ഓരോ ദ്വീപുകളിലേയ്ക്ക്
പതിയെപ്പതിയെ
ഞങ്ങള്‍ തന്നെ
ദ്വീപുകളായി
ഒറ്റപ്പെട്ട തുരുത്തുകള്‍
ഇടപ്പാലമില്ലാത്ത
ദ്വീപുകള്‍.
അച്ഛന്‍-
തെരുവില്‍
മദ്യത്തിന്‍റെ സുവിശേഷം
പ്രസംഗിക്കുന്നു
ഹാലേലുയ്യ പാടുന്നു
സാഷ്ടാംഗ പ്രണാമം ചെയ്യുന്നു.
അമ്മ
ദൈവത്തെത്തേടി നടക്കുന്നു
മൈതാനപ്രസംഗങ്ങളില്‍
മുക്തി തേടുന്നു
വേദവാക്യങ്ങള്‍ ഉരുവിടുന്നു-
ദൈവത്തിന്‍റെതല്ല,
ദൈവത്തിന്‍റെ ഇടനിലക്കാരുടെ.
അനിയത്തി
പ്രേമം, കാമം
ചിരി, കണ്ണീര്‍
എല്ലാം വിളമ്പുന്ന പെട്ടിയ്ക്കു മുന്നില്‍
ലക്ഷ്യം കണ്ടെത്തുന്നു
ഉണര്‍വ്വും ഉറക്കവും
പുലരിയും സന്ധ്യയും
എല്ലാം
ഇവിടെ അടക്കം ചെയ്യുന്നു.
അനിയന്‍
കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍
രാവും പകലും കടക്കുന്നു
ഋതുഭേദങ്ങളും
മഴയും നിലാവും
പൂക്കളും ചിരികളും
പ്രണയവും രതിയും
എല്ലാം സോഫ്റ്റ്വെയറുകള്‍.
അടുക്കളക്കോലായ
എനിക്കു സ്വര്‍ഗ്ഗം
കപ്പയ്ക്കു കറി
മത്സ്യമോ മാംസമോ?
കടുകു താളിക്കണമോ?
എന്‍റെ ദാര്‍ശനിക വ്യഥകള്‍!
വിഴുപ്പുകെട്ടുകള്‍
കരിപ്പാത്രങ്ങള്‍
തളച്ചിടാന്‍ ചങ്ങലകള്‍
സ്നേഹമെന്ന കള്ളപ്പേരില്‍
ആവശ്യങ്ങള്‍ കുത്തിനിറച്ച മാറാപ്പ.്
ഒടുക്കം
വഴിപിരിഞ്ഞുപോയവര്‍
എത്തിച്ചേര്‍ന്നത്
ഒരേയിടത്തു തന്നെ.
ജീവിച്ചുതീര്‍ക്കുന്നത്
ഒരേ സത്യം തന്നെ-
ആത്മഹത്യ.