കഴിഞ്ഞ കോവിഡ് കാലത്തു സുഹൃത്തിന്‍റെ നിര്‍ബന്ധം മൂലം നടത്തുവാന്‍ ഇടയായ ഹൃദയ സ്പര്‍ശിയായ ഒരു യാത്രയുടെ ഓര്‍മ്മ പങ്കുവയ്ക്കുന്നു.
അവനവന്‍റെ ഹൃദയതീരത്തു നിന്നാണ് ഓരോ യാത്രകളും തുടങ്ങുന്നത്. അവസാനിക്കുന്നതും!
നന്മയുടെ സമുദ്രത്തില്‍നിന്ന് ലോക്ഡൗണ്‍ കാലത്ത് കണ്ടെടുത്ത ഒരു മുത്തായിരുന്നു സജിത്ത്. സ്വദേശം എന്‍റെ വീടിനടുത്ത് തലയോലപ്പറമ്പ്. അതെ, ബഷീറിന്‍റെ ജന്മനാടു തന്നെ. അതുകൊണ്ടാവണം യുവ സുഹൃത്തിനു ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളോടുള്ള ആര്‍ദ്രാനുകമ്പകള്‍ എക്കാലവും സൂക്ഷിക്കാന്‍ കഴിയുന്നത്!
ജൂലായ് അഞ്ചാം തീയതിയിലെ ബഷീറനുസ്മരണ ചടങ്ങില്‍ വച്ച് ആദ്യമായി കാണു മ്പോള്‍, ദിവസങ്ങള്‍ക്കു ള്ളില്‍ നടക്കാന്‍ പോകുന്ന ഉള്ളുലയ്ക്കുന്ന സന്ദര്‍ശനത്തെപ്പറ്റി, ബാങ്ക് നിക്ഷേപത്തിന്‍റെ പ്രതിമാസ പലിശപോലെ അതു ജീവിതകാലം മുഴുവന്‍ നല്‍കാന്‍ പോകുന്ന അനുഭവാഗ്നികളെപ്പറ്റി ഒരു ചിന്തപോലും എന്നിലുണ്ടായിരുന്നില്ല.
കേരള യൂണിവേഴ്സിറ്റിയില്‍ Geriatric psychology യില്‍ Internship ചെയ്യുകയാണ് സജിത്ത്. അതിന്‍റെ ഭാഗമായിട്ടുള്ള വൃദ്ധസദന സന്ദര്‍ശനങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ് എന്നവന്‍ യാദൃച്ഛികമായി പറഞ്ഞു.
അടുത്ത ചോദ്യത്തിനുള്ള മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്‍റെ ഹൃദയത്തില്‍ തുളച്ചുകയറി.
ഞങ്ങളുടെ താലൂക്കില്‍ത്തന്നെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ 3 വൃദ്ധസദനങ്ങള്‍ ഉണ്ടത്രേ. ആ തിരിച്ചറിവില്‍ അറിയാതെ ചോദിച്ചു പോയി, അടുത്തയാഴ്ച കൂടെ വരട്ടെ എന്ന്. സജിത്തിന്‍റെ ആ ഒരു യെസ് ആണ് എന്‍റെ കോവിഡ് കാലം മൊത്തം മാറ്റിമറിച്ചത്.
തലയോലപ്പറമ്പില്‍ തന്നെയാണാ geriatric centre സ്ഥിതി ചെയ്യുന്നത്. അമൃത ട്രസ്റ്റിനു കീഴിലാണ് അതിന്‍റെ പ്രവര്‍ത്തനം.
പത്തു മണിയോടടുപ്പിച്ച് അവിടെ എത്തിയതും സ്വാമിജി എന്ന് എല്ലാവരും വിളിക്കുന്ന കെയര്‍ടേക്കര്‍ ഞങ്ങളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.
വനിതകള്‍ക്കു മാത്രമായുള്ള ഒരു സ്നേഹവീട്.
പതിനഞ്ച് അന്തേവാസികള്‍ ഇപ്പോള്‍ തന്നെ അവിടെയുണ്ട്. കൂടുതലും നിര്‍ധനരായവര്‍.
"നമുക്ക് ഓരോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടു തുടങ്ങാം." സ്വാമിജി പറഞ്ഞു. ചൈതന്യവത്തായ മുഖം! മടിച്ചുമടിച്ചാണ് അദ്ദേഹത്തിന്‍റെ മുന്‍പിലിരുന്നതു തന്നെ.
സജിത്ത് ഇതിനു മുമ്പൊന്നുരണ്ടു പ്രാവശ്യം അവിടെ പോയിട്ടുള്ളതുകൊണ്ട്, ഒട്ടും ഔപചാരികതയില്ലാതെ എന്നെ സ്വാമിജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
"ഇവിടെയെല്ലാവരും സന്തോഷവാന്‍മാരാണ്." അദ്ദേഹം പറഞ്ഞുതുടങ്ങി. "മുന്‍പുള്ള സന്ദര്‍ശനങ്ങളില്‍ സജിത്ത് സംസാരിച്ചിട്ടുള്ളതല്ലേ. ഇവിടത്തെ അന്തേവാസികള്‍ ആരും അവരുടെ മക്കളെ ശപിക്കുകയോ വിധിയെ പഴിക്കുകയോ ചെയ്യുന്നില്ല.
അതിനിടകൊടുക്കാത്തവിധത്തിലാണ് ഇവിടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്. വീടിനേക്കാള്‍ വൃത്തിയായി സൂക്ഷിക്കപ്പെട്ട മുറികളും, പാചകക്കാരന്‍, ഡോക്ടര്‍, ശുശ്രൂഷകന്‍ ഇവരുടെയൊക്കെ സാന്നിധ്യവും അവര്‍ക്കുടനീളം സാന്ത്വനം പകരുന്നു."
അതിനിടയില്‍ സജിത്ത് സന്ദര്‍ശനോദ്ദേശ്യം പറഞ്ഞു. അന്തേവാസികളുടെ പക്കല്‍നിന്ന് ഒരു ചോദ്യാവലി പൂരിപ്പിച്ച് വാങ്ങേണ്ടതുണ്ട്.
കോവിഡ് കാലമായതുകൊണ്ടും, വയോജനങ്ങളുടെ കാര്യമായതുകൊണ്ടും അതു നേരിട്ട് ചെയ്യാന്‍ നിവൃത്തിയില്ല. സ്വാമി പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞു.
താന്‍ തന്നെ ഓരോ അന്തേവാസിയില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചുതരാം എന്നുറപ്പുതന്നു.
ആ ആശ്വാസത്തില്‍ സജിത്ത് സംസാരിച്ചു തുടങ്ങി. മുന്‍പത്തെ സന്ദര്‍ശന സ്മരണകള്‍ ഇളം കാറ്റായ് അവനെ വന്നു തലോടി.
ആറു മാസങ്ങള്‍ക്കു മുമ്പായിരുന്നു അത്. ഇന്ദിര എന്നൊരു അന്തേവാസി, അല്ല അമ്മയുമായിട്ടാണ് അന്നു കൂടുതല്‍ നേരം സംസാരിച്ചത്. സ്വന്തം വീട്ടിലേക്കെന്നപോലെ അവരുടെ മുറിയിലേക്ക് സജിത്തിനെ അവര്‍ ക്ഷണിച്ചു. ഒരു രീതിയിലുള്ള മുഷിച്ചിലും പ്രകടിപ്പിക്കാത്ത വാക്കുകളിലൂടെ ആ അമ്മ അവനെ നയിച്ചു. വികാരാധീനനായി പുറത്തിറങ്ങിയപ്പോള്‍ സ്വാമിജി ചിരിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു, ഊണുകഴിക്കാനുളള ക്ഷണവുമായി!
ശുദ്ധമായ സസ്യഭക്ഷണം! എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ശാരീരിക സ്ഥിതി ദുര്‍ബലമായ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രം അവരുടെ മുറികളില്‍ ഭക്ഷണം വിളമ്പി. ഭക്ഷണത്തിനുശേഷം എല്ലാവരും മുറികളിലേക്ക് തിരിച്ചു പോകാനൊരുങ്ങിയപ്പോള്‍ സ്വാമിജി പറഞ്ഞു.
"സജിത്ത് ഇന്നു നമ്മളെല്ലാവര്‍ക്കും വേണ്ടി ഒരു പാട്ടു പാടും!"
"എന്‍റെ കോളേജിലെ റാഗിംഗ് ഡേക്കു പോലും ഞാന്‍ ഇത്രയ്ക്ക് ഞെട്ടിയിട്ടില്ല." അവന്‍ ചിരിച്ചുകൊണ്ട് ഓര്‍മ്മകളുടെ കൂട് തുറന്നു വിട്ടു.
എന്തുകൊണ്ടോ, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ യാത്രാമൊഴിയിലെ വരികളാണ് മനസ്സിലപ്പോള്‍ തെളിഞ്ഞുവന്നത് .
"..ഇല വാട്ടി ദുഃഖം പൊതിഞ്ഞുകെട്ടി
മാറാപ്പില്‍ സ്വപ്നം നിറച്ചുകെട്ടി
ഏഴരക്കമ്പുള്ള വടിയെടുത്ത്
ഏഴരക്കമ്പുള്ള കുടയെടുത്ത്, വ്യഥ
വെച്ചുണ്ണാന്‍ ചിറ്റുരുളിയൊന്നെടുത്ത്
ഇടങ്കാലുവെച്ചു പടികടന്നേ
ഇടനെഞ്ചു പൊട്ടിത്തിരിഞ്ഞു നിന്നേ
അമ്മേ...പിന്‍വിളി വിളിക്കാതെ"
ഗദ്ഗദത്തോടെ അതു പാടി മുഴുമിപ്പിച്ചപ്പോള്‍ എല്ലാവരും സ്വയം മറന്നു കയ്യടിച്ചു; ചിലര്‍ കണ്ണു തുടയ്ക്കുന്നതും കണ്ടു." സജിത്ത് ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
കുറച്ചുനേരം സ്വാമിയും ചിന്താധീനനായതായി തോന്നി. തുടര്‍ന്നദ്ദേഹം പറഞ്ഞു.
"ആരെയും നേരിട്ട് കാണാന്‍ പറ്റിയില്ല എന്നോര്‍ത്തു വിഷമിക്കരുത്. ഈ നിയന്ത്രണങ്ങള്‍ എല്ലാം ലഘുവായ ശേഷം ഒരു ദിവസം വരൂ. അതുവരെ നിങ്ങള്‍ക്ക് ഒന്നല്ല 15 അമ്മമാര്‍ ഉണ്ട് എന്നു വിചാരിക്കൂ."
സ്നേഹപൂര്‍വ്വം തോളില്‍ തട്ടി സ്വാമി ഞങ്ങളെ യാത്രയാക്കി. 'അനുവാദം കൂടാതെ അകത്ത് പ്രവേശിക്കരുത്' എന്ന് ബോര്‍ഡും താണ്ടി പുറത്തേക്ക് നടക്കുമ്പോള്‍ സജിത്ത് പറഞ്ഞു, "നമ്മുടെ സന്ദര്‍ശനം ഭാഗികമായേ വിജയിച്ചുള്ളൂ, അല്ലേ?"
'ഒരിക്കലുമല്ല!' ഞാന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു. എനിക്കെന്തോ പെട്ടെന്ന് മുത്തശ്ശനേയും മുത്തശ്ശിയേയും ഓര്‍മ്മ വന്നു. എന്നെയവര്‍ യഥാക്രമം അപ്പു എന്നും പൊന്നുണ്ണിയെന്നും വിളിച്ചു പോന്നു. നഗരത്തിലെ കോളേജിലൊക്കെപോയി "വല്യആളായപ്പോള്‍" ഞാനാ വിളികള്‍ കേള്‍ക്കുന്നില്ല എന്നു നടിച്ചു. 'മുത്തശ്ശാ, മുത്തശ്ശീ, മാപ്പ്. ഇനിയും ഞാനിവിടെ, ഈ സ്നേഹഭവനില്‍ വരും. ഇവരോടൊക്കെ നിങ്ങളുടെ കഥ പറയും. നിങ്ങള്‍ പറഞ്ഞ കഥകളും പറയും! ആവോളം അവരെ കേള്‍ക്കും . അങ്ങനെ നിങ്ങളോടു പ്രായശ്ചിത്തം ചെയ്യും.'
മഹാനായ ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസിന്‍റെ ഒരനശ്വര വരികൂടി പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ :
"എണ്‍പത്തിയൊന്നാം വയസ്സില്‍ തന്നെ ഈ ലോകത്തോടു ബന്ധിപ്പിക്കുന്നത് ഏതാനും മൃദുല തന്ത്രികള്‍ മാത്രമാണെന്നും അവ വേദനയൊന്നു മില്ലാതെ മുറിച്ചുമാറ്റാന്‍ ഉറക്കത്തില്‍ ചുമ്മാതൊന്നു തിരിഞ്ഞു കിടന്നാല്‍ മാത്രം മതിയെന്നും എന്നാല്‍ ആ ഇഴബന്ധങ്ങള്‍ പൊട്ടാതെ സൂക്ഷിക്കാന്‍ താന്‍ എല്ലാ ശ്രമവും ചെയ്യുന്നത് മരണത്തിന്‍റെ അന്ധകാരത്തില്‍ ദൈവത്തെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലോ എന്ന ഭയംകൊണ്ടു മാത്രമാണെന്നും" ചിന്തിക്കുവാനുള്ള സുബോധം അദ്ദേഹത്തിനുണ്ടായിരുന്നു.