news-details
മറ്റുലേഖനങ്ങൾ

കോവിഡുകാലത്തിനുവേണ്ടി ഒരു ദൈവവിചാരം

കോവിഡല്ല, ദൈവരാജ്യമാണ് പ്രധാനം

ഇരയെ തിരഞ്ഞുപിടിച്ചു വീണ്ടും ആക്രമിക്കുന്ന  ഒരു പരിപാടി  ചിലപ്പോഴൊക്കെ നാം  സമൂഹത്തില്‍  കാണുന്നുണ്ടല്ലോ. ഉദാഹരണത്തിന്, രാത്രിയില്‍ നടന്നുപോകുന്ന ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നു. അസമയത്ത് അവള്‍ നടന്നതുകൊണ്ടല്ലേ ഇതു സംഭവിച്ചത് എന്നു ചിലര്‍ ന്യായവാദം നടത്തും. ചിലര്‍ അവളെ ശരീരംകൊണ്ട് ആക്രമിക്കുമ്പോള്‍, മറ്റു ചിലര്‍ അവരുടെ ന്യായവാദങ്ങള്‍കൊണ്ട് അവളെ ആക്രമിക്കുകയാണ്. പുരുഷന് ഒരു സമയവും 'അസമയ'മല്ല എന്നതും സ്ത്രീക്കു മാത്രമാണു ചില സമയങ്ങള്‍ 'അസമയ'മായി മാറുന്നത് എന്നതും ഈ ന്യായവാദക്കാര്‍ മറക്കുന്നു. അങ്ങനെയാണ് ഇര വീണ്ടും വീണ്ടും അക്രമണത്തിനു വിധേയമാക്കപ്പെടുന്നത്.

ഇതേ രീതിയിലാണു ചില വചനവ്യാഖ്യാതക്കള്‍ മാനവകുലത്തെ വാക്കുകള്‍കൊണ്ട് ആക്രമിക്കുന്നത്. കോവിഡിന്‍റെ വിടാത്ത പിടിയില്‍ക്കിടന്നു ശ്വാസംമുട്ടുന്ന മനുഷ്യരാശി ഏതോ പാപം ചെയ്തുവെന്നും മനസ്തപിച്ചു ദൈവത്തിലേക്കു തിരിയുക എന്നതുമാത്രമേ മാര്‍ഗമുള്ളൂവെന്നും അവര്‍ ഉദ്ബോധിപ്പിക്കുന്നു. കോവിഡിനു മുമ്പും അവര്‍ ഇതുതന്നെയാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. കോവിഡുകാലത്ത്  ഇത്തരം പഠിപ്പിക്കലുകള്‍ കൂടുതല്‍ ഉച്ചസ്ഥായിലെത്തിയെന്നേയുള്ളൂ.

ശരിയാണ്, ഇത്തരം ബൈബിള്‍ വ്യാഖ്യാനങ്ങള്‍ക്കു ബൈബിളില്‍ നിന്നുതന്നെ പിന്തുണ കിട്ടും. ഇസ്രായേല്യരെ അടിമുടി ഉലച്ചുകളഞ്ഞ സംഭവമായിരുന്നല്ലോ വിപ്രവാസം. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന വിശ്വാസത്തിന്‍റെ അസന്ദിഗ്ദ്ധമായ തെളിവുകളായിരുന്നു ഇസ്രായേല്യര്‍ക്ക് അവരുടെ മണ്ണും ദേവാലയവും. ബാബിലോണിലേക്ക് അവര്‍ അടിമകളായി ആട്ടിത്തെളിക്കപ്പെട്ടപ്പോള്‍ ഇളകിയാടിയത് അവരുടെ യഹോവയിലുള്ള വിശ്വാസമാണ്. അത്തരമൊരു പശ്ചാത്തലത്തിലാണ് പ്രവാചകന്മാരൊക്കെ വന്നു യഹോവയ്ക്കുവേണ്ടി വാദിക്കുന്നത്. നിങ്ങള്‍ക്കു നിങ്ങളുടെ ദേശം നഷ്ടപ്പെട്ടതു യഹോവ അശക്തനായതുകൊണ്ടൊന്നുമല്ല, പിന്നെയോ നിങ്ങള്‍ പാപം ചെയ്തതുകൊണ്ടാണ്. ഏശയ്യാ, ജറമിയ, എസെക്കിയേല്‍... അങ്ങനെയെല്ലാവരും ഇതുതന്നെയാണു പറയുന്നത്. ഉദാഹരണത്തിന് ഒരു പ്രവാചകവാക്യം മാത്രം പരിഗണിക്കാം: "ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ എല്ലാ നഗരങ്ങളിലും പല്ലിനു പണിയില്ലാതാക്കിയിരിക്കുന്നതു ഞാനാണ്. നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ ആഹാരത്തിന്‍റെ തരിപോലും ഇല്ലാതാക്കി. എന്നിട്ടും നിങ്ങള്‍ എന്‍റെ അടുത്തേക്കു മടങ്ങിവന്നില്ല... ഈജിപ്തില്‍ ചെയ്തതുപോല ഞാന്‍ നിങ്ങളുടെ ഇടയിലേയ്ക്കു മഹാമാരി അയച്ചു... എന്നിട്ടും നിങ്ങള്‍ എന്‍റെ അടുത്തേക്കു മടങ്ങിവന്നില്ല... സോദോമിനെയും ഗോമോറായെയും ഞാന്‍ നശിപ്പിച്ചതുപോലെ നിങ്ങളില്‍ ചിലരെയും ഞാന്‍ നശിപ്പിച്ചു... എന്നിട്ടും നിങ്ങള്‍ എന്‍റെ അടുത്തേക്കു മടങ്ങിവന്നില്ല" (ആമോസ് 4:6-11).

ആമോസിനു നൂറ്റാണ്ടുകള്‍ക്കുശേഷം തങ്ങളുടെ നാട് ശത്രുക്കളാല്‍ കീഴ്പ്പെടുത്തപ്പെട്ടപ്പോള്‍, കുറ്റം ജനത്തിന്‍റേതു തന്നെയാണെന്നു ദാനിയേലും ഏറ്റുപറയുന്നുണ്ട്: "ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, കാരുണ്യവും പാപമോചനവും അങ്ങയുടേതാണ്; എന്നാല്‍ ഞങ്ങള്‍ അങ്ങയോടു മത്സരിച്ചു. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ സ്വരം ഞങ്ങള്‍ ചെവിക്കൊണ്ടില്ല. അവിടുന്ന് തന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ വഴി ഞങ്ങള്‍ക്കു നല്കിയ നിയമം ഞങ്ങള്‍ അനുസരിച്ചില്ല" (ദാനി. 9:9-10).

സംഘാതമായി അവര്‍ അനുഭവിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അവരുടെ പാപം തന്നെയാണെന്ന ചിന്ത വ്യക്തിജീവിതത്തിലെ വേദനകളെയും പ്രശ്നങ്ങളെയും വ്യാഖ്യാനിക്കാനും ഉപയോഗിക്കപ്പെട്ടു. ഉദാഹരണത്തിനു സങ്കീര്‍ത്തനം (37:25) ഇങ്ങനെ പറയുന്നു: "ഞാന്‍ ചെറുപ്പമായിരുന്നു. ഇപ്പോള്‍ വൃദ്ധനായി. നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ, അവന്‍റെ മക്കള്‍ ഭിക്ഷയാചിക്കുന്നതോ ഞാനിന്നോളം കണ്ടിട്ടില്ല." (ആനുഷംഗികമായി പറയട്ടെ, ഇപ്പറഞ്ഞതിനു നേര്‍വിപരീതകാര്യം സങ്കീര്‍ത്തനം 23:12-13ല്‍ നമുക്കു കാണാനാകും: "ഇതാ ഇവരാണു ദുഷ്ടര്‍, അവര്‍ സ്വസ്ഥത അനുഭവിക്കുന്നു. അവരുടെ സമ്പത്തു വര്‍ദ്ധിക്കുന്നു. ഞാന്‍ എന്‍റെ ഹൃദയത്തെ നിര്‍മ്മലമായി സൂക്ഷിച്ചതും എന്‍റെ കൈകളെ നിഷ്കളങ്കതയില്‍ കഴുകിയതും വ്യര്‍ത്ഥമായി." അപ്പോള്‍ സങ്കീര്‍ത്തകന്‍ ഒരിടത്ത് ഒരു സമയത്തു പറയുന്ന കാര്യത്തെ അദ്ദേഹം മറ്റൊരിടത്തു മറ്റൊരു സമയത്തു പറയുന്ന കാര്യംകൊണ്ട് തിരുത്തുന്നുണ്ട്. ഏതെങ്കിലും ഒരു വാക്യം എടുത്ത് എല്ലാ പ്രശ്നങ്ങളെയും എപ്പോഴും വ്യാഖ്യാനിക്കുന്നതു സങ്കീര്‍ത്തകനോടോ ബൈബിളിനോടോ നീതി പുലര്‍ത്തുന്ന പരിപാടിയല്ല.)

അക്കാലത്തെ സാംസ്കാരികബോധം യേശുവിനെ ബാധിച്ചിരുന്നു എന്നതിനു തെളിവുകള്‍ ഉണ്ടല്ലോ. ഉദാഹരണത്തിന് മര്‍ക്കോസ് 7: 24-27ല്‍ വിജാതീയര്‍ നായ്ക്കളോട് ഉപമിക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ പ്രവാചകന്മാരുടെ ചിന്താരീതികളും യേശുവിനെ സ്വാധീനിച്ചിട്ടുണ്ട് എന്നു കരുതുന്നതില്‍ തെറ്റില്ലെന്നു വിചാരിക്കുന്നു.  അതുകൊണ്ടാകണം പീലാത്തോസ് ആളുകളെ വധിച്ചതും സീലോഹായിലെ  ഗോപുരം വീണ് ആളുകള്‍ മരിച്ചതും പാപം നിമിത്തമാണെന്ന് ലൂക്കാ 13:1-9 ല്‍ നാം വായിക്കുന്നത്.

യേശുവിന്‍റെ ഈ നിലപാടിലും മുന്‍പേകണ്ട പ്രവാചകന്മാരുടെ നിലപാടുകളിലും പൊതുവായിട്ടുള്ളത് എന്താണ്? ഏതെങ്കിലും ഒരു പ്രശ്നത്തെ (രോഗം, പട്ടിണി, പ്രളയം) അവര്‍ അഭിമുഖീകരിക്കുന്നു; അതിനു കാരണമായി അവര്‍ ഭൂതകാലത്തിലെ ഏതോ പാപത്തെ അവതരിപ്പിക്കുന്നു; തുടര്‍ന്ന് മാനസാന്തരത്തിലേക്കു കേള്‍വിക്കാരെ ക്ഷണിക്കുന്നു.

എന്നാല്‍ പുതിയനിയമത്തില്‍ നാം പൊതുവേ കാണുന്ന മാനസാന്തരത്തിലേക്കുള്ള ക്ഷണങ്ങളൊക്കെ ഭൂതകാലത്തിലേക്കു വിരല്‍ചൂണ്ടിക്കൊണ്ടല്ല, പിന്നെയോ ഭാവികാലത്തിലേക്കു മിഴികള്‍ ഊന്നിക്കൊണ്ടാണ്. യേശു തന്‍റെ പരസ്യജീവിതം തുടങ്ങുന്നതുതന്നെ അങ്ങനെയാണ്: "ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ. 1:15). ഭൂമി മുഴുവന്‍ വേരു പടര്‍ത്താന്‍ പോകുന്ന ദൈവരാജ്യം തന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും വഴി ആരംഭം കുറിക്കപ്പെട്ടതുകൊണ്ടാണ് കേള്‍വിക്കാര്‍ തങ്ങളുടെ മനോവ്യാപാരങ്ങളെയും ജീവിതനിലപാടുകളെയും പുനഃപരിശോധനയ്ക്കു വിധേയമാക്കാന്‍ യേശു ഉദ്ബോധിപ്പിക്കുന്നത്. കര്‍തൃപ്രാര്‍ത്ഥനയില്‍ നാം ഇടര്‍ച്ചകളില്‍ ചെന്നുപെടാതിരിക്കണമെന്നും നമ്മുടെ തെറ്റുകള്‍ ക്ഷമിക്കപ്പെടണമെന്നും നാം പ്രാര്‍ത്ഥിക്കുന്നതു  സ്വര്‍ഗത്തിലേതുപോലെ തന്നെ ഭൂമിയിലും അവിടുത്തെ ഭരണം നടക്കണമെന്നതുകൊണ്ടാണല്ലോ (മത്താ. 5:9-15). ചുരുക്കത്തില്‍, നാം നമ്മെ തിരുത്തേണ്ടതും അനുതപിക്കേണ്ടതും ഏതെങ്കിലും പകര്‍ച്ചവ്യാധിയോ, പ്രളയമോ നമ്മെ ഗ്രസിക്കുമ്പോളല്ല,  എല്ലാ നിമിഷവുമാണ്. അതിനുകാരണം നാം ദൈവരാജ്യത്തിലെ പൗരന്മാരാണ് എന്നതുമാണ്(എഫേസൂസ് 2:19).

ഇതേ മാതൃകയിലാണ് പൗലോസിന്‍റെ വചനപ്രഘോഷണം നടന്നത് എന്നതിനു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്. ഒന്ന്, നടപടി 17-ാം അധ്യായത്തില്‍ ഏഥന്‍സിലെ അരെയോപ്പാഗസില്‍ വച്ച് ഏഥന്‍സ് നിവാസികളെ പൗലോസ് ക്രിസ്തുവിലേക്കു ക്ഷണിക്കുന്നുണ്ട്. അതിനു കാരണമായി അദ്ദേഹം പറയുന്ന ഒരേയൊരു കാര്യം ക്രിസ്തു മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തു എന്നതാണ്. ഈ ഉത്ഥാനമാണു നമ്മെ ഓരോരുത്തരെയും  കാത്തിരിക്കുന്നത്. അതുകൊണ്ടാണ് നാം ക്രിസ്തുവിലേക്കു തിരിയേണ്ടത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പൗലോസ് എന്തു പറഞ്ഞില്ല എന്നതാണ്. ബി. സി. 86-ല്‍ റോമന്‍ ഭരണകൂടം ഏഥന്‍സിനെ മുച്ചൂടും നശിപ്പിച്ചതാണ്. അതിനെക്കുറിച്ച് പൗലോസ് ഒന്നു പരാമര്‍ശിക്കുന്നുകൂടിയില്ല. രണ്ട്, റോമാക്കാര്‍ക്കുള്ള ലേഖനത്തിലെ എട്ടു മുതലുള്ള അധ്യായങ്ങളിലെ ചില തലക്കെട്ടുകള്‍ മാത്രം സൂചിപ്പിക്കുകയാണ്: വെളിപ്പെടാനിരിക്കുന്ന മഹത്ത്വം, ദൈവസ്നേഹപാരമ്യം, ഇസ്രായേലിന്‍റെ തിരഞ്ഞെടുപ്പ്, കോപവും കാരുണ്യവും, വിജാതീയര്‍ പ്രാപിച്ച നീതി, എല്ലാവര്‍ക്കും രക്ഷ, വിജാതീയര്‍ പ്രാപിച്ച രക്ഷ, ഇസ്രായേലിന്‍റെ പുനരുദ്ധാരണം. തുടര്‍ന്ന് റോമാ 12:1-ല്‍ നാം വായിക്കുന്നു: "ആകയാല്‍ സഹോദരരേ, ദൈവത്തിന്‍റെ കാരുണ്യം അനുസരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍." മാനസാന്തരത്തിലേക്കുള്ള ഏതൊരു ക്ഷണവും ക്രിസ്തുവിനെയും അവനിലൂടെ പ്രോത്ഘാടനം ചെയ്യപ്പെട്ട ദൈവരാജ്യത്തെയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ്; അല്ലാതെ സംഭവിച്ചതോ, സംഭവിക്കാനിരിക്കുന്നതോ ആയ ഏതെങ്കിലും ഭീകരദുരന്തത്തെ കാണിച്ചുകൊണ്ടായിരുന്നില്ല.

ക്രിസ്തു, പൗലോസ്, ഞാന്‍

യേശുവിന്‍റെ ജീവിതവും നിലപാടുകളും പഠിപ്പിക്കലുകളുമെല്ലാം ദൈവത്തിന്‍റെയും അവിടുത്തെ രാജ്യത്തിന്‍റെയും ആവിഷ്കാരങ്ങളായിരുന്നല്ലോ. അത് ഏതു വിധത്തിലാണു നിര്‍വ്വഹിക്കപ്പെട്ടത് എന്നു പൗലോസ് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗം (ബൈബിള്‍ പണ്ഡിതര്‍ 'മാസ്റ്റര്‍ സ്റ്റോറി' എന്നാണതിനെ വിളിക്കുന്നത്) ഫിലിപ്പിയര്‍ 2: 5-11 ആണ്. നാലു പടവുകള്‍ യേശു ചവിട്ടിയിറങ്ങുന്നതു നമുക്കു കാണാനാകും. ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതിരിക്കുക, തന്നെത്തന്നെ ശൂന്യനാക്കുക, തന്നെത്തന്നെ ദാസനാക്കുക, കുരിശുമരണത്തോളം സ്വയം കീഴ്‌പ്പെടുക -- ഓരോ ചുവടുവയ്പും കുറെക്കൂടി കീഴ്പ്പോട്ടുപോകലാണല്ലോ.  ചുരുക്കത്തില്‍ യേശുവിന്‍റെ ജീവിതത്തിനു കുരിശിന്‍റെ ആകൃതിയാണ്. തേഞ്ഞുതീരലാണ് ആ ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്തുള്ളത്. തുടര്‍ന്ന് ഫിലി. 2:9-ല്‍ പൗലോസ് പറയുന്നു: "അതുകൊണ്ട് ദൈവം അവരെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്കുകയും ചെയ്തു." ദൈവം ഉത്ഥാനത്തിലൂടെ ആ ജീവിതത്തിന് അംഗീകാരമുദ്ര നല്കുന്നതുവഴി ദൈവത്തിന്‍റെ സ്വഭാവവും കുരിശാകൃതിയില്‍ ഉള്ളതാണെന്നു വരുന്നു. ഇവ്വിധത്തില്‍ യേശു ദൈവത്തെ പുനര്‍നിര്‍വ്വചിക്കുകയാണ്.

ദൈവത്തിന്‍റെ സ്വഭാവം കുരിശാകൃതിയിലുള്ളതാണെങ്കില്‍, കുരിശാകൃതിയില്‍ ജീവിതം നയിച്ചവനാണ് ദൈവം അംഗീകാരമുദ്ര ചാര്‍ത്തുന്നതെങ്കില്‍, അവിടുത്തെ രൂപത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ട ഏതൊരാളുടെയും മാര്‍ഗം മറ്റൊന്നാവാന്‍ തരമില്ലല്ലോ. ഫിലി. 2:5-11ല്‍ യേശുവിന്‍റെ ജീവിതം വിവരിച്ച അതേ മാതൃകയില്‍ ഫിലി. 3:4-11ല്‍ തന്‍റെതന്നെ ജീവിതം പൗലോസ് വിവരിക്കുന്നുണ്ട്: "അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്... അത് അവന്‍റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്‍റെ മരണത്തോടു താദാത്മ്യപ്പെടുന്നതിനും വേണ്ടിയാണ്. അങ്ങനെ മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പ് ഞാന്‍ പ്രതീക്ഷിക്കുന്നു."

യേശുവിന്‍റെ കുരിശാകൃതിയിലുള്ള ജീവിതത്തിന്‍റെ തനിയാവര്‍ത്തനമാണ് പൗലോസിന്‍റെ ജീവിതവും. തന്‍റെ ഫരിസേയജീവിതവും അതിന്‍റെ അനേകം തൊങ്ങലുകളും അതില്‍നിന്നു കിട്ടുന്ന അംഗീകാരവും ഒക്കെ നഷ്ടപ്പെടുത്തുകയും യേശുവിന്‍റെ മുറിവുകള്‍ക്കു സമാനമായ മുറിവുകള്‍ സ്വന്തം ജീവിതത്തില്‍ ഏറ്റെടുക്കുകയും (2കോറി. 11:23-28) ചെയ്തുകൊണ്ടാണ് യേശുവിന്‍റെ അതേ ഉത്ഥാനത്തില്‍ പങ്കുപറ്റാനാകുമെന്നു പൗലോസ് പ്രത്യാശ പുലര്‍ത്തുന്നത്. അദ്ദേഹം ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ഉപയോഗിച്ചതു വാഗ്വിലാസമല്ല(1കോറി. 2:1-4), സ്വന്തം ശരീരമാണ്. ഗലാ. 3:1ല്‍ നാം വായിക്കുന്നു: "യേശുക്രിസ്തു നിങ്ങളുടെ മുമ്പില്‍ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു." ബൈബിള്‍ പഠിച്ചവര്‍ പറയുന്നതു പൗലോസ് തന്‍റെ തകര്‍ക്കപ്പെട്ട, മുറിവേറ്റ ശരീരംകൊണ്ടാണ് യേശുക്രിസ്തുവിനെ ക്രൂശിതനായി ചിത്രീകരിച്ചത് എന്നാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ സര്‍വാഭരണ വിഭൂഷിതനായി പോപ്പ് ഇന്നസെന്‍റ് മൂന്നാമനും തുളകള്‍ വീണ ഉടുപ്പുമായി അസ്സീസിയിലെ ഫ്രാന്‍സിസും നില്‍ക്കുകയാണ്. ഈ ഇരുവരില്‍ ആരാണ് ക്രൂശിതനെ പ്രതിനിധീകരിക്കുന്നത്? ഇതിനുള്ള ഉത്തരം പൗലോസ് എങ്ങനെയാണു ക്രൂശിതനെ ചിത്രീകരിച്ചത് എന്നതിന് ഉത്തരമായി മാറുന്നു.

പൗലോസ് തന്നെക്കുറിച്ചുതന്നെ പറയുന്നതു താന്‍ ദൈവത്തിന്‍റെ സഹപ്രവര്‍ത്തകനാണ് എന്നാണ് (1 കോറി. 3:9). ദൈവവും ദൈവത്തിന്‍റെ കൂട്ടുവേലക്കാരും ഒരേ രീതിയില്‍ കുരിശാകൃതിയിലുള്ള ജീവിതമാണു നയിക്കുന്നത്. അതിന്‍റെ അടയാളങ്ങള്‍ അവര്‍ ശരീരത്തില്‍ പേറുന്നുമുണ്ട്. കോവിഡുകാലത്ത് ദൈവത്തെ പ്രഘോഷിക്കേണ്ടത്  ഇത്തരം ശരീരങ്ങളിലൂടെയാണ്. നിറഞ്ഞുതുളുമ്പുന്ന പള്ളികളാണു ദൈവത്തിന്‍റെ നേര്‍സാക്ഷ്യങ്ങളെന്ന് ആരാണു നമ്മോടു പറഞ്ഞത്? വാഗ്ധോരണികളോ, നെടുങ്കന്‍ ക്ലാസുകളോ, പടുകൂറ്റന്‍ കെട്ടിടങ്ങളോ അല്ല കോവിഡുകാലത്ത് വേണ്ടത്, പിന്നെയോ വിയര്‍ക്കുന്ന ശരീരങ്ങളാണ്. അത്തരത്തിലുള്ളവരാണു ദൈവത്തിന്‍റെ കൂട്ടുവേലക്കാര്‍. അവര്‍ക്കാണു ദൈവസന്നിധിയില്‍ ഇടം കിട്ടുന്നത്: "അവന്‍ അഞ്ചാമത്തെ മുദ്ര തുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനു കീഴില്‍ ഞാന്‍ കണ്ടു"(വെളി. 6:9); "ഇവരാണു വലിയ ഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്‍റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍  കഴുകി വെളുപ്പിച്ചവര്‍. അതുകൊണ്ട് ഇവര്‍ സിംഹാസനത്തിന്‍റെ മുമ്പില്‍ നില്‍ക്കും"(വെളി. 7:14-15).  

ക്രിസ്തു ആരാണ്? പൗലോസ് പറയുന്നു: "എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനാണ് അവന്‍" (ഗലാ. 2:20). അപ്പോള്‍ അവനെ അനുകരിക്കാനുള്ള ഒരേയൊരു മാര്‍ഗം എന്താണ്? "വല്‍സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍. ക്രിസ്തു നമ്മെ സ്നേഹിക്കുകയും നമുക്കായി  സ്വയം നല്കുകയും ചെയ്തതുപോലെ നിങ്ങള്‍ സ്നേഹത്തില്‍ ചരിക്കുക. ഇതാണ് അവിടുന്നു ദൈവത്തിനുവേണ്ടി സമര്‍പ്പിച്ച സുരഭില കാഴ്ചയും ബലിയും"(എഫേ. 5:1-2). (Be imitators of God, as beloved children. And walk in love, as Christ loved us and gave himself up for us, a fragrant offering and sacrifice to Godഎന്നാണ് RSVബൈബിള്‍. ഇതിന്‍റെ POC വിവര്‍ത്തനത്തില്‍  അപാകതയുണ്ടെന്നാണു തോന്നുന്നത്.)

ലോക്ഡൗണിലായിരുന്ന ശിഷ്യസമൂഹത്തോട് ഉത്ഥിതന്‍ പറയുന്നത് "പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു" എന്നാണ്(യോഹ 20:21). നാം ക്രിസ്തുവിന്‍റെ അവയവങ്ങളാണെന്നാണു 1 കോറി. 12:22 പറയുന്നത്. അപ്പോള്‍ ക്രിസ്തുവിന്‍റെ ശൈലിയെ എപ്പോഴും എവിടെയും അനുകരിക്കുന്നവരാകേണ്ടവരാണു നമ്മള്‍. പ്രായോഗികതലത്തില്‍ അതു സേവനമായി പരിണമിക്കുന്നു: "സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച്, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്, നന്മ ചെയ്യാം" (ഗലാ. 6:10).

സമാനമായ രണ്ടു സംഭവങ്ങള്‍ പുതിയനിയമത്തിലുണ്ട്. ഒന്നാമത്തേത് യോഹ. 9-ലാണ്. അന്ധന്‍റെ മുമ്പില്‍ ദൈവശാസ്ത്രവിശദീകരണം നടത്തുകയല്ല, അവന്‍റെ വേദനയെ ലഘൂകരിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുകയാണ് യേശു. രണ്ടാമത്തേതു നടപടി 11-ാം അധ്യായത്തിലാണ്. ക്രിസ്തുമാര്‍ഗം സ്വീകരിച്ച അന്ത്യോക്യായിലുള്ളവര്‍ ഒരുമിച്ചു കൂടിയപ്പോള്‍ ജറുസലെമില്‍നിന്നു വന്ന ചിലര്‍ ഉടനെ ഒരു വരള്‍ച്ച ഉണ്ടാകുമെന്നു മുന്നറിയിപ്പു കൊടുക്കുന്നു. മൂന്നു കാര്യങ്ങളാണ് അന്ത്യോക്യയിലുള്ള വിശ്വാസികള്‍ ചെയ്തത്: ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് ആരാണ് എന്നു കണ്ടെത്തുക; അവര്‍ക്കു വേണ്ട സഹായങ്ങള്‍ എത്തിച്ചുകൊടുക്കുക; അതിനുവേണ്ടി പറ്റിയ ആളുകളെ നിയോഗിക്കുക.

കോവിഡുകാലത്ത് ക്രൈസ്തവ ശിഷ്യത്വവും വിശ്വാസവും ആവിഷ്കരിക്കപ്പെടേണ്ടതു സമാനമായ രീതിയില്‍ തന്നെയാണ്. കോവിഡിന്‍റെ കാരണം എന്തുമാകട്ടെ, ഇക്കാലം ആവശ്യപ്പെടുന്ന നന്മ ചെയ്യുക; ആ നന്മ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന മുറിവുകളെ ഏറ്റെടുക്കുക; അതുവഴി ദൈവത്തിന്‍റെ രാജ്യം ഇവിടെ വ്യാപൃതമാകുന്നതില്‍  ദൈവത്തിന്‍റെ കൂട്ടുവേലക്കാരാകുക. "അവനോടൊപ്പം സഹിക്കുന്നവര്‍ക്കേ അവനോടൊപ്പം മഹത്ത്വമുണ്ടാകൂ" (റോമ. 8.17).

You can share this post!

പാരിജാതം പോലൊരു പെണ്‍കുട്ടി

ആന്‍റണി അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts