മുംബൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തുന്നതായിരുന്നു ഈശോ സഭാ വൈദികന്‍ പ്ലാസിഡോ ഫോണ്‍സെകായുടെ വിയോഗം. നാലു പതിറ്റാണ്ട് ദീര്‍ഘിച്ച ശുശ്രൂഷയ്ക്കിടെ നാല്‍പ്പതിനായിരത്തില്‍പ്പരം തെരുവു ബാല്യങ്ങള്‍ക്കു പുതുജീവിതം സമ്മാനിച്ച ആ വന്ദ്യവൈദികനെ അനുസ്മരിക്കുന്നു ലേഖകന്‍.
"ചിരിക്കാനോ കരയാനോ കഴിയാത്ത എന്നെ നീ ചിരിക്കാനും കരയാനും പഠിപ്പിച്ചു. വിവേകത്തിലും പക്വതയിലും ഞാന്‍ വളരാന്‍ നീ കാരണമായി. സംസാരിക്കുംമുമ്പേ ചിന്തിക്കാനും ചിന്തിക്കുംമുമ്പേ പ്രാര്‍ത്ഥിക്കാനും എനിക്കു പരിശീലനം തന്നു. എല്ലാറ്റിനും ഉപരി അനാഥനായിരുന്ന എന്നെ സനാഥനാക്കി." 'ട്രാക്സ്' എന്ന പുസ്തകത്തില്‍, തന്‍റെ എല്ലാമായ വളര്‍ത്തപ്പനെക്കുറിച്ച് ഒരു കുട്ടി എഴുതിയ വരികളാണിത്.
മുംബൈ നഗരത്തിന്‍റെ തെരുവുകളെ സ്നേഹം കൊണ്ട് കീഴടക്കിയ ഫാ. പ്ലാസിഡോ ഫോണ്‍ സെകായ്ക്ക എന്ന ഈശോ സഭാ വൈദികനാണ് ആ പുസ്തകത്തിന്‍റെ രചയിതാവ്. കഴിഞ്ഞ ജൂലായ് 31 ന് 84-ാം വയസില്‍ ഫാ. പ്ലാസിഡോ നിത്യസമ്മാനത്തിനായി യാത്രയായി. തെരുവിലെ അഴുക്കു ചാലുകളില്‍നിന്നും അദ്ദേഹം വീണ്ടെടുത്ത ബാല്യ ങ്ങളുടെ നിഷ്കളങ്കമായ വാക്കുകള്‍മാത്രം മതി, പ്ലാസിഡോ അച്ചനെ മനസിലാക്കാന്‍. 43 വര്‍ങ്ങള്‍ കൊണ്ട് 40,000ത്തോളം കുട്ടികളെ ഫാ. പ്ലാസിഡോ തെരുവില്‍നിന്നും രക്ഷപ്പെടുത്തിയെന്നാണു കണക്ക്.
1985ല്‍ 'ചൈല്‍ഡ് വെല്‍ഫെയര്‍' നാഷണല്‍ അവാര്‍ഡു നേടിയ ഫാ. പ്ലാസിഡോ അന്നത്തെ രാഷ്ട്രപതി ഡോ. ഗ്യാനി സെയില്‍സിംഗില്‍ നിന്നാണ് അതേറ്റുവാങ്ങിയത്. തെരുവുകുട്ടികള്‍ക്കായുള്ള നെറ്റ്വര്‍ക്കിങ് ആന്‍റ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്സനായിരുന്നു. ഫ്രാന്‍സ് ആസ്ഥാനമായ അന്തര്‍ദേശീയ കാത്തലിക് ചൈല്‍ഡ് ബ്യൂറോയില്‍ അംഗമായിരുന്ന ഇദ്ദേഹത്തിന് അന്തര്‍ദേശിയ കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് തയ്യാറാക്കിയ സമിതിയില്‍ അംഗമായിരുന്നു. മുംബൈ ടാറ്റാ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 'ചൈല്‍ഡ് ലൈന്‍' സംവിധാനത്തിലൂടെ കുട്ടികളുടെ സുരക്ഷ സാധ്യമാക്കാന്‍ വേണ്ടി ഇന്ത്യയിലുടനീളം ബോധവല്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചതിന്‍റെ മുന്നിരയിലും ഈ വൈദികന്‍ ഉണ്ടായിരുന്നു - ഫാ. പ്ലാസിഡോ
ഋതുക്കള്‍ മാറിമറിഞ്ഞു; വികൃതി സ്വഭാവവും
വികൃതികളുടെ ജീവിതം നേരെയാക്കാന്‍ മഹാവികൃതിയായ തന്നെ ദൈവം ഉപകരണമാ ക്കുകയായിരുന്നു എന്നാണ് ഫാ. പ്ലാസിഡ് പറഞ്ഞിട്ടുള്ളത്. വീട്ടിലും കോളജിലും മഹാവികൃതിയായിരുന്നു അദ്ദേഹം. കൊള്ളരുതാത്തവനായി എവിടെയും മുദ്രകുത്തപ്പെട്ടവന്‍. വികൃതികള്‍ക്കിടയിലും പ്ലാസിഡോ വൈദികജീവിതം സ്വപ്നം കണ്ടിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പിന്തിരിപ്പന്‍ സ്വഭാവമുള്ള തനിക്ക് വൈദികപദവി അപ്രാപ്യമാണെന്നു കരുതിയതിനാല്‍ ആദ്യമൊക്കെ ഈ ചിന്തകളെ പ്ലാസിഡോ നിരാകരിച്ചു. പക്ഷേ, ഋതുക്കള്‍ മാറിമറിഞ്ഞു; പ്ലാസിഡോയുടെ വികൃതിനിറഞ്ഞ സ്വഭാവവും. പൗരോഹിത്യ ജീവിതത്തിലേക്കുള്ള വഴിതുറക്കലായിരുന്നു ആ മാറ്റത്തിന്‍റെ ആകെത്തുക.
എത്ര കൊള്ളരുതാത്തവനെയും സ്നേഹിക്കുന്ന ദൈവമുണ്ടെന്ന തിരിച്ചറിവ് പ്ലാസിഡോയ്ക്കു കരുത്തായി. വെറുമൊരു അനുഭൂതിയായിരുന്നില്ല ഈ ദൈവാനുഭവം. മനുഷ്യരക്ഷക്കായി മനുഷ്യനായി പിറന്ന്, പാപികളോടും ചുങ്കക്കാരോടും തിരസ്കൃതരോടുമൊപ്പം ഭക്ഷണം കഴിച്ച്, അവരില്‍ ഒരുവനായി തീര്‍ന്ന ക്രിസ്തുവിന്‍റെ രൂപം പ്ലാസിഡോയുടെ മനസില്‍ നിറഞ്ഞുനിന്നു. ജീവിതംകൊണ്ട് സുവിശേഷം രചിച്ചു തനിക്കു മുമ്പേ നടന്നവന്‍റെ വഴി പിന്തുടരാന്‍ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, മുംബൈ മസ്ഗോണ്‍ ഇടവകയിലെ സെക്ക്റി- എസ്തപ്പ നിയാ ദമ്പതികളുടെ മകന്‍ പ്ലാസിഡോയ്ക്ക്.
മുംബൈ സെന്‍റ് സേവ്യേഴ്സ് കോളജില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദംനേടി 1959-ല്‍ ഈശോസഭാംഗമായി ചേര്‍ന്നു. 1970-ല്‍ വൈദികനായി. തിരുപ്പട്ടം എന്ന ദൈവിക മുദ്ര ശിരസ്സില്‍ പതിച്ച അന്ന് പ്ലാസിഡോ പ്രയാണം ആരംഭിച്ചു, തെരുവിലെ വ്രണിത ബാല്യങ്ങളുടെ ജീവിതത്തിലേക്ക്. അവരുടെ അപ്പനും അമ്മയും സഹോദരനുമായി മാറുകയായിരുന്നു ഫാ. പ്ലാസിഡോയുടെ നിയോഗം.
'സ്നേഹസദനി'ലേക്ക്
മനം നിറയെ സ്നേഹം, വീടില്ലാത്തവര്‍ക്കു വീട്, അഭയമില്ലാത്തവര്‍ക്ക് അഭയം. വിശക്കുന്നവര്‍ക്ക് അപ്പത്തിന്‍റെ ഗൃഹം. ഇരുട്ടില്‍ ചരിക്കുന്നവനു പ്രകാശം. അതാണ് മുംബൈ ഈശോസഭാ സമൂഹത്തിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 'സ്നേഹസദന്‍.' ഇവിടെ ഒന്നിനും കുറവില്ല. സമര്‍ത്ഥരെങ്കില്‍ സര്‍വ്വകലാശാല പഠനത്തിനും അവസരം. കൂടാതെ, തൊഴില്‍ പരിശീലനത്തിനും അവസരമൊരുക്കും. ഒറ്റക്കാര്യമേ നിര്‍ബന്ധമുള്ളൂ: സ്വന്തം കാലില്‍ നില്‍ക്കാന്‍ തക്കവണ്ണം വളരണം, മുഖ്യധാരാ സമൂഹത്തിനൊപ്പം ജീവിക്കണം.
ഭവനരഹിതര്‍ക്കും അഗതികള്‍ക്കുമായി അന്ധേരി ഹോളിഫാമിലി ദൈവാലയത്തിനു സമീപം 1962-ല്‍ തുടക്കമിട്ട സ്നേഹസദന്‍റെ ഡയറക്ടറായി 1970 ലാണ് ഫാ. പ്ലാസിഡോ എസ്.ജെ. എത്തുന്നത്. ജര്‍മനിയില്‍നിന്ന് കടം കൊണ്ട ശൈലിയിലാണ് സ്നേഹസദന്‍റെ പ്രവര്‍ത്തനം. എല്ലാ സൗകര്യങ്ങളോടും കൂടിയ 16 വീടുകള്‍, 11 എണ്ണം ആണ്‍കുട്ടികള്‍ക്കും അഞ്ച് എണ്ണം പെണ്‍കുട്ടികള്‍ക്കും. ഓരോ ഭവനത്തിലും 25 മുതല്‍ 30വരെ കുട്ടികളും അവരുടെ വളര്‍ത്തു മാതാപിതാക്കളും ഉണ്ടാകും. രണ്ടും മൂന്നും മക്കളുള്ള ഈ ദമ്പതികള്‍ക്കാണ് അവരുടെ ഉത്തരവാദിത്വം. സ്നേഹസദനിലെ കുട്ടികള്‍ പിതാവിന്‍റെയും മാതാവിന്‍റെയും സ്നേഹം അനുഭവിച്ച് വളരണം എന്നതിനാലാണ് ഈ ക്രമീകരണം. സ്വന്തം കുഞ്ഞിനെ എന്നപോലെ ഓരോ കുട്ടിയെയും അവര്‍ സംരക്ഷിക്കണം.
വിവാഹം കഴിഞ്ഞു ചുരുങ്ങിയതു 10 വര്‍ഷമെങ്കിലും പിന്നിട്ട ദമ്പതികളെ മാത്രമേ ഈ ശുശ്രൂഷയ്ക്കു തിരഞ്ഞെടുക്കൂ. ദമ്പതികളുടെ കുട്ടികളും മറ്റു കുഞ്ഞുങ്ങളോടൊപ്പം ഈ ഭവനത്തില്‍ വളരും.
പുരുഷന്മാര്‍ സ്ഥാപനത്തിനു വെളിയില്‍ ജോലി ചെയ്യണം. എന്നാല്‍, രാത്രിജോലി പാടില്ല. സ്ത്രീകള്‍ക്കു സ്ഥാപനത്തിലെ ജോലിക്കു തക്കതായ ശമ്പളം കൊടുക്കും. ദമ്പതികളും കുഞ്ഞുങ്ങളും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം. കുട്ടികള്‍ ഭക്ഷണം എന്ത് ആവശ്യപ്പെട്ടാലും അത് ഉണ്ടാക്കി എല്ലാവര്‍ക്കുമായി കൊടുക്കണം. ടി.വി, ഫ്രിഡ്ജ് തുടങ്ങി എല്ലാ സാധനങ്ങളും വീട്ടിലുണ്ടാകണം. ഒന്നിനും കുറവുണ്ടാകരുത്. പെണ്‍കുട്ടികളുടെ ഭവനങ്ങളില്‍ അഞ്ച് സന്യാസിനി സമൂഹങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകളാണ് മേല്‍നോട്ടം വഹിക്കുന്നത്. സാധാരണ ഒരു ഉത്തമ കുടുംബം എങ്ങനെയാണോ അതാണ് ഇവിടത്തെ 16 കുടുംബങ്ങളും.
കുട്ടികളുടെ പശ്ചാത്തലം നന്നായി അറിയാവുന്നതുകൊണ്ട് വളര്‍ത്തു മാതാപിതാക്കളുടെ ശ്രദ്ധക്ക് ഫാ. പ്ലാസിഡോ നല്കിയ നാലു നിര്‍ദേശങ്ങളും ശ്രദ്ധേയമാണ്: 1. കണ്ണുതുറന്ന് ഉറങ്ങണം. 2. കുഞ്ഞുങ്ങള്‍ പറയാത്ത കാര്യങ്ങളും കേള്‍ക്കണം. 3. കുഞ്ഞുങ്ങളുടെ പാദങ്ങളില്‍ ഒരു നോട്ടം ഉണ്ടാകണം. 4. ചെറിയ ഗ്രൂപ്പുകളായി മാത്രമേ സഞ്ചരിക്കാന്‍ വിടാവൂ. കുട്ടികളുടെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം, പരിസരശുചിത്വം തുടങ്ങി എത്ര നിസ്സാരകാര്യമായാലും 16 കുടുംബങ്ങളിലേക്കും ഫാ. പ്ലാസിഡോയുടെ കണ്ണുകള്‍ പറന്നെത്തുമായിരുന്നു. കണ്ണുതുറന്ന് ഉറങ്ങണമെന്ന സ്വന്തം നിര്‍ദേശം അക്ഷരംപ്രതി പാലിക്കുന്നതിന്‍റെ നേര്‍സാക്ഷ്യം.
പുനര്‍ജനിക്കുന്ന ജീവിതങ്ങള്‍
ഇന്ത്യയുടെ ഏതാണ്ട് എല്ലാ ഭാഗത്തുനിന്നുമുള്ള കുട്ടികള്‍ ഇവിടെയുണ്ട്. പല സ്ഥലങ്ങളില്‍നിന്ന് എങ്ങോട്ടെന്നറിയാതെ വന്‍നഗരങ്ങളില്‍ വന്നു ചേരുന്ന ഇവരുടെ യാത്രകള്‍ പലപ്പോഴും അവസാനിക്കുന്നതു വന്‍ദുരന്തങ്ങളിലാണ്. മയക്കുമരു ന്നിനടിപ്പെട്ടവര്‍, മോഷ്ടാക്കള്‍, കുറ്റവാളികള്‍... ഇങ്ങനെ വിവിധ വേഷഭാവങ്ങളില്‍ അവര്‍ ജീവിക്കുന്നു. കുട്ടിത്തത്തിന്‍റെ ഭാവങ്ങള്‍ നഷ്ടപ്പെട്ട് നിറം അന്യമായ ജീവിതം! ഇപ്രകാരമുള്ള കുട്ടികളെ കണ്ടെത്തി അവരുമായി സംസാരിച്ച്, താല്പ്പര്യമുള്ള വരെയാണ് സ്നേഹസദനിലേക്കു കൊണ്ടുവരുന്നത്.
വീട്ടില്‍ തുടരാന്‍ താല്പ്പര്യമില്ലാത്തവര്‍ക്കു മടങ്ങിപ്പോകാനും സ്വാതന്ത്ര്യമുണ്ട്. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരികയുമാവാം. ഒരിക്കലും കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സമീപനം സ്നേഹസദനില്‍ ഉണ്ടാവില്ല. കഴിവനുസരിച്ച് എതുവരെ വേണമെങ്കിലും പഠിക്കാം. സ്വഭവനങ്ങള്‍ കണ്ടെത്തി പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനും അവസരം ഒരുക്കും. എല്ലാ ആഴ്ചയും 16 ഭവനങ്ങളിലെയും മാതാപിതാക്കളുടെ യോഗമുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം.
വര്‍ഷം തോറും ഓരോ കുഞ്ഞുങ്ങളുടെയും സ്ഥിതിവിവരങ്ങളും വളര്‍ച്ചയും പുരോഗതിയും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കും. കുഞ്ഞുങ്ങളെ കേള്‍ക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ അറിയുന്നതിനും കുട്ടികളുമായി ഇടയ്ക്കിടെ നടത്തുന്ന വ്യക്തിപരമായ കൂടിക്കാഴ്ച കളും സ്നേഹസദന്‍റെ സവിശേഷതയാണ്.
ഫലം കണ്ട ജര്‍മ്മന്‍ മോഡല്‍
സ്നേഹസദനില്‍ നിന്ന് വിവാഹജീവിതത്തിലേക്കു പ്രവേശിച്ച് സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നവര്‍ നിരവധി. അവരുടെ വിവാഹ വാര്‍ഷികങ്ങള്‍ സ്നേഹസദനില്‍ ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തും ജോലിചെയ്യുന്ന നഴ്സുമാര്‍, അധ്യാപകര്‍, മറ്റ് പ്രൊഫഷണലുകള്‍, ബിസിനസ്സുകാര്‍ തുടങ്ങി കോടികളുടെ ആസ്തി യുള്ളവര്‍വരെയുണ്ട് ആ കൂട്ടത്തില്‍. ഏതാനും ചിലരെ കര്‍ത്താവ് തന്‍റെ മുന്തിരിത്തോപ്പിലേക്കും വിളിച്ചിട്ടുണ്ടെന്നതും ഫാ. പ്ലാസിഡോയെ സന്തോഷഭരിതനാക്കിയിരുന്നു.
സ്നേഹസദനില്‍ വന്നവരില്‍ ചുരുക്കം ചിലര്‍ തന്നിഷ്ടപ്രകാരം തകര്‍ച്ചകളുടെ വഴികളിലേക്കു തിരികെപോയതിനെപ്രതിയും ദുഃഖിതനായിരുന്നു അദ്ദേഹം. കുരുന്നുജീവിതങ്ങളുടെ പരുക്കന്‍ അനുഭവങ്ങളെ പച്ചയോടെ കണ്ട് ഹൃദയംപൊട്ടി കരഞ്ഞവനായിരുന്നു ഫാ. പ്ലാസിഡോ. അനാഥത്വത്തില്‍നിന്നും സനാഥത്വത്തിലേക്ക് തങ്ങളെ കൈപിടിച്ചുയര്‍ത്തിയ പ്ലാസിഡോ അച്ചന്‍റെ വിയോഗ വാര്‍ത്തയറിഞ്ഞ് കണ്ണീരുതുടയ്ക്കുന്ന അനേകര്‍ മുംബൈ നഗരത്തില്‍ മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്.
(കടപ്പാട്: പ്രവാചകശബ്ദം)