news-details
വേദ ധ്യാനം

വചനപ്രഘോഷണങ്ങള്‍ വചനത്തോടു ചെയ്യുന്നത്

അടുത്തയിടെ ഗള്‍ഫിലെ തന്‍റെ ഇടവകപ്പള്ളിയിലെ ധ്യാനം കൂടിയിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ ഈ ലേഖകന്‍റെ സഹോദരി ഫോണില്‍ വിളിച്ചു. അവള്‍ ചോദിച്ച കാര്യം ഇവിടുത്തെ അനേകം കേള്‍വിക്കാരുടെ സംശയമാണ്: "ഇതെന്താ ഈ ധ്യാനപ്രസംഗങ്ങളില്‍ പഴയനിയമം മാത്രം പറയുന്നത്?" വാക്കുകള്‍ക്കും വാക്യങ്ങള്‍ക്കുമിടയിലെ ചിഹ്നങ്ങള്‍ പോലെ "യേശുവേ സ്തോത്രം" എന്നു പറയുന്നതൊഴിച്ചാല്‍ മിക്കവാറും ഉദ്ധരണികളെല്ലാം പഴയനിയമത്തില്‍ നിന്നാണ്. പഴയനിയമം പേര്‍ത്തും പേര്‍ത്തും ഉദ്ധരിക്കുമ്പോഴും അതില്‍ത്തന്നെയുള്ള ചില കാര്യങ്ങള്‍ ഈ പ്രഘോഷണങ്ങള്‍ തമസ്കരിക്കുകയും ചെയ്യുന്നു. അങ്ങനെ യേശു സുവിശേഷം പറഞ്ഞവരോട് ഇവിടുത്തെ പ്രഘോഷകര്‍ ദുര്‍വിശേഷവും, അവന്‍ ദുര്‍വിശേഷം പറഞ്ഞവരോട് അവര്‍ സുവിശേഷവും പറഞ്ഞുകൊണ്ടിരിക്കുന്നു. 
 
കാര്യം കുറച്ചുകൂടി വ്യക്തമാക്കാന്‍ രണ്ട് ഉദാഹരണങ്ങള്‍ മാത്രം പരിഗണിക്കുകയാണ്: 
 
(1) യേശുവിന്‍റെ ജീവിതത്തെയും സന്ദേശത്തെയും നാം പൊതുവെ വിളിക്കുന്നതു 'സുവിശേഷം' -നല്ല വാര്‍ത്ത- എന്നാണല്ലോ. അവന്‍റെ സമീപത്തെത്തിയ ഏതെങ്കിലും പാപിയോ, അശുദ്ധനോ, ഗണികയോ ഭാരമുള്ള മനസ്സുമായി മടങ്ങിയതായി ഒരൊറ്റ തെളിവു പോലുമില്ല. നമ്മള്‍ മറ്റുള്ളവരോടു പറയുന്ന മിക്ക ഗുണപാഠകഥകളിലും നല്ലവരാണ് മാതൃകകള്‍. ഉദാഹരണത്തിന് 'ആമയുടെയും മുയലിന്‍റെയും' കഥയില്‍ ഒന്നാമതെത്തിയ ആമയാണ്, ഉറങ്ങിപ്പോയ മുയലല്ല മാതൃക. എന്നാല്‍ യേശുവിന്‍റെ എത്ര കഥകളിലാണു മോശക്കാരും വില്ലന്മാരുമൊക്കെ മാതൃകകളാകുന്നത്! വഴി തെറ്റിയ ആട്, കാണാതെ പോയ നാണയം, ഇറങ്ങിപ്പോയ മകന്‍, മുന്തിരിത്തോട്ടത്തില്‍ ഒരു മണിക്കൂര്‍ മാത്രം അദ്ധ്വാനിച്ച കൂലിപ്പണിക്കാരന്‍.... അങ്ങനെ മനസ്സില്‍ മായാതെ നില്ക്കുന്ന കുറെ കഥകള്‍. കനം തൂങ്ങിയ മനസ്സുമായി വന്ന അവന്‍റെ കേള്‍വിക്കാര്‍ക്ക് ഈ കഥകളൊക്കെ തൂവല്‍സ്പര്‍ശം പോലെ അനുഭവപ്പെട്ടിട്ടുണ്ടാകണം. 
 
 
ഈ കഥപറച്ചിലുകാരന്‍റെ പേരില്‍ ഇന്നു നടത്തപ്പെടുന്ന പ്രഘോഷണങ്ങള്‍ എത്രമാത്രം സാധാരണക്കാരെ ഭാരപ്പെടുത്തുന്നുണ്ടെന്നോ! ഒരൊറ്റ ഉദാഹരണം പരിഗണിച്ചാല്‍ കാര്യം വ്യക്തമാകും. ഇക്കാലത്ത് ഭക്തകേന്ദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ പറയുന്ന ഒരു കാര്യമാണ് പൂര്‍വ്വപിതാക്കന്മാരുടെ  പാപം. അതിനെക്കുറിച്ചു പറയുന്ന പല  പഴയനിയമ ഭാഗങ്ങളുണ്ടു താനും. എന്നാല്‍ എന്തുകൊണ്ടാണ് ഇവര്‍ എസെക്കിയേല്‍ 18: 1-20 കേള്‍വിക്കാരില്‍ നിന്നു മറച്ചു പിടിക്കുന്നത്? യേശുവിന് ഏകദേശം 500 കൊല്ലം മുമ്പ് 'പൂര്‍വ്വപിതാക്കന്മാരുടെ പാപം' എന്നത് അസംബന്ധമായി ഈ പ്രവാചകന്‍ തള്ളിക്കളഞ്ഞതാണ്. മറ്റൊന്ന്, യേശുവിന്‍റെ പഠിപ്പിക്കലുകളില്‍ ഒരിടത്തുപോലും ഇടം കിട്ടാതെ പോയ ഒന്നുമാണ് പൂര്‍വ്വപിതാക്കന്മാരുടെ പാപം. 
 
ഇവിടെ ഒരു പ്രധാന പ്രശ്നം ഉയര്‍ന്നുവരുന്നു.  എങ്ങനെയാണ് പഴയനിയമം വായിക്കേണ്ടത്? ഒരുത്തരം ലഭിക്കാന്‍ നമുക്കു രണ്ടു കൂട്ടരെ പരിഗണിക്കാം: യേശുവും ഫരിസേയരും. ഇരുകൂട്ടരും യഹോവയെ ധ്യാനിച്ചവര്‍, പഴയ നിയമം വായിച്ചവര്‍. എന്നിട്ടും ഇരുകൂട്ടരും മുന്നോട്ടു വയ്ക്കുന്ന ആത്മീയതയ്ക്ക് വെളിച്ചവും ഇരുട്ടും പോലെ വ്യത്യാസമുണ്ട്. യേശുവും ഫരിസേയരും ഉദ്ധരിച്ചതു മുഴുവന്‍ പഴയനിയമത്തില്‍ നിന്നാണ്. (മഹാത്മാ ഗാന്ധിയും അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്സെയും ഭഗവത്ഗീത വായിച്ചിട്ടും ഇരുവരും എത്തുന്നത് വിപരീതധ്രുവങ്ങളിലാണല്ലോ.) അതിനര്‍ത്ഥം പഴയനിയമത്തിലെ അക്ഷരങ്ങളോടല്ല നാം വിശ്വസ്തത പുലര്‍ത്തേണ്ടത് എന്നാണ്. യേശുവിന്‍റെ കണ്ണുകളിലൂടെ പഴയനിയമം വായിക്കപ്പെടേണ്ടതുണ്ട്. 
 
പഴയനിയമത്തോടുള്ള അമിത ഭക്തി മൂലം അടുത്തു നില്‍ക്കുന്നവന്‍റെ വേദന കാണാതെ പോയവരാണു ഫരിസേയര്‍. അവന്‍റെ വേദന കണ്ടതുകൊണ്ട് ചില പഴയനിയമ ഭാഗങ്ങളൊക്കെ പുതുക്കിപ്പണിയുകയോ, തിരുത്തുകയോ, അവഗണിക്കുകയോ ചെയ്തവനാണ് യേശു. 
 
പഴയനിയമത്തിലെ അതിപ്രധാനമായ പത്തു കല്പനകളുടെ കൂടെ വളരെ 'കൂളാ'യിട്ട് 'നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക' എന്ന കല്പന ചേര്‍ത്തുവയ്ക്കുന്നത് ശ്രദ്ധിക്കുക (മത്താ. 19: 18 - 19). ഭാര്യയില്‍ എന്തെങ്കിലും തെറ്റു കണ്ടാല്‍ അവളെ ഉപേക്ഷിക്കാന്‍  പുരുഷന് മോശ അവകാശം കൊടുത്തിരുന്നു (നിയമാവര്‍ത്തനം 24: 1). മറിച്ച്, അവള്‍ക്ക് അങ്ങനെ അവകാശമൊട്ടില്ലായിരുന്നു താനും. എത്ര ലാഘവത്തോടെയാണ് യേശു ഈ നിയമം തിരുത്തിയെഴുതുന്നത്! (മര്‍ക്കോ. 10: 1-12. യേശു മോശയെ തിരുത്തുന്നത് അംഗീകരിക്കാന്‍ ശിഷ്യന്മാര്‍ പോലും ബുദ്ധിമുട്ടുന്നുണ്ട് : (മത്താ. 19: 10). പാപിനിയെ കല്ലെറിയണമെന്ന മോശയുടെ കല്പനയെ യേശു പൂര്‍ണമായും അവഗണിക്കുകയാണ്. 
 
സുവിശേഷകന്മാര്‍ ആരും പഴയനിയമത്തിന്‍റെ അക്ഷരങ്ങളോട് അമിതവിധേയത്വം കാട്ടിയില്ലെന്നു കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഏശയ്യാ പ്രവാചകന്‍റെ ഉദ്ധരണിയെന്ന രീതിയില്‍ മര്‍ക്കോസ് 1: 2 ല്‍ പറയുന്നത് ശരിക്കും ഏശയ്യാ പറഞ്ഞതല്ല, മലാക്കി പ്രവാചകന്‍ പറഞ്ഞതാണ് (മലാക്കി  3: 1 എ). തുടര്‍ന്ന്, "കര്‍ത്താവ് ദേവാലയത്തില്‍ വരു" മെന്ന സുപ്രധാന ഭാഗം (മലാക്കി 3: 1 ബി) മര്‍ക്കോസ് വിട്ടുകളഞ്ഞിട്ട് മര്‍ക്കോസ് 1: 3 ല്‍ ഏശയ്യാ (ഏശ. 40: 3) പറഞ്ഞത് ചേര്‍ത്തുവയ്ക്കുകയാണ്. മര്‍ക്കോസ് പഴയനിയമ ഉദ്ധരണികളോടു വേണ്ടത്ര വിശ്വസ്തത പുലര്‍ത്തിയില്ലെന്ന് അന്നു തന്നെ മനസ്സിലായിരുന്നു എന്നതിന്‍റെ തെളിവാണ് മത്തായിയും ലൂക്കായും മര്‍ക്കോസിനെ തിരുത്തുന്നു എന്നത്. മര്‍ക്കോസ് 1: 2 ല്‍ പറഞ്ഞത് മത്തായിയും (3: 3) ലൂക്കായും (3: 4 - 6) തള്ളിക്കളയുകയാണ്. 
ഇവയില്‍ നിന്നൊക്കെ നമുക്കു മനസ്സിലാകുന്നത് വേദഗ്രന്ഥം പോലും കണ്ണുംപൂട്ടി വായിക്കാനുള്ളതല്ല എന്നാണ്. വേദഗ്രന്ഥത്തിലെ അക്ഷരങ്ങളോടുള്ള വിശ്വസ്തത ഫരിസേയരുടെ വ്യാഖ്യാനരീതിയാണ്. അതു മൗലികവാദമാണ്.
 
(2) അനീതിയുടെ പര്യായമായി നിന്ന രാജാധികാരത്തിനെതിരെ വിരല്‍ ചൂണ്ടിയ നാഥാന്‍റെയും ചൂഷകരായി മാറിയ പുരോഹിതന്മാരെ നിശിതമായി വിമര്‍ശിച്ച എസെക്കിയേലിന്‍റെയും പുഴുക്കുത്തേറ്റ ദേവാലയത്തിനെതിരെ നിരന്തര സമരത്തിലേര്‍പ്പെട്ട അനേകം പ്രവാചകന്മാരുടെയും പാരമ്പര്യമാണ് സ്നാപക യോഹന്നാന്‍റേതും യേശുവിന്‍റേതും. യേശു ഉപയോഗിച്ച ഏറ്റവും കഠിനമായ പദങ്ങള്‍ അക്കാലത്തെ അധികാരകേന്ദ്രങ്ങള്‍ക്കെതിരെ ആയിരുന്നല്ലോ. എന്നാല്‍, ദൈവത്തോടു മാത്രമല്ല, അധികാരകേന്ദ്രങ്ങളോടും ഭക്തിയുണ്ടാകണമെന്നാണ് ഇവിടുത്തെ മിക്ക വചനപ്രഘോഷണങ്ങളും സര്‍വ്വഥാ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.  അനുസരണമെന്ന പുണ്യം മറ്റെല്ലാ പുണ്യങ്ങള്‍ക്കും മേലേ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ബുദ്ധിയെ പണയപ്പെടുത്തുന്നതും ചോദ്യം ചെയ്യാതിരിക്കുന്നതുമാണത്രേ യഥാര്‍ത്ഥ വിശ്വാസം! യേശു അന്നു നിലവിലിരുന്ന സകലതിനെയും ചോദ്യം ചെയ്തതിനെ, അപ്പോള്‍, എങ്ങനെ ഗ്രഹിക്കണമെന്നു മാത്രം മനസ്സിലാകുന്നില്ല. അധികാരി ദൈവത്തിന്‍റെ പ്രതിനിധിയാണെന്നും അധികാരിയെ ചോദ്യം ചെയ്യുന്നത് ദൈവത്തെ ചോദ്യം ചെയ്യുന്നതിനു തുല്യമാണെന്നും ആണ് പല വചനപ്രഘോഷകരുടെയും വാദം. ഇതേ പ്രഘോഷകര്‍ കള്ളുകുടിയനെയും ശരീരം കൊണ്ട് ഇടറിയവളെയും കണക്കറ്റു ശകാരിക്കുകയും ചെയ്യുന്നു. എന്നാല്‍ യേശു പറഞ്ഞത് വിശക്കുന്നവനും ദാഹിക്കുന്നവനും നഗ്നനും അവന്‍തന്നെയാണെന്നാണ്. അപ്പോള്‍ ദൈവത്തിന്‍റെ ഇവിടുത്തെ പ്രതിനിധികള്‍ ആരാണ്: അധികാരികളോ അതോ വേദനിക്കുന്നവരോ? എന്തുകൊണ്ടാണ് ഇവിടുത്തെ സാധാരണക്കാര്‍ക്കെതിരെ ആക്രോശിക്കുന്നതും ശപിക്കുന്നതും ദൈവത്തിനെതിരായിട്ടുള്ള ആക്രോശമായി മാറാത്തത്? ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഭക്തി അധികാരത്തോടുള്ള വിധേയത്വമായി മാറിയിരിക്കുകയാണ്. അതുകൊണ്ടായിരിക്കുമോ പ്രഘോഷകര്‍ക്കൊക്കെ അധികാരത്തിന്‍റെ ഇടനാഴികളില്‍ അലസഗമനം നടത്താനാകുന്നത്? 
 
യേശുവിന്‍റെ നിലപാടിനും ഇവിടുത്തെ മിക്ക പ്രഘോഷകരുടെയും നിലപാടിനും ഇടയിലുള്ള വലിയ ഗര്‍ത്തത്തെക്കുറിച്ച് കുറച്ചു കൂടി ധാരണ കിട്ടാന്‍ അവന്‍റെ കേള്‍വിക്കാരുടെ പ്രതികരണം പരിഗണിക്കുന്നതു സഹായകരമാകും. ആദ്യത്തേത്, ലൂക്കാ 11: 27: "ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ." രണ്ടാമത്തേത്, ലൂക്കാ 16: 14: "പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പുച്ഛിച്ചു." അക്കാലത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബലഹീനര്‍ക്കും വേദനിക്കുന്നവര്‍ക്കും സൗഖ്യസ്പര്‍ശമായിരുന്നു അവന്‍; ഒപ്പം ധനവാന്മാരുടെയും പുരോഹിത വൃന്ദത്തിന്‍റെയും അധികാര കേന്ദ്രങ്ങളുടെയും കണ്ണിലെ കരടുമായിരുന്നു അവന്‍. ഇവിടുത്തെ വചനപ്രഘോഷകര്‍ ആത്മവിമര്‍ശനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

You can share this post!

മനുഷ്യനെ മറക്കുന്ന ആത്മീയത

ഷാജി കരിംപ്ലാനിൽ
അടുത്ത രചന

എല്ലാം മുന്‍കൂട്ടി കണ്ടവന്‍ കാണാതെ പോയത്

ഷാജി കരിംപ്ലാനില്‍
Related Posts