news-details
ധ്യാനം

കര്‍ത്താവിന്‍റെ വിശ്വസ്തത

സങ്കീര്‍ത്തനം 89ല്‍ 1-2 വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു: "കര്‍ത്താവെ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും. എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും." കര്‍ത്താവിന്‍റെ വിശ്വസ്തതയെപ്പറ്റി തിരുവചനങ്ങളില്‍ മനോഹരമായ വിശദീകരണങ്ങള്‍ കാണുന്നുണ്ട്. അവിടുത്തെ സ്വഭാവത്തില്‍ അവിടുന്ന് വിശ്വസ്തനാണ്. ഏശയ്യാ 54/10-ല്‍ നാം വായിക്കുന്നു: "മലകള്‍ അകന്നാലും കുന്നുകള്‍ മാറ്റപ്പെട്ടാലും എന്‍റെ അചഞ്ചലമായ സ്നേഹത്തിനു മാറ്റമുണ്ടാകില്ല." മനുഷ്യര്‍ക്ക് ഇടക്കിടെ മനം മാറ്റമുണ്ടാകും. എന്നാല്‍ കര്‍ത്താവിന്‍റെ സ്നേഹത്തിനും വിശ്വസ്തതയ്ക്കും ഇളക്കം തട്ടില്ല. ആണിയടിച്ചാലും കുരിശില്‍ തറച്ചാലും മുഖത്തു തുപ്പിയാലും നമ്മെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്ന ദൈവമാണവിടുന്ന്. അനുഗ്രഹിക്കുന്ന അതേ നാവുകൊണ്ട് നമ്മള്‍ ശപിച്ചേക്കാം. പക്ഷേ കര്‍ത്താവിന്‍റെ സ്വഭാവത്തില്‍ ഒരിക്കലും മാറ്റം വരില്ല. കരുണാവാരിധിയും സ്നേഹനിധിയുമായ കര്‍ത്താവിന് തന്‍റെ സ്വഭാവത്തില്‍ മാറ്റം വരുത്താനാവില്ല. തള്ളിപ്പറഞ്ഞവനെയും ഒറ്റിക്കൊടുത്തവനെയും ഒരുപോലെ സ്നേഹിക്കുന്ന ദൈവമാണല്ലോ നമ്മുടെ ദൈവം.

 

കര്‍ത്താവ് വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. പറുദീസാ മുതല്‍ അവിടുന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി നിറവേറ്റുന്നതായി നാം കാണുന്നു. രക്ഷകനെ അയയ്ക്കുമെന്ന വാഗ്ദാനവും, അബ്രാഹമിന്‍റെ തലമുറകളെ അനുഗ്രഹിക്കുമെന്ന വാഗ്ദാനവുമെല്ലാം നിറവേറ്റപ്പെട്ടു. തന്‍റെ മക്കളെ ഒരിക്കലും അനാഥരായി വിടുകയില്ലെന്നും ലോകാവസാനംവരെ കൂടെയുണ്ടായിരിക്കുമെന്നുമുള്ള വാഗ്ദാനം നമ്മെ ധൈര്യപ്പെടുത്തണം. പ്രതിസന്ധികളിലും താല്‍ക്കാലിക തകര്‍ച്ചകളിലും നമ്മള്‍ വീണു പോകുമ്പോള്‍ നിരാശപ്പെടേണ്ടതില്ല. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായവന്‍ നമുക്കൊപ്പം നില്‍ക്കും.

 

അവിടുന്ന് ഇടപെടുന്നതില്‍ വിശ്വസ്തനാണ്. ഇസഹാക്കിന്‍റെ കഴുത്തിനു മുകളില്‍ കത്തിയുയര്‍ന്ന നിമിഷത്തില്‍ ദൈവം ഇടപെട്ടു. ഏലിയാ പ്രവാചകന് വിശന്നു തളര്‍ന്നപ്പോള്‍ കാക്കയുടെ ചുണ്ടില്‍ അപ്പക്കഷണവുമായി അവന്‍ കടന്നുവന്നു. അലറുന്ന ഫറവോന്‍റെ സൈന്യത്തിന്‍റെ മുമ്പിലും ഇരമ്പുന്ന ചെങ്കടലിന്‍റെ മുമ്പിലും തന്‍റെ ജനതയുടെ ജീവിതത്തില്‍ അവിടുന്ന് ഇടപെട്ടു. നമ്മുടെ മാരകരോഗത്തിലും കടബാദ്ധ്യതയിലും തകര്‍ച്ചകളിലും ഇടപെടുന്ന ഒരു ദൈവമുണ്ട് എന്ന ചിന്ത നമ്മെ ബലപ്പെടുത്തണം. കാരുണ്യം കാണിക്കുന്നതിലും അവിടുന്ന് വിശ്വസ്തനാണ്. വെള്ളത്തിനായി കരഞ്ഞ ഹാഗാറിനോടും, അപ്പത്തിനായി കരഞ്ഞ ഇസ്രായേല്‍ മക്കളോടും അവിടുന്ന് കരുണ കാണിച്ചു. അനുതാപത്തോടെ കരഞ്ഞ നിനവേ നിവാസികളോട് ദൈവം കാണിച്ച കാരുണ്യം നമുക്കു മറക്കാനാവുമോ? നമ്മുടെ ജീവിതയാത്രയില്‍ ദൈവകാരുണ്യത്തിനായി നാം പ്രാര്‍ത്ഥിക്കണം. അവിടുത്തെ സ്വഭാവത്തിന്‍റെ പ്രത്യേകതയാണല്ലോ കാരുണ്യം. ദൈവത്തിന്‍റെ കരുണയുണ്ടായിരുന്നില്ലെങ്കില്‍ നമ്മളാരും ഇന്ന് ഈ അവസ്ഥയില്‍ ഭൂമുഖത്തുണ്ടാവില്ലായിരുന്നു.

കര്‍ത്താവ് ശിക്ഷിക്കുന്നതിലും വിശ്വസ്തനാണ്, വഴിതെറ്റിപ്പോകുന്ന തന്‍റെ ജനത്തെ രക്ഷയിലേക്കു നയിക്കുന്ന ശിക്ഷകള്‍ നല്‍കി അവിടുന്നു പരിപാലിക്കുന്നു. ദാവീദിനെ അങ്ങനെ ശിക്ഷിക്കുന്നുണ്ട്. മോശയേയും ഇസ്രായേല്‍ ജനതയേയുമെല്ലാം ഇപ്രകാരമുള്ള രക്ഷാകരമായ ശിക്ഷകള്‍ നല്‍കി വീണ്ടെടുത്തു. ചെറിയ ചെറിയ അടികള്‍ തന്ന്, അവിടുന്നു നമ്മെ ശിക്ഷിക്കുന്നത് വലിയ തകര്‍ച്ചകളിലേക്കു വീഴാതിരിക്കുവാനാണ്.

 

കര്‍ത്താവിന്‍റെ പ്രവൃത്തികളെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ ഈ ചിന്തകളെല്ലാം നമ്മുടെ മുമ്പില്‍ തെളിഞ്ഞുവരുന്നു. ഈ ലോകയാത്രയില്‍ നാം തളരുമ്പോള്‍ വാഗ്ദാനങ്ങളെക്കുറിച്ചോര്‍ത്ത് ധൈര്യം സംഭരിക്കണം. അപ്പനും അമ്മയും മറന്നാലും എന്നെ മറക്കാത്ത ഒരു ദൈവം (സങ്കീര്‍ത്തനം 27/10) നമ്മുടെ കൂടെയുണ്ടെന്ന് ഓര്‍മ്മിക്കാം. ലോകത്തിന്‍റെ കാറ്റും കോളും നമ്മുടെ ജീവിതത്തോണിയെ ഉലയ്ക്കുമ്പോള്‍ ഗുരുവിന്‍റെ മുഖത്തു നോക്കി യാത്ര തുടരാം. മാനുഷികമായ ബുദ്ധിയിലും കണക്കുകൂട്ടലിലും ആശ്രയിക്കാതെ ദൈവികപദ്ധതികള്‍ക്കു നമ്മെ സമര്‍പ്പിക്കാം. മനുഷ്യര്‍ അതിരുകളില്‍ ഒതുങ്ങുമ്പോള്‍ ദൈവം അനന്തതയിലേക്കു നമ്മെ നയിക്കുന്നവനാണ്. ആകാശത്തെയും ഭൂമിയേയും കൂട്ടിമുട്ടിക്കുന്ന ഒരു ചക്രവാളം നമ്മുടെ മുമ്പില്‍ അവിടുന്നു കാണിച്ചുതരുന്നു.

You can share this post!

തിരുത്തലിന്‍റെ ശബ്ദങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts