സ്നേഹം സര്‍വ്വഭയങ്ങളെയും മായ്ച്ചുകളയു മെന്ന് യോഹന്നാന്‍റെ ഒരു ക്ലാസ്സിക് വചനമുണ്ട്. അതേ സ്നേഹം തന്നെയാണ് ഏതൊരു അസുരവിത്തിന്‍റെയും വളക്കൂറുള്ള മണ്ണ്. മാലാഖ പരിണമിച്ചാണ് സാത്താനുണ്ടായതെന്ന ക്രിസ്റ്റ്യന്‍ മിത്തോളജിയെ ശരിവയ്ക്കുന്ന വിചാരമാണിത്. പേര് പോലും മാറുന്നില്ല, വെളിച്ചവാഹകന്‍ - ലൂസിഫര്‍.
എന്തിനാണ് ഇത്രയും ആശങ്കകളുടെയും ഭയത്തിന്‍റെയും കരുവായി സ്നേഹഭിക്ഷുക്കള്‍ ഇടറി വീഴുന്നതെന്നതിന് പല കാരണങ്ങളില്‍ ഒരെണ്ണം അത് സുലഭമല്ല എന്നത് തന്നെയാണ്. അലുമിനിയത്തിന്‍റെ കഥ പോലെയാണ്. petronious (5468 AD) എഴുതിവയ്ക്കുന്ന കഥപോലെ തീരെ അപരിചിതമായ ഒരു പാത്രവുമായി ഒരു കരുവാന്‍ ചക്രവര്‍ത്തിയുടെ മുന്‍പില്‍ എത്തുന്നു. നിലത്തേക്ക് വലിച്ചെറിയുമ്പോള്‍ അത് ഉടയുന്നില്ല. ചളുങ്ങുന്നേയുള്ളൂ. ഒരു ചുറ്റിക കൊണ്ട് അതിനെ പൂര്‍വ്വാവസ്ഥയിലാക്കി. അലുമിനിയത്തിന്‍റെ കണ്ടെത്തലായിരുന്നു അത്. ചിലവ് കൂടിയതും അതിസങ്കീര്‍ണ്ണവു മായ ഒരു പ്രക്രിയയിലൂടെയാണത് രൂപപ്പെടുന്നത്. ഈ പുതിയ ലോഹം അതിന്‍റെ ദൗര്‍ലഭ്യം കൊണ്ട് സ്വര്‍ണ്ണത്തെപ്പോലും പിന്തള്ളുമെന്ന് തോന്നിയ ചക്രവര്‍ത്തി അയാളെ കൊന്നുകളയുകയാണ്. The Satyricon എന്ന സറ്റയര്‍ നോവലിലാണ് ഈ കഥ. പ്ലീനി ദ എല്‍ഡര്‍ തന്‍റെ ചരിത്രപുസ്തകത്തിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്.
അത്രയും ഭയമാണ് മനുഷ്യര്‍ക്ക്. അപൂര്‍വ്വമായി മാത്രം തങ്ങളെത്തേടിയെത്തുന്ന സ്നേഹം കവര്‍ച്ച ചെയ്യുകയോ കളഞ്ഞുപോവുകയോ ചെയ്യുമെന്ന ഭീതിയില്‍ ശ്വാസംമുട്ടുമ്പോള്‍ അസുരരാകാതെ തരമില്ലെന്ന മട്ടിലുള്ള തീര്‍പ്പുകളിലെത്തുന്നു. സ്നേഹം സമൃദ്ധമാകുന്ന കാലം മാത്രമാണ് മനുഷ്യന്‍റെ മോക്ഷകവാടം. ആ അലുമിനിയത്തിന്‍റെ കഥ, പതിനെട്ടാം നൂറ്റാണ്ടുവരെ ഏതാണ്ട് കാര്യങ്ങള്‍ അങ്ങനെയൊക്കെയായിരുന്നു. അതിനു ശേഷമാണ് വിപുലമായ അതിന്‍റെ ഉല്പാദനം ഉണ്ടായത്.
ബാറ്റ്മിന്‍റണ്‍ ആയിരുന്നു ഒരുകാലത്തെ കുട്ടികളുടെ ഇഷ്ടവിനോദം. ഒക്കെ ചിലവുള്ള കാര്യമായിരുന്നു. കാശ് കൂട്ടിവച്ച് ബാറ്റ് വാങ്ങുക, ഷട്ടിലിന് വേണ്ടി പിരിവ് നടത്തുക, തുറസ്സായ ഇടങ്ങളില്‍ ഒരു കോര്‍ട്ട് വളച്ചുകുത്തുക, അങ്ങനെയൊക്കെത്തന്നെയായിരുന്നു മിക്കവാറും കുട്ടികളുടെ പൊതുരീതി.
കളി കാണാനായിരുന്നു കൗതുകം. കളി കാണുന്നവരെ കാണുന്നത് അതിലും രസകരമായി രുന്നു. ഷട്ടിലിന്‍റെ മൂളിപ്പാച്ചിലിനനുസരിച്ച് കാണികളുടെ ശിരസ്സും അങ്ങോട്ടുമിങ്ങോട്ടും ചടുലമായി വെട്ടിത്തിരിയുകയാണ്. പിഴവില്ലാത്ത ഒരു മൈം പോലെ.
'ലവ് ഓള്‍' എന്ന് ഉറക്കെ വിളിച്ചാണ് കളി ആരംഭിക്കുന്നത്. എന്തുകൊണ്ട് അങ്ങനെയെന്നതിന് കാര്യമായ ഒരു ഉത്തരവും കിട്ടിയിട്ടില്ല. എല്ലാ ആചാരങ്ങളും പോലെ ഉത്തരം ആവശ്യമില്ലാത്ത ഒന്നായിത്തന്നെ അത് നിലകൊണ്ടു. ഇപ്പോഴാണ് ചില വിശദീകരണങ്ങള്‍ ഒക്കെ വായിക്കാന്‍ കഴിഞ്ഞത്. ഫ്രഞ്ച് ഭാഷയില്‍ 'ലവ്'ന് മുട്ടയെന്ന് അര്‍ത്ഥമുണ്ട്. ചുരുക്കത്തില്‍ സീറോയുടെ പര്യായമാണത്.
ആരംഭത്തില്‍ അത് അങ്ങനെതന്നെയായിരുന്നെങ്കിലും ആംഗലേയത്തില്‍ അതിന് സ്നേഹം എന്ന അര്‍ത്ഥം തന്നെ ലഭിക്കുകയും, ആദ്യത്തെ സൂചന ബോധത്തില്‍ നിന്ന് മാഞ്ഞുപോവുകയും ചെയ്തു. ചുരുക്കത്തില്‍, കളി ആരംഭിക്കുമ്പോള്‍ കാണികളോടുള്ള കളിക്കാരുടെ ഡിക്ലറേഷന്‍ ആണത് : 'നോക്കൂ, കളിയോടുള്ള സ്നേഹമല്ലാതെ മറ്റൊന്നും ഈ നിമിഷം എന്‍റെ കൈവെള്ളയില്‍ ഇല്ല'.
കളിയായാലും കാര്യമായാലും സ്നേഹമല്ലാതെ മറ്റെന്ത് മൂലധനമാണ് സാധകരുടെ പൊക്കണത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?