news-details
സഞ്ചാരിയുടെ നാൾ വഴി

ഹില്‍സ്റ്റേഷനിലുള്ള പുരാതനമായ ഒരു മൊണാസ്ട്രിയിലായിരുന്നു ഞങ്ങള്‍. സന്ദര്‍ശകര്‍ക്കു വേണ്ടിയുള്ള മുറിയില്‍ ആശ്രമത്തിന്‍റെ നാള്‍വഴി പുസ്തകം വെച്ചിട്ടുണ്ട്.

1968/ജൂലൈ 6

ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു പത്രറിപ്പോര്‍ട്ടാണ്.

മുസ്സൂറി.

ലിയോ  എന്ന ഇറ്റാലിയന്‍ വൈദികന്‍ കൊല്ലപ്പെട്ടു. എഴുപത്തിനാലു വയസ്സായിരുന്നു. തലേന്ന് പുലരിയിലാണ്. കാരണക്കാരന്‍ എന്ന് കരുതുന്ന ചുവന്ന ഷര്‍ട്ടിട്ട ഒരു യുവാവിനെ തിരയുന്നുണ്ട്.

പോലീസില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്:

പുലരിയില്‍ പുരോഹിതന്‍റെ മുറിയില്‍നിന്ന് ഞരക്കം കേട്ട ഒരു ജീവനക്കാരന്‍ സ്കൂള്‍ കെട്ടിടത്തില്‍ താമസിക്കുന്ന മറ്റൊരു വൈദികനെ ചെന്നറിയിക്കുകയായിരുന്നു.

ഓടിയെത്തിയ Leonard Mcaenna എന്ന സഹവൈദികന്‍ ആഴത്തിലുള്ള ആറു മുറിവുകളുമായി ലിയോയെ കണ്ടു. മരണാസന്നര്‍ക്ക് ഉള്ള കൂദാശ കൊടുക്കാനായി താഴെയുള്ള ദേവാലയത്തിലേക്ക് ഓടി. മടങ്ങിയെത്തിയ അയാള്‍ ദിവ്യകാരുണ്യം എടുക്കാന്‍ മറന്നുപോയി.

ഒരിക്കല്‍ക്കൂടി എല്ലാം ആവര്‍ത്തിക്കപ്പെട്ടു.

ഏഴു മിനിറ്റ് നേരം കൂടെ ഉണ്ടായിരുന്നിട്ടും പ്രതിയെക്കുറിച്ചുള്ള ഒരു വിവരവും എന്തുകൊണ്ട് തേടിയില്ല എന്ന പോലീസിന്‍റെ ചോദ്യത്തിന് ഞാന്‍ പുരോഹിതനാണ്, ഡിക്ടറ്റീവ് അല്ല എന്നായിരുന്നു Mcaennaയുടെ മറുപടി.

ചുറ്റുമുള്ള ലോകം തങ്ങളോട് തീരെ ഫെയറല്ലാതിരിക്കുമ്പോഴും എത്ര മധുരമായിട്ടാണ് ചിലര്‍ അതിനെ ആലിംഗനം ചെയ്യുന്നത്.

2

പുരാതനമായൊരു ദൗത്യത്തിന്‍റെ തുടര്‍ച്ചയായിരുന്നു ഇവരൊക്കെ. അതാരംഭിക്കുന്നത് ഒരു കടപ്പുറത്തുനിന്നാണ്. തീരത്തില്‍ മുഴങ്ങിയ ഏറ്റവും നല്ല കവിതയായിരുന്നുവത്.

മീന്‍ പിടിച്ചുകൊണ്ടിരുന്നവരോട്, വരൂ നമുക്ക്  മനുഷ്യരെ പിടിക്കേണ്ടേ, Fishers of men എന്നാണ് പറഞ്ഞത്,most naive poem!

മനുഷ്യരെന്ന ശ്രീ ഭണ്ഡാരത്തില്‍ ദക്ഷിണ നല്‍കാനുള്ള ക്ഷണമാണ്.

വല കെട്ടി നന്നാക്കിക്കൊണ്ടിരുന്നവരോടും തന്നെ അനുഗമിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു. കണ്ണികള്‍ അകന്ന ഒരു ലോകത്തിന്‍റെ വീണ്ടെടുപ്പിന് അവരുടെ കൈ സഹായം വേണം.
അനവധി മത്സ്യങ്ങള്‍ കുരുങ്ങിയിട്ടും പൊട്ടാത്ത വലയാണ് ദൈവരാജ്യത്തിനുവേണ്ടി സുവിശേഷം കരുതിവെയ്ക്കുന്ന ഒടുവിലത്തെ രൂപകം എന്നു ശ്രദ്ധിച്ചിട്ടുണ്ടാവണം.

3

മഹാരാഷ്ട്രയിലെ കോലാപുരിയില്‍ പൂക്കച്ചവടക്കാരുടെ ഒരു തെരുവ് ഉണ്ട്. രാത്രി വൈകി കടയടച്ചു പോകുമ്പോള്‍ രണ്ടു പൂമാലകള്‍ അവര്‍ പുറത്ത് തൂക്കിയിടും.

എല്ലാ ദേശത്തിലെന്നപോലെ മരിച്ചവരെ പൂക്കള്‍കൊണ്ട് ആദരിക്കുന്ന രീതി അവിടെയും ഉണ്ട്. കടന്നുപോകുന്നവരുടെ ഉറ്റവരെ ഉദ്ദേശിച്ചാണിത്.

ഈ സമൂഹം എന്‍റേതാണെന്ന് ഒരാള്‍ വിശ്വസിച്ചു തുടങ്ങുമ്പോള്‍ എത്ര നടപ്പാതകളാണ് ചുറ്റിനും തെളിഞ്ഞുവരുന്നത്. ഈ മോട്ടിവേഷന്‍ സംഭാഷണങ്ങളിലൊക്കെ കേള്‍ക്കുന്നതുപോലെ ഒരു സ്ഥാപനത്തിലെ മൊത്തമാള്‍ക്കാരും സ്വയം ഒരു ലരീ  അയി ഡിക്ലയിര്‍ ചെയ്യാതെ ലോകത്തിന് ഇനിയൊരു ഭാവിയില്ല.

കിട്ടിയതിനെക്കാള്‍ ഭംഗിയുള്ള ഒരു ലോകത്തെ വിട്ടിട്ടുപോണം. അതാണ് അതിന്‍റെ ഒരു ശരി.

4

നല്ലതണ്ണിയില്‍ താപസജീവിതം നയിക്കുന്ന സഹോദരന്മാരുടെ ഇടയില്‍നിന്നാണ് ഇരുപത് വര്‍ഷം മുമ്പ് ആ കഥ കേട്ടത്. അവരുടെ ചെറിയ ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്ക് സദാ ചടഞ്ഞുകൂടിയിരുന്ന ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. അവര്‍ അയാള്‍ക്കു വേണ്ടി യാചിക്കാന്‍ തീരുമാനിച്ചു. പത്തു രൂപ ആവശ്യപ്പെട്ടുകൊണ്ട് പതിനായിരം പേരെ കാണുക. Crowd funding ന്‍റെ ഒരു പ്രാദേശിക പതിപ്പായിരുന്നു അത്.

താവു കാവ് രൂപപ്പെടുമ്പോള്‍ ആ ഒരോര്‍മ്മയുടെ ധൈര്യമുണ്ടായിരുന്നു. അല്ലെങ്കില്‍ നമ്മള്‍ കൂട്ടിയാല്‍ കൂടുന്ന കാര്യമല്ലയത്. ഒഡേസയുടെ പ്രസക്തിയതാണ്. സമാന്തര സിനിമാപ്രവര്‍ത്തകന്‍ ജോണ്‍ എബ്രഹാമിന്‍റെ കരിസ്മയില്‍ ഒത്തുചേര്‍ന്നതാണ്. പൊതു ജനങ്ങളില്‍നിന്നും ചെറിയ ചെറിയ തുകകള്‍ ശേഖരിച്ച് 'അമ്മ അറിയാന്‍' നിര്‍മ്മിച്ചു.

ജോണിനുശേഷം ഒഡേസ സത്യന്‍ ഏതാനും ഡോക്യുമെന്‍ററികള്‍ കൂടി ചെയ്തു. 'വേട്ടയാടപ്പെട്ട മനസ്സ്' ഒക്കെ അതില്‍പ്പെടും. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ കുമ്പസാരമാണത്. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ചലച്ചിത്രത്തില്‍ തട്ടി നിശ്ചലരായി പോയ നഗരമാണിത്. ഒഡേസ പോലെയുള്ള  ചില ഭാവനകള്‍ ഇനിയും പൊടിതട്ടി എടുക്കാവുന്നതേയുള്ളൂ.

ഒരറബിക്കഥയിലെന്ന പോലെ കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങള്‍ മനുഷ്യരില്‍ വിശ്വസിച്ച് നിങ്ങള്‍ക്ക് എന്തിനും കൈ കൊടുക്കാമെന്ന് അടിവരയിട്ട് പറയുന്നുണ്ട്.

നാണയത്തെ ഒരിക്കല്‍ നമ്മള്‍ ചക്രമെന്ന് വിളിച്ചിരുന്നു. 28 ചക്രമായിരുന്നു ബ്രിട്ടീഷ് രൂപ. ചക്രത്തിന്‍റെ കഥയാണിത്. അതു ചലിച്ചുകൊണ്ടേയിരിക്കണം.

പല രീതികളില്‍ പറയപ്പെടുന്ന മാര്‍ട്ടിന്‍ ബൂബറിന്‍റെ ഒരു ഉദ്ധരണിയുണ്ട്. ഒരാള്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഒരു നാസ്തികനെപ്പോലെ ഇടപെടുക. അയാള്‍ ദൈവത്തെ കാര്യങ്ങള്‍ ഏല്‍പ്പിച്ചിട്ട് സ്വസ്ഥനാവുകയില്ല. മറിച്ച് ദൈവത്തിനുവേണ്ടി കൂടി അയാള്‍ക്ക് പണി ചെയ്യേണ്ടി വരും. യഹൂദ കഥാപാരമ്പര്യത്തിലെ Rabbi Moshe Leib എന്ന ഗുരുവില്‍ നിന്നാണ് ബൂബറിന്‍റെ ഈ സ്പാര്‍ക്ക്.

You can share this post!

ബ്രദര്‍ ജൂണിപ്പര്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

ഉദാരം

ബോബി ജോസ് കട്ടികാട്
Related Posts