news-details
സഞ്ചാരിയുടെ നാൾ വഴി

1

ഞാന്‍ ലോകത്തോട് കഠിനമായി വര്‍ത്തിച്ചപ്പോഴും അത് തന്നോട് എത്ര അനുഭാവത്തോടും കരുണയോടും കൂടി കടാക്ഷിച്ചു എന്ന് മരണകിടക്കയില്‍ ദസ്തേവസ്കിയുടെ ഒരു കഥാപാത്രം ഓര്‍മ്മിച്ചെടുക്കുന്നു.

അയാളെതിനെ തന്‍റെ ദൈവാനുഭവമായിട്ടാണ് എണ്ണിയെടുക്കുന്നത്.

പതിനായിരം താലന്തിന്‍റെ കടം ഇളവ് ചെയ്ത് കിട്ടിയ ഒരാളുടെ കഥ യേശു പറഞ്ഞിട്ടുണ്ട്. യേശുവിന്‍റെ എല്ലാ കഥകളിലെയും പ്രശ്നം അത് നാതാന്‍ പ്രവാചകന്‍ ദാവീദിനോട് പറഞ്ഞ കഥയ്ക്ക് സദൃശ്യമാണ്.

മറ്റാരുടെയോ കഥയായി നമ്മളതിനെ മനക്കണക്കിലെടുക്കുമ്പോള്‍ ചൂണ്ടു വിരല്‍ എകാഗ്രമാകുന്നു, ആ മനുഷ്യന്‍ നീ തന്നെ. അവിടുന്നു പറഞ്ഞ കഥകളൊക്കെ ഇങ്ങനെയാണ് ഒരാള്‍ വായിച്ചെടുക്കേണ്ടത്.

ഏതൊക്കെ തടവറകളില്‍ നിന്നാണ് നമ്മളെ മുക്തരാക്കാന്‍ അവിടുന്ന് വലിയ വില നല്‍കിയത്! ദൈവത്തെ പോലെ ഉദാരമാകാനുള്ള ക്ഷണമാണിത്. മാപ്പ് ലഭിച്ചു എന്നതിനേക്കാള്‍ പ്രാണനെ പ്രകാശിപ്പിക്കുന്ന എന്ത് വിളമ്പരമുണ്ട്!

വലിയ അനുഭവങ്ങളുടെ ആനുകൂല്യം ലഭിച്ചവര്‍ക്ക് കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ ലോകത്തോട് ഇടപെടേണ്ട ബാധ്യത ഉണ്ടെന്ന് സാരം. കൊച്ചിയില്‍ ഒരു കോഫി ഷോപ്പില്‍ ജോലി ചെയ്യുന്ന സ്നേഹിതന്‍ നിരീക്ഷിച്ചത് പോലെ, ഇടം വലം നോക്കാതെ കനത്ത ടിപ്പ് നല്‍കി അവരെ അമ്പരിപ്പിച്ചത് ധനികരായ മനുഷ്യരായിരുന്നില്ല മറിച്ചു പ്രണയത്തില്‍ മുങ്ങി പോയ മനുഷ്യ രായിരുന്നു.

അപ്പോഴൊക്കെ ഞാനാ പഴയ ഫലിതമോര്‍ത്തു, 'സ്ത്രീയെ നിന്‍റെ പ്രേമത്തിനായി നൂറ് നഗരങ്ങള്‍ ഞാന്‍ മാറ്റി  വെച്ചിട്ടുണ്ട്' എന്നെഴുതിവെച്ച ദരിദ്രനായ കവി. സന്ധ്യക്ക് മുന്‍പേ രാജാവ് അയാളെ വിളിപ്പിച്ചു. 'നഗരങ്ങള്‍ എന്‍റേതാണ്. അതുപഹാരമായി നല്‍കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം ഉണ്ടായി.'

കവി വിനയാന്വിതനായി, 'പ്രഭോ.. ഈ പ്രേമത്തിന്‍റെ കാര്യം വരുമ്പോള്‍ ഞാനങ്ങു ചുമ്മാ കേറി ഉദാരമതിയായി പോകുന്നതാണ്.

2

എട്ടില്‍ പഠിക്കുമ്പോഴാണ്, അധ്യാപകനായ അപ്പ ഒരു വര്‍ഷത്തേക്ക് ജോലിക്ക് പോയില്ല. അതൊരു വിഷാദകാലത്തിന്‍റെ എപ്പിസോഡ് ആയിരുന്നു. സ്വാഭാവികമായി ഒരു സര്‍വീസ് ബ്രേക്ക് ഉണ്ടാക്കുമായിരുന്ന ഭവിഷ്യത്തുകള്‍ ഉണ്ട്.

ആ ഒരു കാലത്തെ അത്തരം ചില ആശങ്കകളെ അഭിമുഖീകരിക്കാന്‍ സഹായിച്ചത് സഹ അധ്യാപകരായിരുന്നു. അവര്‍ എടുത്തു തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. കൃത്യമായിട്ട് ക്ലാസുകളെ മോണിറ്റര്‍ ചെയ്തു. എല്ലാ വെള്ളിയാഴ്ചയും ഒപ്പിടേണ്ട ലെഡ്ജര്‍ ബുക്കുമായി സ്കൂളില്‍ നിന്ന് പിയൂണ്‍ ചേട്ടന്‍ വന്നു. മാസത്തിലെ അവസാനത്തെ ദിവസം സാലറി ഒപ്പ് വയ്ക്കാനായി അവിടത്തെ ഒരു ഉത്തരവാദിത്തപ്പെട്ട ക്ലാര്‍ക്ക് വരുന്നു.

ഒരാളുടെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തില്‍ സ്വാഭാവികമായി ആ ബുദ്ധിമുട്ടില്‍ ഉലഞ്ഞു പോകുന്ന ഒരു ഭവനാന്തരീക്ഷം. അമ്മയ്ക്ക് ഒരു നാല്പത് വയസ്സേ ഉണ്ടാവുകയുള്ളൂ. എങ്ങനെയാണ് ആ കാലത്തെയൊക്കെ ഒരു സ്ത്രീയെന്ന നിലയില്‍ അവര്‍ അഭിമുഖീകരിച്ചത് എന്നൊക്കെ ആലോചിക്കുമ്പോള്‍ നമുക്ക് പിടുത്തം കിട്ടുന്നില്ല. പക്ഷേ, കൈത്താങ്ങായിട്ട് ഇത്തരം സഹാനുഭൂതിയുള്ള മനുഷ്യര്‍ വന്നു. നമ്മള്‍ അതിനെ വിളിക്കുന്ന വാക്ക് മനുഷ്യരുടെ ജനറോസിറ്റി എന്നതാണ്. മഗ്നാനിമസ് എന്നും പറയും.

അതും ജനറോസിറ്റിയുമെല്ലാം ഒക്കെ ഒരേ പദമായിട്ടാണ് നമ്മള്‍ ഉപയോഗിക്കുന്നത്. ബിഗ് ഹാര്‍ട്ട് എന്നാണ്.

കാര്യം പറഞ്ഞു വരുമ്പോള്‍ എന്‍റെ മുഷ്ടിയുടെ വലുപ്പമേ ഉള്ളൂ ഹൃദയത്തിന്. നിങ്ങള്‍ ഒരു ഭേദപ്പെട്ട മനുഷ്യന്‍ ആകുന്നത് ഈ മുഷ്ടി ഇങ്ങനെ പതുക്കെപ്പതുക്കെ നിവര്‍ത്തി തുടങ്ങുമ്പോഴാണ്. നിവര്‍ത്തി തുടങ്ങുമ്പോള്‍ അതിനിങ്ങനെ അനന്തതയോളം, അപാരതയോളം ബന്ധവും വലുപ്പവും ഉണ്ടാകുന്നു. വലിയ മനുഷ്യരാകാന്‍ ഉള്ള ശ്രമമാണ്.

നമ്മുടെ ഹൃദയവും യേശുവിന്‍റെ ഹൃദയവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒരു സണ്‍ഡേ ക്ലാസില്‍ ചോദിക്കുമ്പോള്‍ ഒരു കുട്ടി പറയുന്നുണ്ട്. നമ്മുടെ ഹൃദയം ഇങ്ങനെ നമ്മള്‍ പലതുകൊണ്ടും മൂടി വച്ചിരിക്കുകയാണ്. നമ്മള്‍ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുന്ന ഒന്നാണ് ഹൃദയം എന്ന് നമുക്ക് അറിയാം. എന്നാല്‍ യേശുവിന്‍റെ ഹൃദയം ആകട്ടെ ഏറ്റവും ചെറിയ വള്‍നറബിലിറ്റിക്ക് പോലും വിധേയപ്പെടുന്ന തരത്തില്‍ ഇങ്ങനെ പുറത്താണ് വെച്ചിരിക്കുന്നത്.  

3

ഇതേ ജനറോസിറ്റിയുടെ ഏത്തിമോളജിയില്‍ നിന്നാണ് ജെന്‍റില്‍മാന്‍ എന്ന വാക്കുണ്ടാവുന്നത്. കുലീന നിലനില്‍പ്പ് എന്നതാണ് അതിന്‍റെ അര്‍ത്ഥം. പലപ്പോഴും സൂചിപ്പിച്ചിട്ടുള്ള പോലെ ദേശത്തെ ഏറ്റവും അടിമകളായ മനുഷ്യര്‍ തങ്ങളെ തന്നെ പരസ്പരം വിശേഷിപ്പിച്ചിരുന്ന വാക്ക് രാജകീയ പുരോഹിതര്‍ എന്നായിരുന്നു.

ആ മനുഷ്യരുടെ കുലീനതയുടെ ഏറ്റവും വലിയ അടയാളം അവര്‍ പുലര്‍ത്തിയിരുന്ന ഉദാരത എന്ന സവിശേഷമായ സുവിശേഷ മൂല്യമായിരുന്നു. അതങ്ങനെ സംഭവിച്ചേ പറ്റൂ.
അതിനൊരു ട്രാന്‍സ്ഫോര്‍മിങ് പൊയിന്‍റ് ഉണ്ട്. മനുഷ്യരെന്ന നിലയില്‍ നമുക്ക് എന്തെങ്കിലും തരത്തിലുള്ള രൂപാന്തരീകരണം ആവശ്യമുണ്ടെങ്കില്‍, നമുക്ക് അപാരതയുമായി ബന്ധപ്പെട്ട ചില സങ്കല്പങ്ങളെ ഉള്ളിലേക്ക് കുടിപാര്‍പ്പിച്ചേ പറ്റൂ. ആ രാത്രിയില്‍ യേശുവിന് ഒരു അതിഥി ഉണ്ടായി. യോഹന്നാന്‍റെ സുവിശേഷം മൂന്നാം അധ്യായത്തി ലാണ് ഇത് വായിക്കുന്നത്.

അയാളുടെ പേര് നിക്കദേമോസ് എന്നാണ്. ഗുരുവിന് അരികെയിരുന്നു ആ മനുഷ്യന്‍ ചില കാര്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. അതിനകത്ത് ഏറ്റവും ആഴത്തില്‍ പതിഞ്ഞ വാക്ക് 'അത്രമേല്‍ ഭൂമിയെ സ്നേഹിച്ചത് കൊണ്ട് അവന്‍ തന്‍റെ ഏകജാതനെ നമുക്ക് നല്‍കി' എന്നതായിരുന്നു.

ത്രാസിന്‍റെ ഒരു തട്ടില്‍ നിങ്ങളെയും മറ്റേ തട്ടില്‍ ഏക മകനെയും വെച്ച് തൂക്കി നോക്കുമ്പോള്‍ നിങ്ങള്‍ ഇരുന്ന തട്ട് താണുപോയി. അയാളിരുന്ന തട്ട് ഉയര്‍ന്നുപോയി. അതിന്‍റെ പേരാണ് കുരിശ്. ഓരോ കുരിശും പറയുന്നത് ദൈവത്തിന്‍റെ ജനറോസിറ്റിയെ പറ്റിയാണ്. യേശുവിന്‍റെ ബലി എന്ന് പറയുമ്പോള്‍ അത് യേശുവിന്‍റെ ബലി എന്നതിനേക്കാള്‍ കൂടുതലായി, അത് പിതാവിന്‍റെ ബലിയാണ്. God so loved the world.. നമുക്കറിയാം സഹിക്കുന്നത് പിതാവാണ്.  

അബ്രഹത്തിന്‍റെ ബലി അങ്ങനെയാണല്ലോ നമുക്ക് പ്രധാനപ്പെട്ടതാകുന്നത്. അബ്രഹാം കുഞ്ഞിനെ ബലിയര്‍പ്പിക്കാനായി കൊടുവാള്‍ ഉയര്‍ത്തുമ്പോഴേക്കും കുഞ്ഞിനെ വേണ്ട ഒരു ആട്ടിന്‍കുട്ടിയും മതിയെന്ന് പറയുന്ന ദൈവം. അബ്രഹത്തിന്‍റെ മകന് പകരമായിട്ട് ഒരു ആട്ടിന്‍ കുട്ടിയെ കരുതി വെച്ചിരുന്ന ഒരാള്‍, പക്ഷേ തന്‍റെ മകനുപകരം ഒരാട്ടിന്‍കുട്ടിയെ കരുതിവെച്ചില്ല എന്നുള്ളതാണ് കുരിശിന്‍റെ ഉദാരത എന്ന് പറയുക. പെയിന്‍ഫുള്ളായ, ട്രാന്‍സ്ഫോര്‍മിംഗ് ആയ വിചാരമാണ്.

4

ഇനിയുള്ളത് അതിന്‍റെ സ്വാഭാവികമായ പ്രായോഗിക തുടര്‍ച്ചയാണ് അവനവന്‍റെ സമ്പന്നതയില്‍ നിന്നോ, അവനവന്‍റെ ആഡംബരങ്ങളില്‍ നിന്നോ എന്തെങ്കിലും ഒരു കാര്യം സമ്മാനമായി കൈമാറുന്നതിനെയല്ല ഉദാരതയെന്ന് പറയുന്നത്. അതുടനീളം പുലര്‍ത്തുന്ന സവിശേഷമായ മനോഭാവമാണ്. ദൈവത്തിന്‍റെ സ്വഭാവമായതു കൊണ്ട് ആദിയിലെ ആ ഒരു സ്വഭാവത്തെ പരിചയിച്ചൊരാള്‍ ഒരാള്‍ മാംസമായി നമ്മുടെ കൂടെ നടന്നപ്പോള്‍ ഉദാരതയുടെ ഏറ്റവും വലിയ പര്യായമായി മാറി.

എവിടെയെങ്കിലും യേശു തനിക്ക് വേണ്ടി ഒരു കാര്യം ചെയ്യുന്നതായിട്ട് കാണുന്നുണ്ടോ? നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരുന്നു. നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു, അതിനിടയില്‍ അമരങ്ങള്‍ക്കിടയില്‍ കിടന്നുറങ്ങേണ്ടിവന്ന തിരക്കുള്ള ഒരു ജീവിതമായിരുന്നു. എല്ലാവര്‍ക്കും നേരം കൊടുത്തു.

അങ്ങനെ എല്ലാം കൊടുത്തു കൊടുത്ത്, നമ്മള്‍ ഇപ്പോള്‍ കരുതുന്ന ഏറ്റവും പ്രധാനപ്പെട്ട കുര്‍ബാന എന്ന് പറയുന്നത്, മരിക്കുന്നതിന്‍റെ തലേന്നാള്‍ അവിടുന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞു ഇനി ആകപ്പാടെ ഉള്ളത് ഈ ശരീരം മാത്രമാണ്. ഈ ശരീരം കൂടി എടുത്തു കൊള്ളുക.

കുറച്ചുകൂടി മുന്നോട്ടു പോകുമ്പോഴേക്കും മേരിയേക്കൂടി ഉപഹാരമായി നല്‍കിയാണ്. അവശേഷി ക്കുന്ന ആകെയുള്ള ബന്ധം അമ്മയോടുള്ളതാണ്. അമ്മയെ കൂടി എടുത്തു കൊള്ളുക.

എടുത്തുകൊള്ളുക എന്ന ഒരു വാക്കിന്‍റെ മുഴക്കമുണ്ട്. കുര്‍ബാനയില്‍ നമ്മള്‍ നിത്യവും കേള്‍ക്കുന്ന വാക്കാണിത്. വാസ്തവത്തില്‍ ആ ഒരു വാക്കാണ് നമ്മുടെ ടേക്ക്എവേ.

എടുത്തു കൊള്ളുന്നതിന്‍റെ ആനന്ദം അളവില്ലാത്തതാണ്. കടമ്പകള്‍ ഉണ്ട്. അടിസ്ഥാനപരമായി നമ്മള്‍ സ്വാര്‍ത്ഥരാണ്. ആ പുരാതന കടമ്പയെ മറികടക്കുക എന്നത് എളുപ്പമല്ല. അതിനെ കുറിച്ചാണ്, യേശു പറഞ്ഞത് ഗോതമ്പുമണി സൂക്ഷിക്കേണ്ടത് പത്തായപുരയില്‍ അല്ല, മറിച്ച് വയലിലാണ്.  

വാസ്തവത്തില്‍, ഇങ്ങനെ ചുരുണ്ടുകൂടി ഇരിക്കാന്‍ തുടങ്ങുമ്പോഴാണ് ജീവിതം വിഷാദാത്മ കമാകുന്നത്. ദുഃഖം എന്ന വാക്കിന്‍റെ അര്‍ത്ഥം പോലും ചുരുങ്ങിപ്പോയ ആകാശം എന്നാണ്. നിങ്ങള്‍ എന്തുമാത്രം അപരനിലേക്ക് കൈ നീട്ടുന്നു, അത്രയും ആനന്ദത്തിലേക്കുള്ള നടപ്പാത തെളിഞ്ഞു വരികയാണ്. സന്തോഷത്തിന്‍റെ ഹോര്‍മോണ്‍ എന്നൊന്നുണ്ട്. അതിനകത്ത് പരാമര്‍ശിക്കപ്പെടുന്ന ഹോര്‍മോണ്‍ റഷ് എല്ലാം സംഭവിക്കുന്നത് നമ്മള്‍ കൈനീട്ടുമ്പോഴാണ്. കൈകൂപ്പി നില്‍ക്കുക, അല്ലെങ്കില്‍ പ്രകൃതിയിലേക്ക് പോകുക, നടക്കാന്‍ പോവുക എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങളില്‍ നിന്നാണ് ഇതെല്ലാം ആരംഭിക്കേണ്ടത്. പിന്നെ പരമാവധി മനുഷ്യനിലേക്ക് ഇന്‍വെസ്റ്റ് ചെയ്യുക.  

യേശുവിനെകുറിച്ചുള്ള ഒരു പുസ്തകത്തിന്‍റെ പേര് Jesus-The Man for Other എന്നാണ്. അപരനുവേണ്ടിയുള്ള നരന്‍! അവരുടെ വംശം പെരുകുകയാണ്...

You can share this post!

ചക്രം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts