സിദ്ധാര്‍ത്ഥന്‍റെ ഭാര്യ യശോധരയുടെ മറ്റൊരു പേരാണ് ഗോപ. ഈ പേര് സിദ്ധാര്‍ത്ഥന്‍ മാത്രം വിളിക്കുന്നതാണ്. ഒരു രാത്രി ഗോപയെ ഉപേക്ഷിച്ച് സിദ്ധാര്‍ത്ഥന്‍, ജീവിതത്തിന്‍റെ പൊരുള്‍ അന്വേഷിച്ചിറങ്ങുന്നു. ഈ യാത്രയെക്കുറിച്ചു ഗോപയോടു പറയാന്‍ സിദ്ധാര്‍ത്ഥന്‍ മുതിരുന്നില്ല. ഇതു പല തരത്തിലുള്ള ചിന്തകളാണ് ഗോപയില്‍ നിറയ്ക്കുന്നത്. കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീതയില്‍, സീത രാമനെ വിചാരണ ചെയ്യുന്നതുപോലെ ഗോപ സിദ്ധാര്‍ത്ഥനെ വിചാരണ ചെയ്യുന്നതാണ് കെ. അരവിന്ദാക്ഷന്‍റെ 'ഗോപ' എന്ന നോവലില്‍ നാം കാണുന്നത്.
സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സിദ്ധാര്‍ത്ഥനെ ചോദ്യം ചെയ്യുകയാണ് ഇവിടെ. തന്‍റെ ആത്മാംശമായ സിദ്ധാര്‍ത്ഥന്‍ എന്തുകൊണ്ടാണ് അര്‍ദ്ധരാത്രിയില്‍ കൊട്ടാരത്തില്‍നിന്ന് ഇറങ്ങിപ്പോയത് എന്നാണ് ഗോപ ചോദിക്കുന്നത്. തന്നോടു പറയാതെയാണ് രാജകുമാരന്‍ യാത്രയായത്. ഇത് ഗോപയില്‍ അനേകം സന്ദേഹങ്ങള്‍ നിറയ്ക്കുന്നു. അനേകം തലങ്ങളിലേക്കു വികസിക്കുന്ന അന്വേഷണമാണ് 'ഗോപ' യില്‍ നോവലിസ്റ്റ് നടത്തുന്നത്.
ബുദ്ധനെക്കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം അദ്ദേഹത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളത്. കൊട്ടാരം വിട്ടിറങ്ങിയതിനുശേഷം ഗോപയുടെ ജീവിതം എന്തായിരുന്നുവെന്ന അന്വേഷണം അത്യന്തം പ്രസക്തമാണ്. സ്ത്രീപക്ഷത്തുനിന്നു ചിന്തിക്കുമ്പോള്‍ ചില പുതിയ പാതകള്‍ തുറന്നുവരുന്നു. 'ചിന്താവിഷ്ടയായ ഗോപ' യുടെ ആരായലുകള്‍ പുതിയൊരു യാത്രയാണ്.
"ഏതാണ്ട് അമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സിദ്ധാര്‍ത്ഥന്‍ ഇറങ്ങിപ്പോയ രാത്രിയുടെ മൂന്നാം യാമത്തില്‍ എന്നിലുദിച്ച ആദിമചോദ്യം അവശേഷിക്കുന്നു. എന്തുകൊണ്ടാണ് സിദ്ധാര്‍ത്ഥന്‍ എന്നോടു യാത്ര പറയാതെ ഇറങ്ങിപ്പോയത്? സിദ്ധാര്‍ത്ഥന് ഞാനത്രയും അന്യയായിരുന്നോ?" ഈ ചോദ്യത്തില്‍ നിന്നാണ് ഗോപയുടെ അന്വേഷണം ആരംഭിക്കുന്നത്. ഒരു കാലത്ത് ഒരേ വഴിക്കാണ് ഗോപയും സിദ്ധാര്‍ത്ഥയും സഞ്ചരിച്ചത്. "ജനനത്തിന്‍റെയും ജീവിതത്തിന്‍റെയും മരണത്തിന്‍റെയും പൊരുള്‍ തേടിയ രണ്ടു ജീവികളായിരുന്നു. സിദ്ധാര്‍ത്ഥനും ഗോപയ്ക്കും ഒരേ ലക്ഷ്യമായിരുന്നു. ദുഃഖത്തില്‍നിന്നും ദുരിതത്തില്‍ നിന്നുമുള്ള ജീവന്‍റെ വിമോചനം." പിന്നീടാണ് സിദ്ധാര്‍ത്ഥന്‍ വഴിപിരിഞ്ഞ് പോയത്. അതാണ് ഗോപയെ സന്ദേഹിയാക്കുന്നത്.
ഗൗതമന്‍റെ അന്വേഷണങ്ങളെക്കുറിച്ച് ഗോപയ്ക്ക് പൂര്‍ണമായ ബോധ്യമുണ്ട്. "അവന്‍ നിങ്ങളെയും എന്നെയും പോലെ അന്വേഷിയായിരുന്നു. എന്തുകൊണ്ട് മനുഷ്യന്‍ ദുഃഖിക്കുന്നു, ദുരിതപ്പെടുന്നു, മരണത്തില്‍ ഭയപ്പെടുന്നു, സുഖഭോഗങ്ങളില്‍ മാഴ്കുന്നു തുടങ്ങി അനേകം ചോദ്യങ്ങള്‍ കടല്‍ത്തിരകളായി അവനില്‍ ഉയര്‍ന്നുവരാറുണ്ട്" എന്ന കാര്യം ഗോപയ്ക്ക് അറിയാഞ്ഞിട്ടല്ല. "ആത്മീയാന്വേഷണങ്ങളുടെ കഠിനമായ വഴികള്‍ മറ്റൊരാളുമായി പങ്കിടുക അസാധ്യമാണ്' എന്നും അവള്‍ മനസ്സിലാക്കുന്നുണ്ട്. "ജീവനും ജീവനും തമ്മിലുള്ള നൈസര്‍ഗികവും സഹജവുമായ സമന്വയത്തെ ഭയപ്പെടുത്തുന്ന ഒരു ദര്‍ശനത്തിനും പ്രപഞ്ചബോധം പൂര്‍ണതയില്‍ സ്വാംശീകരിക്കാനും നിലനിര്‍ത്താനുമാവില്ലെന്നു ഞാന്‍ പറയുന്നു' എന്നു തന്‍റെ വീക്ഷണം ഗോപ പ്രഖ്യാപിക്കുന്നുണ്ട്. കാമം അസ്തമിക്കുന്ന ഭൂമി ഊഷരമാണ് എന്നറിയുന്ന ഗോപ ജീവിതത്തെ സമഗ്രമായി നോക്കിക്കാണാനാണ് ശ്രമിക്കുന്നത്. ഗൗതമന്‍റെ വഴിയുടെ പരിമിതികളെക്കുറിച്ചുള്ള സൂചനകളും ഗോപയുടെ വാക്കുളിലുണ്ട്. 'ഗൗതമന്‍ പ്രപഞ്ചബോധമാണ്. പ്രപഞ്ചത്തിന്‍റെ അമേയമായ കാരുണ്യം' എന്ന തിരിച്ചറിവാണ് അവള്‍ക്കുള്ളത്. പുരുഷനില്‍ മാത്രമല്ല, സ്ത്രീയിലും ആത്മീയമായ ഊര്‍ജ്ജം നിലനില്‍ക്കുന്നുവെന്നാണ് ഗോപ നമ്മെ ബോധ്യപ്പെടുത്തുന്നത്.
'പുരുഷന്മാര്‍ സ്ത്രീയില്‍ എല്പിക്കുന്ന മുറിവിനുമേല്‍ വീണ കാരുണ്യത്തിന്‍റെ ജലബിന്ദുക്കളെക്കുറിച്ചു' പറയുന്ന ഗോപ സ്ത്രൈണമായ പൊരുളുകള്‍ അന്വേഷിക്കുകയാണ്. 'സ്വന്തം അമ്മയുടെ ഗര്‍ഭ പാത്രം ചവിട്ടിപ്പൊളിക്കുന്നതിനു തുല്യമാണ് പെണ്ണില്‍ നിന്നുള്ള ഒളിച്ചോട്ടങ്ങള്‍' എന്നാണ് ഗോപ പറയുന്നത്. 'സ്ത്രീയാണ് യഥാര്‍ത്ഥ അന്വേഷി. അവളിലൂടെയാണ് ഗൗതമബുദ്ധന്‍ അതിജീവിക്കുക' എന്നും അവള്‍ തിരിച്ചറിയുന്നു. പുരുഷന്‍റെ അന്വേഷണങ്ങളേക്കാള്‍ ഉയര്‍ന്ന അന്വേഷണമാണ് സ്ത്രീയുടേത് എന്ന വസ്തുതയാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്. ''സ്ത്രീയ്ക്കേ ഈ ഭൂമിയെ അതിജീവിക്കാനാവൂ" എന്നും ഗോപ പറയുന്നുണ്ട്.
അമ്മ ബുദ്ധന്‍ അപരിചിതനാണെന്നും ലോകം പുരുഷബുദ്ധനെയേ തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നും ഗോപയില്‍നിന്ന് നാം മനസ്സിലാക്കുന്നു. പുരുഷന്‍റെ ബുദ്ധത്വമാണ് ചരിത്രത്തില്‍ കടന്നുവന്നത്. സ്ത്രീയുടെ ബുദ്ധത്വത്തിന് ഒട്ടും പ്രാധാന്യം കിട്ടിയില്ല. ഇതാണ് ഗോപ ചൂണ്ടിക്കാണിക്കുന്നത്. ബുദ്ധത്വം എന്നത് സ്ത്രീക്കും പുരുഷനും സാധ്യമാണ്. ഇരുവരുടെയും അന്വേഷണങ്ങള്‍ സംഗമിക്കുമ്പോഴാണ് അന്വേഷണം സാര്‍ത്ഥകമാകുന്നത്. അല്ലെങ്കില്‍ ആരായലുകള്‍ അപൂര്‍ണമായി അവശേഷിക്കും. ഗോപയില്ലാതെ ഗൗതമന്‍റെ അന്വേഷണങ്ങള്‍ക്കും പൂര്‍ണത കൈവരികയില്ലെന്നാണ് അവള്‍ ചൂണ്ടിക്കാണിക്കുന്നത്.
"ശാശ്വതമായ ഒരു സത്യവുമില്ല, ധര്‍മ്മവുമില്ല; ആ സൂക്ഷ്മജ്ഞാനമാണ് ബുദ്ധത്തം." ഇത് ഏവര്‍ക്കും സാധ്യമായ ഒരു വഴിയാണ്. സ്ത്രീയെ ബുദ്ധത്തത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനെയാണ് ഗോപ ചോദ്യം ചെയ്യുന്നത്. മതത്തിന്‍റെ ആത്മീയവിചാരങ്ങളില്‍ സ്ത്രൈണത കടന്നുവരുന്നില്ലയെന്നത് ഇന്നും പ്രസക്തമായ ചിന്തയാണ്. ഗോപയുടെ ദര്‍ശനം സ്ത്രൈണമായ ആത്മീയതയിലേക്കാണ് ദിശ കാണിക്കുന്നത്. ഒരു സ്ത്രീയോളം നിര്‍ഭയയായിട്ടുള്ളത് ഈ ഭൂമി മാത്രമാണ്' എന്ന് ഗോപ പറയുന്നുണ്ട്. പ്രകൃതിയും മനുഷ്യനും പ്രപഞ്ചചൈതന്യവുമെല്ലാം ഒന്നാകുന്ന പൂര്‍ണതയുടെ ദര്‍ശനമാണ് ഗോപ ആവിഷ്കരിക്കുന്നത്, "പ്രകൃതിയില്‍ മനുഷ്യജാതിയിലെ ആണൊഴികെ എതിര്‍ലിംഗത്തോട് ഇങ്ങനെ ക്രൂരമായി പെരുമാറുന്നതായി അറിവില്ല" എന്നതാണ് യാഥാര്‍ത്ഥ്യം.
'സ്ത്രീയും പുരുഷനും തുല്യരാകുന്ന ഒരു സഹോദയം ഭൂമിയില്‍ എന്നു പുലരും?' എന്ന ചോദ്യമാണ് എഴുത്തുകാരന്‍ ഈ നോവലിലൂടെ ഉന്നയിക്കുന്നത്. 'മനുഷ്യജാതിയിലെ സ്ത്രീയൊന്നാകെ പിടയുന്നു. ഈ പിടച്ചിലില്‍ നിന്ന് ഗോപകര്‍ക്ക് എന്നാണ് മോചനം?' എന്ന ചോദ്യവും തുടര്‍ന്നുവരുന്നുണ്ട്.
'അപരത്തമാണ് ഭൂമിയിലെ സകല പ്രശ്നത്തിന്‍റെയും മൂലക്കല്ല്. മോചനം വേണ്ടത് അപരത്തത്തില്‍ നിന്നാണ്. ഓരോന്നും എല്ലാറ്റിന്‍റെയും ഭാഗമാണ്" എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ കലഹങ്ങള്‍ക്ക് പ്രസക്തിയില്ല. മനുഷ്യനു മാത്രമാണ് അതിര്‍ത്തികളുള്ളത്. നാം ഓരോ തരത്തിലുമുള്ള അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അപരത്തത്തിലേക്ക് വളരുന്നതാണ് ഈ വരമ്പുകള്‍. അതിര്‍വരമ്പുകളെ അതിജീവിക്കുമ്പോഴാണ് അപരത്വത്തില്‍നിന്ന് വിടുതി നേടാന്‍ സാധിക്കുക.
'ഭയം അസ്തമിച്ചാല്‍ സ്വാതന്ത്ര്യത്തിന്‍റെ വഴി തെളിയും' എന്നു നാമറിയുന്നു. വിഭിന്ന തരത്തിലുള്ള ഭയങ്ങള്‍ നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഭയത്തില്‍നിന്ന് സര്‍ഗാത്മകമായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. 'ബുദ്ധനും അബുദ്ധനും ഇടയിലുള്ള മഹായിടത്തിലാണ് ചേതനയുള്ള മനുഷ്യന്‍ സഞ്ചരിക്കുന്നത്.' ഈ സഞ്ചാരത്തില്‍ സ്ത്രീപുരുഷവ്യത്യാസമില്ല എന്നാണ് ഗോപ സാക്ഷ്യപ്പെടുത്തുന്നത്. "എന്തുകൊണ്ട് ഞങ്ങളുടെ കിടപ്പറയില്‍നിന്ന് എന്നോടൊരക്ഷരം ഉരിയാടാതെ ഇറങ്ങിപ്പോയി? ഞാനവന്‍റെ മറുപാതിയല്ലേ? ഞാനില്ലെങ്കില്‍ അവനു സിദ്ധിച്ച ബുദ്ധത്തം എങ്ങനെ പൂര്‍ണ്ണമാകും?" എന്ന ചോദ്യമാണ് ഗോപ ചോദിക്കുന്നത്. 'എന്‍റെ ചോദ്യത്തിന് അവന്‍ ഉത്തരം നല്കിയേ തീരൂ' എന്നും ഇത് 'ഈ പ്രപഞ്ചത്തിലെ ജീവന്‍റെ സ്ത്രൈണതയുടെ ചോദ്യമാണ്' എന്നും പറയുമ്പോള്‍ 'ഗോപ' എന്ന കൃതിയുടെ ആത്മാവ് വെളിപ്പെടും.
(ഗോപ - കെ. അരവിന്ദാക്ഷന്‍ - ഡി സി ബുക്സ്)