"അയാള്‍ ആ കുന്നുകയറി അവളുടെ കാല്‍ക്കീഴില്‍ ചെന്നുനിന്നു. അവളുടെ നിഴല്‍ അയാളുടെ മേല്‍ വീണു. ആദോ, ഇതിനുള്ളില്‍ നീയുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉണ്ടെന്നു വിശ്വസിക്കാനാണ് ഞാനിപ്പോള്‍ ഇഷ്ടപ്പെടുന്നത്. അയാള്‍ അവളുടെ പാദങ്ങളില്‍ തൊട്ടു. ഇതു നീ തന്നെയാണെങ്കില്‍... അഥവാ നീ തിരിഞ്ഞുനോക്കിയിട്ടുണ്ടായിരുന്നെങ്കില്‍, ആദോ, യാഹ്വയോടുള്ള നിന്‍റെ എതിര്‍പ്പ് കാണിക്കാനായിരുന്നോ അത്? ശിക്ഷ എന്തു തന്നെയായാലും അവന്‍റെ കല്പന ലംഘിക്കുമെന്ന് നീ തീരുമാനിച്ചുറപ്പിച്ചിരുന്നോ? ആ തീരുമാനത്തിന് നിന്‍റെ ജീവന്‍റെ വിലയേക്കാള്‍ മഹത്വം ഉണ്ടായിരുന്നോ?  അയാള്‍ അവളുടെ കാല്‍ക്കല്‍ ഇരുന്നു... ഏറെ നേരം..."

സാറാ ജോസഫിന്‍റെ  'കറ' എന്ന പുതിയ നോവലിലെ അതിതീക്ഷ്ണമായ ഒരു രംഗവിവരണമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.  

ഉപ്പുതൂണായി അവശേഷിച്ച സ്വന്തം ഭാര്യയുടെ വലിയൊരു ചുണ്ണാമ്പുപാറമേല്‍ ഉപ്പുസൂചി കൊണ്ട് ലോത്ത് എഴുതി:

"ആദോ! ഊര്‍ സ്വദേശി തേരഹിന്‍റെ മകനായ  ഹാരാന്‍റെ പുത്രന്‍ ലോത്തിന്‍റെ ഭാര്യ. ഭൂമിയില്‍ മനു ഷ്യരുള്ള കാലത്തോളം  അവള്‍ ഓര്‍മിക്കപ്പെടുന്നതിന്  ദൈവം കാരണമായി..." ഇബ്രായ്  ഭാഷയിലാണ്   അയാള്‍ അതെഴുതിയത്. എന്നിട്ടയാള്‍ വീണ്ടും തെ ക്കോട്ട് നടന്നു...

 

ആ രാത്രിയിലാണ് ലോത്ത് ഉറക്കത്തില്‍ ആദ്യ മായി കര്‍ത്താവിനെ താന്‍ കിടന്നിരുന്ന ഗുഹക്കു ള്ളില്‍  കാണുന്നതും ദൈവം അയാളോട് സംസാരി ക്കുന്നതും. "ഹാരാന്‍റെ മകനായ ലോത്തേ!" ഗുഹാഭി ത്തികള്‍ വിറച്ചു.  കല്ലുകള്‍ കര്‍ത്താവിന്‍റെ സ്വരം കേട്ടു. ലോത്ത് ഭയന്നു. "നീതിമാനെ, ഭയപ്പെടരുത്.  ഇത് ഞാനാകുന്നു. വേദനകളെ പൊറുപ്പിക്കുന്ന ദൈവം." കുടിച്ച്   ഉന്മത്തനായ ലോത്ത് സ്വന്തം പെണ്‍മക്കളാല്‍ വഞ്ചിതനായി അവരില്‍ മക്കളെ ജനിപ്പിക്കുന്നു. പാപത്തിന്‍റെ കുറ്റബോധം, നിരന്തരമായ അലച്ചിലുകള്‍, കൂട്ടുയാത്രികരുടെ പിറുപിറുപ്പുകള്‍,  വിശപ്പിന്‍റെയും നഗ്നതയുടെയുമൊക്കെ അശാന്തികള്‍... അയാള്‍ യാഹ്വേയുടെ മുന്‍പില്‍ തേങ്ങുകയാണ്..... തന്‍റെ വംശത്തിന്‍റെ തുടര്‍ച്ച... അവരുടെമേല്‍ എബ്രഹാം ചാര്‍ത്തിക്കൊടുത്ത ശാപനിയമങ്ങള്‍... എല്ലാം ഒരു നിമിഷംകൊണ്ടു കര്‍ത്താവു തുടച്ചുമാറ്റി.

 

മോവാബിയകാരിയായ റൂത്തിനെയും റൂത്തിന്‍റെ മകന്‍ യിശ്ശായുടെ  പൗത്രന്‍ ദാവീദിനെയും ലോത്ത് സ്വപ്നത്തില്‍ ദര്‍ശിച്ചു. മരുഭൂമിയിലെ മണല്‍ത്തരി കള്‍പോലെ ഭാവിയിലെ ജനപ്പെരുപ്പം അതിശയ ത്തോടെ അയാള്‍ നോക്കിക്കണ്ടു. ദാവീദിന്‍റെ തലമുറ കള്‍ വരുന്നതും പോകുന്നതും ലോത്തിന് വെളിപ്പെട്ടു. 'ഒടുവില്‍ വന്നവന്‍ ഏകനായിരുന്നു.' അവന്‍ മരുഭൂമിയിലൂടെ നടന്നുവന്നു. സ്നേഹിക്കുവിന്‍ ശത്രുവി നെയും സ്നേഹിക്കുവിന്‍... ആകുലപ്പെടുന്നതുകൊണ്ട് തന്‍റെ ജീവിത കാലയളവിനോട് ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും? ഭാവിയില്‍നിന്ന് ഒരു കൈക്കുമ്പിള്‍ വെള്ളത്തിനുവേണ്ടി ലോത്ത് കൈ നീട്ടി. ഗുഹയ്ക്കകത്ത് നിറഞ്ഞുകൊണ്ടിരുന്ന ഉപ്പു വെള്ളം അയാളുടെ   കൈക്കുമ്പിള്‍ നിറച്ചു. അയാള്‍ ഒന്നു തിരിഞ്ഞു കിടന്നു.

"ആദോ,  എന്നെ വിളിക്കരുത്. എനിക്കുറങ്ങണം."

ആരും തലകുലുക്കി പോകും. എന്തൊരഴകോ ടെയാണ് 'കറ' എന്ന  ഈ നോവല്‍ സാറാ ജോസഫ് അവസാനിപ്പിച്ചിരിക്കുന്നത്. ലോത്ത്, ഉപ്പുതൂണായിപ്പോയ തന്‍റെ ഭാര്യയോട് ആണ് പറയുന്നത്, എന്നെ വിളിക്കരുത് എനിക്ക് ഉറങ്ങണമെന്ന്... സമാധാനപരമായ ഒരു നിദ്രയിലേക്ക്, അല്ലെങ്കില്‍ മരണത്തിലേ ക്കാകാം അയാള്‍ തിരിഞ്ഞുകിടന്നത്.

'കറ' യുടെ പിന്‍കുറിപ്പില്‍, നോവല്‍ എഴുതുന്നതിനു വേണ്ടി നടത്തിയ യാത്രകള്‍, ശേഖരിച്ച വിവരങ്ങള്‍, കണ്ടുമുട്ടിയ ആള്‍ക്കാര്‍, റഫറന്‍സിനായി വായിച്ച പുസ്തകങ്ങള്‍ ഇവയുടെയെല്ലാം നീണ്ടലിസ്റ്റ് കാണുമ്പോള്‍ എഴുത്തിനെ എത്ര ഗൗരവത്തോടെ യാണ്   ഇവര്‍ സമീപിച്ചിരിക്കുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തി. വരുംതലമുറയിലെ എഴുത്തുകാര്‍ക്ക് ഗ്രന്ഥകാരി മാതൃകയാവുകയാണ്. വളരെയധികം എഴുത്തുസഹായികളോട് സാറാജോസഫിന്‍റെ കടപ്പാടിന്‍റെ വെളിപ്പെടുത്തലുകളും വായിച്ചറിഞ്ഞു. എഴുത്തിനും അതിനുവേണ്ട സൗകര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും സ്ത്രീകളും പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.

എത്ര കോരിയെടുത്താലും തീരാത്ത അത്ര  മുത്തുകളും  പവിഴങ്ങളും  ഉള്ള എപ്പിക്ക് ആണ് വിശുദ്ധ വേദഗ്രന്ഥം. പ്രത്യേകിച്ച് പഴയ നിയമം. ബോവാസിന്‍റെയും റൂത്തിന്‍റെയും കഥ പറ യുന്ന ലിസ്സിയുടെ 'വിളനിലങ്ങള്‍.' 'എലോഹീമിന്‍റെ പാദമുദ്രകള്‍', ഫാദര്‍ ജേക്കബ് തെക്കേമുറി എഴുതിയ 400 പേജുകള്‍ വരുന്ന ബൃഹത്തായ നോവല്‍ ഏസാ വിന്‍റേയും യാക്കോബിന്‍റെയും പരമ്പരകളുടെ കഥ സുന്ദരമായ ഭാഷയിലൂടെ പറയുന്നു. സോളമന്‍റെ ഉത്തമ ഗീതങ്ങളാണ് റോസി തമ്പിയുടെ 'പാട്ടുകളുടെ പാട്ട്.'  റോസിയുടെ തന്നെ 'റബ്ബോനി' പുതിയ നിയമ ത്തില്‍നിന്നുള്ള ഒരേടാണ്. നാല്‍പ്പത്തി മൂന്നാമത്തെ വയസ്സില്‍ അന്ധനായ മില്‍ട്ടന്‍റെ 'പരഡൈസ് ലോസ്റ്റ്,' സരമാഗുവിന്‍റെ 'കയേന്‍', കാസന്‍ദ്സാക്കീസിന്‍റെ  'ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്'  ഒക്കെ പിന്നെയും ബാക്കിയാവുന്നു.

സാറാ ജോസഫിന്‍റെ  പാപത്തറ, ആലാഹയുടെ പെണ്‍മക്കള്‍, ഉതപ്പ് ഇവയൊക്കെ ബൈബിള്‍ സ്പര്‍ശമുള്ള നോവലുകളാണ്. അതിന്‍റെയൊക്കെ തുടര്‍ച്ചയെന്നോണം തോന്നിക്കുന്ന  'കറ' യെന്ന ഈ പുതിയ നോവലില്‍ തേരഹിന്‍റെ പുത്രന്മാരായ അബ്രഹാമി ന്‍റെയും ഹാരാന്‍റേയും കഥയില്‍ തുടങ്ങി ദാവീദിന്‍റെ പരമ്പരയില്‍ എത്തിനില്‍ക്കുന്നു. ഹാരാന്‍റെ മകന്‍ ലോത്താണ് നോവലിന്‍റെ കേന്ദ്രബിന്ദു.  സ്വപ്നത്തില്‍ ലോത്ത് വീണ്ടും കര്‍ത്താവിനെ കേള്‍ക്കുന്നു: "നിന്‍റെ തലമുറകളില്‍ ഏറ്റവും ശ്രേഷ്ഠനായവനെ കാണുക. ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം അവന്‍റെ നാമം അസ്തമിക്കില്ല."

തന്നെ കാത്തിരിക്കുകയായിരുന്ന ജനാവലിയെ കണ്ട് ആ യുവാവ്  മലമുകളിലേക്ക് കയറി. അവന്‍ അവരോട് സംസാരിക്കാന്‍ തുടങ്ങി. ലോത്തും ഒരു ശ്രോതാവായിരുന്നു. ആ യുവാവിന്‍റെ മുഖത്തുനിന്നും കണ്ണെടുക്കുവാന്‍ ലോത്തിന് കഴിഞ്ഞില്ല. അയാളുടെ കണ്ണുകള്‍ കവിഞ്ഞൊഴുകാന്‍ തുടങ്ങി.

'സ്നേഹിക്കുവിന്‍' അവന്‍ പറഞ്ഞു. അവന്‍റെ ശബ്ദം പ്രകാശരശ്മികള്‍ക്ക് തുല്യം. ആളുകള്‍ അവന്‍റെ വാക്കുകള്‍ക്കായി ദാഹിച്ചു. 'കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്' എന്ന് നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടാവും. എന്നാല്‍ ഞാന്‍ പറയുന്നു, അതു തള്ളിക്കളയുക.... സ്നേഹിക്കുവിന്‍ ശത്രുവിനെയും സ്നേഹിക്കുവിന്‍... ജനക്കൂട്ടം അവനെ അനുഗമിക്കുന്നത് ലോത്ത് കണ്ടു. ലോകം വറ്റി വരണ്ടതായിരുന്നു.. അവന്‍ നടന്ന അടികളിലൊക്കെ പാലരുവികള്‍ ഒഴുകുന്നു.  ജനം അതില്‍നിന്ന് കോരി കുടിക്കുന്നു.
പഴയ നിയമത്തിലെ ദൈവം, യഹോവ, യാഹുവാ, കര്‍ത്താവ്, ഏലോഹീം എന്നീ രൂപങ്ങളൊക്കെ മാറി മാറി അവസാനം വന്നവനായ യേശുവിലേക്ക് എത്തുന്ന ഒരു പരിണാമത്തിന്‍റെ കഥ കൂടിയാണ് ഈ നോവല്‍. ലോകാവസാനം വരെയുള്ള മനുഷ്യന്‍റെ പ്രത്യാശയാണ് അവന്‍. അവന്‍ ഏകനായിരുന്നു....

ലോകത്തോട് പറയുവാനുള്ള പ്രത്യാശയുടെ, സ്നേഹത്തിന്‍റെ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ ശേഷം 'കറ' എന്ന ഈ നോവല്‍ അവസാനിക്കു കയാണ്..

വരികള്‍ക്കിടയിലൂടെ  വായിച്ചെടുക്കാവുന്ന ഒരുപാട് ആണ്‍-പെണ്‍ ലിംഗ രാഷ്ട്രീയങ്ങള്‍ ഉണ്ടി തില്‍. ഒട്ടുംതന്നെ സ്ത്രീപക്ഷം അല്ലാത്ത  അബ്രഹാമിന്‍റെ നിയമസംഹിതകള്‍ ഒരുവശത്ത്. ലോത്ത് ആകട്ടെ സോദോമില്‍ വന്ന വിശിഷ്ടാതിഥികളെ രക്ഷിക്കാനായി പുരുഷന്‍ സ്പര്‍ശിച്ചിട്ടില്ലാത്ത തന്‍റെ പെണ്‍മക്കളെ പുരുഷാരത്തിനിടയിലേക്ക് പറഞ്ഞു വിടാന്‍ തയ്യാറാകുകയും അവരെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളാന്‍ സ്വദേശികളോട് അപേക്ഷിക്കുന്നു പോലുമുണ്ട്. ദൈവത്തോട് നേരിട്ടു സംസാരിച്ച, നീതിമാന്‍ എന്നു വാഴ്ത്തപ്പെട്ട അബ്രഹാമിന്‍റെ ഒരു നിയമവും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അനുകൂലമായിരുന്നില്ല. ലോത്തും വ്യത്യസ്തനായിരുന്നില്ല.  ഇവരെ രണ്ടുപേരെയും സംസാരത്തിലൂടെയും മറ്റു ചിലപ്പോള്‍ മൗനത്തിലൂടെയും നേരിടുന്നത് അവരുടെ ഭാര്യമാരാണ്- സാറായും,  ഈഡിത്തും... ഈഡിത്തിന് അബ്രഹാമിന്‍റെ ദൈവത്തിന്‍റെ നിയമങ്ങളെപോലും ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിരുന്നില്ല. വിലക്കുകളെയെല്ലാം അവള്‍ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. അവളത് പലപ്പോഴും പ്രകടിപ്പിക്കുകതന്നെ ചെയ്തു. അതുകൊണ്ടുതന്നെയാവും  ഈഡിത് മാലാഖമാരുടെ ഉപദേശം പാലിക്കാതെ പുറകിലേയ്ക്ക് തിരിഞ്ഞുനോക്കി ഉപ്പുതൂണായി എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതും. ലോത്തിന്‍റെ മക്കളായ മിഹാലും ലേയയും അമ്മമാരില്‍ നിന്നും ഒട്ടും വിഭിന്നരല്ല. അവര്‍ക്കും അവരുടേതായ ശരികള്‍ ഉണ്ടായിരുന്നു. ലോത്തിന്‍റെ ഭാര്യക്കും പെണ്‍മക്കള്‍ക്കും വേദപുസ്തകത്തില്‍ നാമങ്ങള്‍ ഇല്ലായിരുന്നു എന്നതും ശ്രദ്ധാര്‍ഹമാണ്.

'കറ' എന്നാല്‍ പലതിന്‍റെയും കറയാണ്. കറുപ്പിന്‍റെ, മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെ കറ. പാപത്തിന്‍റെ കറ. അഗമ്മ്യഗമനങ്ങളുടെ, സ്വവര്‍ഗരതിയുടെ, അങ്ങനെ പലതിനും കുപ്രസക്തി നേടിയ നാടായിരുന്നു സോദോമും ഗൊമോറയും. സോദോമിലെ കറുത്ത മുന്തിരിയില്‍ നിന്നുള്ള വീഞ്ഞിനു പോലും ലഹരിയുടെ കറ ഉണ്ടായിരുന്നു. ഗ്ലോബലായി പ്രായ-ലിംഗ വ്യത്യാസമില്ലാതെ ലഹരിയില്‍ അമരുന്ന ഒരു കാലമാണിത്. ഇതിനെതിരെ നോവലിസ്റ്റ് പരോക്ഷമായി പുസ്തകത്തില്‍ ഉടനീളം കലഹിക്കുന്നുണ്ട്. ഇതില്‍നിന്ന് വരുംതലമുറ പുറത്തുവരുവാനുള്ള ഒരു ആഹ്വാനം കൂടിയാണ് ഈ നോവലിന്‍റെ ഒരു പൂര്‍വ്വ നിശ്ചയം.

സാറാ ജോസഫ് എന്ന നോവലിസ്റ്റ് സ്വന്തം ആഖ്യാനശൈലികൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. പദസമ്പത്തും, വാക്കുകളുടെ തിരഞ്ഞെടുപ്പും അവ അടുക്കിവച്ചിരിക്കുന്ന രീതിയും ഏറ്റവും നവീനമാണ്. വീണ്ടും, വീണ്ടും വായിക്കുവാന്‍ പ്രേരിപ്പിക്കുന്ന നോവല്‍.

എഴുതുവാന്‍ ഇനിയും ഏറെയുണ്ട്. വായനക്കാരിയുടെ ആത്മാംശം തീര്‍ച്ചയായും ആസ്വാദനത്തില്‍ ഉണ്ടാവാതിരിക്കില്ല... അതുകൊണ്ട് ശേഷം, വായനക്കാര്‍ക്കായി ഞാന്‍ നീക്കിവെയ്ക്കുകയാണ്.           

You can share this post!

ആ പുസ്തകം

ഡോ. കുഞ്ഞമ്മ ജോര്‍ജ്
Related Posts