So I wait for you like a lonely house,
till you will see me again,
and live in me.
Till then, my windows ache.
Pablo Neruda
'ഇദം പാരമിതം' കവി വി. ജി. തമ്പിയുടെ ആദ്യനോവല്‍. മാതൃഭൂമി ബുക്സ് അടുത്തമാസം പ്രസിദ്ധീകരിക്കുന്നു. നോവലിലെ ഒരു അദ്ധ്യായമാണ് 'ഗൃഹബുദ്ധം.'
ബുദ്ധന്‍ സഹീപുത്രന് ഉപദേശിച്ചുകൊടുക്കുന്ന ഹൃദയസൂത്രമാണ് ഇദം പാരമിതം (Now, The beyondness). പരിധികളെയും പരിമിതികളെയും മറികടന്നു പോകുന്ന പാരമ്യത്തിലേക്കുള്ള സഹജപ്രേരണയാണ് നോവലിന് അവലംബമായിരിക്കുന്നത്. അസ്തിത്വമെന്നത് പാരമിതത്തിലേക്കുള്ള ഒരു ദീര്‍ഘയാത്രയും ആഘോഷവുമാണ്. കടന്നുപോകുന്നതിനിടയില്‍ നിരവധി ഗുരുക്കന്മാരെ കണ്ടുമുട്ടുന്നു. ഹൈപ്പേഷ്യയുടെ അലക്സാണ്ഡ്രിയ മുതല്‍ ഹിമാലയത്തിലെ സത്രാപത് തടാകംവരെ വിസ്തൃതമായ സ്ഥലരാശികള്‍.
യാത്രയ്ക്കിടയില്‍ ഹിമാചല്‍ പ്രദേശിലെ ദീദി കോണ്‍ട്രാക്ടര്‍ എന്ന ലോകപ്രശസ്തയായ വാസ്തുശില്പിയ്ക്കൊപ്പം താമസിക്കുന്നു. ദലൈലാമയുടെ ശിഷ്യയാണവര്‍. ദീദിയുടെ ജീവിതം പറയുന്ന ഒരു അദ്ധ്യായമാണ് ഗൃഹബുദ്ധം. ദീദിയുടെ പ്രിയശിഷ്യരായ നിതാന്തസഞ്ചാരികളായ ജോസഫിന്‍റെയും ലക്ഷ്മിയുടെയും ചിത്രങ്ങള്‍ ഇതോടൊപ്പമുണ്ട്. ബുദ്ധന്‍റെ വാസ്തുദര്‍ശനങ്ങള്‍ ഈ അദ്ധ്യായത്തില്‍ വായിക്കാം.
മണ്ണുമെഴുകിയതാണ് ദീദിയുടെ വീട്. തണുപ്പില്‍ ചൂടും ചൂടില്‍ തണുപ്പും മാറി മാറി വസിക്കുന്ന വീട്. വെളിച്ചവും നിഴലും കൊണ്ടാണ് ദീദി വീടിനെ എഴുതുന്നത്. അതിനൊരു ശ്വാസകോശമുണ്ട്. കാറ്റ് പിടിക്കുമ്പോള്‍ അതിന്‍റെ ഹൃദയം ഉയര്‍ന്നുതാഴും. ജീവന്‍ മിടിക്കും. കല്ലുകള്‍കൊണ്ടല്ല മിടിപ്പുകള്‍കൊണ്ടാണ് ദീദി വീട് പണിയുന്നത്. പ്രണയിക്കാനും കലഹിക്കാനും ഒറ്റയ്ക്കിരുന്നു കരയുവാനും സ്വപ്നം കാണുവാനും അതിലിടമുണ്ട്.
ജനല്‍ തുറന്നാല്‍ സൂര്യനും ചന്ദ്രനും കടന്നുവരും. പൂര്‍ണതയുടെ ശാഠ്യമൊന്നും വീടിനില്ല. അപൂര്‍ണതകളെ ലജ്ജയില്ലാതെ ചേര്‍ത്തുപിടിക്കാന്‍ വീടിനറിയാം. അനാവശ്യമായ അലങ്കാരങ്ങളും പൊയ്മുഖങ്ങളും വീടിനെ വിരൂപമാക്കും. വീട് ഒരു കെട്ടിടം മാത്രമല്ലല്ലൊ. അതിനുള്ളില്‍ പാര്‍ക്കുന്നവരുടെ മനോഭാവങ്ങളാണ് പ്രധാനം. എപ്പോഴും കൂട്ടിച്ചേര്‍ക്കാവുന്ന അപൂര്‍ണതകളുടെ ഇടങ്ങളാണ് വീടിന്‍റെ സൗന്ദര്യം. വീടുകളെക്കുറിച്ച് ദീദി വിചിത്രമായ കഥകള്‍ പറയും.
മുറ്റത്ത് ദേവദാരുവില്‍ ഒരു ഊഞ്ഞാല്‍ കെട്ടിയിട്ടുണ്ട്. അതിലിരുന്നാടി ഇടയ്ക്കിടെ ചായ മൊത്തിക്കുടിച്ച് കഥകള്‍ പറഞ്ഞുതുടങ്ങിയിട്ട് മണിക്കൂറുകളായി. ഇടയ്ക്കിടെ സിഗരറ്റ് പുകയ്ക്കുന്നുണ്ട്. ചുറ്റിലും കുറച്ചു പെണ്‍കുട്ടികള്‍ ദീദിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കോരിയെടുക്കുന്നു. അവര്‍ക്കൊപ്പം അവരെ രഹസ്യത്തിലും പരസ്യത്തിലും പ്രേമിക്കുന്ന ആണ്‍കുട്ടികളുമുണ്ട്. ഹിമാചലിലെ ദീദി കോണ്‍ട്രാക്ടര്‍ അവരുടെ അവധിക്കാല ഗുരുവാണ്. കാണ്‍പൂരില്‍നിന്നും നാസിക്കില്‍നിന്നും ഡാര്‍ജിലിങ്ങില്‍നിന്നും വന്നിട്ടുള്ള ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികളാണവര്‍. ഒരാഴ്ചയായി ധര്‍മാലയത്തില്‍ അവരുണ്ട്. മുറ്റത്ത് കളിമണ്ണും ചെളിയും ചവിട്ടിക്കുഴച്ചും സ്ലേറ്റ് പാളികള്‍ അളന്നുമുറിച്ചും അടുക്കളയില്‍ സ്വന്തമായി പാചകംചെയ്തും സന്ധ്യയായാല്‍ ദീദിയോടൊപ്പം മലകള്‍ കയറിയിറങ്ങിയും അവധിക്കാലം ഉല്ലാസഭരിതമാക്കുകയാണവര്‍. ദീദിയുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ ലജ്ജയെല്ലാം മാഞ്ഞുപോകും. പാട്ടും നൃത്തവുമായി സ്വതന്ത്രരാകും. ഇന്ന് അവധി തീരുകയാണ്. തിരിച്ചുപോകാന്‍ ഇഷ്ടമല്ല. ദീദിയുടെ അവസാന ക്ലാസിലാണവര്‍ ഇരിക്കുന്നത്.
ഭാവിവീടുകളെക്കുറിച്ചും സ്വപ്നവീടുകളെക്കുറിച്ചും ദീദിയോടവര്‍ ചോദിക്കുന്നു. സ്കെച്ച് ബുക്കുകളില്‍ അതെല്ലാം വരച്ചുചേര്‍ക്കുന്നു. പെണ്ണിന്‍റെ ഹൃദയമുള്ള ഒരു വീടെങ്ങനെ പണിയണമെന്നാണ് നന്ദിത ചോദിച്ചത്. വീടുകള്‍ക്ക് ചിറകുകള്‍ തുന്നിപ്പിടിപ്പിക്കുന്നതെങ്ങനെ? വീടുകളെ നൃത്തം ചെയ്യിക്കുന്നതെങ്ങനെ? വീടുകളെ കുഞ്ഞുങ്ങളെപ്പോലെ മടിയിലിരുത്തി മുലയൂട്ടുന്നതെങ്ങനെ? മുറിവേറ്റ വീടുകളെ സൗഖ്യപ്പെടുത്തുന്നതെങ്ങനെ? അവരുടെ ചോദ്യങ്ങളില്‍ ദീദി മതിമറന്ന് ചിരിച്ചു.
ആദ്യം ഹൃദയത്തില്‍ വീട് വരയ്ക്കണം. ഒരു കണ്ണാടിയിലെന്നപോലെ വീട് നിങ്ങളെ കാണിച്ചുതരണം. നിങ്ങളുടെ രഹസ്യങ്ങളെ തോണ്ടിയെടുക്കണം. അനങ്ങാതെയൊഴുകുന്ന നദിയെ സങ്കല്പിക്കാനാവുമോ. വീടിനുള്ളില്‍ ശബ്ദം മാത്രം പോരാ. നിശ്ശബ്ദതയുടെ വിശദീകരണവും വേണം. ഒന്നോര്‍ക്കണം വീട് പണിതവനെയും പണിയുന്നുണ്ട്.
നിങ്ങളുടെ കൂട്ടത്തില്‍ നര്‍ത്തകിമാരുണ്ടോ, ട്രാന്‍സ്ജെന്‍ററുണ്ടോ? കവികളുണ്ടോ? ഒരു തുള്ളി കിറുക്കെങ്കിലുമില്ലാത്ത കുറുമ്പികള്‍ കാണില്ലല്ലോ. നിങ്ങളുടെ വീട്ടിലെ ഏതു മൂലയും നൃത്തം ചെയ്യാന്‍ തുറന്നു വക്കണം. കുറച്ചുകൂടി വെളിച്ചവും തുറസ്സുമുള്ള അടുക്കളയെ പരിഗണിക്കണം. ജെന്‍ഡര്‍ ന്യൂട്രലാക്കാന്‍ പല വിദ്യകളുമുണ്ട്. മള്‍ട്ടിയൂട്ടിലിറ്റി സ്പേസുകള്‍ സങ്കല്പിക്കുന്നിടത്താണ് ബുദ്ധി.
ലോകത്തിലുണ്ടാകുന്ന പലതരം വീടുകളുടെ ചരിത്രം പറയാന്‍ തുടങ്ങി. 1924 ല്‍ ഒരു വിധവയും അവരുടെ മൂന്നുമക്കളും താമസിക്കാന്‍ നെതര്‍ലാന്‍റില്‍ ഒരു വീട് വച്ചു. മൂന്ന് അഭിരുചികളുള്ള കുട്ടികള്‍. ഒരാള്‍ ഭിന്നശേഷിക്കാരനാണ്. ജെറിന്‍ എന്ന ലോകപ്രശസ്തനായ ആര്‍കിടെക്ട് പണിത ഷോഡര്‍ഹൗസ് ഇന്ന് ചരിത്രസ്മാരകമാണ്. ദീദി അതിന്‍റെ ചിത്രങ്ങള്‍ നിവര്‍ത്തി കാണിച്ചു. നിയതമായ ചുമരുകളില്ല. എല്ലാ മുറികളും തിരിച്ചും മറിച്ചും പരിവര്‍ത്തിപ്പിക്കാം. വീടിന്‍റെ എല്ലാ അധികാരശ്രേണികളെയും തകര്‍ക്കുന്ന വീടാണത്. വീട്ടിലൊരു ഒഴുക്കുണ്ട്. ഒരിക്കലും വീടിനെ നങ്കൂരമാക്കില്ല. വീട്ടുടമ ഒരു ധീരയായ സ്ത്രീയായതുകൊണ്ടാണ് ആ വീടിന് ഇത്രയും സ്വാതന്ത്ര്യം കിട്ടിയത്. പുറംചുമരുകളില്‍ നിറയെ പൊത്തുകളാണ്. കിളികള്‍ക്ക് രാത്രി വന്നു പാര്‍ക്കാനുള്ളതാണത്. എല്ലാ വീടുകള്‍ക്കും ഉള്ളിലുണരുന്ന സംഗീതം വേണം. അഭിരുചികള്‍ വേണം. ദീദി അവരെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ഏകാന്തതയിലിരുന്ന് കരയാനും മുറിവുകളെ ഓര്‍ത്ത് പ്രാര്‍ഥിക്കാനും ഇടംവേണം. സ്വകാര്യതകളെ ആഘോഷിക്കാന്‍ വീടിനുള്ളില്‍ രഹസ്യമുറിവേണം. മരിച്ചുപോയവര്‍ക്കും വേണ്ടേ, നമ്മുടെ വീടിനുള്ളിലൊരിടം? ദീദിയുടെ പുഞ്ചിരിയിലൊരു നനവുണ്ടായിരുന്നു. ഹിമാചലിലെ വീടുകള്‍ ശ്രദ്ധിച്ചിട്ടില്ലേ? പ്രളയവും യുദ്ധങ്ങളും ഉറപ്പാണ്. അതോര്‍ത്തുകൊണ്ടാണ് അവര്‍ വീട് പണിയുന്നത്. വീട് ഉലഞ്ഞുവീണാല്‍ അതിനടിയില്‍ ഒരു പച്ചക്കറിത്തോട്ടമുണ്ടാക്കും. മണ്ണിലലിഞ്ഞുചേര്‍ന്ന അവശിഷ്ടങ്ങളില്‍നിന്ന് മഹത്തായത് സംഭവിക്കും.
ദീദി അവര്‍ക്കെല്ലാം അവരവരായിത്തീരാനുള്ള സന്തോഷം കൊടുത്തു. ധൈര്യം കൊടുത്തു. പ്രതീക്ഷ കൊടുത്തു. അഭിമാനം കൊടുത്തു. ദീദി അവര്‍ക്ക് ഒരു വജ്രശോഭയുള്ള വാസ്തുശില്പിയായി. ദീദി ചിരിച്ചു. തൂവെള്ളയായ ഒരു താമരപ്പൂവുപോലെ സുന്ദരമാണത്. ദീദിയുടെ മുഖം എഴുപത്തിയഞ്ചുവയസ്സിലും മൃദുലമാണ്. അതിലെ ചുളിവുകള്‍ക്ക് താമരയിതളുകളുടെ ഭംഗിയുണ്ട്. ലോലമായ കൈവിരലുകളില്‍ മഞ്ഞുതുള്ളികളുടെ തിളക്കം. കുട്ടികള്‍ അവരുടെ കവിളത്തും കൈകളിലും സ്നേഹവായ്പോടെ തലോടി.
സമരിയ വീടിന്‍റെ നീണ്ട വരാന്തയില്‍ കാല്‍ നിവര്‍ത്തിവച്ച് തിണ്ണയില്‍ ചാരി എല്ലാം ശ്രദ്ധിക്കുകയായിരുന്നു. രണ്ട് ദിവസമായി അവള്‍ ദീദിക്കൊപ്പമുണ്ട്. ലെവിന്‍ അവളെ ദീദിയെ ഏല്പിച്ച് ഡറാഡൂണില്‍ പോയിരിക്കുകയാണ്. നാളെ അവന്‍ വരും. അവനും ദീദിക്കൊപ്പം കഴിയണമെന്നുണ്ടായിരുന്നു. ദീദിയുടെ വീട് കുട്ടികള്‍ ഏറ്റെടുത്തതുകൊണ്ട് അവന്‍ മറ്റൊരിടം തേടിപോയതാണ്. നഷ്ടമായി. ഹരിതയ്ക്കും ദീദിയുടെ അടുത്തുവന്നു താമസിക്കാന്‍ ഭാഗ്യമുണ്ടായില്ല.
ഡല്‍ഹിയിലായിരിക്കുമ്പോള്‍ സമരിയ ഇവിടെ പലപ്പോഴും വന്നുപാര്‍ത്തിട്ടുണ്ട്. ദീദി അവള്‍ക്ക് ചിലപ്പോള്‍ അമ്മയേക്കാള്‍ അമ്മയാണ്. ഒരിക്കല്‍ അമ്മയെയും കൂട്ടി സമരിയ ഇവിടെ വന്നു. മഴയുള്ള കാലമായിരുന്നു. അമ്മയ്ക്ക് പനിച്ചു. ദീദി ആത്മസഖിയെപ്പോലെ അമ്മയ്ക്കൊപ്പം കൂട്ടിരുന്നു. ദീദി കൊല്‍ക്കൊത്തയില്‍ വന്നപ്പോള്‍ സമരിയയുടെ വീട്ടിലാണ് ഒരാഴ്ച തങ്ങിയത്. അവരൊരുമിച്ച് മദര്‍തെരേസയുടെ ആശ്രമത്തില്‍ പോയി. മദറിനൊപ്പം കാളിഘട്ടിലും പദ്മനദിക്കരയിലും കൂടെ നടന്നു. കുഷ്ഠരോഗികള്‍ക്കായി ദീദി പണിത ചികിത്സാലയത്തില്‍ അന്തേവാസിയായി ഒരാഴ്ചയുണ്ടായിരുന്നു. ദീദിതന്നെയാണ് ലാറിബേക്കറെ പരിചയപ്പെടുത്തിയത്. ബേക്കറിനൊപ്പം കുറച്ചുദിവസം തിരുവനന്തപുരത്ത് താമസിച്ചു. ദീദി തനിക്ക് മറ്റൊരു ലോകം തന്നു. അതില്‍ തനിക്ക് താനായി ജീവിക്കാനുള്ള ആത്മവിശ്വാസം തന്നു. മഹാശ്വേതദേവിയോടൊപ്പം സന്താള്‍ ഗ്രാമങ്ങളില്‍ ദീദി സമരിയയെ അലയാന്‍ വിട്ടു. ഇരുപതു വയസ്സുകാരിക്ക് ദീദി തന്ന സമ്മാനങ്ങളാണിതൊക്കെ. ഇനി ദീദി ദലൈലാമയുടെ അരികിലേക്ക് കൊണ്ടുപോകുകയാണ്. അമ്മയ്ക്ക് ദീദിയെ അത്രയും വിശ്വാസമാണ്.
ഇരട്ട അമ്മ എന്ന പ്രയോഗമുണ്ടെങ്കില്‍ അത് ദീദിയും അമ്മയുമാണ്. അമ്മ സമരിയയുടെ എല്ലാ വിശേഷങ്ങളും മറച്ചുവയ്ക്കാതെ അറിയിച്ചിട്ടുണ്ട്. 'നിന്നെ ഞാന്‍ ഏറ്റെടുക്കാം. ഇവിടെ വന്ന് താമസിക്ക്.' ദീദി പലപ്പോഴും ക്ഷണിച്ചിട്ടുണ്ട്. സ്വന്തം വീടെന്നാല്‍ സമരിയയ്ക്കിപ്പോള്‍ ദീദിയുടെ വീടാണ്.
നിന്‍റെ നീറ്റലിനെക്കുറിച്ച് അമ്മയെന്നോട് പറഞ്ഞിട്ടുണ്ട്. ഇവിടെ വരുമെന്നും പറഞ്ഞു. ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു. നോക്കട്ടെ നിന്‍റെ വയര്‍ ഞാനൊന്നു കാണട്ടെ. ഇന്നലെ രാത്രി ദീദിയ്ക്കൊപ്പം ഒരേ കട്ടിലില്‍ മൂടിപ്പുതച്ചുറങ്ങി. ദീദി അവളുടെ വയര്‍ തൊട്ടുഴിഞ്ഞു. ഒരു മരം അതിന്‍റെ മുഴുവന്‍ പൂക്കളും വിതറിയിടുംപോലെ അപ്പോള്‍ ശരീരം കുളിരണിഞ്ഞു. നീര്‍ച്ചാലൊഴുകി. ദീദിയുടെ ശരീരത്തിന് മഞ്ഞിന്‍റെ വാസന തന്നെയാണ്. മറ്റൊരിടത്തുമില്ല അത്തരം പരിമളം. സമരിയ ദീദിയുടെ നെഞ്ചില്‍ കൈകള്‍ ചേര്‍ത്തുവച്ചു. രണ്ട് ശ്വാസങ്ങള്‍ ഒറ്റശ്വാസമായി. പുലരുംവരെ അവരുറങ്ങിയില്ല. ദീദി കഥകള്‍കൊണ്ട് തണുപ്പാറ്റിക്കിടന്നു.
'ആ കുട്ടികള്‍ നാളെ തിരിച്ചുപോകും. വൈകിട്ട് നമുക്ക് കുറെ നടക്കാം. മലകള്‍ കയറാം. വെള്ളച്ചാട്ടത്തില്‍ നനയാം.' സമരിയ ദീദിയുടെ തുടുത്ത കവിളിലും കഴുത്തിലും അമര്‍ത്തിയുമ്മ വച്ചു. നിന്‍റെ വയര്‍ പരിശോധിക്കാന്‍ നാളെ നമുക്ക് ഹിമഗംഗയുടെ വീട്ടില്‍ പോകണം. നിനക്കവളെ അറിയാം. ആ നേപ്പാളി പെണ്‍കുട്ടിയുടെ വീട്ടില്‍ നീ ഒരു രാത്രി താമസിച്ചിട്ടുണ്ട്. മലഞ്ചെരുവിലെ അവളുടെ ക്ലിനിക്കില്‍ ചികിത്സയെക്കാള്‍ കൂടുതല്‍ കളിമണ്‍ കളിപ്പാട്ടങ്ങളാണ്. ഒരു പഹാഡികുടുംബം അവള്‍ക്കൊപ്പമുണ്ട്. കളിമണ്ണില്‍ അത്ഭുതങ്ങളാണവിടെ നടക്കുന്നത്. പിന്നെ ആടുവളര്‍ത്തലും. ബഹുകേമമാണ് ഹിമയുടെ ജീവിതം. നമുക്കതൊന്നു കാണുകയും ചെയ്യാം. ഇത്രയും രാത്രികളെ തിന്നുതീര്‍ത്തിട്ടും അവളിപ്പോഴും തൂവെള്ളയാണ്. മുറിവുകളുടെ ഒരു പാടും കാണാനേയില്ല.
ഹിമഗംഗയ്ക്ക് സമരിയയുടെ പ്രായമാണ്. ദീദി വളര്‍ത്തിയ കുട്ടിയാണ്. അവളുടെ പൊക്കിള്‍ക്കൊടി മുറിച്ച് ആദ്യം മുലപ്പാല്‍ കൊടുത്തത് ദീദിയാണ്. ദീദി സ്വന്തം മകള്‍ കരീനെ മുലകൊടുക്കുന്ന കാലമായിരുന്നു. മടിയില്‍ രണ്ടുപേരെയും ഇരുത്തിയാണ് മുലകൊടുത്തിരുന്നതത്രേ.
ദീദി ഒരിക്കല്‍ ആ കഥ തന്നോടു പറഞ്ഞിട്ടുണ്ട്. ബുദ്ധാശ്രമത്തില്‍ പൂക്കള്‍ ശേഖരിച്ചുകൊടുത്തിരുന്ന ഒരു നേപ്പാളി പെണ്‍കുട്ടിയായിരുന്നു അവളുടെ അമ്മ. ബുദ്ധസംന്യാസിയാണവളുടെ അച്ഛന്‍. സ്വന്തം ഗര്‍ഭത്തെ പേടിച്ച് അവര്‍ നാടുവിട്ടുപോയി. ഏതോ മലയിടുക്കില്‍ അവര്‍ വീട് വച്ച് താമസിക്കുന്നു. ഭിക്ഷാപാത്രത്തോടൊപ്പം പുല്ലാങ്കുഴലും വായിച്ച് സംന്യാസി അവള്‍ക്കൊപ്പമുണ്ടെന്നോ അവളെ ഉപേക്ഷിച്ചെന്നോ കഥകള്‍ കേള്‍ക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ദീദിയുടെ കൈകളില്‍ സുരക്ഷിതമായി വളര്‍ന്നു. പരിക്കേറ്റ ഭൂതകാലം പിന്നീടുള്ള ജീവിതത്തെ അഴകുള്ളതാക്കും. കരുത്തുള്ളതാക്കും. അതാണ് ഹിമഗംഗ എന്ന വിചിത്രമായ പേരുള്ള ഹിമാചലിന്‍റെ മകള്‍. ദീദിക്ക് അവളെ പ്രതി അത്രയും അഭിമാനം.
ദീദിയോട് ചേര്‍ന്നുകിടക്കുമ്പോള്‍ പ്രായമെല്ലാം അഴിഞ്ഞുപോകും. സമപ്രായക്കാരാകും. അപ്പോള്‍ ശരീരത്തിലേക്ക് പ്രണയം വരും. പേശികള്‍ തെളിയും. ഞരമ്പുകള്‍ ത്രസിക്കും. ശരീരം മാംസളമാകും. എന്തിനേക്കാളും അത് അവള്‍ക്കിഷ്ടമാണ്. ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിക്കും. ആസകലം ഉണരും. അവള്‍ ദീദിയെ മണത്തുനോക്കും. നെറുകയില്‍ വിരലോടിക്കും. ആത്മാവിനെ അവിടയൊന്നും കാണാനാവില്ല. സര്‍വത്ര ശരീരം.
ദീദി ഇങ്ങനെ കട്ടിലില്‍ മലര്‍ന്നുകിടക്കുന്നതു കാണാന്‍ രസമാണ്. മുപ്പതുവര്‍ഷം മുമ്പുള്ള ദീദിയെ അപ്പോള്‍ കാണാം. കാലിഫോര്‍ണിയയില്‍നിന്ന് ഒരു ബുദ്ധസംന്യാസിനിയാകാന്‍ ഇന്ത്യയിലെത്തിയവളാണ്. ആരെയും മോഹിപ്പിക്കുന്ന ആ വിദേശ യുവതി ഒരു പ്രേമത്തില്‍ കുടുങ്ങിയത് സ്വാഭാവികം. എല്ലാ കഥകള്‍ക്കും വിട്ടുപോയ കണ്ണികളുണ്ടാകും. സ്വപ്നത്തിന്‍റെ ശ്മശാനങ്ങളുണ്ടാകും. അതേക്കുറിച്ചൊന്നും ദീദി ഹൃദയം തുറന്നിട്ടില്ല. രഹസ്യത്തിന്‍റെ ഒരു മഞ്ഞുമറയാണ് ദീദിയെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഉപരിതലത്തിലല്ല ദീദിയുടെ ജീവിതം. അരുവിയിലൂടെ നടന്നുവരുന്ന ദീദിയെ സ്വപ്നം കണ്ടിട്ടുണ്ട്. മേഘമേലാപ്പഴിഞ്ഞുപോയ ആകാശത്തിന്‍റെ നഗ്നതയിലൂടെ നടന്നുവരുന്ന ദീദിയെ സ്വപ്നം കണ്ടിട്ടുണ്ട്.
പുറത്തിറങ്ങി നടക്കുമ്പോള്‍ ദീദി ചെരിപ്പിടാറില്ല. മഞ്ഞുകല്ലുകളുടെ കൂര്‍ത്തതും മൃദുലവുമായ സ്പര്‍ശമാണ് എപ്പോഴും ഉന്മേഷവതിയാക്കുന്നത്.
സമരിയയും ചെരിപ്പഴിച്ചുവച്ച് ദീദിക്കു പിന്നില്‍ നടന്നു. ഒരു മല കയറിയിറങ്ങുമ്പോള്‍ ഒരു വനാന്തരപാതയില്‍ എത്തി. മഞ്ഞുമലകള്‍ക്കുമേലെ ഒരു രഹസ്യബുദ്ധനെ കണ്ടു. പച്ചിലവള്ളികളും ശലഭങ്ങളും ചുറ്റിവരിഞ്ഞു ധ്യാനസ്ഥനായ ബുദ്ധനിരിക്കുന്നു. ഇരുതുടകളിലും മൂന്നു കുഞ്ഞുങ്ങളുമുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും നടുവില്‍ മിശ്രപ്രകൃതിയെന്നു തോന്നിച്ച കുട്ടിയും ബുദ്ധന്‍റെ ശരീരത്തില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു. ബുദ്ധന്‍റെ നെഞ്ചില്‍ ഒരു മാന്‍പേട ഒളിഞ്ഞിരിക്കുന്നു. കരിങ്കല്ലില്‍ വെട്ടിയെടുത്ത അത്തരമൊരു ശില്‍പ്പം ആദ്യം കാണുകയാണ്. ബാഹുബലിയെപ്പോലെ കൂറ്റന്‍ ആകൃതിയുണ്ടതിന്. തിബത്തന്‍ ബുദ്ധന് പൂര്‍ണമായും അടയാത്ത കണ്ണുകളാണ്. സൂര്യനിലേക്കും ചന്ദ്രനിലേക്കും സദാ തുറന്നിരിക്കുന്ന കണ്ണുകള്‍. ബുദ്ധമുഖം മിക്കവാറും വള്ളിപ്പടര്‍പ്പുകളില്‍ മൂടിപ്പോയിട്ടുണ്ട്. പിണച്ചുവച്ച ഇരുകൈകള്‍ക്കുളളില്‍ ഒരു താമരപ്പൂവ്. ഇതളുകളില്‍ ഒരു കിളി നീര് കുടിക്കുന്നു. ആരായിരിക്കുമിതിന്‍റെ ശില്പി? ഏതു കാലം? അടുത്തൊന്നും ഒരു ബുദ്ധവിഹാരമില്ല. പ്രകൃതിയിലേക്ക് ഒളിച്ചുകടത്തിയ ഈ മഹാശില്പത്തെ ബുദ്ധനും ഉപേക്ഷിച്ചു കളഞ്ഞിരിക്കുമോ? ദീദി കാലുകളെ ഉഴിഞ്ഞ് ബുദ്ധശില്പത്തിനഭിമുഖമായി നിലത്ത് ഇരുന്നു.
ഒരിക്കല്‍ രുഗ്മിണിദേവി അരുണ്ഡേല്‍ ഈ ശില്പം കാണാന്‍ വന്നിരുന്നു. പകല്‍ അസ്തമിക്കുന്ന നേരമാണ്. അവര്‍ ബുദ്ധശില്പത്തിനു മുമ്പില്‍ ചില ചുവടുകള്‍ വച്ചു. ദീദി ഒരു കഥയുടെ കുടുക്കുകളഴിക്കുകയായിരുന്നു. ഒരു നേപ്പാളി വഴികാട്ടിയാണ് ഈ ബുദ്ധശില്പത്തിന്‍റെ രഹസ്യസ്ഥലത്തെത്തിച്ചത്. ഒരു വഴികാട്ടിയില്ലെങ്കില്‍ നടത്തത്തിന്‍റെ ഒരു ദിവസം ഇരുനൂറ് ദിവസംപോലെ ദുഷ്കരമായിരിക്കും. മലനിരകള്‍ക്കപ്പുറം അതിദൂരെ പുല്ലാങ്കുഴലിന്‍റെ സംഗീതം, അരുവിയിലൂടെ ഒഴുകിയെത്തി, ഒഴുകുന്ന നദി ബുദ്ധന്‍റെ നീണ്ടനാവാണെന്ന ഒരു കഥയുണ്ട്. ബുദ്ധന്‍റെ മര്‍മരങ്ങളും ഉച്ചാരണങ്ങളും നദിയാണ് ഒഴുക്കിലൂടെ പറയുന്നതത്രേ. സമരിയക്ക് അതിഷ്ടമായി. ബുദ്ധന്‍റെ നാവാണ് ഒഴുകുന്ന നദി എന്ന സെന്‍വാക്യം ആദ്യം കേള്‍ക്കുകയാണ്. അമ്മയ്ക്കുമതിഷ്ടമാകും.
ബുദ്ധന്‍റെ കാല്‍ക്കീഴില്‍നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ദീദിയുടെ കാല്‍വിരലൊന്നു മുറിഞ്ഞു. ഒരു തുള്ളി ചോരയുടെ കറ പുരണ്ടു. അടുത്തുനിന്ന വള്ളിച്ചെടിയുടെ ഇലകള്‍കൊണ്ട് മുറിവ് തുടച്ചു. ഇലച്ചാറ് കളിതമാശയോടെ സമരിയയുടെ മുഖത്ത് ഇറ്റിച്ചു. രാത്രി വരുന്നു. ഒളിച്ചിരുന്ന ചന്ദ്രന്‍ ആകാശമേഘങ്ങളില്‍ ഒളിഞ്ഞുനോക്കി. അവരല്പ്പം വേഗം നടന്നു. കര്‍മപാല ലാമയുടെ മൊണാസ്റ്ററിയില്‍ എത്തിയപ്പോള്‍ ദീദി ഒരു കവിള്‍ വെള്ളം കുടിച്ചു. മുറിവു കഴുകി. കുറച്ചു നടന്നപ്പോള്‍ മലയുടെ പള്ളയില്‍ ചിന്മയാന്ദസ്വാമികളുടെ സമാധിമന്ദിരത്തിലെത്തി. സന്ധ്യാപൂജയും മന്ത്രോച്ചാരണങ്ങളും നടക്കുന്നുണ്ട്. മരിച്ചുകഴിഞ്ഞാല്‍ ഹിമാചലിന്‍റെ വിശാലമായ മഞ്ഞുമലയ്ക്കുമീതെ തന്നെ മലര്‍ത്തിക്കിടത്തണമെന്ന് ചിന്മയ പറഞ്ഞിരുന്നു. അമേരിക്കയില്‍നിന്ന് മൃതശരീരം ഇവിടെ കൊണ്ടുവന്ന് സംസ്കരിച്ചു. ഒരു കാലത്ത് പഹാഡികളുടെ പൊതുശ്മശാനമായിരുന്നു, ഈ താഴ്വര.
ഹിമയുടെ വീട് ഒരു പര്‍ണശാലതന്നെയാണ്. നിലാവ് പ്രകൃതിയെ മെഴുകിവരുന്നതേയുള്ളൂ. ചില തൂക്കുവിളക്കുകള്‍ മാത്രമാണ് വീടിന്‍റെ വെളിച്ചം. മുറ്റത്ത് ഒരു പഹാഡി കുടുംബം മണ്ണില്‍ കുഴച്ച് വെയിലത്ത് വാട്ടിയ ചെറിയ കളിവണ്ടികള്‍ അടുക്കിവക്കുന്നു. പലതരം മണ്‍കളിപ്പാട്ടങ്ങള്‍. ചെറിയൊരു കൃഷിയിടമുണ്ട്. തൊഴുത്തില്‍ ആടുകളെ കറക്കുകയായിരുന്നു ഹിമ. പാത്രം നിറയെ പാലുമായി അവള്‍ ദീദിയുടെ അരികിലേക്ക് ഓടിയെത്തി. വീര്‍പ്പിട്ട് കെട്ടിപ്പുണര്‍ന്നു. ആര്‍ക്കാണപ്പോള്‍ കൂടുതല്‍ സന്തോഷമെന്ന് പറയാനാവില്ല. സമരിയയും ആ ആലിംഗനത്തില്‍ പെട്ടു. എങ്ങനെ സല്‍ക്കരിക്കണമെന്നറിയാതെ ഹിമ കുഴഞ്ഞുനിന്നപ്പോള്‍ ദീദിയാണ് അടുക്കളയില്‍പോയി തിളപ്പിച്ച പാല്‍ അല്പം ഉപ്പ് ചേര്‍ത്ത് കൊണ്ടുവന്നത്. രുചിയുള്ള വാക്കുകളില്‍ ദീദി ആ അന്തരീക്ഷത്തെ ഊഷ്മളമാക്കി.
'ഈ രാത്രി നമുക്ക് ഇവിടെ കൂടാം. എത്ര നാളായി ഹിമയും സമരിയയും ഒത്തു ചേര്‍ന്നിട്ട്' ഒരു കട്ടിലില്‍ മൂന്ന് സ്ത്രീകള്‍ പുലരുവോളം വര്‍ത്തമാനം പറഞ്ഞ് കിടന്നു. കഥകള്‍ പറഞ്ഞു. വീണുകിട്ടിയ സൗഭാഗ്യം. സമരിയയെ ഹിമയുടെ ചികിത്സാമുറിയില്‍ കൊണ്ടുപോയി. വഴിനടത്തവും മലകയറ്റവും അവളെ ക്ഷീണിതയാക്കിയിട്ടുണ്ട്. ഹിമ ചൂടുവെള്ളം നിറച്ച പാത്രവുമായി വന്നു. തോര്‍ത്തുകൊണ്ട് ശരീരം തുടച്ചു. സ്റ്റെതസ്കോപ്പ് വച്ച് വയര്‍ നിരീക്ഷിച്ചു. നെഞ്ചമര്‍ത്തിപ്പിടിച്ചു. ശ്വാസഗതി പരിശോധിച്ചു. ഹിമ അവളെ കെട്ടിപ്പിടിച്ച് വയറ്റിലും നെഞ്ചത്തും ഉമ്മവച്ചു. 'ഒന്നുമില്ല ദീദി, അവള്‍ പെര്‍ഫെക്ട് ആണ്.' ദീദി അടുക്കളയില്‍ പാചകമേറ്റെടുത്തു കഴിഞ്ഞിരുന്നു.
നാളെയാണ് നാം ദലൈലാമയെ കാണാന്‍ പോകുന്നത്. നീയും വരണം. ഹിമയ്ക്ക് ഇപ്പോഴും അന്നത്തെ സംഭവത്തിന്‍റെ നാണം മാഞ്ഞിട്ടില്ല. മൂന്നു വയസ്സുള്ളപ്പോള്‍ ദലൈലാമയുടെ ആശ്രമത്തില്‍ പോയതും പ്രഭാഷണം കഴിഞ്ഞുവന്ന അദ്ദേഹത്തിന്‍റെ മടിയിലിരുന്നതും അറിയാതെ മൂത്രമൊഴിച്ചുപോയതും അവള്‍ വീണ്ടുമോര്‍ത്തു. ദലൈലാമ പൊട്ടിച്ചിരിച്ച് അവളുടെ കുഞ്ഞു നെറ്റിയില്‍ ഉമ്മവെച്ചതും ഓര്‍ത്തു.
സമരിയ വരാന്തയില്‍ പോയിരുന്ന് തലകുമ്പിട്ട് തേങ്ങിക്കരഞ്ഞു. ഹിമ അവള്‍ക്കരികില്‍ വന്ന് തോളുഴിഞ്ഞു. തലോടിയും താലോലിച്ചും സമരിയയെ ആശ്വസിപ്പിച്ചു. പച്ചമരുന്നുധാരകൊണ്ട് അവളുടെ കാലുകളുടെ വേവാറ്റി. വയറ്റില്‍ കാതമര്‍ത്തി മര്‍മരം കേള്‍പ്പിച്ചു. മഞ്ഞു പെയ്യുന്നുണ്ടായിരുന്നു.
രാത്രി ഒളിപ്പിച്ചുവച്ച ചന്ദ്രന്‍ പുറത്തിറങ്ങിവരുകയാണ്. ദൂരെ ഇരുണ്ട മലനിരകളില്‍ നിലാവ് മഞ്ഞു പുരട്ടി.
മുറ്റത്ത് ഒരു നായ്ക്കുട്ടി മഞ്ഞുമൂടിയുറങ്ങുന്നു. കണ്ണും മൂക്കും മാത്രം പുറത്ത് കാണിച്ചാണത് ഉറങ്ങുന്നത്. എന്തൊരു ശാന്തതയുള്ള രാത്രിയാണിത്. ഫിര്‍മരങ്ങള്‍ ഉതിര്‍ത്തിയ നീലപ്പൂക്കള്‍ മുറ്റത്ത് പരവതാനി വിരിച്ചിരിക്കുന്നു. ചന്ദ്രന്‍റെ പ്രഭ പൂര്‍ണമാകുംവരെ അവരങ്ങനെയിരുന്നു. ലെവിന്‍, നീ കൂടി ഉണ്ടായിരുന്നെങ്കില്‍ പൂര്‍ണചന്ദ്രനുദിക്കുമായിരുന്നു. സമരിയ മനസ്സില്‍ മന്ത്രിച്ചു.