news-details
ധ്യാനം

"എന്‍റെ ദേവാലയം നീ പുതുക്കിപ്പണിയുക" എന്ന സന്ദേശം ക്രൂശിതനില്‍ നിന്നും ഫ്രാന്‍സിസിന് ലഭിച്ചു. ആദ്യമായി ഫ്രാന്‍സിസ് തന്‍റെ ജീവിതമെന്ന ദേവാലയത്തെ പുതുക്കിപ്പണിയുവാന്‍ തുടങ്ങി. സ്വന്തം ജീവിതത്തെ ഒരു വിമര്‍ശനമാക്കി മാറ്റി. മറ്റുള്ളവരെയ കുറ്റം പറഞ്ഞു നടക്കാതെ തനിക്കാവുന്നതെല്ലാം അദ്ദേഹം ചെയ്തു. സ്വന്തം നവീകരണംവഴി ലോകത്തിന്‍റെയും സഭയുടെയും നവീകരണമെന്ന ശൈലി ഫ്രാന്‍സിസു കൈക്കൊണ്ടു. സ്വയം തിരുത്താതെ ലോകത്തെ തിരുത്തുവാനുള്ള പ്രവണത വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍ ഫ്രാന്‍സിസിന്‍റെ ജീവിതം ഒരു വെല്ലുവിളിയാണ്. ഫ്രാന്‍സിസ് ഒരു പുതിയ മനുഷ്യനായി ജനിച്ചു. കാഴ്ചയിലും കേള്‍വിയിലും ചിന്തയിലും സമ്പൂര്‍ണ്ണമായ മാറ്റം സംഭവിച്ചു. മുമ്പ് അറപ്പായി തോന്നിയ കുഷ്ഠരോഗിയില്‍ ഒരു പുതിയ മുഖം കണ്ടു. ഇന്നലെവരെ ഇഷ്ടപ്പെട്ടതെല്ലാം ഇന്ന് അറപ്പായി മാറി ഇന്നലെവരെ ഇഷ്ടപ്പെടാത്തതെല്ലാം ഇന്ന് ഇഷ്ടപ്പെട്ടുതുടങ്ങി. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും തെളിഞ്ഞുവന്നു. "ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതി സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ പുതിയതു വന്നിരിക്കുന്നു" (2 കൊറി. 5/17). ഇനി ഞാനല്ല. ക്രിസ്തു, ക്രിസ്തുമാത്രം.

ഒരു പുതിയ പിറവി ഫ്രാന്‍സിസിനു സംഭവിച്ചു. ഈ പിറവി ബുദ്ധനിലും, മഹാത്മാഗാന്ധിയിലുമെല്ലാം സംഭവിക്കുന്നു. കാഴ്ചപ്പാടുകളെ കീഴ്മേല്‍ മറിക്കുന്ന ഈ പിറവി ഒരത്ഭുതം തന്നെയല്ലേ! യോഹന്നാന്‍ 3 ല്‍ തന്നെ കാണുവാന്‍ രാത്രിയില്‍ വന്ന നിക്കദേവൂസിനോട് ഒരു പ്രഭാതത്തിന്‍റെ പുതിയ പിറവിയെക്കുറിച്ചു ക്രിസ്തു പറയുന്നുണ്ടല്ലോ: നീ വീണ്ടും ജനിക്കുന്നു. പഴയതു കടന്നുപോയി. ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞു! യേശുക്രിസ്തുവില്‍ പുതിയ മനുഷ്യനെ ധരിക്കണം. പുത്തനായി പിറക്കുകയെന്നു പറഞ്ഞാല്‍ ആദിമശൈലാവസ്ഥയിലേക്കു തിരിച്ചു പോവുക എന്നാണ് അര്‍ത്ഥം. കളങ്കമോ കണക്കുകൂട്ടലുകളോ ഇല്ലാത്ത ശിശുവായിത്തതീരുക. അതു ഫ്രാന്‍സീസില്‍ സംഭവിച്ചു.

 

പുതിയ വിശുദ്ധീകരണങ്ങള്‍ക്കായി അദ്ദേഹം പരിശ്രമിച്ചു. ഒരു വേര്‍തിരിക്കപ്പെടല്‍ സംഭവിക്കുന്നു. പൗരസ്ത്യ ദേശത്തെ ജ്ഞാനികളെപ്പോലെ മറ്റൊരു വഴിയെ സഞ്ചരിക്കണം. സഞ്ചരിച്ചു വന്ന പഴയപാതകള്‍ വെടിയണം. പഴയ ചിന്തകളും വിലയിരുത്തലുകളും മാറണം. ജഢത്തിന്‍റെ വ്യാപാരങ്ങളില്‍ നിന്നും ആത്മാവിന്‍റെ ഫലങ്ങളിലേക്കുള്ള മടക്കയാത്രയാണിത്. "ഹൃദകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച് ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ്, ദൈവത്തിന്‍റെ ജീവനില്‍ നിന്നും അകറ്റപ്പെട്ട പഴയ ജീവിതത്തില്‍ നിന്നും യഥാര്‍ത്ഥമായ വിശുദ്ധിയിലേക്ക് ഇനി വരണം" (എഫേ: 4/18).

 

അവസാനിക്കാത്ത ആനന്ദത്തിലേക്കുള്ള ഒരു കടന്നുവരവാണ് ഫ്രാന്‍സിസില്‍ കാണുന്നത്. വലിയ ആനന്ദങ്ങള്‍ക്കായി ചെറിയ ആനന്ദങ്ങളെ വേണ്ടെന്നു വയ്ക്കുവാന്‍ ഫ്രാന്‍സിസ് ലിയോ എന്ന സഹോദരനെ ഉപദേശിക്കുന്നുണ്ട്. ദൈവത്താല്‍ ആവേശിതനായിത്തീരുന്ന ഒരുവസ്ഥയാണിത്. ലോകത്തിലെ ആനന്ദങ്ങള്‍ വെള്ളത്തിലെ നീര്‍ക്കുമിളകള്‍പോലെ തകര്‍ന്ന് പോകുമെന്ന തിരിച്ചറിവ് ഫ്രാന്‍സിസില്‍ രൂപംകൊണ്ടു. ആദിമ പറുദീസായില്‍ "പഴം പറിച്ചു തിന്നരുത്" എന്ന കല്പന നാം വായിച്ചു ധ്യാനിക്കുന്നുണ്ട്. പെട്ടെന്ന് തീര്‍ന്നുപോകുന്ന സുഖത്തിന്‍റെ പര്യായമായി പഴം നിലകൊള്ളുന്നു. പഴുത്തതൊ്നും അധികം നിലനില്‍ക്കില്ല. അധികം നില്‍ക്കാത്ത നൈമിഷികസുഖങ്ങള്‍ വേണ്ടെന്നു വക്കുന്നവന് നിത്യമായ സൗഭാഗ്യം നേടാം. നിത്യസൗഭാഗ്യങ്ങള്‍ക്കുവേണ്ടി ഭൂമിയിലെ കൊച്ചുസുഖങ്ങള്‍ ത്യജിക്കുന്നവരെ ലോകം ഭ്രാന്തരെന്നു വിളിച്ചേക്കാം. ആ വിളികേട്ടപ്പോള്‍ ഫ്രാന്‍സിസ് തുള്ളിച്ചാടി.

റോമാ 6/4 ല്‍ പറയുന്നു "ക്രിസ്തുവില്‍ സംസ്കരിക്കപ്പെട്ടയാള്‍ ഇനി പുതിയ സ്വാതന്ത്ര്യത്തിലാണു ചരിക്കുക. മെത്രാന്‍റെ അരമനയില്‍ വച്ച് തന്‍റെ വസ്ത്രം ഉരിഞ്ഞെറിഞ്ഞ ഫ്രാന്‍സിസ് മുന്തിയ സ്വാതന്ത്ര്യത്തിന്‍റെ ലോകത്തെ വരച്ചു കാണിച്ചു. ആകാശത്തിലെ പക്ഷികളുടെയും വയലിലെ പൂവിന്‍റെയും സ്വാതന്ത്ര്യം ആകാശപ്പക്ഷികളുടെ പറക്കലില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അദ്ദേഹം കണ്ടു.

 

മനുഷ്യന് അതിരുകളും പരിമിതികളുമുണ്ട്. കാശ്മീരിലെ കാക്കയ്ക്ക് പാക്കിസ്ഥാനിലേക്കു പറക്കാം. അതിര്‍ത്തിയിലെ പശുവിന് അതിര്‍ത്തിക്കപ്പുറത്തുള്ള പുല്ലുതിന്നാം. ആന്തരികമായ സ്വാതന്ത്ര്യം അനുഭവിക്കുന്നവരെ അതിരുകളില്ലാത്ത സ്നേഹത്തിലേക്ക് വളരും. വയലിലെ ലില്ലിച്ചെടികളില്‍ നോക്കി ദൈവത്തിന്‍റെ പരിപാലനയെപ്പറ്റി ധ്യാനിച്ചു സുന്ദരമായ പൂക്കള്‍ ദൈവപരിപാലനയിലല്ലേ വിരിഞ്ഞു വിടരുന്നത്. ചുരുക്കത്തില്‍ ബന്ധനങ്ങളില്ലാത്ത ഒരു പുതിയ സ്വാതന്ത്ര്യത്തെ അസ്സീസി പുണ്യവാളന്‍ ജീവിച്ചു കാണിച്ചു. ഒക്ടോബര്‍ 4-ാം തീയതി ഈ വലിയ വിശുദ്ധന്‍റെ തിരുനാളാഘോഷിക്കുമ്പോള്‍ അദ്ദേഹം ജീവിച്ചു കാണിച്ചു തന്ന മാതൃകകള്‍ നമുക്കു ബലം പകരട്ടെ.

You can share this post!

തിരുത്തലിന്‍റെ ശബ്ദങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts