ഫ്രാന്‍സിസിന്‍റെ ഈജിപ്ത് സന്ദര്‍ശനത്തെ കുറിച്ചുള്ള രേഖകള്‍ രണ്ടായാണ് തരം തിരിക്കപ്പെട്ടിട്ടുള്ളത്. സഭയ്ക്ക് പുറത്ത് എഴുതപ്പെട്ടത് (outside of the Order) കഴിഞ്ഞ ലക്കത്തില്‍ കണ്ടതാണ്. ഈ ലക്കത്തില്‍ സഭയിലെ സഹോദരന്മാര്‍ എഴുതിയത് (Brothers of the Order) ആണ് വിശകലനം ചെയ്യപ്പെടുന്നത്. ഫ്രാന്‍സിസ്കന്‍ എഴുത്തുകാര്‍ ഫ്രാന്‍സിസിന്‍റെ ജീവിത ഭാഗഥേയവുമായി ബന്ധിപ്പിച്ചാണ് ഈ ചരിത്ര സംഭവത്തെ നോക്കിക്കാണു ന്നതെന്നു ആമുഖമായി സൂചിപ്പിക്കട്ടെ.
വിശുദ്ധ ഫ്രാന്‍സിസിന്‍റെ പ്രഥമ ജീവചരിത്രകാരനായ സെലനോയിലെ തോമസ് (1185 1260), രചിച്ച Vita I ല്‍ (1228 1229), ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ ഉഗ്രമായ യുദ്ധം നടന്ന സിറിയയിലേക്കുള്ള ഫ്രാന്‍സിസിന്‍റെ യാത്രാവിവരണം നല്‍കുന്നുണ്ട്. സുല്‍ത്താന്‍റെ പടയാളികള്‍ ഫ്രാന്‍സിസിനെയും സഹോദരന്മാരെയും അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു എങ്കിലും അവര്‍ ഭയന്നില്ല. സെലാനോയുടെ വാക്കുകളില്‍ ഫ്രാന്‍സിസ്, സുല്‍ത്താന്‍റെ മുമ്പില്‍ 'ആത്മാവിന്‍റെ ശക്തിയിലും, ദൃഢ ചിത്തതയുള്ള മനസ്സോടെയും' നിലകൊണ്ടു. സുല്‍ത്താന്‍ കഴിവുള്ളിടത്തോളം ഫ്രാന്‍സിസിനെ ആദരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. അതെല്ലാം അദ്ദേഹം വിരക്തിയോടെ നിരസിക്കുന്നു എന്ന് കണ്ട സുല്‍ത്താന് ഫ്രാന്‍സിസിനോട് വലിയ മതിപ്പുളവായി. അദ്ദേഹം ഫ്രാന്‍സിസിന്‍റെ വാക്കുകളാല്‍ ആകൃഷ്ടനാകുകയും അദ്ദേഹത്തെ ശ്രവിക്കുകയും ചെയ്തു. ഇങ്ങനെ യൊക്കെയാണെങ്കിലും, രക്തസാക്ഷിയാകാനുള്ള ഫ്രാന്‍സിസിന്‍റെ ആഗ്രഹം കര്‍ത്താവ് നിറവേറ്റി കൊടുത്തില്ല, പകരം സവിശേഷകരമായ 'ഒരു പ്രത്യേക വരം' (singular grace) ഫ്രാന്‍സിസിനായി കരുതി വച്ചിരുന്നു.
സുല്‍ത്താനെ മനസാന്തരപ്പെടുത്താനോ, രക്തസാക്ഷി ആകാനോ കഴിയാതിരുന്ന ഫ്രാന്‍സിസിന്‍റെ പ്രതിച്ഛായയ്ക്കു ഭംഗം വരരുത് എന്ന ഉദ്ദേശ്യത്തിലായിരിക്കണം, സെലാനോ ഫ്രാന്‍സി സിനു ലഭിക്കാനിരുന്ന 'ഒരു പ്രത്യേക വരം' എന്ന് ക്ഷത ചിഹ്നങ്ങളെക്കുറിച്ചു (stigmata) ഒപ്പം പ്രതിപാദിക്കുന്നതെന്നാണ് പ്രസിദ്ധ മധ്യകാലഘട്ട ചരിത്രകാരനായ André Vauchez എന്ന ചരിത്രകാരന്‍റെ അനുമാനം. ഫ്രാന്‍സിസിന്‍റെ ഈജിപ്ത് യാത്രയുടെ ഏക ഉദ്ദേശ്യം 'ഒരു രക്തസാക്ഷി' ആകുക എന്നത് മാത്രമായിരുന്നു എന്നാണ് ആദ്യകാല ജീവചരിത്രകാരന്മാരുടെ അഭിപ്രായം എന്ന് പോള്‍ മോസസ് എന്ന ചരിത്രകാരന്‍ നിരീക്ഷിക്കുന്നുണ്ട്. സുവിശേഷപ്രഘോഷണമോ, സമാധാനമോ യാത്രയുടെ ലക്ഷ്യമായി ജീവചരിത്രകാരന്മാര്‍ മനസ്സിലാക്കിയിരുന്നില്ല എന്ന് ചുരുക്കം. അനേകം മതപഠന കേന്ദ്രങ്ങള്‍ ആരംഭിച്ച അതികായനായ ഒരു സുന്നി മുസ്ലിം ആയ സുല്‍ത്താന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയില്ല എന്നാണ് മോസസിന്‍റെ പക്ഷം.
എന്നാല്‍, സെലാനോയുടെ (Thomas of Celano) ഫ്രാന്‍സിസിനെക്കുറിച്ചുള്ള രണ്ടാം ജീവചരിത്രത്തില്‍ (Vita II : 1246 1247), ഫ്രാന്‍സിസും സുല്‍ത്താനും തമ്മിലുള്ള സന്ദര്‍ശനത്തെക്കുറിച്ചു വീണ്ടും പ്രതിപാദിക്കാതെ, ഒരു പ്രത്യേക ദിനത്തിലെ കുരിശുയുദ്ധത്തിനെതിരായി ഫ്രാന്‍സിസ് പ്രവചിക്കുന്നതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'ക്രിസ്ത്യന്‍ സൈന്യം ഡാമിയറ്റ (Damietta) ഉപരോധിക്കുന്ന അവസരത്തില്‍ ആ ദൈവ മനുഷ്യന്‍ തന്‍റെ ഏതാനും സഹോദരന്മാരോട് കൂടെ അവിടെ ഉണ്ടായിരുന്നു... അദ്ദേഹം തന്‍റെ സഹചാരിയോട് പറഞ്ഞു,' ഈ ദിവസമാണ് യുദ്ധം നടക്കുന്നതെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് അതൊരു നല്ല ദിവസം ആയിരിക്കില്ല എന്ന് കര്‍ത്താവു എനിക്ക് വെളിപ്പെടുത്തി. ഇത് ഞാന്‍ പറയുകയാണെങ്കില്‍ ഞാനൊരു വിഡ്ഢിയായി കണക്കാക്കപ്പെട്ടേക്കാം. ഞാന്‍ നിശ്ശബ്ദനായാല്‍, എന്‍റെ മനഃസാക്ഷിയില്‍ നിന്നും എനിക്ക് രക്ഷപെടാനാകില്ല. അതുകൊണ്ടു നിങ്ങള്‍ക്ക് ഏതാണ് നല്ലതെന്നു തോന്നുന്നു?' ദൈവ മനുഷ്യന്‍ എഴുന്നേറ്റ് ക്രിസ്ത്യാനികളുടെ അടുത്ത് ചെന്ന് അവര്‍ക്കു ശാസന നല്‍കുകയും, യുദ്ധത്തെ എതിര്‍ക്കുകയും, അതിന്‍റെ കാരണത്തെ തള്ളിപ്പറയുകയും ചെയ്തു. പക്ഷെ സത്യം പരിഹസിക്കപ്പെട്ടു.... മുഴുവന്‍ ക്രിസ്ത്യന്‍ സൈന്യവും പിന്തിരിഞ്ഞോടേണ്ടി വന്നു. യുദ്ധം വിജയത്തില്‍ അല്ല, നാണക്കേടില്‍ അവസാനിച്ചു...
ജോണ്‍ ടോളന്‍ (John Tolan) എന്ന ചരിത്രകാരന്‍ ഫ്രാന്‍സിസിനെയും ഒരു കുരിശുയുദ്ധക്കാരനാക്കാന്‍ വ്യഗ്രതപ്പെടുന്നൊരാളാണ്. അദ്ദേഹത്തിന്‍റെ അനുമാനത്തില്‍ ഫ്രാന്‍സിസ് ക്രിസ്ത്യാനികളെ ജയസാധ്യത ഇല്ലാത്ത ഒരൊറ്റ ദിവസത്തെ (ഓഗസ്റ്റ് 29, 1219) യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ, അല്ലാതെ കുരിശുയുദ്ധ ത്തിനെതിരായിരുന്നില്ല എന്നാണ്. ഫ്രാന്‍സിസ് ഒരു കമാന്‍ഡര്‍-ഇന്‍-ചീഫിനെ-പ്പോലെ യുദ്ധതന്ത്രം മെനഞ്ഞു ജയ-പരാജയം കണക്കു കൂട്ടി എന്ന് കരുതേണ്ടി വരും, ഈ വ്യാഖ്യാനം മുഖവിലയ്ക്കെടുത്താല്‍. ഫ്രാന്‍സിസ് കുരിശുയുദ്ധത്തിനു എതിരായിരുന്നോ, അതോ ആ പ്രത്യേക ദിവസത്തെ യുദ്ധത്തിനെതിരായിരുന്നോ എന്നത് ചരിത്രകാരന്മാര്‍ക്കിടയിലെ കാലങ്ങളായുള്ള ഒരു തര്‍ക്കം ആണ്. ഫ്രാന്‍സിസ് എതിര്‍ത്തത് Bellum അഥവാ യുദ്ധം ആണ്, അല്ലാതെ Pugnam അഥവാ ഒരു പോരാട്ടം അല്ല എന്ന്, Hoeberichts എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍, സെലാനോയുടെ ലാറ്റിന്‍ മൂല കൃതി പഠന വിധേയമാക്കികൊണ്ടു നിരീക്ഷിക്കുന്നത് ഈ ഭാഗത്തിന് നല്ല തെളിച്ചം നല്‍കുന്നുണ്ട്. ഓഗസ്റ്റ് മാസം 29 , 1219 ല്‍ ക്രിസ്ത്യന്‍ പട പരാജയപ്പെടും എന്ന് ഫ്രാന്‍സിസ് പ്രവചിച്ചു എന്ന് സെലാനോ എഴുതാനുള്ള കാരണം, ഫ്രാന്‍സിസിന്‍റെ പ്രവചന വരത്തിലുള്ള ഊന്നല്‍ ആകാം എന്ന് Vauchez നിരീക്ഷിക്കുന്നുണ്ട്. മോസസിന്‍റെ നിഗമനത്തില്‍ ഫ്രാന്‍സിസിന്‍റെ കുരിശുയുദ്ധത്തിലെ ഇടപെടല്‍ 'യുദ്ധത്തിനോടും, അതിനു കാരണമായ അഹങ്കാരത്തിനോടും ദുരയോടും ഉള്ള നിരന്തരമായ എതിര്‍പ്പിന്‍റെ' പശ്ചാത്തലത്തിലാണ് മനസിലാക്കേണ്ടത്. ഫ്രാന്‍സിസ് തന്‍റെ സഹചാരിയോട് 'ഈ ദിവസത്തെ' യുദ്ധത്തെ എതിര്‍ക്കുന്നു എന്ന് പറഞ്ഞാല്‍, കഴിഞ്ഞ 125 വര്‍ഷങ്ങളായി കുരിശുയുദ്ധത്തിനു നല്‍കിയിരുന്ന 'ദൈവം ഇത് ആഗ്രഹിക്കുന്നു' (God wills it) എന്ന പ്രധാന ന്യായീകരണത്തെയാണ് എതിര്‍ക്കുന്നത്. 'ഇത് സ്വീകാര്യമായ സമയം അല്ല' എന്ന് പറയുന്നതിനര്‍ഥം, ഈ സമയം മാത്രമല്ല ഒരു സമയവും യുദ്ധത്തിന് സ്വീകാര്യമല്ല എന്നത് തന്നെയാണ്. അതുകൊണ്ട് ഫ്രാന്‍സിസ് കുരിശുയുദ്ധത്തിനെതിരായിരുന്നോ അല്ലയോ എന്നത് ഈ ഒറ്റ വാക്യത്തിലേക്കു ചുരുക്കാന്‍ കഴിയില്ല. ഫ്രാന്‍സിസിനു യുദ്ധത്തോടുണ്ടായിരുന്ന ഉഗ്രമായ എതിര്‍പ്പും സമാധാനത്തിനോടുണ്ടായിരുന്ന അഭിവാഞ്ഛയും കണക്കിലെടുത്തുകൊണ്ട് മാത്രമേ ഫ്രാന്‍സിസിനെക്കുറിച്ചു വായിക്കാന്‍ കഴിയൂ എന്ന് മോസസ് വ്യക്തമാക്കുന്നുണ്ട്. ഫ്രാന്‍സിസിന്‍റെ ഈജിപ്തിലേക്കുള്ള യാത്രയുടെ ഉദ്ദേശ്യം സമാധാനത്തിനായുള്ള ഒരു ദൗത്യം ആയിരുന്നു, എന്നാല്‍ അദ്ദേഹത്തിന്‍റെ സന്ദേശം 'മാനസാന്തരം' ആയിരുന്നു എന്നാണ് James M. Powell എന്ന മദ്ധ്യകാലഘട്ട ചരിത്രകാരന്‍റെ നിരീക്ഷണം. ഈ മനസാന്തരത്തിലേക്കുള്ള ഫ്രാന്‍ സിസിന്‍റെ ക്ഷണം മുസ്ലിംകളെക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികളാണ് നിരസിച്ചത് എന്നാണ് സത്യം.