news-details
ഇടിയും മിന്നലും

മൊബൈലിലെ ദൃശ്യമാദ്ധ്യമത്തിലൂടെ ഈയിടെ വായിക്കാനിടയായ ചില സന്ദേശങ്ങളാണ് ഞാനിവിടെ പകര്‍ത്തുന്നതിന്‍റെ പശ്ചാത്തലം.

വെറും സോപ്പുകണ്ടാല്‍ പറപറക്കുന്ന കൊറോണയെന്ന പീറവൈറസ് വന്നുകയറിയ കാലമൊന്ന് ഓര്‍ത്തു നോക്കാം. റാന്നീക്കാരാരാണ്ടു വിദേശത്തുനിന്നു കൊണ്ടുവന്നെന്നും പറഞ്ഞു തുടങ്ങിയ കോലാഹലകാലം! ആ നാളുകളില്‍ രാത്രീം പകലും സര്‍വ്വചാനലുകാരും പണ്ടത്തെ കാരണവന്മാരു വെറ്റിലമുറുക്കാന്‍ ചവയ്ക്കുന്നതുപോലെ ചവച്ചുതുപ്പിക്കൊണ്ടിരുന്നത് അതുമാത്രമായിരുന്നല്ലോ.

അതുപിന്നെയാര്‍ക്കാണ്ടൊക്കെയോ പകര്‍ന്നു പിടിച്ചെന്നു കേട്ടപ്പോളത്തേക്കും എന്തായിരുന്നു അരങ്ങെന്‍റെയമ്മോ. ആരെങ്കിലും പോസിറ്റീവായെന്നറിഞ്ഞാല്‍ അയാളു പോയ റൂട്ടുമാപ്പുമുഴുവന്‍ തപ്പിയെടുത്തു പ്രസിദ്ധീകരിക്കലും, അയാളു തൊട്ട സാമാനങ്ങളെല്ലാം കത്തിക്കലും, അയാളുടെ പ്രൈമറി കോണ്ടാക്റ്റും, സക്കന്‍റെറി കോണ്ടാക്റ്റും കണ്ടുപിടിക്കാന്‍ പട്ടാളത്തെവരെ രംഗത്തിറക്കി തെരച്ചിലും എന്തൊക്കെയായിരുന്നു കഥ.

രാവുംപകലും സൈറനുംകൂവി ചീറിപ്പായുന്ന ആംബുലന്‍സ്, മെഡിക്കല്‍ കോളേജ്, പിപ്പികിറ്റ് എന്തൊക്കെയായിരുന്നു മേളം. പള്ളീംപൂട്ടി, പള്ളിക്കൂടോം ക്ലോസ്.

പിള്ളേരുടെ ഡൈപ്പറുപോലെ മോന്തയില്‍ ഫിറ്റുചെയ്യുന്ന മാസ്ക്കു മൂക്കിനു താഴെയാണെങ്കില്‍ താക്കീതും പിഴയും. മാസ്ക്കുവയ്ക്കാത്തതിന് കേസും പുക്കാറും. ഡബിള്‍ ലെയര്‍ മാസ്ക്കും പോരാ, അതുതന്നെ രണ്ടെണ്ണം ഫിറ്റുചെയ്യണമെന്നുവരെയെത്തി സംഗതികള്‍. മാസ്കു കടിച്ച പട്ടീടെ പിന്നാലെ ഓടുന്നപോലീസിനെ കണ്ടിട്ട് കൃത്യനിര്‍വ്വഹണത്തിന് അവാര്‍ഡു കൊടുക്കാന്‍ തോന്നി. നിരീക്ഷണത്തിലിരുന്ന വീട്ടില്‍നിന്നും പുറത്തേക്കോടിവന്ന പൂച്ചയെ തല്ലിക്കൊന്നതും, ക്വാറന്‍റൈനില്‍ കഴിഞ്ഞവന്‍ പുറത്തേക്കിട്ടുകൊടുത്ത രൂപാനോട്ട് കൈതൊടാതെ കീടനാശിനിയില്‍ കുളിപ്പിച്ചെടുത്തതും, ആരോ വഴിയില്‍ തള്ളിയ പിപ്പി കിറ്റ് ജെസിബി വരുത്തി പത്തടി താഴ്ത്തി കുഴിച്ചിട്ടതും, ഗള്‍ഫീന്നുവന്നവനെ ക്വാറന്‍റൈനു വീടിനകത്തൂടെയല്ലാതെ പുറത്തുകൂടെ കയറാന്‍ കോവണി കൊടുത്തതും ആ കോവണി ആളുകേറിക്കഴിഞ്ഞപാടെ തോട്ടില്‍ തള്ളിയതുമൊക്കെ വായിക്കാന്‍  എന്തൊരു ത്രില്ലായിരുന്നു.

കുടിവെള്ളമില്ലാതിരുന്നിടത്തും പള്ളിമുറ്റത്തും കടത്തിണ്ണയിലും വെള്ളവും സോപ്പും സുലഭം. കൈയ്യാണെങ്കില്‍ കഴുക്കോടു കഴുക്ക്. സോപ്പാണെങ്കില്‍ തീരുവോളം തേക്കലും. കടയിലും, ആപ്പീസിലും പോരാ, പോക്കറ്റിലും സഞ്ചിയിലും കക്ഷത്തിലുംവരെ സാനിറ്റൈസര്‍ കുപ്പികള്‍.

കൊറോണ പേടിച്ച് എത്രയെത്ര ആത്മഹത്യകള്‍. ചത്തവനെ പൊതുശ്മശാനത്തില്‍പോലും അടക്കാന്‍ സമ്മതിക്കാതെ ശവപ്പെട്ടിയും പേറിനടന്ന ഉറ്റവരുടെ ചരിത്രങ്ങള്‍; കൊറോണപേടിയില്‍ മണ്ണിലടക്കിയതുതന്നെ ജെസിബിയുടെ കൈയ്യെത്തുന്നത്രയും, പത്തടിയെങ്കിലും ആഴത്തില്‍ കുഴിയെടുത്ത്. ഉറ്റവരുപോലും പങ്കെടുക്കുന്നതിനു വിലക്കുകാരണം അതിനുവേണ്ടിയുള്ള സ്പെഷ്യല്‍ സ്ക്വാഡ്. പള്ളിസിമിത്തേരിയിലും ദഹിപ്പീരും കത്തിക്കലും പുതുമയല്ലാതെയായി.

ക്വാറന്‍റൈനെന്നും പറഞ്ഞുള്ള പരക്കംപാച്ചിലായിരുന്നു തുടക്കത്തില്‍. രോഗം ബാധിച്ചവര്‍ക്ക് 28 ദിവസം, രോഗിയെ തൊട്ടവര്‍ക്കു 14 ദിവസം, പുറത്തുനിന്നു വന്നവര്‍ക്ക് 7 ദിവസം. ഇതിനൊക്കെ ഇടം കണ്ടെത്താന്‍വേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടെയും പോഷകസംഘടനകളുടെയും മത്സരം. പള്ളിക്കൂടവും ധ്യാനമന്ദിരങ്ങളും ഹോസ്റ്റലുകളുമൊക്കെ ക്വാറന്‍റൈന്‍ സെന്‍ററുകളാക്കുന്നു. ആരും പുറത്തിറങ്ങാന്‍ പാടില്ല. പുറത്തെങ്ങാനും കണ്ടാല്‍ രണ്ടുമീറ്റര്‍ അകലംപാലിച്ചു കല്ലുംകൊഴിയുംകൊണ്ട് ഓടിക്കല്‍. പനിപിടിച്ചുവന്ന കെട്ടിയോനെ ഭാര്യ വീട്ടില്‍ കേറ്റാതിരിക്കുന്നു. വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കു കൊടുക്കുന്നതുപോലെ ഭക്ഷണം വരാന്തയിലോ പടിക്കലോ വച്ചിട്ടു വിട്ടു പോകുന്നു.

സെന്‍ററുകളിലിടം തീര്‍ന്നപ്പോള്‍ വീട്ടിലുമാകാമെന്നായി ക്വാറന്‍റൈന്‍. ക്വാറന്‍റൈന്‍ ലംഘിച്ച ഗള്‍ഫുകാരന്‍റെ വീട്ടില്‍ ഹെല്‍ത്തുകാരു നോട്ടീസ് പതിക്കുന്നു. ആ വീടും നോട്ടീസും സോഷ്യല്‍മീഡിയയില്‍ വൈറലായി. ഫയര്‍ഫോഴ്സ് അവിടെയത്തുന്നു. കീടനാശിനി മുറ്റത്തും പറമ്പിലും വരെ അടിക്കുന്നു. മരുന്നും ഭക്ഷണവും അവിടെയെത്തിക്കുന്നു. കിറ്റുമിട്ടു ബഹിരാകാശജീവികളെപ്പോലെ ഹെല്‍ത്തു വര്‍ക്കേഴ്സ് എത്തുന്നു. ചിലരാണെങ്കില്‍ വോളണ്ടിയേഴ്സിനെ തെറിയോടുതെറി. ചിലമാദ്ധ്യമ പ്രവര്‍ത്തകര്‍ മാദ്ധ്യമങ്ങളിലൂടെ വിലപിക്കുന്നു, തേങ്ങിക്കരയുന്നു.

നാട്ടുകാരും സര്‍ക്കാരും നടത്തിയ കലാപരിപാടികള്‍ ഓര്‍ത്തിരുന്നു ദിവസങ്ങളോളം ചിരിക്കാം. വോളണ്ടിയേഴ്സ്, ഹെല്‍ത്തുവര്‍ക്കേഴ്സ്, സ്ക്വാഡ്, കറങ്ങിനടക്കുന്ന മജിസ്റ്റ്രേറ്റുമാര്‍, മഫ്ത്തിയില്‍ കറങ്ങി മാസ്ക്കില്ലാത്തവര്‍ക്കു പിഴയടിക്കുന്ന പോലീസുകാര്‍ അങ്ങനെ കലാകാരന്മാര്‍ പലരായിരുന്നു. ബ്രേക് ദ ചെയിന്‍ പോസ്റ്ററുകള്‍ പോസ്റ്റുകളിലെല്ലാം. ചെണ്ടകൊട്ടല്, തിരിതെളിക്കല്, മിണ്ടാതിരിക്കല് തുടങ്ങിയ കലാരൂപങ്ങള്‍ രാജ്യവ്യാപകമായി.

ലോക്ഡൗണിലാണെങ്കില്‍ പോലീസിന്‍റെ തല്ലും, ബൈക്കിനു പുറകെയുള്ള ഓട്ടവും സാധാരണം. ഇംഗ്ലീഷിലെഴുതിയ സത്യവാങ്മൂലം തലതിരിച്ചുപിടിച്ചു വായിക്കുന്ന വോളണ്ടിയര്‍മാരെ കണ്ടിട്ടും ആരും ചിരിച്ചുകണ്ടില്ല. മുഖ്യമന്ത്രിയുടെ സന്ധ്യാസമയത്തെ കൊറോണാവര്‍ത്തമാനം കേള്‍ക്കുന്നത്, സന്ധ്യാപ്രാര്‍ത്ഥന മുടങ്ങിയാലും മുടക്കാത്തവരായിരുന്നു കേരളജനത.

അതിതീവ്രമഴ കാരണം മനസ്സുമടുത്തിരിക്കുന്ന ഇക്കാലത്ത് ഒന്നുഷാറാകാന്‍, കൊറോണായെ പേടിച്ചും ലോക്ഡൗണ്‍ കാലത്തുമൊക്കെ, ആരുടെയൊക്കെയോ പ്രേരണയാലും സര്‍ക്കാരുകളുടെ സമ്മര്‍ദ്ദത്താലും നമ്മളു കാട്ടിക്കൂട്ടിയ ഒരുപാടു മണ്ടത്തരങ്ങള്‍ ഒന്ന് അയവിറക്കിയാല്‍മതി. ഒന്നുകൂടി മനസ്സിരുത്തി ചിന്തിച്ചാല്‍ നമ്മളെ ഇങ്ങനെ പൊട്ടന്‍ കളിപ്പിക്കുന്നതു മാദ്ധ്യമങ്ങളാണ് എന്ന സത്യംകൂടി നമുക്കു മനസ്സിലാകും. ഈയിടെ വായിക്കാനിടയായ ഒരുകഥയുണ്ട്.

ഒരാള്‍ അയാളുടെ കഴുതയെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്നു. രാത്രിയില്‍ ചെകുത്താന്‍ നടക്കാനിറങ്ങിയപ്പോള്‍ അതിനെ കയറൂരിവിട്ടു. വിശന്നിരിക്കുകയായിരുന്ന കഴുത അയല്‍വാസിയുടെ പറമ്പിലെ വിളവെടുപ്പിനു പാകമായിനിന്ന വിളകളൊക്കെ നശിപ്പിച്ചു. രാവിലെ മുറ്റത്തിറങ്ങിയപ്പോള്‍ അതുകണ്ടു വല്ലാതെ പ്രകോപിതയായ കര്‍ഷന്‍റെ ഭാര്യ തിന്നുനിറഞ്ഞ് കിടന്നുറങ്ങുകയായിരുന്ന ആ കഴുതയെ വെട്ടിക്കൊന്നു. കഴുതയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അതിന്‍റെ ഉടമ അപ്പോഴത്തെ അരിശത്തിന് ആ സ്ത്രീയെ ചവിട്ടിക്കൊന്നു. ഭാര്യയുടെ നിലവിളികേട്ട് ഓടിവന്ന കര്‍ഷകന്‍ വല്ലാതെ ക്ഷുഭിതനായി കഴുതയുടെ ഉടമയെ കുത്തിക്കൊന്നു. ബഹളംകേട്ട് കഴുതയുടെ ഉടമയുടെ ഭാര്യയും മക്കളും പാഞ്ഞെത്തി. അരിശംമൂത്ത് അവര്‍ കര്‍ഷകന്‍റെ വീടിനു തീയിട്ടു. തന്‍റെ സര്‍വ്വവും കത്തിചാമ്പലായതിനു പ്രതികാരമായി കര്‍ഷകന്‍ ആ സ്ത്രീയെയും മക്കളെയും വാളിനിരയാക്കി. അല്‍പം കഴിഞ്ഞപ്പോള്‍ കര്‍ഷകനു വലിയ മനപ്രയാസമായി. അയാള്‍ ചെകുത്താന്‍റെ മുമ്പിലെത്തി. ഈ ഹീനമായ സംഭവങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ അവനല്ലേ എന്നു ചോദിച്ചു. അതിനു തന്ത്രശാലിയായ ചെകുത്താന്‍ കൊടുത്ത ഉത്തരം വളരെ ന്യായമായിരുന്നു: "ഞാനൊരു തെറ്റും ചെയ്തില്ല. ഞാനാരെയും കൊന്നതുമില്ല. വിശന്നുവശായ ഒരു കഴുതയെ കെട്ടിയിട്ടിരിക്കുന്നതു കണ്ടപ്പോള്‍ ഞാനതിനെ തീറ്റതിന്നാന്‍ അഴിച്ചുവിട്ടു, അത്രേയുള്ളു. പിന്നെ സംഭവിച്ച എല്ലാ തിന്മകളും പ്രവര്‍ത്തിച്ച പിശാചുക്കളെ നിങ്ങളുടെ ഉള്ളില്‍നിന്നു നിങ്ങളുതന്നെ തുറന്നുവിട്ടതാണ്."

ഇന്നത്തെ മാദ്ധ്യമങ്ങളും ചെയ്യുന്നത് ഈ ചെകുത്താന്‍ ചെയ്തതുതന്നെയാണ്. കഴുതയെ അഴിച്ചുവിട്ടാല്‍ സംഭവിക്കാന്‍ പോകുന്നത് എന്തൊക്കെയായിരിക്കും എന്നു ചെകുത്താനുറപ്പായിരുന്നു. അതായിരുന്നു അവനു വേണ്ടതും. തെറ്റിധാരണകളുടെ കഴുതകളെ കയറൂരി വിടുന്നതു മാദ്ധ്യമങ്ങളാണ്. നാര്‍ക്കോട്ടിക് ജിഹാദ് സഹിതം സമീപകാല സംഭവങ്ങളൊക്കെ നോക്കുക. കൃത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായിമാത്രം യാതൊരു ദുരുദ്ദേശ്യവുമില്ലാതെ നൂറുശതമാനവും സത്യസന്ധമായി നടത്തിയ ഒരു പരാമര്‍ശം അടര്‍ത്തിയെടുത്ത് അഴിച്ചുവിട്ടത് മാദ്ധ്യമങ്ങളാണ്. ആരോപണ പ്രത്യാരോപണങ്ങളും, തര്‍ക്കവിതര്‍ക്കങ്ങളുമൊക്കെ വളരെ കലുഷിതമായ അന്തരീക്ഷം സ്രഷ്ടിച്ചപ്പോളും മാദ്ധ്യമങ്ങളെല്ലാം ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി.

കൊറോണയുടെ കാര്യത്തിലും, മാദ്ധ്യമസമ്മര്‍ദ്ദങ്ങളുടെ അതിപ്രസരം വ്യക്തമാണ്. മാദ്ധ്യമങ്ങള്‍ അഴിച്ചുവിടുന്ന കഴുതകളോടു പ്രതികരിക്കാതിരിക്കാനുള്ള വിവേകവും വിവേചനവും കാട്ടേണ്ടത് നാമോരോരുത്തരും നമ്മെ നയിക്കുന്നവരുമാണ്. അതിനു സാധിക്കാതെവന്നാല്‍ അന്തമില്ലാത്ത അസ്വസ്ഥതകള്‍ അരങ്ങൊഴിയില്ല!

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts