news-details
ഇടിയും മിന്നലും

പറയാതെ വയ്യാ, പറയാനും വയ്യ!!!

പ്രായത്തിന്‍റെ അരിഷ്ടതകളൊക്കെ തലപൊക്കിത്തുടങ്ങി. നാട്ടുചികിത്സയാണ് മെച്ചമെന്നു തോന്നിയതുകൊണ്ട് കുര്‍ബ്ബാനചൊല്ലാന്‍ സൗകര്യമൊക്കെയുള്ള നല്ലയൊരു ആയുര്‍വ്വേദ ആശുപത്രി കണ്ടുപിടിച്ചു. ഒമ്പതുദിവസത്തെ ചികിത്സയാണ് വിധിച്ചത്. ദിവസവും രണ്ടുനേരം ഓരോ മണിക്കൂര്‍ നിളുന്ന ഔഷധപ്രയോഗങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിസമയം കാര്യമായിട്ടൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വായിക്കാനിഷ്ടംപോലെ സമയമുണ്ടായിരുന്നു. മുറിക്കുപുറത്ത് ഇരിക്കാനും, മുറ്റത്തുമാത്രമല്ല പരിസരങ്ങളിലും നട്ടുവളര്‍ത്തിയിരിക്കുന്ന ഔഷധമരങ്ങളുടെ തണലിലുമെല്ലാം ഇരിക്കാനും നടക്കാനുമൊക്കെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒഴിവുസമയം മുറിക്കുപുറത്ത് കാറ്റുംകൊണ്ടിരിക്കാനായിരുന്നു എനിക്കു താത്പര്യം. ആദ്യത്തെദിവസം രാവിലത്തെ പ്രയോഗം കഴിഞ്ഞ് പുറത്തിറങ്ങി. എന്നെപ്പോലെ ചികിത്സയ്ക്കെത്തിയ മറ്റുപലരും അവിടിവിടെയായി ഇരിപ്പുണ്ടായിരുന്നു. നല്ല തണലുണ്ടായിരുന്നതുകൊണ്ട് ഒരു രുദ്രാക്ഷമരത്തിന്‍റെ ചുവട്ടിലെ ചാരുബഞ്ചിലിരുന്ന് ഞാനും വായനതുടങ്ങി.

എന്നെക്കാളും അല്‍പംകൂടി പ്രായംതോന്നിക്കുന്ന ഒരാള്‍ രണ്ടുമൂന്നു പ്രാവശ്യം എന്‍റെയടുത്തുകൂടെ അങ്ങട്ടുമിങ്ങോട്ടും നടക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. ആള് പരിസരത്തുനിന്നു പോകാതെ ചുറ്റിപ്പറ്റി നടക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ ആളെനോക്കിയൊന്നു ചിരിച്ചു. ആള്‍ക്കു വളരെ സന്തോഷമായി. പ്രായമായവര്‍ക്ക് പ്രത്യേകിച്ചും ഇതുപോലെയുള്ള സാഹചര്യത്തില്‍ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ ആളെ കൂട്ടിനുകിട്ടുന്നത് ഇഷ്ടമായിരിക്കുമല്ലോ.

"ഞാനും രാവിലെ കുര്‍ബ്ബാനയ്ക്കു പള്ളീലുണ്ടായിരുന്നു. ഒരച്ചന്‍ ചികിത്സയ്ക്കു വരുന്നുണ്ടെന്നു ഡോക്ടറു നേരത്തെ പറഞ്ഞിരുന്നു. ഞാന്‍വന്നിട്ട് ഒരാഴ്ചയായി. ഒരാഴ്ചകൂടെയെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടറു പറഞ്ഞിരിക്കുന്നത്. ഭാര്യയുമുണ്ട് കൂട്ടിന്."

ഒന്നു നിര്‍ത്തിയെങ്കിലും ഞാനങ്ങോട്ടൊന്നും പ്രതികരിക്കാതിരുന്നതുകൊണ്ടാകും ആളുതന്നെ പേരും വീട്ടുപേരും സ്ഥലവും എല്ലാം ചോദിക്കാതെയിങ്ങോട്ടു പറഞ്ഞു. അടുത്ത് ഒഴിഞ്ഞസീറ്റുണ്ടായിരൂന്നെങ്കിലും ഇരിക്കാന്‍ ഞാന്‍ പറയാതിരുന്നത്, എനിക്കു സംസാരം തുടരാന്‍ താത്പര്യമില്ല എന്നു ആളു മനസ്സിലാക്കുമെന്നു കരുതിയായിരുന്നു. പണി ഫലിച്ചില്ല. പറയാതെതന്നെ ആള് ഇരുന്നു.

"അച്ചന് എത്രദിവസം ചികിത്സവേണമെന്നു ഡോക്ടറു പറഞ്ഞോ?"

"കൃത്യമായി പറഞ്ഞില്ല."

വിഷയമവിടെ അവസാനിപ്പിക്കുമെന്നു കരുതി നുണ പറഞ്ഞതായിരുന്നു. അതും ഫലിച്ചില്ല. ആളുടെ ഡീറ്റെയില്‍സു മുഴുവന്‍ പറയാന്‍തുടങ്ങി. അയാളും ഭാര്യയും തലസ്ഥാനത്തെ പ്രശസ്തമായ കോളേജിലെ പ്രൊഫസ്സറന്മാരായിരുന്നു. റിട്ടയര്‍ചെയ്തിട്ടു പത്തിരുപതു വര്‍ഷങ്ങളായി. അതിനുശേഷം സഭയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനം ചെയ്തു. പല മെത്രാന്മാരും ഒരുപാട് അച്ചന്മാരുമൊക്കെയായി വളരെ അടുത്തു ബന്ധമുണ്ട്. അതുകൊണ്ടുതന്നെ സഭയിലെ പ്രശ്നങ്ങളെപ്പറ്റിയൊക്കെ ഒരുപാടു കാര്യങ്ങളറിയാം. സംസാരത്തില്‍നിന്നും മലങ്കരറീത്തുകാരനാണെന്നു തോന്നിയെങ്കിലും ചോദിച്ചില്ല. അല്‍പമെങ്കിലും താത്പര്യംകാണിച്ച് സംസാത്തിനു വഴി തുറന്നിട്ടാല്‍ വരുന്ന ഒരാഴ്ചമുഴുവന്‍ ആളുമായി കൂട്ടിമുട്ടാതിരിക്കാന്‍ ഞാന്‍ മുറിക്കു പുറത്തിറങ്ങാതിരിക്കേണ്ടി വരുമെന്നൂഹിച്ചു. അതുകൊണ്ട് ഒരു മണിക്കൂറോളം നാട്ടുകാര്യങ്ങളും രാഷ്ട്രീയവുമൊക്കെ സംസാരിച്ചിട്ടും എന്‍റെ ഭാഗത്തുനിന്നു മാന്യമായി ഇരുന്നു കേട്ടു എന്നല്ലാതെ അനുകൂലമോ പ്രതികൂലമോ ആയ ഒരു പ്രതികരണവും ഉണ്ടായില്ല. ഉച്ചകഴിഞ്ഞു പുറത്തിറങ്ങിയപ്പോഴും ആളെ ദൂരെ കണ്ടപ്പോഴേ അടിക്കാത്ത മൊബൈല്‍ പെട്ടന്നു പോക്കറ്റീന്നെടുത്ത്, വിളിക്കാത്ത ആളിനോടു സംസാരിച്ചുകൊണ്ടു നടന്ന്, ഒഴിഞ്ഞുമാറി മുറിയില്‍ കയറി. അടുത്തദിവസം പുറത്തിറങ്ങാതിരുന്നു. പിന്നെയാണോര്‍ത്തത്, ഞാനെന്തിനാ അയാളെ പേടിച്ച് ഓടുന്നതെന്ന്. പിറ്റെദിവസത്തെ ട്രീറ്റ്മെന്‍റുകഴിഞ്ഞ് നടക്കാനിറങ്ങിയപ്പോള്‍ ആളെത്തി.

"ഇന്നലെ അച്ചനെ പുറത്തുകണ്ടില്ല. ഇപ്പോള്‍ അച്ചനിതിലെ നടക്കുന്നത് ഭാര്യ ജനലില്‍കൂടെ കണ്ടു. അതാ ഞാനിപ്പോള്‍ വന്നത്. ഞാന്‍ ഡോക്ടറോടു ചോദിച്ചപ്പോള്‍ അച്ചന്‍ ഒരാഴ്ചകൂടി ഇവിടെയുണ്ട് എന്നു പറഞ്ഞു. ഞാന്‍ പല അച്ചന്മാരോടും ചോദിച്ചിട്ടുള്ള ചില കാര്യങ്ങളെപ്പറ്റി അച്ചനോടും ചോദിക്കണമെന്നുണ്ട്. അവര്‍ക്കൊക്കെ തെരക്കാണ്, പിന്നീടു സംസാരിക്കാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറും. ഇവിടെ ഏതായാലും അച്ചനു വേറെ തെരക്കൊന്നുമില്ലല്ലോ."

"തെരക്കൊന്നുമില്ല. പക്ഷെ, സംസാരിക്കാന്‍ എനിക്കു താത്പര്യമില്ലെങ്കിലോ?"

"ഒരു വിശ്വാസിയെ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ഒരച്ചന്‍ പറഞ്ഞാല്‍പിന്നെ അയാളെങ്ങോട്ടു പോകും?"

"വിശ്വാസി സാധാരണ ചോദിക്കുന്നത് ഉത്തരം കിട്ടാനല്ലല്ലോ, ഉത്തരംമുട്ടിക്കാനല്ലേ? അതുകൊണ്ടാണ് താത്പര്യമില്ലെന്നു പറഞ്ഞത്."

"ഞാനാ ടൈപ്പല്ലച്ചാ. ഉത്തരം മുട്ടിക്കാനല്ല, ഇങ്ങനെയൊരവസരം കിട്ടിയതുകൊണ്ട് ഞാന്‍ കണ്ടെത്തിയ ചില ഉത്തരങ്ങള്‍ ശരിതന്നെയല്ലെ എന്നറിയാനാണ്. ഞാന്‍ സീറോമലബാറല്ല, പക്ഷേ ഭാര്യയതേ. അതുകൊണ്ടും, കത്തോലിക്കാസഭയോടു സ്നേഹമുള്ളതുകൊണ്ടും എനിക്കിന്നത്തെ സഭയുടെ അവസ്ഥയോര്‍ത്ത് വല്ലാത്ത വിഷമമുണ്ട്."

"ഇദ്ദേഹം പറയുന്നതിനു മറുപടിയായി ഞാനെന്തെങ്കിലും അഭിപ്രായം പറയുന്നെങ്കില്‍ അത് എന്‍റെതു മാത്രമായിരിക്കും. സഭയുടെ പ്രബോധനമോ ദൈവശാസ്ത്രമോ ഒന്നും ആയിരിക്കില്ല, സമ്മതിച്ചോ?"

"ഉവ്വ്, പൂര്‍ണ്ണസമ്മതം. അച്ചാ, മുപ്പതുകൊല്ലം ഞാന്‍ കോളജില്‍ പഠിപ്പിച്ചു. റിട്ടയര്‍ ചെയ്തിട്ട് ഇരുപതു വര്‍ഷമായി. അമ്പതുകൊല്ലംമുമ്പ് ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങിയകാലത്തെ സ്റ്റുഡന്‍സും, ഇരുപതു കൊല്ലംമുമ്പ് റിട്ടയര്‍ ചെയ്യുമ്പോഴത്തെ സ്റ്റുഡന്‍സും തമ്മിലും, അടുത്തകാലം വരെയും പഠിപ്പിക്കാറുണ്ടായിരുന്നതുകൊണ്ട് ഇക്കാലത്തെ സ്റ്റുഡന്‍സും തമ്മിലുള്ള വ്യത്യാസം നേരിട്ടറിഞ്ഞ് ഉള്‍ക്കൊണ്ട ആളാണ് ഞാന്‍. എനിക്കു തീരെ താത്പര്യമില്ലാതിരുന്നിട്ടും സഭയുടെ സ്ഥാപനങ്ങളില്‍ എന്നെ സാരഥിയാക്കാന്‍ അധികാരികളും, എന്നെത്തന്നെ അദ്ധ്യാപകനായി കിട്ടുവാന്‍ വിദ്യാര്‍ത്ഥികളും താത്പര്യം കാണിച്ചെങ്കില്‍ അതിന്‍റെ കാരണം, ഞാന്‍ പാത്രം അറിഞ്ഞാണുവിളമ്പിയിരുന്നത് എന്നുള്ളതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. പത്തമ്പതുകൊല്ലംമുമ്പ് പഠിപ്പീരു തുടങ്ങിയകാലത്തെ നിലപാടും രീതിയുമൊക്കെ മാറ്റാതെ ഞാന്‍ തുടര്‍ന്നിരുന്നെങ്കില്‍ എന്തായിരുന്നേനേ എന്‍റെ അവസ്ഥ എന്ന് ഊഹിക്കാനേയുള്ളു. ഇന്നത്തെ സഭാനേതൃത്തിന്‍റെ പ്രശ്നമതാണച്ചാ. പണ്ടത്തെപ്പോലെ മെത്രാന്‍തിരുമേനി പറഞ്ഞെന്നുകണ്ട് കുഞ്ഞാടുകളു കുനിഞ്ഞുകൊടുക്കത്തൊന്നുമില്ല, മാര്‍പ്പാപ്പായാണു പറഞ്ഞതെന്നുപറഞ്ഞാലും അവരൊട്ടു മുട്ടുമടക്കത്തുമില്ല. അതിന്‍റെ ഒന്നാമത്തെക്കാരണം കല്‍പിക്കുന്ന മെത്രാന്മാരെക്കാള്‍ ഒരുപാടുകാര്യങ്ങളില്‍ അറിവും വിവരവുമുള്ളവരാണ് വിശ്വാസികളേറെയും എന്നതാണ്. അവരുടെയടുത്ത് ശിക്ഷിക്കും പുറത്താക്കും എന്നൊക്കെപ്പറഞ്ഞു വടിയെടുത്താല്‍ 'അതങ്ങു പള്ളീപ്പറഞ്ഞാമതി' എന്നവരുപറയും. ഇന്നത്തെ വിശ്വാസികളിലൊത്തിരിപ്പേര്‍ നേതൃത്വത്തിലുള്ളവരെക്കാള്‍ വിജ്ഞാനത്തിലും വിവേകത്തിലും വിശുദ്ധിയിലുംപോലും ഏറെ മുന്നിലാണെന്ന സത്യം കണ്ണുതുറന്നുകാണാനും എളിമയോടെ അംഗീകരിക്കാനും സഭാനേതൃത്വം തയ്യാറാകുന്നില്ല. കാലം മാറിയതറിയാത്ത ഈ നേതൃത്വം, മൂഡസ്വര്‍ഗ്ഗിത്തിലിരുന്ന് പാരമ്പര്യമങ്ങനെയാണ്, അതുകൊണ്ടിങ്ങനെതന്നെ വേണമെന്നൊക്കെ കല്‍പിച്ചാല്‍ സ്വന്തം മാതാപിതാക്കളോടും കൂടെപ്പിറപ്പുകളോടുംപോലും ബന്ധവും കടപ്പാടുമൊന്നും സൂക്ഷിക്കാനറിയാത്ത ഇന്നത്തെ തലമുറ, അതിനൊന്നും പത്രക്കടലാസിന്‍റെ വിലപോലും നല്‍കത്തില്ല. രണ്ടാമത്തെകാരണം, പകലുപോലെ ക്ലീയറാണ്. പറയാനും പഠിപ്പിക്കാനുമുള്ള അര്‍ഹതയും യോഗ്യതയുമൊക്കെ വിശ്വാസികളുടെ മുമ്പില്‍ മാത്രമല്ല, മാലോകരുടെ മുഴുവന്‍മുമ്പിലും കളഞ്ഞുകുളിച്ചു കുളമാക്കി അച്ചന്മാരും മെത്രാന്മാരുമെല്ലാംചേര്‍ന്ന് എന്നു പറയാതെവയ്യ!"

കോളജില്‍ ലക്ചര്‍ ചെയ്യുന്നതുപോലെയുള്ള സംസാരം അവിടെയെത്തിയപ്പോള്‍ എനിക്കൊരു ഫോണ്‍കോള്‍ വന്നതുകൊണ്ട് ഒഴിവാകാമെന്നുകരുതി എഴുന്നേറ്റു. ആളെ ഒഴിവാക്കാന്‍ അവസരമായെന്ന് ഓര്‍ത്തെങ്കിലും, വരുംദിവസങ്ങളില്‍മുഴുവന്‍ ആളില്‍നിന്നും ഒഴിഞ്ഞുമാറിനടക്കേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍ ഇരുന്നുകൊടുത്ത് പറയുന്നതു കേള്‍ക്കുന്നതാണു നല്ലതെന്നുതോന്നി.

"റിട്ടയര്‍ചെയ്തുകഴിഞ്ഞു സമയമുണ്ടായിരുന്നതുകൊണ്ട് തിരുസഭാചരിത്രോം കേരളസഭാചരിത്രോം മറ്റുമൊക്കെ ഒരുപാടു വായിക്കാന്‍ കൗതുകംതോന്നി. ഇന്നിപ്പോള്‍ യേശുതമ്പുരാന്‍റെ പേരില്‍ എത്ര സഭകളും വിഭാഗങ്ങളുമുണ്ടെന്ന് ദൈവംതമ്പുരനല്ലാതെ ആര്‍ക്കെങ്കിലും അറയാമോ ആവോ! പക്ഷെ ഞാന്‍ ശ്രദ്ധിച്ച ഒരുകാര്യം ആദിമസഭയിലെമുതല്‍ ഇന്നുവരെയുണ്ടായിട്ടുള്ള തര്‍ക്കങ്ങളും വിവാദങ്ങളും ഉണ്ടാക്കിയതും വിഘടനങ്ങളും വിഭജനങ്ങളുമൊക്കെ സൃഷ്ടിച്ചതുമാരായിരുന്നു. അതൊന്നും സാധാരണവിശ്വാസികളല്ലല്ലോ. അതുസകലതും ഉണ്ടാക്കിയതും അതിനെല്ലാം ന്യായീകരണങ്ങളും ദൈവശാസ്ത്രവുമൊക്കെ സൃഷ്ടിച്ചതും മുഴുവന്‍ പണ്ഡിതന്മാരെന്നു പറയപ്പെടുന്ന മെത്രാന്മാരും, അച്ചന്മാരുമല്ലായിരുന്നോ. ഇപ്പോളത്തെ സഭയിലെ പ്രശ്നങ്ങളും മാന്തിമാന്തിച്ചെല്ലുമ്പോള്‍ ചെന്നെത്തുന്നതെവിടെയാ, മുഴുവന്‍ അച്ചന്മാരും മെത്രാന്മാരും തന്നെയാ. കൂടാതെ അവരുടെ നിലനില്പിനുവേണ്ടി അവരുതന്നെ ബ്രെയിന്‍വാഷ്ചെയ്ത് വളര്‍ത്തിയെടുത്ത, വിദ്വേഷം പടച്ചുവിടുന്ന, വെറും പക്ഷവാദികളും തീവ്രവാദികളുമായ കുറെ വിശ്വാസികളും. മറിച്ചെന്തെങ്കിലും പറഞ്ഞാല്‍ 'കടക്കുപുറത്ത്' എന്നു പറയുന്ന ഒരു ഭരണത്തലവന്‍ കാട്ടിക്കൂട്ടിയതെല്ലാംകൊണ്ട് നമ്മുടെ നാടിനെമുഴുവന്‍ കുട്ടിച്ചോറാക്കിയെന്നു വിലപിക്കുന്ന നമുക്ക് ഇന്നത്തെ സഭാനേതൃത്തെ നോക്കിയും അതുതന്നെ പറയാതെ വയ്യ!
"കുറെനാളുമുമ്പ് ഞങ്ങടെ സഭയില്‍ ഒരു ഇഷ്യു ഉണ്ടായപ്പോള്‍ 'അച്ചനാകുന്നത് ശരിക്കും ഒരു വിളിയും മെത്രാനാകുന്നത് ഒരു കളിയുമാ മക്കളെ' എന്നു ഞങ്ങടെ ഒരുവല്ല്യച്ചന്‍ തമാശും കാര്യവുമായിപ്പറഞ്ഞത് ഇന്നത്തെ സഭയെനോക്കിയും പറയാതെ വയ്യ. യോഗ്യതയെക്കാളുപരി മറ്റുപല അജണ്ടകള്‍ക്കും മുന്‍ഗണന ലഭിക്കുമ്പോള്‍ അര്‍ഹതയില്ലാത്തവര്‍ പദവികളിലെത്തും. അങ്ങനെയുള്ളവരില്‍നിന്നും നിഷ്പക്ഷ നിലപാടുകളോ, നിലവാരത്തിനു നിരക്കുന്ന തീരുമാനങ്ങളോ പ്രതീക്ഷിക്കാന്‍ പറ്റത്തില്ല എന്നു പറയാതെ വയ്യ.

മിക്കപ്പോഴും ഞങ്ങളു വിശ്വാസികള്‍ കേള്‍ക്കുന്ന സഭാമേലദ്ധ്യക്ഷന്മാരുടെ ഒരു ആഹ്വനമുണ്ട്, 'സഭയോടു ചേര്‍ന്നുനില്‍ക്കണം, സഭയോടൊത്തുചിന്തിക്കണം' എന്നൊക്കെ. 'മെത്രാനോടു ചേര്‍ന്നുനില്‍ക്കണം മെത്രാനോടൊത്തു ചിന്തിക്കണം' എന്നല്ലേ അവരര്‍ത്ഥമാക്കുന്നത്. സഭയെന്നു പറയുന്നത് തൊണ്ണൂറ്റിയൊന്‍പതു ശതമാനത്തിലേറെവരുന്ന വിശ്വാസികളും വെറും ഒരുശതമാനത്തില്‍ താഴെമാത്രംവരുന്ന മെത്രന്മാരും അച്ചന്മാരുമൊക്കെ ചേരുന്ന കൂട്ടായ്മയല്ലേ. അങ്ങനെയെങ്കില്‍ സഭയോടു ചേര്‍ന്നുനില്‍ക്കാനും, സഭയോടൊത്തുചിന്തിക്കാനും പറയുമ്പോള്‍ ഈ മഹാഭൂരിപക്ഷംവരുന്ന വിശ്വാസികളോടു ചേര്‍ന്നു നില്‍ക്കുന്നവരും, അവരോടൊത്തു ചിന്തിക്കുന്നവരുമാകണം സഭാദ്ധ്യക്ഷന്മാര്‍ എന്നതുതന്നെയാണ്  ശരിയായ ഫോര്‍മുല എന്നു പറയാതെ വയ്യ.

ലളിതമായ വിശ്വാസം നെഞ്ചിലേറ്റി സ്വസ്ഥജീവിതംനയിക്കുന്ന പ്രതികരിക്കാതെ വിശ്വാസജീവിതംനയിക്കുന്ന മഹാഭൂരിപക്ഷംവരുന്ന സാധാരണക്രിസ്ത്യാനികള്‍, അവരുടെ വിശ്വാസം ഉലയ്ക്കപ്പെടുന്നതില്‍ വേദനിക്കുന്ന, അവര് ആദരിച്ചിരുന്നവയൊക്കെ നിസ്സാരവല്‍ക്കരിക്കപ്പെടുന്നതില്‍ അമര്‍ഷംകൊള്ളുന്ന, എന്നാല്‍ ഒന്നിനോടും പ്രതികരിക്കാന്‍ തയ്യാറാകാത്ത നിശ്ശബ്ദരായ ആ വിശ്വാസസമൂഹം, അവരാണ് സഭ. 'സഭയോടു ചേര്‍ന്നു നില്‍ക്കണമെങ്കില്‍ അവരോടു ചോദിക്കണം, സഭയോടൊത്തു ചിന്തിക്കണമെങ്കില്‍ അവര്‍ക്ക് ചെവികൊടുക്കണം എന്ന് ഇനിയെങ്കിലും ഉറക്കെപ്പറയാതെ വയ്യ. ഇന്നത്തെ സഭയിലെ സര്‍വ്വ പ്രശ്നങ്ങള്‍ക്കും സമുചിതമായ പരിഹാരം അവരു പറഞ്ഞുതരും. അല്ലാതെ ഇന്നീകാണിക്കുന്ന തട്ടിക്കൂട്ടൂപരിപാടികളും, മാറിമാറിവരുന്ന സര്‍ക്കുലറുകളും തീട്ടൂരങ്ങളും എല്ലാം സഭാനേതൃത്വത്തെ ഒന്നുകൂടെ പരിഹാസ്യമാക്കുകയേ ഉള്ളു എന്നു പറയാതെ വയ്യ."

കാലിന്‍റെ മുട്ടിനുംകുഴയ്ക്കും ലേപനമിടാന്‍ നേഴ്സ് വന്നു നില്‍ക്കുന്നു എന്നുപറഞ്ഞ് ആളുടെ ഭാര്യ രണ്ടാമതുംവന്നു വിളിച്ചപ്പോള്‍ പിന്നെയാകാം എന്നു പറഞ്ഞദ്ദേഹം ഒഴിവായെങ്കിലും, അതുമുടക്കണ്ട എന്നുപറഞ്ഞു ഞാനും പ്രോത്സാഹിപ്പിച്ചതുകൊണ്ട് മനസ്സില്ലാമനസ്സോടെ ആളെഴുന്നേറ്റു. പോകാന്‍തിരിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു:

"ഇദ്ദേഹം പറയാതെ വയ്യ, പറയാതെ വയ്യ എന്നുപറഞ്ഞു കുറെ കാര്യങ്ങള്‍ പറഞ്ഞില്ലെ, അതിനോരോന്നിനും മറുപടി എനിക്കും പറയാനുണ്ടെങ്കിലും എനിക്കതൊന്നുമൊട്ടു പറയാനും വയ്യ!!! 

You can share this post!

പോത്തിന്‍റെ ചെവീല്‍

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts