news-details
ഇടിയും മിന്നലും

പോത്തിന്‍റെ ചെവീല്‍

കാക്കക്കൂട്ടില്‍ കല്ലെറിയുക എന്നൊരു മലയാള ശൈലിയുണ്ട്. ചെറുപ്പത്തില്‍ അതിന്‍റെയൊരനുഭവം നേരിട്ടു കിട്ടിയിട്ടുള്ളതുകൊണ്ട് അതിന്‍റെ സത്യാവസ്ഥ അറിഞ്ഞിട്ടുമുണ്ട്. വീടിന്‍റെ മുറ്റത്ത് പലതരം പൂച്ചെടികള്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഇല്ലാതിരുന്ന ഒരിനം എന്‍റെ വീതമായി നട്ടുപിടിപ്പിക്കാന്‍ മോഹിച്ച് ഒരു കൂട്ടുകാരന്‍റെ വീട്ടില്‍നിന്നും പൂച്ചവാലന്‍ എന്ന് അന്നു വിളിച്ചിരുന്ന ഒരു ചെടിയുടെ കമ്പ് സംഘടിപ്പിച്ചു നട്ടുപിടിപ്പിച്ചു. പൂച്ചയുടെ വാലുപോലെ നീളമുള്ള ചുവന്ന പൂക്കള്‍ അതില്‍ വിരിഞ്ഞപ്പോള്‍ ഭയങ്കര അഭിമാനമായിരുന്നു. ഒരുദിവസം സ്കൂളില്‍നിന്നു വന്നപ്പോള്‍ അതില്‍ ഏറ്റവും നീളമുണ്ടായിരുന്ന ഒന്നുരണ്ടു പൂക്കള്‍ കാണാനില്ല. അതു പറിച്ചതാരെന്ന് ആരും കണ്ടില്ല. അടുത്തദിവസം ബാക്കിയുണ്ടായിരുന്ന മൂന്നാലെണ്ണവുംകൂടി അപ്രത്യക്ഷമായി എന്നുമാത്രമല്ല ചെടിയുടെ തലവളഞ്ഞു നിലത്തുകുത്തിക്കിടക്കുന്നു. ഈ പോക്രിത്തരം ചെയ്തതാരായാലും അയാളെ മനസ്സില്‍ അറിയാവുന്ന തെറിയെല്ലാം പറഞ്ഞുകൊണ്ട് ചെടിയൊന്നു നാട്ടിക്കെട്ടാന്‍ ബലമുള്ള ഒരു കമ്പന്വേഷിച്ചു നടന്നവഴി തൊട്ടടുത്തുനിന്നിരുന്ന തേക്കിന്‍റെ ചുവട്ടില്‍ എന്‍റെ പൂച്ചവാലന്‍ പൂവെല്ലാം മുറിച്ചുപറിച്ചിട്ടിരിക്കുന്നതു കണ്ടു. അന്ന് അമ്മയാണു പറഞ്ഞത് തേക്കുമരത്തേല്‍ കാക്കക്കൂടുണ്ട്, കാക്ക കാണിച്ച പണിയായിരിക്കുമെന്ന്. മാറിനിന്നു നോക്കിയപ്പോള്‍ കാക്കക്കൂട്ടില്‍നിന്നും ഒരുപൂവു തൂങ്ങിക്കിടക്കുന്നതും കണ്ടു. എന്നാലതിന്‍റെ സൂക്കേടു തീര്‍ത്തേക്കാമെന്നു തീരുമാനിച്ച് എറിയാന്‍ പാകത്തിനുള്ള പത്തിരുപതു കല്ലു പെറുക്കിക്കൂട്ടി ഏറുതുടങ്ങി. കല്ല് കാക്കക്കൂടിന്‍റെ അടുത്തെങ്ങും എത്തിയില്ലെങ്കിലും കൂട്ടിനകത്തിരുന്ന കാക്കത്തള്ള കാറിക്കൊണ്ടു പറന്നു. മിനിറ്റുകള്‍ക്കകം എവിടുന്നൊക്കെയോ ചറപറാന്നു കുറെ കാക്കകളു കാറിക്കോണ്ടെത്തി. ഞാന്‍ വാശിക്ക് ഏറും തുടര്‍ന്നു. പെട്ടെന്നാണൊരു കാക്കവന്ന് എന്‍റെ തലക്കിട്ടൊരു കൊത്ത്. വല്ലാതെ വേദനിച്ചു. പിന്നെയൊരു പട കാക്കകളു തലക്കുചുറ്റും! ഓടി വീട്ടില്‍ കയറി. ബഹളം കേട്ട് എല്ലാരും ഓടിവന്നു. എല്ലാരേം കാക്കകള്‍ കൊത്തിഓടിച്ചു. ചെവിക്ക് ഒരു കിഴുക്കുംതന്ന് അമ്മ അന്നു പറഞ്ഞു: 'കാക്കക്കൂട്ടില്‍ മേലാല്‍ കല്ലെറിയരുതെ'ന്ന്. കാക്കകളുടെ ശല്യംകാരണം ആര്‍ക്കും മുറ്റത്തിറങ്ങാന്‍ മേലാത്ത അവസ്ഥയായി. ഒടുവില്‍ സഹികെട്ട് തലയെല്ലാം മൂടിക്കെട്ടി ഒരു പണിക്കാരന്‍ തേക്കില്‍ കയറി കാക്കക്കൂടു പറിച്ചുകളഞ്ഞു. ഒന്നുരണ്ടു ദിവസത്തേക്കുകൂടി കാക്കേടെ ശല്യം തുടര്‍ന്നു. അതോടെ പാഠം പഠിച്ചു 'കാക്കക്കൂട്ടില്‍ കല്ലെറിയരുതെന്ന്.' പക്ഷേ പ്രശ്നമതല്ല, കാക്കക്കൂട്ടില്‍ എറിയണ്ടാ, കാക്കക്കൂടുള്ള മരത്തിന്‍റെ അയലത്തെങ്ങാനുമുള്ള മാവേല്‍ എറിഞ്ഞാലും കാക്കകള്‍ ആക്രമിക്കും എന്നുള്ളതാണ്! അങ്ങനെ കുറച്ച് അനുഭവങ്ങള്‍ അടുത്തനാളിലുണ്ടായി.

വൈകുന്നേരത്ത് തുണി ഇസ്തിരിയിട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു ഫോണ്‍കോള്‍.

"ഇയാളെക്കാളും പ്രായമുള്ള ഒരു സന്യാസിഅച്ചനാണ് ഞാന്‍. നേരിട്ടു പരിചയമില്ല. ഞങ്ങളുടെ സ്ഥാപനത്തില്‍ പലമാസികകളും വരുന്നതിന്‍റെകൂടെ അസ്സീസിമാസികയും വരുന്നുണ്ട്. അതില്‍ ഇയാളെഴുതുന്ന വിവരക്കേടുകള്‍ സ്ഥിരമായി വായിക്കാറുണ്ടെങ്കിലും ഇതുവരെ പ്രതികരിക്കാതിരുന്നത് അതെല്ലാം അംഗീകരിക്കുന്നതുകൊണ്ടാണെന്നു കരുതണ്ട. പറഞ്ഞിട്ടു കാര്യമില്ലെന്നറിയാവുന്നതുകൊണ്ടു മിണ്ടാത്തതാ. പട്ടീടെ വാല് മയിലെണ്ണപുരട്ടി പന്തീരാണ്ടുകാലം കുഴലിലിട്ടാലും അതു നേരെയാകത്തില്ലല്ലോ."

'നീ പോടാ പട്ടീ'ന്നു മനസ്സില്‍ പറഞ്ഞിട്ടു ബാക്കി കേള്‍ക്കാന്‍ കാതോര്‍ത്തു. അല്‍പനേരം കാത്തിട്ടും ഒന്നും കേള്‍ക്കാഞ്ഞതുകൊണ്ടു ആളു നിര്‍ത്തിയെന്നോര്‍ത്ത് ഫോണ്‍ കട്ടുചെയ്യാനൊരുങ്ങിയപ്പോളൊരുചോദ്യം:

"ഞാന്‍ പറയുന്നതു കേള്‍ക്കുന്നുണ്ടോ, തിരിച്ചൊന്നും പറയാത്തതുകൊണ്ടു ചോദിച്ചതാ."

"തിരിച്ചു ഞാന്‍ പറഞ്ഞാരുന്നു. ഉറക്കെപ്പറഞ്ഞില്ലെന്നേയുള്ളു. അതുപോട്ടെ, നിങ്ങളെപ്പോലെ ഫോണില്‍കൂടെയാണെങ്കിലും നേരിട്ടായാലും ആരെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മൂളാനും മുക്കാനും തിരിച്ചുചോദിക്കാനുമൊന്നും ഞാന്‍ മെനക്കെടാറില്ല. മറുപടിയൊക്കെ സാധാരണ മനസ്സിലെ പറയാറുള്ളു. ചെവിക്ക് ചെറിയ പ്രശ്നമുള്ളതുകൊണ്ട്, അല്‍പം ഉറക്കെ പറഞ്ഞാല്‍ കേള്‍ക്കാം. പക്ഷേ എത്രനേരമിരുന്നു കേട്ടാലും അര്‍ഹിക്കുന്നതിനു മാത്രമേ മറുപടി ഞാന്‍ പറയാറുള്ളു. 'നിങ്ങളുടെ മുത്തുകള്‍ പന്നികളുടെ മുമ്പില്‍ ഇട്ടുകൊടുക്കരുതെ'ന്നാണല്ലോ തിരുവചനം."

"ഓഹോ, തിരിച്ചടിക്കാന്‍ ഇപ്പോള്‍ ഈ ദൈവവചനം പ്രയോഗിക്കുന്ന ഇദ്ദേഹം തിരുവചനം തള്ളിപ്പറയുന്നതു വിവരക്കേടാണെന്നാ ഞാന്‍ പറഞ്ഞത്."

വീണ്ടും ഞാന്‍ മൗനം തുടര്‍ന്നപ്പോള്‍ അദ്ദേഹം വിശദീകരണം തുടങ്ങി. പൗരോഹിത്യം ദൈവം പ്രത്യേകം വിളിച്ചു വേര്‍തിരിച്ച ദൈവവിളിയല്ലെന്നു ഞാന്‍ എഴുതിയതായിരുന്നു അങ്ങേരെ ചൊടിപ്പിച്ച വിഷയം. സംസാരം നീണ്ടുപോകാനിടയുണ്ടെന്നു തോന്നിയതുകൊണ്ട് തിരിച്ചൊന്നും പറയാതെ ഫോണ്‍ സ്പീക്കര്‍ മോഡിലാക്കി മേശപ്പുറത്തുവച്ചിട്ട് ഞാനെന്‍റെ ജോലി തുടര്‍ന്നു. പിന്നെയങ്ങോട്ട്, പൗരോഹിത്യവും സന്യാസവുമൊക്കെ ദൈവം പ്രത്യേകം വിളിച്ചു വേര്‍തിരിച്ചതാണെന്നു സ്ഥാപിക്കാനുള്ള ആവേശമായിരുന്നു. പഴയനിയമത്തില്‍നിന്നും 'മാതാവിന്‍റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു, ജനിക്കുന്നതിനുമുമ്പുതന്നെ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു' എന്ന് ജെറെമിയപ്രവാചകനെ ഉദ്ധരിച്ചുകൊണ്ടും (ജെറെമിയ 1:5), പുതിയനിയമത്തില്‍നിന്നും 'വിളവധികം വേലക്കാരോ ചുരുക്കം; അതിനാല്‍ തന്‍റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാന്‍ വിളവിന്‍റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍' (മത്താ. 9:37-38) എന്നും, 'നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്' (യോഹ. 15:16) എന്നു സുവിശേഷത്തില്‍ കര്‍ത്താവു പറഞ്ഞിട്ടുള്ളതുമെല്ലാം കൂട്ടിച്ചേര്‍ത്ത് പുരോഹിതരുടെയും സന്യാസികളുടെയും വിളി പ്രത്യേകദൈവിളിയാണ് എന്നു ശക്തിയുക്തം സ്ഥാപിച്ചുകൊണ്ടുള്ള ഒരു കലക്കന്‍ ധ്യാനപ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്.

അവസാനം ഒരു മറുപടി കൊടുക്കണമെന്നു തോന്നിയതുകൊണ്ട് ശ്രദ്ധിച്ചുകേട്ടു. ഇടയ്ക്കിടയ്ക്ക് 'അച്ചന്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ' എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന് നല്ല ഉറക്കെ മൂളി, ഞാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പൗരോഹിത്യത്തിന്‍റെ പവിത്രത അത്രമാത്രമാണെന്നറിഞ്ഞതുകൊണ്ടല്ലേ വി. ഫ്രാന്‍സീസ് അസ്സീസിപോലും പൗരോഹിത്യം സ്വീകരിക്കാതിരുന്നത്, എത്രയോ വിശുദ്ധരും സഭാസ്ഥാപകരുമൊക്കെ പൗരോഹിത്യത്തെ ഉന്നതമായ വിളിയായി പഠിപ്പിച്ചിരിക്കുന്നു, സഭയുടെ പ്രബോധനങ്ങളിലെല്ലാം അത് ശക്തമായി പഠിപ്പിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം ഉദാഹരണങ്ങളും സംഭവങ്ങളുമൊക്കെ നിരത്തി എന്‍റെ നിലപാട് എത്ര അബദ്ധമാണ് എന്നു സ്ഥാപിക്കാന്‍ അദ്ദേഹം ഏതാണ്ട് അരമണിക്കൂറെടുത്തു കാണണം. അങ്ങേര്‍ക്കു പറയാനുള്ളത് ഏതാണ്ട് അവസാനിപ്പിച്ച മട്ടില്‍ പറഞ്ഞു:

"ഇത്രയുംനേരം ചുമ്മാ മൂളിക്കേട്ടതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല."

"തുടക്കത്തില്‍ എന്നെപ്പറ്റി ഇങ്ങേരു പറഞ്ഞില്ലേ, പട്ടീടെ വാല് മയിലെണ്ണപുരട്ടി കുഴലിലിട്ടാലും അതു നേരെയാകത്തില്ലെന്ന്. പോത്തിന്‍റെ ചെവീല്‍ വേദമോതിയിട്ടും കാര്യമില്ലല്ലോ എന്നാണ് അതിനുള്ള കൃത്യമായ എന്‍റെ മറുപടി. ഇങ്ങേരീപറഞ്ഞതുപോലെ ജനിക്കുന്നതിനുമുമ്പുതന്നെ തങ്ങളെ മാത്രമാണു ദൈവം പ്രത്യേകം തിരഞ്ഞെടുത്തെന്നു പറയാനും, നിങ്ങളെന്നെയല്ല, ഞാന്‍ നിങ്ങളെയാണ് നിങ്ങളെ മാത്രമാണു തിരഞ്ഞടുത്തതെന്നു കര്‍ത്താവു പറഞ്ഞു എന്ന് അവകാശപ്പെടാനും നമ്മളു രണ്ടുപേരെക്കാളും അര്‍ഹതയും അവകാശവും വിവാഹിതരാകുന്ന ദമ്പതിമാര്‍ക്കല്ലേയുള്ളത്? അവരെയല്ലെ, അവരെ മാത്രമല്ലെ ദമ്പതികളാകാന്‍ തമ്പുരാന്‍ തിരഞ്ഞെടുത്തതും മാറ്റിവച്ചതും. എന്നിട്ടും നമ്മളുപറയുന്നു നമ്മളെ ദൈവം പ്രത്യേകം വിളിച്ചതാണ്, മാറ്റിവച്ചതാണ് എന്നൊക്കെ. പുരോഹിതന്‍റെ മേധാവിത്വവും അപ്രമാദിത്വവുമൊക്കെ സ്ഥാപിക്കാന്‍വേണ്ടി പുരോഹിതരുതന്നെ ദൈവവചനം പെറുക്കിക്കൂട്ടി ചമച്ചുവച്ചതല്ലേ ഈ വാദവും ദൈവശാസ്ത്രവുമൊക്കെ?

ദൈവം അങ്ങനെ പ്രത്യേകം വിളിച്ചു വേര്‍തിരിച്ചതാണെങ്കില്‍ ഒത്തിരി ചോദ്യങ്ങള്‍ക്ക് ഇദ്ദേഹം ഉത്തരം തരേണ്ടിവരും. ദൈവം പ്രത്യേകം വിളിച്ചു വേര്‍തിരിച്ചവരാണോ മുഷ്ടി ചുരുട്ടി ളോവയുമിട്ട് തെരുവില്‍ തെറിവിളിക്കുന്നത്? അങ്ങനെ പ്രത്യേകം വിളിക്കപ്പെട്ടവരാണോ നട്ടാല്‍ കുരുക്കാത്ത കള്ളം പറയുന്നതും കള്ളക്കേസു ചമയ്ക്കുന്നതും? അങ്ങനെ വേര്‍തിരിക്കപ്പെട്ടവരാണോ പരിശുദ്ധമായിരിക്കേണ്ട ദൈവാലയത്തില്‍ കൈയേറ്റം നടത്തുന്നതും വിശുദ്ധവസ്തുക്കള്‍ വലിച്ചെറിയുന്നതും? ഈ വിളിക്കപ്പെട്ടവരാണോ പവിത്രമായ ബലിവേദിയില്‍ പരിശുദ്ധമായ ബലിവസ്തുക്കളെപ്പോലും അതിനിന്ദ്യമായ രീതിയില്‍ അവഹേളിക്കുന്നതും? ഇന്നു സഭയില്‍ കാണുന്ന സര്‍വ്വ കോപ്രായങ്ങളുടെയും ചുക്കാന്‍പിടിക്കുന്നത് പ്രത്യേകം വിളിച്ചു വേര്‍തിരിക്കപ്പെട്ടവര്‍ എന്നവകാശപ്പെടുന്ന ഈ വൈദികരും മേലദ്ധ്യക്ഷന്മാരുമല്ലേ? എന്നിട്ടും നിര്‍ല്ലജ്ജം അവകാശപ്പെടുന്നു ദൈവം അനേകായിരങ്ങളില്‍നിന്നു ജനിക്കുന്നതിനുമുമ്പുതന്നെ പ്രത്യേകം വിളിച്ചു വേര്‍തിരിച്ചു പവിത്രീകരിച്ചവരാണെന്ന്!!

പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമൊക്കെ അങ്ങനെ ദൈവം പ്രത്യേകം വിളിക്കുന്നതാണെങ്കില്‍ യൂറോപ്പിലൊക്കെ ദൈവം ഈ വിളി നിര്‍ത്തിയോപോലും! കേരളത്തിലാണെങ്കില്‍ ഹൈറേഞ്ചിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും ഈ വിളി ഒതുക്കിയോപോലും! കേരളത്തിലെ പെമ്പിള്ളേരെ വിളി ദൈവം അവസാനിപ്പിച്ചോപോലും! വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വടക്കേ ഇന്ത്യയിലെ ആദിവാസികളുടെ ഇടയിലേക്കും വിളിയുടെ റേഞ്ചു ദൈവം മാറ്റിയോപോലും! ഇവയൊക്കെ പരിഹാസചോദ്യങ്ങളായി തോന്നാം. പക്ഷേ യാഥാര്‍ത്ഥ്യമല്ലേ?

പൗരോഹിത്യവും സന്യാസവുമൊക്കെ ദൈവം പ്രത്യേകം വിളിച്ചു വേര്‍തിരിച്ചു പവിത്രീകരിച്ചവര്‍ക്കുള്ളതാണെന്ന പൊള്ളയായ വാദവും സവര്‍ണ്ണമനോഭാവം മാറ്റി യഥാര്‍ത്ഥത്തില്‍ പൗരോഹിത്യത്തിന്‍റെയും സന്യാസത്തിന്‍റെയും സത്തയും ദൗത്യവും തിരിച്ചറിയണമെങ്കില്‍ ഏശയ്യയുടെ അനുഭവവും മനോഭാവവും കൈവരിക്കണം: 'കര്‍ത്താവ് അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു, ആരെയാണു ഞാന്‍ അയയ്ക്കുക? ആരാണു നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍, എന്നെ അയച്ചാലും.' (ഏശയ്യ 6:8)

പുരോഹിതനെയും സന്യാസിയെയും ദൈവം വിളിച്ചു മാറ്റി വേര്‍തിരിച്ചതല്ല, ഓരോ പുരോഹിതനും സന്യാസിയും അതേ ചോദ്യം: 'ആരെയാണു ഞാന്‍ അയയ്ക്കുക? ആരാണു നമുക്കുവേണ്ടി പോവുക?' എന്നചോദ്യം തമ്പുരാനില്‍നിന്നും കേട്ടിട്ട്, തികഞ്ഞബോധ്യത്തോടെ 'ഇതാ ഞാന്‍, എന്നെ അയച്ചാലും' എന്നു പ്രത്യുത്തരിച്ചവരായിരിക്കും. ആ പ്രത്യുത്തരത്തിന്‍റെ ആഴവും അചഞ്ചലതയും അവരെ അപരരില്‍നിന്നും വേര്‍തിരിഞ്ഞവരായേ തീരൂ എന്ന തിരിച്ചറിവിലെത്തിക്കും. അയയ്ക്കപ്പെട്ടവരാണെന്ന ബോധ്യം അവരുടെ ജീവിതം സുവിശേഷാത്മകമാക്കും.

എന്നാല്‍ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണെന്നും അതെന്തുകൊണ്ടാണെന്നും അറിയാന്‍  ജെറെമിയ പ്രവാചകന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക:

പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു, എന്‍റെ ഭവനത്തില്‍പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നതു ഞാന്‍ കണ്ടിരിക്കുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു, അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും, വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയുംചെയ്യും.(ജെറെമിയ 23:11)

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

ആ പ്രവാചകന്മാരെ ഞാന്‍ അയച്ചില്ല, എന്നിട്ടും അവര്‍ ഓടിനടന്നു, ഞാന്‍ അവരോടു സംസാരിച്ചില്ല, എന്നിട്ടും അവര്‍ പ്രവചിച്ചു. (ജെറെമിയ 23:21)

അന്തിമഫലമെന്താണെന്നും ജെറെമിയ പറയുന്നു:

സ്വന്തം നാവനക്കിയാല്‍ കര്‍ത്താവിന്‍റെ അരുളപ്പാടാകുമെന്നു കരുതുന്ന പ്രവാചകന്മാരെ ഞാന്‍ എതിര്‍ക്കുന്നു, കര്‍ത്താവ് അരുളിച്ചെയ്യുന്നു, വ്യാജസ്വപ്നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാനെതിരാണ്. നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍റെ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല, അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല. (ജെറെമിയ 23:31)

മറുവശത്തുനിന്നും ഫോണ്‍ കട്ടാക്കിയതുകൊണ്ട് ഞാനവിടെനിര്‍ത്തി. പോത്തിന്‍റെ ചെവീല്‍ വേദമോതിയിട്ടെന്തുകാര്യം!!

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts