news-details
ഇടിയും മിന്നലും

നട്ടെല്ല് വാഴപ്പിണ്ടിയോ?

പുതുമഴപെയ്താല്‍ വൃക്ഷത്തൈകളൊക്കെ നടാനുള്ള സമയമാണല്ലോ. അതിന്‍റെ തിരക്കിലായിരുന്നു ഞാന്‍. മഴപെയ്യാന്‍ സാദ്ധ്യതയുണ്ടായിരുന്നതുകൊണ്ട് തിടുക്കത്തില്‍ പണിതുകൊണ്ടിരിക്കുമ്പോള്‍ കീശയില്‍കിടന്ന മൊബൈലടിച്ചു.

"അച്ചനല്ലേ?"

"അതേ, ഒരച്ചനാ."

"ഒന്നു കാണാന്‍വന്നതായിരുന്നു. ഇവിടെ അന്വേഷിച്ചപ്പോള്‍ അച്ചന്‍ പറമ്പിലാണെന്നു പറഞ്ഞു."

"അതു ശരിയാണ്, പറമ്പിലാണ്. അതുകൊണ്ട് ഇപ്പോള്‍ കാണാന്‍ തീരെ അസൗകര്യമാണ്."

"അതുസാരമില്ല, ഞാന്‍ വെയ്റ്റുചെയ്യാം."

"അച്ചന്മാര്‍ക്കു മുറീലെങ്ങാനുമിരുന്നാപ്പോരെ, പറമ്പില്‍ പോയിക്കിടക്കാതെ. എനിക്ക് ഒത്തിരി വെയ്റ്റുചെയ്യാന്‍ പറ്റത്തില്ല. ഓട്ടമുള്ള സമയമാണ്." ഓട്ടോക്കാരന്‍ മുഷിച്ചിലോടെ പറയുന്നത് എനിക്കു കേള്‍ക്കാമായിരുന്നു.

"ആ ഓട്ടോക്കാരന്‍ പറഞ്ഞതു ഞാന്‍കേട്ടു. അയാളു പറഞ്ഞതാ ശരി. ഞാന്‍ പണീംകഴിഞ്ഞു ഫ്രീയാകാന്‍ രണ്ടുമൂന്നു മണിക്കൂറെങ്കിലും എടുക്കും. അതുകൊണ്ടു സമയംകളയാതെ പോകുന്നതല്ലേ നല്ലത്?"

ഞാനതു പറഞ്ഞയുടനെ ആളു ഫോണ്‍ കട്ടുചെയ്തു. ഏതെങ്കിലും പിരിവുകാരോ, സഹായം ചോദിച്ചുവന്നവരോ ആയിരിക്കും എന്നൂഹിച്ചു. ഏതായാലും വിട്ടുപോയീന്നു ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ ആ ഓട്ടോക്കാരന്‍റെ വാക്കുകള്‍ എന്‍റെ മനസ്സില്‍തട്ടി. അച്ചന്മാര്‍ക്കു മുറീലിരുന്നാപ്പോരേന്ന്!

അതിനെപ്പറ്റി ഓര്‍ത്തുകൊണ്ട് പണിയുന്നതിനിടയില്‍ എവിടെച്ചെന്നാലും സാധാരണ ഉത്തരംപറയേണ്ടിവരുന്ന ഒന്നുരണ്ടു ചോദ്യങ്ങള്‍ ഓര്‍മ്മയില്‍വന്നു. 'തലമുടി ഡൈ ആണോ?' 'കഴിക്കാന്‍ മരുന്നൊന്നുമില്ലേ?' ഇവ രണ്ടിനുമുള്ള മറുപടി സാഹചര്യമനുസരിച്ച് നേരോ നുണയോ ഒക്കെപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്പതിവ്. മുടി ഡൈ ആണെന്നും, മരുന്നുകഴിക്കുന്നുണ്ടെന്നും കേള്‍ക്കാനാണ് മിക്കവര്‍ക്കും ഇഷ്ടം. അവരോട് അങ്ങനെയാണെന്നങ്ങു സമ്മതിച്ചുകൊടുത്തേക്കും. സീനിയര്‍ സിറ്റിസണായി പരിഗണിക്കപ്പെടാന്‍ പത്തെഴുപത്തഞ്ചു വയസ്സായാലുംപോരാ, നരയും കഷണ്ടിയും കുടവയറും, കുറഞ്ഞതു മൂന്നുനേരവും കഴിക്കുന്ന രണ്ടുമൂന്നു മരുന്നുകളുമെങ്കിലും യോഗ്യതയായി കാണുന്ന സമകാലസംസ്ക്കാരത്തില്‍ ശരീരം മെലിഞ്ഞിരിക്കുന്നതും മുടിനരയ്ക്കാത്തതും വയറുചാടാത്തതുമൊക്കെ സംശയത്തോടെ മാത്രമാണ് വീക്ഷിക്കപ്പെടാറുള്ളത്.

വീടിനുചുറ്റും എല്ലാ നാടന്‍ കാര്‍ഷികവിളകളും മാത്രമല്ല, കാലാവസ്ഥയ്ക്കനുസരിച്ചു മാറിമാറി കായ്ച്ചുനിന്നിരുന്ന പച്ചക്കറികളും കണ്ടുവളര്‍ന്ന ചെറുപ്പകാലം എന്നും ഒരു മധുരസ്മരണയാണ്. ആ സംസ്ക്കാരം പാടെ അന്യമായിക്കഴിഞ്ഞിരിക്കുന്ന ഇന്നത്തെ ന്യൂജന്‍ സംസ്ക്കാരത്തോട് പടവെട്ടിയിട്ട് ഒന്നും നേടാനില്ലെന്നറിയാം. അതുകൊണ്ട് ആ ഓട്ടോക്കാരന്‍ പറഞ്ഞതുപോലെ വെറുതെ മുറീലിരിക്കാതെ, അച്ചന്‍പണിയും ധ്യാനിപ്പീരുമൊക്കെ കഴിഞ്ഞുകിട്ടുന്ന സമയമത്രയും, ആവുന്നതുപോലെ മണ്ണില്‍ പണിതും കൃഷിയില്‍ മുഴുകിയും അദ്ധ്വാനിച്ചാണു ജീവിക്കുന്നത്. മരുന്നില്ലാത്തതും മെലിഞ്ഞിരിക്കുന്നതെന്നുമൊക്കെ അതുകൊണ്ടാണെന്നുപറഞ്ഞാല്‍ മനസ്സിലാകാത്തവരോടു ചോദിക്കുന്നതിനുമുമ്പുതന്നെ മുടി ഡൈയാണെന്നും, പല അസുഖത്തിനും മരുന്നു കഴിക്കുന്നുണ്ടെന്നുമങ്ങുപറഞ്ഞുതുലയ്ക്കും.

വൈകിയായിരുന്നു പണികഴിഞ്ഞു കയറിയത്. മുറിയിലെത്തുമ്പോഴുണ്ട് ഒരു ചെറുപ്പക്കാരന്‍ കാത്തിരിക്കുന്നു. കണ്ടയുടനെ എഴുന്നേറ്റു സ്തുതിചൊല്ലി.

"ഞാനായിരുന്നു കുറച്ചുമുമ്പ് അച്ചനു ഫോണ്‍ ചെയ്തിരുന്നത്. ഒന്നുകൂടി വരാന്‍ ബുദ്ധിമുട്ടായതുകൊണ്ട് എത്ര വൈകിയിട്ടായാലും അച്ചനെ കണ്ടിട്ടുതന്നെ പോകാമെന്നുവച്ചു."

വല്ലാതെ മടുത്താണു വന്നതെങ്കിലും അത്രയും കാത്തിരുന്ന അയാളെ ഒഴിവാക്കാന്‍ മനസ്സുവന്നില്ല. പെട്ടെന്നു കുളിച്ചുറെഡിയായി.

"വേറെ ഒരാശ്രമത്തില്‍ പോകാനുദ്ദേശിച്ചു വന്നതായിരുന്നു. പക്ഷേ അവിടെ സൗകര്യം കിട്ടിയില്ല. അവരുതന്നെയാണ് ഇങ്ങോട്ടു ഗൈഡുചെയ്തത്. അച്ചാ ഞാന്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. അതിനെപ്പറ്റിയൊന്നു സംസാരിക്കാനാണു വന്നത്."

ഞാനെന്തെങ്കിലും അങ്ങോട്ടു ചോദിക്കുമെന്നു പ്രതീക്ഷിച്ചായിരിക്കും അയാളൊന്നു നിര്‍ത്തിയിട്ട് എന്‍റെനേരെ നോക്കി.

"ഇയാള്‍ക്കു പറയാനുള്ളതു ഏറ്റവും ചുരുക്കിപറഞ്ഞാല്‍ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. അതുകഴിഞ്ഞിട്ട് എന്തെങ്കിലും എനിക്കു പറയാനുണ്ടെങ്കില്‍ ഞാന്‍ പറയാം."

"അച്ചാ ഞാനൊരു സെമിനാരിയനാണ്. തിയോളജി പഠിക്കുന്നു. പോസ്റ്റ് ഗ്രാജുവേഷനും കഴിഞ്ഞു നാലഞ്ചുവര്‍ഷം നല്ലയൊരു കമ്പനിയില്‍ ജോലിചെയ്തു. അതുപേക്ഷിച്ച് മുപ്പതാംവയസ്സിലാണ് സെമിനാരീല്‍ ചേര്‍ന്നത്. വളരെ നല്ലതുപോലെ ചിന്തിച്ച് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. പഠനംപോലെതന്നെ സെമിനാരീലെ എല്ലാ ആക്റ്റിവിറ്റീസിലും ഞാന്‍ മുന്‍പന്തിയിലുമാണ്. പക്ഷേ, മുന്നോട്ടു തുടരാന്‍ എനിക്കു താത്പര്യമില്ലാതായിത്തുടങ്ങിയിട്ടു രണ്ടു വര്‍ഷത്തോളമായി. എല്ലായിടത്തും ഒന്നാമതു നില്‍ക്കുന്ന എനിക്ക് എന്‍റെ ഈ അവസ്ഥയെപ്പറ്റി ആരേയും അറിയിക്കാന്‍ ധൈര്യമില്ലായിരുന്നു. അങ്ങനെ തുടരുമ്പോഴാണ് അടുത്തനാളില്‍ മറ്റൊരു സംഭവം കൂടിയുണ്ടാകുന്നത്.  

എന്നെപ്പോലെതന്നെ വിദേശത്തുണ്ടായിരുന്ന നല്ലജോലിയുപേക്ഷിച്ച് ഒരു സന്യാസസഭയില്‍ചേര്‍ന്ന് പഠിച്ചുകൊണ്ടിരുന്ന ഒരു സെമിനാരിയനെ യാദൃച്ഛികമായി കണ്ടുമുട്ടി പരിചയപ്പെടാന്‍ എനിക്കിടയായി. ഞങ്ങള്‍തമ്മില്‍ പിന്നീട് നല്ല അടുപ്പത്തിലുമായിരുന്നു. പഠനത്തിന്‍റെ അവസാനഘട്ടത്തിലെത്തിയിരുന്ന അദ്ദേഹം അടുത്തദിവസം അതുപേക്ഷിച്ച് വീട്ടിലേക്കുപോയി. എനിക്കും അതൊരു ഷോക്കായിരുന്നു. അത്ര അടുപ്പമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യത്തെപ്പറ്റി ഒരിക്കലും അദ്ദേഹം എന്നെ അറിയിച്ചിരുന്നില്ല. തിരിച്ചുപോയ വിവരം അറിഞ്ഞുകഴിഞ്ഞപ്പോള്‍ ഞാനദ്ദേഹത്തെ ഫോണില്‍ കോണ്ടാക്റ്റുചെയ്തു. എന്നോടക്കാര്യമൊന്നും നേരത്തെ ഷെയര്‍ ചെയ്യാഞ്ഞതിനെപ്പറ്റി ഞാന്‍ പരിഭവം പറഞ്ഞു. അദ്ദേഹത്തിന്‍റെ ഒരു നീക്കവും എന്നെ സ്വാധീനിക്കാതിരിക്കാനാണ് എല്ലാം രഹസ്യമായിവച്ചത് എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കദ്ദേഹത്തോടു ബഹുമാനംതോന്നി.
ഞാനും അങ്ങനെയൊരു പ്രതിസന്ധിയിലാണെന്ന് പറയാതെ, അദ്ദേഹം തിരിച്ചുപോന്നതിന്‍റെ കാരണം ഞാന്‍ ചോദിച്ചു. മനസ്സില്ലാമനസോടെയാണെങ്കിലും എന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അദ്ദേഹം ഉപേക്ഷിച്ചുപോന്നതിന്‍റെ യഥാര്‍ത്ഥകാരണം എന്നോടു തുറന്നുപറഞ്ഞു. എന്നാല്‍ ആ സത്യം അദ്ദേഹത്തിന്‍റെ അധികാരികളോടോ മറ്റാരോടുമോ അങ്ങേരു പറഞ്ഞിട്ടുമില്ലായിരുന്നു. താത്പര്യമില്ലാത്തതുകൊണ്ടു പോകുന്നു എന്നുമാത്രം അറിയിച്ചാണ് വിട്ടുപോന്നത്. വാസ്തവത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞ അതേകാരണം തന്നെയാണ് എന്‍റെയും ഉള്ളിലെ ശങ്കാവിഷയം. അതോടെ ഇനിയും ഇങ്ങനെ തുടരുന്നതു ശരിയല്ല എന്നു തോന്നിയതുകൊണ്ട് ഞാന്‍ എന്‍റെ അവസ്ഥ അധികാരികളെ അറിയിച്ചപ്പോള്‍ അവര്‍ക്ക് അതു വല്ലാത്ത ഷോക്കായിരുന്നു. അവര്‍ ഒരിക്കലും എന്‍റെ ഭാഗത്തുനിന്ന് അതു പ്രതീക്ഷിച്ചിരുന്നില്ല. ആലോചിച്ച് അന്തിമ തീരുമാനമെടുക്കാന്‍ എനിക്കു മൂന്നുമാസം തന്നിരിക്കുകയാണ്. അതിന്‍റെ അവസാനത്തെ ദിവസങ്ങളാണിത്.

ഒന്നുരണ്ടുദിവസങ്ങള്‍ ശാന്തമായിരുന്നു പ്രാര്‍ത്ഥിച്ച് തീരുമാനമുറപ്പിക്കാനാഗ്രഹിച്ചു വന്നതായിരുന്നു. പക്ഷേ പ്രത്യേകസാഹചര്യത്തില്‍ ആ ആശ്രമത്തില്‍ അതിനു സൗകര്യം കിട്ടാതെയാണ് ഇവിടെ എത്തിപ്പെട്ടത്. സത്യത്തില്‍ എല്ലാം ഒരു നിമിത്തമായി എന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം, സമയമില്ല, പൊയ്ക്കൊള്ളാന്‍ അച്ചന്‍ പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ ഓട്ടോയില്‍ കയറിയതായിരുന്നു. എന്‍റെയപ്പോഴത്തെ മൂഡോഫ് കണ്ടിട്ടായിരിക്കാം, ഒരു പരിചയവുമില്ലാത്ത ആ ഓട്ടോക്കാരന്‍, അച്ചനെക്കാണാനത്യാവശ്യമുണ്ടെങ്കില്‍ കണ്ടിട്ടു വന്നാല്‍മതി, ഫോണ്‍നമ്പര്‍ തരാം, അച്ചനെ കണ്ടുകഴിഞ്ഞു വിളിച്ചാല്‍ അയാളു വന്നോളാമെന്നു പറഞ്ഞത്. ഫോണ്‍നമ്പരുംവാങ്ങി ഓട്ടോയില്‍നിന്നിറങ്ങി ഞാന്‍ കുറച്ചുസമയം ചാപ്പലിലിരുന്നു. അതുകഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പുസ്തകങ്ങളും മാസികകളുമൊക്കെ മേശപ്പുറത്തും ഷെല്‍ഫിലുമൊക്കെ ഇരിക്കുന്നതുകണ്ടു. അച്ചന്‍ വരുന്നതുവരെ സമയംപോക്കാന്‍ എന്തെങ്കിലും വായിക്കാമല്ലോ എന്നോര്‍ത്ത് നോക്കിയപ്പോള്‍ മെയ്മാസത്തിലെ അസ്സീസിമാസിക കണ്ടു. എനിക്കുവലിയ പരിചയമില്ലാത്ത മാസികയാണെങ്കിലും വായിച്ചുതുടങ്ങി. അങ്ങനെയാണ് അച്ചനെഴുതിയ ഇടിയും മിന്നലും വായിച്ചത്.

വാസ്തവത്തില്‍ അതുവായിച്ചുകഴിഞ്ഞപ്പോള്‍ അച്ചനോട് ഇനിയും കൂടുതല്‍ സംസാരിക്കാനൊന്നുമില്ലെന്നു മാത്രമല്ല, സെമിനാരീല്‍നിന്നു വിട്ടുപോരുവാനുള്ള എന്‍റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍തന്നെ ധൈര്യവുമായി. ഞാന്‍ നല്ല പ്രതീക്ഷയോടെയും ആഗ്രഹത്തോടെയുമാണച്ചാ സെമിനാരിയില്‍ ചേര്‍ന്നത്. പക്ഷേ അകത്തുകയറിക്കഴിഞ്ഞാണു മനസ്സിലാത്, ഞാന്‍ അത്ര വിലമതിച്ച മൂല്യങ്ങളൊന്നുമല്ല, വേറെ അജന്‍ഡകളാണ് സെമിനാരി ഫോര്‍മേഷനിലെ മുഖ്യവിഷയങ്ങളെന്ന്. ചേരിതിരിവും തീവ്രവാദവും ബ്രെയിന്‍വാഷിങ്ങുമെല്ലാം അതിലെ നിര്‍ബ്ബന്ധവിഭവങ്ങളാണ്. അതിലൊന്നിലും പെടാതെ അതിനുള്ളില്‍ ജീവിക്കാമെന്നുവച്ചാല്‍ അസാധ്യമാണെന്നെനിക്ക് അനുഭവങ്ങളിലൂടെ മനസ്സിലായി. എങ്കില്‍പിന്നെ അതിലും ഭേദം ഒരു നല്ല അല്മായനായി ജീവിക്കുന്നതുതന്നെയാണെന്നു മനസ്സു ശക്തമായി പറഞ്ഞുകൊണ്ടിരുന്നു. അതുതന്നെയായിരുന്നു മുമ്പേ ഞാന്‍ പറഞ്ഞ എന്‍റെ സുഹൃത്തിന്‍റെയും അനുഭവസാക്ഷ്യം. അതുകൊണ്ട് അച്ചന്‍ ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ അച്ചനാകാതിരിക്കുന്നതുതന്നെയാണു നല്ലതെന്ന് എനിക്കുറപ്പായി."

അതുകേട്ടപ്പോള്‍ ഉടനെ പ്രതികരിക്കാതിരിക്കാന്‍ പറ്റിയില്ല.

"ഞാന്‍ പറയാത്തത് എന്‍റെ തലയില്‍ കെട്ടിവയ്ക്കുന്നതു മാന്യതയല്ല സഹോദരാ. അച്ചനാകാതിരിക്കുന്നതാണു നല്ലതെന്നു ഞാന്‍ പറഞ്ഞിട്ടില്ല. എഴുതിയിട്ടുമില്ല. ഞാന്‍ അവിടെ അവതരിപ്പിച്ചത് ആ സാറിന്‍റെ ആശങ്കയാണ്. അദ്ദേഹം തുറന്നുപറഞ്ഞത് ഞാന്‍ എഴുതിയതെയുള്ളു. അച്ചന്മാരും മെത്രാന്മാരും സൃഷ്ടിച്ചിരിക്കുന്ന ഇന്നത്തെ സഭയുടെ ദുരവസ്ഥയില്‍ വളരെ നല്ല അല്മായരും അനുഭവിക്കുന്ന മാനസികസംഘര്‍ഷമാണ് അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ വെളിപ്പെടുന്നത്. അതു മനസ്സിലാക്കുന്നതിനുപകരം ഇദ്ദേഹത്തിനിഷ്ടപ്പെട്ട രീതിയില്‍ അതു വളച്ചൊടിക്കരുതായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അച്ചനായിരിക്കുന്നത് എത്രയോ നല്ലത് എന്നു വിശ്വസിച്ച് ആസ്വദിക്കുന്ന ആളാണു ഞാന്‍. അച്ചനായിരിക്കുന്നതാണോ അല്മായനായിരിക്കുന്നതാണോ നല്ലതെന്ന് അവനവനാണ് അന്വേഷിച്ചു കണ്ടെത്തേണ്ടത്. അച്ചനായാലും അല്മായനായാലും സ്വന്തം നട്ടെല്ല് ഇയാളുടേതുപോലെ വെറും വാഴപ്പിണ്ടിയാണെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ല. അച്ചനാകാനുള്ളത്, നല്ലതുപോലെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നെന്ന് ഒന്നുരണ്ടു പ്രാവശ്യം ഇദ്ദേഹം പറഞ്ഞതു ഞാന്‍ ശ്രദ്ധിച്ചു. ഇങ്ങേര് 'ആലോചിച്ച'തെന്തായിരുന്നെന്നും 'തീരുമാനിച്ച'തെന്തായിരുന്നു എന്നുമാണ് എന്‍റെ ഇപ്പോളത്തെ സംശയം.

എന്‍റെ ഊഹം ശരിയാണെങ്കില്‍ അച്ചനാകാന്‍ ആലോചിച്ചപ്പോഴും തീരുമാനിച്ചപ്പോഴും അതു പതിനായിരങ്ങളില്‍ നിന്നുള്ള വിളിയാണ്, മഹാദാനമാണ്, വേര്‍തിരിക്കലാണ്, മാറ്റിവച്ചതാണ് എന്നൊക്കെ ആരൊക്കെയോ പറഞ്ഞുകേട്ടതു തലയ്ക്കു പിടിച്ചുകാണും. അങ്ങനെ ഒരച്ചനായി എന്തൊക്കെയോ ചെയ്യാനുള്ള ദാഹവും മോഹവും ലഹരി പിടിപ്പിച്ചുംകാണും. എന്നാല്‍ അച്ചനാകാന്‍ തമ്പുരാന്‍ ഇദ്ദേഹത്തെ 'വിളിച്ചു'മാറ്റിയതല്ല, തമ്പുരാന്‍റെ വിളിക്ക് ഇദ്ദേഹം ബോധ്യപൂര്‍വ്വം കൊടുക്കേണ്ട 'പ്രത്യുത്തര'മാണ് പൗരോഹിത്യജീവിതം എന്ന സത്യം തിയോളജിയും ഫിലോസഫിയും പഠിക്കുമ്പോള്‍ കിട്ടുന്ന വെളിപാടല്ല, പൗരോഹിത്യദൗത്യത്തെപ്പറ്റി തമ്പുരാന്‍ തരുന്ന തിരിച്ചറിവാണ് എന്ന യാഥാര്‍ത്ഥ്യം, തീരുമാനമെടുത്തപ്പോള്‍ 'ആലോചിച്ചും ചിന്തിച്ചു'മില്ലെന്നു തോന്നുന്നു. യേശുവിനാണ് ഈ പ്രത്യുത്തരം ഇയാള്‍ കൊടുത്തതെങ്കില്‍ ഇയാളുടെ പ്രതിബദ്ധത യേശുവിനോടായിരിക്കും, എവിടെയും മുന്‍ഗണന അവിടുത്തേക്കായിരിക്കും, ബാക്കിയുള്ളവയെല്ലാം വെറും അനുബന്ധങ്ങള്‍ മാത്രവും. സെമിനാരിപരിശീലനത്തിന്‍റെ പ്രാഥമികലക്ഷ്യംതന്നെ ഈ തിരിച്ചറിവോടെ പ്രത്യുത്തരിക്കാന്‍ സന്നദ്ധരായവരെ പ്രാപ്തരാക്കുകയാണ്. ഇതിനു പകരം ഇയാള്‍ മുമ്പേ പറഞ്ഞതുപോലെ വേറെ അജന്‍ഡകള്‍ സെമിനാരി ഫോര്‍മേഷനിലെ മുഖ്യവിഷയങ്ങളാവുകയും, ചേരിതിരിവും തീവ്രവാദവും ബ്രെയിന്‍വാഷിങ്ങുമെല്ലാം അതിലെ നിര്‍ബ്ബന്ധവിഭവങ്ങളുമാകുമ്പോള്‍ സുവിശേഷം തമസ്ക്കരിക്കപ്പെടുകയും, യേശുവും സുവിശേഷവുമൊക്കെ പിഎച്ച്ഡി എടുക്കാനുള്ള വെറും ചരിത്രവിഷയങ്ങളായി മാറ്റിവയ്ക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഇറങ്ങിവന്ന തിരിച്ചറിവില്ലാത്തവരും പ്രത്യുത്തരം നല്‍കാത്തവരും, അറിവുണ്ടെങ്കിലും നെറിവില്ലാത്തവരുമായ പുരോഹിതസമൂഹവും സഭാനേതൃത്വവും ഇന്ന് കാട്ടിക്കൂട്ടുന്ന വൈകൃതങ്ങള്‍ കണ്ടിട്ട് ഇറങ്ങിപ്പോകാന്‍ തോന്നുന്നെങ്കില്‍ തന്‍റെ നട്ടെല്ലു വെറും വാഴപ്പിണ്ടി ആയതുകൊണ്ടുതന്നെയാണെന്നു ഞാന്‍ പറയുന്നത് തനിക്കിഷ്ടപ്പെടില്ലായിരിക്കും.

അച്ചനാകാതിരിക്കുന്നതാണു നല്ലതെന്ന് ഞാന്‍ എഴുതിയെന്നതു കുറച്ചുമുമ്പേ താന്‍ എന്നെപ്പറ്റി പറഞ്ഞ ആരോപണം തികഞ്ഞ അമര്‍ഷത്തോടെ ഞാന്‍ അവഗണിക്കുന്നു. ഇന്നു സീറോമലബാര്‍ സഭയെ ലോകത്തിനുമുമ്പില്‍ ഇത്രയും അപഹാസ്യവും, പരിഹാസ്യവും, കപടതകളുടെ കൂമ്പാരവുമാക്കിത്തീര്‍ത്തതിനു തുടക്കംകുറിച്ചത് പതിറ്റാണ്ടുകള്‍ക്കുമുമ്പ് കുത്തിപ്പൊക്കിക്കൊണ്ടുവന്ന മാര്‍ത്തോമ്മാക്കുരിശു വാദവും, മദ്ബഹാവിരി വിവാദവുമാണ്. തുടര്‍ന്നിങ്ങോട്ട് കുര്‍ബ്ബാന നവീകരണവും ചേരിതിരുവുകളും, കുര്‍ബ്ബാന ഏകീകരണവും ഏറ്റുമുട്ടലുകളും, അവസാനം മാര്‍പ്പാപ്പയ്ക്കുപോലും പരിഹരിക്കാനാവാത്ത പതനത്തിലേക്കിതെത്തിച്ചതുമെല്ലാം ഇന്നീ സഭയിലുള്ളതില്‍ മഹാഭൂരിപക്ഷവും നട്ടെല്ലു വെറും വാഴപ്പിണ്ടിയായ, നിലപാടെടുക്കാന്‍ ധൈര്യമില്ലാത്ത പുരോഹിതരും സഭാമേലദ്ധ്യക്ഷന്മാരും ആയതുകൊണ്ടാണ്. ഇതൊക്കെ വര്‍ഷങ്ങളായിട്ടു ഞാന്‍ ഇടിയും മിന്നലും പംക്തിയിലൂടെ ഇത്രയും തുറന്നല്ലെങ്കിലും വിവരമുള്ളവര്‍ക്കു മനസ്സിലാകാന്‍ പാകത്തിനു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ എന്നെ വിമതനായും, അനഭിമതനായും മുദ്രയടിച്ച് മൂലയ്ക്കിരുത്തിയിട്ടുണ്ട്. എന്നിട്ടും എനിക്ക് ഒരിക്കലും ഈ അച്ചന്‍പദവിയോട് വിമുഖതയോ, സഭയില്‍നിന്ന് ഇറങ്ങിപ്പോകാനുള്ള തോന്നലോ ഇല്ലാത്തത് എന്‍റെ നട്ടെല്ല് വെറും വാഴപ്പിണ്ടിയോ ഇരുമ്പുദണ്ഡോ അല്ലാത്തതുകൊണ്ടും, ആവശ്യത്തിനു വഴങ്ങുന്ന നല്ല കശേരുക്കളുകൊണ്ടുള്ളതായതുകൊണ്ടുമാണ്.

കുറെനാളുമുമ്പ് എനിക്കുണ്ടായ ഒരനുഭവംകൂടെ പറയാം. പത്തുനാല്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് പല കോണ്‍ഗ്രിഗേഷനുകളിലും രൂപതകളിലുംപെട്ട ധ്യാനഗുരുക്കന്മാരായ പന്ത്രണ്ടുപേരടങ്ങുന്ന പത്തുദിവസത്തേക്കുള്ള ഒരു ഗ്രൂപ്പുധ്യാനത്തില്‍ പങ്കെടുക്കാനിടയായി. പ്രസിദ്ധനായ ഒരു ബൈബിള്‍ പണ്ഡിതനായിരുന്നു ധ്യാനം നയിച്ചത്. തുറന്ന ചര്‍ച്ചകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും അവസരവുമുണ്ടായിരുന്ന ഒരു പ്രത്യേക ധ്യാനമായിരുന്നു അത്. അങ്ങനെ കിട്ടിയ അവസരങ്ങളില്‍ പലകാര്യങ്ങളെപ്പറ്റിയുമുള്ള എന്‍റെ നിലപാടുകളും ബോദ്ധ്യങ്ങളും മറയില്ലാതെ അവതരിപ്പിക്കാന്‍ മടിച്ചില്ല. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. നാലാംദിവസം കൂടെ ധ്യാനിച്ചിരുന്ന വളരെ പ്രശസ്തനായ ഒരു സന്യാസി അച്ചന്‍ വല്ലാതെ പ്രതികരിച്ചുകൊണ്ടു പറഞ്ഞു, എന്നെ ഒഴിവാക്കാതെ അദ്ദേഹം ധ്യാനത്തില്‍ തുടരുകയില്ല എന്ന്. ഞാന്‍ ഒഴിവായേക്കാം എന്നു ഞാന്‍ പറഞ്ഞെങ്കിലും ധ്യാനഗുരു ഔചിത്യപൂര്‍വ്വം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ചകളൊക്കെ ഒഴിവാക്കി പ്രശ്നത്തിനു പരിഹാരമുണ്ടാക്കി. എന്നോടുള്ള അമര്‍ഷം തീര്‍ക്കാന്‍ ആ അച്ചന്‍ ആ ദിവസങ്ങളില്‍ കൂടെ ധ്യാനിച്ചിരുന്ന പലരോടും, ഞാന്‍ സഭവിട്ടുപോകും പ്രശ്നക്കാരനാകും എന്നൊക്കെ പറഞ്ഞതു ഞാനറിഞ്ഞപ്പോള്‍ വിശദീകരണം ചോദിക്കണമെന്നോര്‍ത്തെങ്കിലും അദ്ദേഹത്തിന്‍റെ പ്രായവും പ്രശസ്തിയും പദവിയുമൊക്കെയോര്‍ത്തപ്പോള്‍ ഞാനടുത്തിരിക്കാന്‍പോലും യോഗ്യനല്ലായിരുന്നതുകൊണ്ട് വിട്ടുകളഞ്ഞു. ഏതാണ്ടു മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം ആ സന്യാസസഭയിലെ അച്ചന്മാരെ ധ്യാനിപ്പിക്കാന്‍ എനിക്കു ക്ഷണം ലഭിച്ചു. ഞാന്‍ ചെന്നു. ആമുഖസന്ദേശത്തിനെത്തിയപ്പോള്‍ ഏറ്റവും മുന്‍പന്തിയിലിരുന്ന ഏറ്റവും പ്രായംചെന്ന അച്ചനെ ശ്രദ്ധിച്ചു. അതുകഴിഞ്ഞ് സംശയനിവാരണംവരുത്തി. പണ്ടത്തെ എന്‍റെ പ്രതിയോഗിതന്നെയാണു മുന്നിലിരിക്കുന്നതെന്നുറപ്പായപ്പോള്‍ നെഞ്ചിടിപ്പുകൂടി. ഒന്നുരണ്ടു പ്രാവശ്യം മുഖാമുഖം വന്നെങ്കിലും അദ്ദേഹത്തിന് എന്നെ മനസ്സിലായില്ലെന്നുറപ്പായിരുന്നു. ധ്യാനത്തിന്‍റെ അവസാനംവരെ ഏറ്റവും ശ്രദ്ധയോടെ ശ്രവിച്ചത് അദ്ദേഹമായിരുന്നു. അവസാനം ധ്യാനഗുരുവിനു നന്ദിപറയുവാന്‍ നിയോഗിക്കപ്പെട്ടതും അദ്ദേഹംതന്നെയായിരുന്നു. അതിസുന്ദരമായ ഭാഷയില്‍ എന്‍റെ ധ്യാനപ്രസംഗങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു, നന്ദിയും പറഞ്ഞു ധ്യാനം സമാപിച്ചു. യാത്രയാകുന്നതിനുമുമ്പ് അദ്ദേഹത്തെ മുറിയില്‍ചെന്ന് നേരില്‍കണ്ടു.

"അച്ചനോര്‍മ്മയുണ്ടോ ഈ മുഖം?"

സൂക്ഷിച്ചുനോക്കിയിട്ട് അദ്ദേഹം ചോദിച്ചു:
"ഇല്ലല്ലോ, നമ്മളെവിടെയെങ്കിലുംവച്ചു പരിചയപ്പെട്ടിട്ടുണ്ടോ?"

വര്‍ഷവും സ്ഥലവും പറഞ്ഞ് പഴയ ധ്യാനത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ അമ്പരപ്പ് കാണേണ്ടതായിരുന്നു.

"അന്ന് ഇദ്ദേഹത്തിന് നീണ്ട മുടിയും താടിയുമൊക്കെ ഉണ്ടായിരുന്നു. എന്‍റെ ഓര്‍മ്മയിലുള്ളത് ആ രൂപമാണ്." ശരിയായിരുന്നു, അന്നെനിക്കു നീണ്ടമുടിയും താടിയുമുണ്ടായിരുന്നു.

"അതൊക്കെ ചെറുപ്പകാലത്തല്ലെയച്ചാ. അതെല്ലാം മുറിച്ചും പറിച്ചുമൊക്കെക്കളഞ്ഞു."

"അതൊക്കെയേ കളഞ്ഞുള്ളു, സ്വഭാവത്തിനു മാറ്റമൊന്നുമില്ല കേട്ടോ."

"അതച്ചന്‍ തരുന്ന യോഗ്യതാസര്‍ട്ടിഫിക്കറ്റായി ഞാനെടുക്കുന്നച്ചാ, താങ്ക്യൂ."

ഒരുമണിക്കൂറോളം സംസാരിച്ചു പിരിയുമ്പോള്‍ അന്നും ഇന്നും എന്‍റെ നിലപാടുകള്‍ക്ക് അശ്ശേഷം മാറ്റമില്ലെന്നും അതൊക്കെ ശരിതന്നെയാണെന്നു കാലം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ പണ്ട് ചോദിക്കാനുദ്ദേശിച്ചിരുന്ന വിശദീകരണം അറിയാതെ അദ്ദേഹം തരികയായിരുന്നു.

"ഇയാള്‍ സംസാരിച്ചതിനേക്കാള്‍ കൂടുതല്‍സമയം ഞാനിപ്പോള്‍ സംസാരിച്ചു, അതിലധികവും എന്നെപ്പറ്റിയും. ആളാകാനല്ല ശ്രമിച്ചത്. അച്ചനാകുന്നത് ആരെയെങ്കിലും കണ്ടിട്ടോ, എന്തെങ്കിലും മോഹിച്ചിട്ടോ ആകരുതെന്നു പറയാനാണ് ഞാന്‍ ശ്രമിച്ചത്. സുവിശേഷവും യേശുവും സ്വന്തമാകുമ്പോള്‍ പൗലോസ് ചോദിച്ചതുപോലെ 'ആര്‍ക്കെന്നെ വേര്‍പെടുത്താനാവും' എന്നൊരു ചോദ്യം ഉള്ളിലുയരും. അതു മുഷ്ക്കിന്‍റെ ചോദ്യമല്ല, തിരിച്ചറിവിന്‍റെയും പ്രതിബദ്ധതയുടെയും ഉദീരണമാണ്. ഫോണ്‍ നമ്പരുണ്ടെന്നല്ലേ പറഞ്ഞത്, വിളിച്ചുനോക്ക്, ഓട്ടോക്കാരന്‍ വന്നില്ലെങ്കില്‍ പറഞ്ഞേര്, ഞാന്‍ ചാപ്പലില്‍കാണും, ബസ്റ്റോപ്പില്‍ ഡ്രോപ് ചെയ്യാം."

പ്രാര്‍ത്ഥനയ്ക്കു സമയമായിരുന്നതുകൊണ്ടു ഞാന്‍ ചാപ്പലിലേക്കുപോയി. 

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts