news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

വാനിന്നതിരുകള്‍ തേടി

"സ്ത്രീകള്‍ക്ക് ഇന്നാട്ടില്‍ റെയില്‍വേ തൊഴിലാളികളാകാമെങ്കില്‍ അവര്‍ക്കെന്തുകൊണ്ട് ശൂന്യാകാശത്തു പറന്നുകൂടാ..?!" ആകാശത്തോളം സ്വപ്നംകണ്ട് ആകാശത്തിനുമപ്പുറം പറന്നേറിയ ഒരുവളുടെ വാക്കുകളാണിവ. ഒറ്റയ്ക്ക്, ഒരു ശൂന്യാകാശ പേടകത്തിലേറി, ഒന്നും രണ്ടുമല്ല നാല്‍പ്പത്തെട്ടു തവണ ഭൂമിയെ വലംവച്ചുകൊണ്ട് നിസ്തുലമായ ചരിത്രമെഴുതി, അവള്‍. ബഹിരാകാശത്തെത്തിയ ആദ്യ വനിത  വാലെന്‍റിന തെരഷ്കോവ.
മധ്യ റഷ്യയില്‍, വോള്‍ഗ നദിക്കരയിലെ മസ്ലെനികൊവൊ എന്ന ചെറു ഗ്രാമത്തില്‍ 1937 മാര്‍ച്ച് 6നാണ് വാലെന്‍റിന വ്ലാഡിമിറോവ്ന തെരെഷ്കോവ പിറന്നത്. അച്ഛന്‍, വ്ലാഡിമിര്‍ തെരെഷ്കോവ ഒരു ട്രാക്ടര്‍ ഡ്രൈവറായിരുന്നു. അമ്മ, എലെനയാകട്ടെ സമീപത്തെ ഒരു തുണിമില്ലിലെ തൊഴിലാളിയും. ബെലാറസില്‍ നിന്നും കുടിയേറിയെത്തിയ ആ ദമ്പതികളുടെ മൂന്നുമക്കളില്‍ രണ്ടാമത്തവളായിരുന്നു വാലെന്‍റിന. രണ്ടാം ലോകമഹായുദ്ധത്തില്‍ അച്ഛനെ നഷ്ടമാകുമ്പോള്‍ രണ്ടു വയസ്സുമാത്രമായിരുന്നു അവളുടെ പ്രായം. പിന്നെ അമ്മയാണ് ആ മൂന്നു കുട്ടികളെയും വളര്‍ത്തിയത്. ബാല്യം അക്ഷരാര്‍ഥത്തില്‍ അവള്‍ക്ക് ദാരിദ്ര്യത്തിന്‍റെയും ദുരിതത്തിന്‍റെയും നാളുകളായിരുന്നു.
 
എട്ടാം വയസ്സിലാണ് വാലെന്‍റിനയ്ക്ക് സ്കൂളില്‍ ചേരാനായത്. എന്നാല്‍, കേവലം എട്ടുവര്‍ഷമേ ആ വിദ്യാലയജീവിതം നീണ്ടുള്ളൂ. പതിനാറാം വയസ്സില്‍, പരാധീനതകളെ അതിജീവിക്കാന്‍ ഔപചാരിക പഠനമുപേക്ഷിച്ച് അവള്‍ സമീപത്തെ ഒരു ടയര്‍ ഫാക്ടറിയില്‍ തൊഴില്‍ പരിശീലനം തേടി. വൈകാതെ അമ്മയും സഹോദരിയും പണിയെടു ക്കുന്ന തുണിമില്ലില്‍ത്തന്നെ വാലെന്‍റിനയും തൊഴിലാളിയായിച്ചേര്‍ന്നു. പിന്നെയുള്ള പഠനം തപാല്‍ മാര്‍ഗ്ഗമായിരുന്നു.
 
ചെറുപ്പം മുതല്‍ക്കേ ആകാശം അവളെ വല്ലാതെ മോഹിപ്പിച്ചിരുന്നു.  പാരച്യൂട്ടില്‍ മാനത്തുപറക്കുക യായി അവളുടെ സ്വപ്നം. അതിനായി ഒരു എയര്‍ സ്പോര്‍ട്സ് ക്ലബില്‍ അംഗമായിച്ചേര്‍ന്നു. വൈകാതെയവള്‍ ഒരു അമച്വര്‍ പാരച്യൂട്ടിസ്റ്റായി മാറി. ഒഴിവു സമയത്തൊക്കെ പാരച്യൂട്ടില്‍ പറക്കാനും തുടങ്ങി.
 
ബഹിരാകാശ ഗവേഷണ രംഗത്ത് മുമ്പനാരെന്ന് അമേരിക്കയും യു എസ് എസ് ആറും കൊമ്പുകോര്‍ ക്കുന്ന കാലമായിരുന്നു അത്. 1961ല്‍ ചരിത്രത്തിലാദ്യമായി ഒരു മനുഷ്യനെ ബഹിരാകാശ ത്തേക്കയച്ചുകൊണ്ട് സോവിയറ്റ് യൂണിയന്‍ പുതു ചരിത്രമെഴുതി.  യൂറി ഗഗാറിന്‍ എന്നയാള്‍ ബഹിരാകാശ യാത്ര നടത്തിയെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് അവള്‍ കേട്ടത്. തനിക്കും ആകാശത്തിന്‍റെ അതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരി ക്കാനായെങ്കില്‍... അവളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുകയായിരുന്നു. അങ്ങനെയിരിക്കെ, ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാനുള്ള പദ്ധതിയുമായി സോവിയറ്റ് യൂണിയന്‍ മുന്നോട്ടു വന്നു. ഒട്ടും വൈകിയില്ല, സോവിയറ്റ് സ്പെയ്സ് പ്രോഗ്രാമില്‍ ചേരാനുള്ള തന്‍റെ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് അവള്‍ അധികൃതര്‍ക്ക് കത്തെഴുതി. 
 
ബഹിരാകാശ സഞ്ചാരം കഴിഞ്ഞ് തിരികെ ഭൂമിയിലേക്കെത്തുന്ന യാത്രാവാഹനം ഭൂമിയില്‍ ഇടിച്ചിറങ്ങുന്നതിനു തൊട്ടുമുമ്പ് പാരച്യൂട്ടിലാണ് യാത്രികര്‍ പറന്നു സുരക്ഷിതമായി ഇറങ്ങേണ്ടത്. ഇക്കാലയളവിനുള്ളില്‍ 126 പാരച്യൂട്ട് പറക്കലുകള്‍ നടത്തിയ വാലെന്‍റിനയ്ക്ക് ആ പരിചയം സ്പെയ്സ് പ്രോഗ്രാമിലേക്കുള്ള ആദ്യ ലിസ്റ്റില്‍ ഇടം നേടിക്കൊടുത്തു. യുദ്ധത്തില്‍ മരണമടഞ്ഞ ടാങ്ക് ലീഡറുടെ പുത്രിയെന്ന നിലയിലും മുന്‍ഗണന കിട്ടി. അങ്ങനെ, നിരവധി ശാരീരിക മാനസിക ക്ഷമതാ പരീക്ഷകള്‍ക്കു ശേഷം അപേക്ഷയയച്ച നാനൂറി ലേറെപ്പേരില്‍ നിന്ന് സോവിയറ്റ് സ്പെയ്സ് പ്രോഗ്രാമിലേക്ക് അഞ്ചു വനിതകളെ തെരഞ്ഞെടുത്തു. അതിലൊന്ന് വാലെന്‍റിന തെരെഷ്കോവയായിരുന്നു. 
 
18 മാസം നീണ്ട കഠിനമായ പരിശീലനം. ഒപ്പം വളരെ ഉയര്‍ന്നതും തീരെത്താണതുമായ ഗുരുത്വാകര്‍ഷണ അവസ്ഥകളില്‍ ഒറ്റയ്ക്ക് വളരെ നീണ്ട കാലയളവ് ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുമോ എന്ന കഠിനപരീക്ഷകളും. ഒടുവില്‍ ആ ചരിത്ര ദൗത്യത്തിനായി വാലെന്‍റിന മാത്രം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വോസ്തോക്ക് 6 എന്ന ശൂന്യാകാശപേടകത്തിന്‍റെ ചീഫ് പൈലറ്റായി സോവിയറ്റ് സ്പെയ്സ് പ്രോഗ്രാം അവളെ ഔദ്യോഗികമായി നിയോഗിച്ചു. ബഹിരാകാശയാത്ര യ്ക്കു മുന്നോടിയായി അവള്‍ക്ക് റഷ്യന്‍ വായുസേന ജൂനിയര്‍ ലെഫ്റ്റനന്‍റ് റാങ്ക് നല്‍കുകയും ചെയ്തു.
 
1963 ജൂണ്‍ 16 ഉച്ചയ്ക്ക് 12.30. ജൂനിയര്‍ ലെഫ്റ്റനെന്‍റ് തെരഷ്കോവ ഭൗമാന്തരീക്ഷത്തിനപ്പു റത്തേക്ക് പറന്നുയര്‍ന്നു. മനുഷ്യചരിത്രത്തിലെ തന്നെ അനന്യമായ
ഒരു കുതിപ്പ്. ബഹിരാകാ ശത്തെത്തുന്ന ആദ്യ വനിതയായി, അവള്‍!
 
സീഗള്‍ (Seagull) എന്നായിരുന്നു ഈ ബഹിരാകാശ ദൗത്യം അവള്‍ക്കു നല്‍കിയ റേഡിയോ വിളിപ്പേര് (Radio Call Sign). . പറന്നുയര്‍ന്ന് ചില നിമിഷങ്ങള്‍ക്കകം അവളുടെ ആദ്യ പ്രതികരണമുണ്ടായി. "ഞാനിതാ ചക്രവാളം കാണുന്നു. ഇളം നീല നിറത്തില്‍ ഒരു സുന്ദരമായ നാട പോലെ... അത് ഭൂമിയാണ്. എത്ര മനോഹരം! എല്ലാം നന്നായിരിക്കുന്നു" പുഞ്ചിരിക്കുന്ന തെരഷ്കോവയുടെ ദൃശ്യങ്ങള്‍ സോവിയറ്റ് ടി വിയും യൂറോപ്യന്‍ ടി വിയും സംപ്രേഷണം ചെയ്തു. നോട്ടു പുസ്തകവും പെന്‍സിലുമൊക്കെ ആ സ്പെയ്സ് ക്രാഫ്റ്റിനുള്ളില്‍ ഭാരമില്ലാതെ അവളുടെ ചിരിക്കുന്ന മുഖത്തിനുചുറ്റും പറന്നു നടപ്പുണ്ടായിരുന്നു!
 
70 മണിക്കൂറും 50 മിനിറ്റും കൊണ്ട് വാലെന്‍റിനയുടെ പേടകമായ വോസ്തോക്ക് 6,  നാല്‍പ്പെത്തെട്ടു തവണ ഭൂമിയെ വലം വച്ചു. ഏതാണ്ട് 20 ലക്ഷം കിലോമീറ്ററുകള്‍! അക്ഷരാര്‍ത്ഥത്തില്‍ ചരിത്ര നേട്ടമായിരുന്നു അത്. അവള്‍ക്കു മുമ്പ് ബഹിരാകാശത്തെത്തിയ നാല് അമേരിക്കന്‍ യാത്രികര്‍ക്ക് ആകെക്കൂടി 36 തവണ മാത്രമായിരുന്നു ഭൂമിയെ ചുറ്റാനായത്. രണ്ടുനാള്‍ മുമ്പ് വിക്ഷേപിച്ച വോസ്തോക്ക് 5 എന്ന ബഹിരാകാശ വാഹനത്തിന്  5 കിലോമീറ്റര്‍ അടുത്തുവരെ വാലെന്‍റിനയ്ക്ക് എത്താനാവുകയും ചെയ്തു.
 
 
വനിതകള്‍ക്ക്, ബഹിരാകാശത്തിലെ ശാരീരിക വും മാനസികവുമായ സമ്മര്‍ദ്ദങ്ങളെ സഹിക്കാനും അതിജീവിക്കാനും പുരുഷന്മാരെപ്പോലെ, ഒരു പക്ഷേ പുരുഷന്മാരെക്കാള്‍ കെല്‍പ്പുണ്ടെന്ന് ഈ ബഹിരാകാശ ദൗത്യത്തിലൂടെ ശാസ്ത്രലോകം തിരിച്ചറിയുകയായിരുന്നു. സുരക്ഷിതയായി ഭൂമിയില്‍ തിരികെയെത്തിയ വാലെന്‍റിനയെ ആനന്ദാത്ഭുത ങ്ങള്‍ നിറഞ്ഞ മിഴികളോടെയാണ് രാജ്യവും ലോകവും വരവേറ്റത്. ജൂണ്‍ 22 ന് ക്രെംലിനില്‍ നടന്ന ദേശീയ സ്വീകരണത്തില്‍ അവളെ 'സോവിയറ്റ് യൂണിയന്‍റെ വീരനായിക' എന്ന പദവി നല്‍കി ആദരിച്ചു. സോവിയറ്റ് പ്രസിഡന്‍റ് ബ്രഷ്നേവ്, ഓര്‍ഡര്‍ ഓഫ് ലെനിന്‍, ഗോള്‍ഡ് സ്റ്റാര്‍ മെഡല്‍ തുടങ്ങിയ ദേശീയ ബഹുമതികള്‍ അവളെ അണിയിച്ചു. 
 
രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി അഭിനന്ദനങ്ങളും പുരസ്ക്കാരങ്ങളും വാലെന്‍റിനയെ തേടിയെത്തി. 'സ്വതന്ത്രയായ സോവിയറ്റ് വനിത' എന്ന നിലയില്‍ സോവിയറ്റ് നാടുകളിലെ ലിംഗസമത്വത്തിന്‍റെ സന്ദേശവുമായി ലോകമെങ്ങും അവള്‍ സഞ്ചരിച്ചു.  ഐക്യരാഷ്ട്ര സഭ അവളെ സമാധാന സ്വര്‍ണ്ണ മെഡല്‍ നല്‍കി ആദരിച്ചു. 
 
പിന്നീടേറെക്കാലം സ്പെയ്സ് പ്രോഗ്രാമിലെ എയ്റോനോട്ടിക്കല്‍ എഞ്ചിനിയറായി വാലെന്‍റിന തുടര്‍ന്നു. സുക്കോവ്സ്കി എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് കോസ്മോനോട്ടിക്കല്‍ എഞ്ചിനിയറിംഗില്‍ ഡിസ്റ്റിംഗ്ഷനോടെ ബിരുദം നേടിയ അവള്‍ പിന്നീട് എഞ്ചിനിയറിംഗില്‍ ഡോക്ടറേറ്റും നേടി.
 
സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയ സാംസ്കാരിക സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളില്‍ വാലെന്‍റിന സജീവമായി ഭാഗഭാക്കായി. സുപ്രീം സോവിയറ്റ് ഡെപ്യൂട്ടിയായും പീപ്പിള്‍സ് ഡെപ്യൂട്ടി യായും സുപ്രീം സോവിയറ്റ് പ്രസീഡിയത്തിലെ അംഗമായുമൊക്കെ അവള്‍ മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. സോവിയറ്റ് വിമെന്‍സ് കമ്മിറ്റിയുടെ അദ്ധ്യക്ഷ, ഇന്‍റര്‍നാഷണല്‍ ഫ്രണ്ട്ഷിപ് ആന്‍ഡ് കള്‍ച്ചറല്‍ യൂണിയന്‍റെ അദ്ധ്യക്ഷ, റഷ്യന്‍ അസോസിയേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍റെ ചെയര്‍പേഴ്സണ്‍ എന്നിങ്ങനെ വിവിധ പദവികളില്‍ രാജ്യാന്തര തലത്തില്‍ത്തന്നെ അവര്‍ ശ്രദ്ധനേടി.
 
ഇതിനിടെ, 1963 നവംബര്‍ 3 ന് വാലെന്‍റിന വിവാഹിതയായി. ബഹിരാകാശ യാത്രികനായ കേണല്‍ ആന്‍ഡ്രിയന്‍ നിക്കൊളയെവ് ആയിരുന്നു വരന്‍. അവര്‍ക്കൊരു മകള്‍ പിറന്നു, എലെന. ബഹിരാകാശത്തു പോയിവന്ന മാതാപിതാക്കളുടെ കുഞ്ഞെന്ന നിലയില്‍ എലെനയുടെ പിറവി വൈദ്യശാസ്ത്ര ലോകം വലിയ ആശങ്കയോ ടെയാണ് നോക്കിക്കണ്ടത്. അവള്‍ക്ക് ശാരീരിക മായോ മാനസികമായോ എന്തെങ്കിലും കുഴപ്പമുണ്ടാ വുമോ എന്ന് ഡോക്ടര്‍മാര്‍ ഭയന്നു. എന്നാല്‍ ഒരു പ്രശ്നവുമുണ്ടായില്ല. എലെന പിന്നീട് ഒരു ഡോക്ടറായി മാറുകയും ചെയ്തു.
 
1970ല്‍, 'സമൂഹത്തിലെ ശാസ്ത്രപ്രഭാവം' എന്ന പേരിലുള്ള ഒരു അമേരിക്കന്‍ ജേണലില്‍ പ്രസിദ്ധീക രിച്ച 'ബഹിരാകാശത്തിലെ സ്ത്രീ' എന്ന ലേഖന ത്തില്‍ അവളെഴുതി ഒരു പെണ്ണ് എല്ലായ്പ്പോഴും പെണ്ണായിത്തന്നെ തുടരണമെന്നാണ്  ഞാന്‍ കരുതുന്നത്. സ്ത്രീത്വത്തിന്‍റെ ഒരംശവും അവള്‍ക്ക് അന്യമാകരുത്. ഒരു പെണ്ണിന്‍റെ ശാസ്ത്രസാംസ്കാരിക രംഗങ്ങളിലെ ഏതൊരു പ്രവൃത്തിയും, അതെത്ര സങ്കീര്‍ണ്ണവും പ്രാധാന്യമുറ്റതു മായിക്കൊള്ളട്ടെ, അവളിലെ 'സ്നേഹിക്കുക സ്നേഹിക്കപ്പെടുക' എന്ന ആ മഹനീയ ദൗത്യത്തിനും അവള്‍ക്കുള്ളിലെ 'അമ്മയാവുക' എന്ന വലിയ അഭിലാഷത്തിനും വിഘാതമാ കേണ്ടതില്ല എന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. പ്രത്യുത, ഈ രണ്ടു ഘടകങ്ങളും ഒരുപോലെ അവളുടെ ജീവിതത്തില്‍ നന്നായി ഇഴചേര്‍ന്നു പോകണം".
 
ഭൂമിയില്‍ കാലമാപിനിയുടെ സ്പന്ദനം നിലയ്ക്കുവോളം വാലന്‍റിന തെരെഷ്കോവ എന്ന ആ നെയ്ത്തുകാരിപ്പെണ്ണും അവള്‍ കണ്ട ആകാശം മുട്ടുന്ന സ്വപ്നവും ആകാശത്തിനു മപ്പുറത്തേ യ്ക്കുള്ള അവളുടെ കുതിപ്പും ചരിത്രത്താളുകളിലുണ്ടാവും.

You can share this post!

അതിജീവനത്തിന്റെ മഴവില്ലഴക്

വിപിന്‍ വില്‍ഫ്രഡ്
അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
Related Posts