news-details
ഫ്രാൻസിസ്കൻ വിചാര ധാര

ദൈവഭക്തിയുള്ള വേദപാരംഗതന്‍ (Doctor Devotus/Doctor Seraphicus) എന്നറിയപ്പെടുന്ന വിശുദ്ധ ബൊനവഞ്ചറാണ്  (St. Bonaventure, 1221-1274) വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവചരിത്രമായ "Legenda Maior' രചിച്ചത്. വിശുദ്ധ ബൊനവഞ്ചര്‍, തന്‍റെ മുപ്പത്തിയാറാമത്തെ വയസ്സില്‍ ഫ്രാന്‍സിസ്കന്‍ സഭയുടെ ജനറല്‍ മിനിസ്റ്റര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും, നീണ്ട പതിനേഴു സംഭവബഹുലമായ വര്‍ഷങ്ങള്‍ അതിനെ നയിക്കുകയും ചെയ്തു. മധ്യകാലഘട്ടത്തില്‍ വിശുദ്ധ തോമസ് അക്ക്വിനാസിനൊപ്പം തലയെടുപ്പുള്ള ദൈവശാ സ്ജ്ഞ്രനുമാണ്  ബൊനവഞ്ചര്‍. അവരിരുവരും പാരീസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഒരേ ദിവസമാണ് ഡോക്ടറേറ്റ് നേടിയത്. ഫ്രാന്‍സിസ്-സുല്‍ത്താന്‍ ചരിത്രസംഗമത്തെ, കഴിഞ്ഞ ലക്കത്തില്‍ കണ്ടതു പോലെ,  സഭയിലെ സഹോദരന്മാര്‍ക്കൊപ്പം  (brothers  of  the Order) ബൊനവഞ്ചറും, ഫ്രാന്‍സിസിന്‍റെ ജീവിതഭാഗഥേയവുമായി ബന്ധിപ്പിച്ചുതന്നെയാണ് നോക്കിക്കാണുന്നത്. ഫ്രാന്‍സിസ്-സുല്‍ത്താന്‍ സംഗമത്തെക്കുറിച്ചു ബൊനാവെഞ്ചര്‍ ഇങ്ങനെയാണ് എഴുതുന്നത്, അദ്ദേഹത്തിന്‍റെ ത്യാഗത്തിന്‍റെ ഔത്സുക്യം രക്തസാക്ഷിത്വത്തിലേക്ക് അദ്ദേഹത്തിന്‍റെ ആത്മാവിനെ പ്രേരിപ്പിച്ചു. അതിനായി മൂന്നാം തവണയും അദ്ദേഹം അവിശ്വാസികളുടെ (infidels) അടുത്തേക്കു യാത്ര ആരംഭിച്ചു, ത്രിയേക ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ പ്രചാരണത്തിന് രക്തം ചിന്താം എന്ന പ്രതീക്ഷയില്‍... Illuminato എന്ന സന്മാര്‍ഗിയും  വിജ്ഞാനിയുമായ ഒരു സഹോദരനെ സഹയാത്രികനായി കൂടെ കൂട്ടി. ഒടുവില്‍, തളര്‍ന്ന്, വിവിധ രീതികളില്‍ ക്രൂരമായി കയ്യേറ്റം ചെയ്യപ്പെട്ടതിനുശേഷം, ദൈവിക പരിപാലനയില്‍, ദൈവ മനുഷ്യന്‍ (ഫ്രാന്‍സിസ്) ആഗ്രഹിച്ച പ്രകാരം സുല്‍ത്താന്‍റെ മുമ്പില്‍ കൊണ്ടാക്കപ്പെട്ടു. അദ്ദേഹം സുല്‍ത്താന്‍റെ മുമ്പില്‍ ത്രിത്വത്തെ ക്കുറിച്ചും (Holy Trinity), ഏക രക്ഷകനായ യേശു ക്രിസ്തുവിനെക്കുറിച്ചും മനസ്സുറപ്പോടും, ആത്മാവിന്‍റെ ധൈര്യത്തോടും തീക്ഷ്ണമായ ഉത്സാഹത്തോടും പ്രസംഗിച്ചു. സുവിശേഷം വ്യക്തമായും ശക്തമായും അദ്ദേഹത്തില്‍ നിറവേറി: 'എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്ക് ഞാന്‍ നല്‍കും.' (ലൂക്ക, 21: 15).

ദൈവമനുഷ്യന്‍റെ പ്രശംസനീയമായ തീക്ഷ്ണതയും ധൈര്യവും കണ്ട സുല്‍ത്താന്‍, സസ ന്തോഷം  അദ്ദേഹത്തെ കേള്‍ക്കുകയും, കൂടുതല്‍ നാളുകള്‍ കൂടെത്താമസിക്കാന്‍ താല്പര്യപൂര്‍വം ക്ഷണിക്കുകയും ചെയ്തു. സ്വര്‍ഗ്ഗത്താല്‍ പ്രേരിതനായി ക്രിസ്തുദാസന്‍ ഇങ്ങനെ പറഞ്ഞു: 'താങ്കളുടെ ആളുകളോടൊപ്പം ക്രിസ്തുവിലേക്കു മാനസാന്തരപ്പെടാന്‍ താങ്കള്‍ ആഗ്രഹിക്കുന്നെങ്കില്‍, ഞാന്‍ പരിപൂര്‍ണ സന്തോഷത്തോടെ, അവനോടുള്ള സ്നേഹത്തെപ്രതി നിങ്ങളോടൊപ്പം പാര്‍ക്കാം. എന്നാല്‍ മുഹമ്മദിന്‍റെ നിയമങ്ങള്‍ ഉപേ ക്ഷിക്കാന്‍ നിങ്ങള്‍ മടിക്കുന്ന പക്ഷം, ഒരു തീക്കുണ്ഡം ഒരുക്കാന്‍ കല്പിച്ചാലും, നിങ്ങളുടെ (രാജ) പുരോഹിതര്‍ക്കൊപ്പം തീയിലൂടെ ഞാന്‍ നടക്കാം, അപ്പോള്‍ നിങ്ങള്‍ക്ക് ഏതു വിശ്വാസമാണ് വിശുദ്ധമെന്നും   സുനിശ്ചിതമെന്നും കാണാന്‍ കഴിയും. 'സുല്‍ത്താന്‍ മറുപടി പറഞ്ഞു,'എന്‍റെ ഏതെങ്കിലും പുരോഹിതര്‍  വിശ്വാസം സംരക്ഷിക്കാന്‍ തീയില്‍ ചാടാനോ, ഏതെങ്കിലും പീഡനമേല്‍ക്കാനോ താല്പര്യപ്പെടുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.' കാരണം, ഫ്രാന്‍സിസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പരിണതപ്രജ്ഞനായ ഒരു പുരോഹിതന്‍ സുല്‍ത്താന്‍റെ കണ്‍വെട്ടത്തുനിന്ന് മറയുന്നതായി സുല്‍ത്താന്‍ കണ്ടിരുന്നു. കത്തോലിക്കാ - ഇസ്ലാം ബന്ധത്തിന്‍റെ ആധുനിക കാലത്തിലെ മാര്‍ഗ്ഗദര്‍ശിയായ ലൂയിസ് മാസിഗ്നോന്‍ (Louis Massignon, 1883-1962) ഫ്രാന്‍സിസ്, സുല്‍ത്താന്‍റെ പുരോഹിതരെ തീയിലൂടെ നടക്കാന്‍ ക്ഷണിച്ചു എന്നതിനെ സാധൂകരിക്കാന്‍ പറയുന്നത് Fakhr al-Din എന്ന യോഗിയാണ് അഗ്നിപരീക്ഷയെ ഭയന്ന് ഓടിപ്പോയതെന്നാണ്. സുല്‍ത്താന്‍ ഫ്രാന്‍സിസിന്‍റെ ആവശ്യത്തോടു താല്പര്യം കാണിച്ചില്ല,  ജനങ്ങള്‍ക്കിടയില്‍ ഒരു ലഹളക്കിതു കാരണമാകുമോ എന്നദ്ദേഹം ഭയപ്പെട്ടു. ഫ്രാന്‍സിസ് ഒരു തരത്തിലും സമ്മാനങ്ങള്‍ സ്വീകരിച്ചില്ല, കാരണം സമ്പത്തിന്‍റെ മായകളില്‍ നിന്നും അദ്ദേഹം എന്നേ ഓടി അകന്നതാണ്, മാത്രവുമല്ല, യഥാര്‍ത്ഥ ഭക്തി സുല്‍ത്താനില്‍ മുളയെടുത്തിട്ടില്ലെന്നതു ഫ്രാന്‍സിസിനു മനസ്സിലാവുകയും ചെയ്തു.  ഈ ആളുകളെ മാനസാന്തരപ്പെടുത്തുന്നതില്‍ പുരോഗതിയോ, അദ്ദേഹത്തിന്‍റെ ഉദ്ദേശ്യമായ രക്തസാക്ഷിത്വമോ (2 തിമോത്തി 3:10) നിറവേറാതെ വന്നപ്പോള്‍, ഒരു ദൈവിക വെളിപാടിനാല്‍ പ്രേരിതനായി വിശ്വാസികളുടെ (faithful) നാട്ടിലേക്കു തിരികെ പോവുകയും ചെയ്തു.' (Bonaventure, The Soul's  Journey into God; The Tree of  Life; The Life of st. Francis,268 -271, സ്വതന്ത്ര പരിഭാഷ)

പോള്‍ സബാറ്റിയേര്‍ (Paul  Sabatier) എന്ന പ്രൊട്ടസ്റ്റന്‍റ് പണ്ഡിതന്‍ ഫ്രാന്‍സിസിനെക്കുറിച്ചുള്ള ബൊനവെഞ്ചറിന്‍റെ ഈ വിവരണത്തെ തികച്ചും വിമര്‍ശനാത്മകമായാണ് കാണുന്നത്. (സബാറ്റിയെരെപോലെയുള്ള പ്രൊട്ടസ്റ്റന്‍റ് പണ്ഡിതന്മാരുടെ പഠനങ്ങളില്‍ കത്തോലിക്കാ രീതികളോടുള്ള  മുന്‍വിധിയും, സഭാധികാരികളോടുള്ള എതിര്‍പ്പും, നിഴലിച്ചിരുന്നു എന്ന് ആംസ്ട്രോങ് അഭിപ്രായപ്പെടുന്നുണ്ട്). സബാറ്റിയേര്‍, ബൊന വെഞ്ചറിന്‍റെ വിവരണത്തെ 'തെറ്റിദ്ധാരണയില്‍ നിന്നും ഉരുത്തിരിഞ്ഞത്' എന്നു പോലും ആക്ഷേപിക്കുന്നുണ്ട്. ഫ്രാന്‍സിസ്കന്‍ പണ്ഡിതനായ ഇഗ്നേഷ്യസ് ബ്രാഡി Ignatius C. Brady OFM) സബാറ്റിയെറിന്‍റെ നിരൂപണത്തിനുള്ള മറുപടി നല്‍കുന്നുണ്ട്. ബ്രാഡിയുടെ അഭിപ്രായപ്രകാരം ബൊനവെഞ്ചറിന്‍റെ കാലത്തില്‍ത്തന്നെ ഫ്രാന്‍സിസ്കന്‍ സഭ (മുന്നേറ്റം) ഏതാണ്ട് അധികവും ക്ലെറിക്കല്‍ (clerical) ആയി മാറിക്കഴിഞ്ഞിരുന്നു. ദൈവശാസ്ത്രത്തില്‍ അവഗാഹം നേടിക്കഴിഞ്ഞിരുന്ന സഹോദരന്മാര്‍ വെറും 'കഥകളുടെയും സംഭവങ്ങളുടെയും സമാഹാരത്തില്‍' സന്തുഷ്ടരാകില്ല എന്നു മനസ്സിലാക്കിയതുകൊണ്ടായിരിക്കാം ബൊനവെഞ്ചര്‍ തന്‍റെ ഫ്രാന്‍സിസിനെക്കുറിച്ചുള്ള ഒരു വാങ്മയചിത്രം പ്രധാനമായും 'ചരിത്രസത്യങ്ങളുടെ ദൈവശാസ്ത്രപരമായ വ്യാഖ്യാനത്തില്‍' (theological  interpertation of the historical facts) അടിസ്ഥാനപ്പെടുത്തിയത്. ആന്ദ്രേ വൗച്ചേസിന്‍റെ (André Vauchez) ശ്രദ്ധേയമായ നിരീക്ഷണം, ബൊനാവെഞ്ചര്‍ ഫ്രാന്‍സിസിന്‍റെ പ്രവചനപരമായ മാനത്തിലാണ് (prophetic dimension)) ഊന്നല്‍ നല്‍കിയത് എന്നാണ്.  ബൊനാവെഞ്ചര്‍ ഫ്രാന്‍സിസിനെ ഒരു നവ ഏലിയായാണ് (New  Elijah) കാണുന്നത്. വെളിപാടിന്‍റെ പുസ്തകത്തില്‍ (7 :2) വിവരിക്കുന്ന ആറാം മുദ്ര തുറന്നതിനുശേഷം സൂര്യന്‍ ഉദിക്കുന്ന ദിക്കില്‍നിന്നു വരുന്ന, ജീവിക്കുന്ന ദൈവത്തിന്‍റെ മുദ്ര (stigmata  /ക്ഷത ചിഹ്നങ്ങള്‍) പേറുന്ന മാലാഖയായി, നവ ഏലിയയായി, നവ സ്നാപകയോഹന്നാന്‍ ആയി ഫ്രാന്‍സിസിനെ അവതരിപ്പിക്കാനാണ് ദൈവശാസ്ത്ര ജ്ഞനായ ബൊനവെഞ്ചറിന്‍റെ ലക്ഷ്യം. വിശ്വാസികളുടെ നെറ്റിത്തടങ്ങളില്‍ കുരിശിനെ അനുസ്മരിപ്പിക്കുന്നതാവു  (Tau/ റോമന്‍ അക്ഷരമാലയിലെ T, ഗ്രീക്ക് അക്ഷരമാലയിലെ പത്തൊന്‍പതാം അക്ഷരം) പ്രതിഷ്ഠിച്ചത് വഴിയായി - ഫ്രാന്‍ സിസ് ക്രിസ്തുവിശ്വാസികളുടെ രക്ഷാകര ചരിത്രത്തില്‍ ഒരു പുതുയുഗത്തിന് തുടക്കമിട്ടു, ഇതിന്‍റെ മുന്നണിപോരാളികള്‍ ആകട്ടെ ഫ്രാന്‍സിസ്കന്‍ സഭയും. ഈ ഗംഭീരമായ വെളിപാട്  സവിശേഷമായ യുഗാന്ത്യ (eschatological) വീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് അവതരിപ്പി ച്ചിരിക്കുന്നത്. ബൊനാവെഞ്ചര്‍, ഫ്രാന്‍സിസിനെ വിശേഷാല്‍ അവതരിപ്പിക്കുന്നത് 'യോഗാത്മക  ക്രൈസ്തവദര്‍ശനത്തിന്‍റെ തുടക്കക്കാരന്‍' എന്ന നിലയില്‍, സഭയെയും മനുഷ്യവംശത്തെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന  ഒരു നവബന്ധത്തിനു അടിസ്ഥാനമിട്ട യോഗി എന്ന രീതിയിലാണ്. പോപ്പ് ബെനഡിക്ട് പതിനാറാമന്‍റെ ((Joseph Ratzinger) പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം വിശുദ്ധ ബൊനവെഞ്ചറിനെക്കുറിച്ചായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ മിസ്റ്റിക്കായിരുന്ന ജോവാക്കിം ഓഫ് ഫിയോറെയുമായി (Joachim of Fiore) ബന്ധിപ്പിച്ചുള്ള ഈ പഠനം, ചരിത്രത്തിന്‍റെ തത്ത്വശാസ്ത്രത്തെ (Philosophy of History) പ്രകാശിപ്പിക്കുന്നുണ്ട്. ചരിത്രത്തെ മൂന്നു കാലഘട്ടങ്ങള്‍ ഉള്ള ഒരു  പ്രയാണം (progression) ആയാണ് ജോവാക്കിം ദര്‍ശിക്കുന്നത്; പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും കാലഘട്ടങ്ങള്‍. ഈ തീസിസില്‍ ഫ്രാന്‍സിസിനെയും ഫ്രാന്‍സിസ്കന്‍ മുന്നേറ്റത്തെയും പരിശുദ്ധാത്മാവിന്‍റെ (കാലപ്രയാണത്തിലെ മൂന്നാമത്തെ) കാലഘട്ടമായിട്ടാണ് കാണുക; കിഴക്കും പടിഞ്ഞാറും, ജൂതരും ക്രൈസ്തവരും, ലോകം മുഴുവനും തമ്മിലെ സാര്‍വലൗകികമായ അനുരഞ്ജനത്തിന്‍റെ (universal reconciliation) കാലഘട്ടം. ബൊനവെഞ്ചര്‍ ഈ കാലഘട്ടവുമായി വിമര്‍ശനാത്മകമായ സംവാദത്തില്‍ ഏര്‍പ്പെട്ടു എന്നു റാറ്റ്സിന്‍ഗെര്‍ നിരീക്ഷിക്കുന്നുണ്ട്.

ബ്രാഡി ചൂണ്ടിക്കാണിക്കുന്നത് ബൊനവെഞ്ചറിന്‍റെ ഊന്നല്‍ പ്രധാനമായും 'ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ ദൈവകൃപയുടെ പങ്ക് എങ്ങനെയായിരുന്നു എന്നും, കൃപയിലും പുണ്യത്തിലും എങ്ങനെ അദ്ദേഹം വളര്‍ന്നു എന്നും, ആത്മാവിന്‍റെ കാര്യങ്ങളില്‍ എങ്ങനെ അദ്ദേഹത്തിന് അറിവുണ്ടായി എന്നും, ജ്ഞാനത്തിലും ക്രിസ്തുവിന് അനുരൂപമായും വളര്‍ന്നു എന്നും, ആ കാലഘട്ടത്തിനും വരാനിരിക്കുന്ന കാലത്തിനും മാതൃകയായി അദ്ദേഹത്തോടൊപ്പം കുരിശിന്‍റെ ജ്ഞാനം അനുകരിക്കുന്നവര്‍ക്കു ഒരു ശരിയായ നായകനായി അദ്ദേഹം എങ്ങനെ മാറി എന്നുമുള്ളതായിരുന്നു. ഇങ്ങനെ ഒരു ദൈവശാസ്ത്ര വീക്ഷണകോണില്‍ നിന്നുമാണ് ബൊനവെഞ്ചര്‍ ഫ്രാന്‍സിസിനെ നോക്കിക്കാണുന്നത്. ഫ്രാന്‍സിസ് സുല്‍ത്താനെ കണ്ടതിന്‍റെ  ലക്ഷ്യവും പ്രകൃതവും, വിശദാംശങ്ങളുടെ (details) അഭാവത്തില്‍,  നമ്മെ കൊണ്ടെത്തിക്കുന്നത് വ്യത്യസ്തവും തീരെ വിഭിന്നവുമായ അഭി പ്രായങ്ങളിലേക്കാണ്. ഒരു കാര്യം തീര്‍ച്ചയാണ്, ഫ്രാന്‍സിസ് രക്തസാക്ഷിയുമായില്ല, സുല്‍ത്താന്‍ ക്രിസ്ത്യാനിയുമായില്ല. ധമനോഹരവും ലളിതവുമായ ഫ്രാന്‍സിസ്കന്‍ നുറുങ്ങുകഥകളുടെ സമാഹാരമായ"Little  Flowers  of  St. Francis  of  Assisi' എന്ന പുസ്തകം ഫ്രാന്‍സിസ് സുല്‍ത്താനെ മനസാന്തരപ്പെടുത്തി എന്നു വരെ അവകാശപ്പെടുന്നുണ്ട്.  ലോറെന്‍സ് കണ്ണിങ്ഹാം (Lawrence  Cunningham) വളരെ യുക്തമായി ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: 'അക്കാലത്തില്‍ വളരെ അപൂര്‍വമായ ഒരു മാതൃകയാണ് ഫ്രാന്‍സിസ് നല്‍കിയത്. ഹിംസ ലോകക്രമമായിരുന്ന ഒരു കാലത്ത്, 'ശത്രു'നിര കടന്നുചെല്ലുകയും, അപായ സാധ്യത വകവെക്കാതെ, കുരിശുയുദ്ധക്കാര്‍ പൈശാചികമായി ധരിച്ചു ചിത്രീകരിച്ചു വച്ചിരുന്ന ഒരാളോട് (സുല്‍ത്താന്‍) മുഖാമുഖം ഫ്രാന്‍സിസ് സംവദിക്കുകയും ചെയ്തു. തന്നെയുമല്ല, ഇതു ചുരുക്കം ചില സമയങ്ങളില്‍ ഒന്നു മാത്രമാണ്  ഒരു ക്രിസ്ത്യാനി മുസ്ലീമിനെ ആയുധമില്ലാതെ അഭിമുഖീകരിക്കുകയും, സുവിശേഷവത്കരണത്തെ മുന്‍നിര്‍ത്തി (സംസാരിക്കുകയും ചെയ്തത്.) ഫ്രാന്‍സിസ് കുരിശുയുദ്ധത്തിന് ഒരു ബദല്‍ ധാരണ നല്‍കി: (ലാറ്റിനില്‍ Crucifer, ഗ്രീക്കില്‍ Christopheros  കുരിശുവഹിക്കുന്നവന്‍.'

You can share this post!

ഫ്രാന്‍സിസിനെ അറിയാന്‍

ഡോ. ജെറി ജോസഫ് OFS
അടുത്ത രചന

ദൈവസന്നിധിയിലേക്കുള്ള യാത്ര ഫ്രാന്‍സീസിന്‍റെ, ക്ലാരയുടെ പിന്നെ എന്‍റെയും

ഡോ. ജെറി ജോസഫ് OFS
Related Posts