എന്നെ കാണാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമായ നാലഞ്ചു ചെറുപ്പക്കാരെയുംകൂട്ടി ഞങ്ങളുടെ ഒരു പുതിയ ആശ്രമം പണിയുന്ന സൈറ്റിലേക്കുപോയി. പാറക്കൂട്ടങ്ങളും മരങ്ങളുംനിറഞ്ഞ മനോഹരമായ ഒരു മലഞ്ചെരുവ്, അതിന്‍റെ അടിവാരത്തിലാണ് ആശ്രമനിര്‍മ്മിതി നടന്നുകൊണ്ടിരിക്കുന്നത്. റോഡില്‍നിന്നും ഇരുനൂറുമീറ്ററോളം ഉള്ളിലാണ് ഈ സ്ഥലം. പുതുതായി വെട്ടിത്തുറന്ന വഴിയിലൂടെ നടന്ന് സൈറ്റില്‍ എത്താറായി. കയറിച്ചെല്ലുന്നിടത്തുതന്നെ മുറ്റത്തോടുചേര്‍ന്ന്, കണ്ടാല്‍ ആരോ തട്ടുതട്ടായി ഉരുട്ടിക്കൂട്ടി കയറ്റിവച്ചതുപോലെ ഒരു പാറക്കെട്ട് ഉയര്‍ന്നു നില്‍പുണ്ട്. അതിനു ചുവട്ടിലെത്തിയപ്പോള്‍ എല്ലാവരുംനിന്നു. അതിനെപ്പറ്റിയായി പിന്നെ അവരുടെ സംസാരം. ആ പാറക്കൂട്ടത്തിനുമുകളില്‍ ഒരു കുരിശു സ്ഥാപിക്കുന്നതു നന്നായിരിക്കുമെന്ന് ഒരാള്‍. അതല്ല കപ്പൂച്ചിന്‍ ആശ്രമമായതുകൊണ്ട് അസ്സീസി പുണ്യവാന്‍റെ വലിയ ഒരു പ്രതിമ വയ്ക്കുന്നതായിരിക്കും അതിലും നല്ലതെന്ന് വേറൊരാള്‍. പ്രാര്‍ത്ഥനാഭവനമായിട്ടാണു പണിയുന്നതെങ്കില്‍ വരുന്നവരെയൊക്കെ ആശീര്‍വ്വദിച്ചനുഗ്രഹിക്കുന്ന ഈശോയുടെ സ്വരൂപമായിരിക്കും ഉത്തമം എന്നു മൂന്നാമതൊരാള്‍. ആ പാറയും ചുറ്റുപാടും മോടിപിടിപ്പിക്കുന്നതിനെപ്പറ്റിയായി പിന്നെയവരുടെ സംസാരം. എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നിനോടും പ്രതികരിക്കാതെ മിണ്ടാതിരുന്നതുകൊണ്ട് എന്താണ് അവരു പറഞ്ഞതിനെപ്പറ്റിയൊക്കെ എന്‍റെ അഭിപ്രായം എന്നവരു ചോദിച്ചു. പണിയുന്നതും പണിയിപ്പിക്കുന്നതുമൊന്നും ഞാനല്ല. അതുകൊണ്ട് ഞാനതിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കി.
"എന്നാലും ഞങ്ങളു പറഞ്ഞ പദ്ധതി എങ്ങനെയുണ്ട്? ക്ലിക്കുചെയ്തെങ്കില്‍ പറ. ഞങ്ങള്‍ക്കു പറയാമല്ലോ ഞങ്ങളാണ് അതിനുള്ള ആശയം പറഞ്ഞുതന്നതെന്ന്. ഇതിനുചുറ്റുപാടും ഫ്രീയായിട്ടു ഡിസൈന്‍ ചെയ്തുതരുന്നകാര്യവും ഞങ്ങളേറ്റു."
"നിങ്ങളുടെ സന്മനസ്സിനും ഔദാര്യത്തിനുമൊക്കെ നന്ദി. പക്ഷേ ഈ പാറ ഇങ്ങനെതന്നെ ഇരുന്നാലെന്താ കുഴപ്പം?"
"കുഴപ്പമൊന്നുമുണ്ടായിട്ടല്ല, ഇത്ര കൃത്യമായി കയറിവരുന്നിടത്തുതന്നെ ഈ നാച്വറല്‍ പീഠമുള്ളപ്പോള്‍ ഇതിന്‍റെ മുകളില്‍ ഞങ്ങളു പറഞ്ഞതുപോലെ ഏതെങ്കിലും സ്വരൂപം സ്ഥാപിച്ചാല്‍ നല്ല കിടിലന്‍ ലുക്ക് ആയിരിക്കത്തില്ലേ? അതുകൊണ്ടു പറഞ്ഞതാ."
"അതൊന്നുമില്ലാതിരുന്നിട്ടും ഇപ്പോള്‍തന്നെ നല്ല കിടിലന്‍ ലുക്ക് ആണല്ലോ ഇതിന്, അതുകൊണ്ടല്ലേ നിങ്ങളിതിനെപ്പറ്റി ഇത്രയും പറയാനിടയായതുതന്നെ."
"എന്നാലും അതല്ലച്ചാ. വീടുപോലെയല്ലല്ലോ, ഇതൊരാശ്രമമല്ലേ? ഇങ്ങനൊരു സ്ഥാപനമാകുമ്പോള്‍ നമ്മുടെ പള്ളികളുടെയൊക്കെ മുമ്പിലുള്ളതുപോലെ എന്തെങ്കിലും കവാടത്തിലുള്ളത് നല്ലതല്ലേ?"
"ഞങ്ങളിങ്ങോട്ടു വരുന്നവഴി കുറെ റിസോര്‍ട്ടുകള്‍ കണ്ടു. മിക്കതിന്‍റെയുംമുമ്പില്‍ എന്തെങ്കിലും അറ്റ്രാക്റ്റീവായിട്ടുള്ള സംഗതികള്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്."
"അവിടെയൊക്കെ അതൊക്കെ വൃത്തിയായി സൂക്ഷിക്കാന്‍ സ്ഥിരമായി ജോലിക്കാരുംകാണും. അതുപോലെയല്ലല്ലോ നമ്മുടെകാര്യം. നമ്മുടെ എത്രയോ പള്ളികളുടെമുമ്പില്‍ ആരുംനോക്കാതെ കിടക്കുന്ന എത്രയോ സ്വരൂപങ്ങളുണ്ട്. കാശുള്ള പള്ളിയും വരുമാനമുണ്ടാക്കുന്ന പുണ്യാളനുമാണെങ്കില്‍ ആണ്ടിലൊരിക്കല്‍ പെരുനാളു വരുമ്പോളെങ്കിലും അവരെയെല്ലാമൊന്നു കഴുകിമിനുക്കിയെങ്കിലായി. അല്ലാത്തവരൊക്കെ വെയിലും മഴയുംകൊണ്ടു മങ്ങി പായലും പിടിച്ച് ചിലപ്പോള്‍ ചുറ്റും കാടുംകയറി കിടക്കുന്നതു കണ്ടിട്ടില്ലേ? നിങ്ങളുടെ പള്ളീടെമുമ്പിലും കാണും ചിലപ്പോള്‍ അതുപോലെയുള്ളവ. നിങ്ങളാരെങ്കിലും അതൊന്നു വൃത്തിയാക്കാന്‍ എപ്പോളെങ്കിലും മെനക്കെട്ടിട്ടുണ്ടോ? കുറെനാളുമുമ്പ് സ്ലീവാപ്പാതയുടെ പതിന്നാലു സ്ഥലങ്ങളുടെയും രൂപങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഒരു തീര്‍ത്ഥാടനസ്ഥലത്തു പോകാനിടയായപ്പോള്‍ കണ്ട കാഴ്ച ഓര്‍ക്കുമ്പോളൊക്കെ ചിരിവരും. പതിനൊന്നാം സ്ഥലത്ത്, കുനിഞ്ഞുനിന്ന് ഈശോയെ കുരിശില്‍ തറയ്ക്കുന്ന പടയാളിയുടെ മുതുകത്ത് ഒരടിയോളം ഉയരത്തില്‍ ആലിന്‍റെ തൈ വളര്‍ന്നുനില്‍ക്കുന്നു!! അത് അല്‍പംകൂടി താഴോട്ടു മാറിയായിരുന്നു കിളിര്‍ത്തിരുന്നതെങ്കില്‍ '....... ല്‍ ആലു മുളച്ചാല്‍' എന്ന പഴഞ്ചൊല്ലായിരിക്കില്ലേ ആ പതിനൊന്നാം സ്ഥലത്തു ചെല്ലുന്നവരുടെയൊക്കെ മനസ്സിലേക്കു വരിക? പടയാളിയുടെ പുറത്തായതുകൊണ്ടു പോട്ടെന്നുവയ്ക്കാം. അതുവല്ല പുണ്യവാന്മാരുടെയും മുതുകത്താണെങ്കിലോ? ഈ കൊറോണാകാലത്ത് വേറെകാര്യമായ പണിയൊന്നുമില്ലാതിരിക്കുകയല്ലേ, പറ്റുമെങ്കില്‍ നിങ്ങളൊരു നല്ലകാര്യം ചെയ്യ്. ഞാനീപറഞ്ഞതുപോലെ നമ്മുടെയൊക്കെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും മുമ്പില്‍ ആലുകിളുത്ത് അനാഥപ്രേതങ്ങള്‍ പോലെ കിടക്കുന്ന സ്വരൂപങ്ങളുടെ എണ്ണവും പടവുമൊക്കെയെടുത്ത് നല്ലയൊരു ഫീച്ചറുണ്ടാക്കി ദീപികപത്രത്തില്‍ കൊടുത്തുനോക്ക്. കുരിശില്‍ കയറിയെന്നുംപറഞ്ഞു വാര്‍ത്തകൊടുത്തു ബഹളം കൂട്ടുന്നതിനേക്കാളും ഇതു ഗുണംചെയ്തേക്കും."
"അച്ചനീ പറഞ്ഞതു കേട്ടപ്പോള്‍ എനിക്കു ബലമായ ഒരു സംശയം. ഈയിടെ ആ പിള്ളേര് കുരിശിനു മുകളില്‍ കയറി വികൃതികാണിച്ചു വീഡിയോ എടുത്തു പ്രചരിപ്പിച്ച പരിപാടീം അച്ചന്‍തന്നെ പറഞ്ഞുകൊടുത്തതാണോന്ന്."
"ഓ, അവന്‍ പിന്നെയും മിണ്ടി. ഇവന്‍റെ കാര്യമിങ്ങനെയാ അച്ചാ. അവാര്‍ഡുപടം പോലെയാ ഇവന്‍റെ രീതി. സാധരണ ഒന്നും മിണ്ടത്തില്ല. പൂച്ചപോലിരിക്കും. എങ്ങാനും വാ തുറന്നാല്‍ ഇങ്ങനത്തെ കൊള്ളിച്ചുള്ള വര്‍ത്തമാനമേ ഇവന്‍ പറയൂതാനും."
"ഇവരെന്തൊക്കെ പറഞ്ഞാലും നീ മിടുക്കനാടാ കൊച്ചനേ, നിനക്കു ചാനലുകളില്‍ വലിയ ഭാവിയുണ്ട്. ചാനല്‍ ചര്‍ച്ചക്കാരുടെ പണിതന്നെ ഇതല്ലേ. നമ്മളു മനസ്സറിയാത്തകാര്യം നമ്മളെപ്പറ്റി അവരു വിവരിക്കുന്നതുകേട്ടാല്‍ നമ്മളുപോലും അതു വിശ്വസിച്ചുപോകും. നീയിപ്പോളെന്നെപ്പറ്റി പറഞ്ഞത് തമാശിനാണെങ്കിലും, പുറത്ത് ആരോടെങ്കിലും ഒരാളോട് ഒന്നു പറഞ്ഞുനോക്ക്. വലിയ വാര്‍ത്തയാകും അത്. ഇന്നുരാത്രീല്‍ ചാനലുകളില്‍ 'കുരിശിനെ അവഹേളിച്ചതിന്‍റെ സൂത്രധാരന്‍ കപ്പൂച്ചിനച്ചന്‍' ആയിരിക്കും പ്രൈം ടൈമില്‍ ചര്‍ച്ചാവിഷയം. എന്നെ കണ്ടിട്ടോ എന്നെപ്പറ്റി കേട്ടിട്ടോ ഇല്ലാത്തവരായിരിക്കും ചര്‍ച്ചനടത്തുന്നതും. ഞാന്‍ പണ്ടേ വിമതനാണെന്നും കുരിശുവിരോധി ആയിരുന്നെന്നുമൊക്കെ അവരു സ്ഥാപിച്ചെടുക്കും, ഉറപ്പാണ്. അവസരം മുതലാക്കി സഭയെയും കുരിശിനെയുമൊക്ക വിഷയമാക്കി അവരു കുറെ വിഷം ഛര്‍ദ്ദിക്കുകയുംചെയ്യും. ഒരമ്പതുവര്‍ഷമെങ്കിലുമായി, രാവിലെ ഉണരുമ്പോഴും രാത്രീല്‍ ഉറങ്ങുംമുമ്പും ഉമ്മകൊടുക്കുന്ന, കുളിക്കുമ്പോള്‍മാത്രം ഊരിവയ്ക്കുന്ന കുരിശുരൂപം എന്‍റെ കഴുത്തിലെപ്പോഴുമുണ്ട് എന്നുള്ളത് എനിക്കല്ലാതെ ആര്‍ക്കും അറിയത്തുമില്ലല്ലോ."
"ഇവരിപ്പോളീ പറഞ്ഞതിന്‍റെ ബാക്ഗ്രൗണ്ടു കൂടി അച്ചനോടു പറയാം. ഞങ്ങളിങ്ങോട്ടു വന്നവഴിക്ക് രണ്ടു മലകളുടെ മുകളില്‍ കുരിശുകണ്ടു. അതിന്‍റെ മുകളില്‍ കയറിനിന്നാല്‍ ചുറ്റുപാടും നല്ല കാഴ്ചയായിരിക്കുമെന്നു ഞാനന്നേരം പറഞ്ഞുപോയി. സത്യത്തില്‍ അതു കുരിശാണെന്നൊന്നുമോര്‍ത്തു പറഞ്ഞതല്ല. അത് അത്ര ഉയര്‍ന്നു നില്‍ക്കുന്നതുകണ്ട് അറിയാതെ പറഞ്ഞുപോയതാണ്. ഞാനാ പറഞ്ഞതിന്‍റെ പേരില്‍ ഇവരു തര്‍ക്കമായി. ഞാന്‍ സാധാരണ അധികം മിണ്ടാറില്ലെങ്കിലും ഇങ്ങനത്തെ വിഷയങ്ങളുവരുമ്പോള്‍ ഞാനെന്തെങ്കിലും വിരുദ്ധമായിട്ടു പറയും. അതുകൊണ്ടാണ് ഇവന്മാരെന്നെ അവാര്‍ഡു പടമെന്നു വിളിക്കുന്നത്. ഇന്നും തര്‍ക്കം മൂത്തുവന്നപ്പോള്‍ ഞാന്‍പറഞ്ഞു, കുരിശു വയ്ക്കേണ്ടത് പള്ളീലും പള്ളീടെ മുറ്റത്തുമാണ്, അല്ലാതെ മലേടെ മുകളിലല്ലെന്ന്. അങ്ങനെ കണ്ടിടത്തെല്ലാം സ്ഥാപിക്കുന്നതുകൊണ്ടാണ് കോമാളികള്‍ക്ക് അതിനുമുകളില്‍ കയറാനും വീഡിയോ എടുക്കാനുമൊക്കെ തോന്നാനിടയാകുന്നതെന്ന്. പിന്നെ ഇവന്മാരധികം തര്‍ക്കിച്ചില്ല. ഞാനാ പറഞ്ഞതിലെന്താണച്ചാ തെറ്റ്?"
"നിങ്ങളു കമ്പനികൂടാന്‍വന്നിട്ടു തമ്മിത്തല്ലു കൂടുന്നിടത്തു ഞാനുംകൂടുന്നതു ശരിയല്ലല്ലോടാ മോനേ."
"തമ്മില്‍ത്തല്ലൊന്നുമില്ലച്ചാ. സത്യം പറഞ്ഞാല്‍ പലകാര്യങ്ങളിലും ഇവന്‍ ഉടക്കിടുമ്പോഴാ ഞങ്ങളും അവന്‍ പറയുന്നതും ശരിയാണല്ലോന്നു ചിന്തിക്കുന്നത്. കുരിശിന്‍റെ കാര്യത്തിലും ഇവന്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്നു തോന്നിയതുകൊണ്ടാണു പിന്നെ ഞങ്ങളു കൂടുതലു തര്‍ക്കിക്കാഞ്ഞതും."
"എങ്കില്‍ ഞാനുമെന്‍റെ വ്യക്തിപരമായ അഭിപ്രായം പറയാം. നമ്മളു വെറുതെ വടികൊടുത്ത് അടി വാങ്ങിക്കുകയാണു മിക്കപ്പോഴും. തൂവലുകണ്ടപ്പോളേ ആമയാണെന്നു മനസ്സിലായീന്നു പണ്ടു നമ്പൂരിച്ചന്‍ പറഞ്ഞതുപോലെ, നമ്മുടെ നേതാക്കന്മാരു ചുമ്മാ ചാടിക്കേറി എന്തിനെയും വര്‍ഗ്ഗീയവല്‍ക്കരിക്കും. എന്നിട്ടു കോലാഹലമുണ്ടാക്കും. അവസരം കിട്ടാന്‍ നോക്കിയിരിക്കുന്ന സഭാവിരുദ്ധര്‍ അതു മുതലാക്കി പറ്റാവുന്ന എല്ലാത്തരത്തിലും അച്ചന്മാരെയും സഭയേയും എല്ലാം നാറ്റിക്കുകയുംചെയ്യും. ഞാന്‍ നേരത്തെ പറഞ്ഞതുമായി ഇതിനു ബന്ധമുണ്ട്. നേര്‍ച്ചയായോ കാഴ്ചയായോ ആയി ഇത്തിരി സ്ഥലം പള്ളിക്കുകൊടുത്തേക്കാമെന്നു നേരുന്ന ഒത്തിരിപ്പേരുണ്ട്. അതു കൊടുക്കുന്നത്, മലമണ്ടയിലോ പൊതുവഴിയോരത്തോ കവലകളിലോ എവിടെയെങ്കിലുമൊക്കെ ആയിരിക്കും. അതെഴുതിവാങ്ങി, ആ സ്ഥലത്ത് പള്ളിക്കാര്യത്തില്‍നിന്ന് ഒരു പീഠമുണ്ടാക്കി കുരിശും സ്ഥാപിക്കും. ചിലപ്പോള്‍ ചുറ്റുമൊരു റെയിലിങ്ങും പിടിപ്പിച്ചെന്നിരിക്കും. ആ കൈക്കാരന്മാരോ വികാരിയച്ചനോ മാറുന്നതുവരെ ആണ്ടിലൊരിക്കലെങ്ങാനും അവിടെയൊരു പ്രാര്‍ത്ഥനയോ വല്ലോം നടത്തിയെന്നിരിക്കും. പിന്നീടത് കാടും പിടിച്ചങ്ങു കിടക്കും. പിന്നെ മുമ്പേ ഇയാളു പറഞ്ഞതുപോലെ മലമണ്ടയിലെ വലിയ കുരിശും മറ്റും സ്ഥാപിക്കുന്നതിനെപ്പറ്റി പറഞ്ഞാല്‍, മലകളടുത്തുള്ള പള്ളികളൊക്കെ സാധിക്കുമെങ്കില്‍ അതു കുരിശുമല ആക്കാറുണ്ട്. വലിയ നോമ്പിലും ദുഃഖവെള്ളിയാഴ്ചയുമൊക്കെ കുരിശിന്‍റെവഴി നടത്തി മലമുകളില്‍ കര്‍മ്മങ്ങളും നടത്താറുള്ളതു നമുക്കറിയാം. പോകുന്ന വഴി പതിന്നാലു സ്ഥലങ്ങളിലും കുരിശും സ്ഥാപിക്കുന്നത് പലയിടങ്ങളിലും പതിവുമുണ്ട്. ഇതെല്ലാം സ്വകാര്യസ്ഥലത്ത് അനുമതിയോടെയാണെങ്കില്‍ അതിനു കുറ്റവും പറയാനില്ല. കാരണം അതിനെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും അവകാശവും വേണ്ടപ്പെട്ടവര്‍ക്കുണ്ടാകുമല്ലോ. എന്നാല്‍ സംരക്ഷിക്കാന്‍ അവകാശമില്ലാത്ത സര്‍ക്കാരുഭൂമിയിലെ മലമുകളിലും അങ്ങോട്ടുള്ള വഴിയിലുംമറ്റും, കുരിശുകള്‍ സ്ഥാപിച്ചിട്ട് ആണ്ടിലൊന്നോ വലിയനോമ്പിലോ മാത്രം വെട്ടിത്തെളിച്ചു കുരിശിന്‍റെവഴി ഉണ്ടാക്കുന്ന, സത്യവിശ്വാസികളുടെ ഗര്‍വ്വും അഹങ്കാരവുമാണ്, അവിശ്വാസികള്‍ കുരിശിനുമുകളില്‍ കയറിയിരുന്ന് അവഹേളിക്കുന്നതിനേക്കാളും കുറ്റകരവും നിന്ദ്യവുമെന്നതാണ് എന്‍റെ പക്ഷം. അങ്ങനെയുള്ള കുരിശുകളുടെയൊക്കെ മുകളില്‍ കയറിയിരുന്ന് വിശ്വാസവിരുദ്ധരോ നിരീശ്വരവാദികളോ ഒക്കെ, ഡാന്‍സുകളിക്കുകയോ പടമെടുക്കുകയോ ആഘോഷിക്കുകയോ ചെയ്യട്ടെ എന്നുതന്നെയാണ് എന്‍റെ നിലപാട്. അതു കുരിശിനോടുള്ള ആദരവുകുറവുകൊണ്ടോ, കര്‍ത്താവിന്‍റെ കുരിശിന്‍റെ പവിത്രത അംഗീകരിക്കാത്തതുകൊണ്ടോ അല്ല, മറിച്ച് അവയൊന്നും വിശുദ്ധകുരിശ് അല്ലാത്തതുകൊണ്ടാണ്. എന്‍റെ ഈ നിലപാടിന് ചരിത്രപരമായ ഒരടിസ്ഥാനമുണ്ട്. ഞാന്‍ ഏറെ സ്നേഹിക്കുന്ന വി. ഫ്രാന്‍സീസ് അസ്സീസിയാണ് ഇക്കാര്യത്തില്‍ എന്‍റെ ഉറച്ച ഈ നിലപാടിന് ആധാരം. അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിലെ ഒരു സംഭവമുണ്ട്. ശുദ്ധമനസ്ക്കനും തീക്ഷ്ണമതിയുമായിരുന്ന ഫ്രാന്‍സീസ് പുണ്യവാന്‍ 1219-ല്‍ ഈജിപ്തിലെ സുല്‍ത്താനെ സുവിശേഷം പ്രഘോഷിച്ചു മാനസാന്തരപ്പെടുത്താനും സാധിച്ചില്ലെങ്കില്‍ രക്തസാക്ഷിയാകാനും ഉറച്ച് കുരിശുയുദ്ധക്കാരോടൊപ്പം പോയി. സുല്‍ത്താന്‍റെ പടയാളികള്‍ അദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന ഇല്ലുമിനാത്തോ സഹോദരനെയും തല്ലിച്ചതച്ച് സുല്‍ത്താന്‍റെ മുമ്പില്‍ ഹാജരാക്കി. കരുതിക്കൂട്ടി അവരെ കാത്തിരുന്ന സുല്‍ത്താന്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ തറയില്‍ വിരിച്ചിരുന്ന പരവതാനിയില്‍ സര്‍വ്വത്ര കുരിശുകള്‍ വരച്ചുവയ്ക്കാന്‍ കല്‍പിച്ചിരുന്നു. കുരിശില്‍ ചവിട്ടി ഒരിക്കലും ഫ്രാന്‍സീസ് നടക്കില്ലെന്നുറപ്പുണ്ടായിരുന്ന സുല്‍ത്താന്‍ ആ പരവതാനിയില്‍ ചവിട്ടിനടന്ന് തന്‍റെ മുമ്പിലെത്താന്‍ ഫ്രാന്‍സീസിനോടും ഇല്ലുമിനാത്തോ സഹോദരനോടും കല്‍പിച്ചു. ഒരു കൂസലുമില്ലാതെ ഫ്രാന്‍സീസും അദ്ദേഹം നടന്നതുകൊണ്ട് ഇല്ലുമിനാത്തോയും സുല്‍ത്താന്‍റെ മുമ്പില്‍ ചെന്നുവണങ്ങിനിന്നു.
"നീ ചവിട്ടിനടന്നത് നിങ്ങള്‍ വിശ്വസിക്കുന്ന നസ്രായന്‍റെ കുരിശിന്‍റെ മുകളിലൂടെയാണെന്നു കണ്ടില്ലേ?" സുല്‍ത്താന്‍റെ ചോദ്യം.
"കുരിശുകള്‍ കണ്ടു തിരുമേനീ. പക്ഷേ, ഗാഗുല്‍ത്തായില്‍ മൂന്നു കുരിശുകളുണ്ടായിരുന്നു. അതില്‍ രണ്ടും കള്ളന്മാരെ തൂക്കിയവയായിരുന്നു. ഞാന്‍ ചവിട്ടിനടന്നത് കള്ളന്മാരെ തൂക്കിയ കുരിശുകള്‍ക്കു മുകളിലൂടെയാണു തിരുമേനീ."
അന്തംവിട്ട സുല്‍ത്താന്‍ അവരോടു മാന്യമായി പെരുമാറിയതും സുവിശേഷം കേള്‍ക്കാന്‍ തയ്യാറായതുമൊക്കെ അതിന്‍റെ ബാക്കിചരിത്രം. ആദരപൂര്‍വ്വം പരിരക്ഷിക്കപ്പെടാത്ത കുരിശുകളൊക്കെ കള്ളന്മാരെ തൂക്കിയവയായിട്ടു കരുതിയാല്‍മതി എന്നുതന്നെയാണ് എന്‍റെയും പക്ഷം. അതിനു മുകളില്‍ കയറി ആര് എന്ത് അഭ്യാസംകാണിച്ചാലും നമുക്കെന്തുചേതം!! വീണ്ടും ഞാന്‍ പറയുന്നു, കുരിശിനെ അവഹേളിക്കുന്ന അവിശ്വാസികളേക്കാള്‍ കുറ്റവാളികള്‍, കുരിശും സ്വരൂപങ്ങളും സ്ഥാപിച്ചിട്ടു കാക്കയ്ക്കു കാഷ്ഠിക്കാനും ആലിനുമുളയ്ക്കാനും പാകത്തിന് അവഗണിക്കുന്ന വിശ്വാസികളും സഭാധികാരികളുമാണ്."
"കൈയ്യടിക്കാന്‍ ഈ പാറേടെ മൂട്ടില്‍ ഞങ്ങളു നാലഞ്ചുപേരു മാത്രമായിപ്പോയല്ലോ അച്ചാ."
"താങ്സ്. കൈയ്യടിക്കണ്ടാ. ധൈര്യമുണ്ടെങ്കില്‍ മുമ്പേ ഞാന്‍വച്ച വെല്ലുവിളി ഏറ്റെടുത്താല്‍മതി. ശാപമോക്ഷംതേടി വഴിയോരങ്ങളിലും മലമുകളിലുമൊക്കെ പായലുപിടിച്ചുകിടക്കുന്ന കുരിശുകളുടെയും സ്വരൂപങ്ങളുടെയും കണക്കെടുത്തു ഫോട്ടോസഹിതം പരസ്യപ്പെടുത്ത്. അങ്ങനെയെ ങ്കിലും ആരുടെയെങ്കിലുമൊക്കെ കണ്ണുതുറക്കാനും കള്ളന്മാരുടെ കുരിശുകളൊക്കെ കര്‍ത്താവിന്‍റെ കുരിശുകളാകാനും ഇടയാകട്ടെ. നേരമൊത്തിരിയായി. നമ്മളീ പാറേടെ മൂട്ടിലിങ്ങനെ നിന്നാല്‍മതിയോ, ആശ്രമംപണി കാണണ്ടേ, വാ, നടക്കാം."
"എന്നാലും അച്ചാ, അച്ചനിതിന്‍റെ കാര്യമൊന്നു പറഞ്ഞിട്ടു പോകാം. നല്ല ഷെയ്പുള്ള പാറ. അച്ചനെന്നാ ഒക്കെപറഞ്ഞാലും ഇതിനു മുകളില്‍ അസ്സീസി പുണ്യവാനേം സ്ഥാപിച്ച്, ചുറ്റും മരവുംവച്ചു ചെടിയുംനട്ടാല്‍ അപാര സൈറ്റായിരിക്കും."
"അതോടെ ഈ പാറയുടെ നല്ല ഷെയ്പും പോയിക്കിട്ടും. അതല്ലേ ശരി? ഇതിനു മുകളില്‍ പുണ്യാളന്‍റെ സ്വരൂപം സ്ഥാപിച്ചു കഴിയുമ്പോള്‍ അതിന്‍റെയൊരു പീഠംമാത്രമാകും ഈ പാറ. ഇതിന്‍റെ ഇപ്പോഴുള്ള ഭംഗി അതോടെ പോകുകയുംചെയ്യും. തന്നെയല്ല, ഒരുപാടു പക്ഷികളുള്ള സ്ഥലമാണിത്. ഈ പാറയുടെ ടോപ്പുപോലെ ഉരുണ്ടിരിക്കുന്ന ഒന്നിന്‍റെയും മുകളില്‍ പക്ഷികള്‍ ഇരിക്കാറില്ല. പൊന്തിനില്‍ക്കുന്നതെന്തെങ്കിലുമുണ്ടെങ്കില്‍ അതിനുമുകളിലേ പക്ഷികള്‍ ഇരിക്കൂ. ഇതിനുമുകളില്‍ പുണ്യാളനെ പ്രതിഷ്ഠിച്ചാല്‍ ഈ ചുറ്റുവട്ടത്ത് വേറെ മരങ്ങളൊന്നുമില്ലാത്തതുകൊണ്ട് പക്ഷികള്‍ക്കിരിക്കാന്‍ ഏറ്റവും പറ്റിയസ്ഥലം പുണ്യവാന്‍റെ കൈയ്യും തലയുമായിരിക്കും. അങ്ങേരു പ്രകൃതി സ്നേഹി ആയതുകൊണ്ട് അതത്ര കാര്യമാക്കുകയില്ലായിരിക്കും. പക്ഷേ വേറൊരു സംഗതികൂടിയുണ്ട്. പക്ഷികളെ നിങ്ങളു ശ്രദ്ധിച്ചിട്ടുണ്ടോ, കൊച്ചുപിള്ളേരെപ്പോലെയാണ് അതുങ്ങളും. ചുമ്മാതെയങ്ങ് അപ്പിയിട്ടുകളയും. സ്വസ്ഥമായിട്ട് അല്‍പസമയമിരുന്നാലുടനെ അതുങ്ങള് അപ്പിയിടും. ഇവിടെ വിസര്‍ജിക്കരുത് എന്ന് എഴുതിവച്ചാല്‍ അതുങ്ങളതു നോക്കത്തുമില്ല, ടോയ്ലറ്റ് എത്ര പണിതിട്ടാലും അതിലൊന്നും അവയൊട്ടു കേറത്തുമില്ല. തൂറാന്‍മുട്ടിയാല്‍ എവിടെയാണെന്നൊന്നും നോക്കത്തില്ല, അതുങ്ങളങ്ങു തൂറും അത്രതന്നെ. വെള്ളമൊഴിക്കുന്ന ഏര്‍പ്പാടും അവറ്റയ്ക്കില്ലല്ലോ. അതുംകഴിഞ്ഞു തിരിഞ്ഞുപോലും നോക്കാതെ അതുങ്ങളങ്ങു പറന്നങ്ങുപോവുകയുംചെയ്യും. അങ്ങനെ ഫ്രാന്‍സീസുപുണ്യവാന്‍റെ തലയും കൈയ്യുമെല്ലാം നാട്ടിലെ പക്ഷികളുടെ സ്ഥിരംകക്കൂസാക്കണോ സഹോദരാ? അതുകൊണ്ടു തത്ക്കാലം വിഷയംവിട്, വാ, അകത്തേക്കു നടക്കാം." പാറവിഷയമങ്ങനെ അവിടെ അവസാനിപ്പിച്ചു.