വൈകുന്നേരം അഞ്ചു മണിയോടടുത്ത സമയം.

"ചങ്ക് പൊട്ടിപ്പോകുന്നു. ആരോടെങ്കിലുമൊന്ന് പറയാന്‍..."- എന്നുപറഞ്ഞാണ് അവള്‍ വന്നത്. ഒരു കാതില്‍ ചോരയൊലിക്കുന്നുണ്ട്. കണ്ണീരിനും തേങ്ങലുകള്‍ക്കുമിടയില്‍ വാക്കുകള്‍ മുറിഞ്ഞുപോകുന്നു.

"എന്‍റെ ചെറിയച്ഛന്‍ ഇത് ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. എനിക്കാരും ഇല്ലാത്തതുകൊണ്ടല്ലേ...!!"

ഹിന്ദുസമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയാണ്. അമ്മ വളരെ ചെറുപ്പത്തില്‍തന്നെ മരിച്ചു പോയി, അച്ഛന്‍ അവളുടെ എട്ടാം വയസ്സിലും.  പഠിച്ചതും വളര്‍ന്നതും ഏതോ കോണ്‍വെന്‍റില്‍ നിന്നാണ്. പഠിക്കാന്‍ മിടുക്കിയായതുകൊണ്ട് ഏതൊക്കെയോ സന്ന്യാസിനിമാരുടെ സഹായത്തോടെ ഡെല്‍ഹിയില്‍ നേഴ്സിംങ് പഠനം പൂര്‍ത്തിയാക്കി. അവധിക്കാലങ്ങളില്‍ മാത്രമായിരുന്നു അവള്‍ ചെറിയച്ഛന്‍റേയും ചെറിയമ്മയുടേയും കൂടെ നില്‍ക്കാന്‍ വീട്ടില്‍ വന്നിരുന്നത്. അവരായിരുന്നു അവള്‍ക്ക് അച്ഛനും അമ്മയും. നേഴ്സിംങ് പഠനവും ബോണ്ടും കഴിഞ്ഞ് മറ്റൊരു ഹോസ്പിറ്റലില്‍ ജോലിയ്ക്ക് കയറുന്നതിനുമുന്‍പ് നാട്ടില്‍ കുറച്ചുദിവസം നിന്നിട്ട് പോകാന്‍ വന്നതാണ്.  അവള്‍ വന്നപ്പോള്‍ "നീ ഇവിടെയുണ്ടല്ലോ. ഞാന്‍ ഒത്തിരി നാളായി വീട്ടില്‍ പോയിട്ട്. ഒന്ന് പോയിട്ട് വരാം." എന്ന് പറഞ്ഞ് ചെറിയമ്മ സ്വന്തം വീട്ടില്‍ പോയി. അന്നുച്ചയ്ക്ക് ഒന്നു മയങ്ങാന്‍ കിടന്നതാണ്. ദേഹത്ത് ആരോ തൊടുന്നതറിഞ്ഞാണ് ഞെട്ടിയുണര്‍ന്നത്.  മുന്നില്‍ ചെറിയച്ഛന്‍. ചാടിയെഴുന്നേല്‍ക്കാന്‍ നോക്കിയപ്പോഴേയ്ക്കും കട്ടിലിലേയ്ക്ക് തള്ളിയിട്ടു. കടന്നു പിടിച്ചുകൊണ്ട്, ബഹളം വയ്ക്കാതിരിക്കാന്‍ വായ് പൊത്തി. പിടിവലിക്കിടയില്‍ കുതറിമാറാന്‍ നേരം അദ്ദേഹത്തിന്‍റെ കൈയിലെവിടെയോ കാതുടക്കി കടുക്കന്‍ പറിഞ്ഞ് പോന്നു. എങ്ങനെയോ ഓടി വീടിന് പുറത്തു കടന്നു. എങ്ങോട്ട് പോകണമെന്നറിയില്ല.

പിന്നില്‍ ചെറിയച്ഛന്‍റെ ഭീഷണിയുടെ സ്വരം:

"പുറത്താരെങ്കിലുമറിഞ്ഞാല്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കും."

പുരുഷന് എന്തും ചെയ്യാം, സ്ത്രീ വിധേയപ്പെടേണ്ടവള്‍ മാത്രമാണ്- എന്നൊക്കെ 'പുരുഷകേസരികള്‍' വിചാരിക്കുന്നു. ഒഴിഞ്ഞയിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലുമൊക്കെവച്ച് സ്ത്രീശരീരത്തെ അവന്‍റെ കായികബലംകൊണ്ട് കീഴ്പ്പെടുത്തി ദുരുപയോഗം ചെയ്യാമെന്ന ധാര്‍ഷ്ട്യം പുരുഷന് കിട്ടുന്നത് പുരുഷമേല്‍ക്കോയ്മയെ അംഗീകരിക്കുന്ന സമൂഹമനസ്സില്‍ നിന്നാണ്. ഒരു സ്ത്രീ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നറിഞ്ഞാല്‍ ചില സ്ത്രീകള്‍പോലും പറയും, "അത്, അവള് ശ്രദ്ധിക്കേണ്ടതായിരുന്നു." ഈ സ്ത്രീകള്‍പോലും ചിന്തിക്കുന്നത് പുരുഷന് എന്തുകൊണ്ടും സ്ത്രീയുടെ മേലൊരു മേല്‍ക്കോയ്മയുണ്ടെന്നു തന്നെയാണ്. ഒപ്പം സ്ത്രീയുടെ ചാരിത്രശുദ്ധിയെ വളരെ ഗൗരവമായെടുക്കുകയും. എന്നാല്‍ പുരുഷന് അതൊന്നും അത്രകണ്ട് നിര്‍ബന്ധമല്ലായെന്ന് കരുതുകയും ചെയ്യുന്ന ഒരു കപടമനസ്സ് നമുക്കുണ്ട്.

വിവാഹത്തിന് മുന്‍പ് ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് നഷ്ടമാകുന്നത് അവളുടെ ചാരിത്രം മാത്രമല്ല, ജീവിതം കൂടിയാണ്. പല സ്ത്രീകളുമായും വേഴ്ചയിലേര്‍പ്പെട്ടവനും സ്വന്തം ജീവിതത്തില്‍ വരുമ്പോള്‍ 'ബ്രാന്‍റ്റ് ന്യൂ' തന്നെ വേണം. അപ്പോള്‍ അവന്‍ തികഞ്ഞ സദാചാരവാദിയാവുകയും ചെയ്യും. നിങ്ങള്‍ പറയൂ ചാരിത്രമാണോ ഒരു സ്ത്രീജന്മത്തിന്‍റെ ഏറ്റവും വലിയ പുണ്യം...! എന്നും മരിയ ഗോരേത്തിമാരെയാണ് നമുക്കിഷ്ടം - ചാരിത്രശുദ്ധിയ്ക്കുവേണ്ടി ജീവന്‍ ബലി കൊടുത്തവളെ. പുരുഷന്‍റെ ചാരിത്രത്തിന് എത്ര കണ്ട് മൂല്യമുണ്ടോ അത്രയുമെയുള്ളു സ്ത്രീയുടെ ചാരിത്രത്തിനും. നശിപ്പിക്കപ്പെട്ട ചാരിത്രത്തെയോര്‍ത്ത് കരഞ്ഞു തീര്‍ക്കേണ്ടതല്ല ഒരു സ്ത്രീജന്മം.

മുക്താര്‍ മായിയെ നിങ്ങള്‍ക്ക് പരിചയമില്ലേ?  അവളുടെ സഹോദരന്‍ മറ്റൊരു ഗോത്രത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന്‍റെ പേരില്‍, പാക്കിസ്ഥാനിലെ ഒരു ഗോത്രനിയമപ്രകാരം, ഗോത്രത്തലവന്‍ വിധിച്ച ശിക്ഷയാണ് മുക്താറിനെ കൂട്ടബലാത്സംഗം ചെയ്യുകയെന്നത്. 2002 ലെ ദാരുണമായ ഈ സംഭവത്തിന് ശേഷം അവളുടെ ജീവിതം ചവറ്റുകുട്ടയിലാകുമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. പിന്നീടവള്‍ നീതിയ്ക്കുവേണ്ടി പോരാടി, സ്ത്രീശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. അവളിലെ സ്ത്രീത്വത്തിന്‍റെ ധൈര്യം കണ്ടറിഞ്ഞ ഒരു പോലീസുദ്യോഗസ്ഥന്‍ കഴിഞ്ഞ വര്‍ഷം (മാര്‍ച്ച് 18, 2009) അവളെ വിവാഹം ചെയ്തു. പെങ്ങന്മാരെ, ചാരിത്രമാണ് നിങ്ങളുടെ ഏറ്റവും വലിയ പുണ്യമെന്ന് കാലവും സമൂഹവും നിങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ ഒന്ന് വഴിമാറി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. മാതൃത്വത്തിന്‍റെ ലാവണ്യവും ഏവര്‍ക്കും അഭയമേകാനാവുന്ന ഹൃദയവിശാലതയും വിവേകത്തിന്‍റെ മനോബലവുമാണ് നിങ്ങളുടെ പുണ്യങ്ങള്‍.

സമൂഹവും മതവുമൊക്കെ നിശബ്ദമാകുന്ന മറ്റൊരു വല്ലാത്ത പ്രശ്നം കൂടിയുണ്ടിതില്‍, കിളിരൂരിലെ ശാരിയെന്ന കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചതുപോലെ. സ്വന്തം സമ്മതമില്ലാതെ തന്‍റെ ശരീരത്തില്‍ പ്രത്യുത്പാദനപ്രക്രിയ നടത്തിയിട്ടുപോയവന്‍റെ കുഞ്ഞിനെ ജനിപ്പിക്കാനും വളര്‍ത്താനുമുള്ള ബാധ്യത ഒരു സ്ത്രീയ്ക്ക് ഉണ്ടോ എന്ന പ്രശ്നമാണത്. ഇതിനെ, ധാര്‍മ്മിക പ്രശ്നങ്ങള്‍ക്ക് സഭാപഠനങ്ങളെ ഉദ്ധരിച്ച് 'റെഡിമെയ്ഡ്' ഉത്തരം തരുന്ന വിധിതീര്‍പ്പുകാരന്‍റെ മനസ്സോടെയല്ല സമീപിക്കേണ്ടത്. വ്യക്തിത്വവും സ്വപ്നങ്ങളും തകര്‍ക്കപ്പെട്ടുപോയ പെണ്‍കുട്ടിയുടെ മരവിച്ച മനക്കണ്ണിലൂടെയും, ഒരു പുത്രീജന്മത്തെ മുന്നിലെടുത്തുവച്ച് കണ്ണീരോടെ തേങ്ങുന്ന വൃദ്ധമാതാപിതാക്കളുടെ നിസ്സഹായതയിലൂടെയും, പിഴച്ചു പെറ്റ കുഞ്ഞിനെ വളര്‍ത്തേണ്ട ദുര്‍ഗതി വരാന്‍ പോകുന്ന പെങ്ങളുടെ ഭാവിയെക്കുറിച്ച് മാനസിക സംഘര്‍ഷമനുഭവിക്കുന്ന ആങ്ങളയുടെ വികാര-വിചാരങ്ങളിലൂടെയും വേണം കാര്യങ്ങളെ നോക്കിക്കാണാന്‍.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഈ സംഭവത്തിന് ഒരു വയസ്സ് പൂര്‍ത്തിയായി. 2009 മാര്‍ച്ച് 6 ന് ബ്രസീലിലെ തീരദേശ സിറ്റിയായ റെചിഫെയിലെ ആര്‍ച്ച് ബിഷപ്പ് ജോസ് കര്‍ദോസൊ സൊബ്രിന്‍ഹോ ഒരു ഭ്രൂണഹത്യ സംഭവത്തില്‍ ഒന്‍പത് വയസ്സുള്ള ഒരുപെണ്‍കുട്ടിയുടെ കുടുംബത്തേയും ഭ്രൂണഹത്യയ്ക്കു സഹകരിച്ച ഡോക്ടറേയും കത്തോലിക്കാ സഭയില്‍നിന്ന് മഹറോന്‍ (സഭാ വിലക്ക്) ചൊല്ലി. സംഭവമിങ്ങനെയാണ്: ഈ പെണ്‍കുട്ടി അവളുടെ രണ്ടാനച്ഛന്‍റെ നിരന്തരമായ ലൈംഗീക പീഡനത്തിന്‍റെ ഇരയായിരുന്നു. ഒന്‍പതാം വയസ്സില്‍ അവള്‍ ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചു. പ്രായത്തിന്‍റെ പ്രശ്നം അവഗണിച്ചാല്‍ തന്നെ കുഞ്ഞിന് ജന്മം കൊടുക്കണമെങ്കില്‍ അമ്മയ്ക്ക് ചുരുങ്ങിയത് 36 കിലോഗ്രാം (86 പൗണ്ട്) തൂക്കമെങ്കിലും വേണമെന്ന് വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. മാതൃത്വം എന്തെന്ന് മനസ്സിലാക്കാനുള്ള പ്രായംപോലുമാകാത്ത ഈ കുട്ടിയ്ക്കാവട്ടെ വൈദ്യശാസ്ത്രപ്രകാരമുള്ള തൂക്കവും ആരോഗ്യവും അപര്യാപ്തവും. ഈ സാഹചര്യത്തില്‍ കുട്ടിയെ അബോര്‍ഷന് വിധേയമാക്കി. വാര്‍ത്ത പുറത്തായതോടെ 1398 -ാം കാനന്‍ നിയമപ്രകാരം ഭ്രൂണഹത്യക്ക് സഹകരിച്ചവരെ അവിടുത്തെ ആര്‍ച്ചു ബിഷപ് മഹറോന്‍ ചൊല്ലി. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മഹറോന്‍ ബാധകമല്ല എന്ന 1322-ാം കാനന്‍ നിയമപ്രകാരം പെണ്‍കുട്ടിയ്ക്ക് സഭാവിലക്കില്‍നിന്ന് ഒഴിവ് കിട്ടി. അതിലേറെ രസകരമായ സംഗതി ഈ പെണ്‍കുഞ്ഞിനെ ലൈംഗീകപീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ സഭാ വിലക്കില്‍നിന്ന് ഒഴിവാക്കപ്പെട്ടു; കാരണം അയാള്‍ ഭ്രൂണഹത്യ നടത്തുന്നതില്‍ സഹകരിച്ചിട്ടില്ല. സഭാനിയമപ്രകാരം അദ്ദേഹത്തിന്‍റെ പാപം ഒരു കുമ്പസാരക്കൂട്ടില്‍ ഏറ്റുപറഞ്ഞാല്‍ തീരുന്നതേയുള്ളൂ. അദ്ദേഹത്തിന് ന്യായമായ തടവു ശിക്ഷ വിധിച്ചതാകട്ടെ സ്റ്റേറ്റ് കോടതിയും.

സാഹചര്യമൊത്താല്‍ നിങ്ങള്‍ ശ്യാമപ്രസാദിന്‍റെ 'ഒരേ കടല്‍' എന്ന ചിത്രമൊന്ന് കാണണം. സ്ത്രീ മനസ്സിന്‍റെ അതിസൂക്ഷ്മയിടങ്ങളിലേയ്ക്ക് അത് നമ്മെ കൂട്ടിക്കൊണ്ടു പോകും. തല കൊണ്ട് ജീവിക്കുന്ന പുരുഷനെ ഹൃദയംകൊണ്ട് ജീവിക്കുന്ന സ്ത്രീ വല്ലാതെ ഭയപ്പെടുത്തുന്നതു കാണാം. നാഥനെ ഉള്ളുകൊണ്ട് പ്രണയിച്ചിട്ട് തന്നെയാണ് ദീപ്തി അയാളോടൊപ്പം കിടക്ക പങ്കിടുന്നത്. എന്നിട്ടും ഒരുവേള തന്‍റെ ശരീരത്തെ മാത്രമാണ് അയാള്‍ സ്നേഹിച്ചിരുന്നതെന്നറിയുമ്പോള്‍ ഉദരത്തില്‍ വളരുന്ന അയാളുടെ കുഞ്ഞിനെ കൂടി അവള്‍ കഠിനമായി വെറുക്കുന്നു. ഇവിടെയാണ് ദമ്പതിമാരുടെ ഹൃദയത്തിലാണ് അവരുടെ കുഞ്ഞ് ആദ്യം ജനിക്കേണ്ടത് എന്നതിന്‍റെ പൊരുള്‍ നാമറിയുന്നത്. ക്രിസ്തുവിന്‍റെ ജനനത്തെക്കുറിച്ച് ഇങ്ങനെയൊരു വചനമില്ലെ: "അവന്‍ ജനിച്ചത് മാംസത്തില്‍ നിന്നല്ല ദൈവത്തിന്‍റെ മനസ്സില്‍ നിന്നാണ്." അതെ, പുത്തന്‍ തലമുറകള്‍ ജനിക്കേണ്ടത് പ്രണയിക്കുന്ന ദമ്പതികളുടെ ഹൃദയത്തില്‍ നിന്നാണ്.

ജീവന്‍ അമൂല്യമാണ്, അത് ഉദരത്തില്‍ ഉരുവാകുന്ന കാലം മുതല്‍ സൂക്ഷ്മതയോടെ പരിരക്ഷിക്കേണ്ടതുമാണ്. എന്നാല്‍ സ്ത്രീപുരുഷന്മാരുടെ സ്നേഹത്തില്‍ ഉരുവാകാതെ, മാംസം മാംസത്തില്‍ ജൈവീക സങ്കലനം നടന്നുണ്ടായ ഭ്രൂണത്തെ ഉദരത്തില്‍ വളര്‍ത്തി ജനിപ്പിച്ച് അനാഥ ജന്മങ്ങളായി അനാഥാലയങ്ങള്‍ക്ക് കൈമാറാനോ, തന്തയില്ലാത്തവനായി വളര്‍ത്തിക്കൊണ്ടു വരാനോ ഉള്ള ധാര്‍മ്മിക ഉത്തരവാദിത്വമൊന്നും ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ അബോര്‍ഷന്‍ മനുഷ്യജീവനു നേരെയുള്ള വെല്ലുവിളിയായി പരിഗണിക്കേണ്ടതുമില്ല.

എല്ലാ സാഹചര്യത്തിലും ഭ്രൂണഹത്യയെ നരഹത്യയായി വ്യാഖ്യാനിക്കരുത്. ഭ്രൂണം അമ്മയുടെ ഉദരത്തിലായിരിക്കുന്ന കാലത്ത് ആകാരത്തില്‍ മനുഷ്യ രൂപം പ്രാപിച്ചാലും ഒരു പൂര്‍ണ്ണ വ്യക്തിയില്‍നിന്ന് അതിന് ഒത്തിരി അന്തരമുണ്ട്. ജനനത്തിന് ശേഷം നിരന്തരമായ സാമൂഹിക ബന്ധത്തിലൂടെയും ശാരീരിക- മാനസിക - ആത്മീയ വളര്‍ച്ചാ വികാസങ്ങളിലൂടെയുമാണ് ഒരു 'മനുഷ്യ വ്യക്തി' രൂപപ്പെടുന്നത്. ഭ്രൂണം എപ്പോഴും ഭ്രൂണം തന്നെയാണ്, മനുഷ്യവ്യക്തിയല്ല. അതിന് ഒരു വൃക്ഷവും അതിന്‍റെ വിത്തും തമ്മിലുള്ള അന്തരമുണ്ട്. ബലാത്സംഗം ലൈംഗികതയുടെ സ്വാഭാവിക പ്രകടനരീതിയോ ദൈവത്തിന്‍റെ പദ്ധതി പ്രകാരമുള്ളതോ അല്ലാത്തതിനാല്‍ അതിന്‍റെ ഫലമായുണ്ടാകുന്ന ജൈവീക ജീവനും സ്വാഭാവിക മനുഷ്യജീവനോ, ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണമോ, അല്ല.

ചെറുക്കന്‍റെ വീട്ടുകാര്‍ പെണ്ണുകാണല്‍ ചടങ്ങിന് ശേഷം കല്യാണ ബ്രോക്കര്‍ മത്തായിചേട്ടന്‍റെ കൂടെ പറമ്പിന്‍റെ അതിര് വഴിയിലൂടെ നടന്നു വരികയാണ്. ചെറുക്കന്‍റെ മുഖം കണ്ടാലറിയാം അവനു പെണ്ണിനെ നന്നായി മനസ്സില്‍പ്പിടിച്ചു. അതിരില്‍ നില്‍ക്കുന്ന വേലിച്ചീരയുടെ കൂമ്പ് നുള്ളുകയാണെന്ന വ്യാജേന നിന്ന അയല്‍പക്കത്തെ മറിയച്ചേടത്തി മത്തായി ബ്രോക്കറോട്:

"മത്തായിയേ, ഇവരെവിടുത്തുകാരാ?"

"ഇത്തിരി ദൂരേന്നാ"

"എന്താ കല്യാണാലോചന വല്ലോം ആണോ?"

"അതേ"

"അതെ, നിങ്ങളറിഞ്ഞിരിക്കണല്ലോന്ന് വിചാരിച്ചോണ്ട് പറയുവാ. ആ പെണ്ണിനെ കുറച്ചു വര്‍ഷം മുന്‍പ് ഒരുത്തന്‍ പെഴപ്പിച്ചതാ." ഇടിവെട്ടേറ്റ ഭാവത്തില്‍ ചെറുക്കന്‍റെയപ്പന്‍ മത്തായിബ്രോക്കറിന്‍റെ നേരെ തിരിഞ്ഞു:

"ഛെ... ഇങ്ങനെയുള്ള സ്ഥലത്താണോ നാട്ടിലുള്ള മാന്യന്മാര് ചെറുക്കന്മാരെ പെണ്ണു കാണിക്കാന്‍ കൊണ്ടു വരുന്നത്?..."

"താനിനി ഒരാലോചനേം എന്‍റെ മോനു   വേണ്ടി നടത്തണ്ടാ. നടക്കടാ മോനെ..."

വാണംവിട്ടമാതിരി ചെറുക്കന്‍റെ വീട്ടുകാര്‍. അവര്‍ക്ക് പിന്നില്‍ തലേം കുനിച്ച് മത്തായിബ്രോക്കറും.

You can share this post!

അടുത്ത രചന

പ്രാര്‍ത്ഥന : 1

ഡോ. ജെറി ജോസഫ് OFS
Related Posts