"വിദ്യാഭ്യാസം ഒരാളെ എന്താക്കിത്തീര്‍ക്കുന്നുവോ അതാണു മനുഷ്യന്‍" എന്നുപറഞ്ഞത് തത്ത്വചിന്തകനായ ഇമ്മാനുവല്‍ കാന്‍റ് ആണ്. പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ ജെ. ബി. വാട്സണും ഇതു തന്നെ പറയുന്നു: "നിങ്ങള്‍ എനിക്ക് ആരോഗ്യമുള്ള ഒരു ഡസന്‍ കുട്ടികളെ തരിക. ഒരാളെ ഡോക്ടര്‍, ഒരാളെ വക്കീല്‍, ഒരാളെ കലാകാരന്‍, ഒരാളെ കച്ചവടക്കാരന്‍, ഒരാളെ പിച്ചക്കാരന്‍, ഒരാളെ കവര്‍ച്ചക്കാരന്‍ അങ്ങനെ എന്തുവേണമെങ്കിലും ആക്കിത്തീര്‍ക്കാം എന്നു ഞാന്‍ ഉറപ്പുതരുന്നു." കുഞ്ഞുങ്ങളുടെ മനസ്സ് മെഴുകുപോലെയാണെന്നും ഏതു രൂപം വേണമെങ്കിലും അവര്‍ക്കു കൊടുക്കാമെന്നും നമ്മളും കരുതുന്നു. എന്നിട്ടുമെന്തേ അസ്സീസിയിലെ ഒരു തുണിവ്യാപാരി തന്‍റെ മകനെ ഏറ്റവും മികച്ച കച്ചവടക്കാരനാക്കാന്‍ കുഞ്ഞുന്നാള്‍ മുതല്‍ പരിശീലിപ്പിച്ചിട്ടും, പട്ടുവസ്ത്രങ്ങള്‍ ജനാലയിലൂടെ വലിച്ചെറിഞ്ഞിട്ട് അവന്‍ ഭിക്ഷാംദേഹിയായി നാടെങ്ങും അലഞ്ഞു? എന്തേ രാജകുമാരന്‍ ഒരുവിധ വേദനയും കാണാനോ കേള്‍ക്കാനോ പാടില്ലെന്ന് അപ്പന്‍രാജാവ് നിഷ്കര്‍ഷിച്ചിട്ടും സിദ്ധാര്‍ത്ഥന്‍ വേദനയെ പിന്‍ചെന്ന് കൊട്ടാരം വിട്ടിറങ്ങി?
ബലമുള്ളവര്‍ ബലമില്ലാത്തവരെക്കുറിച്ച് ചില തീര്‍പ്പുകള്‍ എന്നും കല്പിച്ചുപോന്നിട്ടുണ്ട്. അതു ചോദ്യം ചെയ്യപ്പെടാതെ സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമായി നിലനില്ക്കണമെന്നും അവര്‍ ശഠിച്ചു. ആദ്യകാലക്രിസ്ത്യാനികള്‍ നരഭോജികളാണെന്നു റോമാക്കാര്‍ കരുതി; ഇന്ത്യക്കാര്‍ക്ക് സ്വയം ഭരിക്കാനറിയില്ലെന്നു ബ്രിട്ടീഷുകാര്‍ വിശ്വസിച്ചു; സ്ത്രീക്കു രഹസ്യം സൂക്ഷിക്കാനാവില്ലെന്നു പുരുഷന്‍ ധരിച്ചു. പിന്നീടെന്നോ ബലമില്ലാത്തവര്‍ ബലമാര്‍ജ്ജിച്ചപ്പോള്‍ ഇവയില്‍ പല തീര്‍പ്പുകളും ഒലിച്ചുപോയി. അതിനാവാത്തവര്‍ക്ക് മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളേണ്ടിവരുന്നു. കുഞ്ഞുങ്ങള്‍ അങ്ങനെ തുള്ളിക്കൊണ്ടിരിക്കുകയാണ്. അവരെക്കുറിച്ച് അവരേക്കാള്‍ ഉറപ്പ് മുതിര്‍ന്നവര്‍ക്കാണത്രേ. കുഞ്ഞുങ്ങളുടെ മനസ്സ് ക്ലീന്‍ സ്ലേറ്റാണുപോലും. ഒഴിഞ്ഞ കോപ്പ. അതു നിറയ്ക്കാനുള്ള ചുമതല മുതിര്‍ന്നവര്‍ സ്വയമങ്ങ് ഏറ്റെടുത്തിരിക്കുകയാണ്. എന്നും വലിയവരാണ് ശരി. ചെറിയവര്‍ക്ക് എന്തറിയാം? മാനദണ്ഡം മുതിര്‍ന്നവരാണ്. അവര്‍ക്ക് ഇഷ്ടമില്ലാത്തതൊന്നും ഒരിക്കലും ശരിയാകുന്നില്ല. അതുകൊണ്ട് തങ്ങളുടെ ശരികള്‍ പിറന്നുവീഴുമ്പോള്‍ മുതല്‍ കുഞ്ഞുങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്നു. ഡയപ്പര്‍ കെട്ടി അതിനു തുടക്കംകുറിക്കുന്നു. കുഞ്ഞിന്‍റെ അസ്വസ്ഥതകളും പിരിമുറുക്കങ്ങളും പീപ്പികളുടെയും കിലുക്കാന്‍പെട്ടികളുടെയും ബഹളത്തില്‍ മുക്കികളയുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ ഞരക്കമായി, ഗദ്ഗദമായി പതുക്കെപ്പതുക്കെ ഇല്ലാതാകുന്നു. അവന്‍/അവള്‍ അനുരൂപപ്പെട്ടുതുടങ്ങുന്നു. അത് നല്ലൊരു എഴുത്തുകാരനായ മകനെ അപ്പനും അമ്മയ്ക്കുംവേണ്ടി കച്ചവടക്കപ്പലില്‍ പണിക്കാരനാക്കുന്നു. നര്‍ത്തകിയായ മകളെ നേഴ്സാക്കുന്നു. കവിത, നൃത്തം, കളികള്‍, ചിരികള്‍... ഒക്കെ കുട്ടികളുടെ വട്ടുകള്‍. ജോലി, കച്ചവടം, നോട്ടുകെട്ടുകള്‍... ഒക്കെ മുതിര്‍ന്നവരുടെ ശരികള്‍.
കുട്ടികളെയെല്ലാം ഇങ്ങനെ മുതിര്‍ന്നവരാക്കിത്തീര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സ്വര്‍ഗ്ഗരാജ്യമാണ്. മുതിര്‍ന്നവരുടെ ഗൗരവം മുറ്റിയതും വിയര്‍പ്പുമണക്കുന്നതുമായ ലോകത്തെയല്ല യേശു സ്വര്‍ഗ്ഗമെന്നു വിളിച്ചത്, പിന്നെയോ കുട്ടികള്‍ ഓടിക്കളിക്കുന്ന ഇടത്തെയാണ് (മര്‍ക്കോ. 10:14). ഈ ലോകത്തെ സ്വര്‍ഗ്ഗമാക്കണമെങ്കില്‍ കുട്ടികള്‍ മുതിര്‍ന്നവരാകണമെന്നല്ല, മുതിര്‍ന്നവര്‍ കുട്ടികളാകണമെന്നാണ് അവന്‍ പറഞ്ഞത്. ചുറ്റും കൂടിനിന്നവരുടെ മധ്യത്തിലേക്ക് ഒരു ശിശുവിനെ വിളിച്ചുവരുത്തി, ആ കുഞ്ഞിനെ കണ്ടുപഠിക്കാന്‍ അവന്‍ ആവശ്യപ്പെടുകയാണ്. മാതാപിതാക്കളേ, അദ്ധ്യാപകരേ, പുരോഹിതരേ ഒരു നിമിഷം നിങ്ങള്‍ നിശ്ശബ്ദരാകൂ. 'കുട്ടികളെ എങ്ങനെ വളര്‍ത്തണം' എന്ന പുസ്തകമടയ്ക്കൂ. എന്നിട്ട് നിങ്ങളുടെ കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്കു നോക്കൂ. അവരുടെ കണ്ണുകളിലെ തിളക്കം, ചുണ്ടുകളിലെ പുഞ്ചിരി, ഹൃദയത്തിലെ നൈര്‍മ്മല്യം ഒന്നും നിങ്ങള്‍ക്കു സ്വന്തമല്ലല്ലോ. എന്നിട്ടും എന്തു പഠിപ്പിക്കാനുണ്ടെന്നാണ് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നത്? യഹൂദന്മാര്‍ ഒത്തുകൂടുമ്പോള്‍ അവരുടെ മധ്യത്തില്‍ വയ്ക്കപ്പെട്ടിരുന്നത് മോശയുടെ തോറാഗ്രന്ഥമാണ്. തോറായ്ക്ക് അനുവദിക്കപ്പെട്ട സ്ഥലത്താണ് യേശു ഒരു കുഞ്ഞിനെ പിടിച്ചുനിര്‍ത്തിയത്. കുഞ്ഞ് ക്ലീന്‍സ്ലേറ്റോ ഒഴിഞ്ഞ കോപ്പയോ പോഴനോ ഒന്നുമല്ല, നിങ്ങളുടെ ഗുരുവാണ്. നിങ്ങള്‍ അവരെ നന്നാക്കേണ്ടതില്ല, അവര്‍ ഇപ്പോള്‍തന്നെ ഈശ്വരന്‍റെ സ്വന്തമാണ്.
ശിശുവിന്‍റെ ഇംഗ്ലീഷ് പദമായ infant ന്‍റെ ലത്തീന്‍മൂലമായ infantes എന്ന വാക്കിനര്‍ത്ഥം 'സംസാരിക്കാനറിയാത്ത ജീവികള്‍' എന്നാണ്. പക്ഷേ യേശു പറയുന്നത് കുഞ്ഞുങ്ങള്‍ക്ക് സംസാരിക്കാനറിയാമെന്നും നിങ്ങള്‍ അവരെ കേള്‍ക്കണമെന്നുമാണ്. അവര്‍ക്കൊന്നുമറിയില്ലെന്ന നിങ്ങളുടെ ധാരണ വെറും നാട്യമാണ് - ചോദ്യം ചെയ്യപ്പെടാതിരിക്കാനും വെല്ലുവിളിക്കപ്പെടാതിരിക്കാനുമുള്ള തന്ത്രങ്ങള്‍. നെടുനീളന്‍ പ്രസംഗങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമിടയില്‍ കുട്ടികള്‍ കോട്ടുവായിടുമ്പോള്‍, കുട്ടികള്‍ വിവരംകെട്ടവരാണെന്ന് ആക്രോശിച്ച് നിങ്ങള്‍ക്കു തടിയൂരാമല്ലോ. പക്ഷേ സ്വയം ചോദിക്കേണ്ടത്, യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ കുഞ്ഞുങ്ങള്‍ ക്ഷീണിതരായിട്ടുണ്ടാകുമോ എന്നാണ്. സ്പൈഡര്‍മാനും ഫാന്‍റവും വായിച്ച് കുഞ്ഞുങ്ങള്‍ എത്ര സ്വതഃസിദ്ധമായിട്ടാണ് നന്മ-തിന്മകളെ വേര്‍തിരിക്കുന്നത്. ഒന്നുമറിയാഞ്ഞിട്ടാണോ അവര്‍ക്കതിനാവുന്നത്? 'ചക്രവര്‍ത്തിക്ക് തുണിയില്ല' എന്ന കുഞ്ഞിന്‍റെ തിരിച്ചറിവില്‍ മുഖംപൊത്തി ചിരിക്കാന്‍പോലും നമ്മുടെ ലോകജ്ഞാനം നമ്മെ അനുവദിക്കുന്നില്ല. പകരം 'ഓടിപ്പോടാ' എന്ന ഭര്‍ത്സനങ്ങള്‍. ദൈവത്തെക്കുറിച്ച് ഒരു മണിക്കൂര്‍ ക്ലാസ്സുകേട്ടശേഷം കുട്ടിയുടെ ചോദ്യം 'ദൈവം ആണാണോ, പെണ്ണാണോ?' നമ്മുടെ പല നിലപാടുകളെയും നിഷ്കളങ്കമായ ആ ചോദ്യം വെല്ലുവിളിക്കുന്നുണ്ട്. അതുകൊണ്ട് നമുക്കാ കുട്ടിയെ കണ്ണുരുട്ടി കാണിക്കാം. തെറ്റ് അവന്‍റേതാണെന്ന് അവന്‍ ധരിക്കട്ടെ. കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ തെറ്റ്, സ്വപ്നങ്ങള്‍ തെറ്റ്, അറിവുകള്‍ തെറ്റ്. അവയൊക്കെ തൂത്തുമാറ്റി മുതിര്‍ന്നവരുടെ ശരികള്‍കൊണ്ടവര്‍ നിറയ്ക്കപ്പെടുന്നു. അഷിതയുടെ ഒരു കഥയില്‍ കുഞ്ഞ് അമ്മയോട് പറയുകയാണ്, "എന്‍റെ ക്ലാസിലെ ഫിറോസിന് ഇന്നും അടികൊണ്ടു. എന്തിനാണെന്നോ? ഫിറോസ് പറയ്വാ, 'ഞാന്‍ മീനായെ സ്നേഹിക്കുന്നു. ഞാളെ ഞങ്ങടെ വിവാഗം എന്ന്'. മീനാ ഉറക്കെ കരയാനങ്ങ്ട് തുടങ്ങി. ഞങ്ങള്‍ ടീച്ചറിനോടു പറഞ്ഞു. ടീച്ചര്‍ടെ കണ്ണുതള്ളിപ്പോയി. കൊടുത്തു ഫിറോസിന് രണ്ടടി ചൂരലോണ്ട്. ഫിറോസും മീനായും അടുത്തടുത്തിരുന്ന് കുറേനേരം കരഞ്ഞു. നമ്മള്‍ സ്നേഹംന്ന് പറഞ്ഞൂടാ അല്ലേ, അമ്മേ? അത് ചീത്ത വാക്കാണ്ല്ലേ?" നമ്മുടെ ശരികള്‍ പറഞ്ഞുകൊടുത്ത് നമുക്കവരെ മുതിര്‍ന്നവരാക്കാം. അങ്ങനെ സ്വര്‍ഗ്ഗത്തെ കൊല്ലാം.
ക്രിസ്തു ഇപ്പറയുന്നത് കാര്‍ക്കശ്യത്തോടെയാണ്: "കുഞ്ഞുങ്ങളെ തടയരുത്." ആദരവോടെ അവരുടെ മുന്‍പില്‍ വ്യാപരിക്കുക. കുഞ്ഞുമകള്‍ തലമുടി ചീകുകയാണ്. നിങ്ങള്‍ ഓടിച്ചെന്ന് ചീപ്പുതട്ടിപ്പറിച്ച് 'അങ്ങനെയല്ലതു ചെയ്യേണ്ടത്' എന്ന ശകാരത്തോടെ ചീകിക്കൊടുക്കുകയാണ്. അവളങ്ങനെ കൂടുതല്‍ ചെറുതാകുകയാണ്. കുട്ടികളോടും പട്ടികളോടും സമാനമായ രീതിയിലാണ് നാം ഇടപെടുക: ഒന്നുകില്‍ കാര്‍ക്കശ്യം, അല്ലെങ്കില്‍ വാത്സല്യം. കുട്ടികളോട് വേണ്ടത് ഇവ രണ്ടുമല്ല, ആദരവാണ്. അവരുടെ താളം, അവരുടെ രീതി ഒക്കെ അംഗീകരിക്കപ്പെടണം. അവര്‍ ഓടട്ടെ, പാടട്ടെ, പറയട്ടെ. അവര്‍ തൂവാല കഴുകുകയും വെള്ളം നിറയ്ക്കുകയും പൂക്കള്‍ പറിക്കുകയും പയറുപൊളിക്കുകയും മലകയറുകയും മഴനനയുകയും ചെയ്യട്ടെ. അങ്ങനെ അവരുടെ ജീവിതം നിറഞ്ഞുതുളുമ്പട്ടെ. ഇന്നു പക്ഷേ നമ്മുടെ വീടുകളില്‍ മുഴങ്ങുന്നത് കുഞ്ഞുങ്ങളുടെ കുഴലൂത്തല്ല, കരച്ചിലാണ്.
ശിശുവിദ്യാഭ്യാസവിദഗ്ദ്ധനായ ഗിജുഭായി ബധേക്കായുടെ ഒരു ചോദ്യത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു: "നിങ്ങള്‍ സ്വയം ശ്രേഷ്ഠനല്ലെങ്കില്‍ കുഞ്ഞുങ്ങളുടെ മേലധികാരിയാകുന്നതെന്തിന്? സ്വയം സര്‍വ്വജ്ഞനല്ലെങ്കില്‍ അവരുടെ അല്പജ്ഞാനത്തെ എന്തിനു പരിഹസിക്കണം?... നിങ്ങള്‍ സമ്പൂര്‍ണ്ണനല്ലെങ്കില്‍ കുഞ്ഞിന്‍റെ അപൂര്‍ണ്ണതയില്‍ എന്തിനു ക്ഷുഭിതനാകണം?"