മനുഷ്യരും മനസ്സുകളും ഒരുമിച്ചൊരു പുഴപോലെ ഭരണങ്ങാനത്തേയ്ക്കൊഴുകുകയാണ്. പുഴകളിന്ന് വറ്റുകയാണല്ലോ. കാഴ്ചയ്ക്കപ്പുറത്തേക്കു ബാഷ്പീകരിക്കുന്ന ആര്‍ദ്രതയുടെ ഉറവ തേടുക തികച്ചും സ്വാഭാവികം. അതിഭൗതികതയില്‍നിന്നും അതീന്ദ്രിയതയിലേക്കും മറിച്ചും. കാലത്തിന്‍റെ സഹജമായൊരു വെല്ലുവിളിയെ മറികടക്കാനാവാതെ അതില്‍ പങ്കുചേരാനൊരുങ്ങുമ്പോള്‍ ചിന്തകള്‍ക്കും തിരുത്തലുകള്‍ക്കും മനസ്സിലിടമുണ്ടാകുന്നില്ലെന്നതും നേര്! അജ്ഞാനിയും ഭൗതികവാദിയും തികച്ചും വര്‍ത്തമാനകാല സമസ്യകളില്‍ മാത്രം അഭിരമിക്കുന്നവനുമായ സാധാരണക്കാരന്‍റെ യുക്തിബോധങ്ങളിലേയ്ക്കൊന്നും ചില കാഴ്ചകള്‍ കടന്നുചെല്ലുന്നില്ല. അവന്‍ എന്തിനേയും ആഘോഷമാക്കുകയാണ്... ഈശ്വരനേയും...!
ജീവിതം ! നിര്‍വ്വചിച്ചു തൃപ്തിയാവാനാത്ത ഒരു കാരികപോലെയാണത്. വായിച്ചു വായിച്ചു വരുമ്പോള്‍ തന്ത്രികള്‍ പൊട്ടുന്നൊരു വീണപോലെയും ശ്രുതിഭംഗമേറെയുള്ളൊരു ഗാനം പോലെയും അനുഭവത്തിന്‍റെ തലങ്ങളിലത് തളര്‍ന്നു തകര്‍ന്നു കിടക്കുന്നു. ഏറെപ്പേരിലും!... മരണം! അവ്യാഖ്യേയമായൊരു ദുരന്താനുഭവത്തിന്‍റെ ഇരുള്‍ച്ചിറകുകളാണതിനുള്ളത്. നഷ്ടങ്ങളുടേയും വിടവുകളുടേയും തൃപ്തിയുടെയും കഥകള്‍ അതിനുണ്ടാവും... അന്വയിച്ച് സഫലമാക്കാനാവാത്ത ചില ചമത്കാര ഭംഗികള്‍ ജനനമരണങ്ങള്‍ക്കിടയില്‍ വീണു കിടക്കുമ്പോള്‍ അതിനു തുനിയാതിരിക്കുകയാണു ഭംഗി!
വര്‍ത്തമാനത്തിന്‍റെ സമകാലീന ജീര്‍ണ്ണതകള്‍ക്കിടയില്‍നിന്ന് മാറ്റത്തിനും വ്യത്യസ്തകള്‍ക്കും ശക്തിക്കുംവേണ്ടി കാതോര്‍ക്കുമ്പോള്‍ ഭരണങ്ങാനം ഒരു വിളിയാകുന്നു. അയ്യായിരങ്ങള്‍ക്ക് ഉദരപൂരണം നടത്തിയ അഞ്ചപ്പമോ, കുരുടനു ലഭിച്ച കാഴ്ചയോ, എഴുന്നേറ്റു നടന്ന മുടന്തനോ മാത്രം ഇവിടെ നമുക്കു പ്രേരണയാകുന്നു... നമുക്കിവിടെ യൂദാസിന്‍റെ മനസ്സാകുന്നു. ചില കിലുക്കങ്ങള്‍ നമ്മില്‍ ആരതിയുണര്‍ത്തുന്നു. അതിനപ്പുറം നല്ല സമരിയാക്കാരന്‍റെ ഒരു ഗീതം പോലും കേള്‍ക്കാന്‍ ആദ്യം പറഞ്ഞ ഒഴുക്കില്‍പ്പെട്ട നമുക്കാവുന്നില്ല.
ഈ ഒഴുക്കു ചെന്നവസാനിക്കുന്നത് നമ്മുടെ അല്‍ഫോന്‍സാമ്മയിലാണ്. കാലത്തിന്‍റെ പണിത്തിരക്കിന്‍റെ കാര്‍ക്കശ്യതയില്‍ ഊതിക്കാച്ചിയൊരു പൊന്നിലേക്ക്.. സ്ത്രീ ജീവിതത്തിന്‍റെ അതിശക്തമായൊരു മാതൃകയാണത്. അബലയും ചപലയും വിശ്വവിപത്തിന്‍റെ നാരായവേരുമൊക്കെയായി സമൂഹമനസ്സിന്‍റെ പാര്‍ശ്വത്തിലൊതുങ്ങിനിന്ന സ്ത്രീരൂപത്തിന്‍റെ വിപ്ലവകരമായൊരു മടക്കയാത്രയാണ് അല്‍ഫോന്‍സാമ്മ. ദര്‍ശിക്കാനും സ്പര്‍ശിക്കാനും സാദ്ധ്യമായൊരു മനോഹരമായ മൂര്‍ത്തബിംബമാണത്. കേരളത്തിലേയും ഭാരതത്തിലേയും ഒരു പക്ഷേ ലോകത്തിലേയും സഹോദരിമാരുടെ മനസ്സുകളിലത് ശക്തിയുടെ സഹനമഴ പെയ്യിക്കേണ്ടതാണ്. ജീവിതസാഗരത്തിന്‍റെ മറുകരതാണ്ടാനുള്ള വിജയപ്രാര്‍ത്ഥനകള്‍ക്കു മാത്രമായി, കേവലം ഉപരിപ്ലവമായ ആവശ്യങ്ങള്‍ക്കു മാത്രമായി അല്‍ഫോന്‍സാമ്മയെ സമീപിക്കുമ്പോള്‍, ആ ജീവിതം നമുക്കു സമ്മാനിച്ച ഉദാത്തമായ ചില മാതൃകകള്‍ പാടേ വിസ്മരിച്ചു പോകുകയാണ്.
സ്ത്രീ അനുഭവിച്ച ദുരിതങ്ങള്‍ക്കും സഹനങ്ങള്‍ക്കും അല്‍ഫോന്‍സാമ്മയ്ക്കു മുന്‍പും പിന്‍പും കൈയും കണക്കുമില്ല. അനുഭവിച്ച കാലയളവ് അല്‍ഫോന്‍സാമ്മയെ സംബന്ധിച്ചിടത്തോളം വളരെ തുച്ഛമാണുതാനും. സാധാരണയില്‍ സാധാരണക്കാരിയായ ഒരു സ്ത്രീ സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നതിന്‍റെ പിന്നിലുള്ള ഇച്ഛാശക്തിയെ നാം വാഴ്ത്തേണ്ടതുതന്നെ. അനുഭവങ്ങളുടെ തീച്ചൂളയില്‍പ്പെട്ടുരുകുമ്പോഴും സഹനസമരത്തിന്‍റെ ഒരു വലിയ വാതില്‍ തുറന്നിട്ടുകൊണ്ട് പുഞ്ചിരിയോടെ ജീവിതത്തെ നേരിട്ട അല്‍ഫോന്‍സാമ്മ നമ്മെ പഠിപ്പിക്കുന്നത് സ്ത്രീമനസ്സിന്‍റെ അതിശക്തമായ ചാരുതയാണ്. അത് കലഹിക്കുന്നത് തന്നോടുതന്നെയാണ്. മാറാനാവശ്യപ്പെടുന്നത് തന്നോടുതന്നെയാണ്. കഴുകിവൃത്തിയാക്കുന്നത് സ്വന്തം അഴുക്കുകള്‍തന്നെയാണ്. വിശുദ്ധീകരിക്കുന്നത് സ്വന്തം ആത്മാവിനെത്തന്നെയാണ്. അല്‍ഫോന്‍സാമ്മയെ നെഞ്ചോടുചേര്‍ക്കുമ്പോള്‍ നമ്മുടെ സഹോദരികള്‍ മറന്നു പോകുന്നതും ഇതു തന്നെയാണ്. അക്ഷന്തവ്യമായ ഈ അപരാധം അല്‍ഫോന്‍സാമ്മയോടുള്ള ഭക്തിയല്ല മറിച്ച് നമ്മുടെ ഭൗതികാസക്തികളെ തൃപ്തിപ്പെടുത്താനുള്ള കേവലോപാധിയാക്കുകയാണ്. സൗന്ദര്യവും പൊന്നും അധികാരവും അംഗീകാരവും സ്ത്രീമനസ്സുകളെ ഉന്മത്തമാക്കുമ്പോള്‍ നാം കണ്ടുപഠിക്കുക- അവയുടെ തിരസ്കാരങ്ങളിലൂടെ ജീവിതമുയര്‍ത്തുന്ന വെല്ലുവിളികളെ എത്രധീരമായാണ് അല്‍ഫോന്‍സാമ്മ നേരിട്ടതെന്ന്...
അനുഭവങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഏറ്റെടുക്കാനുള്ള കരുത്താണ് ആ ജീവിതം നമുക്ക് സമ്മാനിച്ചത്. സ്വയം തെരഞ്ഞെടുക്കുന്ന മരണവഴികളിലേക്ക് സ്വന്തം മക്കളെക്കൂടി കരുവാക്കുന്ന അമ്മമാര്‍ക്ക് ആ കരുത്ത് മാതൃകയാകേണ്ടതല്ലേ... ദുരനുഭവങ്ങളുടെ കൊടുംതീയില്‍ ദഹിച്ചുപോകുന്ന സ്ത്രീമനസ്സുകള്‍ക്ക് ആ ഇച്ഛാശക്തി സാന്ത്വനത്തിന്‍റെ തണുപ്പാകേണ്ടതല്ലേ...? ജീവിതത്തിലേക്കോ ജീവിതത്തിനപ്പുറത്തേയ്ക്കോ ആ ജീവിത സന്ദേശങ്ങളെ നാം ലക്ഷ്യമാക്കേണ്ടത്? അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ ഒരു പുനര്‍വായനയ്ക്കു വിധേയമാക്കുമ്പോള്‍ സ്ത്രീശാക്തീകരണത്തിന് അതു സമ്മാനിക്കുന്ന ഊര്‍ജ്ജം വിസ്മയാവഹമാണ്. അത് വെറുമൊരു സ്വര്‍ഗ്ഗാന്വേഷണത്തിന്‍റെ വഴക്കങ്ങളായിരുന്നില്ല. ഓരോ സന്ദര്‍ഭത്തിലും സ്ത്രീ എന്താകണമെന്ന് അതു പഠിപ്പിക്കുകയായിരുന്നു. മൗനമായൊരു യുദ്ധത്തിന്‍റെ പെരുമ്പറയായിരുന്നത്. തിരുത്തലുകള്‍ക്കുള്ള മഷിത്തണ്ടുകളായിരുന്നവ.
കരുണാമയനെന്നു നാം വിളിക്കുന്ന സര്‍വ്വേശ്വരന്‍ എന്തുകൊണ്ടാണ് എല്ലാ പ്രാര്‍ത്ഥനകളേയും ഇത്തരത്തില്‍ സഫലമാക്കാത്തത്? വിശ്വാസത്തിന്‍റെ രക്ഷയും കരുത്തും തികച്ചും ശാസ്ത്രീയമായ പ്രവര്‍ത്തനവിജയമാണെന്ന് അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതില്‍ വിട്ടുവീഴ്ചകളില്ല. അതിശക്തമായ ലക്ഷ്യത്തിലേയ്ക്കുള്ള നൈരന്തര്യതകളുണ്ടുതാനും. കുരിശുമരണത്തിന്‍റെ അതിദുസ്സഹമായ വേദനയിലേക്ക് നടന്നടുക്കുമ്പോള്‍ യേശു പ്രാര്‍ത്ഥിച്ചതുപോലെ ഇവിടെ അല്‍ഫോന്‍സാമ്മ പ്രാര്‍ത്ഥിക്കുന്നില്ല... പുരുഷമനസ്സിനേയും വെല്ലുവിളിക്കുന്ന ഉദാത്തമായൊരു മനസ്സ് ഇനിയുമിനിയും വേദനകള്‍ക്കായി ഹൃദയം തുറക്കുമ്പോള്‍... നാം നാണിച്ചുപോകുകയാണ്... തട്ടുകയും മുട്ടുകയും ചെയ്യുമ്പോള്‍ പളുങ്കുമണിപോലെ പൊട്ടിത്തകര്‍ന്ന് ജന്മം തുലയ്ക്കുന്ന സാധാരണ സ്ത്രീമനസ്സുകള്‍ ലജ്ജിച്ചു പോവുകയാണ്... നമുക്കുവേണ്ടി ജീവിച്ച അല്‍ഫോന്‍സാമ്മയെ നാം കാണാതെ പോയതെന്തേ? ആ ശക്തി നമ്മെ വിമലീകരിക്കേണ്ടതല്ലെ? ആ സ്നേഹം നമുക്ക് പൂങ്കാവനങ്ങള്‍ തീര്‍ക്കേണ്ടതല്ലേ? ആ സഹനമല്ലേ നമ്മുടെ കരുത്ത്! കുടുംബത്തില്‍, സമൂഹത്തില്‍ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ തകരാതെ, തളരാതെ അന്തസ്സായി മുന്നേറാന്‍ പ്രതിരോധത്തിന്‍റെ ഒരു വലിയ മലയായി നമുക്കു മുന്നില്‍ നില്‍ക്കുന്ന ആ ജീവിതത്തെയല്ലേ നാം തിരിച്ചറിയേണ്ടത്? മെഴുകുതിരികള്‍ വെളിച്ചം വിതറിക്കൊണ്ട് ഉരുകിത്തീരുകമാത്രമല്ലെന്നോര്‍ക്കണം അവ വേറൊരു രൂപാന്തരത്തിന് വഴിമാറുകകൂടി ചെയ്യുന്നുണ്ട്.