പൊടുന്നനെ ഉണ്ടായ പൊട്ടിത്തെറിയില്‍ എനിക്ക് ഒന്നും ദൃശ്യമായിരുന്നില്ല. ദേഹമാസകലം ചാരം മൂടിയിരിക്കുന്നു.  കൈപ്പത്തിയില്‍ ചോരത്തുള്ളികള്‍ ഓവുചാല്‍ തീര്‍ത്തിരിയ്ക്കുന്നു.  വെന്തുനീറുന്ന വേദന. പൊടിപടലങ്ങള്‍ക്കിടയിലൂടെ ഞാന്‍ കണ്ണ് തുറക്കുവാന്‍ ശ്രമിച്ചു. ആവൂ..... ചുട്ടുപൊള്ളുന്ന നീറ്റല്‍, കഠിന വേദനയാല്‍ ശരീരം വിറകൊള്ളുന്നു.

പുതിയതരം ആയുധങ്ങള്‍..... ഹൃദയത്തിലും മനസ്സിലും മുറിവേല്‍പ്പിക്കുവാന്‍ പോന്നത്.   ശത്രുവിന്‍റെ   ബുദ്ധി അപാരം തന്നെ. വേദനകൊണ്ട് പുളയുമ്പോഴും.. ഒന്ന് തടവാന്‍... പറ്റില്ല. തൊലി അടര്‍ന്നു പോകും. കുമിളകെട്ടി പഴുത്ത് നീര് വെച്ച് വ്രണങ്ങള്‍ സൃഷ്ടിക്കപ്പെടും. 'അല്പം വെള്ളം ബാക്കിയുണ്ട് കണ്ണുകള്‍ മാത്രം കഴുകി കൊള്ളൂ'. ശബ്ദം കേട്ട ഭാഗത്തേക്ക്  ഞാന്‍ മുഖം തിരിച്ചു. കൈകള്‍ പാതിചളുങ്ങിയ മിനറല്‍ വാട്ടര്‍ ബോട്ടി ലിലേക്ക് നീണ്ടു. ആരോ ഒരെണ്ണം എന്‍റെ കൈകളില്‍ പിടിപ്പിച്ചു. നഷ്ടപ്പെട്ട നിധി കണ്ടെത്തിയവന്‍റെ എന്തെന്നില്ലാത്ത ആവേശത്തോടെ കൈത്തലങ്ങള്‍ കൂട്ടിപ്പിണച്ച്ആ ഒരിറ്റു വെള്ളം ഞാന്‍ കണ്‍പോളകള്‍ക്ക് പുറമേയൊഴിച്ചു. അവയിങ്ങനെ ചാരവുമായി ചേര്‍ന്ന് ഒരു അഴുക്കുചാല്‍ പോലെ പൊള്ളി ച്ചു കൊണ്ടെന്‍റെ  മാറിലൂടെ പടര്‍ന്നൊഴുകി.... പോയ വഴിയെല്ലാം മാംസം വേവുന്ന ഗന്ധം. വെന്ത മാംസത്തെ ജലത്തുള്ളികള്‍ പുണരുമ്പോള്‍.... അസഹ്യമായ വേദന.... കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച അസ്ഥിക്കഷണങ്ങള്‍.... മാസങ്ങളായ് ഒരേയൊരു കാഴ്ച... ഒരേയൊരു ഗന്ധം.... നിലവിളികള്‍.... നഷ്ടപ്പെടലിന്‍റെ.... ജന്മഗൃഹത്തില്‍ നിന്നും പറിച്ചെടുക്കപ്പെട്ടവന്‍റെ ഒറ്റപ്പെടലിന്‍റെ .......

'കുഞ്ഞാവേ....' ആ നീട്ടിയവിളികേട്ടാണ്  ഞാന്‍  കണ്ണ് പാതി തുറന്നത്. പറ്റുന്നില്ല..... സെക്കന്‍റുകള്‍ക്കുമുമ്പില്‍ പൊട്ടിത്തെറിച്ച ബോംബിന്‍റെ ആഘാതം കണ്‍പോളകള്‍ കടന്ന് കൃഷ്ണമണികള്‍ക്കു കൂടി ക്ഷതമേല്‍പിച്ചിരിക്കുന്നു. ഇടം കണ്ണില്‍ നിന്നിറ്റിറ്റ് വീഴുന്ന രക്തത്തുള്ളികള്‍ തുടച്ചുമാറ്റി  ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി... അലറുകയാണ് അയാള്‍.... ഭ്രാന്തമായ് ...എന്തിനാണ്? മുന്നില്‍ ആഘാതത്തിന്‍റെ ശക്തിയാല്‍ ഞെരിഞ്ഞമര്‍ന്ന കോണ്‍ക്രീറ്റ് കട്ടകള്‍.... ഉയര്‍ന്നു പൊങ്ങി അന്തരീക്ഷത്തെ മറയ്ക്കാന്‍ ശ്രമിക്കുന്ന പൊടിപടലങ്ങള്‍.ഒന്നും വ്യക്തമാവുന്നില്ല.

നിര്‍ന്നിമേഷയായ് നോക്കി നില്പാണ് ആ അമ്മ. കോണ്‍ക്രീറ്റ് അസ്ഥിക്കുനയിലേയ്ക്ക്... പുറത്തേയ്ക്ക് തള്ളി നില്ക്കുന്ന മുഖം നഷ്ടപ്പെട്ട ഒരു കുരുന്നു കാല്പാദം. അവരുടെ മുലകള്‍ പാല്‍ കെട്ടി നീരുവെച്ച് വീര്‍ത്തിരിയ്ക്കുന്നു. അവയില്‍ നിന്ന് രക്തവും ചലവും ഒഴുകുന്നുണ്ടായിരുന്നു. കറുത്തിരുണ്ട് കട്ടി പിടിച്ച്ഓവുചാല്‍പോലെ..... ആര്‍ക്കൊ ക്കെയോ ഉറ്റവരെയോ ഉടയവരെയോ നഷ്ടപ്പെട്ടിരിക്കുന്നു.

എങ്കിലും അയാള്‍ ?

അത് ......? ഇന്നലെ   ആശുപത്രിയുടെ മുന്‍പില്‍ നെഞ്ചു തകര്‍ന്ന ഉന്തുവണ്ടിയില്‍ സോപ്പുവിറ്റിരുന്നു അയാള്‍. വലം കണ്ണിലേയ്ക്ക് പരക്കുന്ന ചുവപ്പ് രാശിക്കിടയിലൂടെ ഉറപ്പിച്ചു. അത്  അയാള്‍ തന്നെ. എന്തിനാണയാള്‍ വല്ലാത്തൊരുഹൃദയവേദനയോടെ ആര്‍ത്തലയ്ക്കുന്നത്....? ഇന്നലെയും കണ്ടിരുന്നു...

പട്ടണത്തിലെ ആശുപത്രിയില്‍...... മിസൈലേറ്റ് തകര്‍ക്കപ്പെട്ടപ്പോള്‍ .......

കൂടെയുണ്ടായിരുന്നു...... പെറുക്കിക്കൂട്ടാന്‍...... തകര്‍ന്നതെല്ലാം കൂട്ടിയോജിപ്പിയ്ക്കാന്‍...

ചോര മണക്കുന്ന അടുക്കളകള്‍, വേര്‍പെട്ട കബന്ധങ്ങള്‍, ചിതറിത്തെറിച്ച കളിസ്ഥലങ്ങള്‍, പാദസരമിട്ട കുഞ്ഞിക്കാലുകളിലെ കൊലുസുമണി കള്‍ രക്തം പുരണ്ട് മണ്ണിലലിയാന്‍ വേമ്പല്‍ പൂണ്ട് കിടപ്പാണ്. എല്ലാം ക്യാമറയിലാക്കുവോളം അയാള്‍ കൂടെയുണ്ടായിരുന്നു...... നിര്‍ന്നിമേഷനായി തന്‍റെ ക്യാമറയ്ക്കു പിന്നില്‍...വല്ലാത്തൊരു നിസംഗത അയാളുടെ മുഖത്ത് മാറാപ്പു ചാര്‍ത്തിയിരുന്നു.

ക്രീ.. ക്രീ..... ക്രീ..... മരുഭൂമിയിലെ വളര്‍ത്തു പക്ഷി... ഫാല്‍ക്കണുകള്‍.... അപ്പോഴും ഉയരത്തില്‍ പറക്കുന്നുണ്ടായിരുന്നു. ഫാല്‍ക്കണുകള്‍........? ഏതോ കൊട്ടാരത്തില്‍ വളര്‍ത്തപ്പെട്ടത്.... വട്ടക്കണ്ണുകളും കൊത്തിപ്പിളര്‍ക്കാന്‍ ശേഷിയുള്ള മാരകമായ ചുണ്ടുകളാല്‍ കരുത്താര്‍ജ്ജിയ്ക്കപ്പെട്ട കുത്തക മുതലാളിത്തത്തിന്‍റെ ഇര..... ഒരു നാള്‍ അവന്‍റെ ചിന്താധാരകള്‍ക്ക് കാരിരുമ്പിന്‍റെ കനം വയ്ക്കും....... കരുത്തും. പ്രത്യയശാസ്ത്രങ്ങള്‍ ആത്മാവില്‍ കൂടുകെട്ടി സിരകളിലൂടെ പ്രവഹിച്ച് പ്രഛണ്ണ്ട മാരുതനെപ്പോല്‍ പ്രതിലോമശക്തികളെ തച്ചുട യ്ക്കും. അന്ന് അവനെ തടഞ്ഞു നിര്‍ത്താന്‍ ഭരണ കൂടങ്ങള്‍ക്കാവുമോ...? ചിന്തകള്‍ക്ക് കനം വെച്ചു.....

ഒടിഞ്ഞു തുങ്ങിയാടുന്ന കോണ്‍ക്രീറ്റ് പാളികള്‍ക്കിടയിലൂടെ നൂഴ്ന്ന് കയറി  അയാള്‍ ഉറക്കെ വിളിയ്ക്കയാണ്.

തഴമ്പിച്ചാര്‍ത്ത കൈത്തലങ്ങള്‍ എന്തോ പരതുകയാണ്. നരച്ചു ചെമ്പിച്ചതാടി, മീശയില്‍ പൊടി പടലങ്ങള്‍ തൂങ്ങിയാടുന്നു. ഗതികിട്ടാതെ..... ആസുരവിപത്തില്‍ നിന്നും രക്ഷനേടാന്‍ സ്വയം മൃതിയടയുന്ന അല്പപ്രാണികളായ ഈയാം പാറ്റകളെപ്പോലവ.... വിയര്‍പ്പുപൂണ്ട ശരീരത്തേയ്ക്ക് പറ്റിച്ചേര്‍ന്ന് സംസാരസാഗരമാകുന്ന ഈ പ്രപഞ്ച ത്തില്‍ നിന്ന് വൃണിത ഹൃദയത്തോടെ പിന്‍വാ ങ്ങാന്‍ ശ്രമിയ്ക്കുന്നു. 'നീ എവിടെയാ...ജ്ജ് കേള്‍ ക്കുന്നുണ്ടോ....?" '....ന്‍റെ വല്യപ്പയാണ് അന്നെ വിളി യ്ക്കുന്നത്.....'അയാളുടെ ശബ്ദം തൊണ്ടയില്‍ കുരു ങ്ങുന്നുവോ......? അവയിങ്ങനെ പുറപ്പെട്ട്..... പൊളി ഞ്ഞ്....ചിതറിത്തെറിച്ച് കോണ്‍ക്രീറ്റ് കല്‍ക്കഷ്ണ ങ്ങളുടെ വിടവുകളിലൂടെ അപ്രത്യക്ഷമാകുന്നതായി അയാള്‍ക്കു തോന്നി. ഇല്ല ഒന്നിനും മരണമില്ലല്ലോ പ്രകൃതിയില്‍...ശബ്ദത്തിനും... ഊര്‍ജ്ജപ്രവാഹ ത്തിനും.... എല്ലാം അന്തരീക്ഷത്തില്‍ ജീവനോടെ.....?

കളഞ്ഞു പോയ എന്തോ ഒന്ന് മരുഭൂമിയില്‍ തിരയുന്നവന്‍..... ഒടുക്കംകണ്ടു കിട്ടുമ്പോള്‍ ആഹ്ലാദത്താല്‍ വിങ്ങിപ്പൊട്ടുന്നവന്‍...... അയാളുടെ കണ്ണുകള്‍ വിടരുന്നത് പൊടിപടലങ്ങള്‍ക്കിടയിലും ഞാന്‍  ശ്രദ്ധിച്ചു. അവയങ്ങനെ ചന്ദ്രരശ്മിയുടെ തലോടലാല്‍ പുളകിതയായ നിശാഗന്ധി പോല്‍ വിടരുന്നു...... ഒടിഞ്ഞു തൂങ്ങിയ കമ്പിക്കഷ്ണങ്ങള്‍ ക്കിടയില്‍ നിന്ന് എന്തോ അടര്‍ത്തി മാറ്റുകയാണ്. മുകളില്‍ ഡെമോക്ലിസിന്‍റെ വാള്‍പോലെ തൂങ്ങി യാടുന്ന കോണ്‍ക്രീറ്റ് പാളികള്‍. ഇല്ല..... അയാള്‍ അതൊന്നും ശ്രദ്ധിയ്ക്കുന്നതേ ഇല്ല. അവസാനം.... ഞാന്‍ സൂക്ഷിച്ചു നോക്കി..... തുരുമ്പിച്ച കോണ്‍ ക്രീറ്റ് കമ്പികള്‍ക്കിടയില്‍ നിന്ന്.... ഒരു സുന്ദരിപ്പാവ.....!  എന്‍റെമുരടനക്കം അയാളുടെ തെല്ലു സന്തോഷത്തെ അസ്തമിപ്പിച്ചുവോ....? 'ദേ ഇന്നലെ.... ഇവിടെ നിന്നാ കിട്ടിയത് എന്‍റെ കുഞ്ഞാവേനെ.....".'ഇത് അവളുടെയാ. പാവക്കുട്ടിയെയും അങ്ങെനെയാ വിളിയ്ക്കാറ്..... കുഞ്ഞാവ     .....'. ഞാന്‍ സൂക്ഷിച്ചു നോക്കി. വലിയ കോണ്‍ക്രീറ്റ് കമ്പികള്‍ തുളച്ചുകയറി ഹൃദയം ഞെരിച്ച് തകര്‍ത്തിരിയ്ക്കുന്നു..... പിച്ചിചീന്തപ്പെട്ട ഏതാനും വര്‍ണ്ണക്കടലാസുകള്‍..... അവളുടെ ഹൃദയഭാഗത്ത്.... അവയങ്ങനെ എഴുന്നേറ്റ് അയാളുടെ നേരെ പല്ലി റുമ്മുകയും കൊഞ്ഞനം കുത്തുകയും ചെയ്യുന്നു. കണ്ണുകള്‍ ഇറുക്കി അടച്ച്'.... അല്ല.... അടയ്ക്കപ്പെട്ട ഒരു സുന്ദരിക്കുട്ടി..... അതേ  അയാളുടെ   കുഞ്ഞാ വയെപ്പോലെ തന്നെ.... ഒരു സുന്ദരിക്കുട്ടി..... കുറുമ്പ ത്തിയായിരുന്നു. ചന്തയിലും മിഠായിക്കടയിലും പാര്‍ക്കിലുമെല്ലാം.... വര്‍ണ്ണപ്പെട്ടുകള്‍ വിരിയിച്ച്.... എല്ലായിടത്തും ഒരുമിച്ചാ പോവ്വാറ് ' വല്ല്യുപ്പാ....' 'ആ വിളിയുടെ സുഗന്ധം....ഇനി എന്നാണ്". അയാ ളുടെ കണ്ണീര്‍പാടേ വറ്റിയിരിക്കുന്നു.

അവളുടെ കൊഞ്ചലുകള്‍.... വഴിയരികിലെ മണല്‍ത്തരികള്‍ക്കുവരെ അവളൊരുല്‍സവമായി രുന്നു.  'ഉണ്ണീ.... മുന്നോട്ട്.....' തലകുനിച്ചു നിന്നിരുന്ന അക്ഷേഷ്യ മരങ്ങള്‍ക്കിടയിലുടെ പാരിജാത ത്തിന്‍റെ സുഗ്ന്ധം പേറിയുള്ള അവളുടെ കൊഞ്ച ലുകള്‍..... ഓമനിയ്ക്കാന്‍ വൃക്ഷങ്ങള്‍ പോലും വരി നില്ക്കുമായിരുന്നു. അവസാനം കല്‍ക്കഷ്ണങ്ങള്‍ ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന്...... അപ്പഴും മാലാഖയെ പ്പോല്‍ സുന്ദരിയായിരുന്നു...... കണ്ണുകള്‍ ഇറുക്കിയ ടച്ച് ഇടം കണ്ണ് മാത്രം പാതിതുറന്ന്..... പലപ്പോഴും അവളുടെ ഉപ്പായെ കളിപ്പിയ്ക്കാറുള്ളതുപോലെ.....

മാറോട് ചേര്‍ത്തു..... വൃദ്ധനായ അയാള്‍  .... ഹൃദയത്തിന്‍റെ ചൂട് പകരാന്‍.... പക്ഷേ തണുത്തു റഞ്ഞ അവളുടെ ഹൃദയം..... ഒരായിരം ഉമ്മകള്‍..... പറ്റിയില്ല.... വല്ല്യുപ്പാ.....എന്ന വിളി ഒരിയ്ക്കല്‍ കൂടി..... പറ്റിയില്ല. അവസാനം  അയാള്‍..... കണ്ണു കള്‍......  കണ്ണുകളോട് ചേര്‍ത്ത്..... കണ്ടു.....അവള്‍ പറക്കുകയാണ്....

മെല്ലെ... മെല്ലെ....
മാലാഖമാരുടെ....
യുദ്ധമില്ലാത്ത.....
ദേശത്തേയ്ക്ക്.....
ഏഴാം കടലുകള്‍ക്കപ്പുറമുള്ള.....

'എങ്കിലും..... ഒരിപ്രാശം കൂടി...... വല്ല്യുപ്പാ.....' അയാളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.... അവമുറിഞ്ഞ് കണ്ണീരും ചലവും ഒഴുകുന്നതായി എനിക്ക്  തോന്നി.

മടിച്ച്... മടിച്ച്... ഞാന്‍ ചോദിച്ചു. 'എനിയ്ക്ക് ആ പാവ തരുമോ.....?' 'ഇന്നത്തേയ്ക്ക് മാത്രം... എന്‍റെ അമ്മുക്കുട്ടിയെപ്പോലെ തന്നെ' ഞാന്‍ കൊച്ചു കുഞ്ഞിനെപ്പോലെ ആ പാവയ്ക്കായി കെഞ്ചി. അമ്മു....വളെരെ ശ്രമപ്പെട്ടാണ് ആ പേര് കണ്ടു പിടിച്ചത്. ഹിന്ദുവോ ക്രിസ്ത്യാനിയോ ആവരുത്, ജൂതനോ മുസ്ലീമോ ആവാത്ത ഒരു പേരു വേണം, അത്രയ്ക്ക് നിര്‍ബന്ധമായിരുന്നു, ഭാര്യയ്ക്ക്. നാട്ടില്‍ മുത്തശ്ലി പറയുമായിരുന്നു. 'അപരന്‍റെ ഉള്ളിലെ ഓംകാരത്തെ തിരിച്ചറിയുന്നവനാണ് യഥാര്‍ത്ഥ ഭക്തന്‍' അവന് ഹിംസിയ്ക്കുവാനറിയില്ല. ഹൃദയത്തില്‍ ഒരേയൊരു വികാരം.... സ്നേഹം..... സ്നേഹം മാത്രം. അതിങ്ങനെ സ്വഛമായൊഴുകുന്ന അരുവിപോലെ താഴ്വാരങ്ങളെയും മരുഭൂമികളെയും നനയ്ക്കുകയും മനുഷ്യമനസ്സിനെ പച്ചപ്പണിയിക്കുകയും ചെയ്യും. തെല്ലുനേരം എന്‍റെ ചിന്തകള്‍... ലക്ഷ്യം തെറ്റിയ ദേശാടനപക്ഷിയെപ്പോല്‍......

'എന്തിനാ സാറിന്......? വാര്‍ത്ത ചെയ്യാനെത്തിയതല്ലേ..... സാറ്....?' 'ഞങ്ങളുടെ ജീവിതം ഇങ്ങനാ'. 'മരണത്തിനും ജീവനും ഇടയ്ക്കുളള നൂല്‍പ്പാലം..... പക്ഷേ കുഞ്ഞുങ്ങള്‍....? അവരെന്തു പിഴച്ചു.....? 'എന്‍റെ കണ്ണുകളുടെ ഭാഷ മനസിലാ ക്കിയോ എന്തോ.... മടിയോടെ' സാറ് സൂക്ഷി ച്ചോണെ...... എന്‍റെ കുഞ്ഞാവയെപ്പോലെ തന്നാ ഇവളും എനിയ്ക്ക്.....'

ലോകം കീഴടക്കിയ സന്തോഷമായിരുന്നു.... എനിയ്ക്കന്ന്. റൂമില്‍ കുളി കഴിഞ്ഞപ്പഴത്തേയ്ക്കും രാത്രിയായിരുന്നു. ഉറങ്ങാന്‍ നേരം പതിവു പ്രാര്‍ ത്ഥനയ്ക്കിടയ്ക്ക്.... 'അങ്കിളേ......' തോന്നിയതായി രിയ്ക്കും. വീണ്ടും കൊഞ്ചി കൊഞ്ചിയുള്ള വിളി..... അയാളുടെ കണ്ണുകള്‍ നിയന്ത്രണമില്ലാതെ ചലിച്ചു. ആ കുരുന്നു മുഖം ചുമന്ന് തുടുത്തിരിയ്ക്കുന്നു. 'ഉം......എന്താ....?' ഫ്ളാറ്റിലെ ഏകാന്തതയില്‍ ഒരു മനുഷ്യശബ്ദം അതും പാല്‍മണം മാറാത്ത ഒരു കുരുന്നിന്‍റെ....?   എനിക്കുല്‍സാഹമായി 'അങ്കിളേ എന്നെ പട്ടണത്തിലേക്കൊന്നു കൊണ്ടുപോവുമോ....? എന്‍റെ വല്ല്യുപ്പ കൊണ്ടുപോവുന്നതല്ലേ...'.

കുഞ്ഞാവയുടെ പാവക്കുട്ടി..... ഈ അര്‍ദ്ധരാത്രിയ്ക്ക്..... എനിയ്ക്കാശങ്കയായി. തുടരെത്തുടരെ ആകാശത്ത് മിന്നിമറയുന്ന നക്ഷത്രങ്ങളെപ്പോല്‍ മിന്നി പൊട്ടിച്ചിതറി തകരുകയും മനുഷ്യ ഹൃദയ ങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന സ്ഫോടനങ്ങള്‍..... സ്വയം പൊട്ടിത്തെറിച്ച് അപരനെ ഇല്ലാതാക്കുന്ന ആത്മഹത്യാ സ്ക്വാഡുകള്‍..... ശത്രുസൈന്യ ത്തിന്‍റെ മുമ്പില്‍ ചാടി വീണ്....? മരിച്ചവന്‍റെയൊക്കെ കുടുംബത്തില്‍ നിന്ന് പ്രകാശം പടിയിറങ്ങിയിരി യ്ക്കാം. രക്തസാക്ഷികള്‍....? ആര്‍ക്കുവേണ്ടി.....?
പ്രത്യയശാസ്ത്രങ്ങള്‍ക്കായോ...?

ഈശ്വരനു വേണ്ടിയോ....?

എനിയ്ക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

തുള്ളിച്ചാടി അവള്‍..... സന്തോഷമായി..... ഗാരിയേജില്‍ നിന്ന് സൈക്കിള്‍ തള്ളിയിറക്കിയപ്പോള്‍.... ആയിരം മാലാഖമാര്‍ പൂര്‍ണ്ണ ചന്ദ്രപ്രഭയില്‍ നൃത്തം വയ്ക്കുന്നതുപോല്‍.... ഏതോ താരാട്ടുപാട്ടിന്‍റെ താളത്തില്‍ അവള്‍...... 'കുഞ്ഞാവേ.... ആരാ നിന്നെ പാട്ടുപാടാന്‍ പഠിപ്പിച്ചത്.....?' 'വല്യുപ്പാ.... വല്യുപ്പായ്ക്ക് വല്ല്യ സന്തോഷമായിരുന്നു ഞാന്‍ പാടുമ്പോള്‍.... പക്ഷേ.....?'  

പ്രകൃതി അമ്മിഞ്ഞപ്പാല്‍ ചുരത്തി അവളെ നോക്കുന്നുവോ....? ...മനുഷ്യന്‍...; കാണേണ്ടതു കാണാത്തവന്‍..... ഹൃദയം മരവിച്ച ജീവഛവങ്ങള്‍.

'ദേ.... അതായിരുന്നു വല്യുപ്പായുടെ മിഠായിക്കട' അവള്‍ ചുണ്ടിക്കാട്ടിയിടത്തേയ്ക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി. പ്രകൃതി കക്കിത്തെറിച്ചതു പോലെ എന്തൊക്കെയൊ ചീഞ്ഞുനാറുന്നു. ശവശരീരങ്ങളാവാം. മനുഷ്യന്‍റെയോ.... തെരുവുനായയുടെയോ....? ഇടിഞ്ഞു താണ മുഖം നോക്കിയോ, രക്തം നോക്കിയോ തിരിച്ചറിയുക അസാദ്ധ്യം. മനുഷ്യ മനസുപോലെ അവിടവിടെ രൂപപ്പെട്ട കുഴികള്‍....സ്ഫോടനത്തിന്‍റെ പ്രത്യാഘാതം.... ഭൂമി.... തടുക്കാന്‍ ശ്രമിച്ചവ... അമ്മ മക്കളുടെ നേരെ ഉയരുന്ന ഖഡ്ഗങ്ങളെ മാറില്‍ സ്വയം ഏറ്റുവാങ്ങുന്നതുപോലെ; പ്രകൃതി.....! പക്ഷേ തോല്‍പിച്ചുകളഞ്ഞല്ലോ... ഹൃദയമില്ലാത്തവന്‍റെ ക്രൗര ഗര്‍ജ്ജനം....' ദേ.... ഇതാണ് വല്ല്യുപ്പയുടെ ഇരട്ടക്കസേര'. ഞാന്‍ സൂക്ഷിച്ചു നോക്കി. വല്ല്യ കുഷ്യനിട്ട  കസേരയുടെ ഒത്ത നടുക്ക് തുന്നി ച്ചേര്‍ത്ത ചെറിയൊരെണ്ണം'  റോസ് വെല്‍വെറ്റ് പൊതിഞ്ഞത്. ഉപ്പ ഇരിയ്ക്കുമ്പോള്‍ ഉപ്പയുടെ മടിയിലിട്ട് ഇരിയ്ക്കും. അവളുടെ സംഭാഷണങ്ങള്‍ എന്‍റെ മനസ്സില്‍ ആത്മബന്ധത്തിന്‍റെ ചിലതീവ്ര ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തു.

'ദേ ഉപ്പായുടെ താടി'  മേശപ്പുറത്തെ നരച്ചു രുണ്ട് ചെമ്പിച്ച താടിരോമങ്ങളിലൊന്ന് ഉയര്‍ത്തി ക്കാണിച്ച് 'ഇന്നലെ കളിച്ചതാ.... കളിക്കിടെ...... ഉപ്പയ്ക്ക് വേദനിച്ചു കാണും'. '....പക്ഷേ എല്ലാ കളിക്കും വല്ലുപ്പ തോല്‍ക്കും ഞാന്‍ ജയിക്കും പക്ഷേ ....ഇപ്പോ ....?' 'സ്നേഹം സ്വയം. തോല്‍ക്കുന്നു. കറയറ്റ സ്നേഹം..... അസുരന്‍റെ ആസുര ഭാവത്തെ ഭസ്മമാക്കും..... എനിയ്ക്കപ്പോള്‍ ഓര്‍മ്മവന്നു.

ഇടയ്ക്കൊക്കെ അവള്‍ കണ്ണുകളുയര്‍ത്തി ആകാശത്തിലേയ്ക്ക് നോക്കും. നക്ഷത്ര കൂടാര ങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞി നക്ഷത്രം. അതിങ്ങനെ മറ്റുള്ളവയാല്‍ അകമ്പടി സേവിച്ച് സുന്ദരി കുട്ടിയാ യിരിയ്ക്കുന്നു. ഞാനതിനെ കണ്ണിമയക്കാതെ നോക്കി നിന്നു....ആ കുരുന്നിന്‍റെ മുഖത്തേയ്ക്കും.

'അങ്കിളേ.... അങ്കിളെന്തിനാ പേടിപ്പെടുത്തുന്ന പൊട്ടിത്തെറികള്‍ക്കിടയിലൂടെ എന്നെ...? ഇവിടെ....?  വല്ലുപ്പയുടെ മിഠായിക്കടയില്‍ കൊണ്ടുവന്നേ....? "കുഞ്ഞിനെ ഇഷ്ടമായിട്ട്...നീ എനിയ്ക്ക് എന്‍റെ അമ്മുവിനെപ്പോലെ തന്നെ" എന്‍റെ മറുപടി പെട്ടെന്നായിരുന്നു. 'മനുഷ്യന്‍ മാര്‍ക്ക് എന്നെ ഇഷ്ടപ്പെട്ടതുപോലെ.... ഇഷ്ടപ്പെടാത്തതെന്ത്....? പരസപരം.... . എങ്കില്‍ എനിയ്ക്ക് ഉപ്പയുടെ കൂടെ ഇപ്പഴും കളിയ്ക്കാമായിരുന്നു..... കഥകള്‍ കേള്‍ക്കാ മായിരുന്നു.... കൊതിയാവുന്നു.....". അവളുടെ ചോദ്യങ്ങള്‍ ഒന്നൊന്നായി എന്നെ കുഴക്കി.
മനുഷ്യന്‍ ഭൂമിയില്‍ ജന്മം കൊണ്ടനാള്‍ മുതല്‍ സ്വാര്‍ത്ഥതയും ദുരയും അവന്‍റെ കൂടപ്പിറപ്പു കളാണെന്ന് അവള്‍ക്കറിയില്ലല്ലോ. വെട്ടിപ്പിടി യ്ക്കാനും സങ്കുചിത ചിന്താധാരകള്‍ അടിച്ചേല്‍പ്പി ക്കുവാനുമായി മെനഞ്ഞ തത്വചിന്താധാരകള്‍. തൊലി വെളുപ്പിന്‍റെയും വിശ്വാസത്തിന്‍റെയും പേരി ലുള്ള വേലിക്കെട്ടുകള്‍, അവ അവനെ വരിഞ്ഞു മുറുക്കി അവയൊരുക്കുന്ന ചിതയില്‍ ആത്മാഹൂതി ചെയ്യാന്‍ വിധിയ്ക്കപ്പെട്ടവന്‍..... വേലിക്കെട്ടുകള്‍ തച്ചുടച്ച് അപരന്‍റെ കണ്ണുകളില്‍ സ്വന്തം സത്ത ദര്‍ശ്ശിയ്ക്കാന്‍ എന്നാണ് അവനാവുക..... എന്‍റെ ചിന്തകള്‍ക്ക് മരുഭൂമിയിലെ പൊടിക്കാറ്റിന്‍റെ ഗതിവേഗമാര്‍ജ്ജിച്ചു.

'അങ്കിളേ.... എനിയ്ക്ക് വല്ല്യുപ്പയെ കാണണം. ഉപ്പയുടെ പോക്കറ്റില്‍ കാണും.... ഞാന്‍ മരി യ്ക്കുമ്പോ.... അറ്റുതൂങ്ങിയ എന്‍റെ ഇടത്തെ ചെവി യിലെ കമ്മല്‍.... കാണും.... ഉപ്പയുടെ കരച്ചില്‍.... വയ്യ.... എന്നെ മാറോടണച്ച്.... പറയണം.... സൂക്ഷി ക്കണമെന്ന്..... പറിച്ചെടുത്ത് ചവിട്ടിയരയ്ക്കപ്പെട്ട ഉദ്യാനത്തിലെ പുമാട്ടുകളുടെ ഓര്‍മ്മയ്ക്കായ്..... ആ കമ്മല്‍.... എന്‍റേത്.... എന്‍റേതു മാത്രം....."

ഞാനവളുടെ കണ്ണുകളിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ ശ്രമിച്ചു..... സ്ഫോടനത്തിന്‍റെ അരുണിമ അവയില്‍ നിന്ന് വറ്റിയിരിയ്ക്കുന്നു. അവിടെ.... അവിടിപ്പോഴും സ്വപ്നങ്ങള്‍ തുടിയ്ക്കുന്നുവോ.....?

അതിജീവനത്തിന്‍റെ തീയില്‍കുരുത്ത ഏതോ ഒരു ശിശുവിന്‍റെ, മറച്ചു കെട്ടിയ ടാര്‍പോളിന്‍ ഷീറ്റി നടിയില്‍ നിന്നുമുള്ള  കരച്ചില്‍, എന്നെ തപ്തസ്മരണകളുടെ ലോകഞ്ഞു നിന്ന് മെല്ലെ തട്ടിയുണര്‍ത്തി.

പ്രകൃതിയുടെ നീതിശാസ്ത്രം....!

You can share this post!

വെള്ളിക്കാശിന്‍റെ നൊമ്പരം

സണ്ണി ജോര്‍ജ്
Related Posts