news-details
കഥ

വെള്ളിക്കാശിന്‍റെ നൊമ്പരം

ഇനി കാത്തുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. തനിക്കിനിയൊന്നും ചെയ്യാനാവില്ല. പാറയുടെ മറവില്‍നിന്നും അയാള്‍ പുറത്തുവന്നു. വെയിലിന് തീക്ഷ്ണത കുറഞ്ഞിട്ടുണ്ട്. എങ്കിലും ചുട്ടുപഴുത്ത മണ്ണില്‍നിന്നും ചൂട് മുകളിലേക്ക് ഉയരുന്നു. എവിടുന്നോ ചീറിയടിക്കുന്ന ഉഷ്ണക്കാറ്റില്‍ അയാള്‍ വീഴാതിരിക്കാന്‍ ശ്രമിച്ചു. ഉഷ്ണവാതമേറ്റപ്പോള്‍ തല വെട്ടിക്കുടഞ്ഞു. കാറ്റിന് അസഹനീയമായ ചൂട്.

മാനത്ത് കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു. വെയിലേറ്റ് അവയുടെ ചിറകുകള്‍ തിളങ്ങി. അയാള്‍ താഴെ മലയടിവാരത്തിലേക്കു നോക്കി. നോക്കെത്താദൂരത്തോളം മണല്‍ക്കാടുകള്‍. ഇടയ്ക്കിടെ പച്ചപ്പൊട്ടുകള്‍പ്പോലെ മുള്‍ച്ചെടികള്‍. ഒരു പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ് കുന്നിന്‍മുകളിലേക്ക് നടപ്പാത. പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒരു ദുരന്തസാക്ഷിയായി അതങ്ങനെ നീണ്ടുകിടക്കുന്നു.

വെയിലിന്‍റെ ചൂട് വകവയ്ക്കാതെ ആളുകള്‍ മലമുകളിലേക്കു വന്നൂകൊണ്ടിരിക്കുകയാണ്. ചിലരൊക്കെ മടങ്ങിപ്പോകുന്നുണ്ട്. അയാള്‍ വീണ്ടും പാറയുടെ മറപറ്റി തിരിഞ്ഞുനോക്കി. കാഴ്ചക്കാര്‍ ധാരാളമുണ്ട്. ചിലര്‍ മുള്‍ച്ചെടിയുടെ തണല്‍പ്പറ്റിയിരിക്കുന്നു. പട്ടാളക്കാര്‍ തിരക്കിട്ട പണിയിലാണ്. പുരോഹിതന്മാര്‍ അവര്‍ക്ക് നേതൃത്വം കൊടുക്കുന്നു. ഏതാനും വിനാഴികക്കുള്ളില്‍ അതു പൂര്‍ത്തിയാവും. തന്നെക്കൊണ്ടിനി ഒന്നും ചെയ്യാനാവില്ല. അരുതാത്തതു ചെയ്തു കഴിഞ്ഞു.

കുറ്റബോധം അയാളെ അസ്വസ്ഥനാക്കി. ഇനിയൊരു നിമിഷംപോലും ഈ കാഴ്ചകണ്ട് തനിക്കിനി ഇവിടെ നില്‍ക്കാനാവില്ല. അയാള്‍ മറ്റൊരു വഴിയിലൂടെ അതിവേഗം കുന്നിറങ്ങി.

യെരുശലേമില്‍ എവിടെയും ആഘോഷമാണ്.  വിമോചനത്തിന്‍റെ ഓര്‍മ്മത്തിരുനാള്‍. പുരോഹിതന്മാര്‍ക്കായിരുന്നു ഏറെ സന്തോഷം. വര്‍ഗ്ഗശത്രുവിനെ, തങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടിയവനെ കഴുമരത്തിലേക്ക് നയിച്ച ദിവസം.

കുന്നിറങ്ങിക്കൊണ്ടിരുന്ന യൂദാസിന്‍റെ കാതില്‍ ഒരു തേങ്ങലിന്‍റെ സ്വരം മുഴങ്ങി. ചുംബനത്താല്‍ ഒറ്റിക്കൊടുക്കപ്പെട്ടവന്‍റെ വിലാപത്തിന്‍റെ സ്വരം. അയാള്‍ കണ്ണടച്ച് നിശ്ശബ്ദനായി നിന്നു. ഇപ്പോള്‍ മുന്‍പില്‍ ഗുരുവും തന്‍റെ കൂട്ടുകാരും മാത്രം.

ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. താക്കീതു ചെയ്തു വിട്ടയയ്ക്കും എന്നാണ് കരുതിയത്. ഏറിയാല്‍ നാടുകടത്തും. അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കുമെന്നു കരുതിയില്ല. അങ്ങനെയായിരുന്നല്ലോ അവര്‍ പറഞ്ഞിരുന്നതും. പക്ഷേ ഇപ്പോള്‍ തന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയി. സ്വന്തം ഗുരുവിനെ ഒറ്റിക്കൊടുത്തു എന്ന ശാപവുമായി ഇനിയുള്ള കാലം ജീവിക്കേണ്ടിവരും.

പണം സൂക്ഷിപ്പുകാരനായത് പണത്തിനോടുള്ള തന്‍റെ അത്യാഗ്രഹം കൊണ്ടായിരുന്നില്ല. ഗുരു ഏല്പിച്ച ചുമതല നിര്‍വ്വഹിച്ചു എന്നു മാത്രം. പണത്തിനോട് ആര്‍ത്തിയുണ്ടായിരുന്നെങ്കില്‍ എല്ലാം ഉപേക്ഷിച്ച് ഗുരുവിന്‍റെ കൂടെ ഒരിക്കലും ഇറങ്ങുകയില്ലായിരുന്നുവല്ലോ. പണം ദുര്‍വ്യയം ചെയ്യുന്നതു വിലക്കിയപ്പോള്‍ ഗുരുപോലും തന്നെ സംശയത്തോടെ നോക്കിയില്ലേ. ഒരു വെണ്‍കല്‍ഭരണി നിറയെ ഒരു സ്ത്രീ കൊണ്ടുവന്ന വിലയേറിയ പരിമളതൈലമാണ് ഈ ദുരന്തങ്ങളുടെയെല്ലാം തുടക്കം. ബഥാനിയിലെ ഒരു വീട്ടില്‍ ഗുരുവിനെ വിരുന്നിനു ക്ഷണിച്ചിരുന്നു. വിരുന്നിന്‍റെ വേളയില്‍ ആ സ്ത്രീ വന്ന് ഗുരുവിന്‍റെ പാദം പരിമളതൈലം കൊണ്ട് കഴുകി. അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ ഒരാളായിരുന്നു അത്. ഏതാണ്ട് ഒരു നൂറ് വെള്ളിക്കാശ് അതിനു വില വരും.

ആ പരിമളതൈലം വിറ്റ്, ആ പണം ദരിദ്രര്‍ക്ക്  കൊടുക്കാമായിരുന്നില്ലേ എന്ന് താന്‍ ചോദിച്ചതില്‍ എന്താണ് തെറ്റ്? അധര്‍മ്മത്തിനും അനീതിക്കുമെതിരെ എന്നും ശബ്ദമുയര്‍ത്തിയ ഗുരുവിന്‍റെ ശിഷ്യന്‍ അങ്ങനെ ചോദിച്ചതില്‍ തെറ്റുണ്ടോ? വിപ്ലവകാരിയായ ഗുരുവിന്‍റെ ശിഷ്യനും വിപ്ലവകാരിയായതു തെറ്റാണോ? പക്ഷേ, ഗുരുവിനോ മറ്റു ശിഷ്യന്മാര്‍ക്കോ താന്‍ പറയുന്നത് ഉള്‍ക്കൊള്ളാനായില്ല.  ആ വീട്ടില്‍വച്ച് താനൊരു നിഷേധിയാകുകയായിരുന്നു, അവഹേളിക്കപ്പെടുകയായിരുന്നു. ആ നിമിഷം മുതല്‍ ഗുരുവിനോട് പക തോന്നിയിരുന്നു എന്നത് സത്യമാണ്, പക്ഷേ...

ദിവസങ്ങള്‍ കടന്നുപോകുംതോറും താന്‍ കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. പലപ്പോഴും മറ്റു ശിഷ്യന്മാരാല്‍ നിന്ദിക്കപ്പെട്ടു. അപ്പോഴൊക്കെ ഗുരു നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്. അങ്ങനെയിരിക്കവെയാണ് തന്‍റെ സഹപാഠിയായ ഒരു യഹൂദ പുരോഹിതനെ കണ്ടുമുട്ടിയത്. തങ്ങളെക്കുറിച്ച് അയാള്‍ വളരെ താല്‍പര്യപൂര്‍വ്വം അന്വേഷിച്ചു. അയാളില്‍നിന്നുമാണ് പുരോഹിതന്മാര്‍ തന്‍റെ ഗുരുവിനെതിരെ കരുക്കള്‍ നീക്കുന്നുണ്ട് എന്നും ഒരു അവസരത്തിനായി അവര്‍ കാത്തിരിക്കുകയാണ് എന്നും  അറിഞ്ഞത്. ആ ശപിക്കപ്പെട്ട നിമിഷത്തില്‍ ഗുരുവിനേടുള്ള തന്‍റെ പക ഉണര്‍ന്നു. അയാളോട് ഗുരുവിനെക്കുറിച്ച് കൂടുതലായി പറഞ്ഞു. എല്ലാം അറിഞ്ഞുകഴിഞ്ഞ് ഒരു ചെറുചിരിയോടെ അയാള്‍ നടന്നകന്നു.

ഗുരുവിന്‍റെ വചനധാരയില്‍ മുങ്ങി ആയിരങ്ങള്‍ വിശ്വാസികളായി. ഗുരുവിന്‍റെ ഉപദേശങ്ങള്‍ അവര്‍ ജീവിതവ്രതമാക്കി. കാലത്തിന്‍റെ ഒഴുക്കില്‍ എല്ലാം മായിക്കപ്പെടുന്നു. ഗുരുവിനോടുള്ള തന്‍റെ വിദ്വേഷവും അക്കൂട്ടത്തില്‍ എവിടെയോ നഷ്ടപ്പെട്ടിരുന്നു. ശിഷ്യസംഘത്തിന്‍റെ പണമിടപാടുകള്‍ താനായിരുന്നു വീണ്ടും നടത്തിക്കൊണ്ടിരുന്നത്. മറ്റു ശിഷ്യര്‍ക്ക് തന്നിലുള്ള അവിശ്വാസം നീങ്ങിയതുപോലെ. നാളുകള്‍ കഴിഞ്ഞുകൊണ്ടിരുന്നു. പെസഹാത്തിരുനാളിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ആഘോഷിക്കുവാന്‍ ഗ്രാമങ്ങളില്‍നിന്നും ധാരാളം ആളുകള്‍ യെരൂശലേമില്‍ എത്തിക്കൊണ്ടിരുന്നു. അന്ന് ഒരു കഴുതക്കുട്ടിയുടെ പുറത്തുകയറി ഒരു ദാസനെപ്പോലെ ഗുരു പട്ടണത്തിലേക്ക് വന്നു. ഒരു രാജാവിനെയെന്നപോലെ ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു. ആയിരങ്ങള്‍ അദ്ദേഹത്തിന് ജയ് വിളിച്ചു. അവരുടെ വിശ്വാസം കണ്ടപ്പോള്‍ താനും അത്ഭുതപ്പെട്ടുപോയി. പക്ഷേ ഇന്ന് ആ ജനങ്ങള്‍ത്തന്നെ... ഉള്ളില്‍നിന്നും ഉയര്‍ന്നുവന്ന തേങ്ങല്‍ വേദനയോടെ അയാള്‍ ഒതുക്കി.

അയാള്‍ കുന്നിറങ്ങിക്കഴിഞ്ഞിരുന്നു. ദൂരെയായി യെരൂശലേം ദൈവാലയം, മൂകസാക്ഷിയായി വാനോളം തലയുയര്‍ത്തി നില്‍ക്കുന്നു. അയാള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് വഴുതിവീണു. ഇന്നലെയായിരുന്നു പെസഹാത്തിരുനാള്‍. പെസഹാ കൂടുവാന്‍ തിരഞ്ഞെടുത്തത് സെഹിയോന്‍ മാളികയായിരുന്നു. പെസഹാ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ "നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും" എന്നു ഗുരു പറഞ്ഞപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കായി. മുഖം വിളറുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ താന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നു. തന്നെ മറ്റുള്ളവര്‍ മനസ്സിലാക്കുന്നില്ലല്ലോ എന്ന ദുഃഖമായിരുന്നു അപ്പോഴും. പക്ഷേ താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു ഗുരുവിന്‍റെ അടുത്തചോദ്യം. "യൂദാസേ, നീ പോകുന്നില്ലേ? " തന്‍റെ മനസ്സിലിരുന്ന് ആരോ പറയുന്നതുപോലെ, 'ഗുരുവിന് ഇനി നിന്നെ വേണ്ട, നീ പൊയ്ക്കൊള്‍ക.' തന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു, പല വികാരങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. എന്തുചെയ്യണം എന്നു തിരിച്ചറിയാനാകാത്ത അവസ്ഥ. പിന്നീട് അവിടെ നിന്നില്ല. ഇരുട്ടിലേക്കിറങ്ങി നടക്കുകയായിരുന്നു, ലക്ഷ്യമില്ലാതെ.

തന്നെ ഉള്‍ക്കൊള്ളാത്ത ഗുരുവിന്‍റെ കൂടെ, തന്നെ ഒരു ശത്രുവിനെപ്പോലെ കാണുന്ന മറ്റ് ശിഷ്യരുടെ കൂടെ ഇനി ഇല്ല എന്നു കരുതിയാണ് ഇറങ്ങി നടന്നത്. പക്ഷേ വിധിയെ തടയാനാവില്ലല്ലോ. നടന്ന് എത്തിയത് മുന്‍പൊരിക്കല്‍ കണ്ട പരിചയക്കാരനായ പുരോഹിതന്‍റെ അടുക്കലാണ്. അയാള്‍ തന്നെ പ്രധാനപുരോഹിതന്‍റെ മുമ്പിലേക്കു കൂട്ടിക്കൊണ്ടുപോയി. ഗുരുവിനെ ഒന്നു ഭയപ്പെടുത്താനാണ്, പട്ടാളക്കാര്‍ കൂടെ വരും, അവര്‍ക്കു കാണിച്ചുകൊടുക്കണം, അടയാളമായി ഗുരുവിനെ ചുംബിക്കണം എന്നൊക്കെ പറഞ്ഞു. പ്രതിഫലമായി മുപ്പത് വെള്ളിനാണയങ്ങള്‍ തന്നു. പക്ഷേ അവര്‍ തന്നെ ചതിക്കുകയായിരുന്നു. ഭയപ്പെടുത്താനാണ് എന്നു  പറഞ്ഞിട്ട്, ഇപ്പോള്‍...

വഴിയില്‍ തിരക്കു കുറഞ്ഞിട്ടുണ്ട്. ചില മുഖങ്ങളില്‍ നിര്‍വൃതിയുടെ നിഴലാട്ടം. ചിലര്‍ കരയുന്നുണ്ട്. ഒരുപക്ഷേ അവര്‍ ഗുരുവിന്‍റെ ആരാധകരായിരിക്കും.  നാലു നാളുകള്‍ക്കു മുന്‍പ് ഗുരുവിന് ഓശാന വിളിച്ചവര്‍ തന്നെ ഇന്നു രാവിലെ അവനെ കൊല്ലുവാന്‍ മുറവിളി കൂട്ടി. മനുഷ്യര്‍ എത്ര പെട്ടെന്നാണ് മാറുന്നത്. താനും അതുതന്നെയല്ലേ ചെയ്തത്. ഒരു ഞെട്ടലോടെ അയാള്‍ ഓര്‍ത്തു. ഗുരുവിനെ ഒറ്റിക്കൊടുത്ത ശിഷ്യന്‍, തന്‍റെ പേരിനൊപ്പം കുറിക്കാന്‍ ബാക്കിയായത്. അയാള്‍ കുപ്പായക്കീശയില്‍ തപ്പിനോക്കി. പണക്കിഴി അവിടെത്തന്നെയുണ്ട്. മുപ്പതു വെള്ളിക്കാശ്. അയാള്‍ ദൈവാലയമുറ്റത്ത് എത്തി. ആരെയും കണ്ടില്ല. തുറന്നുകിടന്ന വാതിലിലൂടെ അയാള്‍ ദൈവാലയത്തിനുള്ളില്‍ കടന്നു.

"നിനക്കെന്താണ് ഇവിടെ കാര്യം?" ദൈവാലയ സൂക്ഷിപ്പുകാരനായ പുരോഹിതന്‍ ചോദിച്ചു.

"എവിടെ അവന്‍, പ്രധാന പുരോഹിതന്‍. എന്നെ ചതിച്ചവന്‍."

"അതിനു ഞങ്ങളാരും നിന്നെ ചതിച്ചില്ല, നീ ചെയ്ത ജോലിക്കു പ്രതിഫലം തന്നില്ലേ, മുപ്പതുവെള്ളി നാണയങ്ങള്‍." മറ്റൊരു പുരോഹിതന്‍ പറഞ്ഞു.

"ഇതു നീതിമാന്‍റെ രക്തത്തിന്‍റെ വിലയാണ്. ഇതാ ആ പണം, ഇതു എനിക്കു വേണ്ട" അയാള്‍ പണക്കിഴി അവരുടെ നേരെ നീട്ടി.

"രക്തത്തിന്‍റെ പണം ഞങ്ങള്‍ക്കും വേണ്ട. നിന്‍റെ ഗുരുവിനെ ചൂണ്ടിതന്നതിന് നിനക്ക് ലഭിച്ച പ്രതിഫലമല്ലേ. നീ തന്നെ എടുത്തുകൊള്ളുക." അവര്‍ പൊട്ടിച്ചിരിച്ചു. അയാള്‍ കൈയിലിരുന്ന പണക്കിഴി ദൈവാലയത്തിനുള്ളിലേക്ക് വലിച്ചെറിഞ്ഞു. ദൈവാലയഭിത്തിയില്‍ തട്ടി നാണയങ്ങള്‍ ചിതറി വീണു. നാണയങ്ങളുടെ കിലുക്കം മരണത്തിന്‍റെ ചിലമ്പല്‍പോലെ അയാളുടെ കാതുകളില്‍ മുഴങ്ങി. മുഖംപൊത്തി കരഞ്ഞുകൊണ്ട് അയാള്‍ ദൈവാലയത്തില്‍നിന്നും പുറത്തേയ്ക്ക് ഓടി.

ഗുരുവിനെ വഞ്ചിച്ചു എന്ന ചിന്ത അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. താന്‍ ഇങ്ങനെ ചെയ്യുമെന്ന് ഗുരു പ്രതീക്ഷിച്ചിരിക്കില്ല. അതോ അദ്ദേഹത്തിന് അറിയാമായിരുന്നോ? തനിക്കാണ് തെറ്റു പറ്റിയത്.   ഗുരുവിനെ തനിക്കു മനസ്സിലാക്കാന്‍ കഴിയാതെപോയി. അയാള്‍ ചുറ്റും നോക്കി. വിജനമായ പ്രദേശം. ദൂരെയായി ഗാഗുല്‍ത്താമല കാണാം. ജീവന്‍റെ തുടിപ്പ് ഇപ്പോഴും അവിടെ ബാക്കിയാണോ? അയാള്‍ തുറിച്ചുനോക്കി.

പടര്‍ന്നു പന്തലിച്ച അത്തിമരത്തിന്‍റെ കൊമ്പിലിരുന്ന് ഒരു നായയെപ്പോലെ  അയാള്‍ കിതച്ചു. എവിടെ നിന്നോ ഒരു വിലാപഗീതം കേള്‍ക്കുന്നില്ലേ... മരണത്തിന്‍റെ താരാട്ടുപോലെ. ദൈവാലയത്തില്‍ വലിച്ചെറിഞ്ഞ നാണയങ്ങളുടെ കിലുക്കം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. മുപ്പത് വെള്ളിക്കാശിന് ഗുരുവിനെ ഒറ്റിക്കൊടുത്തവന്‍. ലോകത്തിന്‍റെ ശാപവും പേറി തനിക്കിനിയൊരു ജീവിതം വേണ്ട.

ഉഷ്ണക്കാറ്റ് ചീറിയടിച്ചു. മാനത്ത് കറുത്ത മേഘങ്ങള്‍ നിരന്നു കഴിഞ്ഞു. മഴയ്ക്കുള്ള പുറപ്പാടാണ്. കാറ്റില്‍ ഉലയുന്ന അത്തിമരത്തിന്‍റെ കൊമ്പില്‍ യൂദാസിന്‍റെ ചേതനയറ്റ ശരീരം തൂങ്ങിയാടി. കണ്ണുകള്‍ തുറിച്ച്, പുറത്തേക്കു നീണ്ട നാവിന്‍ത്തുമ്പില്‍ വിറകൊണ്ടിരുന്ന അക്ഷരങ്ങള്‍ 'മാപ്പ്' എന്നായിരുന്നോ?  

You can share this post!

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts