ഏറ്റവും പ്രിയപ്പെട്ട ലുക്കാ,

ഒരുപാടു ദിവസങ്ങള്‍ കൂടിയാണ് ഞാനെണീറ്റ് ഈ എഴുത്തുമേശയില്‍ വന്നിരിക്കുന്നത്. ശരീര ത്തിന് അസ്വസ്ഥതകളുണ്ടെങ്കിലും മനസ്സിന് ഒരാ ശ്വാസം തോന്നുന്നുണ്ട്. അതുകൊണ്ട്, നിന്നോടു ഞാനിന്ന് ആ കപ്പല്‍യാത്രയുടെ കഥ പറയാമെന്നു കരുതുന്നു. നാലു ദിവസത്തെ ഹെവന്‍ ഓണ്‍ എര്‍ത് എക്സ്പീരിയന്‍സ്.

ഈ കപ്പല്‍യാത്രയെന്നൊക്കെ പറയുന്നത് എല്ലാവരും കൂടി കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ കയറി നിന്ന് വെള്ളത്തിലേക്ക് നോക്കി നില്‍ക്കുന്നതാണെന്നാണ് അതിനുള്ളില്‍ കയറുന്നത് വരെ ഞാന്‍ കരുതിയിരുന്നത്. കയറിയപ്പോഴല്ലേ അതിന്‍റെ ഭംഗി എന്താണെന്നു മനസ്സിലായത്!

നീ ടൈറ്റാനിക് കണ്ടിട്ടില്ലേ? അതിനുള്ളിലെ ആഡംബരങ്ങളൊക്കെ ഏകദേശം അതേപടി അനുഭവിക്കാന്‍ കഴിഞ്ഞു എന്നു പറഞ്ഞാല്‍ അതിശയോക്തി ആണെന്ന് നീ കരുതിയേക്കാം. എന്നാല്‍ അല്ല.

സതാംപ്ടണ്‍ എന്ന സ്ഥലത്തുനിന്നായിരുന്നു കപ്പല്‍ യാത്ര തിരിക്കുന്നത്. പത്തുമണി മുതല്‍ ചെക്ക് -ഇന്‍. നോര്‍മലി രണ്ടര മണിക്കൂര്‍ യാത്രയെ ഉള്ളതു കൊണ്ട് രാവിലെ എട്ടു മണിയോടെ ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി. പക്ഷേ M25 ല്‍ ഭയങ്കര ട്രാഫിക് ബ്ലോക്കായിരുന്നു. ലണ്ടനെ ചുറ്റിക്കിട ക്കുന്ന ഈ മോട്ടോര്‍ വേയില്‍ ആക്സിഡന്‍റില്ലാത്ത ദിവസങ്ങളില്ല. അന്ന് വലിയൊരു ട്രക്കാണ് ആക്സിഡന്‍റില്‍ പെട്ടത്. അതുകൊണ്ട് തന്നെ വഴി ക്ലിയറാകാന്‍ മൂന്നാലു മണിക്കൂര്‍ എടുത്തു.

നീണ്ട ട്രാഫിക്കിന് ശേഷം പണമടച്ച് മുന്‍കൂര്‍ ബുക്ക് ചെയ്ത പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്ക് ചെയ്ത പ്പോള്‍ കൃത്യം ഒന്നരമണി കഴിഞ്ഞിരുന്നു. രണ്ടു മണിവരെയാണ് ചെക്ക്- ഇന്‍.

പാതിവഴിക്കു തന്നെ മരുന്നുകള്‍ കരുതിയ ഹാന്‍ഡ്കാരിയൊഴിച്ചുള്ള ബാഗുകളൊക്കെ അവര്‍ കളക്ട് ചെയ്തു. ഞങ്ങള്‍ ചെക്ക് - ഇന്നിനു വേണ്ടി വലിയൊരു ഹാളിലേക്കു നടന്നു. അവ സാനസമ യമായതു കൊണ്ടാകാം അതിനുള്ളില്‍ നല്ല തിരക്കായിരുന്നു. ഞങ്ങള്‍ ടോക്കണെടുത്ത് നമ്പര്‍ വരാ നായി കാത്തിരുന്നു.

ഭക്ഷണസാധനങ്ങളൊന്നും കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമമുണ്ടായിരുന്നതിനാല്‍ ഞാന്‍ ഒന്നും എടുത്തിരുന്നില്ല. ഞങ്ങളുടെ മുന്‍പിലെ സീറ്റില്‍ കറുത്ത വര്‍ഗ്ഗക്കാരായ മൂന്നാലു ചെറുപ്പക്കാര്‍ ഒരു ബോക്സ് മുന്തിരിങ്ങ ഷെയര്‍ ചെയ്തു കഴിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അവരുടെ നമ്പര്‍ വിളിച്ചത്. അവര്‍ പകുതിയോളം മുന്തിരിങ്ങ അവിടെ ഉപേക്ഷിച്ച് എഴുന്നേറ്റു പോയി. എനിക്കു പോയി അതെടുത്തു തിന്നാന്‍ തോന്നി. രാവിലെ കഴിച്ച ആന്‍റിബയോട്ടിക്സ് വയറ്റിലുള്ളതെല്ലാം കത്തിച്ചുതീര്‍ത്തിരുന്നു.

ഞാന്‍, കഴിഞ്ഞ ആറുമാസമായി ആഴ്ചയില്‍ മൂന്നു ദിവസം വച്ച് ആന്‍റിബിയോട്ടിക്സ് എടുക്കു ന്നുണ്ടെന്ന് നിനക്കറിയാമല്ലോ. എന്നിട്ടും പോകുന്ന തിന്‍റെ തലേദിവസം ബ്രോങ്കൈറ്റിസ് പിടിച്ചു. കഫക്കെട്ടു തുടങ്ങുമ്പോഴേ കഴിക്കേണ്ട വേറെ ഹൈ സ്ട്രെങ്ത് ആന്‍റിബിയോട്ടിക്സ് ഉണ്ട്. എടുത്തു തുടങ്ങുന്നതിന്‍റെ മുന്‍പ് NHS ന്‍റെ 111 ഹെല്പ് ലൈനില്‍ വിളിച്ചു. ഒന്നു കണ്‍ഫേം ചെയ്യാമല്ലോ എന്ന് കരുതി. നമ്മുടെ ഡോക്ടര്‍ അവൈലബിളാല്ലാത്ത സമയങ്ങളില്‍ എമര്‍ജെന്‍ സികളിലല്ലാതെ വൈദ്യസഹായം ആവശ്യമുള്ള പ്പോള്‍ വിളിക്കാനുള്ള നമ്പറാണ് 111.

ഫോണ്‍ എടുത്ത പെണ്‍കുട്ടി എന്‍റെ ഹിസ്റ്ററിയും സംസാരവും ശ്വാസംമുട്ടലുമൊക്കെ കേട്ട പ്പോള്‍ അപ്പോള്‍ തന്നെ നോണ്‍ എമര്‍ജന്‍സി ആംബുലന്‍സ് വിടാമെന്നായി. ആശുപത്രിയിലെ ങ്ങാനും പോയാല്‍ പിറ്റേന്ന് ഉച്ചയാകാതെ തിരിച്ചു വരാന്‍ പറ്റില്ല. അത്രയ്ക്ക് വെയ്റ്റിംഗ് ആണ്. എന്‍റെ യോഗത്തിന് അവിടെ അഡ്മിറ്റ് ചെയ്യാനും മതി.

'പ്ളീസ് ഡോണ്ട് വൈസ്ഡ് യുവര്‍ റിസോഴ്സസ്. എനിക്കൊരു അഡ്വൈസ് മാത്രം മതി' എന്നൊക്കെ പറഞ്ഞ് അവരെ കണ്‍വിന്‍സ് ചെയ്തു ഫോണ്‍ വച്ച് ഞാന്‍ നമ്മുടെ റെസ്ക്യൂ ആന്‍റിബയോട്ടിക് എടുത്തു തുടങ്ങി. പക്ഷെ ഒരു ഡോസ് ആന്‍റിബയോട്ടിക്ക് കൊണ്ട് എന്താകാന്‍? ബ്രീത്തിങ് ട്യൂബ് പഴുത്തിരിക്കുന്നു. തൊണ്ട മുതല്‍ താഴെ ട്യൂബ് രണ്ടായി പിരിയുന്നിടം വരെ മുളകരച്ചു പുരട്ടിയ നീറ്റല്‍. സാധാരണ ഗതിയില്‍ മാറാന്‍ മൂന്നാഴ്ച്ചയെങ്കിലും എടുക്കും.

'എനിക്ക് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ മൂന്നാളും കൂടി പോയിട്ടു വാ'. നൈറ്റ് ഡ്യൂട്ടിയിലുള്ള ചേട്ടന് ഞാന്‍ മെസ്സേജയച്ചു.

'എന്നാല്‍ പിന്നെ ആരും പോകണ്ട . നിന്നെ ഈ അവസ്ഥയിലെങ്ങനെ തനിച്ചാക്കി പോകും?' ഉടന്‍ വന്നു റിപ്ലൈ.

ഒന്നൊന്നര ലക്ഷം രൂപയോളം മുടക്കി ബുക്ക് ചെയ്ത ടിക്കറ്റാണ് . ക്രെഡിറ്റ് കാര്‍ഡില്‍ നിന്നെ ടുത്ത പൈസയാണ്. മേജര്‍ സര്‍ജറിയും അതിന്‍റെ കോംപ്ലിക്കേഷനുമൊക്കെ മനക്കരുത്തോടെ തരണം ചെയ്യാന്‍ മോള്‍ക്ക് കൊടുത്ത വാക്കാണ്. അവളുടെ പതിമൂന്നാം പിറന്നാള്‍ കപ്പലിലാണെന്നതാണ് ഇപ്പോഴവളുടെ ഏറ്റവും വലിയ സന്തോഷം. അതൊ ക്കെ ഒരു നിമിഷംകൊണ്ട് ഇല്ലാതാകാന്‍ പോകുന്നു എന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.

നേരെ തിരുഹൃദയത്തിന്‍റെ മുന്‍പില്‍ ചെന്നു നിന്ന് പറഞ്ഞു. കര്‍ത്താവേ, ഇതൊരുമാതിരി പണിയായി പോയി കേട്ടോ.' അതുകേട്ട് പുള്ളി യൊന്നു ചിരിച്ചു. ഞാന്‍ തുടര്‍ന്നു.

'നീ ചിരിക്കണ്ട. എനിക്കു നല്ല ദേഷ്യം വരുന്നുണ്ട്.'

പുള്ളി പിന്നേം ചിരി തന്നെ. ഞാന്‍ പരിഭവ ത്തോടെ പറഞ്ഞു.

'നിന്നോട് ഞാനങ്ങനെ കണ്ടതും കടിയ തുമൊന്നും ചോദിക്കാറില്ല. ഈ നീണ്ട പത്തു പന്ത്രണ്ടു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഞാന്‍ രോഗത്തെക്കുറിച്ചോ അതിന്‍റെ ബുദ്ധി മുട്ടുകളെ ക്കുറിച്ചോ പരാതി പറഞ്ഞിട്ടില്ല. തന്നതൊക്കെ നിന്‍റെ ഇഷ്ടമാണെന്നു കരുതി കൈ നീട്ടി സ്വീകരിച്ച് മിണ്ടാതിരുന്നിട്ടേ ഉള്ളൂ. പക്ഷെ ഇന്ന് നീ എനി ക്കൊരു ഉപകാരം ചെയ്യണം. ഈ മേലാഴിക ഒരു നാലഞ്ചു ദിവസത്തേക്കൊന്നു മാറ്റിത്തരണം. ഞാനിതൊക്കെ അനുഭവിച്ചേ പറ്റൂ എന്നു നിര്‍ബന്ധ മാണെങ്കില്‍ തിരിച്ചു വരുമ്പോള്‍ അനുഭവിച്ചോളാം.'

നമ്മളീ സങ്കടം, വിഷമം, നിസ്സഹായത എന്നിങ്ങനെയൊക്കെയുള്ള വികാരങ്ങളോടെ മനസ്സറി ഞ്ഞങ്ങു ചോദിച്ചു കഴിഞ്ഞാല്‍ പുള്ളിക്ക് കേള്‍ക്കാ തിരിക്കാന്‍ പറ്റത്തില്ല. രാവി ലെയായപ്പോഴേക്കും ആ നീറ്റലും ശ്വാസം മുട്ടലുമൊക്കെയങ്ങു കുറഞ്ഞു. ഞാന്‍ അന്‍റിബയോട്ടിക് തുടര്‍ന്നെടുത്തു കൊണ്ട് അവരുടെ കൂടെ പോകുകയും ചെയ്തു.

എന്തെങ്കിലുമൊക്കെ തിന്നാന്‍ കൊതിച്ചു കൊണ്ട് പിന്നെയും കുറെ നേരം അവിടെ കാത്തിരിക്കേണ്ടി വന്നു ഞങ്ങളുടെ നമ്പര്‍ വിളിക്കാന്‍. അങ്ങനെ കാത്തിരിക്കുമ്പോഴാണ് വെളുത്ത വസ്ത്രങ്ങളണിഞ്ഞ ഒരു വെള്ളക്കാരി പെണ്‍കുട്ടി കണ്ണില്‍ പെട്ടത്. അവളെ ശ്രദ്ധിക്കാന്‍ കാരണം അവളുടെ കയ്യിലിരുന്ന ബലൂണ്‍ മനുഷ്യനാണ്. സ്യൂട്ടും ടൈയ്യുമൊക്കെ ധരിച്ച ഒരു ചെറുപ്പക്കാരന്‍റെ രൂപത്തിലായിരുന്നു ആ ബലൂണ്‍. അവളാ ബലൂ ണിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചാണ് മുന്നോട്ടു നീങ്ങിയത്. അവളുടെ കയ്യില്‍ രണ്ടു പ്രിന്‍റഡ് ടിക്കറ്റുകളുമുണ്ടായിരുന്നു.

കൗണ്ടറിലെത്തിയപ്പോള്‍ അവള്‍ രണ്ടു ടിക്കറ്റുകളും നീട്ടി. അവര്‍ അതിലൊന്ന് തിരികെ കൊടുത്തിട്ട് ദയാപൂര്‍വ്വം എന്തോ പറഞ്ഞു. ഞാനതു കേട്ടില്ലെങ്കിലും എനിക്കു കരച്ചില്‍ വന്നു. എനിക്കങ്ങനെയാ ഈ വികാരവിക്ഷോഭങ്ങളുള്ള രംഗങ്ങളൊക്കെ കണ്ടാല്‍ അപ്പിടി കരച്ചില്‍ വരും.

ചെക്ക് -ഇന്‍ എല്ലാം കഴിഞ്ഞ് അകത്തേക്കു കയറിയത് വേറൊരു ലോകത്തിലേക്കാണ്. ഗ്ലാസ്സു കൊണ്ടുണ്ടാക്കിയ പിരിയാന്‍ ഗോവണി മുകളി ലേക്കുയര്‍ന്നുയര്‍ന്നു പോകുന്നു. മുഴുവന്‍ കണ്ണാടി പതിപ്പിച്ച ആറു ലിഫ്റ്റുകള്‍ വീതം ഇരുവശവും. ചുറ്റും വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച, ചില്ലു ചഷകങ്ങളേന്തിയ മനുഷ്യര്‍.

പതിനെട്ടു നിലയായിരുന്നു കപ്പലിന്. ഉള്ളില്‍ ആറായിരം പേര്‍ക്കുള്ള താമസസൗകര്യവും എന്‍റര്‍ ടൈന്‍മെന്‍റ് ഏരിയകളും. ശരിക്കും വലിയൊരു ഷോപ്പിംഗ് കോംപ്ലക്സിലെത്തിയ പ്രതീതി.

ഞങ്ങള്‍ നേരെ പോയത് ഫുഡ് കോര്‍ട്ടിലേക്കാണ്. അവിടെ ഒരു പ്രദേശം മുഴുവന്‍ പല തരത്തിലുള്ള ഭക്ഷണങ്ങള്‍ നിരത്തിവച്ചിരിക്കുന്നു. എന്തു വേണമെങ്കിലും എടുത്തു കഴിക്കാം. ഫ്രീയാണ്. എന്തു കഴിക്കണമെന്ന് ആകെ കണ്‍ഫ്യൂഷ്യനായിപ്പോയി. എന്തായാലും എനിക്കു വള രെ സന്തോഷമായി. ആ നാലു ദിവസങ്ങളിലും ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് അവിടെയാണ്. ആഹാ എത്ര സുന്ദരമായ ദിവസങ്ങള്‍!

നിനക്കറിയാമോ എനിക്ക് ഈയിടെയായി ഭക്ഷണം കഴിക്കാന്‍ വല്ലാത്ത കൊതിയാണ്. കഴിക്കുന്നതൊക്കെ മിനിറ്റുകള്‍ക്കുള്ളില്‍ മരുന്നുകള്‍ തിന്നു തീര്‍ക്കും. പിന്നെ ഒരു ആളലാണ് വയറ്റില്‍. ആ ആളല്‍ തുടങ്ങുന്നതേ എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ ഭയങ്കരമായ വേദന തുടങ്ങും. മുറിവില്‍ ആസിഡൊഴിക്കുന്ന തരം വേദനയാണത്.

ഒരു പനിയൊക്കെ കഴിയുമ്പോള്‍ ആ വിശപ്പങ്ങു കൂടും. ചുമ്മാതല്ല, മരുന്നുകളുടെ എണ്ണം അത്രേം കൂടുവല്ലേ? ഒരു നേരംതന്നെ എട്ടും പത്തും ഗുളി കകളുണ്ടാകും.

എനിക്കപ്പോള്‍ ഓരോ മണിക്കൂറും ഇടവിട്ട് വിശക്കും. വായിലാകെ കയ്പ്പായതു കൊണ്ടും വായ്ക്കു രുചിയില്ലാത്തതു കൊണ്ടും റെഡി മെയ്ഡായി കിട്ടുന്നതോ ഫാസ്റ്റ് ഫുഡോ ഒന്നും കഴിക്കാന്‍ തോന്നില്ല. ചോറും മീന്‍കറിയും തോരനുമൊക്കെ കഴിക്കാനാണ് തോന്നുക. അതും രണ്ടു ദിവസത്തില്‍ കൂടുതല്‍ ഒരേ ഫുഡ് കഴിക്കാനും പറ്റില്ല. മടുക്കും.

ചേട്ടന്‍ പറ്റുന്നപോലൊക്കെ ഉണ്ടാക്കി വച്ചിട്ട് ജോലിക്കു പോകും. പക്ഷെ പന്ത്രണ്ടു മണിക്കൂര്‍ ഷിഫ്റ്റ് ചെയ്യുന്ന ആള്‍ക്ക് എല്ലാ ദിവസവും പുതിയ പുതിയ ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമോ? അപ്പോ ഴെനിക്കു സങ്കടം വരും.

ഞാനപ്പോള്‍ ചുറ്റുമുള്ള പരിചയക്കാരുടെ അടു ക്കളയിലൂടെ മനസ്സുകൊണ്ട് സഞ്ചരിക്കും. അവരുടെ പാത്രങ്ങള്‍ തുറന്നു നോക്കും. ചൂടുചോറും നാടന്‍ കറികളുമൊക്കെയായി അവരെന്നെ കാണാന്‍ വരുന്നത് സ്വപ്നം കാണും.

ഇത്തവണ വയ്യാതായിട്ട് ഇന്നേക്ക് കൃത്യം ഒരു മാസമായി. ഈ ഒരു മാസവും വേദനയുടെ ഏകാന്തമായ തുരുത്തിലായിരുന്നു ഞാന്‍. ഏതൊക്കെ തരം വേദനകളെന്ന് പറഞ്ഞറിയിക്കാന്‍ പോലു മാവാത്തത്ര വേദനകള്‍.

ഈ വേദനകള്‍ക്കൊരു ഗുണവും ദോഷവുമുണ്ട്. അനുഭവിക്കുമ്പോള്‍ മരിച്ചു പോയിരുന്നെ ങ്കിലെന്ന് തോന്നിപ്പിക്കും. പക്ഷെ പിന്നീടിരുന്നോ ര്‍ക്കുമ്പോള്‍ അതൊരു സ്വപ്നം മാത്രമായിരുന്നെന്നു തോന്നും. അനുഭവിച്ചതൊക്കെ നമ്മളല്ല, മറ്റാരോ ആയിരുന്നെന്ന പോലെ...

സത്യം പറഞ്ഞാല്‍ ഞാനിതൊക്കെ മടുത്തു തുടങ്ങിയിരിക്കുന്നു. പണ്ടുണ്ടായിരുന്ന ശുഭാപ്തി വിശ്വാസമൊക്കെ എങ്ങോ പൊയ്പോയി. ഇങ്ങനെ വേദന അനുഭവിക്കുന്നതിലും നല്ലത് അതൊന്നുമില്ലാത്ത എവിടെയെങ്കിലുമായിരിക്കുന്നതാണെന്ന ഒരു തോന്നല്‍. എല്ലാവരും പറയുന്ന വേദനകളില്ലാത്ത ആ ലോകത്തില്‍ ഇതിനൊക്കെ അവസാനമു ണ്ടാകുമെന്ന ആശ്വാസം.

എന്‍റെ സങ്കടങ്ങള്‍ മാത്രം നിന്നോടിങ്ങനെ പറയുമ്പോള്‍ എനിക്ക് നാണക്കേട് തോന്നുന്നുണ്ട്. പക്ഷെ ആരോടെങ്കിലുമൊക്കെ ഇതൊക്കെ പറയണ്ടേ? ഇതൊക്കെ മുന്‍വിധികളില്ലാതെ കേള്‍ക്കാന്‍ നീയുണ്ട് എന്നതു നല്‍കുന്ന ആശ്വാസം ചെറുതല്ല!

കുറേക്കാലമായി നല്ലതൊന്നും പറയാനില്ലാതായിരിക്കുന്നു. രോഗങ്ങളുടെയും വിഷമതകളുടെയും കഥകള്‍ കേള്‍ക്കാന്‍ നീയല്ലാതെ ആരും വിളിക്കാറില്ല. പണ്ടൊക്കെ എല്ലാ വിശഷ ദിവസങ്ങളിലും ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഞാന്‍ വിളിക്കുമായിരുന്നു. വയ്യാതായതില്‍ പിന്നെ അത് നിര്‍ത്തി. കുറച്ചു സംസാരിക്കുമ്പോഴേക്കും ശ്വാസം മുട്ടും.

വൈകുന്നേരങ്ങളില്‍ റെസ്റ്ററന്‍റിലായിരുന്നു ഡിന്നര്‍. അതിനു ചെറിയ ഡ്രസ്സ് കോഡ് ഒക്കെ യുണ്ട്. ആദ്യമായാണ് ഞങ്ങള്‍ ഡ്രസ്സ് കോഡ് ഒക്കെയുള്ള ഒരു റസ്റ്ററന്‍റില്‍ പോകുന്നത്. ആദ്യത്തെ ദിവസം നല്ല ഡ്രെസ്സൊക്കെ ഇട്ട് സ്റ്റൈലായിട്ട് ഞങ്ങള്‍ റസ്റ്റെറന്‍റിന്‍റെ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വെയ്റ്റര്‍ വന്ന് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ഞങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുന്ന ടേബിള്‍ കാണിച്ചു തന്നു. അയാള്‍ക്ക് നന്ദിയൊക്കെ പറഞ്ഞ്, ഇംഗ്ലീഷ് സിനിമയിലൊക്കെ കാണുന്നത് പോലെ പോഷായി കസേരയിലേക്കിരുന്നതും തൊട്ടടുത്ത ടേബിളിലിരിക്കുന്ന ആളെക്കണ്ടു ഷോക്കായിപ്പോയി. അങ്ങനെ യൊരവസരത്തില്‍ നമ്മളാരെ കാണരുത് എന്നാഗ്രഹിക്കുമോ ആ ആള്‍ തന്നെ.

നിനക്കറിയാമല്ലോ രോഗം വന്നതിനു ശേഷം എന്‍റെ ജോലിക്കു പോക്കൊക്കെ കണക്കാണെന്ന്. ആദ്യം രണ്ടുമൂന്നു വര്‍ഷക്കാലം നാട്ടില്‍ പോയി നിന്നു. ഒന്നു കുറഞ്ഞപ്പോള്‍ തിരിച്ചു വന്ന് അവിടെയുമിവിടെയൊക്കെ ജോലിക്കു കയറി. ഒരിടത്തു നില്ക്കാന്‍ പറ്റാതെ വരുമ്പോള്‍ അടുത്തിടത്ത് അപേക്ഷിക്കും. അവരൊക്കെ ജോലി തരും. എന്‍റെ അറിവും അനുഭവപരിചയവും മറ്റുള്ള വരോട് അത്യാവശ്യം നന്നായി ഇടപെടാനുള്ള കഴിവുമൊക്കെ വച്ച് അവര്‍ക്കൊക്കെ എന്നെ നന്നായി ഇഷ്ടപ്പെടുകയും ചെയ്യും. പക്ഷെ അപ്പോഴൊക്കെ അസുഖം വില്ലനാകും. ഒരു ആറു മാസമൊക്കെ ആകുമ്പോഴേക്കും മാനേജര്‍ ചോദിക്കും - ഞങ്ങള്‍ നിന്നെ പറഞ്ഞു വിടണോ അതോ നീ സ്വമനസ്സാലെ പോകുന്നോ? ഞാന്‍ ഒരു നന്ദിയൊക്കെ പറഞ്ഞ് പിരിഞ്ഞു പോരും.

എന്നാല്‍ പിന്നെ ഇനി സ്ഥിരം ജോലിക്കു പോകണ്ട, നമുക്കു പറ്റുമ്പോള്‍ മാത്രം ജോലിക്കു പോകാന്‍ പറ്റുന്ന തരത്തില്‍ സ്റ്റാഫ് ബാങ്കില്‍ ജോയിന്‍ ചെയ്യാം എന്നു തീരുമാനിച്ചു. അങ്ങനെ പറ്റുന്ന ദിവസങ്ങളില്‍ മാത്രം ജോലി ചെയ്തു വരുമ്പോഴാണ് കോവിഡ് വില്ലനായത്. ഒരു മാസത്തിനുള്ളില്‍ എനിക്ക് ഗവെര്മെന്‍റില്‍ നിന്നു ലെറ്റര്‍ വന്നു. നിനക്ക് കോവിഡ് വന്നാല്‍ ജീവന പകടമാകാന്‍ സാധ്യതയുള്ളത് കൊണ്ട് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ജോലിക്കു പോകാന്‍ പാടില്ല എന്ന്. സ്ഥിരം ജോലിയുണ്ടായിരുന്നെങ്കില്‍ വീട്ടിലിരുന്നാലും കാശു കിട്ടിയേനെ. ഇതിപ്പോള്‍ ഇങ്ങനെയുള്ള ജോലിയായിപ്പോയില്ലേ? എന്നാലും മൂന്നാലുമാസം കുറച്ചു കാശുവച്ച് ഗവെര്മെന്‍റ് തന്നു.

പക്ഷെ വീട്ടിലിരുന്നിട്ടും ഗുണമൊന്നുമുണ്ടായില്ല. ആശുപത്രി ജീവനക്കാരായ ചേട്ടനില്‍ നിന്ന് രോഗം പകര്‍ന്നു. ചെസ്ററ് ഇന്‍ഫെക്ഷനായെങ്കിലും കുറേക്കാലം ആന്‍റിബിയോട്ടിക്സും സ്റ്റീറോയ്ഡ്സുമെല്ലാം എടുക്കേണ്ടി വന്നെങ്കിലും ദൈവകൃപയാല്‍ എല്ലാവരും ഭയന്നത് പോലെ യൊന്നും സംഭവിച്ചില്ല. പക്ഷെ മറ്റൊന്ന് സംഭവിച്ചു. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം.

ഒരു ആറാഴ്ച തുടര്‍ച്ചയായിട്ടങ്ങു പനിച്ചു. ആദ്യം ഡോക്ടര്‍ രണ്ടു ഡോസ് ആന്‍റിബിയോട്ടിക്സ് തന്നു. പിന്നെ ഹോസ്പിറ്റലില്‍ നിന്ന് രണ്ടു കോഴ്സ്. എന്നിട്ടും പനി നാല്‍പ്പതില്‍ താഴുന്നില്ല. എന്താണു കാണണമെന്ന് അവര്‍ക്കൊട്ടു കണ്ടുപിടിക്കാനും സാധിക്കുന്നില്ല. ഒടുവില്‍ ഞാന്‍ സെപ്സിസിലായിപ്പോയി (Sepsis). തീര്‍ന്നുപോകേണ്ടതായിരുന്നു. എന്തായാലും ഒടുവില്‍ തൈറോയിഡില്‍ ഇന്‍ഫെക്ഷന്‍ കണ്ടെത്തി ചികില്‍സിച്ചു. ഒരു മൂന്നാലു മാസം ആ വഴി പോയി.

രോഗമൊക്കെ കുറഞ്ഞെങ്കിലും ആശുപത്രിയിലാകെ കോവിഡ് രോഗികളായത് കൊണ്ട് ഞാന്‍ ജോലിക്കു പോയിത്തുടങ്ങിയില്ല. അപ്പോഴേക്കും വീട് മാറി. പിന്നെ പുതിയ സ്ഥലം. പുതിയ ആളുകള്‍. പുതിയ സ്കൂള്‍. മോളെ പന്ത്രണ്ടു വയസ്സു വരെ സ്കൂളില്‍ കൊണ്ടുപോയി വിടുകയും കൂട്ടുകയും വേണം. അതിനൊരാള്‍ വീട്ടില്‍ വേണം. സ്ഥിരം ജോലിയില്ലാത്തതിനാല്‍ അത് ഞാനേറ്റെടുത്തു.

അങ്ങനെ മോള്‍ ഏഴാം ക്ലാസ്സിലായപ്പോള്‍ ഞാന്‍ വീണ്ടും ജോലിക്കു പോയിത്തുടങ്ങി. അപ്പോഴാണ് മോള്‍ക്ക് വയ്യാതായത്. പിന്നെ എന്‍റെ ജോലിക്കു പോക്ക് ചേട്ടന് അവധിയുള്ളപ്പോള്‍/ മോള്‍ക്ക് സ്കൂളില്ലാത്തപ്പോള്‍/ അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍/ എനിക്ക് പറ്റുമ്പോള്‍ എന്നിങ്ങനെയായി ചുരുങ്ങി. എന്നാലും പറ്റുമ്പോഴൊക്കെ ഞാന്‍ പോകുമായിരുന്നു. പിന്നെ മോളുടെ ഓപ്പറേഷന്‍. അതിന്‍റെ ബാക്കി കാര്യങ്ങള്‍... എല്ലാത്തിനും ഒരാള്‍ വീട്ടില്‍ വേണ്ടേ? വിയര്‍പ്പിന്‍റെ അസുഖമാണെന്നു പറഞ്ഞു നടക്കുന്നവര്‍ക്ക് അതൊന്നുമറിയണ്ടല്ലോ!

അവരെ കണ്ടില്ലെന്നു നടിച്ച് ഞങ്ങള്‍ ഡിന്നര്‍ ആസ്വദിച്ചു തുടങ്ങി. ത്രീ കോഴ്സ് ഡിന്നറാണ്. ഇംഗ്ലീഷ് മെനു. അതു വേണ്ടാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫുഡ് കോര്‍ട്ടില്‍ പോയി കഴിക്കാം. അവിടെ മിക്ക ക്വിസീന്‍നുമുണ്ട്.

നന്നായി വേവാത്ത, മുകളില്‍ ഔഷധ സസ്യങ്ങള്‍ അരച്ചു പുരട്ടിയ, കടിക്കുമ്പോള്‍ ജ്യൂസ് തെറിക്കുന്ന സ്റ്റേയ്ക്ക് ആസ്വദിച്ചു കഴിച്ചു. കൂടെ ഒരു ഗ്ലാസ് റെഡ് വൈനും. ആന്‍റിബയോ ട്ടിക്ഡി കഴിക്കുമ്പോള്‍ വൈനൊന്നും കഴിക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ അതു മറന്നുപോയി. ആ മറവിക്ക് വലിയ വില കൊടുക്കേണ്ടിയും വന്നു കേട്ടോ. ഡിസര്‍ട്ടിനു കേക്ക് ആണ് ഓര്‍ഡര്‍ ചെയ്തത്. വായിലിടുമ്പോള്‍ അലിഞ്ഞു പോകുന്നത്ര മാര്‍ദ്ദവമായിരുന്നു അതിന്.

കപ്പല്‍ പോയത് റോട്ടര്‍ഡാം എന്ന സ്ഥല ത്തേക്കാണ്. യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമാണിത്. അവിടെ ഒരു ദിവസത്തെ താമസമുണ്ടായിരുന്നത് കൊണ്ട് ഞങ്ങളവിടെ ഇറങ്ങി. ട്രാമില്‍ കയറി സിറ്റിയിലൂടെയൊക്കെ ഒന്നു കറങ്ങി. കുറെ ഫോട്ടോകളൊക്കെ എടുത്തു.

അവിടെയൊരു വലിയ പാലമുണ്ട്. അറാ സ്മസ്ബ്രഗ്. ബ്രഗ് എന്നാല്‍ പാലം. അരയന്നം എന്നാണതിന്‍റെ ഓമനപ്പേര്. 280 മീറ്ററോളം നീളമുണ്ട്. നഗരത്തിന്‍റെ തെക്കും വടക്കും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. ഞങ്ങള്‍ അതുവഴി നടന്നപ്പോള്‍ വലിയൊരു കപ്പല്‍ പോകാന്‍ വേണ്ടി ആ പാലം ഉയരുന്നത് കണ്ടു. യൂറോപ്പില്‍ മിക്കയിടത്തും ഇങ്ങനെയുള്ള പാലങ്ങളുണ്ട്.

പിറ്റേന്ന് വൈകുന്നേരം ഞങ്ങളുടെ കൂടെ യുണ്ടായിരുന്ന ആണുങ്ങളെല്ലാവരും കൂടി അരമുക്കാല്‍ മണിക്കൂര്‍ അപ്പുറത്തുള്ള ആംസ്റ്റ ര്‍ഡാമിലെ റെഡ് സ്ട്രീറ്റ് ഡിസ്ട്രിക്ട് കാണാന്‍ പോയി. പക്ഷെ പോയവര്‍ വന്നു പറഞ്ഞത് അത്ര നല്ല സംഗതികളൊന്നുമല്ലായിരുന്നു.

മീന്‍മാര്‍ക്കറ്റില്‍ മീന്‍ നിരത്തിവച്ചിരിക്കുന്നത് പോലെ ചില്ലുകൂട്ടിനുള്ളില്‍ അല്പവസ്ത്രധാ രികളും നഗ്നരുമായ സ്ത്രീകള്‍. അവരുടെ അഴകളവുകള്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് കച്ചവടമുറപ്പിക്കാം. ഇനി കാശുകൊടുത്തത് മുതലായില്ല എന്നു തോന്നിയാല്‍ പണം മടക്കിക്കിട്ടും. ചുവന്ന വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നൊരുവളുടെ വീഡിയോ എടുത്തതും കാണിച്ചു തന്നു. പാവങ്ങള്‍ അല്ലെ? പലരും ട്രാഫി ക്കിങ്ങില്‍ പെട്ട് ചെറുപ്രായത്തില്‍ തന്നെ എത്തി ച്ചേരുന്നതാണ്. നമ്മുടെ സോനാഗച്ചിയും കാമാത്തി പുരയുമുമൊക്കെപ്പോലെ തന്നെ. ഒരിക്കല്‍ പെട്ടവര്‍ എന്നേക്കുമായി അവിടെ ആയിപ്പോകുന്നു.

ദേ വീണ്ടും സങ്കടം. എന്നാല്‍ ഇനി ശരിക്കുമൊരു സന്തോഷം പറയാം. നിന്നെപ്പോലെ തന്നെയൊരാളെ ഞാനവിടെ കണ്ടു. ഒരു മലയാളിപ്പയ്യന്‍. ഷെഫ് മാനേജരാണ്. അവന്‍റെ കൊഞ്ചിക്കൊഞ്ചിയുള്ള വര്‍ത്തമാനം ഒന്നു കേള്‍ക്കേണ്ടത് തന്നെ. നല്ല റിവ്യൂ കൊടുക്കണമെന്നൊക്കെ പറഞ്ഞാണ് വിട്ടിരിക്കുന്നത്. ഇതുവരെ പറ്റിയിട്ടില്ല. അതെങ്ങനെ, വന്നേന്‍റെ പിറ്റേ ദിവസം തന്നെ ഞാന്‍ കിടപ്പായി പോയില്ലേ?

കര്‍ത്താവ് എന്‍റെ പ്രാര്‍ത്ഥന അതേപടി കേട്ടിരുന്നു. ഒരിളവ് കൊടുത്തതല്ലേ എന്നോര്‍ത്താവും തിരിച്ചു വന്നപ്പോള്‍ പോയതൊക്കെ മൂന്നിരട്ടി തിരിച്ചു വന്നു. അതും കോവിഡിനൊപ്പം. കൂടെ കുറെയധികം കോംപ്ലിക്കേഷന്‍സും. എന്തൊക്കെ വേദനകളും വിഷമങ്ങളുമായിരുന്നെന്നോ? ഞാന്‍ ശരിക്കും മടുത്തു പോയിരുന്നു.

വീണ്ടും വിഷയം മാറിപ്പോയി. അല്ലേ? ഞാനിപ്പോള്‍ ഇങ്ങനെയാണ്. ആരെയും കാണാതെയും മിണ്ടാതെയുമൊക്കെ ഇരിക്കുന്നതു കൊണ്ടാകണം പറഞ്ഞു തുടങ്ങിയാല്‍ നൂറു വിഷയങ്ങളിലൂടെ കറങ്ങും. ഒടുവില്‍ എല്ലാം കൂടെ ഒരു അവിയല്‍ പരുവമാകും.

കപ്പലില്‍ എന്തു തിരക്കായിരുന്നെന്നോ? ചുറ്റും ഒച്ചയും ബഹളവും. പകല്‍ സമയങ്ങളില്‍ ജക്യുസി യിലും സ്വിമ്മിങ് പൂളിലും വാട്ടര്‍ പാര്‍ക്കിലുമൊക്കെ തിരക്ക്. ഇന്‍ഡോര്‍ പൂളിലും സ്റ്റേഡിയത്തിലും തീയേറ്ററുകളിലും തിരക്ക്. അവയോടൊക്കെ ചേര്‍ന്നുള്ള ബാര്‍ കൗണ്ടറുകളില്‍ തിരക്കോട് തിരക്ക്. പിന്നെ കൂള്‍ ഡ്രിങ്ക്സും ഐസ് ക്രീമും വാങ്ങാനുള്ള കുട്ടികളുടെ തിരക്ക്.

രാത്രിയില്‍ പലതരം പാര്‍ട്ടികള്‍. ഷോകള്‍. ഡ്രാമകള്‍. ഡ്യൂട്ടിഫ്രീ ഷോപ്പിംഗ് സൗകര്യവുമുണ്ട്. ഇതൊക്കെ ഞാന്‍ കണ്ട കാര്യങ്ങള്‍. കാണാത്തതായി ഇനിയും ഒരുപാടുണ്ട്.

അവിടെ ഞാന്‍ കണ്ടവര്‍ എല്ലാവരും തന്നെ തിന്നും കുടിച്ചും അനുഭവിച്ചും ആ യാത്ര പരമാവധി ആസ്വദിക്കാനുള്ള തിരക്കിലായിരുന്നു. അവരെല്ലാം കൂട്ടത്തോടെ ചിരിച്ചും സംസാരിച്ചും ഒച്ചവെച്ചുമൊക്കെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നു. അവിടെ നിന്ന് വേറൊരു സ്ഥലത്തേക്ക്, പിന്നെ മറ്റൊരിടത്തേക്ക് ... കാലില്‍ ചിറകു വിരി ഞ്ഞത് പോലെ അവര്‍ പറന്നു കൊണ്ടേയിരിക്കുന്നു.

ആ തിരക്കിനിടയിലും ഞാന്‍ തനിച്ചു നടക്കുന്ന ചിലരെ കണ്ടു. അവര്‍ വിരലിലെല്ലാവുന്നവരെ ഉണ്ടായിരുന്നുള്ളെങ്കിലും...

അവരൊക്കെ ഒന്നുകില്‍ അംഗവൈകല്യ മുള്ളവര്‍, പ്രായമായവര്‍, ആരോഗ്യപ്രശ്നങ്ങളു ണ്ടെന്നു തോന്നിക്കുന്നവര്‍ ഒക്കെയായിരുന്നു. അവരൊക്കെ എന്തുകൊണ്ട് ഒറ്റക്കായിപ്പോയി എന്ന് എനിക്കു നന്നായറിയാം. കാരണം മിക്ക സമയവും ഞാനും ഒറ്റക്കായിരുന്നല്ലോ.

ശരിക്കും പറഞ്ഞാല്‍ ഈ കപ്പല്‍ യാത്ര പോലെയാണ് ജീവിതവും. അല്ലെ? ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പരമാവധി ആസ്വദിക്കാന്‍ വേണ്ടി ആളുകള്‍ ഓടിക്കൊണ്ടേയിരിക്കുന്നു. നന്നായി ഓടുന്നവരുടെ കൂടെ ആളുകള്‍ കൂടിച്ചേരുന്നു. ഓടാന്‍ വയ്യാത്തവര്‍ വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. ഒരു നിമിഷം പോലും അവര്‍ക്കു വേണ്ടിയൊന്നു കാത്തുനില്ക്കാന്‍ ആരും തയ്യാറാവുന്നില്ല.

എന്നാല്‍ ആ വലിയ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോയവരോ? അവരുടെ ഏകാന്തതയോ? ആരെങ്കിലും തനിക്കു വേണ്ടിയൊന്ന് കാത്തു നിന്നെങ്കില്‍ എന്ന് അവരൊക്കെ വിചാരിച്ചിട്ടുണ്ടാവില്ലേ? ഞാന്‍ വിചാരിച്ച പോലെ.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ആദ്യ ദിവസം ഞാന്‍ ഒറ്റക്കായിപ്പോയി എന്നു മനസ്സി ലാക്കിയ ചേട്ടന്‍ ബാക്കി ദിവസങ്ങള്‍ എന്‍റെ കൂടെത്തന്നെയുണ്ടായിരുന്നു. അതിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ പിണങ്ങി യെങ്കിലും...

 രണ്ടാം ദിവസം ഞങ്ങള്‍ പറ്റുന്ന പോലെ ആ ചുറ്റുവട്ടമൊക്കെ നടന്നു കണ്ടു എന്നു പറഞ്ഞല്ലോ. അതിനിടയില്‍ മോളുടെ ബര്‍ത്ഡേ ആഘോഷവുമുണ്ടായിരുന്നു. അവള്‍ കേക്ക് മുറിച്ചപ്പോള്‍ എനിക്കു കരച്ചില്‍ വന്നു. അപ്പോഴെന്‍റെ മനസ്സില്‍, മൂന്നുമാസം മുന്‍പ് വേദനകൊണ്ടു പുളഞ്ഞ്, കണ്ണു തുറക്കാന്‍ പോലുമാവാതെ ആശുപത്രിക്കിടക്ക യില്‍ കിടക്കുന്ന അവളായിരുന്നു. ഞാന്‍ കണ്ണുനീരോടെ ദൈവത്തിനു നന്ദി പറയുകയായിരുന്നു.

മൂന്നാം ദിവസം വൈകുന്നേരത്തോടെ കപ്പല്‍ തിരിച്ചുള്ള യാത്ര ആരംഭിച്ചു. അന്നു വൈകിട്ട് ഗാലാ നൈറ്റ് എന്നൊരു പാര്‍ട്ടിയുണ്ടായിരുന്നു. എല്ലാവരും നല്ല അടിപൊളി ഡ്രെസ്സൊക്കെ ഇട്ട് റെസ്റ്റാറ്റാന്‍റില്‍ പോയി ഭക്ഷണം കഴിച്ചു. ശേഷം കുറെ ഫോട്ടോകളെടുത്തു. പിന്നെ വൈറ്റ് പാര്‍ട്ടി എന്നൊരു ഫങ്ഷനു  വേണ്ടി റെഡിയായി. അതൊരു മ്യൂസിക് ഇവന്‍റ് ആണ്. ഫുഡും ഡ്രിങ്കും ഡാന്‍സും പാട്ടുമൊക്കെയുള്ള ഒരു ഇവന്‍റ്. ഞങ്ങള്‍ റെഡിയായതേ ഉള്ളൂ. പോകാന്‍ പറ്റിയില്ല. അപ്പോഴേക്കും ഞാന്‍ എടുത്തു കുടഞ്ഞു ഛര്‍ദ്ദിച്ചു.

ഈ ഛര്‍ദ്ദിയൊക്കെ സ്ഥിരമാണ്. കൂടെ ചിലപ്പോഴൊക്കെ ഡയേറിയ, മറ്റു ചിലപ്പോള്‍ കോണ്‍സ്റ്റി പേഷന്‍, വയറിനുള്ളില്‍ അതിഭയങ്കരമായ വേദന, ബ്ലോട്ടിങ് ഒക്കെയുണ്ടാകും. ഐ ബി എസ് അല്ലെങ്കില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നാണതിന്‍റെ പേര്. വര്‍ഷങ്ങളുടെ നൈറ്റ് ഡ്യൂട്ടി സമ്മാനിച്ചതാണ്. ഇപ്പോള്‍ ഒരു ദിവസം ഉറക്കിളച്ചാലോ ഒരു ഡോസ് ആന്‍റിബയോട്ടിക് എടുത്താലോ ഒക്കെ വീണ്ടും തലനീട്ടും. നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍ ഐ ബി എസ് എന്ന് കേള്‍ക്കുമ്പോഴേ ചോദിക്കും ടെന്‍ഷനാണോ എന്ന്. ഇത്രയും പഠിച്ച അവരതു ചോദിയ്ക്കാന്‍ പാടില്ലാത്തതാണ്. ഇതൊരു നേര്‍വ് ഡിസോര്‍ഡറാണ്. ഇതുണ്ടാകുന്നത് മനസ്സിന്‍റെ മാത്രം സ്ട്രെസ് കൊണ്ടല്ല, ശരീരത്തിന്‍റെ സ്ട്രെസും അതില്‍പെടും.

ഒരു സന്തോഷം പറയാനിരുന്ന് എന്തൊക്കെ സങ്കടങ്ങളാണ് ഞാന്‍ പറഞ്ഞു വച്ചതല്ലേ? നിനക്കു വിഷമം വരുമെന്നറിയാം. എന്നാലും ഞാന്‍ വിളിക്കാതിരിക്കുമ്പോള്‍, മിണ്ടാതിരിക്കുമ്പോള്‍, മെസ്സേജ് അയക്കാതിരിക്കുമ്പോഴൊക്കെ നിനക്കിനി മനസ്സിലാകുമല്ലോ അത് എന്തുകൊണ്ടാണെന്ന്! അല്ലെങ്കില്‍ എല്ലാവരെയും പോലെ നീയും കരുതും ഞാനെന്തെക്കെയോ തിരക്കുകളിലാണെന്ന്... നിന്നെ മറന്നു പോയെന്ന്..

നമ്മുടെ പ്രിയപ്പെട്ടവരോടൊക്കെ നീ പറയണം ഞാന്‍ അവരെയൊക്കെ എന്നും ഓര്‍ക്കാറുണ്ടെന്ന്, പ്രാര്‍ഥിക്കാറുണ്ടെന്ന്. എന്നെ ആരും വിളിക്കാറില്ലല്ലോ എന്ന പരിഭവമുണ്ടെങ്കിലും എനിക്കെല്ലാവരോടും സ്നേഹം മാത്രമേ ഉള്ളൂ.

എഴുതിയെഴുതി ഒരു സങ്കടക്കടല്‍ മുഴുവന്‍ നിന്‍റെ മുന്‍പില്‍ കുടഞ്ഞിട്ടു കഴിഞ്ഞു. ഇപ്പോള്‍ മനസ്സിന് മനസ്സിന് നല്ല ഒരാശ്വാസം തോന്നുന്നുണ്ട്. ഇനി ഒരു ചൂട് ചായ കുടിക്കണം.

ആദ്യം കണ്ട ആ പെണ്‍കുട്ടിയെ പിന്നീട് കണ്ടോ? അവളെന്തിനാണ് ആ മനുഷ്യാകൃ തിയിലുള്ള ബലൂണ്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്നത്? അതവളുടെ ആരാണ്? അയാള്‍ ക്കെന്തു സംഭവിച്ചു എന്നൊക്കെ നിനക്കു സംശയങ്ങളുണ്ടാകാം.

നാലാം ദിവസം ചെക്ക് ഔട്ട് ചെയ്തിറങ്ങുമ്പോള്‍ അവളെ വീണ്ടും കണ്ടു. അവളുടെ കയ്യിലപ്പോഴും ആ ബലൂണ്‍ മനുഷ്യനുണ്ടായിരുന്നു. അവള്‍ക്കുവേണ്ടിയും ഒരിക്കലും കാണാത്ത ആ മനുഷ്യനു വേണ്ടിയും എന്‍റെ കണ്ണുകള്‍ നിറഞ്ഞുവന്നു. അതുകണ്ടാവാം കാറ്റു നിറഞ്ഞ കൈകള്‍ വീശി അതെന്നോടു യാത്ര പറഞ്ഞുകൊണ്ടേയിരുന്നു.

You can share this post!

മാര്‍ജാരഗര്‍ജ്ജനം

ഷോബി ടി.ജി.
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts