news-details
കഥ

മാര്‍ജാരഗര്‍ജ്ജനം

പുതുപുത്തന്‍ ചൂരലെടുത്ത് എണ്ണ പുരട്ടി തടവി മിനുക്കി രണ്ടറ്റത്തും റബ്ബര്‍ബാന്‍റ് മുറുക്കിയിട്ട്  ചാരുകസേരയില്‍ നിവര്‍ന്ന് കിടക്കുമ്പോള്‍  ഇനിയുള്ള നാളെകളില്‍ നീട്ടി പിടിച്ച കൈവെള്ളകള്‍ക്കുള്ളിലേക്ക് ചൂടനടി വീണ് പൊട്ടുന്നത് മനസ്സിലിട്ട് ആസ്വദിച്ച് കണ്ടു രസിക്കുമ്പോഴാണ്, മുറിയുടെ മൂലയില്‍ ചടഞ്ഞ് കിടന്ന് മേനി ചീകുന്ന പൂച്ചയെ കണ്ടെത്തിയതും മുതുക് പൊട്ടുന്ന വിധത്തില്‍ രണ്ട് രണ്ടര അടി ചൂരല്‍ ചുഴറ്റി കൊടു ത്തതും. പൂച്ച മരണവെപ്രാളത്തോടെ വാലും പൊക്കി പിടിച്ച്  മഴ നനഞ്ഞ മുറ്റത്തൂടെ ഓടട ഓട്ടം, ഓടി മതില്‍ ചാടി കടന്നു പോയി.

" എന്തിനാ പാവത്തെ തല്ലിയേ? "

പൂച്ച ഓടി പോയത് കണ്ട് വ്യസനത്തോടെ ഭാര്യ ചോദിച്ചു.

"അതൊരു അശ്രീകരമാണ്, നിനക്കറിയാഞ്ഞിട്ടാ വൃത്തിയില്ലാത്ത ജന്തു. ഇതും എന്‍റെ ക്ലാ സ്സിലെ കാട്ടുചെക്കനും ഒരേ പോലെയാണ്. രണ്ടിനെയും എനിക്കിഷ്ടമല്ല. രണ്ടും അടുത്തു വരുമ്പോള്‍ ഒരുളുമ്പ് വാടയാണ്. എന്‍റെ അദ്ധ്യാപകജീവിതത്തില്‍ കണ്ടിട്ടില്ല അത്തരം സാധനത്തിനെ."

"അതിന് ഈ മിണ്ടാപ്രാണിയെ ഇങ്ങനെ ഉപദ്രവിക്കണോ?"

"ഡീ, അവനും  ഈ മാര്‍ജാരനും ഒരേ മുഖച്ഛായയാണ്. കാണുമ്പോള്‍ കലി കിളുത്ത് വരും. ഇത് ഓന്തിനെയും പാമ്പിനെയും തിന്ന് പാതി കടിച്ചു വലിച്ചു കൊണ്ടുവരുമ്പോള്‍ അവന്‍ മൂക്കളയും ഒലിപ്പിച്ച് മുഷിഞ്ഞു നാറുന്ന ഷര്‍ട്ടുമിട്ട് ഒരു വഹ പഠിച്ചു വരാതെ ചോദ്യം ചോദിച്ചാല്‍ ഒന്നും പറയാനില്ലാതെ തലയും കുമ്പിട്ട് നിന്നോളും...എനിക്ക് അവന്‍റെ അടുത്തു ചെല്ലുന്നതെ വെറുപ്പാണ്. അഴുകിയ ചെളിയുടെ നാറ്റമാണ് ആ ചെക്കന്."

ഭര്‍ത്താവ് പറയുന്നത് പാതി കേട്ട് പാതി മറന്ന് കുടിച്ചു ബാക്കിവെച്ച ചായക്കപ്പിനകത്ത് വീണു പോയ ഈച്ചയുടെ പിടച്ചല്‍ കണ്ട് ഭാര്യ ഇനി എന്തു ചെയ്യുമെന്ന മട്ടില്‍ നോക്കി നിന്നു.
ശേഷം ആ പാവത്തിനെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയുമായി വേഗത്തില്‍ ചായക്കപ്പുമെടുത്ത് അടുക്കളയിലേക്ക് പാഞ്ഞു പോയി.

ഉടവാളുമായി പടവെട്ടാന്‍ വരുന്ന ഭാവത്തോടെ യാണയാള്‍ ചൂരലുമായി പിറ്റേന്ന് ക്ലാസ്സ് മുറിയി ലെത്തിയത്.

ക്ലാസ്സ് പരീക്ഷയ്ക്ക് തയ്യാറായിരുന്ന കുട്ടികളെ പോലീസ് കണ്ണുകളോടെ നിരീക്ഷിച്ചു.

പെട്ടെന്നയാള്‍ക്ക് കലി വന്നു. സ്ഥിരം തല വേദന തരുന്ന വിദ്യാര്‍ത്ഥിയുടെ മുഖം പൂഴ്ത്തി യുള്ള കിടപ്പ് കണ്ട് ചൂരല്‍ മേശയില്‍ തല്ലി പടക്കം പൊട്ടുന്ന ഒച്ചയുണ്ടാക്കി.

"ക്ലാസ്സ് ടെസ്റ്റ് ദിവസം അവന്‍റെ മുടിഞ്ഞ ഉഡാ യിപ്പ്. അതൊക്കെയങ്ങ് വീട്ടില്‍ വെച്ചാ മതി എഴുന്നേല്‍ക്കടാ."

ക്ഷീണമുള്ള കണ്ണുകള്‍ വിങ്ങി തുറന്ന് അവന്‍ തലയുയര്‍ത്തി പനിയാണെന്ന് അറിയിച്ചു. രാവിലെ വന്നപ്പോ മുതല്‍ കിടന്നകിടപ്പ് തന്നെയാണെന്നും ഒരു വട്ടം ഛര്‍ദിച്ചെന്നും അടുത്തിരുന്ന സഹപാഠി കള്‍ അറിയിച്ചത്  താല്പര്യമില്ലാതെ കേട്ട് നെറ്റി ചുളിച്ച് അവനെ തന്നെ നോക്കി നിന്നു.

"കാട്ടുമാര്‍ജാരന്‍ '

അദ്ധ്യാപകന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു.

പെട്ടെന്ന് തന്നെ ഞൊടിയിടനേരത്ത് അതു സംഭവിച്ചു. കോരിയൊഴിച്ചത് പോലെ ദുര്‍ഗന്ധം പരന്നു.

അദ്ധ്യാപകന്‍ മൂക്ക് പൊത്തി.

ഛര്‍ദ്ദി നിയന്ത്രിക്കാനാവാതെ അവന്‍  ഓക്കാനിച്ചു പോയി. വാ പൊത്തി പുറത്തേയ്ക്ക് ഓടി യിറങ്ങിയെങ്കിലും ക്ലാസ് മുറിയിലും  ഇടനാഴിയിലും ഛര്‍ദ്ദിലിന്‍റെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച് കിടന്നു.

കുറെ നിമിഷങ്ങള്‍ക്ക് ശേഷം പൈപ്പിന്‍ച്ചു വട്ടില്‍ നിന്നും ഒരു ബക്കറ്റ് വെള്ളവും കയ്യിലൊരു ചൂലുമായി വന്ന് തളര്‍ച്ചയൊന്നും കാര്യമാക്കാതെ സാറിനോട് സോറി അനുവാദം കിട്ടാന്‍ കാത്തു നില്‍ക്കാതെ മെഴുകി കിടന്ന അവശിഷ്ടങ്ങള്‍ ധൃതിവെച്ച് അടിച്ചുകോരുവാന്‍ തുടങ്ങി.

ചങ്ങാതിമാര്‍ രണ്ട് പേര്‍ അവനെ സഹായി ക്കാന്‍ അടുത്തുവന്നുവെങ്കിലും ചൂരലുയര്‍ത്തി അവിടെയിരുന്നാല്‍ മതി അതിന്‍റെയൊരവശ്യമൊ ന്നുമില്ലെന്ന് ഉത്തരവിട്ട് അറപ്പോടെ പൂച്ചയെ നോക്കി നിന്നതു പോലെ കലി പിടിച്ച നോട്ടവുമായി അദ്ധ്യാപകന്‍ തന്‍റെ ചെരിപ്പുകള്‍ അവന്‍റെ മുന്നിലേക്ക് നീക്കിയിട്ടു.

"കണ്ണിക്കണ്ടതൊക്കെ വലിച്ചു കേറ്റിയിട്ട് വന്നോളും, ദാ യിത് കൂടി കഴുക്."

അവന്‍ ചെരിപ്പിന് മുകളില്‍ വെള്ളമൊഴിച്ച് ചൂലുകൊണ്ട് അലമ്പി കഴുകി.

 "ഇത് പിന്നെ ആര് വന്നു വൃത്തിയാക്കും?"

ചത്തയെലിയെ തൂക്കിയെടുക്കുന്നതു പോലെ അദ്ധ്യാപകന്‍ അവന്‍റെ  കയ്യിലേക്ക്  ഛര്‍ദ്ദില്‍ പറ്റിയ ഡയറി ഇട്ട് കൊടുത്തു.

"ഇന്നത്തെ ടെസ്റ്റ് പേപ്പര്‍  കരുതി കൂട്ടി കുളമാക്കാന്‍  നീയൊപ്പിച്ച പണിയാണിതെന്ന് മനസ്സിലായി. ഡയറി വെറുതെ വെള്ളത്തില്‍ തുടച്ചാ പോരാ, നല്ല വിലയുള്ള മൊതലാ ഈര്‍പ്പം തട്ടിയാ കേടായി പോകും നിന്‍റെ ഷര്‍ട്ടങ്ങ് ഊരി തുടയ്ക്ക്."

അവന്‍ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് അഴിക്കാന്‍ തുടങ്ങി. പൂവാടിയുണങ്ങിയത് പോലെയുള്ള അവന്‍റെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു വന്നു.

ചൂരല്‍ ചുഴറ്റി വണ്ടുകള്‍ പാറുന്ന പോലെയുള്ള മൂളക്കമുണ്ടാക്കി മുറ്റത്തെ കാഞ്ഞവെയിലേക്ക് അദ്ധ്യാപകന്‍ നോക്കി നിന്നു.

"അവന്‍ ഞങ്ങടെ കൂട്ടുകാരനാണ് അവനോട് ചെരിപ്പ് കഴുകി തരാമ്പറഞ്ഞത് തന്നെ വലിയ തെറ്റാണ.് എന്നിട്ടിപ്പോ പറയുന്നു ഷര്‍ട്ടഴിക്കാനും എച്ചില്‍ തുടയ്ക്കാനും. അവന്‍റെ അച്ഛന്‍ കൂലിപ്പണി ചെയ്ത് വാങ്ങി കൊടുത്തതാണത് അതിന്‍റെ വെല സാറിട്ടിരിക്കുന്ന കുപ്പായത്തെക്കാളൊക്കെയേറെ യാണ്. ഇതൊന്നും കണ്ടും കേട്ടും ഞങ്ങക്കിവിടെ ഇരിക്കാന്‍ പറ്റില്ല. ഇരുന്നുപോയാല്‍ ഞങ്ങടെയൊക്കെ തലകള്‍ താണു പോകും."

ഒന്നിച്ചുയര്‍ന്ന കുട്ടികളുടെ ശബ്ദപ്രക്ഷോഭ ത്തില്‍ അദ്ധ്യാപകന്‍ നിശ്ശബ്ദനായി പോയി. കൂട്ടുകാര്‍ അവനെ തോളില്‍ കയ്യിട്ടും ചേര്‍ത്തു പിടിച്ചും പുറത്തേക്കിറങ്ങി.

കുട്ടികള്‍ ഒന്നാകെ ക്ലാസ്മുറി വിട്ടകന്നു.

ചെവിക്കുള്ളില്‍ മാര്‍ജാരഗര്‍ജ്ജനം മുഴക്കം കൊള്ളുന്നതായി തിരിച്ചറിഞ്ഞ് സര്‍പ്പദംശനമേറ്റതു പോലെ അദ്ധ്യാപകന്‍ നടുക്കംകൊണ്ട് തല കുനിച്ചു നിന്നു.

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

വെള്ളിക്കാശിന്‍റെ നൊമ്പരം

സണ്ണി ജോര്‍ജ്
Related Posts