എങ്ങും ഇരുട്ടായിരുന്നു. കുറ്റാക്കൂറ്റിരുട്ട്. ആകാശത്തങ്ങിങ്ങായി കത്തിത്തീരാറായ ബീഡിക്കുറ്റികള്‍പോലെ ചില നക്ഷത്രങ്ങള്‍ ഒറ്റപ്പെട്ടുനിന്നു. പ്രായാധിക്യത്താല്‍ കവിളൊട്ടി, കണ്ണുകുഴിഞ്ഞൊരു ചന്ദ്രക്കല ശൂന്യതയിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. ആ ശ്വാസത്തള്ളലില്‍ കുഞ്ഞുമേഘങ്ങള്‍ മെല്ലെ മെല്ലെ ദൂരേയ്ക്കകന്നു പൊയ്ക്കൊണ്ടിരുന്നു.  

'നാളെ ഞാനോ?'  മഞ്ഞുതുള്ളികള്‍ പതിഞ്ഞ തണുത്ത ജനല്‍പാളികളില്‍ ചാരിനിന്ന് ഞാന്‍ നക്ഷത്രങ്ങളോട് ചോദിച്ചു.

സമീറയുടെ മുഖത്തും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരുന്ന ചോരയും വെടിയൊച്ചകളും എന്‍റെ ഉറക്കം കെടുത്തിയിരുന്നു.

അവളുടെ  മുഖത്ത് ആഴത്തിലൊരു മുറിവുണ്ടായിരുന്നു. ദേഹമാസകലം ചെളി പുരണ്ടിരുന്നു. ഹിജാബ് രക്തത്താല്‍ നനഞ്ഞിരുന്നു. ശ്വാസ തടസ്സം അനുഭവപ്പെടുന്ന ഒരാളെപ്പോലെ അവള്‍ തുറിച്ച കണ്ണുകളോടെ വായ തുറന്നുപിടിച്ച് ശ്വസിക്കാന്‍ പ്രയാസപ്പെട്ടുകൊണ്ടിരുന്നു.

വീട്ടില്‍ കൂട്ടിക്കൊണ്ടു വന്ന് ഞാനവള്‍ക്ക് ചൂടു സൂപ്പു കൊടുത്തു. മുറിവിന്‍റെ ആഴം പരിശോധിച്ചു. ഉപ്പുവെള്ളത്തില്‍ കഴുകിത്തുടച്ച ശേഷം ബാന്‍ഡേജ് ഒട്ടിച്ചു. മലയാളിക്ലബ്ബിന്‍റെ ആഘോഷങ്ങള്‍ക്കു പോകാനായി വാങ്ങിച്ചു വച്ചിരുന്ന ചുരിദാര്‍ എടുത്തുകൊടുത്ത് കുളിച്ചുവരാന്‍ പറഞ്ഞു. അവള്‍ക്കു വേണ്ടി ബ്രെഡും മുട്ടയും റെഡിയാക്കി വച്ചു.

കുളി കഴിഞ്ഞ് നീളന്‍ മുടി വിടര്‍ത്തിയിട്ട് അതിന്‍റെ മുകളില്‍ മുത്തുകള്‍ കോര്‍ത്ത ഷാള്‍ കൊണ്ടു തട്ടമിട്ടു വന്ന അവളെ ഞാന്‍ കണ്‍വിടര്‍ത്തി നോക്കിനിന്നു. ഒരു സിനിമാനടിയുടെ സൗന്ദര്യമുണ്ടായിരുന്നു അവള്‍ക്ക്.

നന്നായി ബട്ടര്‍ തേച്ച, ചെറുതായി മൊരിച്ചെടുത്ത ബ്രഡ് സൂപ്പില്‍ മുക്കി വായോളം കൊണ്ടു ചെന്ന്,  തിന്നാനാകാതെ വിമ്മിട്ടപ്പെട്ടുകൊണ്ട് അവള്‍ വിതുമ്പി.

'ലി ഹ്യുവിനാണ് ആദ്യം വെടിയേറ്റത്. അവളുടെ അലര്‍ച്ച അവിടെയെല്ലാം മുഴങ്ങി. ഞാന്‍ വാഷ്റൂമിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ വാതില്‍ പാതിതുറന്നു നോക്കിയതോര്‍ മ്മയുണ്ട്. തെറിച്ചുവന്ന ഒരു ചില്ലുകഷ്ണം മുഖത്തുതറച്ച്  മറിഞ്ഞുവീണു. ആ കിടപ്പില്‍ പല പല വെടിയൊച്ചകള്‍ കേട്ടു. നിലവിളികളും...'

അവള്‍ ഭയം നിറഞ്ഞ കണ്ണുകളോടെ തുടര്‍ന്നു:

'മാഷാ അള്ളാ, ഞാന്‍ റിസപ്ഷനില്‍ ഉണ്ടായിരുന്നെങ്കില്‍ ആദ്യ ടാര്‍ഗറ്റ് ഞാനായിരുന്നേനെ. ഏഷ്യക്കാരിയാണെന്ന് തിരിച്ചറിയാന്‍ എന്‍റെ ഈ വേഷവിധാനങ്ങള്‍ തന്നെ ധാരാളം മതിയല്ലോ!'

'എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ. ദൈവം കാത്തു.' ഞാന്‍  അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്‍റെ വാക്കുകള്‍ കേള്‍ക്കാത്ത മട്ടില്‍ അവള്‍ തുടര്‍ന്നു.

'വെടിയൊച്ചകള്‍ നിലയ്ക്കുന്നതുവരെ ഞാന്‍ വാഷ്റൂമില്‍ ഒളിച്ചിരുന്നു. പിന്നെ ഇറങ്ങി ഓടി. ഓട്ടത്തിനിടയില്‍ ആരെയോ തട്ടി വീണു. അത് ചോരയില്‍ കുളിച്ച ഹ്യാന്‍ഷി ആയിരുന്നു. അവളുടെ തുറിച്ച കണ്ണുകള്‍ എന്നെ ഉറ്റുനോക്കി. മറ്റാരോ എന്‍റെ പേര് മന്ത്രിച്ചു. ആരാണെന്നു നോക്കിയില്ല. കുഞ്ഞുങ്ങളുടെ മുഖം മാത്രമായിരുന്നു മനസ്സില്‍.'

ബാക്കി അവള്‍ പറയാതെതന്നെ എനിക്കറിയാം. ഞാന്‍ ജോലി കഴിഞ്ഞു വന്നപ്പോഴാണ് മുഖമാകെ ചോരയൊലിപ്പിച്ച് എന്‍റെ കാറിന്‍റെ മുന്‍പിലേക്ക് അവള്‍ ഓടിവന്നത്.  അവളിറങ്ങിയോടിയ മസ്സാജ് പാര്‍ലറില്‍ നിന്ന് രോദനങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നാലുപേര്‍ കൊല്ലപ്പെട്ടെന്നു പിന്നീട് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്.

കുട്ടികളെ മുന്‍ഭര്‍ത്താവ്  കൂട്ടിയെന്നും അവര്‍ സേഫ് ആണെന്നും അറിയുന്നതുവരെ സമീറ വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു. അതുകഴിഞ്ഞാണ് അവള്‍ ഒന്ന് ശാന്തമായതും ഞാന്‍ കൊടുത്ത സൂപ്പു കുടിച്ചതും.

മരണപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അവള്‍ കാണാതിരിക്കാന്‍ ഞാന്‍ ടി വി ഓഫ് ചെയ്തു വച്ചു. അവളുടെ ശ്രദ്ധ തിരിക്കാനായി  കുടുംബത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും ചോദിച്ചു. ബ്രഡ് ഒന്നു കടിച്ചു മാറ്റിവച്ച് സൂപ്പ് മെല്ലെ കോരിക്കുടിച്ചു കൊണ്ട് ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള്‍ ആദ്യം നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി. പിന്നെ അഭയം നല്‍കിയ എന്നെ നിരാശപ്പെടുത്താതിരിക്കാനാവണം  ജീവിതകഥ പറഞ്ഞുതുടങ്ങി.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നിന്നുള്ള കപ്പല്‍ പണിക്കാരായിരുന്നു സമീറയുടെ  ഭര്‍ത്താവിന്‍റെ പിതാമഹന്മാര്‍. അവര്‍ കപ്പല്‍ മാര്‍ഗേ അമേരിക്കയുടെ പ്രധാന സിറ്റികളില്‍ എത്തിച്ചേരുകയും തങ്ങളുടെ പൈതൃകം അണുവിട തെറ്റാതെ കാത്തു സൂക്ഷിച്ച് അവിടെ ജീവിച്ചു വരുകയും ചെയ്തു.

മക്കള്‍ക്കു  വിവാഹപ്രായമായപ്പോള്‍ നാട്ടിലുള്ള ബന്ധുജനങ്ങളെ അവര്‍ മറന്നില്ല. അവരുടെ മക്കളെ വിവാഹത്തിലൂടെ അമേരിക്കയില്‍ എത്തിക്കാന്‍ അവര്‍ ഉത്സുകത കാണിച്ചു. അങ്ങനെയാണ് പതിനെട്ടാം വയസ്സില്‍ ജാവേദിനെ വിവാഹം കഴിച്ച് അവള്‍ അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്.

അമേരിക്കയിലേയ്ക്ക് പോകുന്നു എന്നറിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. അമേരിക്ക പോലുള്ള ഒരു രാജ്യത്ത് കിട്ടാന്‍ പോകുന്ന സ്വാതന്ത്ര്യത്തെ അവള്‍  ദിനവും സ്വപ്നം കണ്ടു.

പക്ഷെ രാജ്യം മാറി എന്നതല്ലാതെ മറ്റൊന്നും മാറിയില്ല. ജനിച്ചുവളര്‍ന്ന യാഥാസ്ഥിതിക സാഹചര്യങ്ങള്‍ തന്നെയാണ് അവിടെയും കാത്തിരുന്നത്. ഭക്ഷണമുണ്ടാക്കുകയും വീട് വൃത്തിയാക്കുകയും ഭര്‍ത്താവിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുകയും കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്തുകയും മാത്രമാണ് ഒരു സ്ത്രീയുടെ ജന്മലക്ഷ്യം എന്ന് ആ വീട്ടി ലുള്ളവര്‍ അവളോട് പറയാതെ പറഞ്ഞുകൊ ണ്ടിരുന്നു.

ഭര്‍ത്താവ് രണ്ടാംവിവാഹത്തിന് സമ്മതം ചോദിച്ച ദിവസമാണ് അവള്‍ ജീവിതത്തിലാദ്യമായി സ്വന്തമായൊരു തീരുമാനമെടുത്തത്. പറക്കമുറ്റാത്ത മൂന്നു കുട്ടികളെയും കൊണ്ടു പടിയിറങ്ങുമ്പോള്‍ കണ്ണു നിറഞ്ഞില്ല. ഉള്ളിലെ ചൂട് കണ്ണുനീരിനെ വറ്റിച്ചു കളഞ്ഞിരുന്നു.

വലിയ വിദ്യാഭ്യാസമില്ലാത്ത, ഭാഷയറിയാത്ത, വെളിയിലിറങ്ങി പരിചയമില്ലാത്ത ഒരുവള്‍ക്ക് എങ്ങനെ അങ്ങനെയൊരു തീരുമാനത്തില്‍ എത്താനായി എന്നു പലരെയുംപോലെ അവളും അത്ഭുതപ്പെട്ടു.

പക്ഷേ അവള്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. മൂത്തമകന്‍ അഷാന്‍റെ കൂടെപഠിക്കുന്ന കുട്ടിയുടെ അമ്മവഴി ഒരു ചൈനീസ്  മസ്സാജ്പാര്‍ല റില്‍ ക്ലീനര്‍ ആയി ജോലി സംഘടിപ്പിച്ചു. ഭാഷയറിയാത്ത ഒരുവള്‍ക്ക് കിട്ടാന്‍ ഏറ്റവും എളുപ്പമുള്ള ജോലിയായിരുന്നു അത്. കുട്ടികളെ നോക്കാന്‍ ജാവേദിന്‍റെ അമ്മ തയ്യാറായി.  താന്‍ ജീവിച്ചു തീര്‍ത്ത ജീവിതത്തില്‍ പശ്ചാത്തപിക്കുന്നുണ്ടായിരുന്നതു കൊണ്ടാവാം അവളുടെ ആ തീരുമാന ത്തില്‍ അവര്‍ രഹസ്യമായി സന്തോഷിച്ചിരുന്നു.

സ്പൂണ്‍ താഴെ വച്ച്, ഷാളിന്‍റെ അറ്റംകൊണ്ട് മുഖം തുടച്ച്, രണ്ടു കൈകൊണ്ടും കോപ്പ  ഉയര്‍ത്തി അവശേഷിച്ചിരുന്ന സൂപ്പ് ഒറ്റവലിക്കു കുടിച്ചുതീര്‍ത്തുകൊണ്ട് അവള്‍ തുടര്‍ന്നു:
'കൊറോണ വൈറസ് ബാധിച്ച് അവര്‍ മരിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്നെനിക്കു  തോന്നാറുണ്ട്. പക്ഷേ അപ്പോഴേയ്ക്കും ഞാന്‍  സ്വന്തം കാലില്‍ നില്‍ക്കാറായിരുന്നു. ആ മസ്സാജ് പാര്‍ലറിലെ റിസെപ്ഷനിസ്റ്റ് നൈജീരിയക്കാരി വേറെ ജോലികിട്ടി പോയപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഞാന്‍ അതിനായി അപേക്ഷിച്ചു. ഹിജാബ് ധരിച്ച ഒരുവള്‍ ഒരു മസ്സാജ് പാര്‍ലറിലെ റിസപ്ഷനിസ്റ്റ്  ആയിരിക്കുന്നതില്‍ പലര്‍ക്കും കൃമികടി ഉണ്ടാകുമെന്നറിഞ്ഞു കൊണ്ടുതന്നെ.'

ഞാന്‍ ചിരിച്ചെന്നു വരുത്തി. വലിഞ്ഞു മുറുകിയ മുഖത്തോടെ അവള്‍ തുടര്‍ന്നു:

'സെപ്റ്റംബര്‍ പതിനൊന്നിന്‍റെ ഭീകരാക്രമണം കഴിഞ്ഞ്, മുസ്ലിം ഫോബിയയൊക്കെ ഒന്നുകുറഞ്ഞ് എല്ലാവരുമൊന്ന് പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങിത്തുടങ്ങിയ സമയത്താണ് ഞാനിവിടെ എത്തിയത്. പക്ഷേ ലോകത്തെവിടെയെങ്കിലും ഭീകരാക്രമണങ്ങള്‍ നടക്കുമ്പോഴൊക്കെ ഞങ്ങള്‍ വെറുക്കപ്പെട്ടു. ഞാന്‍ ജോലിക്കു പോയിത്തുടങ്ങിയ സമയത്താണ് ഇംഗ്ലണ്ടിലെ  മാഞ്ചെസ്റ്ററില്‍ ഒരു സൂയിസൈഡ് ബോംബര്‍ കുട്ടികളെയടക്കം എഴുപത്തിയേഴുപേരെ കൊലപ്പെടുത്തിയത്. അന്നൊക്കെ ഞങ്ങള്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ട് ആര്‍ക്കു പറഞ്ഞാല്‍ മനസ്സിലാവാനാണ്?  ട്രെയിനിലും ബസിലുമൊക്കെ കയറുമ്പോള്‍ ചുറ്റുമുള്ളവരുടെ കണ്ണിലെ ഭീതി, നമ്മളെത്തന്നെ വെറുക്കാനുതകുന്നതായിരുന്നു. എന്‍റെ  ബാഗിലോ അരയിലോ ഒരു ബോംബുണ്ടെന്നും അതേതു നിമിഷവും പൊട്ടിത്തെറിക്കുമെന്നും അവര്‍ ഭയപ്പെട്ടു. അവരുടെ ഭീതി നിറഞ്ഞ നോട്ടങ്ങള്‍ ഒഴിവാക്കാനായി ഞാന്‍  ബസു കളിലും ട്രെയിനുകളിലും കയറുന്നതിനു മുന്‍പ് ഹിജാബ് ഊരി ബാഗിനുള്ളില്‍ വച്ചു.'

ഒന്നു നിര്‍ത്തി അല്പസമയം എന്തോ ആലോചിച്ചിരുന്ന ശേഷം നിറഞ്ഞ കണ്ണുകളോടെ അവള്‍ തുടര്‍ന്നു:

'ഞങ്ങളും മറ്റുള്ളവര്‍ ഭയപ്പെട്ട അതേ ഭയത്തിലൂടെയാണ് കടന്നുപോയത് എന്ന് അവരാരും അറിഞ്ഞില്ല. തന്‍റെ മതത്തെ മുഴുവനായി അറിയാത്ത ആരോ ഒരാള്‍, താന്‍ ചെയ്യുന്നത് നന്മയാ ണെന്നു വിശ്വസിച്ച്, ആരുടെയൊക്കെയോ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി പൊട്ടിച്ചിതറാന്‍ തയ്യാറായി അടുത്തെവിടെയോ ഉണ്ടെന്ന് ഞാനും വിശ്വസിച്ചു. അവര്‍ക്കു നല്ല ബുദ്ധി തോന്നാനായി ബിസ്മിചൊല്ലി പ്രാര്‍ത്ഥിച്ചു.'

അവള്‍  പ്രാര്‍ത്ഥിക്കുന്നതു പോലെ ഇരുകൈകളും ഉയര്‍ത്തി. പിന്നെ രോഷമോ സങ്കടമോ എന്നു തിരിച്ചറിയാത്ത ഭാവത്തില്‍ മാറ്റാരോടോ എന്ന വണ്ണം എന്നോടു ചോദിച്ചു:

'വെറും പത്തുശതമാനം പോലും വരാത്ത മത തീവ്രവാദികള്‍ ഇല്ലാതാക്കുന്നത് ബാക്കി തൊണ്ണൂറു ശതമാനത്തിന്‍റെയും സ്വസ്ഥതയാണെന്നും അതിനെപ്രതി ദൈവം അവരെ ശിക്ഷിക്കുമെന്നും അവര്‍ അറിയാത്തതെന്തു കൊണ്ട് ? സ്വര്‍ഗം ലഭിക്കാനായി അവര്‍ മനുഷ്യരെ വെറുക്കുന്നു. വെറുക്കാന്‍ പഠിപ്പിക്കുന്നു. ശരിക്കും സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? അവിടെ പോയവരാരെങ്കിലും തിരികെ വന്നിട്ടുണ്ടോ?' അവള്‍  പുരികമുയര്‍ത്തി.

'സ്വര്‍ഗ്ഗത്തിലും ദൈവത്തിലുമൊന്നും വിശ്വസിക്കാത്ത അനേകം ആളുകളെ ഞാന്‍  കണ്ടിട്ടുണ്ട്. അവരില്‍ പലരും ഹൃദയാലുക്കളും കരുണയുള്ളവരും നല്ല മനസ്സിന്‍റെ ഉടമകളുമായിരുന്നു. മതത്തില്‍ വിശ്വസിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ അവര്‍ പുറന്തള്ളപ്പെടുകയും മതതീവ്രവാദികള്‍ സ്വര്‍ഗ്ഗം അവകാശമാക്കുകയും ചെയ്യുമോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.'  ഞാന്‍ പറഞ്ഞു.

എന്‍റെ മനസ്സില്‍ സ്റ്റീവിന്‍റെ മുഖം തെളിഞ്ഞു. ഞങ്ങളൊരുമിച്ചുള്ള രണ്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ നിരീശ്വരവാദിയായ അവന്‍ ചെയ്യാത്ത നന്മകളില്ലായിരുന്നു, കാരുണ്യ പ്രവൃത്തികളില്ലായിരുന്നു. ചെറിയച്ഛന്‍റെ ആഗ്രഹപ്രകാരം നാട്ടില്‍ നിന്നൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുളുമ്പാതിരിക്കാന്‍ ശ്രമിച്ച്, എല്ലുകള്‍ നുറുങ്ങിപ്പോകുമ്പോലെ കെട്ടിപ്പിടിച്ചവന്‍ എന്നേക്കുമായി യാത്രപറഞ്ഞു. പിന്നീടൊരിക്കലും കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടില്ല.

ചെറിയച്ഛനെക്കുറിച്ചോര്‍ത്തപ്പോള്‍ എന്‍റെയുള്ളില്‍ ദാരിദ്ര്യം കരകയറാത്ത ഒരു വീടും അതിനുള്ളില്‍ മുടങ്ങാതെ നടത്തപ്പെട്ടിരുന്ന പൂജകളും അതിനെയൊക്കെ നിഷ്കരുണം വിമര്‍ശിക്കുന്ന ചെറിയച്ഛനും തെളിഞ്ഞു വന്നു. അതൊക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന നാലു പിഞ്ചുകണ്ണുകളും.

കൂടോത്രമുണ്ടെന്നും ഗുളികനുണ്ടെന്നും ചൊവ്വയുണ്ടെന്നുമൊക്കെ പറഞ്ഞ് ഇല്ലായ്മയില്‍ കയ്യിട്ടുവാരിയിരുന്നവരാരും ഉത്തരത്തില്‍ തൂങ്ങിയാടിയ അച്ഛന്‍റെ കാലില്‍ കെട്ടിപ്പിടിച്ചലറിക്കരഞ്ഞ അമ്മയെ പിടിച്ചു മാറ്റാനോ അത്താഴപ്പട്ടിണി കിടന്ന പ്പോള്‍ സഹായിക്കാനോ വന്നില്ല. ചുമട്ടുപണിയെടുത്തു കിട്ടിയ പണം കൊണ്ട് ചെറിയച്ഛന്‍ സ്വന്തം മക്കള്‍ക്കൊപ്പം ഞങ്ങളെയും പഠിപ്പിച്ചു. പഠിക്കാന്‍ മിടുക്കുണ്ടായിരുന്നതു കൊണ്ട് ഇവിടെവരെ എത്തിച്ചേര്‍ന്നു.

'മതം സാധാരണക്കാരന് ശരിയും ബുദ്ധിയുള്ളവന് തെറ്റും ഭരണാധികാരികള്‍ക്ക് ഉപകാരിയുമാണ് എന്ന് റോമന്‍ ഫിലോസഫര്‍ സെനിക പറഞ്ഞത് എത്രയോ സത്യമാണ്. എക്കാലത്തേയും ഏറ്റവും വലിയ ബിസിനസ്സാണ് മതം. എത്ര ജീവിതങ്ങളാണ് അതുമൂലം പ്രത്യക്ഷമായും പരോക്ഷമായും കൊലചെയ്യപ്പെട്ടിരിക്കുന്നത്!' തൂങ്ങിയാടുന്ന ഓര്‍മ്മ കളെ തടഞ്ഞുനിര്‍ത്താന്‍ പാടുപെട്ടു കൊണ്ട് ഞാന്‍ നെഞ്ചില്‍ പടര്‍ന്ന കയ്പ്പോടെ  കൂട്ടിച്ചേര്‍ത്തു.

'എല്ലായിടത്തും ഇതൊക്കെ തന്നെ സ്ഥിതി.  എവിടെ, എന്തൊക്കെ സംഭവിച്ചാലും അതിന്‍റെയൊക്കെ പരിണതഫലം അനുഭവിക്കുന്നത് സാധാരണക്കാരാണ്. വിശ്വാസത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ അവരെ ചൂഷണം ചെയ്ത് മുകളിലു ള്ളവര്‍ പണവും അധികാരവും പ്രശസ്തിയും സമ്പാദിച്ചു കൊണ്ടേയിരിക്കുന്നു.'

അതുപറയുമ്പോള്‍ സമീറയുടെ  മുഖം കനത്തിരുന്നു. ശബ്ദം ഉയര്‍ന്നിരുന്നു. അപ്പോള്‍ എന്‍റെ മൊബൈല്‍ ഫോണില്‍ ഏതോ നോട്ടിഫിക്കേഷന്‍ വന്നു. അത് സമീറക്കുള്ള ജാവേദിന്‍റെ മെസ്സേജ് ആയിരുന്നു. ഇറങ്ങിയോടിയപ്പോള്‍ ഫോണോ ബാഗോ എടുക്കാതിരുന്നതുകൊണ്ട് അവള്‍ എന്‍റെ ഫോണില്‍ നിന്നാണ് അയാളെ വിളിച്ചത്. എഴുന്നേറ്റ് ഒരല്‍പ്പം മാറിനിന്ന് എനിക്കു മനസ്സിലാകാത്ത ഭാഷയില്‍  ചെറിയൊരു വോയിസ് മെസ്സേജ് ഇട്ട ശഷം വീണ്ടും എന്‍റടുത്തു വന്നിരുന്ന് ഒരു നെടുവീര്‍പ്പോടെ അവള്‍ തുടര്‍ന്നു.

'എല്ലാം ഒന്ന് കെട്ടടങ്ങിയതായിരുന്നു. അപ്പോഴതാ കൂനിന്മേല്‍ കുരു പോലെ കൊറോണ വൈറസ്. വുഹാനിലെ ബയോശാസ്ത്ര പരീക്ഷണശാലയില്‍ നിന്നാണ്  കൊറോണ വൈറസ് പരന്നതെന്നും അത്  ചൈനയുടെ ബയോവെപ്പന്‍ ആണെന്നും  സാധാരണക്കാരെപ്പോലെ ഞാനും  വിശ്വസിക്കുന്നുണ്ട്. പക്ഷെ അതിന് അമേരിക്കയില്‍ സെറ്റില്‍ ആയ, നാട്ടില്‍ പോവുക പോലും ചെയ്യാത്ത ഏഷ്യക്കാര്‍ എന്തു പിഴച്ചു? അതും മറ്റൊരു ജോലിയും ചെയ്യാനറിയാത്ത, ജീവിക്കാന്‍ വേണ്ടി മസ്സാജ് പാര്‍ലര്‍ ജോലി തിരഞ്ഞെടുത്ത പാവപ്പെട്ട പെണ്ണുങ്ങള്‍?' സമീറ അരിശം കൊണ്ടു.

'മസ്സാജ് പാര്‍ലറുകളെക്കുറിച്ച് ആര്‍ക്കും അത്ര നല്ല അഭിപ്രായം അല്ല.' ഞാന്‍ പറഞ്ഞു. 'ഒരുപക്ഷെ മതം തലയ്ക്കുപിടിച്ച ഒരുവനായിരിക്കണം ആ ആക്രമണത്തിന് പിന്നില്‍. പാപികളെയൊക്കെ കൊന്നൊടുക്കുന്ന ചില സീരിയല്‍ കില്ലറുകളെപ്പോലെ.'

എന്നെ നോക്കി ചിറികോട്ടി ചിരിച്ചുകൊണ്ട് അവള്‍ തുടര്‍ന്നു. 'എല്ലാ മസ്സാജ് പാര്‍ലറുകളും ശാരീരികാവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നവയല്ല. മറ്റൊരു ജോലിയും ലഭിക്കാത്ത ചൈനീസ് സ്ത്രീകളാണ് വയറ്റുപിഴപ്പിനായി ഇവിടെ  അങ്ങനെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത്. അവര്‍ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്ന കസ്റ്റമേഴ്സിനോട് മാന്യമായി നോ പറയാറാണ് പതിവ്. പിന്നെ കൂടുതല്‍ പണത്തിനായി എറോട്ടിക് മസ്സാജ്സ് പാര്‍ലറുകള്‍ തിരഞ്ഞെടുക്കുന്നവരുണ്ട്. അത് അവരുടെ തൊഴിലാണ്. മറ്റേതൊരു തൊഴിലും പോലെ. മറ്റൊരു നല്ല ജോലി ലഭിച്ചാല്‍ അവര്‍ ഒരു പക്ഷെ ആ ജോലി ഉപേക്ഷിക്കുമായിരിക്കാം. എന്തായാലും ഞാന്‍ ജോലി ചെയ്യുന്ന സ്ഥലം അങ്ങനെയൊരു സ്ഥലമല്ല. വര്‍ഷങ്ങളായി ഞാനവിടെ ജോലി ചെയ്യുന്നു. യാതൊരുവിധ അനാശ്യാ സങ്ങളും അവിടെ നടക്കാറില്ല. അയാള്‍ ഒരു ട്രംപ് അനുയായി ആയിരിക്കണം. കൊറോണ വൈറസ് പരത്തുന്ന ഏഷ്യക്കാരെ വെറുക്കുന്നവന്‍. അവരെ കൊന്നൊടുക്കാന്‍ തീരുമാനിച്ചിറങ്ങിയവന്‍.' സമീറ പറഞ്ഞുകൊണ്ടേയിരുന്നു.

ഞാന്‍ പലവിധ ആലോചനകളോടെ  വീണ്ടും തലകുലുക്കി. അവള്‍ തുടര്‍ന്നു:

'പക്ഷേ യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്ന് നിനക്കറിയാമോ? കറുത്ത വര്‍ഗ്ഗക്കാര്‍ കഴിഞ്ഞാല്‍ അടുത്ത വലിയ കൂട്ടായ്മയായി ഏഷ്യക്കാര്‍ വളര്‍ന്നിരിക്കുന്നു. അത് തദ്ദേശീയരെ ഭയപ്പെടുത്തുന്നു. പണ്ട് ഫറവോയുടെ നാട്ടിലും ഇന്നലെ ശ്രീലങ്കയിലുമൊക്കെ നടന്നതുപോലെ ഇന്ന് ഇവിടെയും നടക്കുന്നു. കുടിയേറിയവര്‍ സ്വദേശി കളെക്കാളും പടര്‍ന്നു പന്തലിക്കുന്നതിലുള്ള ഭീതിയാണ് ഒക്കെയ്ക്കും കാരണം.'
'അല്ലെങ്കിലും കുടിയേറിയവര്‍ എന്നും രണ്ടാം തരക്കാരാണ്.' ഞാന്‍ അവളോട് യോജിച്ചു. 'സ്വദേശികളുടെ  സ്വത്തും സമ്പത്തും ജോലികളും തട്ടിയെടുക്കാന്‍ വന്നവരായി കുടിയേറ്റക്കാര്‍ ഗണിക്കപ്പെടുന്നു. ഇതു നിന്‍റെ മണ്ണല്ല എന്നവരോട്  പറയപ്പെട്ടുകൊണ്ടേയിരിക്കും. ഏതു കലാപത്തിലും ആദ്യം ആക്രമിക്കപ്പെടുന്നത് അവര്‍ ആയിരിക്കും.'

'അതെ, പ്രത്യേകിച്ച് സ്ത്രീകള്‍. ഞാനും നീയുമൊക്കെ ഇവിടെ  മാറ്റിനിര്‍ത്തപ്പെടുന്നവരാണ്.  ലോകത്തിന്‍റെ ഒഴിഞ്ഞ കോണിലൂടെ ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നു പോകാനാണ് നമുക്കിഷ്ടം. അതാണ് നമ്മുടെ പോരായ്മയും.' സമീറ എന്തൊക്കെയോ ഓര്‍ത്തുകൊണ്ട് പറഞ്ഞു.

'എത്ര മാറ്റാന്‍ ശ്രമിച്ചാലും എപ്പോഴും നമ്മുടെ ഉള്ളില്‍  ആ അപകര്‍ഷതാബോധം നിറഞ്ഞു നില്‍ക്കും. നമ്മള്‍ എല്ലാവര്‍ക്കുവേണ്ടിയും  വഴിമാറി നില്‍ക്കും. ബോധപൂര്‍വ്വമല്ലാത്ത വിട്ടുവീഴ്ചകള്‍ ചെയ്യും.' ജോലിസ്ഥലത്തെ പരോക്ഷമായ വര്‍ണ്ണ വിവേചനവും അതിനോടുള്ള മാനസികമായ ഐക്യപ്പെടലും ഓര്‍ത്ത് ഞാന്‍ കൂട്ടിച്ചേര്‍ത്തു.

'എന്തൊക്കെയാണെങ്കിലും സ്വന്തം നാട് തരാത്ത ഒന്ന്  ഈ നാട് തരുന്നുണ്ട്. ഒരു പെണ്ണിന് ഒറ്റയ്ക്ക് ജീവിക്കാനുള്ള ധൈര്യമാണത്. പിടിച്ചു നില്‍ക്കണം. ജീവിച്ചല്ലേ പറ്റൂ.' സമീറ മനസ്സിലെ യുദ്ധത്തിന്‍റെ പതാക താഴ്ത്തിക്കെട്ടിയിരിക്കണം. അവള്‍ എന്നെ നോക്കി ചെറുതായി മന്ദഹസിച്ചു.

ആശ്വാസത്തോടെയാണ് അവള്‍ പോയത്. ജാവേദ് രണ്ടാം ഭാര്യയോടൊപ്പം വന്നു കൂട്ടുകയായിരുന്നു. പകലിന്‍റെ ക്ഷീണവും പേടിയും കുട്ടികളുടെ അടുത്തെത്തിയ സന്തോഷവുമൊക്കെ കൊണ്ട് അവള്‍ ഇപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവാം. പക്ഷെ ഉറക്കം എന്നോട് പൂര്‍ണ്ണമായും പിണങ്ങിയിരിക്കുന്നു. നാളെ ഞാനോ എന്ന ചോദ്യം വീണ്ടും വീണ്ടും ഉള്ളില്‍ മുഴങ്ങുന്നു.

ഓരോ നിമിഷം കഴിയുന്തോറും മനസ്സില്‍ ഭീതി നിറഞ്ഞു നിറഞ്ഞു വന്നു. വെടിയൊച്ചകള്‍ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. പിറ്റേന്ന് ജോലിക്കു പോകണമെന്നോര്‍ത്തപ്പോള്‍ വയറിനുള്ളില്‍ നിന്ന് ഒരാന്തല്‍ നെഞ്ചോളമുയര്‍ന്ന് ഒരു കനമായി രൂപപ്പെട്ടു. അതെന്‍റെ കൈകാലുകള്‍ തളര്‍ത്തി.

പെട്ടെന്ന്, ബോധോദയമുണ്ടായതുപോലെ ഞാന്‍ ഞെട്ടിത്തിരിഞ്ഞു.  നിലക്കണ്ണാടിയുടെ മുന്‍പില്‍ ചെന്നുനിന്ന് എന്നെത്തന്നെ നോക്കി. നീട്ടി വളര്‍ത്തിയ മുടി. കറുപ്പിനോട് ചേര്‍ന്നു നില്‍ക്കുന്ന നിറം. വിളറിയ കണ്ണുകള്‍. രക്തപ്രസാദമില്ലാത്ത ചുണ്ടുകള്‍. 'നാളത്തെ ഇര നീ തന്നെ' കണ്ണാടിയിലെ രൂപം  മന്ത്രിച്ചു.

ഞാന്‍ വിളറിപിടിച്ച് ബാത്റൂമിലേക്കോടി. ഡ്രോവറില്‍ നിന്നു കത്രിക തപ്പിയെടുത്ത് വര്‍ഷ ങ്ങളോളം കാത്തു പരിപാലിച്ച നീണ്ട മുടി തോളൊപ്പം മുറിച്ചിട്ടു. ആമസോണില്‍ നിന്ന് വിലകൂടിയ ഫെയര്‍നെസ് ക്രീമും മേക്കപ്പ് കിറ്റും ഓര്‍ഡര്‍ ചെയ്തു.

പിന്നെ, പണ്ടെന്നോ ഒരു പിറന്നാളിനു മുന്‍ ഭര്‍ത്താവു സമ്മാനിച്ച, ഒരിക്കലും ധരിക്കാത്ത, മുട്ടൊപ്പം പോലും ഇറക്കമില്ലാത്ത കഴുത്തിറങ്ങിയ ഉടുപ്പ്, അലമാരയില്‍ നിന്നു തപ്പിയെടുത്തു ധരിച്ച് ആത്മ വിശ്വാസത്തോടെ കണ്ണാടിക്കു മുന്‍പിലേക്കു നടന്നു.

അപ്പോള്‍ അടുത്തെവിടെയോ വീണ്ടും വെടിയൊച്ചകള്‍ മുഴങ്ങി. ഞാന്‍ ഭയന്നു നിലവിളിച്ചു. മരവിച്ചുപോയ കാലുകളെ വലിച്ചുവച്ച്  ജനാലക്കരുകിലെത്തി, വിറയ്ക്കുന്ന കൈകളോടെ കര്‍ട്ടന്‍ ഒരല്‍പ്പം മാറ്റി വെളിയിലേക്കു നോക്കി. ചുറ്റുമുള്ള വീടുകളുടെ ജനാലകളില്‍ മങ്ങിയ വെളിച്ചം ഒളിച്ചുനിന്നു. ചിലവയ്ക്കു പുറകില്‍ ഉദ്വേഗം നിറഞ്ഞ മുഖങ്ങളും. നക്ഷത്രങ്ങളായി മാറിയ ആത്മാക്കള്‍ നരച്ച ആകാശത്തു നിന്ന്  ഉറക്കെ വിളിച്ചുപറഞ്ഞു.

'വേഗം രക്ഷപെട്ടോളൂ... നാളത്തെ ഇര നീയാണ്.'
* ഇഡാ : കഠിനപരിശ്രമം ചെയ്യുന്നവള്‍

You can share this post!

ഹാര്‍ട്ട്പെപ്പര്‍ റോസ്റ്റ്

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദി ക്രൂസ്

ലിന്‍സി വര്‍ക്കി
Related Posts